സഖാവ് പി. എ(പി.എ. മുഹമ്മദ്) പോയി. പി. എയെക്കുറിച്ച് ഞാനെന്താണ് എഴുതുക. എന്തെഴുതിയാലും അയാൾക്കത് ഇഷ്ടമാകില്ല, വ്യക്തിപരമായ സംസാരങ്ങൾ പണ്ടേ ഇഷ്ടമല്ലല്ലൊ, ചിലപ്പോൾ ചീത്തയും പറയും എന്നിട്ട് ആ മുയൽച്ചിരി ചിരിക്കും. എങ്കിലും എഴുതാതിരിക്കുന്നതെങ്ങനെ?
sfi കാലത്ത് ഒരിക്കൽ പോലും തോളിൽ തട്ടി ലോഹ്യം പറഞ്ഞിട്ടില്ല, ചിരിക്കാറുമില്ല. എന്തോ അഗാധമായ ആലോചനകളിൽ മുഴുകി നടക്കും. എന്നിട്ടും ഞങ്ങളുടെ ഹൃദയങ്ങളിൽ പി.എ. എന്ന രണ്ടക്ഷരത്തിന്റെ സ്ഥാനം അത്ര ഉയാരത്തിലാകാൻ എന്താകും കാരണം. ബൂർഷ്വാ രാഷ്ട്രീയവും കമ്മ്യുണിസ്റ്റ് രാഷ്ട്രീയവും തമ്മിലെ വ്യത്യാസം കാണിച്ചു തന്നതിൽ അയാൾക്കുള്ള പങ്കാവാം കാരണം. നമ്മുടെ സങ്കല്പങ്ങളിലെ ബിംബ മാതൃകയ്ക്ക് പുറത്തായിരുന്നു പി. എ. ഒരു കാട്ടിക്കൂട്ടലും അയാൾക്കില്ലായിരുന്നു , പാർട്ടിയേക്കാൾ വലുതായിരുന്നില്ല അയാൾക്ക് മറ്റൊന്നും. അവസാന നിമിഷം വരെ അയാൾ ആലോചിച്ചത് ഈ പാർട്ടിയെ കുറിച്ചാകും എനിക്കുറപ്പാണ്. ചെവിക്ക് കേൾവി കുറവുണ്ടായതിനാൽ പി.എക്ക് ആളുകൾ പറയുന്നത് കേൾക്കാൻ എളുപ്പമായിരുന്നില്ല . അതാകട്ടെ പലപ്പോഴും തെറ്റിധാരണകൾക്ക് ഇട നൽകുകയും ചെയ്തു. പക്ഷെ അപ്പൊഴും അയാൾ നിരന്തരമായി പഠിച്ചു കൊണ്ടെയിരുന്നു... അവനവന്റെ ജീവിതത്തെ കുറിച്ച് ഒരു ശ്രദ്ധയുമില്ലാതെ...
നീണ്ട 25 വർഷമാണ് പി.എ. പാർട്ടിയുടെ വയനാട് ജില്ലാ സെക്രട്ടറിയായി ഇരുന്നത്. പാർട്ടിയെ കൈ പിടിച്ച് വളർത്തി യൗവനയുക്തമാക്കി വരും തലമുറയെ അയാൾ ഏല്പിച്ചു. വയനാട്ടിലെ പാർട്ടിയുടെ സമരപോരാട്ടങ്ങളുടെ സുവർണ കാലമായിരുന്നു അത്. ആദിവാസി ഭൂസമരങ്ങൾ, കർഷക സമരങ്ങൾ, ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയം... ഒരിക്കൽ പോലും മേൽ കീഴ് ബന്ധങ്ങളുടെ ഹൈറാർക്കി അയാൾ കാണിച്ചില്ല... ഒരു മയവുമില്ലാതെ വിമർശിക്കും ചീത്ത പറയും പക്ഷെ അപ്പോഴും അങ്ങേയറ്റം ബഹുമാനം പുലർത്തും...
കുറച്ചു ദിവസം മുൻപേ എന്നേ ഫോണിൽ വിളിച്ചു കാണാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു. ചെന്നപ്പോൾ വിശ്വാസികളും കമ്മ്യുണിസ്റ്റുകാരും എന്ന വിഷയം ആണ്. സഖാവ് പി. രാജീവിനും മറ്റും ഈ വിഷയത്തിൽ എഴുതിയ കത്തുകളും രാജീവ് എഴുതിയ ദീർഘമായ മറുപടിയും കാണിച്ചു. വിശ്വാസി വിഭാഗത്തെ പാർട്ടിയിലേക്ക് ആകർഷിക്കാൻ "കമ്മ്യുണിസ്റ്റുകാർ മത വിരുദ്ധരാണ് ' എന്ന പ്രചാരണം ഇപ്പോഴും തടസമായി നിൽക്കുന്നത് സൂചിപ്പിച്ചു. പിന്നെ ലെനിന്റെ പ്രസ്തുത വിഷയത്തിലെ എഴുത്ത് വീണ്ടും സഖാക്കൾ വായിക്കേണ്ട പ്രാധാന്യം പറഞ്ഞു...
ഒരിക്കൽ sfi കാലത്ത്, രാവിലെ ഡിസി ആപ്പീസിലെ പത്രങ്ങൾ നിരത്തിയിട്ട മേശക്കു മുന്നിൽ ഞാൻ പത്രവായനയിലാണ്. ഒരു വൃദ്ധയായ സ്ത്രീ ഒരു കുഞ്ഞു പയ്യനെയും കൂട്ടി പി.എയെ കാണാൻ വരുന്നു. പോളിയിൽ അവന് അഡ്മിഷൻ കിട്ടാൻ പി.എയെ കാണാൻ വന്നതാണ്. പി.എ. വന്നപാടെ അവര് കാര്യം പറഞ്ഞു
"സി പി എം ജില്ലാ സെക്രട്ടറി വിചാരിച്ചാലൊന്നും പോളീല് അഡ്മിഷൻ കിട്ടൂല അത് സർക്കാർ സ്ഥാപനമാണ്'
എടുത്തടിച്ചപോലെ പോലെയുള്ള മറുപടി കേട്ട് ഞാൻ വല്ലാതായി, "നോക്കാം , ശ്രമിക്കാം " എന്നൊക്കെ പറഞ്ഞൂടായിരുന്നോ എന്നാണു അന്ന്തോന്നിയത് . പക്ഷെ അതായിരുന്നു പി.എ. കാട്ടിക്കൂട്ടലുകളൊന്നും അയാൾക്ക് വശമില്ലായിരുന്നു. ചെയ്യാൻ കഴിയാത്ത കാര്യം നോക്കാമെന്നു പറഞ്ഞു അനാവശ്യമായ പ്രതീക്ഷ നൽകാൻ അയാൾ ഒരുക്കമല്ലായിരുന്നു.
വിഭാഗീയത കത്തി നിൽക്കുന്ന കാലം. ഒരു ദിവസം ഡി സി ആപ്പീസിന്റെ പരിസരത്തൊക്കെ പി.എ. ക്കെതിരായ പോസ്റ്ററുകൾ. സംസ്ഥാനമാകെ വാർത്തയാണ്. ചാനലുകൾ കാണിക്കുന്നുണ്ട്. ഞങ്ങൾ പരിഭ്രാന്തരായി നിൽക്കുകയാണ്. പതിവ് പോലെ പി.എ. രാവിലെ തന്നെ വന്നു. ഞങ്ങൾ പോസ്റ്റർ വിഷയം സൂചിപ്പിച്ചു. പി എ ചിരിച്ചു കൊണ്ട് പറഞ്ഞു " അവനവന്റെ നിലപാടുകൾക്ക് ഉറപ്പില്ലാത്തവർക്കാണ് ഇരുട്ടിന്റെ മറവ് വേണ്ടത് '
2011 ലാണ് പി.എ. കല്പറ്റ മണ്ഡലത്തിൽ മത്സരിക്കുന്നത്. അന്ന് പി.എക്കൊപ്പം സഹായിയായി ഞാൻ കൂടെ പോയിരുന്നു. പി.എ. ചിരിക്കുന്നില്ല, ജനകീയനല്ല എന്നൊക്കെ പരാതികൾ ഉയരുന്ന സമയമാണ്. ഞാൻ അത് സഖാവിനോട് സൂചിപ്പിച്ചു, പി.എ. ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു "ഒരു പരിചയവും ഇല്ലാത്ത മനുഷ്യരോട് എത്രയാണെന്ന് വെച്ചാ ചിരിക്ക , തെരഞ്ഞെടുപ്പാണെങ്കിലും വേഷം കെട്ടുന്നതിനൊക്കെ ഒരു പരിധിയില്ലേ'. തെരഞ്ഞെടുപ്പിൽ പി.എ. തോറ്റു.
പി.എ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കാലം. പരിഷത്തിന്റെ ഒരു സെമിനാർ നടക്കുകയാണ്. ഒരു പത്തോ ഇരുപത്തഞ്ചോ ആൾ മാത്രം. ആദിവാസി പ്രശ്‌നം ആണ് വിഷയം. ഞാൻ സംസാരിക്കുന്നതിനിടയിൽ പി.എ. കയറി വന്നു. മുഴുവൻ കേട്ടു. ദിവസങ്ങൾക്ക് ശേഷം എനിക്കൊരു കത്ത് തന്നു. മൂന്നുനാലു പേജുള്ള ഒരു കുറിപ്പ്. എന്റെ അവതരണത്തോടുള്ള യോജിപ്പും വിയൊജിപ്പും വിശദമായി. അപ്രധാനം എന്ന് കരുതുന്ന ചെറിയ സംസാരങ്ങൾ പോലും എത്ര ഗൗരവമായാണു സഖാവ് എടുക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു.
പി.എയുടെ ആകെ സമ്പാദ്യം ദേശാഭിമാനി ബുക്‌സ്റ്റാൾ ആയിരുന്നു. ഏത് പുതിയ പുസ്തകം വന്നാലും ആദ്യം അയാൾ വായിക്കും. പാർട്ടി പണിക്കിടക്ക് വായിക്കാൻ സമയം കിട്ടില്ലാന്നൊന്നും പി.എയോട് ന്യായം പറയാൻ കഴിയില്ല. വായിക്കുക മാത്രമല്ല വായിച്ചതിനെ പറ്റി ദീർഘമായി സംസാരിക്കുകയും ചെയ്യും.
സംഘടനാപരമായി പ്രയാസങ്ങൾ നേരിട്ട് നിൽക്കുന്ന സമയത്താണ് പി.എ. ആദ്യമായി എന്റെ തോളിൽ കൈയ്യിട്ടത്. നിങ്ങൾ ബി.ടി.ആറിനെ വായിക്കണം എന്ന് മാത്രം പറഞ്ഞു... ആ വാക്കുകളുടെ ആഴം മനസിലാക്കാൻ ഞാൻ എത്ര വർഷം എടുത്തു സഖാവേ...
പി.എയുടെ ആത്മകഥ പുറത്തിറങ്ങും മുന്നേ അദ്ദേഹം പോയി.. പ്രകാശനത്തിന് ടി.കെ. ഹംസയെ വിളിച്ചാലോ എന്നൊരു സ്വകാര്യ ആഗ്രഹം പറഞ്ഞിരുന്നു...
എഴുതാൻ പറ്റുന്നില്ലല്ലോ സഖാവെ. പ്രായത്തിന്റെയും സ്ഥാനത്തിന്റെയും മേൽകീഴ് ബന്ധമില്ലാതെ എന്റെ തോളിൽ കൈയ്യിട്ട് വലതുചെവി ചേർത്ത് പറഞ്ഞ സംസാരങ്ങളിൽ അവസാനമായി ഇത്ര കൂടി ഞാൻ ചേർക്കട്ടെ
" എന്തൊരു സാർത്ഥകമായ ജീവിതമായിരുന്നു സഖാവേ... ലാൽസലാം'