അടൂരിനൊപ്പം എന്റെ വിലപ്പെട്ട ചില സന്ദർഭങ്ങളെക്കുറിച്ച്...

''എന്നെക്കുറിച്ച് പറയുന്നതും എഴുതുന്നതും ആരെങ്കിലും പറഞ്ഞാണ് ഞാനിപ്പോൾ അറിയുന്നത്, ഇപ്പോൾ ടെലിവിഷനും വേണ്ട എന്നുവെച്ചു'', കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ അയച്ച മെയിലിൽ പറഞ്ഞു- എൺപത് വയസ്സ് തികഞ്ഞ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുമായുള്ള സൗഹൃദം ഓർത്തെടുക്കുകയാണ് എഴുത്തുകാരനായ കരുണാകരൻ.

‘‘എന്നെക്കുറിച്ച് പറയുന്നതും എഴുതുന്നതും ആരെങ്കിലും പറഞ്ഞാണ് ഞാനിപ്പോൾ അറിയുന്നത്, ഇപ്പോൾ ടെലിവിഷനും വേണ്ട എന്നുവെച്ചു''; കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ അയച്ച മെയിലിൽ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന അടൂർ, അദ്ദേഹത്തിന്റെ 80ാം പിറന്നാൾ വേളയിൽ ഫേസ്ബുക് പോലുള്ള വേദികളിലെ ആശംസകളും സന്തോഷവും ആരെങ്കിലും പറഞ്ഞേ അറിയൂ.

വാസ്തവത്തിൽ അടൂർ, തന്റെ ചലച്ചിത്രങ്ങളിലും സാഹിത്യ രചനകളിലും സ്വന്തം സ്വകാര്യ ഇടത്തെയാണ് തന്റെ കലയുടെയും ആവിഷ്‌കാര മാധ്യമമാക്കുന്നത് എന്നുവിചാരിക്കണം. തന്റെ എല്ലാ ചലച്ചിത്രങ്ങളിലും ആത്മാംശമായി ചിലതുണ്ടെന്ന് പറയുന്നതിനും അപ്പുറം ഈ സ്വകാര്യ ഇടം കലയുടെ വിനിമയോർജ്ജത്തിന്റെ ഇന്ധന നിലമാകുന്നു. ഒരാൾക്ക് ഭൂമിയിലെ മനുഷ്യവാസത്തോളം പഴക്കത്തിലേക്ക് പ്രാപ്തി നേടാനുള്ള ചില മിന്നലുകൾ അത് കരുതിവെച്ചിരിക്കുന്നു. അത്രയും പ്രാദേശികമായ ഒന്നിന്റെ സാർവ്വജനീനമായ ഒരു ഇടം അത് പ്രകടിപ്പിക്കുന്നു. അടൂരിന്റെ മിക്ക ചലച്ചിത്രങ്ങളിലും അങ്ങനെയൊരു മുഹൂർത്തം ഉണ്ടാവും. കലയിലെ ഈ സ്വകാര്യ ഇടം, അല്ലെങ്കിൽ, പൊതുധാരണകളെ എപ്പോഴും ഉപേക്ഷിയ്ക്കുന്നു.
അടൂരുമായി ഒറ്റക്കു സംസാരിക്കാൻ കിട്ടുന്ന അവസരം അതിനാൽ നമുക്ക് വിലപ്പെട്ടതാകുന്നു. തന്റെ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും ഏതെങ്കിലും ഒരു കാരണവുമായല്ല അടൂർ ബന്ധിപ്പിക്കുന്നത്, ഒരു ജീവിതാഭിമുഖ്യത്തോടാണ്, കലയെയും ജീവിതത്തെയും കണ്ടുമുട്ടുന്നതും അതേ താൽപര്യത്തിലാണ്.

സിനിമയെ കുറിച്ചാവില്ല അടൂർ എന്നോട് അധികവും സംസാരിച്ചിട്ടുള്ളത്, ‘ചില ആളുകളെ' പറ്റിയാണ്. മറ്റു ചിലപ്പോൾ പുസ്തകങ്ങൾ. അപ്പോഴും അവരെ പറ്റിയല്ല പറയുക, അവരെ താൻ കണ്ടെത്തുന്ന ഒരു വഴി ആ നിമിഷങ്ങളിൽ കാണുന്നതുപോലെ പറയുന്നു. എം. ഗോവിന്ദനെ പറ്റിയും മൃണാൾ സെന്നിനെ പറ്റിയും ഗുന്തർ ഗ്രാസിനെ പറ്റിയും കവബാത്തയെ പറ്റിയും കൂറ്റ്‌സെയെ പറ്റിയും ആനന്ദിനെ പറ്റിയും അടൂർ അങ്ങനെയൊരു ആഭിമുഖ്യത്തോടെ സംസാരിക്കുന്നു - ഒരു സ്വകാര്യ ഇടത്തിലെ വെളിച്ചം അവതരിപ്പിയ്ക്കുന്ന രീതി അതിനുണ്ടാവുന്നു, ഒരു കഥപറച്ചിലുകാരന്റെ വാക്യനിർമിതികളിൽ ആ ആളും ആ കാലവും വെളിപ്പെടാൻ തുടങ്ങുന്നു. എനിക്കത് വിലപ്പെട്ട സന്ദർഭങ്ങളാണ്.

