പി.എ. ഇബ്രാഹിം ഹാജിയുടെ ആത്മകഥ കേട്ടെഴുതാൻ കുറച്ചുകാലം എന്നെ കൂടെക്കൂട്ടിയിരുന്നു. ""പറയാൻ ഒരു ജീവിതമുള്ള ഞാനും എഴുതാൻ ദൈവാനുഗ്രഹമുള്ള നീയും ചേർന്നു ഒരു പുസ്തകം'' എന്നായിരുന്നു ഹാജി അതിനെക്കുറിച്ച് പറഞ്ഞിരുന്നത്. എഴുതപ്പെടേണ്ട ഒരു ജീവിതം അദ്ദേഹത്തിനുണ്ട് എന്നതുറപ്പാണ്. അതു നമ്മുടെ ഗൾഫ് പ്രവാസത്തിന്റെയും അമ്പത് വയസ്സ് മാത്രം പ്രായമുള്ള യു.എ.ഇ. എന്ന രാജ്യത്തിന്റെയും പ്രതിപാദനവുമാകും. അങ്ങനെ ഞങ്ങൾ ഒരു കരാറൊക്കെ എഴുതിയുണ്ടാക്കി. ഏതാനും ദിവസങ്ങൾ ഞാൻ അദ്ദേഹത്തെ കേട്ടുകൊണ്ട് കൂടെനടന്നു. വാണിജ്യപരമായ കൃത്യന്തരബാഹുല്യം കാരണം അദ്ദേഹത്തിന് ജീവിതം പറയാൻ നേരമില്ലാതെയായി, എന്റെ കേട്ടെഴുത്ത് പാതിവഴിക്ക് നിലച്ചു.
ഹാജിക്ക ഇന്നലെ മരിച്ചു പോയിരിക്കുന്നു.
അപൂർവവും ധന്യവുമായ ജീവിതവും ആകസ്മികമായ മരണവും. സങ്കടപ്പെട്ടിരിക്കുന്നേരം ഞാൻ ഹാർഡ് ഡിസ്‌കിലെ PaLife എന്ന ഫോൾഡറിലെ ഫയലുകൾ റബിയെക്കൊണ്ട് എടുപ്പിച്ച് രാത്രി വീണ്ടും വായിച്ചു. ഒരു നീണ്ട ഭാഗം താഴെ:
"മൂന്നു നേരം ഭക്ഷണം കഴിക്കാൻ കഴിയുന്നത് ഒരു മഹാഭാഗ്യമായിരുന്ന ഒരു കാലമായിരുന്നു അമ്പതുകളുടേത്. ഓരോ വില്ലേജിലും മൂന്നോ നാലോ വീടുകളേ കാണൂ അതിനു പറ്റുന്നവരായി. അരി കിട്ടാനില്ലാത്ത സ്ഥിതി. നാലര അണയാണന്ന് ഒരു സേർ അരിക്ക്. 28 പൈസ. അതുള്ളവർക്കു തന്നെ വാങ്ങിക്കാൻ ധാന്യങ്ങൾ ലഭ്യമല്ലാത്ത സ്ഥിതി. ജോലിക്കാർക്ക് അന്നു കിട്ടുന്നത് 14 അണയാണ്. 8 അണയാണു സ്ത്രീകൾക്കുള്ള ദിവസക്കൂലി. പിന്നെ അതിലുണ്ടാകുന്ന ഒരു വർദ്ധന പുരുഷൻമാരുടെ കൂലി 1.25 പൈസയും സ്ത്രീകളുടേത് 75 പൈസയുമായി ഉള്ള ഒരു മാറ്റമാണ്. 50-60 കളിലെ ജീവിത സ്ഥിതിയാണിത്. ഒരു സേർ അരികിട്ടിയാൽ അഞ്ചാറാൾക്കു കഴിക്കാം, ഒരു ദിവസത്തേക്കതു മതി. പക്ഷേ, അരി കിട്ടുകയാണു ദുഷ്‌കരം.
പള്ളിക്കരയിൽ ബാപ്പയുടെ കട നിന്നിരുന്നത് മടത്തിൽ എന്ന സ്ഥലത്താണ്. അരി അന്വേഷിച്ച് മടം മുതൽ ചിത്താരിപ്പുഴ വരേയുള്ള പീടികകൾ കയറി ഇറങ്ങുമായിരുന്നു ആളുകൾ. ഇങ്ങനെ പല കടകളിൽ ചോദിച്ചു നടന്നിട്ടാണരി കിട്ടുന്നത്. അത്രയും ബുദ്ധിമുട്ടാണ്. പള്ളിക്കരയിലെ അക്കാലത്തെ പ്രധാന തൊഴിലും വരുമാനവും കടൽസമ്പത്തിനെ അശ്രയിച്ചായിരുന്നു. കടലിൽ പോകുന്ന മുക്കുവർ കോട്ടിക്കുളത്താണ്. കടലിനെ അശ്രയിച്ചു ജീവിക്കുന്നവർ പള്ളിക്കരയിലും ധാരാളം. അന്നത്തെ കടലിൽ പോക്ക് രണ്ടു രീതിയിലാണ്. ഒന്നു തോണിക്കാരും മറ്റേത് വേപ്പുകാരും. തോണിയിൽ പോകുന്നതു മുക്കുവരാണ്. അന്നന്നു പോയി വരുന്നവർ. പുലരുന്നതിനു മുമ്പ് പോയി വെയിലു ചൂടാകുന്നതിനു മുന്നേ മടങ്ങുന്ന മീൻപിടുത്തക്കാർ. വേപ്പുകാർ പുറം കടലിൽ പോയി വലവീശുന്നവരാണ്. ഇരുപത്തിനാലും നാൽപ്പത്തെട്ടും മണിക്കൂറുകൾ കഴിഞ്ഞാണവരുടെ മടക്കം. 