എന്തോ വലിയൊരു ആപത്ത് വന്നതുപോലെ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നവരുടെ അടുത്തെത്തിയപ്പോൾ അവർ പറയുന്നത് കേട്ടു, ‘നമ്മുടെ കൂട്ടത്തിലൊരാളെ അവർ വെട്ടിയെത്രെ'.
കടയിൽ സാധനം വാങ്ങാനോ മറ്റോ ജൈനിമേട് ജംഗ്ഷനിലേക്ക് കയറിയതാണ് ഞാനെന്നാണ് ഓർമ. കുറച്ചുനേരത്തെ സംസാരം കഴിഞ്ഞപ്പോൾ അവർ റോഡ് ബ്ലോക്ക് ചെയ്യാൻ തുടങ്ങി. കടകളൊക്കെ അടച്ചു. അപ്പോഴാണ് ജൈനിമേട്ടിലെ (കല്പാത്തി)പുഴയുടെ തീരത്തുളള അമ്പലത്തിലെ പൂജാരി അതുവഴി വരുന്നത്. പുഴയിൽ കുളിക്കാൻ പോകുമ്പോൾ തീരത്തുളള അമ്പലത്തിലോ തൊട്ടടുത്ത വനവാസി കല്യാൺ ആശ്രമത്തിന്റെ ഓഫീസിലോ അദ്ദേഹത്തെ നിത്യം കാണാറുണ്ട്. സ്വാമി എന്ന് എല്ലാവരും വിളിക്കുന്ന അദ്ദേഹത്തെ അവർ തടഞ്ഞു നിർത്തി. എന്തൊക്കയോ ഒച്ചവെക്കുന്നത് കുറച്ചകലെ നിന്നു കേട്ടു. പെട്ടെന്ന് ഒരാൾ അദ്ദേഹത്തെ തല്ലി. പിന്നെ കണ്ടത് എല്ലാവരും അദ്ദേഹത്തിന്റെ മേലെ കൈ വെയക്കുന്നതാണ്. അക്കൂട്ടത്തിൽ പെടാത്ത ചിലർ വന്ന് അവരെ തടയുകയും സ്വാമിയെ പറഞ്ഞു വിടുകയും ചെയ്തു. തങ്ങളുടെ കൂട്ടത്തിൽ പെട്ടവരെ തല്ലിയതിന് പ്രതികാരം ചെയ്തതിന്റെ സംതൃപ്തിയുമായി ആ കൂട്ടം റോഡിൽ തന്നെ നിന്നു.
‘പാക്കിസ്ഥാനികളെവിടെ?’, ‘പാക്കിസ്ഥാനിലേക്ക് പോടാ' എന്നൊക്കെ ആക്രോശിച്ചാണ് ചില വീടുകളിൽ പൊലീസ് കയറിയത്. റോഡിൽ നടന്ന കാര്യങ്ങളൊന്നും അറിയാത്ത പാവങ്ങളും സാധാരണക്കാരുമായ മനുഷ്യരാണ് അന്ന് പൊലീസിന്റെ ക്രൂരതക്കിരയായത്.
കുറച്ചുകഴിഞ്ഞപ്പോൾ പൊലീസ് ജീപ്പു വരുന്നതു കണ്ടു. റോഡ് ബ്ലോക്ക് ചെയ്തിട്ടിരിക്കുന്നതിനാൽ പൊലീസിന് കൂട്ടം കൂടി നിൽക്കുന്നവരുടെ (15 പേരുണ്ടാകുമെന്നാണ് ഓർമ) അടുത്ത് വരാൻ കഴിഞ്ഞില്ല. ബ്ലോക്ക് മാറ്റാൻ നോക്കുന്ന പൊലീസിനെ അവർ വെല്ലുവിളിക്കുന്നു, ആക്രോശിക്കുന്നു. പിന്നെ കണ്ടത് ബസിൽ മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്നുളള പൊലീസ് എത്തുന്നതാണ്. അവരെയും അവർ വെല്ലു വിളിച്ചു. പെട്ടെന്ന് പൊലീസ്- ബസ് സ്പീഡ് കൂട്ടി മുന്നിലെത്തി. ഒരു കൗമാരക്കാരന്റെ കൗതുകത്തോടെ എല്ലാം കണ്ടു നിന്ന ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഞാനും അതുകണ്ട് പേടിച്ചോടി. വർക്കുഷോപ്പിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ താഴേ ഒളിച്ചിരുന്നു. തൊട്ടടുത്ത് പൊലീസിന്റെ കാലുകൾ കാണാം. പടക്കം പൊട്ടുന്നതു പോലെ ശബ്ദം കേട്ടു. പൊലീസ് ആകാശത്തേക്ക് വെടിവച്ചതാണെന്ന് പിന്നീടാണ് മനസ്സിലായത്. അതിന്റെ ആവശ്യമെന്തായിരുന്നുവെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ജൈനിമേട്ടിലെ കുന്നിറങ്ങി റെയിൽവേ പാളത്തിന്റെ ഭാഗത്തേക്ക് വെറും കൈയോടെ ഇറങ്ങിയോടുന്ന ആ കൂട്ടം ആയുധമേന്തിയ പൊലീസിനെ വെല്ലു വിളിക്കുന്നത് പിന്നീടും കേട്ടു. പൊലീസ് അവരുടെ അടുത്തേക്ക് പോയി. താഴോട്ട് ഇറങ്ങി ശങ്കുവാരത്തോട് മുറിച്ചു കടന്ന് ആ കൂട്ടം രക്ഷപ്പെട്ടു. പക്ഷെ, തോടിന്റെ തീരത്തുളള എല്ലാ വീടുകളിലും പൊലീസ് കയറി കണ്ടവരെയെല്ലാം തല്ലി, കിട്ടിയതെല്ലാം തല്ലിപ്പൊളിച്ചു. ‘പാക്കിസ്ഥാനികളെവിടെ?’, ‘പാക്കിസ്ഥാനിലേക്ക് പോടാ' എന്നൊക്കെ ആക്രോശിച്ചാണ് ചില വീടുകളിൽ പൊലീസ് കയറിയത്. റോഡിൽ നടന്ന കാര്യങ്ങളൊന്നും അറിയാത്ത പാവങ്ങളും സാധാരണക്കാരുമായ മനുഷ്യരാണ് അന്ന് പൊലീസിന്റെ ക്രൂരതക്കിരയായത്. വീട്ടിലിരുന്ന് തുണി തുന്നുകയായിരുന്ന ചെറുപ്പക്കാരനായ ഒരു ടൈലറിന് പൊലീസ് മർദ്ദനത്തിൽ സാരമായ പരിക്കേറ്റു. ചികിത്സക്കുശേഷം ശാരീരികമായ പരിക്ക് ഭേദമായി ചെറുപ്പക്കാരൻ വീട്ടിൽ തിരിച്ചെത്തിയെങ്കിലും മനസ്സിനേറ്റ പരിക്ക് ഭേദമായില്ല. അവസാനം ആത്മഹത്യയിലാണ് ആ ചെറുപ്പക്കാരൻ അഭയം കണ്ടെത്തിയത്.
1991-ൽ മുരളീ മനോഹർ ജോഷിയുടെ രഥയാത്രയെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കലാപമായി പടർന്നതിൽ കിംവദന്തികൾക്കും നല്ല പങ്കുണ്ടായിരുന്നു. ഇത് ജൈനിമേട്ടിലെ മാത്രം അവസ്ഥ ആയിരുന്നില്ല. പട്ടാണിത്തെരുവ് പളളിക്ക് തീയിട്ടു എന്ന് പുതുപ്പളളിത്തെരുവിൽ പ്രചാരണമുണ്ടായി. മേപ്പറമ്പിലും ഇതു തന്നെയായിരുന്നു അവസ്ഥ. പണി കഴിഞ്ഞ് മേലാമുറിയിലൂടെ വരുന്ന മുസ്ലിംകളെ ആക്രമിക്കുന്നുവെന്ന വാർത്ത പെട്ടെന്ന് പടർന്നു.അതിന് പ്രതികാരമെന്ന നിലയിൽ ആക്രമിക്കപ്പെട്ടതും നിരപരാധികളായിരുന്നു.
ഓം എന്നെഴുതിയ ഒരു ഓട്ടോയിൽ മേലാമുറി ഭാഗത്തു നിന്നു വന്നയാളെ മേപ്പറമ്പിൽ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചവശനാക്കി, ഓട്ടോ കത്തിച്ചു. മേലാമുറിയിലൂടെ പണി കഴിഞ്ഞു വരികയായിരുന്ന മുസ്ലിംകളായ തൊഴിലാളികൾക്കൊക്കെ മർദ്ദനമേറ്റു.
