ഗൾഫിൽ ജോലി ചെയ്തിരുന്ന ഒരു ടി.വി. കൊച്ചുബാവ; ഗൾഫ് ഓർമ്മയെഴുത്ത് -3

പിന്നെയും പാതിരാ വിളികൾ പലതും വന്നു. ആത്മഹത്യ ചെയ്തവരുടെ പരിചയക്കാരുടെ വിളികൾ. ചിലരുടെ മൃതദേഹം നാട്ടിലേക്കയച്ചു. ചിലരെ ദുബായുടെ മണ്ണിൽ അവസാനിപ്പിച്ചു. പ്രവാസ ജീവിതത്തിനിടയിലെ വിചിത്രമായ അത്തരം അനുഭവങ്ങൾ ഓർക്കുകയാണ് ലേഖകൻ.

നൂറുപേരോളം തൊഴിലെടുക്കുന്ന ചെറിയൊരു എഞ്ചിനിയറിംഗ് സ്ഥാപനമായിരുന്നു അത്. കടച്ചിൽ യന്ത്രങ്ങളും മില്ലിംഗ് മെഷീനും കൂറ്റൻ ഡ്രില്ലറും ബെൻഡറും കട്ടറും വെൽഡിംഗ് സാമഗ്രികളും നിറഞ്ഞ് സദാ പരുക്കനൊച്ചകൾ തെഴുക്കുന്ന ഒരിടം. തൃശൂർ ഒല്ലുർ സ്വദേശിയായ ഇലവുത്തിങ്കൽ ചാക്കോ എന്ന എഞ്ചിനിയർ ആയിരുന്നു ഉടമ. ഡെന്നി ചെർപ്പുകാരൻ എന്ന മിടുക്കനായ യുവ എഞ്ചിനീയർ സഹായിയും. സ്വന്തമായി എഞ്ചിനിയറിംഗ് ബിസിനസ് രംഗത്തേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു ഡെന്നി. പച്ചക്കറി തരകും സ്വർണ്ണവ്യാപാരവുമായിരുന്നു ഡെന്നിയുടെ കുടുംബ ബിസിനസ്. അതിൽനിന്നും കുതറി മറ്റെന്തെങ്കിലും മേഖലയിൽ ചുവടുറപ്പിക്കണമെന്ന മോഹം ആ യുവാവിന് കലശലായിരുന്നു. നാട്ടിൽ ധനികരായ പല ചെറുപ്പക്കാരും ഈവിധ സ്വപ്നങ്ങളുമായി ദുബായിലെത്തിയിരുന്നു. ആർക്കും ഒരു കുതിപ്പിനുള്ള അവസരം അക്കാലത്തെ ദുബായ് നൽകിയിരുന്നു. പലരും പൊലിച്ചു, ചിലർ പൊലിഞ്ഞു (ഡെന്നി ഇപ്പോൾ ഷാർജയിൽ ഒരു എഞ്ചിനിയറിംഗ് സ്ഥാപനം വിജയകരമായി നടത്തുന്നു - ഡിസൈൻ സ്‌പോട്ട്).

എഞ്ചിനിയർ ചാക്കോ ദുബായിലെ ഒരു പൊതുപരിപാടിയ്ക്കിടെ

ഇന്ത്യയിൽ നിന്നും പോരുന്നതിന് മുമ്പേ ബാംഗ്ലൂരിൽ ആരംഭിച്ച ബിരുദപഠനം പൂർത്തിയായിരുന്നു. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ സായാഹ്ന കോഴ്‌സിലൂടെ പോസ്റ്റ് ഗ്രാജുവേഷൻ അവസാന വർഷം ആയപ്പോഴായിരുന്നു ഗൾഫ് യാത്ര. അത് ഉത്സാഹത്തോടെ തുടരാനും ഞാൻ തീരുമാനിച്ചു. എഞ്ചിനിയറിംഗിൽ അസാധാരണ വൈഭവമുള്ള ഒരു സീനിയർ ആളായിരുന്നു ചാക്കോസാർ. വഴങ്ങിക്കൊടുക്കാനുള്ള അദ്ദേഹത്തിന്റെ മടിയും നിലവിലുണ്ടായിരുന്ന കൈക്കൂലി/കമ്മീഷൻ മാമൂലുകളോടുള്ള ഇടച്ചിലും സാമ്പത്തിക പ്രതിസന്ധികളിലേക്ക് സ്ഥാപനത്തെ പലപ്പോഴും നയിച്ചു. എന്നിട്ടും തന്റെ സമീപനങ്ങളിലും ശാഠ്യങ്ങളിലും മാറ്റം വരുത്താൻ അദ്ദേഹം തയ്യാറായില്ല. ദുബായ് മലയാളികളുടെ പൊതുവേദികളിലും ചാക്കോ സാർ സജീവമായിരുന്നു. മക്കൾ റോസും സരീനയും അറിയപ്പെടുന്ന ഗായകരായിരുന്നു. റോസ് പിന്നീട് മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലും പാടി. പരസ്യചിത്രങ്ങളിലെ ജിംഗിളുകളിൽ സരീനയുടെ സ്വരം നിറഞ്ഞു.

റോസും സരീനയും

തൊണ്ണൂറുകളിൽ ഇന്ത്യയിലെ മാനേജർ എന്നതായിരുന്നു എന്റെ തസ്തിക. ബെന്നി വർഗീസ് എന്ന അസിസ്റ്റന്റും ഉണ്ടായിരുന്നു. ചാക്കോ സാറിന്റെ അടുത്തബന്ധുവായിരുന്നു ആ യുവാവ്. മകൻ ജോ ഉൾപ്പെടെ മറ്റ് പല ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. ഞാനും ബെന്നിയും കൈമെയ് മറന്ന് പരിശ്രമിച്ചിട്ടും ആ വണ്ടി പലപ്പോഴും വഴിയിൽ കിതച്ചുനിന്നു. മെറ്റലും വെൽഡിംഗ് സാമഗ്രികളും ഗാസും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങിയിരുന്നത് പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ നൽകിയായിരുന്നു. ഒന്നോ രണ്ടോ മാസം കഴിഞ്ഞുള്ള തിയ്യതിയാവും ചെക്കിൽ. ആ ഡേറ്റിൽ കമ്പനിയുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ ചെക്ക് മടങ്ങും. അതോടെ ഫോണിൽ കശപിശയാവും. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ പണം കൊടുത്ത് സംഭവം ക്ലീനാകും. അതൊക്കെ ഈ ബിസിനസിൽ പതിവായിരുന്നു. കൊണ്ടും കൊടുത്തുമുള്ള ഒരു പോക്ക്. വഴക്കൊക്കെ നടന്നുകൊണ്ടേയിരിക്കും. മാനേജർ എന്ന നിലയിൽ വഴക്കും രാജിയാകലും എന്റെ പണിയുടെ ഭാഗമായിരുന്നു. അങ്ങിനെ പതിവായി വഴക്കിടുന്നവരിൽ ഒരാൾ ഒരു ബാവ ആയിരുന്നു. ഇൻഡസ്ട്രിയൽ ഗാസുകൾ സപ്ലെ ചെയ്യുന്ന ഒരു ഷാർജ കമ്പനിയുടെ അക്കൗണ്ടന്റ്. അങ്ങോട്ടുമിങ്ങോട്ടും കശപിശകൾ ഒന്നും ഇല്ലെങ്കിൽ ഞാനും ബാവയും നാട്ടുവർത്തമാനങ്ങളൊക്കെ പറയും. സ്‌നേഹിക്കും. ചെക്ക് മടക്കല്ലേ എന്ന് പറഞ്ഞാവും ബാവ മിക്കപ്പോഴും ഫോൺ വയ്ക്കുക.

"ഇക്കൊല്ലത്തെ അങ്കണം അവാർഡ് ഗൾഫിൽ ജോലിചെയ്യുന്ന ഒരു കൊച്ചുബാവയ്ക്കാണെന്ന് രാവിലെ പത്രത്തിൽ വായിച്ചു. നിങ്ങളൊ മറ്റോ ആണോ അത്?' എന്നെ അമ്പരപ്പിച്ചുകൊണ്ട് ബാവ കുലുങ്ങിച്ചിരിച്ചു. "അത് അടിയൻ തന്നെയാണേ'

