ചിത്രീകരണം: ദേവപ്രകാശ്

ഉഴവുകാരന്റെ കണക്കുകൂട്ടൽ

ത് ഒരു പന്തയമാണെന്ന് പറയാം, പരീക്ഷണ ശ്രമമാണെന്നും പറയാം.
ഞങ്ങൾക്കുണ്ടായിരുന്ന മഴയെ ആശ്രയിക്കുന്ന കൃഷിയിടത്തെക്കുറിച്ചുള്ള സങ്കടവും സംസാരവും തന്നെയാണ് അമ്മയ്ക്ക്. അവിടെ, അതു ചെയ്യണം, ഇതു ചെയ്യണം എന്നുളള പദ്ധതികളാണ്. പക്ഷേ, ഞാനും ജ്യേഷ്ഠനും ഒന്നും തന്നെ ചെയ്യുന്നില്ലെന്നും നാട്ടിലുള്ളവരെല്ലാം എന്തെല്ലാം കൃഷി ചെയ്യുന്നുവെന്നുമുളള പുലമ്പലാണ്.
""കൃഷിയിൽ നിന്ന്​ എന്ത് കിട്ടാനാണമ്മേ? മുടക്കിയ കാശ് പോലും കിട്ടില്ല.'' എന്ന് ഞാൻ പറയും.
""കൃഷിക്കാരനായി ജനിച്ചിട്ട് പാടം തരിശാക്കിയിടുമോടാ? എന്ത് കിട്ടുമെന്ന ചോദ്യം നമ്മുടെ നാക്കിൽ നിന്നും വരാമോടാ? നീ കഴിക്കുന്ന ചോറും ധരിച്ചിരിക്കുന്ന കുപ്പായവുമെല്ലാം എവിടുന്നുണ്ടായതാ? മണ്ണ് കിളച്ചു കിട്ടിയ കാശിലല്ലേ നീ പഠിക്കുന്നത്, ആ വിദ്യാഭ്യാസത്തിൽ നിന്നും നീ ഇതാണോ പഠിക്കുന്നത്? പണിയെടുത്താൽ ആ ഭൂമിദേവി വാരിക്കോരി തരും. അവൾ ചതിക്കില്ല. പണിയെടുക്കാതെ വെറുതെ നോക്കിയിരുന്നാൽ അവൾ മുഖമടച്ച് തരികയും ചെയ്യും.'' എന്നൊക്കെപ്പറഞ്ഞ് അമ്മ പൊരിച്ചെടുക്കും.
അത് 1987 -ാം ആണ്ടാണ്.
ഞാൻ രണ്ടാം വർഷ ബിരുദാനന്തരബിരുദത്തിന് പഠിക്കുകയാണ്.
സ്റ്റഡി ലീവിന് ഞാൻ വീട്ടിലേക്ക് വന്നതായിരുന്നു. മാർച്ച് മാസം അവസാനമായിരുന്നു. തമിഴ് മാസമായ പങ്കുനിയായിരുന്നു.
​പങ്കുനി മാസം സാധാരണ മഴ പെയ്യാറില്ല. ആ കൊല്ലം അത്ഭുതകരമായി ഒരു രാത്രിയിൽ പേമാരി പെയ്തു. പാടത്തൊക്കെ വെളളം കെട്ടി നിന്നു. വെയിലിന്റെ കാഠിന്യം പൂർണ്ണമായും കുറഞ്ഞ് ചുറ്റുപാടും തണുപ്പായിരുന്നു രാവിലെ പാടത്തൊക്കെ നോക്കിയിട്ട് വന്ന അമ്മ പുലമ്പാൻ തുടങ്ങി.
""പങ്കുനി മാസത്തിൽ മഴ പെയ്തിരിക്കുകയാണ്. പാടത്തെല്ലാം വെള്ളം കെട്ടി നിൽക്കുന്നത് കണ്ടാൽ ആശ തോന്നുന്നു. ഇനിയുളള നാലു ദിവസങ്ങൾക്കുള്ളിൽ അവളത് കോരിക്കുടിച്ചു കളയും. അതിനകം വിതച്ചേക്കണം. ഇത് എള്ള് വിതയ്ക്കാൻ നല്ല സമയമാണ്. ഞാൻ പെണ്ണൊരുത്തി എന്താ ചെയ്യുക? രണ്ട് ചെറുക്കന്മാരുണ്ടായിട്ട് എന്തിന് കൊള്ളാം? സഹായത്തിന് ഒരുത്തനുമില്ല.''

നല്ല ഈർപ്പം ഉള്ളപ്പോൾത്തന്നെ ഞങ്ങൾ വിതച്ചു. അന്ന് രാത്രി തന്നെ ഒരു പുസ്തകക്കടലാസിൽ ട്രാക്ടറിനുള്ള ചെലവ്, വിത്തിനുള്ള എള്ളിന്റെ വില, ഞാനും അമ്മയും വിതച്ചതിനുള്ള പണിക്കൂലി എന്നിങ്ങനെ ഓരോന്നായി ഞാൻ എഴുതി വച്ചു.

അമ്മയുടെ പുലമ്പൽ സഹിക്കാനാവാതെ, ""എള്ള് വിതച്ചാലും മുതിര വിതച്ചാലും കൈയിലെ കാശിനു തന്നെയാ നഷ്ടം. എന്താണാവോ, അത്ഭുതകരമായി മഴ പെയ്തിട്ടുണ്ട്. ഇതിനുമപ്പുുറം പെയ്യുമെന്ന് എങ്ങനെയാ വിശ്വസിക്കുക? വിതച്ചിട്ട് മഴ പെയ്തില്ലെങ്കിൽ മുടക്കിയ മുതലും പോയതു തന്നെ'' എന്ന് ഞാൻ പറഞ്ഞു.
‘‘നിന്റെ വായിൽ നിന്നും നല്ല വാക്ക് വരില്ലേ? വിതയ്ക്കുന്നവന് ആദ്യം വേണ്ടത് വിശ്വാസമാണ്. ഒരു കൊല്ലം ശരിയായില്ലെന്നും വരാം. എന്നുവച്ച്, പേടിച്ച് വിതയ്ക്കാതിരിക്കാനൊക്ക്വോ?'' എന്ന് അമ്മ ശകാരിച്ചു.
വർത്തമാനം സഹിക്കാനാവാതെ, ""ശരി, പോട്ടെ. നിങ്ങളുടെ ആഗ്രഹം ഞാൻ എന്തിനാ ഇല്ലാതാക്കുന്നത്? എന്താമ്മേ ചേയ്യേണ്ടത്? പറയ്...'' എന്ന് ഞാൻ ചോദിച്ചു.
""മെലിഞ്ഞവൻ എള്ള് വിതയ്ക്കും, കൊഴുത്തവൻ മുതിര വിതയ്ക്കുമെന്നാ പഴഞ്ചൊല്ല്. എള്ള് വിതച്ചിട്ട് ആരും നശിച്ചു പോയിട്ടില്ല.''
""പങ്കുനിയിൽ ശ്രദ്ധിച്ച് വിതയ്ക്കണമെന്നും പഴഞ്ചൊല്ലുണ്ടല്ലോ. അതിനെന്താ ചെയ്യുക?''
""പങ്കുനിയിൽ മഴ പെയ്യുമോ എന്ന് ശ്രദ്ധിച്ച് വിതയ്ക്കണം എന്നാണെടാ അതിനർത്ഥം.''
""എള്ള് വിതച്ച് നമുക്ക് ഏഴുനിലക്കെട്ടിടം പണിതേക്കാം. വിഷമിക്കാതെ...''
""ഇത് നല്ല സമയമാണ്. ഞാൻ പറയുന്നത് ഫലിക്കും. കണ്ടോ... നാല് കാശ് കൈയിൽക്കിട്ടും.''

ഇത്തരത്തിൽ ഞങ്ങളുടെ സംസാരം നീണ്ട് ഒരു വെല്ലുവിളി പോലെയായി. കഷ്ടപ്പെട്ടാലും ഒന്നും കിട്ടില്ല എന്ന് ഞാനും, എല്ലാം കിട്ടും എന്ന് അമ്മയും പറഞ്ഞപ്പോൾ അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. കലപ്പ ഉഴുന്നതു മുതൽ ഓരോന്നിനുമുള്ള ചെലവും പണിക്കൂലിയും കണക്കുകൂട്ടിയിട്ട് ഞാൻ എഴുതി വയ്ക്കുന്നതും, കൊയ്ത്തിനു ശേഷം കണക്കുകൂട്ടിയതും നോക്കിയിട്ട് ആര് പറഞ്ഞതാണ് ഫലിച്ചിരിക്കുന്നതെന്ന് നോക്കണമെന്നതാണ് ആ തീരുമാനം. അമ്മയ്ക്ക് എങ്ങനെയെങ്കിലുമൊന്ന് വിതച്ചാൽ മതിയായിരുന്നു.

