ജോർദാൻ, ഫലസ്തീൻ, ലിബിയ...ചില അനുഭവങ്ങൾ

സൗദി അറേബ്യയിൽ എങ്ങിനെ ജീവിക്കാനാവുന്നു! ഇത്രയും സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്ടിൽ മനുഷ്യർക്ക് കഴിയാനാവുമോ? നിങ്ങൾക്ക് ഭ്രാന്തുണ്ടോ അങ്ങോട്ടുപോകാൻ? ഇങ്ങിനെ ഒത്തിരിചോദ്യങ്ങളെ നേരിട്ടാണ് ഞാൻ സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. അൽപം ആശങ്കയൊക്കെ മനസ്സിലുണ്ടായിരുന്നെന്നതും നേര്- ഗൾഫ് ഓർമയെഴുത്തിന്റെ ആറാം ഭാഗം

സ്വാതന്ത്ര്യമെന്നത് കൂറ്റൻ മഞ്ഞുമലയെപ്പോലെയാണ്. മുകളിൽ കാണാനാവുന്നത് ചെറിയൊരുഭാഗം, വളരെ ചെറിയ ഒരംശം. മനുഷ്യർ സ്വാതന്ത്ര്യം അനുഭവിക്കുന്നതും സ്വതന്ത്രരാകുന്നതും കൂടുതലും ആന്തരികതയിലാണ്. ഫാസിസ്റ്റ് പ്രത്യയശാസ്​ത്രങ്ങൾക്കും മതയാഥാസ്ഥിതികതയ്ക്കും അടിമകളായവർ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഉള്ളിലെ ഇരുട്ടിനെ മറച്ചുപിടിക്കാനാണ്. സത്യത്തിൽ അതിന്റെ തനിമ അതിനെ നേരിടുന്നവർക്കേ വെളിപ്പെടൂ. മറ്റുള്ളവരുടേത് കേട്ടുകേൾവിയും കെട്ടുകഥകളുമാണ്.
സൗദി അറേബ്യയിൽ എങ്ങനെ ജീവിക്കാനാവുന്നു! ഇത്രയും സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്ടിൽ മനുഷ്യർക്ക് കഴിയാനാവുമോ? നിങ്ങൾക്ക് ഭ്രാന്തുണ്ടോ അങ്ങോട്ടുപോകാൻ? ഇങ്ങനെ ഒത്തിരി ചോദ്യങ്ങൾ നേരിട്ടാണ് ഞാൻ സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. അൽപം ആശങ്ക മനസ്സിലുണ്ടായിരുന്നെന്നതും നേര്.

എന്നിട്ടും ഈ രാജ്യം എന്റെ അനുഭവത്തിലേക്ക് കടന്നുനിന്നത് പുതുവായുവിന്റെ ഹർഷാരവങ്ങളോടെ ആയിരുന്നു. ദുബായിലെ അന്നത്തെ സാമൂഹിക-സാംസ്‌കാരിക പ്രവർത്തനങ്ങളെല്ലാം കമ്പാർട്ടുമെന്റലൈസ്ഡ് ആയിരുന്നു. ഒരു കൂട്ടം ആളുകൾ നാലുപാടും മതിലുകൾ തീർത്ത് കൂടിക്കലരുന്നു. നമ്മൾ എന്നായിരുന്നില്ല മറിച്ച് ഞങ്ങൾ എന്നായിരുന്നു അവിടെ നിലപാടുതറ. ദേശക്കൂട്ടങ്ങൾ, കക്ഷിരാഷ്ട്രീയക്കൂട്ടങ്ങൾ, മത-ജാതി കൂട്ടങ്ങൾ, യാതൊരുവിധ ഇന്ത്യത്വവും ഇല്ലാത്ത ഇന്ത്യൻ അസോസിയേഷനുകൾ ഇതൊക്കെയായിരുന്നു നാട്ടുനടപ്പ്. ഇവകളിൽപ്പോലും കമ്പാർട്ടുമെന്റുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ നിന്ന് കാണുമ്പോൾ സൗദി തുറവിയുടെ ഇടമായിരുന്നു. ഗൾഫ് മേഖലയിലെ മറ്റെല്ലായിടങ്ങളിലെയും പോലെ ഇവിടെയും സ്വദേശികളും പരദേശികളും രണ്ട് വ്യതിരിക്തസമൂഹങ്ങളായിരുന്നു. കൊടുക്കൽ വാങ്ങലുകൾ അത്യപൂർവം. പരസ്പരം ഇടപെടുന്നുമില്ല, ഇടങ്കോലിടുന്നുമില്ല. അപൂർവം ചില അടുത്ത സൗദി മിത്രങ്ങളുടെ വീടുകളിൽ പോയിട്ടുണ്ട്. പുരുഷന്മാരല്ലാതെ സ്ത്രീകളാരും നമ്മുടെ മുന്നിലേക്ക് വരുന്നില്ല. അത്യപൂർവമായി വയോധികയായ അമ്മയെ നമ്മൾ പരിചയപ്പെട്ടേക്കാം. ഫലസ്തീൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള അറബികൾ ഈ കാര്യത്തിൽ ഭിന്നരായിരുന്നു. അവർ കുടുബമായി ഇടപഴകിയിരുന്നു.