30/40 കിലോമീറ്റർ ഉൾക്കടലിൽ ചെന്നാണവരുടെ മൽസ്യബന്ധനം. പ്രധാനപ്പെട്ട രണ്ടു മൽസ്യ വ്യാപാരികൾ ഒന്നു മമ്മൂട്ടി ഹാജിയും പിന്നീട് അദ്ദേഹത്തിന്റെ മകൻ ഹംസയും, വേറെ ഒരാൾ ഉമറാജിയും. ഈ മൽസ്യബന്ധനത്തെ ചുറ്റിപ്പറ്റിയാണൊട്ടേറെ കുടുംബങ്ങളുടെ ഉപജീവനം. ഐസ് ഫാക്ടറി, മൽസ്യം ഉണക്കി സൂക്ഷിക്കൽ, തീവണ്ടി മുഖേനയുള്ള കയറ്റി അയക്കൽ, ഒക്കെ അതിന്റെ പലതരം തൊഴിൽ മേഘലകളാണ്. അന്നു പള്ളിക്കരയിൽ നിന്നും പ്രധാനമായും കയറ്റി അയച്ചിരുന്നത് സ്രാവിന്റെ ചെത്തിയെടുത്ത ചിറക് ഉണക്കിയതായിരുന്നുയ സിലോണിലേക്കാണതിന്റെ പ്രധാന കയറ്റു മതി. സൂപ്പിനു വിശേഷപ്പെട്ടതാണത്. അധികം വരുന്ന ചെമ്മീൻ കൊച്ചിക്കും മംഗലാപുരത്തിനുമൊക്കെ പോകും. ഇങ്ങനെ കടലുമായിണങ്ങിയുള്ള ജീവിതം ഒരു ഭാഗത്ത്. കരയിൽ പുകയിലക്കൃഷി. എന്റെ വല്യുമ്മ പുകയില കൃഷി ചെയ്തു സ്വന്തമായി പണം സമ്പാദിച്ചിരുന്നു.
ബോംബെയിൽ തൊള്ളായിരത്തി അറുപതുകളിൽ സൂപ്പർ വൈസർമാർക്ക്, ഓഫീസ് ക്ലർക്കുകൾക്ക് ഒക്കെ 250 -300 രൂപയാണു ശമ്പളം. 250- 300 ഉറുപ്പികയാണ് ഒരു ഒട്ടോമൊബൈൽ എഞ്ചിനിയറിങ്ങ് ഡിപ്ലോമക്കാരന് കിട്ടുന്ന കൂടിയ ശമ്പളം, ഒരു തുടക്കക്കാരന്റെ കാര്യമാണ്. അതേ സമയം അന്നു തന്നെ ദുബായിൽ അതിലേറെ കിട്ടാനിടയുണ്ട് എന്നൊരു പ്രതീക്ഷ. അങ്ങനെയാണ് ദുബായിക്കുള്ള എന്റെ കപ്പലുകയറ്റം. അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകർ അന്നിവിടെ വളരെ വിരളം. മലബാർ മേഖലയിൽ നിന്ന് വരുന്നതേറെയും പ്രത്യേകിച്ചൊരു പഠിപ്പോ, സാങ്കേതിക പരിജ്ഞാനമോ ഇല്ലാത്ത സാധാരണക്കാർ. നാനൂറ് ദിർഹം ശമ്പളത്തിനാണെനിക്കൊരു ജോലി ശരിയാകുന്നത്. ഒരു ദിർഹമിന് രണ്ടുറുപ്പികയാണന്നത്തെ മൂല്യം. അപ്പോൾ നാട്ടിൽ കിട്ടുന്നതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആകുന്നു ഇവിടത്തെ വേതനം. അത്രയേ ഉള്ളൂ ആകർഷകമായിട്ട്.
1966 ആണെന്റെ ആദ്യ ഗൾഫ് യാത്രയുടെ വർഷം. ബോംബെയിലെ കുറച്ചു മാസങ്ങളിലെ തൊഴിൽജീവിതം അവസാനിപ്പിച്ച് ഭാഗ്യം തേടി പള്ളിയാങ്ക അബ്ദുള്ള ഇബ്രാഹിം എന്നു പേരുള്ള ഒരിന്ത്യൻ പൗരൻ ദുബായ് തീരത്തു വന്നു കപ്പലിറങ്ങുന്നു. ഇവിടെ ദുബായിൽ അറിയാവുന്ന നാട്ടുകാരുണ്ട് എന്നതാണു ആകെയുള്ള സമാധാനം. കൂടെ ഉള്ളത് ഒരിന്ത്യൻ പാസ്പോർട്ടും ഒരെഞ്ചിനിയറിംഗ് ഡിപ്ലോമയുടെ സർട്ടിഫിക്കറ്റും. അതിനൊക്കെ പുറമേ വഴികാണിക്കുന്ന ദൈവത്തിലുള്ള ഉറച്ച വിശ്വാസവും. നാട്ടുകാരുടെ കൂടെ ആദ്യത്തെ മൂന്നാലു ദിവസങ്ങൾ. അപ്പോൾ തന്നെ തുടങ്ങിയിരുന്നു ഉള്ളിലെ അഭിമാനേച്ഛുവായ മനസ്സിന്റെ ഇളക്കങ്ങൾ. റൂമിനകത്തുള്ള ഈ ജോലി കാത്തിരിപ്പ് ശരിയാവില്ല. ഒരു ജോലി തേടിക്കണ്ടു പിടിക്കണം. റൂമിലുള്ളവരോട് ഈ ആഗ്രഹം പറയുമ്പോൾ അവരുടെ പ്രതികരണം പക്ഷേ അൽപ്പം പരിഹാസം കലർത്തിയാണ്. ഇന്നലെ വന്ന നിനക്കു ജോലിയോ, മാസം മൂന്നും നാലുമായി ജോലി കിട്ടാതെ ഇരിക്കുകയാണോരോരുത്തർ എന്നവർ. അതോടെ ഒരു ജോലി കണ്ടെത്തുന്നതിന് ഏറ്റവും പറ്റിയ വഴി പുറത്തിറങ്ങിയുള്ള അന്വേഷണമാണെന്ന തോന്നലു വന്നു. മെനക്കെട്ടാൽ കിട്ടും എന്നൊരു വിശ്വാസമാണ് എന്നും ജീവിത്തിലെ കൈമുതൽ.