രാവിലെ ഓഫീസിൽ എത്തുമ്പോൽ തലേ ദിവസത്തെ പത്രം മേശപ്പുറത്തുണ്ടാകും. അതിൽ നിന്നാണ് തുടക്കം. കഥയ്ക്കുള്ള അക്കൊല്ലത്തെ അങ്കണം അവാർഡ് ഗൽഫിൽ ജോലിചെയ്യുന്ന ഒരു കൊച്ചുബാവയ്ക്കാണെന്ന വാർത്തയും ഉണ്ടായിരുന്നു. ഗാസ് ഓർഡർ ചെയ്യേണ്ടതുണ്ടായിരുന്നു. ഒരു ചെക്ക് ബൗൺസായി കിടക്കുകയാണ്. ബാവ കലിപ്പിലാണ്. രാകേത് ഗാസ് കമ്പനി ഡയൽ ചെയ്തു. ബാവയായിരുന്നു ഫോണെടുത്തത്. ഒന്ന് സുഖിപ്പിക്കാമെന്ന് കരുതി ചോദിച്ചു, "ഇക്കൊല്ലത്തെ അങ്കണം അവാർഡ് ഗൾഫിൽ ജോലിചെയ്യുന്ന ഒരു കൊച്ചുബാവയ്ക്കാണെന്ന് രാവിലെ പത്രത്തിൽ വായിച്ചു. നിങ്ങളൊ മറ്റോ ആണോ അത്?' എന്നെ അമ്പരപ്പിച്ചുകൊണ്ട് ബാവ കുലുങ്ങിച്ചിരിച്ചു. "അത് അടിയൻ തന്നെയാണേ' എന്നൊരു മറുപടിയും. സാഹിത്യവുമായി പുലബന്ധമില്ലാത്ത അരസികന്മാരായി ഞങ്ങൾ പരസ്പരം കണ്ടിരുന്നതിനാൽ അത് തികച്ചും അപ്രതീക്ഷിതമായ ഒരു "എൻ കൗണ്ടർ' ആയിരുന്നു. കൊച്ചുബാവ വലിയ ആഹ്ലാദത്തിൽ ആയിരുന്നു. എഴുത്തും വായനയും രണ്ട് അരസികന്മാരുടെ സംഭാഷണങ്ങളിലേക്ക് കന്നിവരവായി. അന്ന് മടികൂടാതെ ബാവ കടമായി ഗാസ് കൊടുത്തയക്കുകയും ചെയ്തു. സാഹിത്യം കൊണ്ടുള്ള ഓരോരോ പ്രയോജനങ്ങൾ!

ടി.വി കൊച്ചുബാവ, കുടുംബത്തോടൊപ്പം

ബാവയും ഞാനും അടുത്ത മിത്രങ്ങളായി. ഞാൻ അക്കാലങ്ങളിൽ മലയാളത്തിലെ രണ്ടാം നിര ആനുകാലികങ്ങളിൽ സാഹിത്യവിമർശന സംബന്ധിയായ ലേഖനങ്ങൾ എഴുതിയിരുന്നു. ദേശാഭിമാനി, കലാകൗമുദി, പച്ചമലയാളം, മുഖരേഖ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ. അക്കാലങ്ങളിൽ എഴുത്തിന്റെ ബാധയേറ്റിട്ടുള്ള ഗൾഫുകാരുടെയെല്ലാം അഭ്യുദയകാംക്ഷിയായിരുന്നു ആറ്റക്കോയ പള്ളിക്കണ്ടി. ആറ്റക്കോയ ബാവയുടെ മിത്രമായിരുന്നു. അദ്ദേഹം പത്രാധിപരായിരുന്ന ഗൾഫ് വോയിസ് മാസികയ്ക്ക് അന്ന് ഭേദപ്പെട്ട സർക്കുലേഷനും ഉണ്ടായിരുന്നു. ബാവ വഴി ഞാൻ ഗൾഫ് വോയിസിലും എഴുതിത്തുടങ്ങി. കഥ എഴുതുന്നതിനെക്കുറിച്ച് അപ്പോൾ കാര്യമായി ചിന്തിച്ചിരുന്നില്ല. കുട്ടികൃഷ്ണമാരാരും കെ.പി.അപ്പനും ആയിരുന്നു എന്റെ മാതൃകാവിമർശകർ. കക്ഷിരാഷ്ട്രീയം മടുപ്പായിരുന്നു അന്നും ഇന്നും. കൊച്ചുബാവയും ഞാനും മിക്കദിവസങ്ങളിലും സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. ഓഫീസിലുള്ളവരിൽ മിക്കവർക്കും എഴുത്തും വായനയും അനിഷ്ടമാണെന്ന് ബാവ സൂചിപ്പിച്ചു. അതിനാൽ സാഹചര്യം ഒത്തുവരുമ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ ദീർഘഭാഷണങ്ങൾ. അത് മിക്കപ്പോഴും ഉച്ചഭക്ഷണത്തിന്റെ ഇടവേളകളിൽ ആയിരുന്നു. ബാവ ദീർഘനേരം സംസാരിക്കുമായിരുന്നു. കഥാകാരൻ എന്ന നിലയിൽ അതിനകം ബാവ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും വേണ്ടരീതിയിൽ അംഗീകരിക്കപ്പെടുന്നില്ല എന്ന പരാതി ബാവയ്ക്ക് ഉണ്ടായിരുന്നു.