ജോർദാൻകാരും ഫലസ്തീൻകാരും

മുസ്‌ലിംകളും ക്രൈസ്തവരും ഇടകലർന്ന് കഴിയുന്ന ജോർദാൻ സമൂഹം വളരെ ലിബറലായിരുന്നു. ഫലസ്തീൻകാരും ഇപ്രകാരമായിരുന്നെങ്കിലും അവർ ഇത്ര ലിബറലായിരുന്നില്ല. ഇവർക്കിടയിൽ ഇതേച്ചൊല്ലി ചില ഏറ്റുമുട്ടലും ഉണ്ടാകുമായിരുന്നു. രസകരമായ ഒരു ഓർമ: ഇസാത് ഞങ്ങളുടെ കമ്പനിയിൽ മാനേജരായിരുന്നു. മുൻശുണ്ഠി അൽപം കൂടുതലായിരുന്നെങ്കിലും രസികൻ. ആയിടെ മാനേജർ തസ്തികയിൽ ചേർന്ന സുലൈമാൻ എന്ന ഫലസ്തീനി വംശജനായ ജോർദാൻ പൗരൻ തികഞ്ഞ മതയാഥാസ്ഥിതികനും. ഇവർ സീനിയർ ക്യാമ്പിൽ അടുത്തടുത്ത വീടുകളിലാണ് പാർത്തിരുന്നത്. ഇരുവർക്കും വീടിനുമുന്നിൽ പൂന്തോട്ടവും ഉണ്ടായിരുന്നു. തോട്ടം നനയ്ക്കുന്നത് ഒരേസമയത്തായാലും അത് സമാധാനപരമായി സമാപിച്ചിരുന്നു. അപ്പോളാണ് റമദാൻ നോമ്പാചരണം വന്നത്. കടുത്ത വേനൽ. ക്രൈസ്തവനായതിനാൽ ഇസാത്തിന് ഇതൊന്നും വിഷയമേ ആയിരുന്നില്ല. സുലൈമാൻ അതോടെ കടുത്ത ഭക്തിയിലേക്ക് ഊർന്നിറങ്ങി. സകലം ഭക്തിമയം. ജലപാനം പോലുമില്ലാതെ, ഉമിനീരിറക്കാതെ ഇഷ്ടപുകവലി വെടിഞ്ഞ് അയാൾ കൊടുംചൂടുള്ള പകലിൽ വ്യാപരിച്ചു. അന്ന് രാവിലെ നനയ്ക്കാനെത്തിയപ്പോൾ പുന്നാരം പറഞ്ഞ് ഭാര്യയും സുലൈമാനൊപ്പമുണ്ടായിരുന്നു. നോമ്പുമാസത്തിൽ പരമ്പരാഗത വസ്​ത്രമായ നെടുങ്കൻ അറബിക്കുപ്പായമായിരുന്നു സുലൈമാന്റെ വേഷം. വൈകാതെ ഇസാത്തും ഉദ്യാനപരിപാലനത്തിനെത്തി. കൊടിയ ചൂട് പരിഗണിച്ച് അയാളുടെ വേഷം പരമാവധി ചുരുങ്ങിയ ഒരു നിക്കർ മാത്രമായിരുന്നു. അത് അശ്ലീലവും അനാദരവുമായി സുലൈമാന് തോന്നി. അയാളത് തുറന്നുപറഞ്ഞു. കുറച്ചുകൂടി ശരീരം മറക്കുന്ന ഒരു വസ്​ത്രം നോമ്പുമാസത്തിൽ ധരിക്കണമെന്ന് സുലൈമാൻ ഇസാത്തിനോട് പറഞ്ഞു. ഈ വസ്​ത്രത്തിനെന്താണ് കുറവെന്നായി ഇസാത്ത്. കൊടുംചൂടിൽ വീട്ടുമുറ്റത്ത് ഇത് മാന്യന്മാരുടെ മാന്യമായ വസ്​ത്രമാണെന്ന് ശബ്ദമുയർത്തി അയാൾ വാദിച്ചു. വാഗ്വാദം ബഹളമയമായി മുറുകി. കലികയറിയ ഇസാത്ത് അതോടെ നിക്കറും താഴേക്കിറക്കി; ‘ഈ വസ്​ത്രം നിനക്ക് മതിയാകുമോ?' എന്നലറി. അതോടെ സുലൈമാന് ഭ്രാന്ത് പിടിച്ചു. അവർ കൈയ്യാംകളിയിലെത്തി. അടുത്തുള്ള വീടുകളിൽ നിന്ന്​ താമസക്കാർ പുറത്തിറങ്ങി ഫ്രീസ്‌റ്റൈൽ ഗുസ്തി പുലർകാലസദ്യയായി ആസ്വദിച്ചു. ഇരുവരുടെയും നല്ലപാതികളും വഴക്ക് ഏറ്റുപിടിച്ചു. ഒടുവിൽ സെക്യൂരിറ്റി ഗാർഡുകളെത്തിയാണ് അവരെ വേർപ്പെടുത്തിയത്. വൈകാതെ അവരൊലൊരാളുടെ പാർപ്പിടം കോമ്പൗണ്ടിന്റെ മറ്റൊരു മൂലയിലേക്ക് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചു.

ഇന്ത്യക്കാരും സൗദികളും

ഇന്ത്യക്കാർക്കും സൗദികൾക്കുമിടയിലെ സാമൂഹിക വേർതിരിവിന് ധനാത്മകമായ വശവും ഉണ്ടായിരുന്നു. സമൂഹികജീവിതവും ജീവിതസമീപനങ്ങളും ഭിന്നരായിരുന്നവർ പരസ്പരം ഇടപെടാതെ, അതിക്രമിച്ചുകയറാതെ ജീവിക്കാൻ ശീലിച്ചു. മതസ്പർദ്ധ ഇന്ന് ഇന്ത്യയിൽ കാണപ്പെടുന്നത്ര പോലും അവിടെ ഇല്ലായിരുന്നു. ജീവിതത്തെ അവർ പൊതുവിടങ്ങളിലേക്ക് കൊണ്ടുവന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി; ഞങ്ങൾക്ക് ഞങ്ങളുടെ വഴി എന്നതായിരുന്നു സൗദികളുടെ പൊതുസമീപനം. ആദ്യ ക്രിസ്​മസിന് ഞാൻ നേരിട്ട അസുഖകരമായ അനുഭവത്തിനുപിന്നിൽ മതമൗലികവാദികളായ ചില ഹൈദരാബാദുകാരായിരുന്നെന്ന് പിന്നീടറിഞ്ഞു. അവർ പരാതിയുമായി മതകാര്യപ്പൊലീസിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. അവരിൽച്ചിലർ പിന്നീട് എന്റെ സുഹൃത്തുക്കളായി സമീപനങ്ങളിൽ മാറ്റമുള്ളവരാവുകയും ചെയ്തു.
സൗദികളുടെ ഈ താൽപര്യരാഹിത്യമാണ് ഓണവും വിഷുവും ദീപാവലിയും ക്രിസ്​മസുമെല്ലാം പരമ്പരാഗത രീതിയിൽത്തന്നെ സൗദിയിൽ ആഘോഷിക്കാൻ ഇന്ത്യക്കാർക്ക് സൗകര്യമൊരുക്കിയത്. എല്ലാ ആഘോഷങ്ങളെയും എല്ലാവരും പിന്തുണച്ചു. സാമ്പത്തികസഹായവും നൽകി. മിക്ക സംഘടനകളും ഓണവും ക്രിസ്മസും ഈദ്‌പെരുന്നാളും ആഘോഷിക്കുന്നവരായിരുന്നു. ഇതിൽ മതഭേദം തരിമ്പും ഇല്ലായിരുന്നു. പ്രാർത്ഥനാസംഘങ്ങളും സജീവമായിരുന്നു. നായർക്കും ഈഴവർക്കും വേറിട്ട സംഘടനകളായി. ക്രൈസ്തവർക്കിടയിലെ സകലമാന ഗ്രൂപ്പുകൾക്കും പ്രത്യേക പ്രാർത്ഥനാസംഘങ്ങളുണ്ടായി. ഇതോടൊപ്പമാണ് കക്ഷിരാഷ്ട്രീയക്കാരുടെ ഒത്തൊരുമകൾ പുഷ്ടി പ്രാപിച്ചത്. സാഹിത്യപ്രണയികൾ ചുമ്മാതിരിക്കുമോ? പട്ടണങ്ങൾതോറും അവരും സുസംഘടിതരായി.

