‘ഞങ്ങളേക്കാൾ ചെറുപ്പമായിരുന്നു പി.ടി’

നിയമസഭാ സമ്മേളനം നടക്കുമ്പോൾ എന്റെയടുത്ത് വന്ന്, നാളെ ബോംബെയിൽ പരിശോധനയ്ക്കായ് പോകുന്നു എന്നു പറഞ്ഞു. ""ശരി ചേട്ടാ പോയി വന്നിട്ടു കാണാം'' എന്ന് ഞാനും പറഞ്ഞു. അത് ഇനി ഒരിക്കലും കാണാൻ കഴിയാത്ത യാത്ര പറച്ചിലാണെന്ന് കരുതിയതേയില്ല.

പി.ടിയുടെ പൊതുജീവിതം പോരാട്ടത്തിന്റേതായിരുന്നുവെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. നിലപാടുകളുള്ള പോരാട്ടത്തിനുവേണ്ടി അദ്ദേഹം സ്വന്തമായ സൈനികവ്യൂഹം തന്നെ രൂപപ്പെടുത്തും; ഒറ്റപ്പെട്ടാലും തോൽക്കാതെ പൊരുതി നിൽക്കും.

പി.ടി. അങ്ങനെ രൂപപ്പെടുത്തിയ സംഘടനയിലാണ് ഞങ്ങളെല്ലാം ചേർത്തുനിർത്തപ്പെട്ടത്. പി ടിയുടെ പോക്കറ്റിൽ എപ്പോഴുംഒരു ചെറിയ നോട്ട്ബുക്ക് ഉണ്ടാകാറുണ്ട്. രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ അതിലെ പേജുകളെല്ലാം എഴുതി തീരുകയും ചെയ്യും. യാത്രയിൽ, പരിപാടികളിൽ വെച്ചു കാണുന്നവർ നൽകുന്ന വിവരങ്ങൾ, ടെലിഫോൺ നമ്പറുകൾ എന്നിവയാവും കുറിപ്പുകളിൽ ഉണ്ടാവുക. അങ്ങനെ ആരോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാവും ശാസ്താംകോട്ട കോളേജിലെ കെ. എസ്. യു പ്രവർത്തകനായ എന്നിലേക്കും അന്വേഷണം എത്തിയത്. പി ടി അന്ന് കേരളത്തിലുടനീളം കോൺഗ്രസ് അനുഭാവികളായ ഗ്രന്ഥശാലാ പ്രവർത്തകരെ സംഘടിപ്പിച്ചു നടക്കുന്ന സമയമാണ്. ആ അന്വേഷണത്തിലാണ് എന്നെയും കല്ലട ഗിരീഷിനെയുമെല്ലാം "സംസ്‌കൃതി' സാംസ്‌കാരിക സംഘടനയുടെ ഭാഗമാക്കിയത്.

പി.ടി. നേതൃത്വം നൽകിയ സംസ്‌കൃതി ഒരു സാംസ്‌കാരിക സംഘടന എന്നതിലുപരി പോരാട്ടത്തിനും ജീവിതപാഠങ്ങൾ പഠിക്കാനുമുള്ള സർവകലാശാല കൂടിയായിരുന്നു. ആത്മവിമർശനത്തിനും തിരുത്തലുകൾക്കുമുള്ള വേദിയായി അദ്ദേഹം സംസ്‌കൃതിയെ രൂപാന്തരപ്പെടുത്തി. കേരളത്തിലെ എല്ലാ ജില്ലകളിലും 63 താലൂക്കുകളിലും പി ടി നേരിട്ട് പങ്കെടുത്താണ് സാംസ്‌കാരിക സംഘടന കെട്ടിപ്പടുത്തത്. സാംസ്‌കാരിക സംഘടനയിൽ കോൺഗ്രസ് അനുഭാവികളായിരുന്നു; എന്നാൽ കോൺഗ്രസിന് പുറത്തുള്ള അഭിപ്രായങ്ങൾക്കും ഇടം നൽകണമെന്നും ചെവി കൊടുക്കണമെന്നും പി ടി ആഗ്രഹിച്ചു. അങ്ങനെയാണ് അദ്ദേഹം "മാനവ സംസ്‌കൃതി' മാസികയ്ക്ക് ജന്മം നൽകിയത്.

മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ 2005-ൽ നടത്തിയ വെളിപ്പെടുത്തൽ ദേശീയ രാഷ്ട്രീയത്തിൽ ഏറെ വിവാദമായിരുന്നു. 2002-ൽ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശീയ കലാപത്തിൽ ഭരണകൂടത്തിന്റെ പങ്കുണ്ടെന്ന സംശയം അദ്ദേഹം തുറന്നു പറഞ്ഞു. സൈന്യത്തെ അയച്ചും കലാപം അമർച്ച ചെയ്യണമെന്ന തന്റെ നിർദ്ദേശം വാജ്‌പേയി സർക്കാർ മുഖവിലയ്‌ക്കെടുക്കാതിരുന്നതുമെല്ലാം നാരായണൻ ആദ്യമായ് തുറന്നുപറഞ്ഞത് അഭിമുഖം നടത്തിയ പി.ടിയോടായിരുന്നു. മാനേജിങ് എഡിറ്റർ എന്ന നിലയിൽ ഇത്തരത്തിലുള്ള കനപ്പെട്ട പല അഭിമുഖങ്ങളും അക്കാലത്ത് സംസ്‌കൃതി മാസികയിൽ പ്രസിദ്ധം ചെയ്യാൻ പി ടി ശ്രദ്ധിച്ചിരുന്നു.

സുകുമാർ അഴീക്കോട്, എം. എൻ. വിജയൻ, കെ. പി. അപ്പൻ, സക്കറിയ, എം. വി. ദേവൻ, പുനത്തിൽ കുഞ്ഞബ്​ദുള്ള, ബി. ആർ. പി. ഭാസ്‌കർ, എ. അയ്യപ്പൻ എന്നിവരുമായുള്ള അഭിമുഖമെല്ലാം പി. ടി നേരിട്ട് നടത്തിയാണ് വായനക്കാരിലെത്തിച്ചത്. പി. ടിയുടെ തുറന്ന മനസ്സിനു മുമ്പിൽ ഉള്ളുതുറക്കാൻ അവർക്കും മടിയേതുമില്ലായിരുന്നു.

അതിലുപരി കോൺഗ്രസ് നേതാവായ പി. ടി, വിയോജിപ്പുകൾ രേഖപ്പെടുത്തുമെന്ന് ഉറപ്പുള്ള ഇടതു നേതാക്കൾക്ക് സംസ്‌കൃതിയിൽ ഇടം നൽകിയാണ് ബഹുസ്വര ചിന്തകളെ പ്രോത്സാഹിപ്പിച്ചത്. മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള, എം. കെ. സാനു മാഷ്, എം. പി. പരമേശ്വരൻ, എം. എ. ബേബി, പ്രൊഫ. എസ്. സുധീഷ്, സിവിക് ചന്ദ്രൻ, നൈനാൻ കോശി തുടങ്ങിയവരുടെ ലേഖനങ്ങൾ മാനവ സംസ്‌കൃതിയിലൂടെ പി. ടി കോൺഗ്രസ് പ്രവർത്തകരിലേക്ക് എത്തിച്ചു. ആശയങ്ങൾ കേൾക്കാതെ വിയോജിക്കരുതെന്ന വലിയ പാഠം കൂടി പി ടി ഞങ്ങളെ പഠിപ്പിച്ചത് അങ്ങനെയാണ്.

പി. ടിയ്ക്ക് രാഷ്ട്രീയത്തിന് അതീതമായ് വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിരുന്നു. സംസ്‌കൃതിയുടെ ക്യാമ്പിൽ യേശുദാസൊക്കെ വരുമായിരുന്നു. പ്രസ്ഥാനത്തിൽ ഭാരവാഹിത്വമില്ലാത്ത നാളുകളിലും പി. ടി കേരളത്തിലുടനീളം ഓടിനടന്ന് സംസ്‌കൃതിയെന്ന സാംസ്‌കാരിക വേദിയ്ക്ക് ശാഖകൾ പടർത്തി.
ആഴത്തിലുള്ള സൗഹൃദമാണ് പി. ടിയുടെ എക്കാലത്തെയും കൈമുതൽ. വേണു രാജാമണി, ഡോ. എസ്. എസ്. ലാൽ, സിനിമാ നടൻ ബാബുരാജ് എന്നിവരെല്ലാം പി. ടി യുടെ കെ. എസ്. യു കാലത്തെ സഹപ്രവർത്തകരായിരുന്നു. ഇതര രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളവരും ആ സൗഹൃദത്തിൽ കണ്ണിയായി.

പി. ടിയിലെ പരിസ്ഥിതി വാദിയെ ചൂണ്ടിക്കാട്ടാൻ ഗാഡ്ഗിൽ റിപ്പോർട്ട് കാലഘട്ടമാണ് എല്ലാവരും പരാമർശിക്കാറുള്ളത്. ഗാഡ്ഗിൽ റിപ്പോർട്ടും അതിനെ തുടർന്നുള്ള വിവാദങ്ങളും ഉണ്ടാവുന്നതിന് മുമ്പു തന്നെ പരിസ്ഥിതി വിഷയങ്ങളിൽ പി. ടി സജീവമായി ഇടപെട്ടിരുന്നു. സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ എത്രയെത്ര പാരിസ്ഥിതിക ഇടപെടലാണ് അക്കാലത്ത് പി. ടിയുടെ നേതൃത്വത്തിൽ നടത്തിയത് എന്നോർത്തു പോകുന്നു. അത്തരം ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെ അദ്ദേഹം പിന്തുണച്ചത്.

പി. ടി എഴുതിയ ലേഖനങ്ങളിൽ ചിലതെല്ലാം അദ്ദേഹം എഡിറ്റ് ചെയ്ത "വലിച്ചെറിയാത്ത വാക്കുകൾ' എന്ന പുസ്തകത്തിൽ കാണാം. വിഷയ വൈവിധ്യമാണ് അതിന്റെ കാതൽ. ഒഴുകുന്ന കാവേരി വരളുന്ന കേരളം, നദീജല കരാറുകൾ കേരളത്തിന്റെ നഷ്ടപത്രം, ടാറ്റാഭൂമി ഏറ്റെടുക്കൽ, യുവജന പ്രസ്ഥാനങ്ങളും സമകാലിക പ്രതിസന്ധികളും, മാർക്‌സിസം കാഴ്ചപ്പാടുകൾ തുടങ്ങി വിവിധ വിഷയങ്ങളെ അദ്ദേഹം സമീപിക്കുന്നത് എത്ര സൂക്ഷ്മമായാണെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ജലം, വായു, മണ്ണ് ഉൾപ്പെട്ട പരിസ്ഥിതി, അതിൽ മനുഷ്യനുൾപ്പെട്ട ആവാസ വ്യവസ്ഥ, അതിന്റെ രാഷ്ട്രീയം എല്ലാം പി. ടിയാണ് ആഴത്തിൽ ഒരു തലമുറയെ പഠിപ്പിച്ചു തന്നത്. അത്തരം ബോധ്യങ്ങളിൽ പി.ടി പത്തി താഴ്ത്തിയിരുന്നില്ല; ഒരുവിധ എതിർപ്പിന് മുമ്പിലും തളർന്നതുമില്ല.

വ്യക്തിപരമായ നേതൃഗുണങ്ങൾ വളർത്തുന്നതിൽ വരെ പി. ടിയുടെ കരസ്പർശം എന്നിലുൾപ്പെടെ കാണാം. പരിചയപ്പെട്ട ആദ്യകാലങ്ങളിൽ ഒരു പൊതുപ്രവർത്തകൻ എങ്ങനെയെല്ലാം പെരുമാറണം എന്നതിനെക്കുറിച്ച് സൂക്ഷ്മമായ കാര്യങ്ങൾ വരെ പറഞ്ഞു തരുമായിരുന്നു. ജ്യേഷ്ഠൻ അനുജനോടെന്ന പോലെ. അതിലൊന്നാണ് സ്വന്തം ബാഗും പെട്ടിയും പിടിക്കാൻ മറ്റാരെയും ഏല്പിക്കരുത് എന്ന പാഠം; റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ, സഹപ്രവർത്തകർ സ്നേഹത്തോടെ പെട്ടി വാങ്ങാൻ ശ്രമിക്കുമ്പോൾ പി. ടിയുടെ വാക്കുകൾ ഓർമ വരും. ലാത്തിച്ചാർജിൽ പരുക്കേറ്റ് കഴുത്തിന് വേദനയും കയ്യിൽ വലിയ ഭാരമെടുക്കാൻ ബുദ്ധിമുട്ടാവുന്നതു വരെ അത് അക്ഷരം പ്രതി അനുസരിച്ചു. ഇപ്പോഴും ഭാരമെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും പി. ടിയുടെ വാക്കുകൾ പരമാവധി പിന്തുടരുന്നു. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളിൽ പി ടി വലിയ കണിശത കാട്ടിയിരുന്നു.

പെരുന്തച്ചൻ കോംപ്ലക്സ് പോലുള്ള വികാരങ്ങൾക്ക് ഒരിക്കലും അടിപ്പെടാത്ത നേതാവായിരുന്നു പി. ടി. പി. ടി വളർത്തിയിട്ടേയുള്ള, ചേർത്തുപിടിച്ചിട്ടേയുള്ളൂ. തളർത്തുന്ന, അപരവത്കരിക്കുന്ന രാഷ്ട്രീയം പി. ടിയ്ക്ക് അറിയില്ലായിരുന്നു.
ഞങ്ങളെല്ലാം വലുതായി എം.എൽ.എമാരായപ്പോൾ അഭിമാനത്തോടെ പി. ടി മറ്റുള്ളവരോട് ഞങ്ങളെക്കുറിച്ച് പറയുമായിരുന്നു.
എഴുപതാം വയസ്സിലും പി ടി കെ എസ് യുവായിരുന്നു. എഴുതാനും വായിക്കാനുമെല്ലാം എപ്പോഴും കെ. എസ്. യുക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എൽ.എൽ.ബിക്ക് പഠിക്കുമ്പോൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് എന്റെ ഒരു ലേഖനം ഒരു ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ വഞ്ചിയൂർ കോടതിയുടെ മുമ്പിലുള്ള കടയിൽ നിന്നും അതു വാങ്ങി ആദ്യം കൊണ്ടുകാണിച്ചത് പി. ടിയെ ആയിരുന്നു. എഴുതുമ്പോൾ കൂടുതലായി ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളുമെല്ലാം അദ്ദേഹം വിവരിച്ചുതരും. പി. ടി ഒരു കാര്യം പഠിപ്പിച്ചു തന്നാൽ മനസ്സിൽ നിന്ന് മായില്ല.

നിയമസഭയിലും വലിയൊരു പാഠപുസ്തകമായിരുന്നു പി. ടി. സഭാ നടപടികൾ, ചട്ടങ്ങൾ, വിഷയത്തിനുവേണ്ടിയുള്ള ആഴത്തിലുള്ള പഠനം എന്നിവയിലെല്ലാം പി. ടിയ്ക്ക് പ്രത്യേക ശൈലിയുണ്ടായിരുന്നു. പൊതുവേ സൗമ്യനാണെങ്കിലും പ്രതിരോധിക്കാനും വിഷയാധിഷ്ഠിതമായ് അക്രമിക്കാനും പി. ടി എപ്പോഴും തയ്യാറായിരുന്നു. അപ്പോൾ പി. ടിയുടെ ഭാവം മാറും. ഞങ്ങൾ തമാശയായി പറയുന്ന ഒരു കാര്യമുണ്ട്. പൊതുവേ ശാന്തപ്രകൃതക്കാരനാണ് ഒ. ആർ. കേളു എം.എൽ.എ. നിയമസഭയിൽ ഇപ്പുറത്ത് പി. ടി പ്രസംഗിക്കാൻ എഴുന്നേറ്റാൽ അപ്പുറത്തെ ഒ. ആർ. കേളുവരെ എഴുന്നേൽക്കും, ബഹളമാകുമെന്ന്.

നിർഭയത്വത്തിന്റെ പര്യായമായിരുന്നു പി .ടി. തോമസ്. മധ്യമാർഗം വശമില്ലായിരുന്നു. എടുക്കുന്ന വിഷയം അതർഹിക്കുന്ന തീവ്രതയിൽ തന്നെ അവതരിപ്പിക്കും. നിയമസഭയിൽ ഞങ്ങൾ പ്രായം കൊണ്ട് ചെറുപ്പക്കാരായ എം.എൽ.എമാർ ഒരുപാട് ഉണ്ടെങ്കിലും ഏറ്റവും ചെറുപ്പം പി. ടിയ്ക്കായിരുന്നു. സഭയിൽ വന്നാൽ അവസാനിക്കും വരെ അവിടെ തന്നെയുണ്ടാവും.
ഉമചേച്ചിയും മക്കളുമെല്ലാം ഞങ്ങളുടെ കുടുംബത്തിൽ തന്നെയുള്ളവരായിരുന്നു. അല്ലെങ്കിൽ ഞങ്ങളും ആ കുടുംബത്തിലുള്ളവരായിരുന്നു. പി. ടിക്ക് ഹൃദയസംബന്ധമായ അസുഖം വന്നിട്ടും അതിനെയെല്ലാം കൂസലില്ലാതെ നേരിട്ട്, അദ്ദേഹം ഊർജ്ജസ്വലനായ് തിരിച്ചുവന്നു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ എന്റെയടുത്ത് വന്ന്, നാളെ ബോംബെയിൽ പരിശോധനയ്ക്കായ് പോകുന്നു എന്നു പറഞ്ഞു. ""ശരി ചേട്ടാ പോയി വന്നിട്ടു കാണാം'' എന്ന് ഞാനും പറഞ്ഞു. അത് ഇനി ഒരിക്കലും കാണാൻ കഴിയാത്ത യാത്ര പറച്ചിലാണെന്ന് കരുതിയതേയില്ല.

ചിന്തകൾ സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങളാകണമെന്ന് പഠിപ്പിച്ചുതന്ന, ഉത്തമബോധ്യം വന്ന കാര്യത്തിനുവേണ്ടി പൊരുതി ജീവിക്കണമെന്ന് പഠിപ്പിച്ചു തന്ന പി ടിയുടെ ശബ്ദം കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. മണ്ണിനെയും മനുഷ്യനെയും അളവറ്റ് സ്‌നേഹിച്ച, നെഹ്‌റുവിയൻ-ഗാന്ധിയൻ ചിന്താധാരയിൽ നടന്ന ആ വലിയ മനുഷ്യൻ ഞങ്ങളെ ഇനിയുമിനിയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.

Comments