2022, അതിജീവനത്തിന്റെ ആശ്വാസം

"മനസ്സിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന ആധിയും ആശങ്കയും കുറഞ്ഞുതുടങ്ങുന്നത് ആനന്ദത്തോടെ ഞാൻ തിരിച്ചറിഞ്ഞു. 2022-ലെ ഏറ്റവും നല്ല ഓർമകളിലൊന്ന് ആ രാത്രിയായിരിക്കുമെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു." - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത ഏടുകൾ. പി.വി. ഷാജികുമാർ​ എഴുതുന്നു.

കോവിഡിന്റെ കെണിയിൽ കുടുങ്ങിപ്പോയ ലോകത്തെ ആലോചിച്ച് ഇരുട്ട് കെട്ടിപ്പെയ്യുന്ന മഴയും നോക്കി, കിടക്കുന്ന മുറിയിലിരിക്കവെ മൂന്ന് വയസ്സുകാരി മകൾ വന്ന് അടുക്കളയിലെ ചായ്പ്പിലേക്ക് എന്റെ കൈപിടിച്ചുവലിച്ചു. അവിടെ പകുതിക്ക് മുറിച്ചുവെച്ചിരിക്കുന്ന ചക്കയിലേക്ക് അവൾ വിരൽചൂണ്ടി. ചക്കയുടെ വെളഞ്ഞേറ് പടർന്ന പശയിൽ ചുറഞ്ഞുകിടക്കുന്നൂ ഒരു പല്ലി. ചുമരിലേക്ക് രക്ഷപ്പെടാൻ അരയും വാലും മുറുക്കുന്നതിനിടയിൽ അതിന്റെ വാല് വെളഞ്ഞേറിലേക്ക് മുറിഞ്ഞുപോയിരുന്നു. പല്ലി പല കാലങ്ങളിൽ തലയ്ക്ക് മുകളിലും ചുമലിലും നെഞ്ചിലും പുറത്തും വീണ് ഗൗളിശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ നിരത്തിവെച്ചിട്ടുണ്ട്. അപ്പോൾ തന്നെ അവർ അവരുടെ വഴിക്ക് പോയിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു പല്ലി മുഖാമുഖം വന്നുകിടക്കുന്നു. വെളഞ്ഞേറിൽ നിന്ന് അതിനെ മോചിപ്പിക്കാനാണ് അവൾ ആവശ്യപ്പെട്ടിരിക്കുന്നത്.

വെളഞ്ഞേറിന്റെ വെളുപ്പ് ഗൗളിയെ വെള്ളനിറമാക്കിയിരിക്കുന്നു, വെളഞ്ഞേറിൽ മൂടപ്പെട്ട് ചിതൽപ്പുറ്റിനുള്ളിലെ സന്യാസിയെ പോലെ കൈയ്യും കാലും അനക്കാനാവാത്ത അവസ്ഥയാണ്. വെളഞ്ഞേറിൽ നിന്ന് അത് ഇറങ്ങിവരുന്നതും കാത്ത് വീട്ടിലെ പൂച്ച അക്ഷമയോടെ അടുത്തിരിപ്പുണ്ട്. കൈകൊണ്ട് ആട്ടിപ്പായിച്ച് പൂച്ച ഉൽപ്പാദിപ്പിക്കുന്ന മരണഭയത്തെ ഗൗളിയിൽ നിന്ന് ഞാൻ ഇല്ലാതാക്കി.

മടലിൽ നിന്ന് ചക്കയുരിഞ്ഞ് തിന്നുമ്പോൾ വെളഞ്ഞേറ് കൈയ്യിലും ചുണ്ടിലും ചുറ്റിപ്പിടിച്ചാൽ വെളിച്ചെണ്ണ തേച്ച് കളയും. അറിയാവുന്ന ഒരേയൊരു പരിഹാരം അതാണ്. അടുക്കളയിൽ നിന്ന് വെളിച്ചെണ്ണയുടെ കുപ്പിയെടുത്ത് വന്ന് ഞാൻ ചക്കയ്ക്കും ഗൗളിക്കും സമീപം കുത്തിയിരുന്നു. എന്റെ പദ്ധതിയെന്താണെന്നറിയാൻ മകൾ എന്റെ സമീപം കുത്തിയിരുന്നു. ഉത്തരത്തിൽ ഒരു കുഞ്ഞുപല്ലിയും ജനൽപ്പടിയിൽ രണ്ട് വലിയ പല്ലികളും സംഭവം കാണാൻ ജാഗരൂകരായി.

വെളിച്ചെണ്ണയെടുത്ത് കൈയ്യിലാക്കി ഞാൻ പല്ലിയുടെ ശരീരത്തിൽ പുരട്ടി. അത് വഴുതിമാറാൻ ശ്രമം നടത്തി. തന്നെ കൊല്ലാൻ കൊണ്ടുപോവുകയാണെന്ന ഭയത്തിന്റെ അലർച്ച അതിൽ നിന്നുണ്ടായി. ഒരു തുള്ളി മുതലയാണെങ്കിലും പല്ലിയുടെ കരച്ചിൽ പല്ലി മാത്രം കേട്ടു. ഗൗളിയിൽ നിന്ന് വെളഞ്ഞേറ് സൂക്ഷ്മതയോടെ അടർത്തിമാറ്റാൻ ആരംഭിച്ചു. രക്ഷപ്പെടുത്താനാണെന്ന് മനസ്സിലായെന്ന് തോന്നുന്നു, പല്ലി ചക്കയ്ക്ക് മുകളിൽ തല ചായ്ച്ച് അടങ്ങിക്കിടന്നു. ഒമിക്രോൺ വ്യാപനത്തിന്റെ ആശങ്കയറിയിച്ചു കൊണ്ട് ന്യൂസ് റിപ്പോർട്ടർ ഗദ്ഗദകണ്ഠനാകുന്നത് അപ്പുറത്തെ മുറിയിലെ ടെലിവിഷനിൽ നിന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