പി.ജെ.ജെ ആന്റണി, പോൾ ആലപ്പാട്ട്, പ്രഭാ മാത്യൂസ്, പി.എസ്. സ്‌കറിയ, സ്‌കറിയയുടെ ഭാര്യാസഹോദരൻ ഫാദർ ബെർളി വലിയകം എന്നിവർക്കൊപ്പം

എം.ടി ആയിരുന്നു ബാവയുടെ കൺകണ്ട സാഹിത്യദേവൻ. ഇഷ്ടദേവനെ പുകഴ്ത്തുന്നതിൽ ഒരിക്കലും പിശുക്ക് കാണിച്ചിരുന്നില്ല. കഥകൾ പ്രിയപ്പെട്ടിരുന്നെങ്കിലും എം.ടിയുടെ നോവലുകൾക്ക് അതേ പ്രിയം നൽകാൻ ഞാൻ വിസമ്മതിച്ചു. മഞ്ഞിലെ ദുർമേദസ്സിനെച്ചൊല്ലി ഞങ്ങൾ കലഹിച്ചു. സിനിമാക്കാരൻ എന്ന നിലയിൽ ഞങ്ങളിരുവരും എം.ടിയെ വാഴ്ത്തി. എം.ടിയെപ്പോലെ സിനിമയുടെ ജനകീയതയിൽ തിളങ്ങാൻ കൊച്ചുബാവയും മോഹിച്ചു. ബാവയുടെ ബലൂൺ എന്ന തിരക്കഥ സമ്മാനിതമായത് മോഹത്തെ പെരുപ്പിച്ചു. ഒടുവിൽ ജോലി രാജിവച്ച് നാട്ടിലേക്ക് പോന്നതിൽ ഈ സിനിമാകമ്പവും കാരണമായിട്ടുണ്ടാവും എന്നാണ് എന്റെ അനുമാനം.

വളരെ സെൻസിറ്റീവായ ഒരാളായിരുന്നു മലയാളിയുടെ എഴുത്തിൽ അസാധാരണ പ്രതിഭയായിരുന്ന കൊച്ചുബാവ. ആധുനികതയുമായി വിഘടിച്ച എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്. വ്യക്തികൾക്കിടയിലെ ആഴം കുറഞ്ഞ ഭാഷണശൈലിയെ എഴുത്തിന്റെ ആഖ്യാനരീതിയായി ബാവ വികസിപ്പിച്ചെടുത്തു. അക്കാദമി പുരസ്‌കാരം നേടിയ വൃദ്ധസദനം എന്ന നോവൽ ഇതിന്റെ മികച്ച മാതൃകയായിരുന്നു. പെരുങ്കളിയാട്ടം എന്ന നോവൽ മറ്റൊരു മാതൃകയിലാണ് ബാവ രചിച്ചത്. വ്യതിരിക്തമായ നാല് ആഖ്യാനസ്വരങ്ങൾ മലയാളത്തിൽ ഒരേ നോവലിൽ ആദ്യമായി പരീക്ഷിക്കപ്പെടുകയായിരുന്നു. ഒന്നിലധികം കർതൃസ്വരകേന്ദ്രങ്ങൾ.

എഴുത്തുജീവിതത്തിന്റെ മുഖ്യഭാഗം ഗൾഫിൽ ആയിരുന്നിട്ടും വിരലിലെണ്ണാൻ വേണ്ടും രചനകളിൽ പോലും ഗൾഫ് ജീവിതം പ്രമേയമായില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ ബാവയുടെ പ്രതികരണം രസകരമായിരുന്നു. " ജീവിതം അതിന് പ്രിയപ്പെട്ടതിനെയാണ് ഓർമ്മയിലേക്ക് കൂട്ടുന്നത്. അതിൽനിന്നാണ് എഴുത്ത് വരുന്നത്. എനിക്ക് ഇവിടത്തെ ജീവിതത്തിൽ പ്രിയം ഒന്നിനോടും ഇല്ല. അതിനാലാൽ എഴുത്തിൽ അത് കാണപ്പെടുകയുമില്ല'. കൊച്ചുബാവ ഒരുവിധത്തിലും ഗൾഫ് ജീവിതത്തെ പ്രിയപ്പെട്ടില്ല. കനമില്ലാത്തതെന്ന് അവഗണിച്ചു. ഗൾഫിലെ കൂട്ടങ്ങളോടുള്ള ബാവയുടെ സമീപനവും അതായിരുന്നു. എഴുത്തിൽ റദ്ദായിക്കഴിഞ്ഞവരെ കൊട്ടുംകുരവയുമായി നാട്ടിൽ നിന്നും ആനയിക്കാൻ തിടുക്കപ്പെട്ടവരും ടി.വി കൊച്ചുബാവയെ പരിഗണിച്ചില്ല. അകാലത്തിൽ അന്തരിച്ചപ്പോൾ അവർ കൊച്ചുബാവയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തി പ്രായശ്ചിത്തം ചെയ്തു.

അന്ന് ദല ഇടതുപക്ഷ വിശിഷ്ടരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇഷ്ടക്കാരുടെയും കൂട്ടമായിരുന്നു. ഈ എലീറ്റ് മനോഭാവം ഇപ്പോഴും ഗൾഫിലെ മലയാളി സംഘടനകൾ കൈവെടിഞ്ഞിട്ടില്ല.

ഗൾഫിലെ മുൻനിര മലയാളി സംഘടനകളുടെ സാരഥ്യം ഇടതുപക്ഷക്കാർക്കായിരുന്നു. ദല ആയിരുന്നു ദുബായിലെ മുഖ്യ മലയാളി സാംസ്‌ക്കാരിക സംഘടന. അതിൽ അംഗത്വം എടുക്കാനുള്ള എന്റെ പരിശ്രമം വിജയിച്ചില്ല. അന്ന് ദല ഇടതുപക്ഷ വിശിഷ്ടരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇഷ്ടക്കാരുടെയും കൂട്ടമായിരുന്നു. ഈ എലീറ്റ് മനോഭാവം ഇപ്പോഴും ഗൾഫിലെ മലയാളി സംഘടനകൾ കൈവെടിഞ്ഞിട്ടില്ല. ഒരു പക്ഷേ സൗദി അറേബ്യയിലെ നവോദയ മാത്രമാകും ഇതിനപവാദം. കാൽ ലക്ഷത്തിലേറെ അംഗങ്ങളുള്ള നവോദയയുടെ നേതൃത്വം പാർട്ടിക്കാർ കൈപ്പിടിയിൽ വയ്ക്കുമ്പോഴും അതിലെ ബഹുജനപങ്കാളിത്തം ആദരണീയമായി തുടരുന്നുണ്ട്.

ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ അസോസിയേഷന്റെയും ഇന്ത്യൻ സ്‌കൂളിന്റെയും നേതൃത്വം എംബസിയുടെ ഒത്താശയോടെ വടക്കേ ഇന്ത്യൻ സമൂഹം പിടിച്ചടക്കിയിരുന്നു. മഹാഭൂരിപക്ഷം മലയാളികൾ ആയിരുന്നിട്ടും വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളാൽ തിരഞ്ഞെടൂക്കപ്പെടുന്ന സ്‌കൂൾ മാനേജിംഗ് കമ്മറ്റികളിൽ ഒരിക്കലും മലയാളി ഭൂരിപക്ഷം ഉണ്ടാകാത്തവിധത്തിലാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു സംസ്ഥാനത്തിന് ഒരു പ്രതിനിധി. വിദ്യാർത്ഥികളുടെ അനുപാതം അവഗണിക്കപ്പെടുന്നു. ഇന്നും വലിയ മാറ്റമൊന്നും കൂടാതെ ഇത് തുടരുന്നു. കുടുംബം ഒപ്പമില്ലാത്തവരാണ് കൂടുതൽ മലയാളികളും. അവരുടെ സഹായത്തിനായി ആരുമില്ല. വിസ നിയമലംഘനങ്ങളുടെ പേരിൽ ജയിലിൽ ആകുന്നവരും അവർ തന്നെ. അവർക്ക് നിയമസഹായം തേടാനോ നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടാനോ പുറത്തുള്ളവരുടെ സഹായം ആവശ്യമായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട തൃശൂർ എൽത്തുരുത്ത് സ്വദേശിയായ പോൾ ആലപ്പാട്ട് വെള്ളിയാഴ്ചകളിൽ ജയിൽ സന്ദർശിക്കാൻ തുടങ്ങി. തടവുകാർ പറയുന്ന കാര്യങ്ങൾ അവർ പറയുന്നവരെ അറിയിക്കുക എന്നതായിരുന്നു പോൾ ചെയ്തിരുന്നത്. കടലാസും പേനയും കവറുകളും പൊലീസുകാരുടെ ശ്രദ്ധയിൽ പെടാതെ അകത്തേക്ക് കടത്തണം. അതത്ര വിഷമകരമൊന്നും ആയിരുന്നില്ല. ഇന്നത്തെ ജയിൽ കെട്ടിടമൊന്നും അന്നുണ്ടായിരുന്നില്ല. മുള്ളുവേലി വേർതിരിച്ച ഒരിടം. അതിനുള്ളിൽ മേൽക്കൂര മാത്രമുള്ള ഒരു നീണ്ട ഷെഡ്. പുറത്ത് അതിനോട് ചേർന്ന് ഓഫീസ്. അവിടെ പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നിയമങ്ങൾ കർക്കശമായിരുന്നില്ല. മുള്ളുവേലിയുടെ ഇരുപുറവുമായി നിന്ന് സംസാരിക്കാം. അറബിക്ക് തോന്നിയാൽ ലാത്തിയുമായി വന്ന് എല്ലാവരെയും ഓടിച്ചുവിടും.