ഗോവിന്ദനെ കുറിച്ച് പറഞ്ഞുതുടങ്ങിയത്, എപ്പോഴും അനവധി ഒച്ചകൾ കടന്നുവരുന്ന ഒരു ജനലും മുറിയും അവതരിപ്പിച്ചായിരുന്നു. അവിടെയിരുന്ന് പതുക്കെ സംസാരിയ്ക്കുന്ന ഗോവിന്ദനെ ശ്രദ്ധയോടെ കേൾക്കാൻ നേരെ എതിരിൽ മുമ്പോട്ട് അൽപം കുനിഞ്ഞ് ഇരിക്കുന്ന തന്നെയും അടൂർ കാണിച്ചു തരുന്നു. എക്കാലത്തേയ്ക്കുമായി സന്ദർശിക്കാനുള്ള ഒരു കോട്ടയായി ആ ഓർമ, ആ സമയം, നമുക്കും കിട്ടുന്നു.

ഒരു ദേശത്തിന്റെയും ഒരു ഭാഷയുടെയും സൗഭാഗ്യമായി ഒരു വ്യക്തിയോ, ഒരു കലാനിർമിതിയോ, ചിലപ്പോൾ ഒരു സംഘം ആളുകളെയോ സർഗ്ഗാത്മകമായി ചലിപ്പിക്കുന്ന രാഷ്ട്രീയ ബോധ്യമോ, കലാസങ്കൽപമോ, അല്ലെങ്കിൽ അങ്ങനെ എന്തും ഉണ്ടാവുന്നത് പലപ്പോഴും ചുറ്റും കെട്ടിനിൽക്കുന്ന സാമൂഹ്യമടുപ്പിനെ, വൈയക്തികമായെങ്കിലും മറികടക്കാനാവണം: സാമൂഹ്യ ജീവിതത്തിൽ നിന്നുതന്നെയുള്ള അസ്തിത്വ സംബന്ധിയായ വിമോചനം അത് ആഗ്രഹിക്കുന്നു. ഒരു പക്ഷെ, അടൂരിന്റെ ചലച്ചിത്രങ്ങളുടെ സാരാംശവും അതാകണം. അതുകൊണ്ടുതന്നെ ആ ചലച്ചിത്രങ്ങളിൽ സമൂഹവും വ്യക്തിയും അതാതുകളുടെ ഏകാന്തതകളും പ്രകടിപ്പിയ്ക്കുന്നു.

ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് എന്റെ തന്നെ കലയിലെ സ്വാധീനങ്ങളെ ഞാൻ കണ്ടുപിടിക്കുന്ന നേരങ്ങളുണ്ട്, അതിലൊന്ന് അടൂരിന്റെ ചില സിനിമകളിലെ മുഹൂർത്തങ്ങളാണ്. എലിപ്പത്തായത്തിൽ, അനന്തരത്തിൽ, മതിലുകളിൽ, അത്തരം സന്ദർഭങ്ങളുണ്ട്. അത്, പലപ്പോഴും, ‘കഥ'യെ അതിലെ ഒരു പ്രവൃത്തികൊണ്ട് മുഴുവനായി ചലിപ്പിക്കാനുള്ള ശേഷിയാണ്, ഭാവനയുടെ ഒരു മെൽറ്റിങ് പോയിൻറ്​ ഒരു വേള നമ്മൾ കണ്ടുമുട്ടുന്നു: എലിപ്പത്തായത്തിലെ നായകനെ ചലച്ചിത്രത്തിന്റെ അന്ത്യത്തിൽ വാതിൽ പൊളിച്ച് പുറത്തേക്ക് തൂക്കിയെടുത്തുകൊണ്ടുപോയി കുളത്തിൽ മുക്കുന്നതുവരെയുള്ള അത്രയും നേരം പോലെ. കല സ്വാതന്ത്ര്യത്തിന്റെ വിഷയമാകുന്ന ഓർമ കൂടിയാണത്.
കഥകൾ എഴുതുമ്പോൾ, കഥകൾ വായിക്കുമ്പോഴും, അങ്ങനെയൊരു ‘നേരം', ഞാൻ എപ്പോഴും തേടുന്നു. എന്തൊരു നേരമായിരുന്നു ചലച്ചിത്രത്തിൽ അത്!


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments