മീഡിയ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര വാർത്താ ചിത്രമേളയിൽ അതിഥിയായിട്ടാണ് വിഖ്യാത ഫോട്ടോഗ്രഫർ നിക്ക് ഉട്ട് കേരളത്തിലെത്തിയത്. നിക്ക് ഉട്ടിനെ കേരളം മുഴുവൻ കൊണ്ടു പോവണമെന്നും അതിന്റെ ചുമതല മുസ്തഫ ഏറ്റെടുക്കണമെന്നും സംഘാടകർ എന്നോട് ആവശ്യപ്പെട്ടു. ചില ബുദ്ധിമുട്ടുകൾ കാരണം എനിക്ക് ഒഴിയേണ്ടി വന്നു. കോഴിക്കോടും തിരുവനന്തപുരവും ഞാൻ നോക്കിക്കൊള്ളാം എന്ന് ഏറ്റു. നിക്ക് ഉട്ടിന്റെ ഒരു ഫോട്ടോ എക്സിബിഷനും ടൗൺ ഹാളിൽ ഒരു പൊതു പരിപാടിയുമാണ് കോഴിക്കോട്ട് പ്ലാൻ ചെയ്തത്. അതിന്റെ ഉദ്ഘാടകനായിരുന്നു എം.ടി. നമ്മളേക്കാളേറെ നിക്ക് ഉട്ടിനെക്കുറിച്ച് എം.ടി. പഠിച്ചിരുന്നു. നിക്ക് ഉട്ട് ആരാണെന്നും വിയറ്റ്നാം യുദ്ധം എന്തായിരുന്നുവെന്നും ആഴത്തിൽ ആദ്യമേ തന്നെ അറിഞ്ഞുവെച്ചിരുന്ന ആളാണ് എം.ടി. ആ ഒരു താൽപര്യത്തോടെയാണ് എം.ടി. പരിപാടിക്ക് വന്നത്.
വേദിയിൽ എം.ടി. കൈ കൊടുക്കുന്നത് കാണുമ്പോൾ നമുക്കറിയാം. ഇഷ്ടമുള്ളവർക്ക് കൈകൊടുക്കുമ്പോൾ പ്രത്യേകം തൊടലും തലോടലുമൊക്കെയുണ്ടാവും. നിക്ക് ഉട്ടിന് കൈ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ രണ്ട് കൈയ്യും എം.ടി കൂട്ടിപ്പിടിച്ചിരുന്നു. പരിപാടിക്ക് ശേഷം നിക്ക് ഉട്ടിനെ കോഴിക്കോട്ടെ വിവിധ സ്ഥലങ്ങൾ കൊണ്ട് കാണിച്ചതും ഞാനായിരുന്നു. കളരിയും മുസ്ലിം പള്ളികളും അങ്ങാടിയുമൊക്കെ കാണിച്ചു. ശേഷം എം.ടിയോട് നിക്ക് ഉട്ടിനെ വീട്ടിലേക്ക് കൊണ്ടുവരട്ടേയെന്ന് ചോദിച്ചു. അദ്ദേഹം ഭയങ്കര സന്തോഷത്തോടെ, കൊണ്ടുവരൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ നിക്ക് ഉട്ടിനെയും കൊണ്ട് ചെന്നു. നിക്ക് ഉട്ടിനും ഭയങ്കര സന്തോഷമായി. ഇരുവരും വിശദമായി പരിചയപ്പെട്ടു. ഒരുപാട്നേരം സംസാരിച്ചു. അന്നെടുത്ത ഫോട്ടോ കണ്ടാലറിയാം രണ്ടുപേരും സന്തോഷത്തിലായിരുന്നു. എം.ടി. തന്റെ ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു.

45 വർഷത്തിലധികമായി ഞാൻ ഫോട്ടോ എടുക്കുന്നു. കേരള കൗമുദിയിലുണ്ടായിരുന്നപ്പോഴാണ് അദ്ദേഹവുമായി ഏറ്റവും കൂടുതൽ ഞാൻ ബന്ധപ്പെടുന്നത്. 83 മുതലുള്ള കാലമാണ്. ആ സമയത്താണ് എം.ടി. രണ്ടാമൂഴം എഴുതാൻ തുടങ്ങുന്നത്. പുസ്തകങ്ങളുടെ ഉള്ളിലായിരുന്നു അക്കാലത്തെന്ന് എം.ടി തന്നെ രണ്ടാമുഴം എഴുതിയതിനെക്കുറിച്ച് കൗമുദിക്കു വേണ്ടിയുള്ള ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. മുസ്തഫ വേണമായിരുന്നു അങ്ങനെയൊരു പടം എടുക്കാനെന്ന് എന്നോടും പറഞ്ഞു.
രണ്ടാമൂഴം വരുമ്പോൾ അതിന്റെ കവർപേജിലും അകത്തും കൊടുക്കാൻ എം.ടിയുടെ പടമെടുക്കണമെന്ന് ജയചന്ദ്രൻ സർ എന്നെ വിളിച്ചു പറഞ്ഞു. നമ്പൂതിരി വരയ്ക്കുന്നു, ഞാൻ ഫോട്ടോ എടുക്കുന്നു. ആദ്യം നമ്പൂതിരി ഒരു കാരിക്കേച്ചർ വരച്ച് എം.ടിയെ കാണിച്ചപ്പോൾ പറഞ്ഞു ഇത് ഞാൻ കിരാതനെപ്പോലെയുണ്ടെന്ന്. എന്തും വെട്ടിത്തുറന്ന് പറയുന്നൊരു ക്യാരക്ടറാണ് അദ്ദേഹത്തിന്റേത്. പക്ഷേ ഉള്ളിന് ഭയങ്കര ഇഷ്ടമായിരിക്കും. നമ്പൂതിരി വേറെ വരച്ചു കൊടുത്തു. അത് എം.ടിക്ക് ഭയങ്കരമായി ഇഷ്ടപ്പെടുകയും ചെയ്തു. ആ ഫോട്ടോസൊക്കെ എൻറെ കയ്യിലുണ്ടായിരുന്നു, നമ്പൂതിരി എം.ടിക്ക് ചിത്രം കാണിച്ച് കൊടുക്കുന്നതും അഭിപ്രായം പറയുന്നതിൻറേയുമൊക്കെ. പലതും നഷ്ടപ്പെട്ടുപോയി.

എം.ടിയുടെ എഴുത്തും നമ്പൂതിരിയുടെ വരയുമായി വളരെ മനോഹരമായ രണ്ടാമൂഴം കലാകൗമുദിയിൽ വന്ന് കൊണ്ടിരിക്കുന്ന കാലത്താണ് എം.ടി. എന്നോട് പറയുന്നത്, എനിക്ക് മുസ്തഫ എടുത്ത ചിത്രങ്ങളൊക്കെ ഒന്ന് കാണണമെന്ന്. ഞാൻ ജയചന്ദ്രൻ സാറിനോട് ചോദിച്ചപ്പോൾ പറഞ്ഞു, എല്ലാ പടവും കാണിച്ച് കൊടുത്ത് ആവശ്യമുള്ള കോപ്പി കൊടുക്കണേ എന്ന് പ്രത്യേകം പറഞ്ഞു. അതിൽ നിന്ന് എം.ടി. മനോഹരമായ പത്ത് ചിത്രങ്ങൾ തെരഞ്ഞെടുത്തിട്ട് പറഞ്ഞു, അതിന്റെ പത്ത് കോപ്പി വേണമെന്ന്... ഞാൻ ഓഫീസിൽ ചെന്ന് ആ നൂറ് കോപ്പിയും പ്രിൻറ് ചെയ്ത് കൊടുത്തു. ആ ചിത്രങ്ങൾ അദ്ദേഹത്തിന് അത്രയും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം അടുക്കുന്നത്. എൻ.പി. മുഹമ്മദിന്റെ വീടുമായിട്ട് എം.ടിക്ക് അടുത്ത ബന്ധമുണ്ട്. എൻ.പിയുടെ മകൻ ഹാഫിസ് എന്റെ സുഹൃത്താണ്, അവനെ കാണാൻ ഞാൻ എൻ.പിയുടെ വീട്ടിൽ ചെല്ലാറുണ്ട്. അങ്ങനെയാണ് എം.ടിയെ എനിക്ക് കൂടുതൽ പരിചയമാവുന്നത്. അവർ വാസുവേട്ടാ എന്നാണ് വിളിക്കാറ്, ആ വിളി തന്നെയാണ് ഞാനും തുടർന്നത്.
അവിടെ വെച്ച് തന്നെയാണ് എം.ടി. കരയുന്ന ഒരു കാഴ്ചയും ഞാൻ കണ്ടത്. എൻ.പി. മുഹമ്മദ് മരിച്ചപ്പോൾ കാണാൻ വന്നതായിരുന്നു എം.ടി. പൊതുവെ മരിച്ച വീടുകളിലും കല്ല്യാണവീടുകളിലും എം.ടി പോവാറില്ല. എൻ.പിയുമായുള്ള വളരെക്കാലത്തെ ബന്ധം കൊണ്ടാണ് അവിടെ വന്നത്. എൻ.പിയെ കണ്ട് എം.ടി പൊട്ടിക്കരഞ്ഞു. കട്ടിലിലേക്ക് വീണ് എം.ടി. കരഞ്ഞു. ഞാൻ ആ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു അന്ന്. അതുകൊണ്ട് അന്ന് എന്റെ കയ്യിൽ ക്യാമറയുണ്ടായിരുന്നില്ല. മനോരമയിലെ ശ്രീവൽസൻ എന്ന ഫോട്ടോഗ്രഫറാണ് ആ കരയുന്ന പടം എടുത്തത്. അത് വളരെ അപൂർവമായിട്ടുള്ള ഒരു സംഭവമാണ്. അത് കഴിഞ്ഞ് എം.എം.എ സ്കൂളിനടുത്തുള്ള പള്ളിയിൽ എൻ.പിയുടെ മയ്യിത്ത് നിസ്കാരത്തിനും ഖബറടക്കത്തിനും കൂടിയിട്ടാണ് എം.ടി. മടങ്ങിയത്. അന്ന് ഒ.എൻ.വി. കുറുപ്പും കൂടെയുണ്ടായിരുന്നു. അത്ര അടുത്ത ബന്ധമാണ് എൻ.പിയുമായി എം.ടിക്കുണ്ടായിരുന്നത്. ആ ബന്ധത്തിൽ നിന്നാണ് അറബിപ്പൊന്ന് എന്ന നോവൽ ഉണ്ടാവുന്നത്.

എം.ടിയ്ക്ക് വേറൊരു സ്വഭാവമുണ്ട്. വേദിയിൽ എം.ടിയും പിണറായി വിജയനുമാണെങ്കിലും എം.ടിയും ഗവർണറുമാണെങ്കിലും, ആരുമാവട്ടെ... എം.ടി അങ്ങോട്ട് ചെന്ന് സംഭാഷണമാരംഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവര് ഇങ്ങോട്ട് ചോദിച്ചാൽ അതിന് മറുപടി പറയും. അത്രയേ ഉള്ളൂ... പക്ഷേ സംസാരിച്ച് തുടങ്ങിയാൽ വളരെ രസകരമായി സംസാരിക്കും. എനിക്ക് തന്നെ നാലഞ്ച് ഇൻറർവ്യൂ തന്നിട്ടുണ്ട്. പഴയ കഥകളൊക്കെ ഭയങ്കര രസമായിട്ട് പറഞ്ഞിരിക്കും. ഞാൻ ഒരിക്കൽ എം.ടിയോട് പറഞ്ഞിട്ടുണ്ട്, മകൾ അശ്വതിക്ക് ഒരു കുഞ്ഞുണ്ടായപ്പോഴാണ് എം.ടിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നതെന്ന്. കൊച്ചു മക്കളുണ്ടാവുമ്പോൾ മുത്തച്ഛന്മാരുടെ സ്വഭാവം മാറുന്നത് കാണാറുണ്ട്. എന്‍.പിയും അങ്ങനെയായിരുന്നു. എം.ടി യുടെ വീട്ടിൽ ആരെങ്കിലും ശബ്ദമൊക്കെ ഉണ്ടാക്കിയാൽ, 'ആരാണത്' എന്നൊക്കെ ഞെട്ടിക്കുന്ന സ്വഭാവമായിരുന്നു. കൊച്ചുമകൻ വന്നപ്പോഴാണ് എം.ടിയുടെ ആ സ്വഭാവമൊക്കെ തകർന്ന് തരിപ്പണമായത്. ഇവര് രണ്ടുപേരും ഭയങ്കര സുഹൃത്തുക്കളുമായിരുന്നു.

മനോരമയിൽ നിന്ന് വിരമിച്ച ശേഷം ഒരിക്കൽ ദേശാഭിമാനി എന്നോട് അവരുടെ സൺഡേ സപ്ലിമെന്റിലേക്ക് എം.ടിയുടെ കുറച്ച് ചിത്രങ്ങൾ എടുത്ത് കൊടുക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ചിലരൊക്കെ ആവശ്യപ്പെടാറുണ്ട്. പലർക്കും എം.ടിയെ നേരിട്ട് അപ്രോച്ച് ചെയ്യാൻ പേടിയായിരുന്നു. അങ്ങനെ ഞാൻ ചെന്ന് കുറേ ചിത്രങ്ങളെടുത്ത് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. പോവല്ലേ എന്ന് പറഞ്ഞ് എം.ടി. വീട്ടിനകത്തേക്ക് പോയി. കൊച്ചുമകനെയും എടുത്താണ് എം.ടി. തിരിച്ചു വന്നത്. ഇവന്റെ കൂടെയുള്ള കുറച്ച് പടങ്ങൾ കൂടി എടുത്ത് തരണമെന്നാവശ്യപ്പെട്ടു. എം.ടിയെ സംബന്ധിച്ച് നോക്കുമ്പോൾ വളരെ അപൂർവമായൊരു കാര്യമായിരുന്നു അത്.
ഇടയ്ക്ക് കാണാം എം.ടി. കുട്ടികൾക്കുള്ള പുസ്തകം എടുത്ത് വെച്ച് കൊച്ചുമകന് അതിലെ കാര്യങ്ങളൊക്കെ പറഞ്ഞു കൊടുക്കുന്നത്. അതിനിടയ്ക്ക് പയ്യൻ എം.ടിയുടെ മീശ പിടിച്ച് വലിക്കുന്നതും അടികൂടുന്നതും കാണാം. എം.ടിക്കപ്പോൾ ചമ്മലാവും, ഞാനിത് കണ്ട് പോയല്ലോ എന്നാലോചിച്ച്. എം.ടിയാണല്ലോ ഇത്. വേറൊരു രസമെന്താന്ന് വച്ചാൽ അശ്വതിയ്ക്കും ഇത് കണ്ട് അത്ഭുതമാണ്. രണ്ട് പേരും കൂടിയാവുമ്പോൾ മറ്റാർക്കും അങ്ങോട്ട് പ്രവേശനമില്ല. ഒരു ദിവസം അശ്വതി ചെന്ന് നോക്കുമ്പോൾ എം.ടിയുടെ പുറത്ത് കയറിയിരുന്ന് ആന കളിക്കുകയാണ് കൊച്ചുമകന്‍. ഞാൻ തന്നെ ഒരിക്കൽ അത്തരമൊരു പടമെടുത്തിട്ടുണ്ട്. ഞാനും അജീബ് കോമാച്ചിയും ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ എം.ടിയുടെ തോളിൽ കയറിയിരുന്ന് കളിക്കുകയാണ് പയ്യൻ.

എം.ടിയുടെ പടങ്ങൾ വച്ച് ഞങ്ങൾ അഞ്ചുപേർ ചേർന്ന് ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. ഞാൻ, കെ.ആര്‍ വിനയൻ, ഡി ജയചന്ദ്രൻ, പുനലൂർ രാജൻ, അജീബ് കോമാച്ചി എന്നിവർ. വാസുവേട്ടനോട് ഞാൻ പറഞ്ഞു, കോഴിക്കോട് ലാൻഡ്മാർക്കുള്ള ഒരൊറ്റ പടവും താങ്കളുടേതായി എനിക്ക് കിട്ടിയിട്ടില്ല, അതും കൂടെ കിട്ടിയാലേ ഈ എക്സിബിഷൻ പൂർണമാവൂ എന്ന്. എവിടെ വേണമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞങ്ങൾ ബീച്ചിൽ ചെന്ന് ഫോട്ടോ എടുത്തത്.
അദ്ദേഹം ഒരു തിരക്കഥാകൃത്തും സിനിമാ സംവിധായകനും ഒക്കെ ആയതുകൊണ്ട് എങ്ങനെ പോസ് ചെയ്യണമെന്ന് നന്നായിട്ടറിയാം. ഒന്ന് പറഞ്ഞു കൊടുത്താൽ മതി, അത് പോലെ ചെയ്തു തരും. ഒരു സ്പോട്ട് കാണിച്ചു കൊടുത്താൽ മതി, നമ്മൾ വിചാരിക്കുന്ന അതേ പോലെ പോസ് ചെയ്തുതരും. പക്ഷേ ഇതിനൊക്കെ അദ്ദേഹവുമായി അങ്ങനെയൊരു ബന്ധം വേണമെന്ന് മാത്രം. അരസികന്മാരെയും ബുദ്ധിശൂന്യരേയും ഞാൻ അടുപ്പിക്കില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ ഒരു കാർക്കശ്യം അദ്ദേഹം സൂക്ഷിച്ചിരുന്നു.