എ.ടി മാത്യൂസും ഭാര്യ ജ്യോത്സനയും

പോളിനൊപ്പം ഞാനും കൂടി. കാർ ഉണ്ടായിരുന്ന മാവേലിക്കരക്കാരൻ പ്രഭ മാത്യൂസും സഹായിക്കാനെത്തി. പ്രഭ തിരുവനന്തപുരം ഇവാനിയോസ് കോളജിലെ മുൻ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകനായിരുന്നു. പിന്നീട് ചങ്ങനാശ്ശേരി തുരുത്തിക്കാരനായ സ്‌കറിയായും കണ്ണൂർ ആലക്കോടുകാരനായ ഏ.ടി മാത്യുവും ഞങ്ങളോട് ചേർന്നു. ഈ വെള്ളിയാഴ്ച ദൗത്യം വെറും പരിചയക്കാർ മാത്രമായിരുന്ന ഞങ്ങളെ അടുത്ത കൂട്ടുകാരാക്കി. ഞങ്ങൾ എല്ലാവരും ദുബായിൽ കുടുംബമായി കഴിയുന്നവർ ആയിരുന്നു. മറ്റുള്ളവർ ഞങ്ങളെ പഞ്ചപാണ്ഡവരെന്ന് കളിയായി വിളിച്ചു.

ദുബായിലെ ജുമേറായിൽ കടൽത്തീരത്ത് തീരെ ചെറിയ ഒരു വൺ ബെഡ് റൂം വീട്ടിലായിരുന്നു എന്റെവാസം. പങ്കാളിയും രണ്ട് മക്കളും ഒപ്പം. ഒരു വെള്ളിയാഴ്ച രാത്രി പാതിരാ കഴിഞ്ഞപ്പോൾ ഫോൺ ഒച്ചയിട്ടു. അന്ന് മൊബൈൽ വ്യാപകമായിരുന്നില്ല. ഫോണിൽ അപേക്ഷാസ്വരം. "പൊലീസ് എന്നെ ഉടനെ അറസ്റ്റ് ചെയ്യും. സാർ എന്തെങ്കിലും ചെയ്ത് എന്നെ രക്ഷിക്കണം'. എനിക്കൊന്നും മനസ്സിലായില്ല. നിസ്സഹായതയ്ക്കും പേടിയുടെ വിങ്ങലിനും ഇടയിലൂടെ അങ്ങേത്തലയ്ക്കലുള്ളയാൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. ബോംബെയിൽ ലോക്കൽ ട്രെയിനിൽ ഒരുമിച്ച് യാത്രചെയ്ത് പരിചയപ്പെട്ട സുഹൃത്ത് വർഷങ്ങൾക്ക് ശേഷം വിസിറ്റ് വിസയിൽ ദുബായിലെത്തുന്നു. രണ്ടുപേരും തൃശൂർ ജില്ലക്കാർ.

കൂട്ടുകാർ സിനിമ രസിക്കുമ്പോൾ അയാൾ മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കി. ജീവനറ്റാടുന്ന ദേഹം ജാലകത്തിലൂടെ കണ്ടവർ ഓഫീസിൽ അറിയിച്ചു. പൊലീസെത്തി. കേസുകൾ പലതാണ്.

വിസയുടെ കാലാവധി കഴിഞ്ഞിട്ടും ജോലിയൊന്നും ശരിയായില്ല. (ഒരു ജോലിയും അറിയാത്തയാൾക്ക് എന്ത് ജോലി ശരിയാവാൻ). ഒരു മാസം കൂടി കാത്താൽ ശരിയാക്കാമെന്ന് ചിലർ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസിക്കാൻ ഇടമില്ല. ആഹാരത്തിന് വഴിയുമില്ല. കാലാവധി കഴിഞ്ഞ വിസ ആയതിനാൽ ആരും ജോലി കൊടുക്കുകയുമില്ല. കൊടുത്താൽ നിയമലംഘനത്തിന് ജയിലിലാകും. കൂട്ടുകാരൻ ഹൃദയാലുവായി. പഞ്ചനക്ഷത്ര ഹോട്ടലിൽ വെയ്റ്റർ ആണ്. ഹോട്ടലിന്റെ ക്വാർട്ടേഴ്‌സിലെ മുറിയിൽ കൂടാം. ഭക്ഷണം ആരുമറിയാതെ കടത്തിക്കൊണ്ടുവരാം. ഒന്നോരണ്ടോ ആഴ്ചയുടെ കാര്യമല്ലേയുള്ളൂ. അവധിദിവസം കൂട്ടുകാർ കൂടി സിനിമയ്ക്ക് പോകാമെന്നുവച്ചു. തൊഴിൽരഹിതന് മൂഡില്ലാത്തതിനാൽ പോയില്ല. കൂട്ടുകാർ സിനിമ രസിക്കുമ്പോൾ അയാൾ മുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കി. ജീവനറ്റാടുന്ന ദേഹം ജാലകത്തിലൂടെ കണ്ടവർ ഓഫീസിൽ അറിയിച്ചു. പൊലീസെത്തി.

