മലപ്പുറത്തെ ഒരു സുഹൃത്ത്, ഹനീഫ മാഷ്, വർഷങ്ങൾക്ക് മുമ്പ് ഏട്ടനു സമ്മാനമായി കൈമാറിയ ഗ്രാമഫോണിൽ വെച്ചു കേൾക്കാൻ പഴയൊരു പാട്ടുണ്ടായിരുന്നു. പി.എം എസ്.എ. പൂക്കോയ തങ്ങൾ വിട പറഞ്ഞപ്പോൾ ഒരു ഗായകൻ ഹൃദയമുരുകി പാടിയ ഒരു മാപ്പിള വിലാപ ഗാനത്തിന്റെ ഡിസ്ക്. വരികൾ ഓർമയില്ലെങ്കിലും, ഒരു സമുദായത്തിന്റെ ഹൃദയത്തിലെ ചൂട് അനുഭവപ്പെടുത്തുന്നതായിരുന്നു ആ പാട്ട്. പി. എം.എസ്.എ പൂക്കോയ തങ്ങൾ വിട പറഞ്ഞപ്പോൾ സമുദായം അനാഥമായി എന്ന് തേങ്ങലോടെ ആ പാട്ടു കൊണ്ട് ഗായകൻ ഓർമിപ്പിച്ചു.
അത് ശരിയുമായിരുന്നു. മലയാളി മുസ്ലിംകൾ പാണക്കാട് തങ്ങന്മാരിൽ ഒരു "നായകത്വം / നാഥത്വം' കണ്ടെത്തുകയായിരുന്നു. കൊടപ്പനക്കൽ തറവാട് മുസ്ലിം ലീഗിന് ഒരു കേന്ദ്രസ്ഥാനമായി.
ഹൈദരലി തങ്ങളുടെ വിയോഗം, ആ അർഥത്തിൽ, കേരളീയത എന്ന അനുഭവത്തിലേക്ക് "മാപ്പിള മലയാള രാഷ്ട്രീയം' എഴുതിച്ചേർത്ത ഒരു പൈതൃകത്തിലെ ശക്തമായ കണ്ണി എന്ന നിലയിൽ, എല്ലാവരും തുല്യമായി വേദന പങ്കിടുന്ന ഒരു വേർപാടാണ്. ഒരു ഉണർത്തു പാട്ടു പോലെയാണ് മുസ്ലിമുകൾക്ക് മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം. പിണറായിയേയും തോമസ് ഐസക്കിനേയും മോഹിപ്പിക്കുന്ന പ്രസ്ഥാനം. അവർ ആ നിലാവിലേക്ക് എത്രയോ ചെങ്കണ്ണെറിഞ്ഞു നോക്കി, പക്ഷെ, രാഷ്ട്രീയ കാരണങ്ങളാൽ ആ സഖ്യ സാധ്യത "കർമേഘം കൊണ്ട് മൂടിയ നിലാവാ'യി തന്നെ നിൽക്കുന്നു.
എന്തുകൊണ്ടാണ് മുസ്ലിം ലീഗിനെ ഒരു ഉണർത്തു പാട്ടായി മുന്നണികൾ കാണുന്നത്? എന്തുകൊണ്ട് ഈ രാഷ്ട്രീയ പ്രഭാവം?
അവിടെയാണ് പാണക്കാട് തങ്ങന്മാരുടെ പ്രസക്തി. ആരും തള്ളിപ്പറയാത്ത ഒരു ഇ.എം.എസിനെ പോലെ അല്ലെങ്കിൽ എ.കെ.ജിയെ പോലെ അപ്പുറം പിതൃ മുഖങ്ങളായി പാണക്കാട് തങ്ങന്മാരുണ്ട്. അധികാരമുക്തമായ നേതൃപദവി കൈയാളുന്ന പാരമ്പര്യത്തിന്റെ തുടർച്ചകൾ.