രഥയാത്രയുമായി ബന്ധപ്പെട്ട് മേപ്പറമ്പിൽ സംഘർഷ സാഹചര്യമുണ്ടായതിന്റെ തുടർദിവസങ്ങളിലാണ് ഈ സംഭവങ്ങളെല്ലാം. മേപ്പറമ്പ് പളളിക്ക് മുന്നിലൂടെ പ്രകടനം നടത്തുമെന്ന വാശിയുമായി സംഘ്പരിവാറും തടയുമെന്ന വാശിയുമായി മേപ്പറമ്പുകാരും മേലാമുറിയിലും മേപ്പറമ്പിലുമായി തടിച്ചു കൂടിയത് പൊലീസ് ഇടപെട്ട് അന്ന് പിരിച്ചുവിട്ടെങ്കിലും കിംവദന്തികളിലൂടെ കലാപം പടരുകയായിരുന്നു.
ജൈനിമേട്ടിലെ ഇ.എസ്.ഐ ആശുപത്രിക്ക് പുറകിലുളള പ്രദേശത്ത് (കാസിം കോളനി) കറുകോടിയിൽ നിന്ന് ആയുധങ്ങളുമായി എത്തിയവർ മുസ്ലിംകൾക്കു നേരം ആക്രമണം നടത്തി. വീടിന് പുറത്തു നിൽക്കുകയായിരുന്ന മൂന്നു പേർക്ക് വെട്ടേറ്റു. മുസ്ലിംകൾക്കുനേരെ ആക്രമണം നടത്തുകയായിരുന്ന സംഘത്തിലെ ഒരാളുടെ പേരു വിളിച്ച് എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന ചോദിച്ച് തടയാനെത്തിയ കാസിം കോളനി നിവാസിയായ ഹിന്ദു യുവാവിനും വെട്ടേറ്റു. ഇതോടെ ആ പ്രദേശം വല്ലാത്ത ഭീതിയിലായി. ജൈനിമേട്ടിലെ സുരേഷ് ഹോട്ടൽ തല്ലി തകർത്തു. അതിലും വലിയ ദുരന്തവാർത്തയിലേക്കാണ് പിറ്റേന്ന് നേരം പുലർന്നത്. മേലാമുറി, വലിയ അങ്ങാടി, വടക്കന്തറ, ചുണ്ണാമ്പുത്തറ, ജൈനിമേട് തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിം വ്യാപര സ്ഥാപനങ്ങളൊക്കെ അഗ്‌നിക്കിരയാക്കപ്പെട്ടിരിക്കുന്നു. പല സ്ഥാപനങ്ങളും കൊളളയടിക്കപ്പെട്ട ശേഷമാണ് തീ വെക്കപ്പട്ടത്. പ്രതികാരമെന്ന നിലയിൽ പട്ടാണിത്തരുവിൽ ഹിന്ദുക്കൾ നടത്തുന്ന കടകളും ആക്രമിക്കപ്പെട്ടു.
നിരോധനാജ്ഞ തീർന്നശേഷം സൈക്കിളിൽ വടക്കന്തറ, വലിയ അങ്ങാടി വഴി ബി.ഇ.എം സ്‌കൂളിലേക്ക് പോകുമ്പോൾ കണ്ട ദൃശ്യങ്ങൾ ഇപ്പോഴും ഓർമയിലുണ്ട്. കത്തിയമർന്ന വലിയ കടകൾ, മറിച്ചിടപ്പെട്ട പെട്ടിക്കടകൾ, റോഡിലേക്ക് വാരിവലിച്ചെറിയപ്പെട്ട സാധനസാമഗ്രികൾ, പുക മണം വിട്ടൊഴിയാത്ത കടകൾക്കു മുന്നിൽ സങ്കടത്തോടെ നിൽക്കുന്ന ഉടമകൾ. ഒരൊറ്റ രാത്രി കൊണ്ടാണ് ഇത്രയും പ്രദേശങ്ങളിലെ സ്ഥാപനങ്ങളെല്ലാം അഗ്‌നിക്കിരയായത്. രാമനവമി സംഘർഷത്തിന്റെ വൈറലായ ഫോട്ടോ- രാജസ്ഥാനിലെ ഒരേ കെട്ടിടത്തിലെ അഗ്‌നിക്കിരയായ മുസ്ലിമിന്റെ ഷോപ്പിന്റെയും ഒന്നും പറ്റാത്ത ഹിന്ദുവിന്റെ ഷോപ്പിന്റെയും ഒരുമിച്ചുളള ഫോട്ടോ- കണ്ടപ്പോൾ ഓർമ വന്നത് പാലക്കാട് അന്ന് കണ്ട ദൃശ്യങ്ങളാണ്. മതം നോക്കി തരം തിരിച്ച് കത്തിക്കപ്പെട്ട കടകൾ!.