നേരം പോയതറിഞ്ഞില്ല. മഴ തോർന്നു. കറന്റ് പോയി. മെഴുകുതിരിയുടെ വെളിച്ചം ചക്കയുടെ നിഴൽ മൊട്ടത്തലയന്റെ തലയായി ചുമരിൽ കുത്തിനിർത്തി. മഴ വീണ്ടും തുടങ്ങി. കറന്റ് വന്നു. ഉടലിലെയും തലയിലെയും ഒട്ടലിന്റെ ഭാരം മാറിയപ്പോൾ പല്ലിയിൽ ആശ്വാസത്തിന്റെ ശ്വാസം വന്നു. അത് ആകാശത്തിലെ ദൈവത്തെ കാണാൻ ചക്കയിൽ നിന്ന് തലയുയർത്തി. മേൽക്കുരയ്ക്ക് കീഴിലെ തട്ടിൽ നിറച്ചുവെച്ചിരിക്കുന്ന വിറകുകൾക്കിടയിൽ ആകാശത്തിനും ദൈവത്തിനും സ്ഥാനം കിട്ടിയില്ല. സിനിമകളിൽ ദേഹമാസകലം എണ്ണയും പുരട്ടിക്കിടക്കുന്ന പ്രതിനായകനെ പോലെ പല്ലി എണ്ണയിൽ കുളിച്ചുകിടന്നു.

ഒട്ടലിന്റെ തീവ്രത എണ്ണയിൽ ഒതുങ്ങി. പല്ലിയെ ചക്കയിൽ നിന്നെടുത്ത് ഞാൻ പത്രക്കടലാസിന് മുകളിൽ വെച്ചു. ചരമവാർത്തകളുള്ള പേജായിരുന്നു അത്. ആത്മഹത്യ ചെയ്തവരും രോഗം വന്ന് മരിച്ചവരും കൊല്ലപ്പെട്ടവരും വാർദ്ധക്യത്താൽ മരിച്ചവരും പത്രത്താളിൽ നിന്ന് പല്ലിയെ നോക്കി.

അതിനെ മലർത്തിക്കിടത്തി വയറിൽ നിന്ന് വെളഞ്ഞേറിന്റെ വെളുപ്പെടുത്തു. വയറിന്റെ വെളുപ്പ് വന്നപ്പോൾ ആളൊന്ന് ഉഷാറായി. എല്ലാം ശരിയായെന്ന് വിചാരിച്ച് അത് മുന്നോട്ട് നടക്കാൻ വിചാരിച്ചതാണ്. കാലുകൾ അനങ്ങുന്നില്ല. പാദങ്ങൾ വെളഞ്ഞേറ് ഒട്ടിച്ചുനിർത്തിയിരിക്കുകയാണ്. ഈർക്കിൽ കൊണ്ട് പാദങ്ങളിലെ വെളഞ്ഞേറ് കുത്തിയെടുത്ത് കളഞ്ഞപ്പോൾ പല്ലി ചുമരിലേക്ക് ഉയർത്തപ്പെട്ടു. താൻ അനുഭവിച്ചത് സ്വപ്‌നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തതാവാം അത് നിന്നയിടത്ത് തന്നെ നിന്നു. അതിന്റെ മുന്നിൽ പെട്ടുപോയ പൂമ്പാറ്റ തന്നെ മരണത്തിലേക്ക് ചാടിവിഴുങ്ങാത്തത് കണ്ട് ഇതിന് സ്ഥലകാലബോധം നഷ്ടമായല്ലോ എന്ന് സന്തോഷിച്ച് ബൾബിന്റെ വെളിച്ചത്തിലേക്ക് പറന്നു.

പല്ലിയുടെ ആത്മസംഘർഷം കൂട്ടാതിരിക്കാൻ മകളെയും കൂട്ടി ഞാൻ കിടപ്പുമുറിയിലേക്ക് നടന്നു. നിറപ്പുസ്തകത്തിലെ പക്ഷിക്കും മഴവില്ലിനും ആനയ്ക്കും അവൾ നിറം കൊടുക്കുന്നത് ഞാൻ നോക്കിയിരുന്നു. അൽപ്പനേരം കഴിഞ്ഞ് ടെലിവിഷനിൽ തുടരുന്ന ഒമിക്രോണിന്റെ ചർച്ച കേട്ടുകൊണ്ട് ചായ്പ്പിലേക്ക് മടങ്ങിവന്നപ്പോൾ വെളിച്ചമെത്താത്ത ചുമരിന്റെ മൂലയിൽ മൂന്ന് പല്ലികൾക്കിടയിൽ നമ്മുടെ പല്ലി അതിജീവനത്തിന്റെ ആശ്വാസത്തോടെ ചേർന്നുനിൽക്കുന്നു. മനസ്സിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന ആധിയും ആശങ്കയും കുറഞ്ഞുതുടങ്ങുന്നത് ആനന്ദത്തോടെ ഞാൻ തിരിച്ചറിഞ്ഞു. 2022-ലെ ഏറ്റവും നല്ല ഓർമകളിലൊന്ന് ആ രാത്രിയായിരിക്കുമെന്ന് അപ്പോൾ എനിക്കറിയില്ലായിരുന്നു.

Comments