ജോലി തേടിയുള്ള നടത്തത്തിന്റെ ആറാം ദിവസമായപ്പോഴേക്കും നാലു ജോലികളുടെ സാധ്യത തെളിഞ്ഞു. അതോടെ ഏതു ജോലി തെരഞ്ഞെടുക്കണം എന്നതായി മുമ്പിലെ പ്രശ്നം. ജോലി 1- ഒരു പാക്കിസ്ഥാനിയുടെ ഗാരേജിൽ ഡ്രൈവർ. ജോലി 2- ബാട്ട്യ ബ്രദേഴ്സിൽ. ജോലി 3- ബെൻസിന്റെയും ഫോർഡിന്റേയും അന്നത്തെ വിതരണക്കാരായ അലിഹാജി അബ്ദുള്ള അവാസിയുടെ സ്ഥാപനത്തിൽ. അദ്ദേഹത്തിന്റെ സ്ഥാപനമാണിന്നത്തെ ഗർഗാഷ് സെന്റർ. ജോലി-4 ഓസ്റ്റിൻ കാറിന്റെ വിതരണക്കാരും ബ്രിട്ടീഷ് വാട്ടർ കോർപ്പറേഷന്റെ ഏജൻസിയുമായ സ്ഥാപനത്തിൽ. മൂന്നാമതു പറഞ്ഞ സ്ഥാപനത്തിലേക്ക് വഴികാണിക്കുന്നത് വി.സി യൂസുഫ് സാഹിബാണ്. ദുബായിലെ പരോപകാരികളായ മലയാളികളുടെ കൂട്ടത്തിലെ അന്നത്തെ അഭ്യസ്ഥവിദ്യനും ഉന്നതോദ്യോഗമുള്ള ആളുമായിരുന്നു ആ മാഹിക്കാരൻ. ആ സ്ഥാപനത്തിന്റെ ഉടമ അലി അബ്ദുള്ള അവാസിയാകട്ടെ പിൽക്കാലത്ത് എന്റെ ഒരുറ്റ സുഹൃത്തായി.
കോഴിക്കോടുമായൊക്കെ വ്യാപാരബന്ധം പുലർത്തിയിരുന്നു ആ വർത്തക പ്രമുഖൻ. പത്തേമാരിയിൽ ഈത്തപ്പഴവും മീനും കയറ്റി കോഴിക്കോട്ടേക്കു പോയ യാത്രകളും, കേരളത്തിൽ നിന്ന് തിരികെ കൊണ്ടു വരുന്ന ചരക്കുകളുമൊക്കെ ഓർമ്മിച്ചു പറഞ്ഞ് അദ്ദേഹം കാണുമ്പോഴൊക്കെ തന്റെ കോഴിക്കോടൻ സ്മരണകൾ അയവിറക്കും. 93 വയസ്സിന്റെ വാർദ്ധക്യത്തിലും അദ്ദേഹം കോഴിക്കോട്ടേക്കുള്ള കടൽയാത്രകളെ കുറിച്ചു പറയുമ്പോൾ നല്ല ഉൽസാഹത്തിമർപ്പിലെത്തി.
നാലാമതു പറഞ്ഞ ഓസ്റ്റിൻ കാറിന്റെ ഏജൻസിയായ സ്ഥാപനത്തിൽ മലയാളിയായ ടി.എൻ. നായരാണ് മാനേജർ. മാഹിയാണദ്ദേഹത്തിന്റേയും സ്വദേശം. 300 ദിർഹം ശമ്പളത്തിനാണ് നായരെന്നെ ഇന്റർവ്യൂ ചെയ്തു ജോലിക്കെടുക്കുന്നത്. എന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ട ഒരു ബന്ധമായിരുന്നു നായരുമായുള്ള ആ പരിയയവും സഹവർത്തിത്തവും. നായരെ നോക്കിപ്പഠിക്കുകയായിരുന്നു ഞാൻ എപ്പോഴും. നായർ ഓഫീസിലില്ലാത്ത ഒരു ദിവസം യൂറോപ്പിൽ നിന്നുള്ള ഒരു സംഘത്തെ സ്വീകരിക്കാൻ കമ്പനി ഉടമ മുഹമ്മദ് അൽ ഉവൈസ് എന്നെ ചുമതലപ്പെടുത്തി. എന്റെ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ആ സമയത്തെന്റെ ഭാഗ്യവും രക്ഷയുമായി. നായരുടെ അഭാവത്തിൽ ഫ്രണ്ട് ഓഫീസിലേക്കു മാറ്റം കിട്ടിയ എനിക്ക് ആ സംഘവുമായുള്ള കരാറ് ഉറപ്പിക്കാനായി. കമ്പനി എന്റെ വേതനം നൂറു ദിർഹം കൂടി കൂട്ടിത്തന്നു. കാർ വിൽപ്പന, വർക്ക് ഷോപ്പ്, സ്പെയർപാർട്ട്സ്- മൂന്നും ചേർന്നതാണ് സ്ഥാപനം. സ്പെയർപാർട്ട്സ് അത്ര പ്രയാസമുള്ള വിഭാഗമല്ല, മറ്റേതു രണ്ടും തീരാത്ത തലവേദന തരുന്ന വിഭാഗങ്ങളും. ഓർഡർ ചെയ്ത വണ്ടി സമയത്തിനെത്തിക്കാനാകാത്തതിന്റെ പേരിൽ തുടങ്ങി ഉപഭോക്താക്കൾ നിരന്തരം നീരസത്തോടെയാണു വരിക, വർക്ക്ഷോപ്പും തഥൈവ. ഇങ്ങനെ വരുന്നവരെ കുറ്റപ്പെടുത്താനാവില്ല. അവരുടെ ഏറ്റവും വിശേഷപ്പെട്ട ഒരവസരത്തിൽ ലഭ്യമാകുന്നതിന്, ഏറ്റവും പ്രിയപ്പെട്ട ആർക്കോ സമ്മാനിക്കുന്നതിനൊക്കെ ആകും പുത്തനൊരു കാറു വാങ്ങാൻ തീരുമാനിച്ചത്. കമ്പനി അതു സമയത്തിനെത്തിച്ചു കൊടുക്കുന്നതിൽ പരാജയപ്പെടുമ്പോഴുള്ള അവരുടെ പ്രതികരണവും ക്ഷോഭവും സഹിക്കാൻ ജീവനക്കാരായ ഞങ്ങൾ ബാധ്യസ്ഥരാണ്. ടി.എൻ നായരാകട്ടെ ഇങ്ങനെ വരുന്ന അസംതൃപ്തരെ കൈകാര്യ ചെയ്യുന്ന രീതി വിസ്മയകരമായിരുന്നു.
ക്ഷോഭിച്ചു വരുന്നൊരാളെ അദ്ദേഹം തണുത്ത വെള്ളമൊഴിച്ച പോലെ സമാധാനപ്പെടുത്തും. കോപം കൊണ്ടു തപിച്ചു നിൽക്കുന്നവരോട് നായരാദ്യം ചോദിക്കുക അവരുടെ സുഖവിവരങ്ങൾ, കുടുംബത്തിന്റെ വിവരങ്ങൾ, മറ്റു ജീവിത ചുറ്റുപാടുകളുടെ ക്ഷേമകാര്യങ്ങൾ ഒക്കെയാണ്. നാട്ടിൽ നിന്നും കത്തൊക്കെ വന്നോ, എന്നൊക്കെ നായരു ചോദിക്കുന്നതോടെ റേഡിയേറ്ററിൽ വെള്ളം വീണ പോലെ തണുക്കും കടുത്ത പ്രതികരണവുമായി വന്നവർ.
ക്ഷുഭിത ഹൃദയങ്ങളെ മെരുക്കുന്നതിന്റെ ഒരു മായാജാലം നായരുടെ പെരുമാറ്റത്തിലും സംഭാഷണത്തിലുമുണ്ടായിരുന്നു. നമുക്ക് ആദരവോടെ കണ്ടു നിൽക്കാനെ കഴിയൂ ആ സിദ്ധിവിശേഷം. നായരെ കണ്ടുമുട്ടിയതെടെ എന്റെ ജീവിതം അതിന്റെ വളർച്ചക്കു പറ്റിയ ഒരു പരിസരം കണ്ടെത്തിയ പോലെ തളിർക്കാൻ തുടങ്ങി. അൽ ഉവൈസ്, ഗലദാരി ഒക്കെയാണ് അന്നു ദുബായിലെ വളരുന്ന മോട്ടോർ കമ്പനികൾ. ഇന്നത്തെ അൽ ഗുറൈറിനോളമോ, അൽഫുത്തൈമിനോളമോ വരും അവയുടെ അന്നത്തെ പേരും പെരുമയും.
എനിക്കപ്പോൾ ഗലദാരിയിൽ മാനേജരായി ജോലി ലഭിച്ചു. 1100 ദിർഹമാണു ശമ്പളം. നായരാവട്ടെ റുസ്ഥമാനി ഗ്രൂപ്പിന്റെ ഓഫറു സ്വീകരിച്ച് മസ്ഖത്തിലേക്കു പോയി. അബ്ദുള്ള റുസ്തമാനി നേരിട്ടാണ് അദ്ദേഹത്തെ മസ്ഖത്തിലേക്കയക്കുന്നത്. അദ്ദേഹത്തിനവിടെ കൂടെ ഒരു വിശ്വസ്ഥനെ വേണം. അങ്ങനെ നറുക്ക് എനിക്കു വീണു. ഗലദാരിയിലാണു ഞാനപ്പോൾ. അബ്ദുള്ള റുസ്തമാനി എന്നെയും നേരിട്ടു വിളിപ്പിക്കുകയാണ്. എത്രരൂപ വേണം സാലറി എന്നായിരുന്നു ചോദ്യം.1500 ദിർഹം എന്നു ഞാൻ പറഞ്ഞു. 1500 ദിർഹം ശമ്പളത്തിൽ എനിക്കും മസ്ഖത്തിലേക്കു മാറ്റം. ദുഷ്‌കരമായിരുന്നു മസ്ഖത്തിലെ താമസവും ജീവിതവും. അക്കാലത്തേ ഏതാണ്ടെല്ലാ ഷിപ്പുകളുടേയും ഏജന്റും വൻകിട ട്രാവൽ കമ്പനിയുമായ ഗ്രേമെക്കൻസിയുടെ ഒമാൻ ഡിവിഷന്റെ ജനറൽ മാനേജർ പോലും പ്ലൈവുഡ്ഡടിച്ച ഒരു മുറിയിലായിരുന്നു താമസം. ഞങ്ങൾ ഓഫീസ് മുറിയെ രാത്രി താമസസ്ഥലമാക്കി ഉപയോഗിച്ചു. മൂന്നു മാസം കൊണ്ടു തന്നെ അവിടം മടുത്ത്, മറ്റൊരു തോഴിൽ കണ്ടെത്തി ഞാൻ ദുബായിക്കു മടങ്ങി.
അങ്ങനെ 1966 മുതൽ സെയിൽസ് മാനായി, മാനേജർ ഇൻ ചാർജായി, 1971 ൽ ഗലദാരി ഓട്ടോ മൊബൈൽസിൽ മനേജരായി ജീവിതം മുന്നോട്ടു പോയി
1975 ൽ ചെറിയ രീതിയിൽ ഒരു ഷോപ്പ് തുടങ്ങിയാണ് തൊഴിൽ ജീവിതം അവസാനിപ്പിച്ച് കച്ചവടത്തിലേക്കു മാറുന്നത്. ദേരയിൽ- ഇപ്പോഴത്തെ അപ്സര ടെക്സ്റ്റയിൽസ് ഒക്കെ ഉള്ള സബ്ഖ ഭാഗത്തായിരുന്നു ആ ആദ്യത്തെ സംരംഭം. സുഗന്ധ ദ്രവ്യങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളുമൊക്കെ വിൽക്കുന്ന ഒരു ചെറുകട. അന്നത്തെ ദേര ദുബായി നഗരത്തിന്റെ മുഖ്യതെരുവാണ്. ദേരയിലെ ഖാദർ ഹോട്ടൽ ദുബായി നഗരത്തിന്റെ ചരിത്രത്തിലെ പ്രസിദ്ധമായ ഒരേടാണ്. അറേബ്യൻ ഗൾഫിന്റെ ഈ തീരത്തേക്ക് ആദ്യമാദ്യം വന്നു ചേർന്നവർ പരസ്പരം നൽകിയ സ്നേഹത്തിന്റേയും പരോപകാരത്തിന്റേയും കഥയാണു പഴയ ദേരയിലെ ഓരോ തെരുവും പറയുക. ഖാദർ ഹോട്ടൽ ആ പേരു സൂചിപ്പിക്കുന്ന പോലെ ഒരു ഖാദറിന്റെ സ്ഥാപനമായിരുന്നു. കണ്ണൂർക്കാരനൊരു കച്ചവടക്കാരൻ. ഖാദർഹോട്ടൽ കാലം എന്ന് ആ കാലത്തെ പറ്റി പറയാം.
പുതുതായി വരുന്നവർ ഇത്തരം കേന്ദ്രങ്ങളിലേക്കാണ് വന്നടിയുക. റസ്റ്റോറന്റ് എന്നതിലേറെ അതൊരു സെന്ററായിരുന്നു. ഒരു ഡൗൺടൗൺ സെന്റർ. വിശാലമായ ഒരൊറ്റ നില കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. അവിടെ ഒരു മലയാളി മാനേജരുണ്ടായിരുന്നതിന്റെ ഓർമ്മയുണ്ട്. ഈ ഖാദറിന്റെ വീട്ടിലും ഒരു വട്ടം പോയിട്ടുണ്ട്. ഇത്തരം ഒന്നിലേറെ ഇടങ്ങൾ ദേരയിലുണ്ടായിരുന്നു. അന്നത്തെ പൊതു ഇടങ്ങളാണവ. മദീന ഇച്ച എന്നൊരാൾ, പൊന്നാണ്ടി അമ്മദ് എന്ന ഒരു നാദാപുരത്തുകാരൻ. അവരൊക്കെ ഇവിടെ എത്തുകയും, തങ്ങൾക്കു പിറകേ ഇവിടെ വന്നവർക്കു വേണ്ടി തങ്ങളാലാകും വിധം ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. നമ്മുടെ നാട്ടുകാർക്കു വന്നു തങ്ങുവാനും ജീവിതമാർഗം കണ്ടെത്താനും പറ്റുന്ന ഒരിടമാക്കി ദുബായിയെ മാറ്റിയതിൽ ഈ പേരുകൾക്കൊക്കെ നല്ല പങ്കുണ്ട്. അവരാണ് ഈ സാമ്പത്തിക അഭിവൃദ്ധികളൊക്കെ വരുന്നതിനു മുന്നേ ഗൾഫ് മലയാളികളുടെ പ്രവാസജീവിതത്തിന് പാരസ്പര്യത്തിന്റെ പിൻബലമേകിയവർ.
ഖാദർ ഹോട്ടലിന്റെ ഉടമ ഖാദറുമായി പിന്നീട് ചില കച്ചവടബന്ധങ്ങളും ഉണ്ടാകുന്നുണ്ട് എനിക്ക്. ടെക്സ്റ്റയിൽ ബിസിനസ് തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ഞങ്ങൾ തുണിത്തരങ്ങൾ സപ്ലൈ ചെയ്യുന്നുണ്ട്. പിന്നീട് അദ്ദേഹം സ്വന്തം നിലക്ക് തുണി ഇറക്കുമതി നടത്തുകയും അതു കരുതിയ പോലെ വിജയകരമാകാതിരിക്കുകയും ചെയ്തു. ഇംപോർട്ടിങ്ങിലെ പ്രാധാനപ്പെട്ട ഒരു കാര്യം കൃത്യസമയത്തു തന്നെ ചരക്കു നീക്കം നടക്കുകയാണ്, ചരക്ക് കെട്ടിക്കിടക്കാനിട വന്നാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. കസ്റ്റംസ് ക്ലിയറൻസിനുള്ള താമസം, ഷിപ്പിന്റെ ഗതാഗതത്തിൽ നേരിടുന്ന തടസ്സങ്ങളെ ഒക്കെ ആശ്രയിച്ചിരിക്കും ഇത്. അദ്ദേഹത്തിനു പറ്റിയത് അതു പോലെ എന്തോ പ്രശ്നമാണ്. അതോടെ കച്ചവടം തടസ്സപ്പെട്ടു. ആ പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ അദ്ദേഹം ദുബായി വിട്ടു പോകുകയാണുണ്ടായത്.