മുകുന്ദൻ മേനോനും കുടുംബവും
മുകുന്ദൻ മേനോനും കുടുംബവും

പെരുമ്പടവം മുതൽ കേണൽ മുകുന്ദൻ മേനോൻ വരെ

ആയിടെയാണ് കുവൈത്തിലെ ‘കല’ എന്ന സംഘടന ഗൾഫ് രാജ്യങ്ങളിൽ പാർക്കുന്നവർക്ക്​ കഥാമത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് കാഷ് അവാർഡിനൊപ്പം അവിടെച്ചെന്ന് അവാർഡ് വാങ്ങിപ്പോരാൻ വിമാനടിക്കറ്റും താമസസൗകര്യവും വാഗ്ദാനം ചെയ്തു. നാട്ടിലായിരുന്നപ്പോൾ രണ്ടാംനിര ആനുകാലികങ്ങളിൽ ഇടയ്ക്ക് കഥ എഴുതിയിരുന്നെങ്കിലും ഗൾഫിൽ എത്തിയശേഷം എഴുത്തിന് സുല്ലിട്ടമട്ടായിരുന്നു. സൗദി അറേബ്യ കൂടുതൽ ഒഴിവുനേരവും എഴുത്തിനെ പോഷിപ്പിക്കുന്ന സ്വകാര്യതയും നൽകി. വായനയും കൂടിവന്നു. നീണ്ട ഇടവേളയ്ക്കുശേഷം ഒരു കഥ എഴുതി കുവൈത്തിലേക്കയച്ചു. റിസൾട്ട് വന്നപ്പോൾ എമിരേറ്റിൽ നിന്നുള്ള മഹ്‌റൂഫും ഞാനും സമ്മാനിതരായി. വലിയ കഴമ്പൊന്നുമില്ലാത്ത സമ്മാനമായിരുന്നു അതെങ്കിലും അതിനായി കുവൈത്തിലേക്ക് പോയതും പെരുമ്പടവം ശ്രീധരനിൽ നിന്ന് സമ്മാനം സ്വീകരിച്ചതും രണ്ടുദിവസം പൂർണമായി സാഹിത്യത്തിൽ മുഴുകി പെരുമ്പടത്തിനും ‘കല’യിലെ സാഹിത്യതൽപ്പരർക്കൊപ്പം കഴിഞ്ഞതും എന്നിലെ സാഹിത്യപ്രണയിയെ കുറച്ചൊന്നുമല്ല ഉണർത്തിയത്. പെരുമ്പടവം ശ്രീധരനുമായി അന്ന് തുടങ്ങിയ സൗഹൃദം ഇന്നും അടുപ്പത്തോടെ തുടരുന്നു. ഇപ്പോൾ ആസ്​ത്രേലിയയിലുള്ള റോയി നെറ്റോയും അന്നത്തെ ‘കല’യുടെ സംഘാടകരിൽ ഒരാളായിരുന്നു. അതും നല്ല സൗഹൃദമായി തുടരുന്നു.
എഴുത്തിലേക്ക് കാര്യമായി ഇറങ്ങിനിന്നുവെങ്കിലും ഒരപര്യാപ്തതയെ വേണ്ടവിധം അപ്പോൾ എനിക്ക് പരിഗണിക്കാനായില്ല: എഴുത്തിന്റെ സമകാലികതയുമായി ഞാൻ അകലത്തിലായിരുന്നു. ലോകത്തിലും അതുവഴി മലയാളത്തിലും കഥ എവിടെയാണ് നിൽക്കുന്നതെന്ന് ഞാൻ തേടിയില്ല.
മനോഹരമായ മലയാളത്തിൽ അതിമനോഹരമായി പ്രസംഗിക്കുന്ന ഷംസുദ്ദീൻ കായിപ്പുറവും ഞാനും ജുബൈൽ പട്ടണത്തിൽ ജോലിചെയ്യുന്നവരായിരുന്നു. നാനാവിധ അളവുകളിലുള്ള പലവിധ ലോഹക്കൂട്ടുകളിൽ തീർത്ത നട്ടും ബോൾട്ടും വിൽക്കുന്ന കടയുടെ മാനേജരായിരുന്നു ഷംസുദ്ദീൻ. ജോലികഴിഞ്ഞ് നേരെ ഷംസുവിന്റെ കടയിലെത്തും. രണ്ടുപേരും കൂടി തൊട്ടരുകിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം പോലെ ഏകതൊഴിലാളി ചായക്കടയിൽ പോകും. അവിടത്തെ ഉണ്ടമ്പൊരിയും നെയ്യപ്പവും പഴം പൊരിച്ചതുമെല്ലാം പ്രസിദ്ധമായിരുന്നു. ചായയും ഏതെങ്കിലുമൊരു പൊരിപ്പലഹാരവും ഞങ്ങൾ സാഹിത്യത്തോടൊപ്പം ദിനവും ആഹരിച്ചു. അപ്പോഴാണ് ഞങ്ങളെത്തുന്ന അതേസമയം അവിടെത്തുന്ന മറ്റൊരാളെ ശ്രദ്ധിച്ചത്. നല്ല ഉയരവും ദൃഢശരീരവും. പിരിച്ച് കൂർപ്പിച്ച മീശ. ഒരു സൈനികന്റെ കെട്ടും മട്ടും.