കേസുകൾ പലതാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവനെ സഹായിച്ചു. അതായത് നിയമലംഘനത്തിന് കുട പിടിച്ചു. ഹോട്ടൽ മാനേജ്‌മെന്റിന്റെ അനുവാദമില്ലാതെ അന്യനെ ക്വാർട്ടേഴ്‌സിൽ കൂടെ പാർപ്പിച്ചു. ആത്മഹത്യയോ കൊലപാതകമോ എന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. തെളിയുംവരെ ജയിലിൽ. പഞ്ചപാണ്ഡവരിൽ അൽപം പിടിപാടുള്ളയാൾ പ്രഭാ മാത്യുസാണ്. സ്വന്തമായി ഫർണിച്ചർ ബിസിനസ് നടത്തുന്നയാൾ. അറബി പൗരന്മാർ സുഹൃത്തുക്കളായി ഉള്ളയാൾ. കൂടാതെ കാറുടമസ്ഥനും. പ്രഭ പാഞ്ഞെത്തി. മിച്ചം പാണ്ഡവർ പിന്നാലെയും. ഞാനും പ്രഭയുമാണ് പൊലീസിനോട് സംസാരിച്ചവർ. പൊലീസുകാർ അറബിയും ഞങ്ങൾ ഇംഗ്ലീഷും പറഞ്ഞു. ഇരുകൂട്ടർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ഞങ്ങൾ മടികൂടാതെ തലകുലുക്കി. ദേഹം ഇറക്കി മോർച്ചറിയിലേക്ക് അയച്ചു. സംഭവം നടന്ന മുറിയിലെ താമസക്കാരായ രണ്ട് ചെറുപ്പക്കാരും ഒപ്പം ഞാനും പ്രഭയും സ്‌റ്റേഷനിലേക്ക് ചെല്ലണമെന്ന് പൊലീസുകാർ കൽപ്പിച്ചു. ഭയം ഞങ്ങളെയും വിഴുങ്ങി. ഭാഗ്യത്തിന് പ്രഭയുടെ സുഹൃത്തായ അറബിപൗരൻ അപ്പോഴേക്കും അവിടെയെത്തി പൊലീസുമായി സംസാരിച്ചു. ഏതേതോ കടലാസുകളിൽ ഒപ്പുവെപ്പിച്ചെങ്കിലും ആരെയും സ്‌റ്റേഷനിലേക്ക് എടുത്തില്ല. പുലരും മുൻപേ വീട്ടിലെത്തിയതിനാൽ ജോലിക്ക് പോകാനായി.