400 ദിർഹമായിരുന്നു ദുബായിലെ എന്റെ ആദ്യ ശമ്പളം. 42 ദിർഹം മാസ വാടക വരുന്ന ഒരിടത്താണാദ്യത്തെ താമസം. 400 ദിർഹം കിട്ടുന്നൊരാൾക്ക് താങ്ങാവുന്നതല്ല അന്നു 40 ദിർഹമിന്റെ താമസ സൗകര്യങ്ങൾ. സൗകര്യങ്ങൾ എന്നു പറഞ്ഞാൽ ഇന്നത്തെ നമ്മുടെ ദുബായ് ജീവിതവുമായതിനെ താരതമ്യം ചെയ്യരുത്. എണ്ണപ്പണം വരുന്നതിനു മുമ്പുള്ള ദുബായി ആണ്. അങ്ങനെ താമസച്ചെലവു കുറഞ്ഞ ഒരു റൂമിലേക്ക് മാറി. ഇന്നത്തെ നായിഫ് സൂഖിനടുത്ത്, മലയാളികൾ ഊട്ടു മാർക്കറ്റ് എന്നു വിളിക്കുന്ന സ്ഥലത്തെ, ഇപ്പോഴത്തെ പള്ളി നിൽക്കുന്ന സ്ഥാനത്തായിരുന്നു ആ മുറി. ഞങ്ങൾ പതിമൂന്നു പേരായിരുന്നു താമസക്കാർ. ഒരു ബാത്ത് റൂം. പല സമയത്ത് ജോലി ആരംഭിക്കുന്നവരായതിനാൽ അത്ര തിരക്കും ഞെരുക്കവുമില്ലാതെ കഴിയാം. പേരിനൊരു എ.സി ഉണ്ടായിരുന്നു. കാറ്റിനേക്കാൾ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ശീതീകരണി. ഒട്ടകച്ചന്ത ഉണ്ടായിരുന്ന പ്രദേശമാണ് ഊട്ട് മാർക്കറ്റായത്. ഹിന്ദിയിലെ ഊണ്ട് (ഒട്ടകം) ഊട്ടായി. ഒട്ടകപ്പുറത്ത് സാധന സാമഗ്രികൾ സംഭരിച്ചു കൊണ്ടു വന്നു വിൽപ്പന നടത്തുന്നവരുടെ കേന്ദ്രമായിരുന്നു അത്. തോൽപാത്രങ്ങളിൽ ജലം ശേഖരിച്ചു കൊണ്ടു വന്നു വിൽക്കുന്നവരൊക്കെ ഉണ്ടായിരുന്നു. കഴുതപ്പുറത്താണവരതു കൊണ്ടു നടക്കുക. ഞാനെത്തിച്ചേരുന്ന കാലത്താണ് ദുബായിലെ കുടിവെള്ള വിതരണ സംവിധാനം പരിഷ്‌കരിക്കപ്പെടുന്നത്. അങ്ങനെ ടാപ്പിൽ ജലം ലഭ്യമായിത്തുടങ്ങി. അതൊരു സ്വാകാര്യ കമ്പനിയായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി കമ്പനി വന്നു പിന്നെ.
നാസർ സർക്കാൽ എന്നൊരാളാണ് അതിനൊക്കെ മുൻകയ്യെടുക്കുന്നത്.
ഇവിടത്തെ ഭരണം അപ്പോഴും ബ്രിട്ടീഷുകാരുടെ കയ്യിലാണ്. 1971 വരേ അവരിവിടെ ഭരണം തുടർന്നു. ബ്രിട്ടൻ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന കുറേയേറെ രാജ്യങ്ങൾ, തങ്ങളുടെ കൈവശം വെക്കുന്നതു കൊണ്ട് പ്രത്യേകം ലാഭമൊന്നുമില്ലാത്തതിനാൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഭരണം പ്രദേശ വാസികളായ ഉന്നത കുടംബങ്ങൾക്കോ, രാജകുടുംബങ്ങൾക്കോ കൈമാറി ബ്രിട്ടൻ പൻമാറുന്നു. അത്രമാത്രം. സമരമൊന്നുമില്ലാത്ത ഒരു സ്വാതന്ത്ര്യ ലബ്ധി.
ഭരണം ബ്രിട്ടന്റേതായിരുന്നതിനാൽ തന്നെ ഇന്ത്യൻ രൂപ ദുബായിൽ സ്വീകാര്യമായിരുന്നു. ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റാണ് അന്നത്തെ പ്രാദേശിക ഭരണകർത്താവ്. വിസ മുതലായ കുടിയേറ്റകാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിലാണ്. ഇപ്പോൾ ബ്രിട്ടീഷ് എംബസി സ്ഥിതിചെയ്യുന്ന ബർ-ദുബായിലെ ആ ഏരിയയിൽ തന്നെയായിരുന്നു ഈ പഴയ ഭരണകാര്യാലയവും. കറൻസി കാര്യത്തിൽ പിന്നീടുണ്ടാകുന്ന ഒരു പ്രധാന മാറ്റം ഖത്തർ-ദുബായ് റിയാലിന്റെ വരവാണ്. ശൈഖ് റാഷിദിന്റെ പുത്രിയും നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ സഹോദരിയുമായ മറിയത്തിനെ ഖത്തർ ഭരണാധികാരി അൽത്താനി വിവാഹം കഴിച്ചു. അതോടെ കുടുംബപരവും രാഷ്ട്രീയവുമായ ബന്ധം ഒരു പുതിയ കറൻസിയുടെ ഉൽഭവത്തിനു കാരണമായി.
1976ൽ മറ്റൊരു സ്ഥാപനം കൂടി എന്റെ കൈവശം വരാനിടയായതോടെ ബിസിനസ് ഒന്ന് വിപുലപ്പെട്ടു. നേരത്തെ തന്നെ ചില അടുത്ത ബന്ധുക്കൾ ദുബായിൽ ടെക്സ്റ്റയിൽ ബിസിനസിലേർപ്പെട്ടിരുന്നു. അവരുടെ ഷോപ്പ് മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത സാഹചര്യം വന്നതിനാൽ അവരതു വിൽക്കുകയാണെന്നു കേട്ടു. അപ്പോഴാണ് അതു പുറത്തു വിൽക്കേണ്ടതില്ല ഞാനെടുത്തോളാമെന്ന ഒരു തീരുമാനവുമായി ഞാനവരെ കാണുന്നത്. അവർക്കും അതു സന്തോഷമായി. പി.കെ ബ്രദേഴ്സ് എന്നായിരുന്നു ആ ഷോപ്പിന്റെ പേര്. ഒരു ലക്ഷത്തി അറുപത്തഞ്ചായിരം ദിർഹമിനാണ് ഷോപ്പും ഗോഡൗണും കൂടി വാങ്ങുന്നത്. മുപ്പതിനായിരം ദിർഹം എന്റെ കയ്യിലുണ്ട്. പതിനായരം, പതിനയ്യായിരം എന്നിങ്ങനെ രണ്ടു പേരിൽ നിന്നും വായപ വാങ്ങി അമ്പത്തയ്യായിരം കൊടുത്തു ഷോപ്പ് സ്വന്തമാക്കി. പിന്നെ നോക്കിയത് ആരേയാണ് പാർട്ട്ണറാക്കുക എന്നാണ്. മനസ്സിൽ കണ്ടവരിൽ, മുഹമ്മദ് അൽശമാലി എന്ന സ്വദേശിയേയാണ് ഏറ്റവും ബോധിച്ചത്. അദ്ദേഹവുമായി നേരത്തെ പരിചയമുണ്ട്. ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിലീസ്റ്റിൽ മാനേജരാണു ശമാലി. ഇന്നത്തെ എച്ച്.എസ്.ബി.സിയാണ് അത്. ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിലീസ്റ്റാണു പിൽക്കാലത്ത് ഹോങ്കോംഗ് ഷാങ്ഹായി ബാങ്കിംഗ് കോർപ്പറേഷനായി മാറുന്നത്. 1975ലെ എന്റെ ആദ്യ ബിസിനസ് സംരംഭത്തിന്റെ ബാങ്ക് എക്കൗണ്ട് മുഹമ്മദ് അൽശമാലി മാനേജരായ ബ്രാഞ്ചിലായിരുന്നു.
അദ്ദേഹത്തിന്റെ സമീപനം സുഖകരമായിരുന്നു. എക്കൗണ്ടിൽ പണമില്ലെങ്കിലും അദ്ദേഹത്തിനു എന്റെ ബിസിനസ്സിൽ വിശ്വാസമുള്ളതിനാൽ താൽക്കാലികമായി ചെക്കുകളൊക്കെ പാസാക്കിത്തരുമായിരുന്നു. രണ്ടാമതൊരു സ്ഥാപനത്തിനു ശ്രമിക്കുമ്പോൾ ഒരു പാർട്ട്ണറായി അദ്ദേഹത്തെ ലഭിക്കുന്നതിൽ ഒരു പാട് സന്തോഷം തോന്നി. അക്കാര്യവുമായി അദ്ദേഹത്തെ സമീപിക്കുമ്പോൾ അദ്ദേഹം കുടുംബമൊന്നിച്ച് ഒരു യാത്രക്കുള്ള പുറപ്പാടിലാണ്. 1976 ജൂലൈയിലാണിത്. യാത്ര കഴിഞ്ഞു വന്ന അദ്ദേഹം ബിസിനസ് പങ്കാളിയാകുന്നതിൽ സന്തോഷമറിയിച്ചു.
സപ്തംബർ 13 വെള്ളിയാഴ്ചയോടെ ഞങ്ങളുടെ പുതിയ ഷോപ്പ് പ്രവർത്തനമാരംഭിച്ചു. സ്വദേശിയായ മുഹമ്മദ് അൽശമാലി 51 ശതമാനം ഓഹരിയുടമ. 49 ശതമാനം പങ്കാളിത്തം എനിക്കും. ഇന്നും ഒരു തകരാറുമില്ലാതെ തുടരുന്നൂ ആ ബിസിനസ് ബന്ധം. 13-ആം തിയ്യതി കട തുറക്കുന്നതിനോട് ഒരഭിപ്രായ ഭിന്നതയുണ്ടായിരുന്നു ചിലർക്ക്. 13 ദുശ്ശകുനമുള്ള അക്കമാണ് ഇംഗ്ലീഷുകാർക്ക്. കൃസ്തുവിനെ കുരിശിലേറ്റാൻ പതിമൂന്നു പേരാണുണ്ടായിരുന്നത് എന്ന വിശ്വാസത്തിലാണവർ 13നെ തഴഞ്ഞത്. നമുക്കെല്ലാ അക്കങ്ങളും ഒരു പോലെയാണെന്നും, മാത്രമവുമല്ല കഅബയുടെ ഒരു നിരയിലെ കല്ലുകളുടെ എണ്ണം പതിമൂന്നാണ് എന്നതും ഞാൻ ശമാലിയോട് പറഞ്ഞു. 1974 ഡിസംബറിൽ ഞാനാദ്യമായി ഹജ്ജ് ചെയ്തിരുന്നു. അന്നു അവിചാരിതമായി കഅബയുടെ കല്ലുകളുടെ വരി വെറുതേ എണ്ണി നോക്കിയിരുന്നു. അത് മുഹമ്മദ് അൽ ശമാലിക്ക് ഒരു കൗതുകമായി ഭവിച്ചു.
അങ്ങനെ 13-നു തുടങ്ങിയ സ്ഥാപനം നല്ല നിലയിൽ മുന്നോട്ടു പാകാൻ തുടങ്ങി.