കുവൈത്ത്​ ‘കല’യുടെ പരിപാടിയിൽ പെരുമ്പടവം​ ശ്രീധരനൊപ്പം ഷംസുദ്ദീൻ കായിപ്പുറം, മുകുന്ദൻ മേനോൻ, ലേഖകൻ എന്നിവർ
കുവൈത്ത്​ ‘കല’യുടെ പരിപാടിയിൽ പെരുമ്പടവം​ ശ്രീധരനൊപ്പം ഷംസുദ്ദീൻ കായിപ്പുറം, മുകുന്ദൻ മേനോൻ, ലേഖകൻ എന്നിവർ

മാറ്റമില്ലാതെ നെയ്യപ്പവും ചായയുമാണ് സേവ. അദ്ദേഹത്തിന്റെ വിചിത്രമായ ഒരു ദിനസരിയാണ് ഞങ്ങളെ ആകർഷിച്ചത്. നെയ്യപ്പം വാങ്ങിയാലുടൻ അത് ഞെക്കിപ്പിഴിഞ്ഞ് എണ്ണ പുറത്തുകൊണ്ടുവരും. ഇയാൾ വല്ല എണ്ണ കുഴിപ്പൻ ജോലിയിലുമായിരിക്കുമെന്ന് ഷംസ് തമാശിച്ചു. എണ്ണ ഖനനത്തിന്റെ രണ്ടാംഘട്ടത്തിൽ അത് ഒരു താളത്തിൽ മീശയിൽ പുരട്ടി അതിന്റെ അഗ്രങ്ങളെ കൂർപ്പിക്കുന്നത് കാണേണ്ടകാഴ്ചയായിരുന്നു. അതിനുശേഷമായിരുന്നു തീറ്റയും കുടിയും. ഒരാളോടും മിണ്ടില്ല, മന്ദഹസിക്കുകപോലുമില്ല. ഒരു ദിവസം ഞങ്ങൾ കക്ഷിയുടെ പുറകേ വച്ചുപിടിച്ചു. ഒപ്പമെത്തി ചോദിച്ചു, ‘മലയാളിയാണോ?'.
‘ആണെങ്കിൽ?' എന്നൊരു മറുചോദ്യമായിരുന്നു ഉത്തരം.

ഞങ്ങൾ അതിവിനയം ഭാവിച്ചപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചു. അത് ഒരൊന്നൊന്നര ചിരിയായിരുന്നു.അദ്ദേഹം പാലക്കാടുകാരനായ റിട്ടയേഡ് കേണൽ മുകുന്ദൻ മേനോൻ. ജുബൈലിൽ സ്വന്തമായി ചെറിയൊരു ബിസിനസ് നടത്തുന്നു. സംഭവകഥകളുടെ പൂരപ്പറമ്പായിരുന്നു കേണൽ. ബോംബെയിലെ അധോലോകത്തെ വാടകക്കൊലയാളിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മുങ്ങിപ്പൊങ്ങിയിരിക്കുകയാണ് സൗദി അറേബ്യയിൽ. ബോംബെയിൽ ഈസ്റ്റ്-വെസ്റ്റ് എയർലൈൻസിന്റെ ഹ്യുമൻ റിസോഴ്‌സ് മാനേജരായിരുന്നു. അതിന്റെ ഉടമ തിരുവനന്തപുരം സ്വദേശിയായ തക്കിയുദ്ദീൻ വാഹിദിനെ ഛോട്ടാ രാജൻ എന്ന അധോലോക നേതാവ് നിയോഗിച്ച കിങ്കരന്മാർ വെടിയുതിർത്ത് കൊല്ലുകയായിരുന്നു. ഏതൊരു ത്രില്ലർ നോവലിനെയും വെല്ലുന്ന ഉദ്വേഗം തിരതല്ലുന്ന സംഭവങ്ങളുടെ തുടർച്ചകൾ കേട്ട് ഞങ്ങൾ അക്ഷരാർത്ഥത്തിൽ തരിച്ചിരുന്നുപോയി. അവയുടെ സവിശേഷ സ്വകാര്യസ്വഭാവം കാരണം അവ ഗുപ്തമായിത്തന്നെ ഇരുന്നോട്ടെ.

സൗദിയിലെ കോൺഗ്രസ് പോര്

ആ അവസരത്തിലാണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ കോൺഗ്രസ് സംഘടനകൾ ചേർന്ന് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷിച്ചത്. കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളിൽ നിന്നും പ്രതിനിധികൾ പ്രാസംഗികരായി ഉണ്ടായിരുന്നു. എന്നെയവർ മുഖ്യപ്രഭാഷകനായി ക്ഷണിച്ചു. ദമാമിൽ നടന്ന ആ സമ്മേളനത്തിന്റെ ഉദ്ഘാ​ടകൻ ഇപ്പോൾ കോൺഗ്രസ്​ ഓവർസീസ് സംഘടനകളുടെ ഔദ്യോഗിക കോഓർഡിനേറ്ററായ, എഴുത്തുകാരൻ കൂടിയായ മൻസൂർ പള്ളൂർ. ജവഹർലാൽ നെഹ്രുവിന്റെ കോൺഗ്രസിനോടൊപ്പമാണ് ഇന്ത്യക്കാരിൽ ഭൂരിപക്ഷമെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർഗ്ഗീയതയെ വേണ്ടവിധം ശത്രുവായി പരിഗണിക്കുന്നില്ലെന്നും അതിനാലാണ് മുസ്‌ലിംലീഗും കേരളാ കോൺഗ്രസും ഒപ്പമുള്ളതെന്നും ഇത് തുടരുന്നത് കോൺഗ്രസിന്റെ അപചയത്തിനും തകർച്ചയ്ക്കും കാരണമാകും എന്നതിനാണ് ഞാൻ പ്രസംഗത്തിൽ ഊന്നൽ നൽകിയത്. തുടർന്ന് പ്രസംഗിച്ചവരിൽ മിക്കവരും എന്നെ നിശിതമായി വിമർശിച്ചു.

കോൺഗ്രസ്​ ഓവർസീസ് സംഘടനകളുടെ ഔദ്യോഗിക കോഓർഡിനേറ്റർ മൻസൂർ പള്ളൂർ ദമാമിൽ നടന്ന സെമിനാറിൽ സംസാരിക്കുന്നു.
കോൺഗ്രസ്​ ഓവർസീസ് സംഘടനകളുടെ ഔദ്യോഗിക കോഓർഡിനേറ്റർ മൻസൂർ പള്ളൂർ ദമാമിൽ നടന്ന സെമിനാറിൽ സംസാരിക്കുന്നു.

ലീഗിന്റെയും കേരളാകോൺഗ്രസിന്റെയും പ്രതിനിധികൾ ശത്രുവായി പ്രഖ്യാപിച്ചത് എന്നെ ആഹ്ലാദിപ്പിച്ചു. അവരുടെ എല്ലാവിധ സാംസ്‌കാരിക പരിപാടികളിൽനിന്നും ഞാൻ അകറ്റിനിർത്തപ്പെട്ടു. അത് ഒരു കുടിപ്പകയായി അവരിപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. (ലീഗിനോട് അടുപ്പം പുലർത്തുന്ന ചിലരും രൂപീകരിച്ച ഒരു സൗദി മലയാള സമാജം അടുത്തകാലത്ത് മലയാളകഥയുടെ ജൂബിലി ആഘോഷിക്കാൻ ദമാമിൽ ഒരു സമ്മേളനം നടത്തി. മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങളിൽ പതിവായി എഴുതുന്ന സൗദിയിൽ നിന്നുമുള്ള ഏകവ്യക്തിയായിട്ടുപോലും കഥയുടെ ജൂബിലിക്ക് ഞാൻ ക്ഷണിക്കപ്പെട്ടില്ല എന്നത് എനിക്ക് രസകരമായി തോന്നി.) ഏതായാലും കോൺഗ്രസിന്റെ ദമാം സമ്മേളനം എനിക്ക് നിരവധി നല്ല മിത്രങ്ങളെ കൊണ്ടുവന്നു. ഷംസുദ്ദീൻ കായിപ്പുറം, സലിം പള്ളിവിള, ശ്രീനിവാസ് അമരമ്പലം, സി.വി.ജോസ്, പ്രദീപ് കൊട്ടിയം, കവി ശിവപ്രസാദ്, ശിവൻ മേനോൻ, നിസാർ കാത്തുങ്ങൽ, സാലു പുത്തൻപുരയിൽ തുടങ്ങിയവർ അവരിൽ ചിലരാണ്. കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്കുപരിയായി വായനയെയും എഴുത്തിനെയും സമീപിക്കുന്ന കുറേ സാഹിത്യപ്രണയികൾ. ആ സംഘം വളർന്നാണ് പള്ളിക്കൂടം സാസ്‌കാരികവേദി രൂപപ്പെട്ടത്. കോൺഗ്രസിലെയും ഇടത് പാർട്ടികളിലെയും ഒപ്പം കക്ഷിരഹിതരിലെയും സാഹിത്യാസ്വാദകരെ ഓരേസമയം സാഹിത്യത്തിന്റെ തമ്പിലേക്ക് കൊണ്ടുവരാൻ ആ പരിശ്രമത്തിന് കഴിഞ്ഞു.

മുൻ ലിബിയൻ പ്രധാനമന്ത്രി മുസ്​തഫ ബെൻ ഹാലിം
മുൻ ലിബിയൻ പ്രധാനമന്ത്രി മുസ്​തഫ ബെൻ ഹാലിം

മുസ്തഫ ബെൻ ഹാലിം

ഇതിനകം ക്യാമ്പിന്റെ ചുമതലയിൽ നിന്ന് മാറി ഞാൻ ഹ്യുമൻ റിസോഴ്‌സിൽ അഡ്മിനിസ്‌ട്രേറ്ററായി ചേർന്നിരുന്നു. ക്യാമ്പുകളുടെയും ഹ്യുമൻ റിസോഴ്‌സിന്റെയും ചുമതല വഹിച്ചിരുന്ന ജനറൽ മാനേജർ അമേരിക്കൻ പൗരനായ നബീൽ ഹലാബിയായിരുന്നു അതിനുകാരണം. ക്യാമ്പ് അഡ്മിനിസ്‌ട്രേറ്റർ എന്നനിലയിൽ വിവിധ ദേശക്കാരും ഭാഷക്കാരുമായ ജോലിക്കാരുമായി ഞാൻ ഇടപഴകുന്ന രീതി അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മനുഷ്യർ അവർ ഏതുദേശക്കാരായാലും എന്നെ മടുപ്പിച്ചില്ല. ജോസ് പേക്കാട്ടിലിന്റെ പിന്തുണയും ആ സ്ഥാനചലനത്തിന്റെ പിന്നിലുണ്ടായിരുന്നു. ചെറിയൊരു ശമ്പളവർദ്ധനയും ഇതോടൊപ്പം ലഭിച്ചത് എനിക്ക് ആഹ്ലാദവും പകർന്നു. അമേരിക്കയിൽ വിദ്യാഭ്യാസം നേടിയ നബീൽ ഹലാബി കമ്പനിയുടെ ഭൂരിപക്ഷ ഷെയറുകൾ കൈവശം വച്ചിരുന്ന ബെൻ ഹാലിം കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. അറബികളുടെ ചരിത്രത്തിൽ വർണ്ണാഭമായ ഇടം നേടിയ ബെൻ ഹാലിം കുടുംബം യഥാർത്ഥത്തിൽ ലിബിയയിൽ നിന്നുള്ളവരായിരുന്നു. കമ്പനി ചെയർമാൻ ലിബിയയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന മുസ്തഫ ബെൻ ഹാലിമും മാനേജിംഗ് ഡയറക്ടർ അദ്ദേഹത്തിന്റെ മൂത്തമകൻ അമർ ബെൻ ഹാലിമും. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മുൻ പ്രധാനമന്ത്രിയാണ് മുസ്തഫാ ബെൻ ഹാലിം. അടുത്ത ജനുവരി 29 ആവുമ്പോൾ അദ്ദേഹത്തിന് നൂറുവയസ് തികയും.

മുസ്​തഫ ബെൻ ഹാലിമിന്റെ മകൻ അമർ ബെൻ ഹാലിം
മുസ്​തഫ ബെൻ ഹാലിമിന്റെ മകൻ അമർ ബെൻ ഹാലിം

ലിബിയൻ സർവകലാശാലയുടെയും സെൻട്രൽ ബാങ്ക് ഒഫ് ലിബിയയുടെയും സ്ഥാപകനും മുസ്തഫ ബെൻ ഹാലിം തന്നെ. അലക്‌സാണ്ട്രിയ സർവകലാശാലയിൽ നിന്ന് എഞ്ചിനിയറിംഗിൽ ബിരുദം നേടിയ മുസ്തഫ ലിബിയയെ ആധുനീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കേണൽ ഖദ്ദാഫി സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോൾ അദ്ദേഹം അനഭിമതനാവുകയായിരുന്നു. മുസ്തഫ ബെൻ ഹാലിമിനെ വധിക്കാൻ പലതവണ ഖദ്ദാഫി ശ്രമിച്ചെങ്കിലും അതിൽ നിന്നെല്ലാം തലനാരിഴയ്ക്ക് രക്ഷപെട്ടു. ബെയ്‌റൂത്തിൽ വച്ച് അംഗരക്ഷകരെ കബളിപ്പിച്ച് മുസ്തഫയെ തട്ടിയെടുത്ത് കാറിൽ സ്‌ഫോടകവസ്തുക്കളും ഡിക്കിയിൽ ബന്ധിതനായ മുസ്തഫയുമായി കിഴുക്കാംതൂക്കായ മലയോരത്ത് ഉപേക്ഷിച്ചുതള്ളി. പക്ഷേ സ്‌ഫോടകവസ്തുക്കൾ ഏതോകാരണവശാൽ പൊട്ടിത്തെറിച്ചില്ല. ഒരുദിവസം കഴിഞ്ഞാണ് അദ്ദേഹം കണ്ടെത്തപ്പെട്ടത്. അത് ശത്രുക്കളിൽ ആശ്ചര്യവും അത്ഭുതവും ഉളവാക്കി. ഇനി ഒരിക്കലും ഖദ്ദാഫിക്ക് തന്നെ വധിക്കാൻ ആവില്ലെന്ന് ആഹ്ലാദവാനായ മുസ്തഫ ബെൻ ഹാലിം മാധ്യമങ്ങളോട് പറഞ്ഞു. മുസ്തഫ ബെൻ ഹലിമിന്റെ ഓർമക്കുറിപ്പുകൾ അറബിയിലും ഇംഗ്ലീഷിലും (ലിബിയാസ് ഹിഡൻ പേജസ് ഒഫ് ഹിസ്റ്ററി)പുസ്തകമായി വലിയതോതിൽ വിറ്റഴിഞ്ഞിട്ടുണ്ട്.

അമർ ബെൻ ഹാലിം  ലേഖകന്​ ഒപ്പിട്ടുനൽകിയ ‘ലിബിയാസ് ഹിഡൻ പേജസ് ഒഫ് ഹിസ്റ്ററി’ എന്ന കൃതിയുടെ കോപ്പി
അമർ ബെൻ ഹാലിം ലേഖകന്​ ഒപ്പിട്ടുനൽകിയ ‘ലിബിയാസ് ഹിഡൻ പേജസ് ഒഫ് ഹിസ്റ്ററി’ എന്ന കൃതിയുടെ കോപ്പി

സൗദി രാജാവ് 1975 ൽ അദ്ദേഹത്തിന് സൗദി പൗരത്വം നൽകി രാജാവിന്റെ യൂറോപ്യൻ കാര്യങ്ങൾക്കുള്ള ഉപദേശകനായി നിയമിച്ചു. മൂത്തമകൻ അമർ ബെൻ ഹാലിം സ്റ്റാഫോർഡ് സർവകലാശാലയിൽ നിന്ന് എഞ്ചിനിയറിംഗിലും മാനേജുമെന്റിലും ബിരുദം കഴിഞ്ഞപ്പോൾ സൗദിയിൽ തുടക്കം കുറിച്ചതാണ് അൽ യൂസ്ര എഞ്ചിനിയറിംഗ് കൺസ്ട്രക്ഷൻ കമ്പനി. യൂസ്ര എന്നത് മുസ്തഫാ ബെൻ ഹാലിമിന്റെ ഭാര്യയുടെ പേരായിരുന്നു. സി.സി.സി എന്ന പ്രമുഖ കമ്പനിയുമായി ചേർന്ന് ജുബൈൽ തുറമുഖ നിർമാണത്തിൽ പങ്കാളിയായിരുന്നു അൽ യൂസർ കമ്പനി. അതിന്റെ വിജയകരമായ പൂർത്തീകരണം കമ്പനിക്ക് പേരും പെരുമയും കൊണ്ടുവന്നു. തുടർന്നാണ് അമേരിക്കയിലെ ടൗൺസെൻഡ് ആൻഡ് ബോട്ടം കമ്പനിയുമായി ചേർന്ന് ജോയിന്റ് വെഞ്ചറായി അൽ യുസർ ടൗൺസെൻഡ് ആൻഡ് ബോട്ടം (ചുരുക്കപ്പേരായി എ.വൈ.ടി.ബി) പെട്രോകെമിക്കൽ മെയിന്റനൻസ് കമ്പനിയായി വളന്നുതുടങ്ങിയത്. ഇന്നത് മിഡിൽ ഈസ്റ്റിലെ മുൻനിര പെട്രൊകെമിക്കൽ കൺസ്ട്രക്ഷൻ ആൻഡ് മെയിന്റനൻസ് കമ്പനിയാണ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക, ലത്തീൻ അമേരിക്ക എന്നിവിടങ്ങളിലെ രണ്ട് ഡസനോളം രാജ്യങ്ങളിൽ നിന്നുമായി ആറായിരത്തോളം പേർക്ക് തൊഴിൽ നൽകുന്ന പ്രമുഖ എഞ്ചിനിയറിംഗ് സ്ഥാപനമാണ്.