ഒരേക്കർ ഭൂമിയിൽ ഞങ്ങൾ എള്ള് വിതച്ചു. ട്രാക്ടർ കൊണ്ടു വന്ന് രണ്ടു പ്രാവശ്യം ഉഴുതു. എള്ള് വളരെ ചെറിയ ധാന്യമായതു കൊണ്ട് അത് നേരിട്ട് വിതയ്ക്കാനാവില്ല. വിതച്ചാൽ ഓരോ പിടിയായി വീണ് ധാരാളം തൈകൾ മുളച്ചേക്കും. വിത്തിനുള്ള എള്ളും കൂടുതൽ വേണ്ടി വരും. അതു കൊണ്ട് എള്ളിന്റെ അളവിനനുസരിച്ച് മണലും കലർത്തി വിതയ്ക്കണം. നല്ല ഈർപ്പം ഉള്ളപ്പോൾത്തന്നെ ഞങ്ങൾ വിതച്ചു. അന്ന് രാത്രി തന്നെ ഒരു പുസ്തകക്കടലാസിൽ ട്രാക്ടറിനുള്ള ചെലവ്, വിത്തിനുള്ള എള്ളിന്റെ വില, ഞാനും അമ്മയും വിതച്ചതിനുള്ള പണിക്കൂലി എന്നിങ്ങനെ ഓരോന്നായി ഞാൻ എഴുതി വച്ചു. അമ്മ പറഞ്ഞതു പോലെ എള്ള് വളരെ നന്നായി മുളച്ചു വന്നു. പങ്കുനിക്കാലം എള്ളിന് അത്രയ്ക്ക് ചേർന്നതാണെന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. രാവിലത്തെ വെയിലിൽ എള്ള് ചെടികൾ കാണാൻ നല്ല രസമായിരിക്കും. കരിമ്പച്ചയിലകൾ ഇളകി മാടിവിളിക്കും. കാണുന്തോറും ഒടുങ്ങാത്ത ഒരു രസമാണ്. അമ്മ പറഞ്ഞു, ""പാടം നിറയെ എള്ളിൻചെടികൾ തളതളാന്ന് മുളച്ചു നിൽക്കുകയാണ്.''

ഞാനും അമ്മയും കള വെട്ടിയ ദിവസങ്ങൾ കണക്കുകൂട്ടി അതിനുള്ള കൂലി ചെലവായ കണക്കിൽ ഞാൻ കുറിച്ചുവച്ചു. ഞാൻ കണക്കെഴുതുമ്പോഴൊക്കെ അമ്മ ചിരിച്ചതേയുള്ളൂ. മറ്റൊന്നും പറഞ്ഞില്ല.

മണൽ കലർത്തി വിതച്ചിട്ടും എള്ളിൻചെടികൾ ഇടതൂർന്ന് മുളച്ചിരുന്നു.
അത്രയ്ക്ക് ഇടതൂർന്നിരുന്നാൽ കായ്ക്കുന്നത് ശരിയാവില്ല. ഓരോ ചെടിക്കും ശാഖകൾ മുളച്ച് കാറ്റിലാടി മുകളിലേക്ക് വളരാനുള്ള സ്ഥലമുണ്ടാകണം. അതു കൊണ്ട് ചെടികൾ നന്നായി മുളച്ച് ഒരടി നീളത്തിൽ വളർന്നതും ഒന്ന് ഉഴണം. വ്യത്യസ്തമായ കാർഷികരീതികൾക്ക് നൂതന യന്ത്രങ്ങൾ പൊരുത്തപ്പെടാത്ത സന്ദർഭങ്ങൾ ഇപ്പോഴുമുണ്ട്. അത് എള്ളിൻചെടിക്കായി ഉഴുമ്പോൾ എനിക്ക് മനസ്സിലായി. ആ ഉഴലിന് ട്രാക്ടർ ഓടിക്കാൻ പറ്റില്ല. ട്രാക്ടറിന്റെ ടയറുകൾ കയറിയാൽപ്പിന്നെ ചെടികൾ അത്രതന്നെ. ആ ഉഴലിന് പറ്റിയ കലപ്പ ട്രാക്ടറിൽ ഇല്ല. കാളയെ പൂട്ടി കലപ്പ ഉഴുന്ന പണിക്കാരനെ കണ്ടുപിടിച്ചു കൊണ്ടു വന്നാണ് ഞങ്ങൾ ഉഴുതത്. ചെടികൾ കിളച്ച് വെട്ടി നേരെയാക്കുകയാണ് ആ ഉഴലിന്റെ പ്രയോജനം. കാളയെ പൂട്ടി ഉഴുന്ന കലപ്പ ഒന്നോ രണ്ടോ മാത്രം ഉണ്ടായിരുന്നത് കാരണം ട്രാക്ടർ കൊണ്ട് ഉഴുന്നതിന്റെ ചെലവിനേക്കാളും കൂടുതലായിപ്പോയി. അങ്ങനെ ഉഴാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അത് പാഴ്ച്ചെലവാണെന്നും നമുക്കു തന്നെ ആവശ്യമില്ലാത്ത കളകൾ പറിച്ചു കളയാമെന്നും ഞാൻ അമ്മയോട് പറഞ്ഞു. അമ്മ കേട്ടില്ല. ഉഴുതാൽ ആവശ്യമില്ലാത്ത ചെടികൾ പറിച്ചു കളയുന്നതോടൊപ്പം വളരുന്ന ചെടികൾ നന്നായി വേരു പിടിക്കാനായി മണ്ണ് ഇളക്കിക്കൊടുക്കാനുമാവും എന്ന് അമ്മ പറഞ്ഞു. ആ പണി ചെയ്തിട്ട് കൈയ്യോടെ അതിനുണ്ടായ ചെലവും ഞാൻ കുറിച്ചുവച്ചു.

ഇടയ്ക്ക് കുറേ ദിവസങ്ങൾ മഴയില്ലായിരുന്നു. ചെടികൾ വാടിത്തളർന്നു. വിഷമം തോന്നിയെങ്കിലും മറുവശത്ത് ഞാൻ അമ്മയെ തോൽപ്പിക്കുമെന്ന അൽപ്പമായ സന്തോഷവുമുണ്ടായിരുന്നു. എന്നാൽ, വീണ്ടും മഴ പെയ്ത് എന്റെ സന്തോഷം കെടുത്തി. വാടിയിരുന്ന ചെടികൾ പുത്തനുണർവ്വോടെ മുകളിലേക്കുയർന്നു പൊങ്ങി. കൂടെ പുല്ലുകളും മുളച്ച് പാടം നിറഞ്ഞു. ഞാനും അമ്മയും കള വെട്ടി. കെട്ടുകളായി കുമിഞ്ഞുകൂടിയ പുല്ലുകൾ കുറേ ദിവസങ്ങൾ പശുക്കൾക്ക് തീറ്റയായി. കള വെട്ടുമ്പോൾത്തന്നെ പറിച്ച പണ്ണൈച്ചീരയും കുമുട്ടിച്ചീരകളും ഓരോ ദിവസത്തെ കറിയ്ക്കുള്ളതായിക്കഴിഞ്ഞു. ഞാനും അമ്മയും കള വെട്ടിയ ദിവസങ്ങൾ കണക്കുകൂട്ടി അതിനുള്ള കൂലി ചെലവായ കണക്കിൽ ഞാൻ കുറിച്ചുവച്ചു. ഞാൻ കണക്കെഴുതുമ്പോഴൊക്കെ അമ്മ ചിരിച്ചതേയുള്ളൂ. മറ്റൊന്നും പറഞ്ഞില്ല.

ചെടികൾ പൂത്തുലഞ്ഞു. ഓരോന്നും പല തിരികളുള്ള കർപ്പൂരത്തോടു കൂടി കത്തുന്ന നിലവിളക്കു പോലെ തോന്നിച്ചു. ചെടികൾ അരയ്‌ക്കൊപ്പം വളർന്നു. വീണ്ടും ഒരു പ്രാവശ്യം കൂടി വെട്ടൽ ഇല്ലാതെ ഞങ്ങൾ തന്നെ കൈ കൊണ്ട് കള പറിച്ചു. ഞാൻ അതിനുള്ള പണിക്കൂലിയുടെ കണക്കും എഴുതിവച്ചു. അമ്മ പ്രതീക്ഷിച്ചതു പോലെത്തന്നെ ഇടയ്ക്കിടെ മഴ പെയ്ത്, എന്റെ കണക്കുകൂട്ടലിൽ മണ്ണ് വാരിയിട്ടു. പൂവ് പിഞ്ചായി, കായായി മൂത്ത് നിൽക്കുമ്പോൾ, കൊയ്ത്തിനുള്ള സമയമായിക്കഴിഞ്ഞു. നേരിയ മഴ പെയ്യുമായിരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എള്ളുചെടിയുടെ കൊയ്ത്ത് എന്നുവച്ചാൽ, ചെടി വേരോടെ പറിച്ചെടുക്കുന്നതാണ്. മഴയുടെ നനവുള്ളപ്പോൾത്തന്നെ പറിക്കുന്നതാണ് എളുപ്പം. നനവില്ലെങ്കിൽ കരിക്ക് വെട്ടുന്ന അരിവാൾ കൊണ്ട് ചെടികൾ മുറിച്ചെടുക്കണം. അത് പ്രയാസമുള്ള പണിയാണ്. കുറേ നാളുകൾക്ക് ശേഷം പെയ്ത മഴയുടെ പിറ്റേ ദിവസം തന്നെ ഞങ്ങൾ കൊയ്ത്ത് തുടങ്ങി. ഒരേക്കർ മുഴുവനും പറിച്ചെടുക്കാനായി ഞാനും അമ്മയും രണ്ട് ദിവസമെടുത്തു. പറിച്ചെടുത്തവ കെട്ടുകളാക്കി എടുത്തുകൊണ്ടു ചെന്ന് സമീപത്തുള്ള പാറക്കളത്തിൽ അടുക്കിവച്ചു. മൂന്നോ നാലോ കൂമ്പാരമായി അടുക്കി അവയുടെ പുറത്ത് കല്ലുകളും വച്ചു. ഒരാഴ്ച അത് അങ്ങനെ തന്നെയിരുന്ന് ഉണങ്ങണം. ഇലകളടർന്ന് കമ്പുകളും കായകളും മാത്രമാവുന്ന സമയത്ത് അടർത്തിയെടുത്ത് ഉണക്കി ഓരോ ചെടിയായി കൈയിലെടുത്ത് പാറയിലടിച്ച് എള്ള് കൊഴിച്ചെടുക്കണം. ഭയങ്കര പണിയാണ്. ഞങ്ങൾ അതെല്ലാം ചെയ്തു. ചെയ്ത പണിക്കുള്ള കൂലി ഞാൻ കണക്കുകൂട്ടി എഴുതി വച്ചു.

അമ്മ എള്ള് വിറ്റതേയില്ല. എല്ലാം ചെലവിന്റെ കണക്ക് മാത്രമാണോ? വരവായിട്ട് ഒന്നും തന്നെയില്ലേ? ഞാൻ ചെലവിന്റെ കണക്ക് ഇടയ്ക്കിടയ്ക്ക് എടുത്ത് നോക്കുകയും, കണക്ക് പരിശോധിച്ചാലോ എന്ന് അമ്മയോട് ചോദിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവർ ""സമാധാനിക്ക്, സമാധാനിക്ക്...'' എന്ന് പറയും.

എള്ള് ചാക്കുസഞ്ചികളിലും കുട്ടകളിലും വാരിയെടുത്തു കൊണ്ട് ഞങ്ങൾ വീട്ടിലെത്തിച്ചേർന്നു. അമ്മ എള്ള് വിൽക്കാൻ താൽപ്പര്യപ്പെട്ടില്ല. എണ്ണയാട്ടുന്ന ചക്കിലേക്ക് കുട്ട നിറയെ കൊണ്ടുചെന്ന് ഒരു ദിവസം എണ്ണയാട്ടിക്കൊണ്ടു വന്നു. വീടാകെ പുത്തൻ എണ്ണയുടെ മണമായിരുന്നു. നിലക്കടലയെണ്ണയും വിളക്കെണ്ണയുമാണ് ഞങ്ങൾ പാചകത്തിന് ഉപയോഗിക്കുന്നത്. ഇപ്പോൾ നല്ലെണ്ണ കൊണ്ടുള്ള സുഗന്ധമുള്ള പാചകമാണ്. കരുപ്പട്ടി ചേർത്ത എള്ളുമാവ് ഒരു ദിവസം പൊടിച്ച് തന്നു. എള്ളുമാവിന്റെ രുചി നാവിൽത്തന്നെ തങ്ങിനിൽക്കും. മാവ് വിഴുങ്ങാനേ മനസ്സനുവദിക്കില്ല. ഒരു ദിവസം ഉഴുന്നുകൊണ്ടുളള കുറുക്കുണ്ടാക്കി അതിൽ നല്ലെണ്ണയൊഴിച്ച് കുഴച്ചുതന്നു. നെഞ്ചിൻകൂടിന് അത് നല്ലതാണെന്ന് പറഞ്ഞു. പിന്നെയും എള്ള് ബാക്കിയുണ്ടായിരുന്നു. അമ്മ എള്ള് വിറ്റതേയില്ല. എല്ലാം ചെലവിന്റെ കണക്ക് മാത്രമാണോ? വരവായിട്ട് ഒന്നും തന്നെയില്ലേ?
ഞാൻ ചെലവിന്റെ കണക്ക് ഇടയ്ക്കിടയ്ക്ക് എടുത്ത് നോക്കുകയും, കണക്ക് പരിശോധിച്ചാലോ എന്ന് അമ്മയോട് ചോദിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവർ ""സമാധാനിക്ക്, സമാധാനിക്ക്...'' എന്ന് പറയും. നാട്ടിൽത്തന്നെ ഒന്നോ രണ്ടോ ആളുകൾ വന്ന് നാഴിക്കണക്കിന് എള്ള് വാങ്ങിക്കൊണ്ടു പോയി. അമ്മ ചന്തയിലെ വിലവിവരം അറിഞ്ഞിട്ട് അവരിൽ നിന്നും കാശ് വാങ്ങി. അതൊന്ന് മാത്രമാണ് കാശിന്റെ വരവ്. ഒരുവിധത്തിൽ അമ്മയ്ക്ക് കണക്ക് നോക്കാനുള്ള മനസ്സുണ്ടായി. ഞാൻ സന്തോഷത്തോടെ കണക്ക് വായിച്ച് വിവരിച്ചുകൊടുത്തു. കലപ്പയ്ക്ക് കൊടുത്ത കൂലി മാത്രമാണ് പണച്ചെലവ്. മറ്റുള്ളതെല്ലാം അമ്മയുടെയും എന്റേയും പണിക്കൂലിയാണ്. വരവിന്റെ ഭാഗത്ത് കുറേ നാഴി എള്ള് നാട്ടുകാർക്ക് വിറ്റത് മാത്രമായിരുന്നു കണക്കിലുണ്ടായിരുന്നത്.

അമ്മ പറഞ്ഞു, ""വരവിൽ ഞാൻ പറയുന്നതെല്ലാം ചേർത്തോ.''
ഞാൻ, ""ശരി.'' എന്നുപറഞ്ഞു കൊണ്ട് പുഞ്ചിരിച്ചു.
അമ്മ പറയാൻ തുടങ്ങി: ""എരുമയ്ക്കുള്ള പുല്ല് ഒരു പത്ത് കെട്ട് എഴുതിക്കോ. അത് കൂടുതൽ തന്നെയായിരിക്കും. എങ്കിലും പത്തെന്ന് എഴുതിക്കോ, മതി.''
അതിന് എന്ത് വിലയിടും?
""വിലയൊക്കെ പിന്നീട് നോക്കാം. ഞാൻ പറയുന്നത് വരവുവയ്ക്ക്'' എന്ന് അമ്മ പറഞ്ഞു.
""എള്ളിൻകമ്പുകൾ വെള്ളം തിളപ്പിക്കാനായി ഒരു വർഷത്തേക്കുണ്ടാവും. അതും എഴുതിക്കോ.''
""നല്ലെണ്ണ ഏഴ് നാഴി എന്ന് എഴുതിക്കോ.''
""എള്ളുമാവ് പത്ത് വലിയ ഉരുളകൾ എന്ന് എഴുതിക്കോ.''
""ബാക്കിയുള്ള എള്ള് മറ്റൊരിക്കൽ എണ്ണയാട്ടാം. അത് ഒരു ഏഴ് നാഴി എന്ന് എഴുതിക്കോ.''
""പിന്നെ വിതയ്ക്കാതെ വെറുതെയിട്ടിരുന്നെങ്കിൽ ഞാനും നീയും എന്തു ചെയ്യുമായിരുന്നു? തിന്നുതിന്ന് വീട്ടിൽ കിടന്നുറങ്ങുമായിരുന്നു. എള്ളിൻപാടമാണ് നമുക്ക് പണി തന്നിരിക്കുന്നത്. രണ്ടുപേരുടേയും പണിയ്ക്കുള്ള കൂലി നീ ചെലവിലാണ് എഴുതിവച്ചിരിക്കുന്നത്. അത് തെറ്റാണ്. ഇപ്പോൾ അത് മാറ്റി വരവിലേക്കെഴുത്, കാണട്ടെ.''
ഞാൻ അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു, ""അതൊന്നും സമ്മതിക്കാനാവില്ല. അമ്മയൊന്ന് പോയേ...''
""കാശ് കൊടുത്ത് എരുമയ്ക്ക് പുല്ല് വാങ്ങിയിരുന്നെങ്കിൽ രണ്ടിരട്ടി ചെലവാകുമായിരുന്നു. നീയിപ്പോൾ പത്ത് കെട്ട് എന്ന് എഴുതിയില്ലേ. അത് അങ്ങനെ തന്നെ ഇരുപത് കെട്ട് എന്നെഴുതിയാലേ കണക്ക് ശരിയാവുകയുള്ളൂ.''
""ഹൂം... നിങ്ങൾ പറയുന്നതൊന്നും ശരിയല്ലമ്മേ...''
""ശ്ശെടാ... ഏതാടാ ശരിയല്ലാത്തത്? ഉഴവുകാരൻ കണക്കു പറഞ്ഞാൽ ഉഴവുകോൽ പോലും ബാക്കിയാവില്ലെന്ന് പഴഞ്ചൊല്ല് പറയാറുണ്ട്. അതിന് എന്താ അർത്ഥം? ഉഴവുകാരൻ കണക്ക് പറയരുത്. കണക്ക് പറയാനാണെങ്കിൽ ഞാൻ പറഞ്ഞതിനൊക്കെ എന്ത് വിലയിട്ടാണ് നീ കണക്കു കൂട്ടുക? നീ അതിരാവിലെ പാടത്തേക്ക് ചെന്ന് ചുറ്റിയടിച്ച് വരുമായിരുന്നല്ലോ. അതെല്ലാം കണക്കു കൂട്ടുകയാണെങ്കിൽ എന്താ പറയ്വാ... .?'' എന്ന് അമ്മ ചോദിച്ചു.
""നിങ്ങൾ എന്നെ പറ്റിക്കുകയാണ്. ഞാൻ സമ്മതിക്കില്ല. അമ്മയൊന്ന് പോയേ...'' എന്ന് ഞാൻ പറഞ്ഞു.
""ശരി, എങ്കിൽ പണ്ണൈച്ചീരയ്ക്കും കുറുക്കിനും ഭയങ്കര രുചിയാന്നും പറഞ്ഞ് നീ ഉരുട്ടിയുരുട്ടിത്തിന്നില്ലേ? കുമിട്ടിക്ക് സുഗന്ധമാണെന്ന് പറഞ്ഞ് നീ കൈയിൽ ഒഴിച്ചൊഴിച്ച് കഴിച്ചില്ലേ? അതിനൊക്കെ കണക്ക് പറയ്. ഇല്ലെങ്കിൽ അതെല്ലാം ഛർദ്ദിക്ക്.''
""അമ്മയൊന്ന് പോയേ... എന്നെക്കാളും നിങ്ങൾക്ക് കണക്കറിയാമോ?''
""പാടത്തെ പണിക്ക് കണക്കു പറഞ്ഞാൽ ഇങ്ങനെയൊക്കെയാണ്. എള്ളിൻപൂവ് പൂത്തപ്പോൾ പാടം മുഴുവൻ വെളുവെളാന്ന് വിടർന്ന് കിടന്നിരുന്നില്ലേ... അതിന് നീയൊരു കണക്ക് പറയ്, കാണട്ടെ...''
""അമ്മയൊന്നിങ്ങോട്ട് നോക്ക്യേ... കൈവശമുളള കാശ് കൊടുത്തതും, കൈയിലേക്ക് വന്ന കാശുമാണ് കണക്ക്. നിങ്ങൾ അതിനുള്ളിൽ നിന്നു കൊണ്ട് വേണം സംസാരിക്കാൻ.'' എന്ന് ഞാൻ പറഞ്ഞു.
എന്റെ കഴിവില്ലായ്മയെ മറന്നു കൊണ്ട് ഞാൻ വാക്കുകൾ ക്രൂരമായി പ്രയോഗിച്ചു.
""കണക്കെഴുതിയ ആ നോട്ടുപുസ്തകം ഇങ്ങു താ...'' എന്ന് പറഞ്ഞു കൊണ്ട് അമ്മ വാങ്ങിച്ചു.
എഴുതിയിരുന്ന പേജ് ശ്ശർറേന്ന് കീറിയെടുത്തു.
സമീപത്ത് കത്തിക്കൊണ്ടിരുന്ന അടുപ്പിനുള്ളിലേക്ക് തിരുകിക്കയറ്റി. താളിൽ കത്തിപ്പിടിച്ച തീ മുകളിലേക്കുയർന്ന് കത്തി.

അമ്മയെ വയ്ക്കുന്നയിടത്തെക്കുറിച്ച് പെട്ടെന്ന് എനിക്ക് തീരുമാനമറിയിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴേ അത് തീരുമാനിക്കണോ എന്ന സംശയവും, ജീവിച്ചിരിക്കുന്നവരെക്കുറിച്ച് സംസാരിക്കാൻ ഇതാണോ വിഷയം എന്ന തിരിച്ചറിവും ചേർന്ന് എന്നെ അലട്ടി.

കാറ്റിനൊപ്പം ഒരു യാത്ര

ന്റെ അമ്മ 02.12.12ന് നിര്യാതയായി.
അമ്മയുടെ ആയുസ്സ് ഇനി അൽപ്പകാലം കൂടിയേയുള്ളൂ എന്നത് ആറുമാസങ്ങൾക്ക് മുൻപു തന്നെ മനസ്സിലാക്കാനായി. കൂടിപ്പോയാൽ ഒരു വർഷം എന്നാണ് ഞാൻ കരുതിയിരുന്നത്. എനിക്ക് മാത്രമല്ല, വന്നു കണ്ടിട്ടു പോയ എന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും അതേ അനുമാനമായിരുന്നു. ഓരോരുത്തരുടെയും ദിവസക്കണക്കുകൾ അൽപ്പം വ്യത്യാസമുളളതായിരുന്നു എന്നതൊഴിച്ചാൽ, എല്ലാവരുടെയും തീരുമാനം ഒന്നു തന്നെയായിരുന്നു. അപ്പോൾത്തന്നെ ചിലരൊക്കെ, ""അമ്മയെ എവിടെയാണ് വയ്ക്കുന്നത്?'' എന്ന് ചോദിച്ചു.
"വയ്ക്കുക' എന്നത് പ്രാദേശികമായ പ്രയോഗമാണ്. അടക്കം ചെയ്യുക, ദഹിപ്പിക്കുക എന്നിങ്ങനെ രണ്ടിനുമുള്ള പൊതുവായ പറച്ചിലാണത്. സ്ഥലം ചൂണ്ടിക്കാട്ടിയിട്ട് ""ഇവിടെയാണ് അദ്ദേഹത്തെ വച്ചത്'' എന്ന് പറയാറുണ്ട്.
അമ്മയെ വയ്ക്കുന്നയിടത്തെക്കുറിച്ച് പെട്ടെന്ന് എനിക്ക് തീരുമാനമറിയിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴേ അത് തീരുമാനിക്കണോ എന്ന സംശയവും, ജീവിച്ചിരിക്കുന്നവരെക്കുറിച്ച് സംസാരിക്കാൻ ഇതാണോ വിഷയം എന്ന തിരിച്ചറിവും ചേർന്ന് എന്നെ അലട്ടി. പക്ഷേ, ഒരു ഘട്ടത്തിൽ അത് തീരുമാനിക്കേണ്ടതായി വന്നു.

ഞാൻ അപ്പോൾ ജില്ലാ ആസ്ഥാനത്ത് താമസിക്കുകയാണ്. എന്റെ സ്വന്തം നാട് ഇവിടെ നിന്നും നാൽപ്പത് മൈൽക്കല്ല് ദൂരത്തുള്ള പ്രാദേശികമായ ആസ്ഥാനത്താണ്. എന്നുവച്ചാൽ ആസ്ഥാനമേ അല്ല. ആ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഒരു നാടാണ്. എവിടെ വച്ച് ജീവൻ വെടിഞ്ഞാലും സ്വന്തം നാട്ടിലേക്ക് കൊണ്ടു ചെന്നിട്ടേ വയ്ക്കാൻ പാടുള്ളൂ. എങ്കിലേ അവരുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂ എന്നാണ് ആളുകൾ കരുതുന്നത്. സ്വന്തം നാട്ടിലാണെങ്കിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും വന്ന് മരിച്ചയാളെ കാണാനും ചടങ്ങുകൾ ചെയ്യാനും സൗകര്യമായിരിക്കും എന്നിവയും കാരണങ്ങളാണ്. ഈ പ്രായത്തിനുള്ളിൽ എനിക്ക് ഒരുപാടു പേരെ നഷ്ടമായിട്ടുണ്ട്. അപ്പൂപ്പൻ, മുത്തശ്ശൻ, അച്ഛൻ, മുത്തശ്ശി, ജ്യേഷ്ഠൻ എന്നിവരുടെ മരണങ്ങൾ കൃത്യമായ ഇടവേളകളിൽ അടുത്തടുത്തായി നടന്നവയാണ്.

അപ്പൂപ്പനെ നാട്ടിലെ ചുടുകാട്ടിൽത്തന്നെയാണ് വച്ചത്. പക്ഷേ, എന്റെ മുത്തശ്ശനെ സ്വന്തം ഭൂമിയിൽത്തന്നെ വയ്ക്കണം എന്ന് അച്ഛൻ ആഗ്രഹിച്ചതു കൊണ്ട് അപ്രകാരം തന്നെ ചെയ്തു. മുത്തശ്ശനെ അടക്കം ചെയ്ത സ്ഥലത്ത് എന്റെ അച്ഛൻ മദ്യലഹരിയിൽച്ചെന്നുരുണ്ട് കരയുകയും, ചിലപ്പോൾ അവിടെത്തന്നെ ഉറങ്ങിക്കിടക്കുകയും ചെയ്യും. അടുത്ത ഒരു വർഷത്തിനുള്ളിൽ അച്ഛൻ കാലംചെയ്തു. തന്റെ അച്ഛന്റെ ശവക്കുഴിയുടെ മുകളിൽ കിടന്നതുകൊണ്ടാണ് അദ്ദേഹം വേഗം തന്നെ ക്ഷണിച്ചത് എന്ന് എല്ലാവരും പറയുമായിരുന്നു. അതു കൊണ്ട് അച്ഛനെ കൃഷിയിടത്ത് വയ്ക്കരുത് എന്ന് തീരുമാനിച്ച്, ഞങ്ങൾ നാട്ടിലെ ചുടുകാട്ടിലേക്ക് കൊണ്ടുചെന്നു. മുത്തശ്ശിക്കും ജ്യേഷ്ഠനുമുളള സ്ഥലം അവിടെത്തന്നെയായിരുന്നു. നാട്ടിലെ ചുടുകാട് എന്നാൽ അത് ഒരു ജാതിക്ക് മാത്രമുള്ളതാണ്.

ഞങ്ങളുടെ നാട് ഇന്ന് വളരെ പുരോഗമിച്ചിരിക്കുന്നു. മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ടതാണ് എന്നതോടൊപ്പം തന്നെ ഹൗസിംഗ് ബോർഡ് കോളനികൾ വന്നതും അതിനോടു ചേർന്ന് വലിയ വലിയ പട്ടണങ്ങൾ ഉണ്ടായതും നാടിനെ നഗരത്തോട് പൂർണ്ണമായും കൂട്ടിച്ചേർക്കാനുള്ള കാരണമായി മാറി. നഗരത്തിനും ഞങ്ങളുടെ നാടിനും അഞ്ച് മൈൽക്കല്ല് ദൂരമുണ്ട് എന്ന് പറയുന്നത് പഴയകാലത്തായിരുന്നു. ഇപ്പോൾ നഗരത്തിന്റെ ഒരു ഭാഗം ഞങ്ങളുടെ നാടാണ് എന്നായിരിക്കുന്നു. ആ നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് ചെല്ലുന്ന പ്രധാന പാതയിലാണ് നാട് എന്നതുകൊണ്ടും, താമസത്തിന് അനുയോജ്യമായ പ്രദേശമായി മാറിയതുകൊണ്ടും ഇന്ന് ഞങ്ങളുടെ നാട് പ്രസിദ്ധമായ പ്രദേശമായി നിലകൊള്ളുന്നു. ""ഇത് എന്റെ നാടാണ്'' എന്ന് ഞാൻ പറയുകയാണെങ്കിൽ കേൾക്കുന്നവർ ഉടനെ തന്നെ ""ഞങ്ങളുടെ ഒരു ബന്ധു അവിടെയുണ്ട്'' എന്ന് പറയാൻ തുടങ്ങും. അവരോട് പഴയ നാടിനെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമായതിനാൽ ""അതേയോ...'' എന്നു പറഞ്ഞ് ഞാൻ കേട്ടുകൊണ്ടിരിക്കും.

ചുടുകാട്ടിലേക്ക് നമുക്കായി നമ്മൾ തന്നെ പദ്ധതി പ്രകാരം ചുറ്റുമതിൽ, ദഹിപ്പിക്കാനുള്ള ഇടം, മണ്ഡപം എല്ലാം നിർമ്മിച്ച് സംരക്ഷിച്ചു വരികയാണ്. ഇന്നുവരെ യാതൊരു കൂടിച്ചേരലിനും ഇടം നൽകാതെ അത് ഒരേ ജാതിക്കുള്ള പൂർണ്ണമായ ചുടുകാടായി വിളങ്ങുന്നു.

നഗരത്തിനും നാടിനുമിടയ്ക്കുള്ള അകലമില്ലാതായാൽപ്പോലും നാട് ഇപ്പോഴും തന്റേതായ തനിമ രണ്ടു കാര്യങ്ങളിൽ സുരക്ഷിതമാക്കി വച്ചിരിക്കുന്നു. ആദ്യത്തേത് അമ്പലമാണ്. രണ്ടാമത്തേത് ചുടുകാടും. ഹൗസിംഗ് ബോർഡ് കോളനിക്കാരും മറ്റുള്ളവരും എത്രയോ ശ്രമിച്ചു നോക്കിയതാണ്. ഒന്നും നടന്നില്ല. ചുടുകാട്ടിലേക്ക് നമുക്കായി നമ്മൾ തന്നെ പദ്ധതി പ്രകാരം ചുറ്റുമതിൽ, ദഹിപ്പിക്കാനുള്ള ഇടം, മണ്ഡപം എല്ലാം നിർമ്മിച്ച് സംരക്ഷിച്ചു വരികയാണ്. ഇന്നുവരെ യാതൊരു കൂടിച്ചേരലിനും ഇടം നൽകാതെ അത് ഒരേ ജാതിക്കുള്ള പൂർണ്ണമായ ചുടുകാടായി വിളങ്ങുന്നു. എന്റെ അമ്മയെയും അവിടെത്തന്നെ വയ്ക്കണമെന്നതാണ് ബന്ധുക്കളുടെ ആഗ്രഹം. അവിടെ എന്റെ അമ്മയ്ക്ക് തീർച്ചയായും ഇടം നൽകേണ്ടി വരും. ആർക്കും സാധ്യമല്ല എന്ന് പറയാനാവില്ല. എന്തെന്നുവച്ചാൽ, നാട്ടിലെ അമ്പലത്തിലേക്ക് വർഷം തോറും ഉത്സവസമയത്ത് മുടങ്ങാതെ ഞാൻ സംഭാവന നൽകി വരുന്നുണ്ട്. നാട്ടിൽ ഞങ്ങൾ താമസിക്കുന്ന പ്രദേശം മറ്റൊരു നാടുമായി ചേർന്നാണിരിക്കുന്നത്. അത് ഞങ്ങളുടെ സ്വന്തം നാടല്ല. എങ്കിലും ആ നാട്ടിലെ അമ്പലത്തിലേക്കും മുടങ്ങാതെ ഞങ്ങൾ സംഭാവന നൽകുന്നുണ്ട്. അവിടെയും ചുടുകാടുണ്ട്. ആ നാട്ടുകാർക്കും സ്ഥലമില്ല എന്നു പറഞ്ഞ് വിസമ്മതിക്കാനാവില്ല.
ഞാൻ ജില്ലാ ആസ്ഥാനത്ത് വീട് വാങ്ങി താമസിച്ചു വരുന്നു. എന്റെ വീടുള്ള പ്രദേശം നഗരപ്രാന്തത്തിലാണ്. ഒരു പഞ്ചായത്ത് ഉൾപ്പെട്ടതാണ്. ഇത്രയും കാലം പഞ്ചായത്തിന്റേതു തന്നെയായിരുന്നു.

2005-ൽ വീട് വാങ്ങി ഞാൻ താമസമാക്കിയപ്പോൾ ആ തെരുവിൽ ഉണ്ടായിരുന്നവർ എന്റെ ജാതിയെക്കുറിച്ച് ചോദിച്ചിരുന്നു. അതേ തെരുവിലുളള എന്റെ കോളേജിൽ ജോലി ചെയ്യുന്ന സഹ അധ്യാപകനോട് ഇക്കാര്യം അന്വേഷിച്ചിരിക്കുന്നു. ഞാൻ ഏത് ജാതിയായാലും കൊള്ളാം, ദളിതനാവരുത് എന്നാണ് അവർ മൊത്തത്തിൽ പ്രതീക്ഷിക്കുന്നത്. സഹ അധ്യാപകനും കോളേജിൽ ആരോടൊക്കെയോ അന്വേഷിച്ചരിക്കുന്നു. എന്റെ ജാതി കണ്ടുപിടിക്കുകയെന്നത് അത്രയ്ക്ക് എളുപ്പമായിരുന്നില്ല.

ഞാൻ അതേ ജില്ലയിൽപ്പെട്ടയാളാണ് എങ്കിലും, അതേ പ്രദേശത്തുള്ളയാളല്ല. ആ പ്രദേശത്ത് ഞാൻ പുതിയവൻ തന്നെയാണ്. ഞാൻ പരിചയപ്പെടുന്ന ആളുകൾ പലതരത്തിൽപ്പെട്ടവരാണെങ്കിലും, അധ്യാപക സംഘടനയ്ക്കുള്ളിൽ നിലനിന്നിരുന്ന ഒരു ജാതി സംഘങ്ങളിലും എന്നെ ചേർത്തിരുന്നില്ല എന്നതിനാലും ജാതി തിരിച്ചറിയാൻ പെട്ടെന്ന് അദ്ദേഹത്തിന് സാധിച്ചില്ല. എന്നോടൊപ്പം നടക്കുന്ന വിദ്യാർത്ഥികൾ അധികവും ദളിതരായതിനാൽ ഞാനും ദളിതനാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. ഉറപ്പിക്കാനായുള്ള ബലമുള്ള തെളിവൊന്നും അകപ്പെട്ടില്ല. ജാതിയറിയാനായി പലതരത്തിലുള്ള യുക്തികൾ പ്രയോഗിക്കുന്ന അധ്യാപകരിൽ ഒരാൾ ഞങ്ങളുടെ കോളേജിൽ അപ്പോൾ ഉണ്ടായിരുന്നു. അദ്ദേഹം എനിക്ക് ഒരു കെണി വച്ചതാണ്. മറ്റൊന്നുമല്ല, തന്റെ ഒരു ബന്ധുവിന് ഞങ്ങളുടെ നാട്ടിൽ ഒരു പെണ്ണു കിട്ടുമോ എന്നു ചോദിച്ചു. അപ്പോൾ ഒഴിവാക്കാനാവാതെ, ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കേണ്ടി വന്നു.

നഗരപ്രാന്തങ്ങളിൽ താമസമാക്കുമ്പോഴും ജാതീയമായ പിടുത്തം അയയുന്നില്ല. തെരുവ് അംഗീകരിച്ചതിനു ശേഷം, നാട് അംഗീകരിക്കണം എന്ന പ്രശ്‌നമുദിച്ചു.
നാടിന്റെ അംഗീകാരം എന്നത് നേരത്തെ പറഞ്ഞ രണ്ട് കാര്യങ്ങളായ അമ്പലം, ചുടുകാട് എന്നിവയിൽ അടങ്ങിയിരിക്കുന്നു.

വിവാഹം എന്നാൽ ആ ജാതിയിൽ തുടക്കത്തിൽത്തന്നെ കുലത്തിന്റെ വിഭാഗങ്ങളെക്കുറിച്ച് പറയുന്നതാണ് രീതി. ഒരേ കുലമായാൽ അളിയന്മാരെപ്പോലുള്ള ബന്ധമാണ്. വിവാഹത്തിന് അത് അനുയോജ്യമല്ല. വെവ്വേറെ കുലമായാൽ അമ്മാവനും മച്ചുനനും തമ്മിലുള്ള ബന്ധമാകും. ആ രീതിപ്രകാരം ചെറുക്കൻ ഏത് കുലമാണെന്ന് ഞാൻ ചോദിച്ചു. അങ്ങനെ സംസാരം നീണ്ട് ""നിങ്ങൾ ഏത് കുലമാണ്? ഏതാണ് നിങ്ങളുടെ അമ്പലം?'' എന്നതിന് മറുപടി പറഞ്ഞു കൊണ്ട് കെണിക്കുള്ളിലേക്ക് ഞാൻ ചെറുതായൊന്ന് നുഴഞ്ഞു പോയി. പെട്ടെന്ന് വാതിലടച്ച് ജാതിക്കൂട്ടിനുള്ളിൽ അദ്ദേഹം കുടുക്കി. അദ്ദേഹം വഴി എന്റെ ജാതി കണ്ടുപിടിച്ച്, ഉറപ്പിച്ച് തെരുവിലേക്ക് അറിയിപ്പ് വന്നുകഴിഞ്ഞു. പക്ഷേ, തെരുവിലുള്ളവർക്ക് സംശയം തീർന്നില്ല.

എന്റെ ഭാര്യ മൂക്കുത്തി അണിഞ്ഞിരുന്നു. ഒറ്റക്കല്ലുള്ള ചെറിയ മൂക്കുത്തിയാണ്. ഈ പ്രദേശത്ത് ഇന്ന ജാതിക്കാർ മൂക്കുത്തി അണിയാറില്ല. ആടയാഭരണങ്ങൾ വച്ചും, സംസാരിക്കുന്ന രീതി ശ്രദ്ധിച്ചും, മുഖം മുതലായ ശരീരഘടന കൊണ്ടും, ചടങ്ങുകൾ ശ്രദ്ധിച്ചും പല തരത്തിൽ ജാതി തീരുമാനിക്കുന്നത് നടപ്പുരീതിയായിരിക്കുന്നു. എന്റെ ഭാര്യയുടെ മൂക്കുത്തിയിലൂടെ ഞങ്ങളുടെ ജാതിയുടെ തിരിച്ചറിയൽ ചോദ്യത്തിനാധാരമായി. എന്റെ ജാതി ഉറപ്പിച്ചതിനു ശേഷം, ""അവർ മൂക്കുത്തി അണിഞ്ഞിരിക്കുന്നു'' എന്ന് ചിലർ പറഞ്ഞു.
ഒരാൾക്ക് തുടർച്ചയായി രണ്ടോ മൂന്നോ കുഞ്ഞുങ്ങളുണ്ടായി മരണപ്പെട്ടാൽ അടുത്തതായി ജനിക്കുന്ന കുഞ്ഞിന് മൂക്കു കുത്തിയ ശേഷം, "കുപ്പായി' എന്ന് പേരിടുന്ന രീതിയുണ്ട്. അങ്ങനെ ഞാൻ ചിലരോട് പറഞ്ഞിട്ടുണ്ട്. അതിലും തൃപ്തിയായിട്ടില്ല.

അത്തരത്തിലുളള സമയങ്ങളിൽ മൂക്ക് കുത്തിയാലും പിന്നീട് ഊരിക്കളയുന്നതാണ് നമ്മുടെ ശീലം എന്ന് അവർ പറഞ്ഞു. അത് തിരിച്ചറിയാനായി മൂക്കിൽ ഒരു ചെറിയ തുള മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതൊഴിച്ചാൽ, മൂക്കുത്തി അണിയാറില്ല.
""പല പലതരങ്ങളാണ് മൂക്കുത്തിയണിയുന്നത്'' എന്നു പറയും. ഞങ്ങളെക്കുറിച്ച് വ്യക്തത വരുന്നതു വരെ അടുത്തിടപഴകാൻ പലർക്കും മടിയായിരുന്നു. എങ്ങനെയോ, ഒരു വിധത്തിൽ ആ തെരുവിൽ ഞങ്ങൾ സ്വീകാര്യരായി. ഇത്തരം ചുറ്റുപാടിൽ ഒരു ദളിതന്റെ അവസ്ഥ എത്ര വേദനാജനകമായിരിക്കും എന്നത് അപ്പോൾ എനിക്ക് മനസ്സിലായി. ഇത്തരത്തിലുളള നഗരപ്രാന്തങ്ങളിൽ താമസമാക്കുമ്പോഴും ജാതീയമായ പിടുത്തം അയയുന്നില്ല. തെരുവ് അംഗീകരിച്ചതിനു ശേഷം, നാട് അംഗീകരിക്കണം എന്ന പ്രശ്‌നമുദിച്ചു.
നാടിന്റെ അംഗീകാരം എന്നത് നേരത്തെ പറഞ്ഞ രണ്ട് കാര്യങ്ങളായ അമ്പലം, ചുടുകാട് എന്നിവയിൽ അടങ്ങിയിരിക്കുന്നു. ഓരോ വർഷവും മാസി മാസം നാട്ടുകാർ പത്തോ പതിനഞ്ചോ പേർ കൈയിൽ നോട്ടുപുസ്തകവുമായി തെരുവിലേക്ക് വരും. അമ്പലത്തിൽ ഉത്സവമാണെന്നും, സ്വന്തം വീടുള്ളവർ ഇത്ര സംഭാവന, വാടക വീട്ടുകാർ ഇത്ര സംഭാവന എന്നും പറയും. സംഭാവന കൊടുക്കണം. അമ്പലം എവിടെയാണ് എന്നതു പോലും എനിക്ക് നാളിതുവരെ അറിയില്ല. പക്ഷേ, ഏഴോ എട്ടോ വർഷങ്ങളായി ഞാൻ അമ്പലത്തിലേക്ക് സംഭാവന നൽകി വരുന്നുണ്ട്. സംഭാവന നൽകിയില്ലെങ്കിൽ ഇവർ എന്തു ചെയ്യും? നാട്ടിലെ ചുടുകാട്ടിൽ അനുവാദം തരില്ലത്രേ. ഇവിടെയും നാട്ടിലെ ശ്മശാനം എന്നു പറയുന്നത് ജാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിൽ ഇടം നേടണമെങ്കിൽ അതേ ജാതിക്കാരനാകുകയോ പിന്നോക്ക ജാതിക്കാരനാകുകയോ ചെയ്യണം. ദളിതരാണെങ്കിൽ സംഭാവന തന്നെ സ്വീകരിക്കില്ല. സംഭാവന നൽകിയാൽ അവകാശമാകും. നാട്ടിലെ നദിയുടെ ഒരു വശത്തുളള ശ്മശാനം ഇന്നും നന്നായി സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ട്. എല്ലാ ഗ്രാമങ്ങളെയുംപോലെ തന്നെ ആ നാട്ടിലും ദളിതുകൾക്ക് പ്രത്യേക ശ്മശാനം തന്നെയാണ്. ആ വഴിക്ക് പോകുമ്പോഴെല്ലാം അവിടെ ഒരിടം വേണം എന്നതു കൊണ്ട് വർഷം തോറും വരിസംഖ്യ അടയ്ക്കണമെന്ന് തോന്നും.

ഇത്തരത്തിൽ ഞാൻ മൂന്ന് നാടുകൾക്കും സംഭാവന നൽകി ശ്മശാനത്തിൽ ഇടം ഉറപ്പിച്ചു വച്ചിരുന്നു. എന്റെ അമ്മ നന്നായിരുന്നതു വരെ സ്വന്തം നാട്ടിൽത്തന്നെ തനിച്ച് താമസിക്കുകയായിരുന്നു. അവസാനത്തെ ഒരു വർഷമാണ് നഗരത്തിൽ ഞങ്ങളുടെ വീട്ടിൽ താമസിച്ചത്. നന്നായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കളിയാക്കുന്നതു പോലെ ഒരു പ്രാവശ്യം ""എന്താമ്മേ, നിങ്ങളെ എവിടെയാ അടക്കേണ്ടത്?''എന്ന് ഞാൻ ചോദിച്ചു.
അമ്മ അലസമായി പറഞ്ഞു; ""എവിടെയെങ്കിലും അടക്ക്. ചത്ത ശവം ഏത് തെരുവിലേക്കായാലെന്താ?''
മൂന്നു സ്ഥലങ്ങളിലും രജിസ്‌ട്രേഷൻ കർശനമായിരുന്നതായി അമ്മയ്ക്കറിയാം. ""എന്തിനാണ് ഇങ്ങനെ എല്ലാ നാടുകളിലേക്കും നീ സംഭാവന നൽകുന്നത്?'' എന്ന് അമ്മ ദേഷ്യപ്പെട്ട് ചോദിച്ചിട്ടുണ്ട്.
""ശരി, എങ്കിൽ ഏത് നാട്ടിലേക്കാണ് കൊടുക്കേണ്ടാത്തത് എന്നു പറയ്...'' എന്ന് ഞാൻ തിരിച്ചു ചോദിക്കും.
ആലോചിച്ചിട്ട്, ""നാട്ടുകാരോട് വിരോധിച്ചിട്ട് എന്തു ചെയ്യാനാ? ശരി, ദൈവത്തിനല്ലേ... കൊടുത്തേക്ക്. നാളെ ഞാൻ ചത്തുപോയാൽ കൊണ്ടു വയ്ക്കാൻ ശ്മശാനം വേണ്ടേ?'' എന്ന് പറഞ്ഞിട്ടുണ്ട്.
എന്നിട്ടും തന്നെ വയ്ക്കാനായി ഒരിടം അവർ കൃത്യമായി പറഞ്ഞില്ല. അതിൽ എനിക്ക് സങ്കടം തന്നെയാണ്. അവരവർക്ക് അവകാശപ്പെട്ട ഇടം അവരവർ തന്നെ തെരഞ്ഞെടുക്കുകയാണെങ്കിൽ പ്രശ്‌നമില്ലായിരുന്നു.

അമ്മയ്ക്കുള്ള ഇടം തീരുമാനിക്കേണ്ടതായ നിർബന്ധിത സാഹചര്യമുണ്ടായപ്പോൾ തീവ്രമായി ചിന്തിക്കേണ്ടി വന്നു. ഞാൻ താമസിക്കുന്ന നഗരം തന്നെ മതിയെന്ന് തീരുമാനിച്ചു. മരണത്തിനു ശേഷമുള്ള ചടങ്ങുകൾ മുതലായ എല്ലാത്തിനും നമ്മൾ താമസിക്കുന്ന സ്ഥലമാകുന്നതാണ് നല്ലത് എന്നതുകൊണ്ടാണ് ഞാൻ അങ്ങനെ തീരുമാനിച്ചത്. അമ്മയുടെ ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്താലോ എന്നും ചിന്തിച്ചു. എന്റെ ഭാര്യാപിതാവിന്റെയും ഭാര്യാമാതാവിന്റെയും, രണ്ടു പേരുടെയും ശരീരം അത്തരത്തിൽ ദാനം ചെയ്തിരുന്നു. റായവേലൂരിലുളള സിനംസി ആശുപത്രിക്ക് അവരുടെ ശരീരങ്ങൾ എല്ലാവിധ ബഹുമാനങ്ങളോടെയും കൊണ്ടു ചെന്നെത്തിക്കുന്ന ഉത്തരവാദിത്വം ""ഉതവും ഉള്ളങ്കൾ'' എന്ന സ്ഥാപനം ഏറ്റെടുത്തു. ബന്ധുക്കൾക്ക് ആത്മസംതൃപ്തിയേകുന്ന തരത്തിലായിരുന്നു ആ സ്ഥാപനത്തിന്റെ പ്രവർത്തനം.

ജാതിക്കും മതത്തിനും അതീതമായി എല്ലാവർക്കും പൊതുവായ ഒരിടമാണത്. പക്ഷേ, ആർക്കും ആറടി പോലും സ്വന്തം എന്ന് പറഞ്ഞ് ആഘോഷിക്കാനാവില്ല. തുറസ്സായ ആകാശത്ത് ശരീരം പുകയായി അലിഞ്ഞു ചേരുന്നു. അമ്മയെ ഞാൻ അത്തരത്തിൽ കാറ്റിനൊപ്പം പറഞ്ഞയച്ചു.

എന്നാൽ ഇവിടെ അത്തരത്തിൽ ഒരു സ്ഥാപനം ഇല്ല.
ഈ നാട്ടിൽ താമസിച്ചിരുന്ന അറിയപ്പെടുന്ന പുസ്തകശേഖരമുണ്ടായിരുന്ന അയ്യാ നാ. പ. രാമസ്വാമി അവർകളുടെ കുടുംബക്കാർ എല്ലാവരും ശരീരം ദാനം ചെയ്യുന്നതായി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് എഴുതി നൽകിയിരുന്നു. എന്റെ അമ്മ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് അയ്യായുടെ ഭാര്യ മരിച്ചു പോയി. അവരുടെ മൃതശരീരം എടുത്തുകൊണ്ടു പോകാനായി ആ ആശുപത്രിയിൽ നിന്നും യാതൊരു ഏർപ്പാടും ചെയ്തില്ല. വളരെ ബുദ്ധിമുട്ടി മൃതശരീരം അവിടേക്ക് കൊണ്ടു ചെന്നെത്തിച്ചു. ആ സ്ഥാപനം പ്രവർത്തിച്ച രീതിയിൽ അദ്ദേഹത്തിന് വളരെയധികം മനോവേദനയുണ്ടായി. ആ അനുഭവത്തെക്കുറിച്ച് കേട്ടതിനു ശേഷം, അമ്മയുടെ ശരീരം ദാനം ചെയ്യാനുളള തീരുമാനം ഞാൻ ഉപേക്ഷിച്ചു.

അമ്പലത്തിലേക്ക് സംഭാവന നൽകിയാലും നാട്ടിലുള്ള ശ്മശാനത്തിൽ സംസ്‌കരിക്കാൻ എന്തോ എനിക്ക് മനസ്സു വന്നില്ല. അത് ഒരു പ്രത്യേക ജാതിയുടെ നിയന്ത്രണത്തിൽ ഉള്ളതുകൊണ്ടും മുഖപരിചയമില്ലാത്തവരുടെ അടുക്കൽ ചെന്ന് അനുവാദത്തിനായി നിൽക്കേണ്ടി വരും എന്നതിനാലും നിത്യവും ആ വഴിയിലൂടെ എനിക്ക് കോളേജിലേക്ക് പോകേണ്ടിയിരുന്നതു കൊണ്ട് അമ്മയുടെ ഓർമ്മകൾ ഉണ്ടായിക്കൊണ്ടേയിരിക്കും എന്നതുകൊണ്ടും അതുവേണ്ട എന്നു തോന്നി. മുനിസിപ്പാലിറ്റിക്ക് സ്വന്തമായി ശ്മശാനമുണ്ട്. അത് സകല ജാതിക്കാർക്കും മതക്കാർക്കും പൊതുവായുളളതാണ്. എങ്കിലും ചവറു കൂമ്പാരവും ഓടകൾ ഒഴുകുന്ന പ്രദേശവുമായിരുന്നു. അതു കാണുന്ന ആർക്കും മരണശേഷം അവിടേക്ക് വന്നേക്കരുത് എന്നേ തോന്നുകയുള്ളൂ. ജീവിച്ചിരിക്കുമ്പോഴാണ് പ്രശ്‌നങ്ങളെന്നു കരുതിയാൽ മരണശേഷവും ഇത്രക്ക് പ്രശ്‌നങ്ങളാണോ?

ഈ ചിന്തകൾ എന്റെയുള്ളിലുണ്ടായ നിമിഷത്തിൽ ഞങ്ങളുടെ കോളേജിലെ ഒരു അധ്യാപകന്റെ ചെറുപ്രായക്കാരനായ മകൻ രക്താർബുദം ബാധിച്ച് മരിച്ചു. ആ പിഞ്ചുകുഞ്ഞിന്റെ ശരീരം ദഹിപ്പിക്കാനായി ചെന്നപ്പോഴാണ് ഞാൻ വൈദ്യുത ശ്മശാനം കണ്ടത്. അത് ആരംഭിച്ച് അൽപ്പദിവസങ്ങളേ ആയിരുന്നുള്ളൂ. മരവും ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെയായി ഭംഗിയായി സംരക്ഷിച്ചിരുന്ന അത് കണ്ടപ്പോൾ ""ഇതാണ് മരണശേഷം എത്തിച്ചേരേണ്ട ഇടം'' എന്ന് മനസ്സിൽത്തോന്നി. ആയതു കൊണ്ട് അമ്മയ്ക്ക് ആ വൈദ്യുത ശ്മശാനം മതിയെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു.

ജാതിക്കും മതത്തിനും അതീതമായി എല്ലാവർക്കും പൊതുവായ ഒരിടമാണത്. പക്ഷേ, ആർക്കും ആറടി പോലും സ്വന്തം എന്ന് പറഞ്ഞ് ആഘോഷിക്കാനാവില്ല. ഒരു മണിക്കൂറിനുളളിൽ ശരീരം ചാമ്പലായി ഉള്ളം കൈയ്യുടെ അളവു മാത്രമായി കിട്ടുന്നു. തുറസ്സായ ആകാശത്ത് ശരീരം പുകയായി അലിഞ്ഞു ചേരുന്നു. അമ്മയെ ഞാൻ അത്തരത്തിൽ കാറ്റിനൊപ്പം പറഞ്ഞയച്ചു. പുറംലോകം എന്തെന്നറിയാതെ ജീവിച്ച അമ്മ ഇപ്പോഴെങ്കിലും സകല ലോകത്തെയും ദർശിച്ച് സന്തോഷിക്കട്ടെ. മരിപ്പിന് താമസിച്ചെത്തിയ ചിലർ ""അമ്മയെ നീ എവിടെയാണ് അടക്കിയത്?'' എന്ന് ചോദിച്ചു. ഞാൻ എന്റെ നെഞ്ചിലേക്ക് തൊട്ടു കാണിച്ചു. തമാശയാണെന്ന് കരുതി എല്ലാവരും ചിരിച്ചു. വൈദ്യുത ശ്മശാനത്തിലുള്ള ഇടം ആർക്കും, ഒരു ജാതിക്കാർക്കും അവകാശപ്പെടാനാവില്ല. അങ്ങനെയാണെങ്കിൽ അമ്മയെ അടക്കിയ സ്ഥലം എന്റെ നെഞ്ചല്ലാതെ മറ്റേതാണ്? വേണമെങ്കിൽ കാറ്റിനെ കാട്ടിക്കൊടുക്കാം. ▮

(ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പെരുമാൾ മുരുകന്റെ ‘അദൃശ്യ സാന്നിദ്ധ്യം’ എന്ന പുസ്​തകത്തിൽനിന്ന്. തമിഴിൽനിന്ന്​ മൊഴിമാറ്റം ഡോ. മിനിപ്രിയ ആർ. തമിഴ് ഒറിജിനൽ ടൈറ്റിൽ: തൊണ്ടറാത് തുണൈ. തമിഴ് പ്രസാധകർ: കാലച്ചുവട് പതിപ്പകം)


പെരുമാൾ മുരുകൻ

തമിഴ് കഥാകൃത്ത്, നോവലിസ്റ്റ്, കവി, വിവർത്തകൻ. നാമക്കൽ ഗവ. ആർട്‌സ് കോളേജിൽ തമിഴ് പ്രൊഫസർ. 'ഇളമരുത്' എന്ന പേരിലാണ് കവിത എഴുതുന്നത്. 'മാതൊരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വ സംഘടനകൾ ഭീഷണിയുമായി രംഗത്തെത്തിയതിനെതുടർന്ന് താൻ എഴുത്തുനിർത്തുകയാണെന്ന് 2015ൽ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട്, വിവാദഭാഗങ്ങൾ നീക്കം ചെയ്താണ് നോവൽ പ്രസിദ്ധീകരിക്കുകയും പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തത്. ഏറുവെയിൽ, സൂളമാതാരി, അർധനാരി (നോവലുകൾ), നീർവിളയാട്ട് (കഥ), നീർമിതക്കും കൺകൾ (കവിത) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments