അനവധി അനുഭവങ്ങളുടെ സൗദി

സൗദി അറേബ്യ പരിഷ്‌ക്കരണത്തിന്റെ പാതയിലേക്ക് കടന്നുനിൽക്കുന്നത് സന്തോഷം തരുന്നുണ്ട്. പ്രവാസികൾക്ക് അനുകൂലമായി സ്‌പോൺസർഷിപ്പ് നിയമങ്ങൾ പരിഷ്‌ക്കരിക്കാനും സൗദി ഭരണകൂടം നടപടി തുടങ്ങിക്കഴിഞ്ഞു. വൈകാതെ അറുപത് വയസ്സുവരെ തൊഴിൽ സ്ഥിരത ഉറപ്പായേക്കും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ ജോലികണ്ടെത്താൻ സഹായകമാകുന്ന വിധത്തിൽ സ്‌പോൺസർഷിപ്പ് നിയമങ്ങൾ നവീകരിക്കാനുള്ള കരട് നിർദ്ദേശങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നിലുണ്ട്- ഗൾഫ് ഓർമയെഴുത്തിന്റെ ഒമ്പതാം ഭാഗം

ൾഫ് രാജ്യങ്ങളിൽ ഏറ്റവും യാഥാസ്ഥിതികമായിരുന്ന സൗദി അറേബ്യ ഇപ്പോൾ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. എം.ബി.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കിരീടാവകാശിയായ സൽമാൻ രാജകുമാരന്റെ ആധുനികവീക്ഷണങ്ങളാണ് ഇതിന് കാരണം. അന്നുവരെ നിലവിലെ രാജാവിന്റെ ഇളയ സഹോദരനോ ജ്യേഷ്ഠസഹോദരന്റെ പുത്രനോ ആയിരുന്നു നിയുക്ത രാജാവായി നിയമിക്കപ്പെട്ടിരുന്നത്. മകനെ ആ പദവിയിലേക്ക് നിയോഗിക്കുകയെന്നത് ആദ്യമായിട്ടായിരുന്നു.

ഒരു സൗദി ദേശീയത നിർമിക്കാനാണ് സൽമാൻ രാജകുമാരന്റെ ശ്രമം. അഭൂതപൂർവ പിന്തുണയാണ് സൗദി യുവജനങ്ങൾ ഇതിന് നൽകുന്നതെന്നത് ശ്രദ്ധേയമാണ്. സൗദി ജനസംഖ്യയിലെ മൂന്നിൽ രണ്ടുഭാഗം മുപ്പത് വയസ്സിന് താഴെയുള്ളവരാണ്. അതിനാൽ ഇപ്പോൾ സൗദിയിൽ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് സൽമാൻ രാജകുമാരനാണെന്നതിൽ സംശയമില്ല. സുഹൃത്തുക്കളും പരിചയക്കാരുമായ സൗദി യുവാക്കളുമായി സംസാരിച്ചപ്പോഴും ഇതുതന്നെ വെളിപ്പെട്ടു.

സൽമാൻ രാജകുമാരൻ

സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള നിരോധനം നീക്കിക്കൊണ്ടാണ് പരിഷ്‌ക്കരണങ്ങൾക്ക് തുടക്കമായത്. തുടർന്ന് സ്ത്രീകൾ പുരുഷനോടൊത്തല്ലാതെ യാത്ര ചെയ്യരുത് എന്ന നിയമം നീക്കി. സിനിമാശാലകളും ഗായികമാർ നയിക്കുന്ന പൊതുവിടങ്ങളിലെ ഗാനമേളകളും അനുവദനീയമായി. വിവാഹമോചനത്തിൽ കുട്ടികളുടെ രക്ഷകർതൃത്വം അമ്മമാർക്ക് നൽകി. സൗദി - ജോർദാൻ അതിർത്തിയിൽ ഈജിപ്ത്, ഇസ്രയേൽ എന്നീ രാജ്യങ്ങളോടുചേർന്ന് സിംഗപ്പൂരിന്റെ മാതൃകയിൽ ന്യൂയോർക്കിന്റെ മുപ്പതിരട്ടി വലുപ്പത്തിൽ പണിയുന്ന നിയേം എന്ന വിനോദ- വിദ്യാഭ്യാസ-ബിസിനസ് നഗരം സൗദി സമ്പദ്ഘടനയെയും തൊഴിൽ മേഖലയെയും യുവാക്കൾക്ക് അനുകൂലമായി പുതുക്കുമെന്ന് കരുതപ്പെടുന്നു.

സൽമാൻ രാജകുമാരൻ നിയുക്തരാജാവായി അധികാരമേൽക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിലെ കവിയും ബുദ്ധിജീവിയുമായ ഒരാളുമായി സംസാരിക്കാനിടയായത്​ ഓർത്തുപോവുകയാണ്. പള്ളിക്കൂടം സാസ്കാ​രികവേദിയുടെ മൂന്നാമത്തെ സാഹിത്യക്യാമ്പിന്റെ അതിഥിയായി കവി വി. മദുസൂദനൻ നായർ വരാമെന്ന് സമ്മതിച്ചിരുന്നു. ആദ്യം അത്ര താൽപര്യം കാണിച്ചില്ലെങ്കിലും പള്ളിക്കൂടത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്ന പെരുമ്പടവം ശ്രീധരന്റെ ഇടപെടലാണ് അത് സാധ്യമാക്കിയത്. അദ്ദേഹത്തിന്റെ കാവ്യാലാപനം കേരളത്തിനകത്തും, പുറത്തും എണ്ണമറ്റ ആരാധകരെ നേടിക്കൊടുത്തിരുന്ന കാലം. സാഹിത്യതൽപരരല്ലാത്തവരും അദ്ദേഹത്തെ കേൾക്കാനായി പ്രിയപ്പെട്ടിരുന്നു. കവി ദമാമിലെത്താൻ ദിവസങ്ങളേ ഉള്ളു. അപ്പോഴാണ് ഒരു കുരുക്ക് വന്നുവീഴുന്നത്. ആണുങ്ങളും പെണ്ണുങ്ങളും സൗദി പാരമ്പര്യങ്ങൾക്ക് വിരുദ്ധമായി കൂടിക്കലരുന്ന ഇടമാണ് സാഹിത്യക്യാമ്പെന്ന് ആരോ പരാതി എത്തിച്ചിരിക്കുന്നു.

അപ്പോഴാണറിയുന്നത് ജുബൈലിലെ ഒരു യൂറോപ്യൻ കമ്പനിയുടെ ഹ്യുമൻ റിസോഴ്‌സ് മാനേജറായ സൗദി യുവാവ് കവിയും ബുദ്ധിജീവിയും ആണെന്ന്. കൂട്ടത്തിലൊരാൾക്ക് അദ്ദേഹത്തെ പരിചയവുമുണ്ട്. ഞാനും ആ സുഹൃത്തും കൂടി സൗദി കവിയെ സന്ദർശിച്ച് സഹായം തേടാനുറച്ചു. ഫോണിൽ വിളിച്ച് അപ്പോയിന്റ്‌മെന്റ് നിശ്ചയിച്ച് ഞങ്ങൾ കാണാൻ ചെന്നു. ഏറെ ഹൃദ്യമായിരുന്നു സ്വീകരണം. അദ്ദേഹത്തിന്റെ ആമുഖ വാചകങ്ങൾ ഞങ്ങളെ അമ്പരപ്പിക്കുകതന്നെ ചെയ്തു: ‘നിങ്ങളെപ്പോലുള്ള എഴുത്തുകാരോടും സാംസ്‌കാരിക കൂട്ടങ്ങളോടും ഞങ്ങളിൽ ചിലർ കാണിക്കുന്ന അപമര്യാദക്ക് ഞാൻ മാപ്പുചോദിക്കുന്നു.' കസേരയിൽ നിന്നെഴുന്നേറ്റ് അദ്ദേഹം ഞങ്ങൾക്കൊപ്പം വന്നിരുന്നു. ‘നിങ്ങൾ പുറമേ കാണുന്നതല്ല സൗദി സമൂഹം. ഷിയകളും സുന്നികളും ഒരുമിച്ച് പ്രാർത്ഥിക്കുന്ന, ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചിരുന്ന് ചർച്ച നടത്തുന്ന കൂട്ടങ്ങൾ ഞങ്ങൾക്കിടയിലും ഉണ്ട്. എഴുതുകയും വായിക്കുകയും ചെയ്യുന്നവരും ഇവിടെയുണ്ട്. തീരെ ചെറുതെങ്കിലും ഒരു കമ്യൂണിസ്റ്റ് പാർട്ടിയും ഇവിടെയുണ്ട്. നിങ്ങളെ അങ്ങോട്ട് ക്ഷണിക്കാനോ ഞങ്ങൾ പുറത്തുവരാനോ ഉള്ള കാലം ആയിട്ടില്ല. പക്ഷേ ആ കാലം അത്ര അകലെയൊന്നുമല്ല.'

ഖാലിദ് മാത്ലഗെയ്തുവിന്റെ അമ്മയെ ടോസ്ടമാസ്റ്റർ ദേശീയ സമ്മേളനം ആദരിക്കുന്നു.

മതകാര്യ പൊലീസ് സാഹിത്യക്യാമ്പിനെ തടയില്ലെന്ന് അദ്ദേഹം ഉറപ്പുതന്നു. അനർത്ഥം എന്തെങ്കിലും ഉണ്ടായാൽ ബന്ധപ്പെടാൻ നമ്പരും തന്നു. ഞങ്ങൾക്ക് ധൈര്യമായി. എല്ലാം ഭംഗിയായി നടന്നു. ആ സൗദി യുവകവിയുടെ പ്രത്യാശ നിറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്. എന്തായാലും സൗദി അറേബ്യ പരിഷ്‌ക്കരണത്തിന്റെ പാതയിലേക്ക് കടന്നുനിൽക്കുന്നത് സന്തോഷം തരുന്നു. പ്രവാസികൾക്ക് അനുകൂലമായി സ്‌പോൺസർഷിപ്പ് നിയമങ്ങൾ പരിഷ്‌ക്കരിക്കാനും സൗദി ഭരണകൂടം നടപടി തുടങ്ങിക്കഴിഞ്ഞു. വൈകാതെ അറുപത് വയസ്സുവരെ തൊഴിൽ സ്ഥിരത ഉറപ്പായേക്കും. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങാതെ അവിടെത്തന്നെ ജോലികണ്ടെത്താൻ സഹായകമാകുന്ന വിധത്തിൽ സ്‌പോൺസർഷിപ്പ് നിയമങ്ങൾ നവീകരിക്കാനുള്ള കരട് നിർദ്ദേശങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നിലുണ്ട്.

എന്റെ സൗദി ജീവിതകാലത്ത് തനത് വ്യക്തിത്വം വേറിട്ടുതന്നെ നിലനിർത്തുന്ന പലരുമായും ബന്ധപ്പെടേണ്ടിവന്നിട്ടുണ്ട്. മിക്കപ്പോഴും അവ ആഹ്ലാദകരമായ അനുഭവങ്ങളായിരുന്നു.

കുട്ടികളുടെ അഭിരുചിയെ മെഡിസിൻ, എഞ്ചിനിയറിംഗ് എന്നീ രണ്ട് മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന ഇന്ത്യൻ മാതാപിതാക്കളുടെ സ്വഭാവം വിമർശനവിധേയമാക്കി കുട്ടികളുടെ കഴിവുകളും അഭിരുചികളും ഈ വിഷയത്തിൽ പരിഗണിക്കപ്പെടേണ്ടവയാണെന്നും കാണിച്ച് അറബ് ന്യുസ് എന്ന പത്രത്തിൽ ഒരിക്കൽ ഞാൻ ഒരു ലേഖനം എഴുതി. അറബ് ന്യുസിന്റെ വായനക്കാരിൽ അഭ്യസ്തവിദ്യരായ ധാരാളം സൗദി പൗരന്മാരും ഉണ്ടായിരുന്നു. അവരിലൊരാൾ ഖാലിദ് മത് ല ഗയ് തു പത്രമോഫീസിൽ നിന്ന് ഫോൺ നമ്പർ വാങ്ങി എന്നെ വിളിച്ചു. പതിവ് അഭിനന്ദനങ്ങൾക്ക് ശേഷം അദ്ദേഹമെന്നെ അവരുടെ ഒരു സംഘടനയിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചു. ഫലിതം കലർത്തിയുള്ള സാമൂഹ്യവിമർശനം എന്റെ സാധാരണ രീതിയാണ്. ചെറിയതോതിൽ സൗദികളും ഉൾപ്പെടുന്ന ടോസ്റ്റ്മാസ്റ്റർ ഇന്റർ നാഷണൽ ഗ്രൂപ്പുകൾക്കായി ശിൽപശാലകൾ നടത്തിയിട്ടുണ്ട്. അതുപോലെയല്ലല്ലോ സൗദികൾ മാത്രമുള്ള കൂട്ടങ്ങൾ. ഞാൻ വലിയാൻ ശ്രമിച്ചിട്ടും അദ്ദേഹം വിട്ടില്ല.

വാരാന്ത്യത്തിൽ പറഞ്ഞുറപ്പിച്ച ദിവസം അദ്ദേഹത്തിന്റെ ഡ്രൈവർ എന്നെ കൊണ്ടുപോകാനെത്തി. ഒരു പൊതുമേഖല പെട്രോകെമിക്കൽ കമ്പനിയുടെ ജനറൽ മാനേജരായിരുന്ന എന്റെ ആതിഥേയൻ ഖാലിദ് മത് ലഗെയ് തു പ്രശസ്ത കെമിക്കൽ എഞ്ചിനിയറും ആയിരുന്നു. അദ്ദേഹത്തിന്റെ സാമാന്യം വലിയ വീട്ടിലെ ഹാളിലായിരുന്നു എല്ലാവരും കൂടിയത്. സൗദി എഞ്ചിനിയർമാരുടെ ഒരു സൗഹൃദസംഘത്തെയാണ് ഞാൻ അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. വലിയൊരു ഹാളിൽ ഒരു കൂട്ടം പുരുഷന്മാർ. പിന്നിൽ തൂവെള്ള കർട്ടൻ. അതിനുപിന്നിൽ സ്ത്രീകളും ഉണ്ടെന്നും സംസാരിക്കുമ്പോൾ അവരെയും പരിഗണിക്കണമെന്നും ഖാലിദ് ഓർമിപ്പിച്ചു. ഞാൻ ഒരൽപം നെർവസ് ആയിരുന്നു.

ഇടപാടുകാർക്ക് പുസ്തകങ്ങൾ സൗജന്യ വായനയ്ക്ക് - ബഷീറിന്റെ വേറിട്ട സൂപ്പർമാർക്കറ്റ്

ഖാലിദ് എന്നെ പരിചയപ്പെടുത്തി. എന്റെ ഊഴമായപ്പോൾ ഞാനൊരു മുൻകൂർ ജാമ്യമെടുത്തു. സൗദി സമൂഹത്തിന്റെ സവിശേഷതകളെ അംഗീകരിക്കുന്നുവെന്നും തുറന്ന് സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞു. കുട്ടികളുടെ തീരുമാനങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന പാശ്ചാത്യശൈലിയോട് വിയോജിച്ചുകൊണ്ട് കുട്ടികളും രക്ഷകർത്താക്കളും കൂടിയാലോചിച്ച് തീരുമാനങ്ങളിലേക്ക് സഞ്ചരിക്കുന്ന ഏഷ്യൻ ശൈലിയെയാണ് ഞാൻ പ്രിയപ്പെട്ടത്. മികവുള്ള കുട്ടികളെ ഡോക്ടറും എഞ്ചിനിയറും അദ്ധ്യാപകരുമാകാൻ പ്രേരിപ്പിക്കുന്ന സമൂഹം അതേ താൽപര്യം മതപണ്ഡിതരെയും പുരോഹിതന്മാരെയും വാർത്തെടുക്കുന്നതിൽ പുലർത്താതെ നാലാംകിടക്കാരെ ആ മേഖലയിലേക്കയക്കുകയും പ്രതിസന്ധികളുടെ കാലത്ത് ഈ നാലാംകിടക്കാരുടെ നേതൃത്വം സ്വീകരിക്കുകയും ചെയ്യുന്നതിലെ അപകടം ഞാൻ ചൂണ്ടിക്കാണിച്ചു.

വായനയും പുസ്തകങ്ങളും നർമവുമൊക്കെയായി നിശ്ചിത രണ്ടുമണിക്കൂർ വേഗം കടന്നുപോയി. പിന്നെ ചോദ്യോത്തരങ്ങളായിരുന്നു. സ്ത്രീകൾ ചോദ്യങ്ങൾ എഴുതി നൽകി. വളരെ ഹൃമായ ഒരനുഭവമായിരുന്നു അത്. സൗദി സമൂഹത്തെ കൂടുതൽ അടുത്തറിയാനും കഴിഞ്ഞു. പങ്കെടുത്തവരെല്ലാവരും പ്രൊഫഷണലുകൾ ആയിരുന്നു. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നവർ.

ഖാലിദും ഞാനും നല്ല മിത്രങ്ങളായി. തുടർന്ന് അനേകം വർഷങ്ങൾ ഞങ്ങൾ ടോസ്റ്റ് മാസ്റ്റർ പ്രസ്ഥാനത്തിൽ അടുത്ത് പ്രവർത്തിച്ചു. സരസമായി വർണിച്ച അദ്ദേഹത്തിന്റെ വംശാവലി സവിശേഷമായിരുന്നു. ആഫ്രിക്കയിൽ നിന്ന് ഹജ് തീർത്ഥാടനത്തിനെത്തി മക്കയിൽ തങ്ങിയവരാണ് ഖാലിദിന്റെ പൂർവികർ. ആദ്ധ്യാത്മിക കാരണങ്ങളായിരുന്നു അതിന്റെ പിന്നിലെങ്കിലും മക്കയുടെ അന്താരാഷ്ട്രസ്വഭാവത്തിൽ മത് ല ഗെയ് തു കുടുംബവും പങ്കാളിയായി. ഖാലിദിന്റെ മുതുമുത്തശ്ശൻ ഒരു ബംഗാളിയെയാണ് വിവാഹം ചെയ്തത്. ആ കുടുംബവും തീർത്ഥാടനത്തിനെത്തിയവർ ആയിരുന്നു. തുടർന്നുള്ള വംശാവലിയിൽ അനേകം രാജ്യക്കാർ കലരുന്നത് ആശ്ചര്യത്തോടെ ഞാൻ കേട്ടിരുന്നു. അമ്മ നിരക്ഷരയാണെങ്കിലും മക്കളെ എല്ലാവരെയും നല്ല മനുഷ്യരായി വളർത്തിയെടുക്കാനും മികച്ച വിദ്യാഭ്യാസം നൽകാനും അവർക്കായി. ഖാലിദ് പിൽക്കാലത്ത് അന്താരാഷ്ട്ര ടോസ്റ്റ്മാസ്റ്റർ പ്രസ്ഥാനത്തിന്റെ സാരഥികളിൽ ഒരാളായി. ‘നിന്റെ മുന്നിലെത്തുന്ന ആരെയും മതമോ രാജ്യമോ പരിഗണിക്കാതെ സഹഭാവത്തോടെ കാണാൻ നിനക്കാകണമെന്ന്' അമ്മ എപ്പോഴും പറയുമായിരുന്നെന്ന് ഖാലിദ് അഭിമാനത്തോടെ പറഞ്ഞു. ഖാലിദ് കുടുംബത്തിന്റെ പെരുമാറ്റത്തിൽ മഹതിയായ ആ അമ്മ എപ്പോഴും നിഴലിച്ചു. ടോസ്റ്റ്മാസ്റ്റർ ഇന്റർനാഷണലിന്റെ സൗദി ദേശീയ സമ്മേളനത്തിൽ വച്ച് ഈ അമ്മയെ ആദരിച്ചു.

മാനുഷിക ഗുണങ്ങളുടെ സമൃദ്ധിയുള്ള മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിയുന്നത് ആഹ്ലാദകരമാണ്. അങ്ങിനെ വേറിട്ട മറ്റൊരു വ്യക്തിയാണ് ജുബൈലിൽ ദുബായ് ഷോപ്പിംഗ് സെന്റർ ഉടമയായ കോഴിക്കോട് നല്ലളം സ്വദേശി വി. കെ. ബഷീർ. നല്ലൊരു വായനക്കാരനാണ് ബഷീർ. പുസ്തകങ്ങൾ വിലകൊടുത്ത് വാങ്ങി വായിക്കാൻ പ്രിയപ്പെടുന്ന ഒരാൾ. അതിനാൽ നല്ലൊരു ലൈബ്രറിയും സ്വന്തം. കടയിലെത്തുന്ന മലയാളികളെ അദ്ദേഹം പുസ്തകങ്ങളുടെ ലോകത്തേക്ക് ആകർഷിക്കുന്നു. വായിക്കാൻ പുസ്തകങ്ങൾ സൗജന്യമായി വായ്പ നൽകുന്നു. ഗുണമേന്മ കുറഞ്ഞ യാതൊന്നും അദ്ദേഹം കടയിൽ സൂക്ഷിച്ചില്ല; ആ വിധപുസ്തകങ്ങൾ വായിക്കാനും നൽകിയില്ല. തന്റെ വായനാസുഹൃത്തുക്കളുടെ സൗകര്യത്തിനായി പുസ്തകങ്ങളിൽ പുതിയവ അദ്ദേഹം കടയിൽത്തന്നെ സൂക്ഷിക്കുന്നു. നാട്ടിൽപ്പോയിവരുമ്പോൾ ഒരു പെട്ടി നിറയെ പുതിയ പുസ്തകങ്ങളും ബഷീർ കൊണ്ടുവരുന്നു. നോവലുകളാകും അവയിൽ കൂടുതലും. അവയ്ക്കാണ് ആവശ്യക്കാർ കൂടുതലെന്ന് ബഷീർ സാക്ഷ്യപ്പെടുത്തുന്നു. അതുകഴിഞ്ഞാൽ കഥകൾ. മക്കളെല്ലാവരും വായനക്കാരാണ്. ഒരു മകൾ ഡോ. ഐഷ കഥാകാരിയാണ്. എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകൾ. വായനാശീലം നല്ല മനുഷ്യരാകാനും നല്ല വിദ്യാർത്ഥികളാകാനും മക്കൾക്ക് സഹായകമായെന്നും ബഷീർ സാക്ഷ്യപ്പെടുത്തുന്നു.

മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന ഗൾഫ് ജീവിതം എനിക്ക് നൽകിയ ഏറ്റവും വിശിഷ്ടമായത് നല്ല സൗഹൃദങ്ങൾ തന്നെയാണ്. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരും എന്റെ സൗഹൃദവലയങ്ങളിൽ ഉണ്ടായിരുന്നു. വലിയ ഉദ്യോഗസ്ഥരും ക്ലീനിംഗ് തൊഴിലാളികളും അവരിലുണ്ടായിരുന്നു. അതിൽ കറുത്തവരും വെളുത്തവരും മഞ്ഞനിറക്കാരും ഉണ്ടായിരുന്നു. നാസ്തികരും വിശ്വാസികളും നിർമതരും ഉണ്ടായിരുന്നു. സമ്പന്നരും അല്ലാത്തവരും ഉൾപ്പെട്ടു. അവർ മനുഷ്യത്വമുള്ളവരും ആഹ്ലാദിക്കുന്നവരും രസികരുമായിരിക്കാൻ ഞാൻ എപ്പോഴും പ്രിയപ്പെട്ടു. അതിൽ ഏറ്റവും രസികന്മാരായിരുന്നു ഞങ്ങൾ സ്വയം കോൺക്ലേവ് എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെട്ട സൗഹൃദക്കൂട്ടം. പോപ്പിനെ തെരഞ്ഞെടുക്കുന്ന കർദ്ദിനാൾമാരുടെ സംഘമാണ് കോൺക്ലേവ്.

വത്തിക്കാനിൽ ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിലാണ് ഞങ്ങൾ ചങ്ങാതിക്കൂട്ടത്തിന് ഒരു പേരിനായി പരതിയത്. വത്തിക്കാനെ ഞങ്ങൾ പകർന്നെടുക്കുകയും ചെയ്തു. പാലക്കാടുകാരൻ മുരളീകൃഷ്ണൻ, തൃശൂരുകാരായ കൃഷ്ണകുമാർ രഘുപതിയും സെജു ഡേവിസും, വൈപ്പിൻകരക്കാരൻ കെ.കെ.ജയിംസും ഞാനും ചേരുമ്പോൾ കർദ്ദിനാൾ സംഘം തികയുന്നു.

. കോൺക്ലേവ് ചങ്ങാതിക്കൂട്ടം

മാസത്തിലൊരിക്കൽ ഒരാളുടെ വീട്ടിൽ കൂടുന്നു. ഒപ്പം ഞങ്ങളുടെ ജീവിതപങ്കാളികളും (വിജിത, ഉഷ, ബ്ലെസി, മേരി, ജസ്സി ) കുട്ടികളും. തെരഞ്ഞെടുത്ത വിഷയത്തിന്മേലാവും വാരാന്ത്യം പുലരും വരെ വർത്തമാനം. കഴമ്പില്ലാത്ത വിഷയങ്ങളെ ഒഴിച്ചുനിർത്തി. അന്നപാനീയങ്ങൾക്ക് മുട്ടുണ്ടാവില്ല. ചിലപ്പോൾ ബഹ്റൈനിലാവും കൂടുക. രാത്രി അവിടെ തങ്ങും. ഒന്നോ രണ്ടോ സിനിമകൾ കാണലും അജണ്ടയിലുണ്ടാകും. ഭാര്യമാരെ കൂട്ടാതെ ‘ഹാപ്പി ഹസ്ബൻഡ്‌സ്​’മാരായും ഞങ്ങൾ പോയിട്ടുണ്ട്. കാൽ നൂറ്റാണ്ടിലേറെ നീണ്ട ചങ്ങാത്തം ഇപ്പോഴും തുടരുന്നു. കർദ്ദിനാൾമാരുടെ വാഴ്ച ആജീവനാന്തം ആണല്ലോ.

Comments