മുഹമ്മദ് അൽ ശമാലി അധികം മുടക്കിയ തുക ആദ്യ വർഷം തന്നെ തിരികെ നൽകാനായി, അഥവാ കച്ചവടം ലാഭകരമായി. കടയിൽ വേറെ ആളുണ്ടെങ്കിലും സെയിൽസ്മാനും, ഡ്രൈവറും, കാഷിയറുമൊക്കെയായി ഞാൻ തന്നെ മെനക്കെട്ടിറങ്ങി അധ്വാനിച്ചു. ബാങ്ക് കാര്യങ്ങളിൽ സഹായത്തിനു ശമാലി ഉള്ളതിനാൽ ഇറക്കുമതി ബിസിനസ്സ് വളരേ വേഗത്തിൽ ആരംഭിക്കാനും മെച്ചപ്പെട്ട നിലയിലേക്ക് വളർത്തിയെടുക്കാനുമായി. സിന്ധികളും ജപ്പാൻകാരുമായിട്ടായിരുന്നു പ്രധാന വ്യാപാരബന്ധം. അതു കൊണ്ട് വളർച്ച വളരെ പെട്ടെന്നായിരുന്നു എന്നു പറയാം. ഇപ്പോഴുള്ള അനേകം ഏർപ്പാടുകളുടെ അടിത്തറയായി ഭവിച്ചത് ആ സ്ഥാപനമാണ്. പിന്നീട് പല സ്ഥാപനങ്ങളും സംരംഭങ്ങളുമായപ്പോൾ അതിന്റെ ഉത്തരവാദിത്തം സഹോദരങ്ങളെ ഏൽപ്പിച്ചു. ആ സ്ഥാപനത്തിന്റെ വളർച്ച ജി.സി.സിയിലെ മറ്റു രാജ്യങ്ങളിലുള്ള ഒട്ടേറെ ടെക്സറ്റയിൽ സ്ഥാപനങ്ങൾക്കും ഹേതുവായി.
കുവൈത്തിൽ, ബഹറിനിൽ, ഖത്തറിൽ, ഒമാനിൽ, സൗദിയിലൊക്കെ ഒട്ടേറെ ഷോപ്പുകളുണ്ടായി. ബർദുബായിലെ ആ നല്ല തുടക്കം തന്ന സ്ഥാപനത്തിന്റെ പേരാണ് സെന്റുറി ട്രേഡിംഗ് കമ്പനി എൽ.എൽ.സി. മുഹമ്മദ് അൽ ശമാലിയുമായുള്ള കൂറുകച്ചവടത്തിനും ഉണ്ടായിരുന്നു ഒരു സവിശേഷത. ആ സ്ഥാപനത്തിന്റെ നടത്തിപ്പിൽ ആ പാർട്ട്ണർക്ക് ചുമതല ഒന്നുമുണ്ടായിരുന്നില്ല. പാർട്ട്ണർമാർക്കിടയിൽ പതിവുള്ള നടത്തിപ്പിനുള്ള വേതനം ഞാനൊരിക്കലും പറ്റിയിരുന്നില്ല.
ദുബായിലെ ടെക്സ്റ്റയിൽ ബിസിനസിൽ സിന്ധികൾക്കാണു മേൽക്കൈ. 85 ശതമാനവും അവരാണു വ്യാപാരികൾ. കച്ചവടത്തിന്റെ എല്ലാ രീതിയും മനസ്സിലാക്കി ജീവിതം അതിനു സമർപ്പിച്ചവരാണവർ. ജപ്പാൻകാരാണ് മറ്റൊരു കൂട്ടർ. അവർക്കിടയിൽ സെന്റുറിക്ക് അതിന്റേതായ ഒരു നിലനിൽപ്പുണ്ടാക്കിയെടുക്കാൻ പറ്റിയത് അത്യദ്ധ്വാനവും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും കൊണ്ടാണ്. ടെക്സ്റ്റയിൽ വ്യാപാരികൾക്ക് ദുബായിൽ ഒരു അംഗീകൃത സംഘടനയുണ്ട്. ടെക്സ്മാസ് അഥവാ ടെക്സ്റ്റയിൽ മർച്ചന്റ്സ് അസോസിയേഷൻ. 1991ൽ അതിന്റെ വൈസ് ചെയർമാനായും, 1996 മുതൽ 2001 വരേയുള്ള കാലയളവിൽ സംഘടനയുടെ ചെയർമാനായും വ്യാപാരികൾ എന്നെ തെരഞ്ഞെടുത്തു. ദുബായിലെ പ്രമുഖരായ തുണിവ്യാപാരികളുടെ ഇടയിൽ ഒരു ദക്ഷിണേന്ത്യക്കാരനു കിട്ടിയ കൂടിയ ബഹുമതിയായിരുന്നു ആ അംഗീകാരം.'
രണ്ടായിരാമാണ്ടിനു ശേഷം പുതിയ നൂറ്റാണ്ടിലെ പി.എ ഇബ്രാഹിം ഹാജിയുടെ ജീവിതം സമീപകാല ചരിത്രമാണ്. മലബാർ ഗോൾഡും അനേകം വിദ്യാലയങ്ങളും വ്യവസായ വാണിജ്യങ്ങളും ഒരു വശത്തും അളവറ്റ സാമൂഹിക ദൗത്യപൂരണങ്ങൾ മറുവശത്തുമായി അദ്ദേഹം സംഭവബഹുലമായി ജീവിച്ചു. ആരെങ്കിലും രേഖപ്പെടുത്തി വെക്കേണ്ട ഒരു കാസർക്കോടൻ ഇതിഹാസമായിരുന്നു അത്. ഞാനതിൽ നിന്നൊരു ചുരുക്കം കേൾക്കുകയും വേറൊന്നും ചെയ്യാനില്ലാത്തപ്പോൾ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. വലിയ ജീവിതങ്ങളോട് ചെറിയ ജീവിതത്തിനു തോന്നുന്ന ആദരവിലും അതിശയത്തിലും..!