ഖദ്ദാഫിയും ലിബിയയും

അമർ ബെൻ ഹലിം അദ്ദേഹത്തിന്റേതായ രീതിയിൽ ലിബിയയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അദ്ദേഹവും നേതൃത്വത്തിലുണ്ടായിരുന്ന ഫോറം ഫോർ ഡെമോക്രാറ്റിക് ലിബിയ (എഫ്.ഡി.എൽ) എന്ന സംഘടന ഒളിഞ്ഞും തെളിഞ്ഞും ഖദ്ദാഫി വിരുദ്ധ രാഷ്ട്രീയം ചലനാത്മകമാക്കുന്നതിൽ പങ്കുവഹിച്ചു. ആദ്യകാലങ്ങളിൽ അദ്ദേഹവുമായി ഇടപഴകുന്നതിന് എനിക്ക് അവസരങ്ങളുണ്ടായിരുന്നു. ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ആഘോഷിച്ചിരുന്ന കമ്പനിയുടെ ആനുവൽ ഡേയുടെ ഭാഗമായി ടൂർണമെന്റുകളും സംഗീതപരിപാടികളും സംഘടിപ്പിക്കുന്നതിൽ എനിക്കുണ്ടായിരുന്ന പങ്കായിരുന്നു അതിന് കാരണം. അമർ ബെൻ ഹലിം ഇതിലെല്ലാം വലിയ ഉത്സാഹിയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വരുന്നത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. മാധ്യമലോകത്തെ സുഹൃത്തുക്കൾ വഴി ഞാനാണത് സാദ്ധ്യമക്കുന്നതെന്നറിഞ്ഞ് എന്നെ പ്രത്യേകം അഭിനന്ദിച്ചു. ഖദ്ദാഫി വിരുദ്ധപ്രക്ഷോഭം മൂർദ്ധന്യത്തിൽ എത്തിയപ്പോൾ അച്ഛന്റെയും മകന്റെയും ശ്രദ്ധ കൂടുതലും അങ്ങോട്ടായി. അറബ് മാധ്യമങ്ങളിൽ അവർ നിറഞ്ഞുനിന്നു. ആ സമയത്താണ് കമ്പനിയുടെ 34 ശതമാനം ഓഹരി ഒരമേരിക്കൻ കമ്പനിക്ക് കൈമാറ്റം ചെയ്തത്. മുസ്തഫാ ബെൻ ഹലിം പദവികൾ ഒഴിഞ്ഞു. ഇനി അധികകാലം അമർ ബെൻ ഹലിം മാനേജിംഗ് ഡയറക്ടറായി ഉണ്ടാവില്ലെന്നും പുതിയ ലിബിയൻ ഭരണകൂടത്തിന്റെ ഭാഗമാകാൻ അങ്ങോട്ടുപോകുമെന്നും സൗദി കോർപ്പറേറ്റ് വൃത്തങ്ങളിൽ വാർത്തകൾ പ്രചരിച്ചു.

ഖദ്ദാഫി ദേശസാൽക്കരണങ്ങളിലൂടെ കൈവശപ്പെടുത്തിയ ബെൻ ഹാലിം കുടുംബത്തിന്റെ വൻ ആസ്തികൾ ഖദ്ദാഫിയുടെ പതനത്തോടെ യഥാർത്ഥ ഉടമകൾക്ക് തിരികെകിട്ടിയാൽ ഇപ്പോൾത്തന്നെ വൻസമ്പന്നരായ ബെൻ ഹാലിം കുടുംബം അറബ് ലോകത്തെ സാമ്പത്തിക/ബിസിനൻസ് ശക്തിയായി മാറുമെന്നത് ഉറപ്പായിരുന്നു. അതോടെ ലിബിയയിലെ ആഭ്യന്തരകലാപവും ഖദ്ദാഫിയുടെയും ലിബിയയുടെയും ഭാവിയും നേരിട്ടുബാധിക്കുന്ന ഗൾഫിലെ അപൂർവം വ്യവസായസ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടതായി എ.വൈ.ടി.ബി മാറി.
2011 ഒക്‌ടോബർ 20 ന് ഖദ്ദാഫി കൊല്ലപ്പെട്ടു. തൊട്ടരുകിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് അദ്ദേഹം കൊല്ലപ്പെട്ടെന്നും അതല്ല ജീവനോടെ റിബൽ സൈനികരുടെ കൈയ്യിൽപ്പെട്ട ഖദ്ദാഫിയെ അവർ മർദ്ദിച്ച് കൊല്ലുകയായിരുന്നുവെന്നും പല റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലും ബ്രിട്ടനിലും ദുബായിലും ബഹ്‌റൈനിലും വീടുകളുണ്ടായിരുന്ന ബെൻ ഹാലിം കുടുംബം കൂട്ടുകുടുംബമായിരുന്നു. ഒരുമിച്ചായിരിക്കാൻ അവർ പ്രിയപ്പെട്ടു. ലണ്ടനും ദുബായുമായിരുന്നു അവരുടെ പ്രിയ വാസയിടങ്ങൾ. മാധ്യമങ്ങൾ പൊതിഞ്ഞപ്പോൾ അമർ ബെൻ ഹലിം പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘തലസ്ഥാനമായ ബങ്കാസിയിൽ നൂറ്റമ്പതിലേറെ ജനകീയ സംഘടനകൾ കൂണുകൾ പോലെ ഇതിനകം പൊന്തിവന്നുകഴിഞ്ഞുവെന്നത് കാണിക്കുന്നത് പ്രത്യാശാഭരിതമായ ഒരു ജനസമൂഹത്തെയാണ്; അവരൊക്കെയും ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നിയമവാഴ്ച, സിവിൽ സമൂഹം എന്നിവ തീവ്രമായി ആഗ്രഹിക്കുന്നവരാണ്. വിശിഷ്ടമായൊരു ദൃശ്യമാണിത്... ഖദ്ദാഫിക്ക് ശേഷമുള്ള ലിബിയയുടെ അടയാളമാണിതെങ്കിൽ അത് തീർച്ചയായും മഹത്തായ ഒരു ലിബിയയെ കുറിച്ചുള്ളതാണ്. ഞാൻ അത്യന്തം പ്രത്യാശാഭരിതനാണ്.'