വഹാബി / ജമാഅത്തെ ഇസ്ലാമി പാരമ്പര്യത്തിന് പൊതു മലയാളികൾക്ക് മുന്നിൽ വെക്കാൻ ഇത്തരം പിതൃ മുഖങ്ങളില്ല. വിദ്യാഭ്യാസം, വിവാഹം, സാമൂഹ്യമായ ഇടപെടലുകൾ - ഇവയിൽ "പരിഷ്കരണത്തിന്റെ' വഴികൾ ആദ്യ കാലത്തൊക്കെ തുറന്നു കൊടുത്തെങ്കിലും, പിൽക്കാലത്ത്, തുറന്ന വാതിലുകളെല്ലാം അടയുന്ന കാഴ്ചകളാണ് വഹാബി പ്രസ്ഥാനങ്ങൾക്കുള്ളിൽ നിന്നുണ്ടായത്. വഹാബികൾ മൗലികവാദവും തെരുവോര സംവാദങ്ങളും കൊണ്ടും മുസ്ലിംകൾക്കിടയിൽ വലിയ ഭിന്നിപ്പുകൾ തന്നെയുണ്ടാക്കി. സ്വർഗത്തിലേക്ക് ആളെ കൂട്ടാൻ സ്ലൈഡ് ഷോ വിശദീകരണങ്ങൾ, പരിഹാസങ്ങൾ, അട്ടഹാസങ്ങൾ.
മതം നന്നായി പഠിച്ച പാണക്കാട് തങ്ങന്മാർ സൗമ്യരായി പൊതു മലയാളികളോട് അരികു ചേർന്നു നിന്നു. ഗൾഫിൽ ജയിലിൽ കിടക്കുന്നവരുടെ ബന്ധുക്കൾ, വഴി പ്രശ്നങ്ങൾ, അതിർത്തി പ്രശ്നങ്ങൾ, മാനസിക രോഗങ്ങൾ - ഈ വക മനുഷ്യരെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങളുടെ "ശ്രോതാക്കളായി ' തങ്ങന്മാർ നില കൊണ്ടു. ഇത്ര കാലം പ്രവർത്തിച്ചിട്ടും വഹാബികൾക്കും ജമാഅത്തെ ഇസ്ലാമിക്കും പൊതുജനങ്ങളുടെ വിശ്വസ്തരായ മധ്യസ്ഥരാവാൻ സാധിച്ചില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം മതം പറയുന്ന വഹാബി / ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളെ രാഷ്ടീയ മുന്നണികൾക്കും അത്ര ഇഷ്ടമല്ല. മതപരമായ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരമോ, രാഷ്ടീയ പ്രശ്നങ്ങൾക്ക് മത പരിഹാരമോ ഇല്ല എന്ന് മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കറിയാം. എന്നാൽ, പാണക്കാട് തങ്ങന്മാർ ഇതിന്, ഈ സങ്കീർണ്ണ രാഷ്ടീയ സമുദായ പ്രശ്നങ്ങൾക്ക് "കേരളീയമായ " പോംവഴികൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ആ ശ്രമങ്ങൾ പൊതു സമൂഹത്തിന് അവരെ സ്വീകാര്യരാക്കി.
പാങ്ങിൽ അഹമ്മദ് കുട്ടി മുസല്യാർ എന്ന പേര് ഇന്നത്തെ മുസ്ലിം ലീഗുകാർ ഏറെ പേരൊന്നും കേട്ടിരിക്കില്ല. മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ "സാമുദായികമായി 'വേരുറപ്പിക്കുന്ന 1960-കളിൽ സുന്നീ നേതൃത്വത്തിലുണ്ടായിരുന്ന പണ്ഡിതനായിരുന്നു. എന്നാൽ, 1960-ൽ കെ.എം.സീതി സാഹിബ് കേരളാ നിയമസഭാ സ്പീക്കറായിരുന്നപ്പോൾ, സീതി സാഹിബിന്റെ അതുല്യമായ വ്യക്തിപ്രഭാവത്തിനിടയിൽ, സുന്നീ പണ്ഡിതന്മാർക്ക് അൽപം മങ്ങലേറ്റു. അബ്ദുറഹ്മാൻ ബാഫക്കി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും പി..എം.എസ്.എ പൂക്കോയ തങ്ങളുമൊക്കെ മുസ്ലിം ലീഗ് നേതൃത്വത്തിലേക്ക് വന്നപ്പോഴാണ് സുന്നികൾക്ക് ഒരു "രക്ഷാകർതൃത്വം' കേരള രാഷ്ട്രീയത്തിൽ അനുഭവപ്പെട്ടു തുടങ്ങുന്നത്. പാണക്കാട് തങ്ങന്മാരുടെ രക്ഷാകർതൃത്വത്തിലാണ് സമസ്ത സുന്നികളുടെയും മുസ്ലിം ലീഗിന്റെയും നിലനിൽപ് പോലും. ഒരു വന്മതിൽ പോലെ പാണക്കാട് തങ്ങന്മാരുടെ രക്ഷാകർതൃത്വമില്ലെങ്കിൽ, സമസ്ത സുന്നി ഗ്രൂപ്പിന് ഒരു ബസ് ഷെൽട്ടർ പോലും കേരളത്തിലുണ്ടാക്കാൻ സാധിക്കില്ല. കാന്തപുരം നോളജ് സിറ്റിയുമായി മുന്നോട്ടു പോകുമ്പോൾ, സമസ്ത എന്താ ചെയ്യുന്നത്?
വഹാബികൾ / ജമാ അത്തെ ഇസ്ലാമി തുടങ്ങി കടുകട്ടി മതമൗലിക ബോധമുള്ളവരിൽ നിന്ന് ഇസ്ലാമിന്റെ മുഖമായി മലയാളികൾ അംഗീകരിക്കുന്നത് പാണക്കാട് തങ്ങന്മാരെയാണ്. മതം അവർക്കൊരിക്കലും ഒരു അടവ്, നയമായിരുന്നില്ല. മലയാളികളുടെ മനസ്സിൽ അവർ ഒരു നിസ്കാരപ്പായ വിരിച്ചു. ഓണത്തിലും ഉത്സവങ്ങളിലും അവർ മൈത്രിയുടെ പ്രചാരകരായി. അങ്ങനെ സെക്യുലർ എന്നാൽ, തൊപ്പിയിട്ട മലയാളി എന്ന അർഥം കൂടി കിട്ടി / ബോധിച്ചു.
എന്നാൽ, ജമാഅത്തെ ഇസ്ലാമിയും വഹാബികളുമാവട്ടെ, മുസ്ലിംകൾക്ക് വേണ്ടി മാത്രം നിസ്കാരപ്പായ വിരിച്ചു. 1960/മുതൽ മുജാഹിദ് നേതാവായ കെ.എം.സീതി സാഹിബ് കേരള നിയമസഭാ സ്പീക്കാറയതു മുതൽ തുടങ്ങുന്ന മുസ്ലിം ലീഗിനെ മുൻ നിർത്തി സുന്നികളും മുജാഹിദുകളും നടത്തുന്ന രാഷ്ട്രീയ ഒളിയുദ്ധങ്ങൾക്കിടയിലും പാണക്കാട് തങ്ങന്മാർ സന്തുലിതമായ രാഷ്ട്രീയ മര്യാദകൾ കാണിച്ചു. തങ്ങന്മാർ മുജാഹിദുകളോടു കാണിച്ച ആ രാഷ്ട്രീയ മര്യാദകൾ, മുജാഹിദുകൾ സുന്നികളോടു തിരിച്ചു കാണിച്ചോ എന്നത് ഒരു രാഷ്ട്രീയ ചോദ്യമാണ്.
ആ സാമുദായിക / രാഷ്ട്രീയ ചോദ്യത്തിനു മുന്നിൽ നിന്നു കൊണ്ട് ആദരണീയനായ ഹൈദരലി തങ്ങൾക്ക് വിട നൽകുന്നു.