മുമ്പ് സൂചിപ്പിച്ചതു പോലെ ലാത്തിച്ചാർച്ചോ കണ്ണീർവാതക പ്രയോഗമോ ഒന്നുമില്ലാതെയാണ് ജൈനിമേട്ടിൽ പൊലീസ് ആകാശത്തേക്ക് വെടിവച്ചത്. ആളുകൾക്ക് നേരെ പൊലീസ് വെടിവെച്ച മേപ്പറമ്പിലും പുതുപ്പളളിത്തെരുവിലും ഇതു തന്നെയായിയരുന്നു അവസ്ഥ. കാര്യമായ ലാത്തിച്ചാർജ് പോലുമില്ലാതെ നിയന്ത്രിക്കാമായിരുന്ന സാഹചര്യത്തെ വെടിവെപ്പിലൂടെ പൊലീസ് സങ്കീർണമാക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ പലരും അന്ന് പറഞ്ഞത്. പുതുപ്പളളിത്തെരുവിൽ സിറാജുന്നീസ എന്ന 11 വയസ്സുകാരി വെടിയേറ്റ് മരിച്ചതും മേപ്പറമ്പിൽ രണ്ട് പേർക്ക് വെടിയേറ്റതുമൊക്കെ ഒഴിവാക്കാമായിരുന്നു. പൊലീസിന്റെ നടപടി ഏകപക്ഷീയവും ന്യായീകരിക്കാനാവാത്തതുമാണെന്ന് മുണ്ടൂർ രാവുണ്ണി, വിളയോടി ശിവൻ കുട്ടി, അഡ്വ. വിജയസാരഥി തുടങ്ങിയവരുടെ നേതൃത്വത്തിലുളള സ്വതന്ത്രാന്വേഷണ കമീഷൻ അഭിപ്രായപ്പെട്ടിരുന്നു.
ഊഹാപോഹങ്ങൾ കേട്ട് ഓടിക്കൂടിയവരെ പൊലീസ് വിരട്ടിയോടിച്ചുവെന്നും വിരണ്ടോടിയവരെ പിന്നിൽ നിന്ന് വെടിവെച്ചുവെന്നുമാണ് സംഭവസ്ഥലങ്ങൾ സന്ദർശിച്ചും ദൃകസാക്ഷികളെ ഉദ്ധരിച്ചും തയ്യാറാക്കിയ റിപ്പോർട്ടിൽ അവർ അഭിപ്രായപ്പെട്ടത്. പുതുപ്പളളിത്തെരുവിനടുത്ത് പട്ടന്മാർ താമസിക്കുന്ന നൂറണി ഗ്രാമത്തിലെ നിവാസികളെ വരെ ഉദ്ധരിച്ചാണ് പൊലിസ് നടപടി തെറ്റായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ‘മുസ്ലിംകളുടെ മൃതശരീരം വേണം' എന്ന അന്നത്തെ പൊലീസ് മേധാവിയുടെ ആജ്ഞയാണ് അതിലേക്ക് നയിച്ചതെന്ന് പിന്നീട് ആരോപണമുണ്ടായി. കലകട്റേറ്റിലെ യോഗത്തിൽ മന്ത്രിയുൾപ്പെടെയുളളവർ പങ്കെടുക്കുമ്പോൾ വയർലെസിലൂടെ പൊലീസ് മേധാവിയുടെ ഈ സന്ദേശം പുറത്തു കേട്ടുവെന്ന വാർത്ത അക്കാലത്ത് ഏറെ ചർച്ചയായിരുന്നു.
1991 -ലെ ഈ സംഭവങ്ങൾ ഇരു മതവിഭാഗങ്ങൾക്കിടയിലും ഭീതിയും മുൻവിധികളും പടർത്തി. വീടും സ്ഥലവുമൊക്കെ വാങ്ങുമ്പോൾ അവരവരുടെ മതവിഭാഗങ്ങൾ ഉളള സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവണത വ്യാപകമായി. മുസ്ലിംകൾക്കു വെട്ടേറ്റ ജൈനിമേട്ടിലെ കാസിം കോളനിയിൽ സ്ഥലമോ വീടോ വാങ്ങുന്നതിന് കലാപത്തിനു ശേഷമുളള ആദ്യ വർഷങ്ങളിൽ മുസ്ലിംകൾ മടിച്ചിരുന്നു. അടുത്ത പ്രദേശമായ കറുകോടിയിൽ നിന്നു വന്നവർ നടത്തിയ ആക്രമണത്തെ ഭയന്നായിരുന്നു അത്.
ദലിത് വിഭാഗത്തെ സംഘപരിവാർ തന്ത്രപരമായി കൈയിലെടുത്തു. അബ്ദുനാസർ മഅ്ദനിയുടെ പ്രസംഗ കേസറ്റുകളിൽ ആകൃഷ്ടരായ മുസ്ലിംകളായ ചെറുപ്പക്കാർ ഇപ്പുറത്തും സംഘടിച്ചതോടെയാണ് ഇരുവിഭാഗങ്ങൾക്കുമിടയിൽ മുമ്പുണ്ടായിരുന്ന സൗഹാർദ്ദം തകരുന്നത്.
കൂലിപ്പണിക്കാരും പിന്നാക്കക്കാരുമായ ആളുകൾ താമസിക്കുന്ന ശങ്കുവാരത്തോടു പോലുളള പ്രദേശങ്ങളാണ് ഇന്ന് പാലക്കാട് നഗരസഭയിൽ തന്നെ ഏറ്റവും സംഘർഷ സാദ്ധ്യതയുളള പ്രദേശങ്ങളായി കണക്കാക്കുന്നത്. ഒരു കാലത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി തുടർച്ചയായി വിജയിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. പ്രാദേശികമായ ചില പ്രശ്നങ്ങളിൽ അന്നത്തെ കൗൺസിലർ തങ്ങളെ പിന്തുണച്ചില്ലെന്ന പരാതിയുമായി നിന്ന ദലിത് വിഭാഗത്തെ സംഘപരിവാർ തന്ത്രപരമായി കൈയിലെടുത്തു. അബ്ദുനാസർ മഅ്ദനിയുടെ പ്രസംഗ കേസറ്റുകളിൽ ആകൃഷ്ടരായ മുസ്ലിംകളായ ചെറുപ്പക്കാർ ഇപ്പുറത്തും സംഘടിച്ചതോടെയാണ് ഇരുവിഭാഗങ്ങൾക്കുമിടയിൽ മുമ്പുണ്ടായിരുന്ന സൗഹാർദ്ദം തകരുന്നത്. ആർ.എസ്.എസിനും എസ്.ഡി.പിഐക്കും സ്വാധീനമുളള പ്രദേശമായി ശങ്കുവാരത്തോട് പ്രദേശം പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു.
അന്നുണ്ടായ കലാപം ഇരു വിഭാഗങ്ങളിലെയും സാധാരണക്കാരായാണ് ഏറ്റവുമധികം ബാധിച്ചത്. ഇരു വിഭാഗത്തിന്റെ ഉപജീവനമായ കച്ചവടത്തെയും സാരമായി ബാധിച്ചു. ഇരു സമുദായങ്ങളും ഇപ്പോഴും പരസ്പരം ആശ്രയിച്ചാണ് കച്ചവടം മുന്നോട്ട് കൊണ്ടു പോകുന്നത്. മേലാമുറിയിൽ പച്ചക്കറിയും പലചരക്കും മൊത്തക്കച്ചവടം നടത്തുന്ന മൂത്താൻ വിഭാഗത്തിന്റെ ഉപഭോക്താക്കളിൽ നല്ലൊരു പങ്കും മുസ്ലിംകളാണ്. മേലാമുറിയിലും വലിയങ്ങാടിയിലുമൊക്കെ ഇനിയും സംഘർഷമുണ്ടായാൽ ഇരുവിഭാഗത്തെയും ബാധിക്കുമെന്ന് ചുരുങ്ങിയത് കച്ചവടക്കാർക്കെങ്കിലും ബോധ്യമുണ്ട്. വർഗീയ സംഘടനകളുടെ കെണിയിൽ കുടുങ്ങാതിരിക്കാൻ ആ ബോധ്യം കൊണ്ട് ഇരുകൂട്ടർക്കും കഴിയേണ്ടതുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.