മൂന്നുനാല് ദിവസങ്ങൾ അവസാനിച്ചപ്പോൾ നടപടികൾ പൂർത്തിയായെന്നും ഇനി നാട്ടിലേക്ക് അയക്കാനായി മൃതദേഹം കൊണ്ടുപോകാമെന്നും പൊലീസിൽ നിന്നും അറിയിച്ചു. ആത്മഹത്യ ചെയ്തയാൾ അവശേഷിപ്പിച്ചുപോയവ പരിശോധിച്ചപ്പോൾ വീട്ടുകാരുടെ വിലാസവും ചില ഫോൺ നമ്പരുകളും ലഭിച്ചു. ബന്ധുക്കളായി ദുബായിൽ ആരും ഉണ്ടായിരുന്നില്ല. പലതവണ ഫോൺ ചെയ്തപ്പോൾ ആരോ ഫോണെടുത്തു. പരേതന്റെ പേർ പറഞ്ഞപ്പോൾ ഭാര്യയാണെന്ന മറുപടിയും കിട്ടി. ആത്മഹത്യയാണെന്ന് വെളിപ്പെടുത്താതെ മരണവിവരം പറഞ്ഞു.അവർ താഴ്ന്ന സ്ഥായിയിൽ കരഞ്ഞുതുടങ്ങി. മഴപ്പെയ്ത്ത് പോലെ അത് തുടർന്നു. തെല്ലുകഴിഞ്ഞ് ഒരു വൃദ്ധസ്വരം ലൈനിലെത്തി. ഞാനവന്റെ അമ്മയാണെന്ന് പറഞ്ഞു. ഞാൻ വിവരം പറഞ്ഞു. അവർ ഉറക്കെയുറക്കെ അലമുറയിട്ട് കരഞ്ഞു. എന്തുചെയ്യണമെന്ന് എനിക്ക് അറിയാതെയായി. ഇന്റർനാഷണൽ കോളാണ്. ചാർജ് കുതിക്കുന്നു. പിന്നെ വിളിക്കാമെന്ന് നിനച്ച് ഞാൻ ഡിസ്‌കണക്റ്റ് ചെയ്തു. വൈകുന്നേരം വീണ്ടും വിളിച്ചു. ഭാര്യയാണ് സംസാരിച്ചത്. അമ്മയുടെ ഉറക്കെയുള്ള തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. ദേഹം വീട്ടിലേക്ക് അയക്കുന്നതിനായി ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണമായിരുന്നു. അതിനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോൾ ആ യുവതി "സാറേ കഴിയുമെങ്കിൽ എന്റെ ചേട്ടനെ അവിടെത്തന്നെ അടക്കണം. ഇങ്ങോട്ട് അയക്കരുത്. വിമാനത്താവളത്തിൽ പോയി അത് ഏറ്റുവാങ്ങാൻ പോലും ഞങ്ങൾക്കാവില്ല. ഇത് മൂന്നാമത്തെ വിസിറ്റ് വിസയാണ്. ഇക്കുറി കിടപ്പാടം വിറ്റ പണം മുടക്കിയാണ് ചേട്ടൻ അങ്ങോട്ട് വന്നത്. ഇവിടെ പട്ടിണി മാത്രമേയുള്ളു'. എനിക്ക് ഒന്നും മിണ്ടാനായില്ല. ഞങ്ങൾ ഒരുമിച്ച് കൂടി ദുബായിൽ സംസ്‌കാരകർമ്മങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. സാമാന്യം ഭേദപ്പെട്ട ഒരു തുക ആ കുടുംബത്തെ സഹായിക്കാനായി ഞങ്ങൾ സമാഹരിച്ച് അയച്ചു. മകൾക്ക് പതിനെട്ട് വയസ്സാകുമ്പോൾ കിട്ടത്തക്കവിധം ഒരു തുക ബാങ്കിലും നിക്ഷേപിച്ചു. തൃശൂരിൽ പരിചയക്കാരനായിരുന്ന മുപ്ലിയം സ്വദേശി ഡോക്ടർ ജോയ്‌സൻ പേക്കാട്ടിൽ ആ കുടുംബത്തെ സഹായിക്കാനായി ഞങ്ങൾക്കൊപ്പം കൂടി.

ഡോക്ടർ ജോയ്സൻ പേക്കാട്ടി ഭാര്യയും

പിന്നെയും പാതിരാ വിളികൾ പലതും വന്നു. ആത്മഹത്യ ചെയ്തവരുടെ പരിചയക്കാരുടെ വിളികൾ. ചിലരുടെ മൃതദേഹം നാട്ടിലേക്കയച്ചു. ചിലരെ ദുബായുടെ മണ്ണിൽ അവസാനിപ്പിച്ചു. വിചിത്രമായ അനുഭവങ്ങൾ. ഈ അനുഭവങ്ങൾ ചേർത്തുവച്ചാണ് "മൃതരുടെ പുനരധിവാസം' എന്ന കഥ എഴുതിയത്. സ്‌കറിയ വൈകാതെ ഒരു വാഹനാപകടത്തിൽ ഞങ്ങളെ വിട്ടുപോയി. മാത്യു ഈയിടെ ഹൃദയാഘാതത്താൽ മരിച്ചു. ബാക്കി ഞങ്ങൾ മൂവരും അടുത്ത മിത്രങ്ങളായി തുടരുന്നു. ഡോക്ടർ ജോയ്‌സൻ പേക്കാട്ടിൽ അമേരിക്കയിൽ കാൻസർ ഗവേഷണ സ്ഥാപനത്തിൽ സേവനം ചെയ്യുന്നു. പിൽക്കാലത്ത് നിരവധി സംഘടനകൾ ഈ വക കാര്യങ്ങൾ ഏറ്റെടുക്കാനായി മുന്നോട്ടുവന്നു. എംബസ്സിയും സജീവമായി ഇപ്പോൾ രംഗത്തുണ്ട്.


Comments