ലിബിയൻ ആഭ്യന്തരയുദ്ധം

ദീർഘമായ സേവനകാലത്തിനുശേഷം ഞാൻ രാജി വച്ചെങ്കിലും മാനേജുമെന്റിന്റെ സ്‌നേഹനിർബന്ധങ്ങൾക്ക് വഴങ്ങി ഒരു വർഷത്തേക്ക് അത് നീട്ടിവച്ചു. അമർ ബെൻ ഹലീം പൂർണമായിത്തന്നെ കമ്പനിക്കാര്യങ്ങളിൽ നിന്ന് അകന്നുനിന്നു. ബോർഡ് മീറ്റിംഗുകളിൽ മാത്രമായി സാന്നിദ്ധ്യം ചുരുങ്ങി. വർഷങ്ങൾക്ക് ശേഷം പുതിയ ഡയറക്ടർ ബോർഡ് നിയമിച്ച കാനഡക്കാരനായ സി.ഇ.യുമായി അദ്ദേഹം പ്രധാന ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിലെത്തിയ അദ്ദേഹം എന്റെ ഓഫീസിനുമുന്നിലൂടെയാണ് ഹ്യുമൻ റിസോഴ്‌സ് ഡയറക്ടറുടെ ഓഫീസിലേക്ക് നടന്നത്. തമ്മിൽ കണ്ടിട്ടും സംസാരിച്ചിട്ടും വർഷങ്ങൾ ആയിരിക്കുന്നു.പഴയ മിക്കവരും വിട്ടുപോയിരിക്കുന്നു. വൻ സ്രാവുകളുമായി സംസാരിച്ചുകൊണ്ട് എന്റെ ഓഫീസ് കടന്ന് അദ്ദേഹം മുന്നോട്ടുപോയി. എന്നെ മറന്നിട്ടുണ്ടാകുമെന്ന് ഞാൻ കരുതി. പെട്ടെന്നതാ അമർ ബെൻ ഹാലിം എന്റെ ഓഫീസിന്റെ വാതിൽക്കൽ! മുന്നോട്ടുപോയ അദ്ദേഹം എന്തോ ഓർത്തിട്ടെന്നവണ്ണം പുറകോട്ട് വരികയായിരുന്നു.
‘ഹൗ ആർ യു, ആന്തണി? എവരിതിംഗ് ഓൾ റൈറ്റ് വിത്ത് യു?'
പെട്ടെന്നെഴുന്നേറ്റ് ഞാൻ വാതിൽക്കലേക്ക് ചെന്നു. ഞങ്ങൾ കൈകൾ പിടിച്ചുകുലുക്കി. പഴയ അതേ ഊഷ്മളതയും സൗഹൃദവും. വിടർന്ന് ചിരിച്ച്​ അമർ ബെൻ ഹലിം മുന്നോട്ടുനീങ്ങി.

ലിബിയയിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുകയാണ്. മതരാഷ്ട്രീയത്തിന്റെ വക്താക്കൾ ഒരു വശത്ത്. തുർക്കിയും ഇറാനും തന്ത്രപരമായി റഷ്യയും അവരെ പിന്തുണയ്ക്കുന്നു. ജനറൽ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയൻ ദേശീയ സൈന്യമാണ് മറുവശത്ത്. മിതവാദികൾ, ബഹുകക്ഷി ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവർ തുടങ്ങിയവരെല്ലാം ജനറലിനൊപ്പം. സൗദി അറേബ്യ, ജോർദാൻ, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം അമേരിക്കയും ഫ്രാൻസും ബ്രിട്ടനും ഇവരുടെ പിന്നിലുണ്ട്. ബെൻ ഹലിം കുടുംബം ഇവർക്കൊപ്പമാണ്. ദിവസേന ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്നു. കൂട്ടപ്പാലായനങ്ങൾ. യുദ്ധം മുറുകുന്നു. ബെങ്കാസി ഏറെക്കുറെ ലിബിയൻ ദേശീയസൈന്യം തിരികെപ്പിടിച്ചുകഴിഞ്ഞു. എങ്കിലും അന്തിമ വിജയം ഇപ്പോഴും പ്രവചിക്കാനായിട്ടില്ല. എനിക്ക് പറയാനാകുന്ന ഒരേഒരു കാര്യം: എനിക്കറിയാവുന്ന അമർ ബെൻ ഹലിം മനുഷ്യസ്‌നേഹിയാണ്, ആധുനികതയോട് ചേർന്നുനടക്കുന്നയാളാണ്. നേതൃത്വത്തിൽ അദ്ദേഹം ഉണ്ടാകുന്നത് പുത്തൻ ലിബിയയക്കും അതിന്റെ ജനാധിപത്യഭാവിക്കും തീർച്ചയായും ഗുണകരമായിരിക്കും.



Summary: PJJ Antony's gulf orma ezhuth part 6. He share his Saudi Arabia memories.


പി.ജെ.ജെ. ആന്റണി

കഥാകൃത്ത്​. മൂന്നു പതിറ്റാണ്ട്​ ഗൾഫ്​ പ്രവാസിയായിരുന്നു. ഗൾഫ്​ മലയാളികളുടെ സാഹിത്യ- സാംസ്​കാരിക ജീവിതത്തിൽ സജീവമായ ഇടപെടലുകൾ നടത്തി. വരുവിൻ നമുക്ക്​ പാപം ചെയ്യാം, ഭ്രാന്ത്​ ചില നിർമാണ രഹസ്യങ്ങൾ, പിതൃക്കളുടെ മുസോളിയം, സ്​റ്റാലിനിസ്​റ്റുകൾ മടങ്ങിവരുന്നുണ്ട്​തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments