മഷിപ്പേനകൊണ്ട് മണലിലെഴുതിയ വരികൾ

ഹൃദയത്തിൽ സർഗക്രിയയുടെ വിത്തും മുളയും സൂക്ഷിച്ചുവെച്ച് പ്രവാസജീവിതത്തിൽ അവയ്ക്ക് സാക്ഷാൽക്കാരങ്ങളൊരുക്കിയ ഒരു തലമുറയെക്കുറിച്ച രേഖപ്പെടുത്തലാണിത്. ആയുസ്സിനെ വരട്ടിയെടുക്കുന്ന ദൈനംദിനവ്യാപാരങ്ങളിൽനിന്ന് മുക്തമാക്കി ജീവിതത്തെ എഴുത്തിന്റെയും സാംസ്‌കാരിക പ്രവർത്തനത്തിന്റെയും നനവുകളിൽ മുക്കിയെടുത്ത പ്രവാസി മലയാളികളെക്കുറിച്ചാണ് ഗൾഫ് ഓർമയെഴുത്തിന്റെ ഏഴാം ഭാഗം

ഹൈസ്‌കൂൾ ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കഥയെഴുതിയത്. കഥയും ലേഖനവും കവിതയും എഴുതി. ലേഖനം ഇന്ദിരാഗാന്ധിയുടെയും വിക്രം സാരാഭായിയുടെയും ചിത്രങ്ങളോടെ (ആലപ്പുഴ ലിയോ തേർട്ടീന്ത്) സ്‌കൂൾ മാഗസിനിൽ അച്ചടിച്ചുവന്നു. അത് ആഹ്ലാദത്തോടെ തുടരെത്തുടരെ വായിച്ചു. മാഗസിൻ തലയിണക്കീഴിൽ വച്ചായിരുന്നു ആ ദിവസങ്ങളിൽ ഉറക്കം. ഉമയനല്ലൂർ ബാലകൃഷ്ണപിള്ളയായിരുന്നു അന്ന് ഇഷ്ടപ്പെട്ട ലേഖനകാരൻ. ഫിക്ഷൻ എഴുതുന്നവരുടെ കൂട്ടത്തിൽ എനിക്കിഷ്ടം കെ.സുരേന്ദ്രനെയായിരുന്നു. (അദ്ദേഹത്തിന്റെ പ്രേമത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചാണ് ഞാൻ പ്രണയവഴികളിൽ നടന്നുതുടങ്ങിയതും ആദ്യപ്രണയത്തെ ജീവിതപങ്കാളിയാക്കിയതും) കവികളിൽ പ്രിയം കുമാരനാശാനോട്. മൂന്നിനങ്ങളിലും പിന്നെയും പയറ്റിയെങ്കിലും എനിക്കിഷ്ടം കഥയോടായിരുന്നു. പക്ഷേ എന്റെ കഥകളോട് എനിക്കുള്ളത്ര ഇഷ്ടം മറ്റുള്ളവർക്കുണ്ടായില്ല. ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞവർ വായനയോ കഥയോ ഇഷ്ടപ്പെടുന്നവർ ആയിരുന്നില്ല. അതിന്റെ കാരണം ചികഞ്ഞുചികഞ്ഞാണ് ഞാൻ വിമർശകനായത്. എന്റെ ദുഷ്ടവിമർശകരുടെ മനസ്സുമാറ്റാം എന്ന പ്രത്യാശയും അതിനുപിന്നിൽ പമ്മിയിരുന്നു. അങ്ങിനെയാണ് യൗവനത്തിൽ ഞാൻ സാഹിത്യവിമർശകനായി അരങ്ങേറിയത്. അതീവ രഹസ്യമായി അപ്പോഴും കഥ എഴുതി.

ബാംഗ്ലൂരും ഭോപ്പാലും ഡൽഹിയും ബോംബെയുമെല്ലാം എന്റെ ആന്തരിക അതിരുകളെ വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. കഥ കൂടുതൽ കൂടുതൽ രഹസ്യമയമായി. ആന്റണി ആലപ്പുഴ, ജെ പനക്കൽപ്പുരക്കൽ എന്നിങ്ങിനെ പല പേരുകളിൽ അവ ഞാൻ രണ്ടാംനിര ആനുകാലികങ്ങൾക്ക് അയച്ചുകൊടുത്തു. ചിലതെല്ലാം വെളിച്ചം കണ്ടു. ഞാനെഴുതിയ കഥകൾ ഒന്നാംനിര എഡിറ്റർമാർ പ്രിയപ്പെടാത്തതെന്ത് എന്നതായിരുന്നു അക്കാലങ്ങളിൽ എന്റെ ദാർശനികസമസ്യയും വ്യഥയും. കഥയുടെ ഗുപ്തരഹസ്യങ്ങളറിയാൻ ഞാൻ കുട്ടിക്രുഷ്ണമാരാരെയും മുണ്ടശ്ശേരിയെയും കെ.പി. അപ്പൻ സാറിനെയും ശരണം പ്രാപിച്ചു. രാപകൽ അവരുടെ രചനകളിൽ ആഴ്ന്നുമുങ്ങി. എന്നിട്ടും ജ്ഞാനോദയം പുലർന്നില്ല. അങ്ങിനെയാണ്‌ലോകസാഹിത്യത്തിലെ നിത്യവിസ്മയങ്ങളായ കഥകൾ തേടിപ്പിടിച്ച് വായന തുടങ്ങിയത്. ചെക്കോവിനെയും ഹെമിംഗ്‌വേയെയും വായിച്ച് എന്റെ കണ്ണഞ്ചിപ്പോയി. വെളിച്ചത്തിനെന്ത് വെളിച്ചം എന്ന് ബഷീർ പറഞ്ഞതിന്റെ പൊരുൾ തിരിയാൻ തുടങ്ങി. അപ്പോഴാണ് ദുബൈ വിസ വന്നെത്തുന്നത്. ബോംബെയിൽ നിന്ന് ദുബൈയിലേക്ക്.

അക്കാദമി മുതൽ നോബൽ അവാർഡുവരെ പൂത്തുലഞ്ഞ കിനാവുകൾ

എഴുത്തും വായനയും മിണ്ടാപ്രാണികളായി ഒതുങ്ങി. ഒന്നിനും നേരമില്ലാതായി. ആഴ്ചയിൽ ആറുദിവസവും പത്തുമണിക്കൂർ വീതം കായികാദ്ധ്വാനമുള്ള ജോലി. അദ്ധ്വാനം അത്ര പരിചയമുള്ള പരിപാടിയല്ലായിരുന്നല്ലോ. കൗമാരക്കാല സുഹൃത്ത് ഫ്രാൻസിസ് സെയിത്സ് ദുബൈയിൽ നല്ല ജോലിയിൽ ഉണ്ടായിരുന്നു. അപ്പാർട്ടുമെന്റിൽ ഒറ്റയ്ക്ക് വാസം. വ്യാഴാഴ്ച വൈകുന്നേരം ലേബർ ക്യാമ്പിന്റെ ഗേറ്റിങ്കൽ ഫ്രാൻസീസ് കാറുമായെത്തും. വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടുവന്നുവിടും. അതുവരെ സംഗീതപ്രിയനും ഗായകനുമായ ഫ്രാൻസിസുമായി സുഖവാസം. ആദ്യജോലി നഷ്ടമായപ്പോൾ പുതിയ ജോലി കണ്ടെത്താൻ സഹായത്തിനെത്തിയതും ഈ കൗമാര സുഹൃത്തായിരുന്നു. (ഫ്രാൻസീസ് വിവാഹം ചെയ്തത് സെബാസ്റ്റിൻ കുഞ്ഞുകുഞ്ഞുഭാഗവതരുടെ പേരക്കുട്ടി ആഷയെയായിരുന്നു. ഗായകൻ യേശുദാസ് ഇവരുടെ കുടുംബസുഹൃത്തായിരുന്നു.

ഫ്രാൻസിസ് സെയിത്സും കുടുംബവും

അങ്ങിനെയാണ് യേശുദാസിന്റെ എമിറേറ്റ്‌സ് സന്ദർശനവേളകളിൽ അദ്ദേഹവുമായി പരിചയപ്പെടാനും സംസാരിക്കാനും എനിക്ക് ഇടയായത്).

സൗദി അറേബ്യ വീണ്ടും വായനയിലേക്ക് കൊണ്ടുപോയി. അക്കാലങ്ങളിൽ ഉറൂബും ആനന്ദും സക്കറിയായുമായിരുന്നു മലയാളത്തിൽ പ്രിയ എഴുത്തുകാർ. സേതുവിന്റെ ചില രചനകളും വിസ്മയിപ്പിച്ചിരുന്നു. സീനിയർ ക്യാമ്പിൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ നല്ലൊരു ശേഖരമുള്ള ലൈബ്രറി ഉണ്ടായിരുന്നു. ജനപ്രിയ സാഹിത്യമായിരുന്നു കൂടുതലെങ്കിലും മികച്ച പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ശതമാനക്കണക്കിൽ നമ്മളേക്കാൾ ഏറെപ്പേർ വായിക്കുന്നവരായി അമേരിക്കരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവധി കഴിഞ്ഞ് പത്തും പതിനാറും മണിക്കൂർ വിമാനയാത്ര ചെയ്ത് വരുന്നവരാകയാൽ മിക്കവരും വിമാനത്താവളത്തിൽ നിന്ന് ഒരു പുസ്തകം കരുതും. വായിച്ചുകഴിഞ്ഞാൽ പുസ്തകം സൂക്ഷിക്കുന്ന പതിവില്ലാതിരുന്നതിനാൽ അതെല്ലാം സ്വാഭാവികമായും ചവറ്റുകൊട്ടയിലേക്ക് പോകും. റൂംബോയ്‌സ് അതെല്ലാം എനിക്കെത്തിക്കും. അവയിൽ ക്ലാസിക്കുകളും മികച്ച സമകാല രചനകളും ഉണ്ടാകും. മിക്കവർക്കും ചെറിയ ലൈബ്രറി വീട്ടിലുണ്ടാവുമെങ്കിലും അതെല്ലാം റഫറൻസ് ഗ്രന്ഥങ്ങളായിരുന്നു. വിലകുറഞ്ഞ പേപ്പർബാക്ക് പുസ്തകങ്ങളെ അവർ ലൈബ്രറിയിലേക്ക് പ്രിയപ്പെട്ടില്ല. അതിനായി വിലകൂടിയ ലൈബ്രറി എഡിഷനുകൾ വേറെയുണ്ടായിരുന്നു. വായന സജീവമായതോടെ ഒരുഡസനോളമുള്ള എന്റെ പ്രകാശിത കഥകൾ പുസ്തകമാക്കണമെന്ന മോഹം ഉള്ളിലുദിച്ചു. അക്കുറി അവധിയിൽ നാട്ടിലെത്തിയപ്പോൾ കഥകൾ ഒരു പ്രസാധകനെ ഏൽപ്പിച്ചു. അപ്പോൾത്തന്നെ ഒന്നുരണ്ടെണ്ണം വായിച്ച അദ്ദേഹം അവയെല്ലാം മികച്ച കഥകളാണെന്നും പുസ്തകം ആകാതിരുന്നാൽ അത് മലയാളസാഹിത്യത്തിന് വലിയ നഷ്ടമാകുമെന്നും എന്നോട് പറഞ്ഞു. ഞാൻ ധ്രുതാംഗപുളകിതനായെന്ന് എഴുതേണ്ടതില്ലല്ലോ. എന്ത് ചെലവായാലും മലയാളസാഹിത്യത്തെ പുഷ്ടിപ്പെടുത്തിയിട്ടുതന്നെ കാര്യമെന്ന് ഞാനും ഉറപ്പിച്ചു. ഏതോ ദീർഘങ്ങളായ കണക്കുകൾ കൂട്ടി 500 കോപ്പികൾക്ക് 11,000 രൂപയേ ആകൂ എന്ന് പ്രസാധകൻ ഉദാരവാനായി. 5000 രൂപ അഡ്വാൻസ് കൊടുക്കണം. അടുത്ത അവധിക്ക് വരുമ്പോൾ പുസ്തകത്തിന്റെ കവർ പേജ് ഉൾപ്പെടെയുള്ള പ്രൂഫ് നൽകും. അത് അംഗീകരിച്ച് ബാക്കി പണവും നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പുസ്തകം റെഡി! അടുത്തദിവസം മുൻഗണനാക്രമങ്ങളെല്ലാം അട്ടിമറിച്ച് പലതും പിന്നത്തേക്ക് മാറ്റിവച്ച് 5000 രൂപ നൽകി കച്ചവടം ഉറപ്പിച്ചു. അക്കാദമി അവാർഡ് മുതൽ നോബേൽ സമ്മാനം വരെ കിനാവ് കണ്ടു.

അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോൾ മുമ്പെങ്ങും തോന്നിയിട്ടില്ലാത്തത്രയും ഊർജ്ജം തോന്നി. പുസ്തകം ഇറങ്ങുന്നതോടെ സാഹിത്യത്തിൽ എന്റെ ഇടം അടയാളപ്പെടും. കഥകളെക്കുറിച്ച് പഠനങ്ങൾ വരും. കഥകൾ ആവശ്യപ്പെട്ട് എഡിറ്റർമാർ കത്തുകളെഴുതും. ഭാവന പൂത്തുലഞ്ഞു. വായനയും എഴുത്തും ഉഷാറായി. സമകാല എഴുത്തിനോടായിരുന്നു എനിക്ക് എന്നും കമ്പം. സാഹിത്യമെന്നത് സദാ പരിണാമപ്പെട്ടുകൊണ്ടിരിക്കുന്ന കലാരൂപമാണെന്ന് എനിക്കറിയാമായിരുന്നു. തിരികെ വരുമ്പോൾ എയർപ്പോർട്ടിൽ നിന്ന് വാങ്ങിയ റോബർട്ടോ ബൊളാനോയുടെ കഥകളായിരുന്നു ഞാൻ വായിക്കാനെടുത്തത്. ലാറ്റിനമേരിക്കൻ സാഹിത്യത്തോട് സവിശേഷമായ താൽപര്യമുണ്ടായിരുന്നു. ബൊളാനോയുടെ ആഖ്യാനത്തിന്റെ വന്യമായ ആഴങ്ങളും സമകാലത്തെ കൊളുത്തിയെടുക്കുന്ന രചനാതന്ത്രവും എന്നെ കുലുക്കിയുണർത്തി. ആലീസ് മുന്റോയും റെയ്​മണ്ട്​ കാർവറുമായിരുന്നു തുടർന്ന് വായിക്കാൻ കിട്ടിയത്. കഥ എന്നെ കടന്നുപോയകാര്യം എനിക്ക് ചൊവ്വേനേരെ മനസ്സിലായത് അപ്പോഴാണ്. ഒന്നുരണ്ട് കഥകൾ എഴുതിയെങ്കിലും അതിനെല്ലാം പഴമയുടെ മണമുണ്ടായിരുന്നു, ഗൾഫിലേക്ക് പോരുന്ന കാലത്തെ എന്റെ ധാരണകൾ ക്ലാവ് പിടിച്ച് അവിടെത്തന്നെ ഉറച്ചുപോയി. പഴയ എന്നെ കുടഞ്ഞുകളയുക അത്ര എളുപ്പമല്ലായിരുന്നു. നിരന്തരമായ വായന മെല്ലെ എന്നെ കഥയുടെ സമകാലത്തേക്ക് വീണ്ടെടുത്തു. അവിടെ നിന്നുകൊണ്ട് ഞാൻ ഭാവിയെ കാണാനായി ആഞ്ഞു.

പുതിയ മൂന്നു കഥ എഴുതി പ്രമുഖ ആനുകാലികങ്ങൾക്ക് അയച്ചുകൊടുത്ത ശേഷമാണ് അടുത്ത അവധിക്ക് നാട്ടിലേക്ക് തിരിച്ചത്. പുസ്തകത്തിന്റെ പ്രൂഫ് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ കഥകൾ പുസ്തകമായി പുറത്തുവരുന്നതോടെ ഒട്ടും മികവില്ലാത്ത ഒരെഴുത്തുകാരനായി ഞാൻ മുദ്ര കുത്തപ്പെടുമെന്നും എന്റെ എഴുത്തുവണ്ടി വഴിയോരത്ത് എന്നേയ്ക്കുമായി പുതയുമെന്നും ഞാൻ അറിഞ്ഞു. അത് തടയുകയല്ലാതെ എന്റെ മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നു. പ്രസാധകന്റെ പ്രലോഭനം അതിജീവിച്ച് കന്നിപ്പുസ്തകത്തെ ഞാൻ കൊന്നു. അവധികഴിഞ്ഞ് തിരികെയെത്തിയപ്പോൾ ഡെസ്‌കിൽ എന്നെയും കാത്ത് ‘മിഴിനേരങ്ങൾ' എന്ന കഥ അച്ചടിച്ച ഇന്ത്യാ ടുഡേയുടെ കോപ്പിയും 50 യു.എസ് ഡോളറിന്റെ ചെക്കും എഡിറ്റർ സുന്ദർദാസിന്റെ കത്തും ഉണ്ടായിരുന്നു. ഒരു എഡിറ്ററിൽ നിന്ന് എനിക്ക് കിട്ടുന്ന ആദ്യ കത്തും പ്രതിഫലവുമായിരുന്നു അത്. (വർഷങ്ങൾക്കുശേഷം പാലക്കാട് സാഹിത്യോത്സവത്തിൽ സുന്ദർദാസും ഞാനും പ്രാസംഗികരായിരുന്നു. ഈ കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾക്കിരുവർക്കും സന്തോഷമായി.). വൈകാതെ കലാകൗമുദിയിൽ ‘മുയൽ ദൃഷ്ടാന്തം' എന്ന കഥ വന്നു. എം. കൃഷ്ണൻ നായർ കഥയെ പ്രശംസിച്ച് സാഹിത്യവാരഫലത്തിൽ എഴുതിയത് നൽകിയ സംതൃപ്തിയും സന്തോഷവും അനുപമമായിരുന്നു. ഏറ്റവും കൂടുതൽ കഥകൾ വന്നത് സിദ്ധാർത്ഥൻ പരുത്തിക്കാട് എഡിറ്ററായിരിക്കെ ദേശാഭിമാനി വാരികയിലായിരുന്നു. മിക്ക ആനുകാലികങ്ങളും കഥകളെ സ്വീകരിച്ചുവെങ്കിലും മാതൃഭൂമി തുടരെ തിരസ്‌ക്കരിച്ചുകൊണ്ടിരുന്നു. അതോടെ മാതൃഭൂമിക്ക് കഥ അയക്കേണ്ടെന്ന് തീരുമാനിച്ചു.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്​

അക്കാലത്ത് അബുദാബിയിൽ ജോലിചെയ്തിരുന്ന ശിഹാബുദ്ദീൻ പൊയ്ത്തുംകടവും ഞാനും തുടക്കം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. ‘ആന്റണിയുടെ കഥകൾ മാതൃഭൂമിയിൽ വന്നുകാണുന്നില്ലല്ലോ, എന്താ കഥകൾ അയക്കാറില്ലേ?' എന്ന് ഒരിക്കൽ വീട്ടിൽ വന്നപ്പോൾ ശിഹാബ് ചോദിച്ചു. വർഷത്തിൽ ഒന്നോ രണ്ടോ കഥകൾ മാത്രം എഴുതുന്ന എനിക്ക് റിജക്റ്റ് ചെയ്യപ്പെടാൻ മാത്രമായി അങ്ങോട്ട് കഥകൾ അയക്കേണ്ട കാര്യമില്ലെന്ന് അൽപം കലുഷതയോടെ ഞാൻ മറുപടി പറഞ്ഞു. ആ സമീപനം പക്വതയില്ലാത്തതാണെന്നും എല്ലാ കഥയും എല്ലായിടത്തേക്കും അയക്കരുതെന്നും ശിഹാബ് അഭിപ്രായപ്പെട്ടു.
രണ്ടുമൂന്ന് മാസങ്ങൾക്കുശേഷം എഴുതിയ കഥയായിരുന്നു ‘ജഢപുരുഷനും ഹോംനഴ്‌സിന്റെ അതിചിന്തകളും'. പകുതിയിലേറെ എഴുതിക്കഴിഞ്ഞ് തൃപ്തിയാകാതെ പല തവണ അടപടലേ മാറ്റിയെഴുതിയ കഥ. ആഖ്യാനം തുടങ്ങുന്ന ഇടം, കഥാപാത്രങ്ങളുടെ പ്രായം, പേരുകൾ, കഥയുടെ സീക്വൻസ്, ടൈറ്റിൽ...എല്ലാം മറിച്ചും തിരിച്ചുമിട്ടു. ഹോംനഴ്‌സിന്റെ നഗ്നത ഭാവന ഒടുവിൽ കൊണ്ടുവന്ന പുഷ്പമായിരുന്നു. അത്രയധികം ചെത്തിത്തേച്ച് കൂർപ്പിച്ച മറ്റൊരുകഥയും എനിക്കില്ല. ഒരുവിധം തൃപ്തിയായ രൂപത്തിലായപ്പോൾ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്​ അയച്ചുകൊടുത്തു. അപ്പോഴേക്കും പ്രമോഷന്റെ ഭാഗമായി എനിക്ക് ഫാമിലി സ്റ്റാറ്റസ് ലഭിച്ചിരുന്നു. രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാർട്ടുമെന്റിൽ ഒറ്റയ്ക്ക് താമസം. അടുപ്പമില്ലാത്തവരോടും ശത്രുക്കളോടും എഡിറ്റർമാരോടും സംസാരിക്കുമ്പോൾ എനിക്ക് ഏകാന്തത വേണമായിരുന്നു. ചമ്മിയാലും പുറത്തറിയുകയില്ലല്ലോ. കലി വന്നാൽ ഇത്തിരി അക്രമം (മേശപ്പുറത്തൊരിടിയോ, ചായക്കപ്പിന്റെ തകർച്ചയോ മറ്റോ) കാണിക്കാനും അതാണല്ലോ സൗകര്യം. അങ്ങിനെ 15 ദിവസം കഴിഞ്ഞപ്പോൾ ഫോണിൽ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിലേക്ക് വിളിച്ച് ആഴ്ചപ്പതിപ്പിന്റെ എഡിറ്ററെ ആവശ്യപ്പെട്ടു. എഡിറ്റർ ഫോണെടുത്തു: ‘ഞാൻ പി.ജെ.ജെ. ആന്റണി. ഒരു കഥ അയച്ചിരുന്നു' എന്ന് പറഞ്ഞുതീരും മുമ്പേ മറുപടി വന്നു: ‘കഥ തരക്കേടില്ല. പക്ഷേ ആദ്യഭാഗത്ത് അയാളെ കുളിപ്പിക്കുന്നതിൽ ഇത്തിരി ലൈംഗികത കൂടുതലുണ്ട്. അതൊന്ന് ടോൺ ഡൗൺ ചെയ്യണം. എനിക്ക് തിരുത്താവുന്നതേയുള്ളു. എന്നാലും നിങ്ങൾ ചെയ്യുന്നതാവും നല്ലത്. തിരുത്തി അയക്കൂ.' ഫോൺ ഡിസ്‌കണക്ടായി. അന്നുരാത്രിതന്നെ ഞാൻ സംഭവം ശരിയാക്കി രാവിലെ മെയിൽ ചെയ്തു. മറുപടി കണ്ടില്ല. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. ‘അടുത്ത ലക്കത്തിൽ ഉണ്ടാകും.' കാച്ചിക്കുറുക്കിയ മറുപടി അപ്പോൾ എനിക്ക് തന്ന സന്തോഷം അതിരുകളില്ലാത്തതായിരുന്നു. ഫോൺ ഡിസ്‌കണക്ടായി. റിസീവർ താഴെവച്ച് ഞാൻ അക്ഷരാർത്ഥത്തിൽ നൃത്തം ചെയ്തുപോയി.

അന്ന് എന്റെ അടുത്ത സുഹൃത്തുക്കൾ കവിയും കഥാകാരനുമായ കരുനാഗപ്പള്ളിക്കാരൻ ശ്രീകുമാർ കല്ലേലിഭാഗവും ചിത്രകാരനും കഥാകൃത്തുമായിരുന്ന വടകര സ്വദേശി എം.കെ. ജയക്രുഷ്ണനും നാടകപ്രവർത്തകനായ ജയൻ തച്ചമ്പാറയും ആയിരുന്നു. പരിചയക്കാർ പലരുണ്ടായിരുന്നെങ്കിലും എഴുത്തും വായനയും രാഷ്ട്രീയവുമൊക്കെ വായിച്ചറിഞ്ഞ് സംസാരിക്കുന്നവർ കുറവായിരുന്നല്ലോ. വാരാന്ത്യങ്ങളിൽ ഞങ്ങൾ ഒരുമിച്ചുകൂടി. ശ്രീകുമാർ കല്ലേലിയും ഷംസുദ്ദീൻ കായിപ്പുറവും സലിം പള്ളിവിളയും ശ്രീനിവാസ് അമരമ്പലവും മുകുന്ദൻ മേനോനും എന്റെ വീട്ടിൽ ഒത്തുകൂടി. ചിലപ്പോൾ ജയൻ തച്ചമ്പാറയും കഥാകാരൻ കെ.എം.രവിയും ഉണ്ടാകും. എല്ലാവരും ചേർന്ന് പാചകം ചെയ്യും. മീൻ വിഭവങ്ങളായിരുന്നു പ്രധാനം. നെയ്മീൻ പാൽക്കറി, ആകോലി വറുത്തത്, ചെമ്മീൻ ഉപ്പേരി, ചിലപ്പോൾ ബീഫ് വരട്ടിയതും. സേവയുള്ളവർക്ക് അതുമുണ്ടായിരുന്നു. സാഹിത്യചർച്ച ചിലപ്പോൾ കക്ഷിരാഷ്ട്രീയത്തിലേക്ക് തെന്നും. അതോടെ കോൺഗ്രസ് - സി.പി.എം വാക്‌പ്പോര് കടുക്കും. പുലരുംവരെ ചർച്ച. ചിലപ്പോൾ ബ്രേക്ഫാസ്റ്റും കഴിഞ്ഞാവും ഉറക്കം. എന്റെ കഥകളുടെ ആദ്യവായനക്കാരും അക്കാലങ്ങളിൽ ഇവരൊക്കെയായിരുന്നു. ഈ സൗഹൃദക്കൂട്ടായ്മയുടെ ആനന്ദങ്ങളായിരുന്നു കക്ഷിരാഷ്ട്രീയത്തിനതീതമായി സാഹിത്യതൽപരർക്ക് ഒരു പൊതുവേദി എന്നതിലേക്ക് നീങ്ങിയത്. നിലവിലുണ്ടായിരുന്ന സംഘടനാരൂപങ്ങളെയെല്ലാം ഞങ്ങൾ തള്ളിക്കളഞ്ഞു. ഔദ്യോഗിക ഭാരവാഹികളോ വരിസംഖ്യയോ പാടില്ല. മാധ്യമങ്ങളിൽ വാർത്തകളും ഉണ്ടാവില്ല. അന്നും ഇന്നും സൗദി അറേബ്യയിലെ വലിയ സംഘടന സി.പി.എമ്മിനോട് കൂറുപുലർത്തുന്ന നവോദയ സാംസ്‌കാരികവേദിയായിരുന്നു. തനിമ എന്ന പേരിൽ ജമാ അത്തെ ഇസ്‌ലാമിയുടെ സാംസ്‌കാരികവിഭാഗവും നിലവിലുണ്ടായിരുന്നു. കോൺഗ്രസ് അനുഭാവികൾ പലതിലായി ചിതറിക്കിടക്കുകയായിരുന്നു. ഇവയിലെല്ലാത്തിലുമുള്ള സാഹിത്യതൽപരരെ ഒരുമിച്ചുകൊണ്ടുവരാനായിരുന്നു ഞങ്ങളുടെ പരിശ്രമം.

സി.വി.ജോസ്, പ്രദീപ് കൊട്ടിയം, കെയെൽ തോമസ്, പി. ശിവപ്രസാദ്, രാമനാഥൻ അണ്ണാവി, നിസാർ കാത്തുങ്ങൽ, സുബൈർ തുഖ്ബ, ജോസഫ് തെരുവൻ, സതീശൻ പിരപ്പങ്കോട്, നിസാർ റൂമി, മോഹനൻ വെള്ളിനേഴി, സാജിദ് ആറാട്ടുപുഴ, ശിവൻ മേനോൻ, കെ.പി.എ.സി അഷറഫ്, സാലു പുത്തൻപുരയിൽ, രഘുനാഥ് ഷൊർണ്ണൂർ, അബ്ബാസ് തറയിൽ, ഷാജു അഞ്ചേരി, അസിം പള്ളിവിള, സരീന റിയാസ്, മാധവി മേനോൻ, രവീന്ദ്രനാഥ്, രാജൻ നമ്പ്യാർ, ശശിധരപ്പണിക്കർ, ഷാജി കരട്ടിയാറ്റിൽ, റിയാസ് മുണ്ടങ്ങലം, എൻ. പ്രഭാകരൻ തുടങ്ങി നിരവധിപേർ ഉത്സഹഭരിതരായി മുന്നോട്ടുവന്നു. സൗകര്യമുള്ള അംഗങ്ങളുടെ വീടുകളിൽ കൂടിയാൽ മതിയെന്നും ചായയല്ലാതെ മറ്റൊന്നും നൽകരുതെന്നും നിഷ്‌കർഷിച്ചു. ആദ്യ സമ്മേളനം ദമ്മാമിൽ പാലക്കാട് സ്വദേശിയായ സി.വി. ജോസിന്റെ വീട്ടിലായിരുന്നു. ജോസിന്റെ പങ്കാളി മേഴ്‌സിയും മക്കൾ മീരയും മേഘയും നല്ല ആതിഥേയരായി. സംഘത്തിന് എല്ലാവരും ചേർന്ന് ‘പള്ളിക്കൂടം’ എന്ന് പേരുനൽകി.

‘പള്ളിക്കൂടം’ കൂട്ടായ്​മയുടെ പരിപാടിയിൽ

മേഘയും സംഘവും സ്വാഗത ഗാനം പാടുന്നു.

നിസാർ റൂമി മനോഹരമായ ലോഗോ വരച്ചുണ്ടാക്കി. വായനയും എഴുത്തും പ്രിയപ്പെടുന്നവർക്ക് അറിയാനും അറിയിക്കാനും ഒരിടം. അതായിരുന്നു പള്ളിക്കൂടത്തിന്റെ നിർവചനം. മാസത്തിൽ ഒരു മീറ്റിംഗ്. ഒരു പ്രഭാഷണം, പ്രകാശിതമായ ഒരു കഥയെ ആസ്പദമാക്കിയുള്ള സംവാദം, അവിടെയുള്ള ഒരാളുടെ രചന വായിച്ചുകേട്ട് അതേക്കുറിച്ചുള്ള പ്രതികരണങ്ങൾ. ഇതായിരുന്നു പ്രോഗ്രാം. പള്ളിക്കൂടത്തിന് ഒരു ഹെഡ്മാസ്റ്ററും ക്ലാസ് ലീഡറും വേണമെന്ന് തീരുമാനിച്ചു. ക്ലാസ് ലീഡറായി സലിം പള്ളിവിളയും ഹെഡ്മാസ്റ്ററായി ഞാനും നിയോഗിതരായി.

ആദ്യ സമ്മേളനത്തിൽ രഘുനാഥൻ പറളിയുടെ ലേഖനവും സുഭാഷ്ചന്ദ്രന്റെ പറുദീസാനഷ്ടം എന്ന കഥയുമായിരുന്നു ചർച്ചക്കെടുത്തത്. മണിക്കൂറുകൾ നീളുന്ന സംവാദങ്ങൾ. ചേരിതിരിഞ്ഞുള്ള വാക്പയറ്റുകൾ. എല്ലാം കഴിയുമ്പോൾ തോളിൽ കൈചേർത്തും കെട്ടിപ്പുണർന്നുമുള്ള അനുരജ്ഞനങ്ങൾ. സി.വി.ജോസും പ്രദീപ് കൊട്ടിയവും ശിവപ്രസാദും സരീന റിയാസും ആയിരുന്നു ഇടതുപക്ഷത്തിന്റെ തേരാളികൾ. ഇപ്പുറത്ത് ഷംസുദ്ദീൻ കായിപ്പുറവും ശ്രീനിവാസ് അമരമ്പലവും സുബൈർ തുഖ്ബയും. എല്ലാവരും എരിവുപകർന്ന ആഴമുള്ള ചർച്ചകൾ. അറിഞ്ഞും അറിയിച്ചും പള്ളിക്കൂടം മുന്നേറി. പങ്കെടുക്കുന്നവരുടെ എണ്ണം കൂടാൻ തുടങ്ങി. വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ വായനയുടെയും എഴുത്തിന്റെയും ഇടത്തിൽ ഒരുമിച്ചുകൂടാനുള്ള വിവിധ ചേരികളുടെ ഉത്സാഹമാണ് എനിക്ക് ഏറ്റവും തൃപ്തികരമായി തോന്നിയത്.

റംസാൻ അവധിക്കാലത്ത് ഒരു ഫാം ഹൗസ് വാടകയ്‌ക്കെടുത്ത് മൂന്നുദിവസങ്ങൾ സാഹിത്യവുമായി കഴിയാൻ ഞങ്ങൾ തീരുമാനിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ റിയാദിലെയും ജിദ്ദയിലെയും സുഹൃത്തുക്കൾ അബു ഇരിങ്ങാട്ടിരി, ജയചന്ദ്രൻ നെരുവമ്പ്രം, ജോസഫ് അതിരുങ്കൽ, റഫീക് പന്നിയങ്കര, റസുൾ സലാം, ടി. ആർ. രവിവർമ്മ, സുനിൽകുമാർ, മുരളി രവീന്ദ്രൻ, എം.ഫൈസൽ, ബീനാ ഫൈസൽ, ഇക്ബാൽ കൊടുങ്ങല്ലൂർ, പ്രദീപ് അരിയപ്പാടൻ, ഗോപിനാഥൻ നെടുങ്ങാടി, നജിം കൊച്ചുകലുങ്ക്, ഉബൈദ് എടവണ്ണ തുടങ്ങിയവരും ഒന്നിച്ചുകൂടാൻ താൽപര്യപ്പെട്ടു. കേരള സർക്കാരിന്റെ പ്രഥമ പ്രവാസി പുരസ്‌കാരം നേടിയ അബുദാബിയിൽ നിന്നുമുള്ള എ.എം. മുഹമ്മദും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് സൗദിയിലെത്തി. പലരും കുടുംബസമേതമാണെത്തിയത്. എല്ലാവർക്കും താമസസൗകര്യം ഒരുക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.

എ.എം. മുഹമ്മദ്

അങ്ങിനെ പ്രഥമ പള്ളിക്കൂടം സാഹിത്യക്യാമ്പ് വലിയ വിജയവും ഉത്തേജനവുമായി.

അടുത്തവർഷത്തെ ക്യാമ്പിൽ അതിഥിയായി പെരുമ്പടവം ശ്രീധരനെത്തി. ഇക്കുറി ക്യാമ്പിന് ഒരു വിഷയം തിരഞ്ഞെടുത്തിരുന്നു - ‘മലയാള നോവലിന്റെ വികാസപരിണാമങ്ങൾ'. വിവിധ പ്രഭാഷണങ്ങൾ മലയാള നോവലിന്റെ വിവിധ ഘട്ടങ്ങളെ ആസ്പദമാക്കി സജ്ജീകരിച്ചു. നോവലിന്റെ കല സമകാലത്തിൽ എവിടെ നിൽക്കുന്നു എന്നതിനോട് ക്യാമ്പിൽ പങ്കെടുക്കുന്നവരെ അടുപ്പിക്കുക എന്നതായിരുന്നു മുഖ്യമായും ലക്ഷ്യമിട്ടത്. മിക്കവരും അവർ നാട്ടിൽ നിന്ന് പോരുമ്പോൾ ഉണ്ടായിരുന്ന നോവലുകളെയും എഴുത്തുകാരെയും മനസ്സിൽ മാറ്റമില്ലാതെ കൊണ്ടുനടക്കുന്നവരായിരുന്നു. നിരന്തരം മാറുകയും പുതുങ്ങുകയും ചെയ്തുകൊണ്ടിരുന്ന എഴുത്തിനും അവർക്കുമിടയിൽ ഉണ്ടായിരുന്ന ക്രമവൃദ്ധമായ അകലത്തെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു പള്ളിക്കൂടം ലക്ഷ്യമിട്ടത്. പ്രതിമാസ സംവാദങ്ങളും വാർഷിക ക്യാമ്പുകളും ഇതിനെ സംബോധന ചെയ്തുകൊണ്ടിരുന്നു. ഒരിക്കൽപ്പോലും ഈ ലക്ഷ്യത്തിൽ നിന്ന് ഞങ്ങൾ കണ്ണെടുത്തില്ല. മികച്ച വായനക്കാർ ഒപ്പമുണ്ടായിരുന്നത് പള്ളിക്കുടത്തിന്റെ ഈ ദൗത്യത്തിന് സഹായകമായി. മുകുന്ദൻ മേനോൻ എഴുതി സംവിധാനം ചെയ്ത് ക്യാമ്പ് അംഗങ്ങൾ അവതരിപ്പിച്ച ‘അക്ഷരം കൊണ്ട് കളിക്കരുത്' എന്ന ഏകാങ്കനാടകവും ഇതേ ലക്ഷ്യത്തോട് നീതിപുലർത്തുന്നതായിരുന്നു.

ജുബൈലിൽ പെരുമ്പടവം ശ്രീധരൻ പങ്കെടുത്ത സാഹിത്യ ക്യാമ്പിൽനിന്ന്​

15 ദിവസങ്ങൾ പെരുമ്പടവം ശ്രീധരൻ ജുബൈലിൽ ഉണ്ടായിരുന്നു. സത്യത്തിൽ ചർച്ചാക്ലാസുകളും സംവാദങ്ങളും 15 ദിവസവും നീണ്ടുനിന്നു എന്നുപറയുന്നതാവും ശരി. മനുഷ്യരുമായി അടുക്കുന്നതിനും ചുറ്റും പ്രസന്നമായ ഒരന്തരീക്ഷം നിലനിർത്തുന്നതിനും അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. എഴുത്തിനെയും വായനയെയും ജീവിതത്തോടും ലോകത്തിന്റെ ഭാവിയോടും ചേർത്തുകാണുന്ന അദ്ദേഹത്തിന്റെ സമീപനം പലമ പൂത്തുലയാൻ ഇടം സമൃദ്ധമായി നൽകുന്ന ഒന്നായിരുന്നു. ഒരാളോടും അദ്ദേഹം തർക്കിച്ചില്ല. സകല സമീപനങ്ങളോടും തികഞ്ഞ ആർജ്ജവത്തോടെ പ്രതികരിച്ച് സകലരെയും അദ്ദേഹം ചേർത്തുനിർത്തി. നവോദയ സാംസ്‌കാരികവേദിയെന്ന ഇടതനുഭാവ സംഘടന പെരുമ്പടവത്തിനായി ദമ്മാമിൽ ഒരു പൊതുസ്വീകരണം ഏർപ്പെടുത്തിയപ്പോൾ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വൻ ജനാവലിയാണ് അദ്ദേഹത്തെ കേൾക്കാൻ തടിച്ചുകൂടിയത്.

മനസ്സിനിണങ്ങിയവരുമായി മനസ്സുതുറന്ന് ഇടപഴകുന്ന രീതിയായിരുന്നു പെരുമ്പടവത്തിന്റേത്. ക്യാമ്പ് കഴിഞ്ഞും ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ മിക്ക ദിവസങ്ങളിലും അദ്ദേഹവുമായി വൈകുന്നേരങ്ങളിൽ എന്റെ വീട്ടിൽ ഒത്തുകൂടി.

നവോദയ സാംസ്‌കാരികവേദി നൽകിയ സ്വീകരണത്തിൽ പെരുമ്പടവം സംസാരിക്കുന്നു

പൊതുവിൽ സാഹിത്യവും സവിശേഷമായി പെരുമ്പടവത്തിന്റെ എഴുത്തുജീവിതവുമായിരുന്നു ചർച്ച. അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പുസ്തകം വായിക്കാത്തവരായി അവിടെ ആരും ഉണ്ടായിരുന്നില്ല. ചിലരൊക്കെ പെരുമ്പടവം സാഹിത്യത്തെ പൂർണമായി വായിച്ചറിഞ്ഞവർ ആയിരുന്നു. രസകരമായിരുന്നു ആ സായാഹ്നങ്ങൾ. ചിലപ്പോൾ എല്ലാവരും ചേർന്ന് അത്താഴം പാചകം ചെയ്യും. ചിലപ്പോൾ അടുത്തുള്ള ഒരു മലയാളി റസ്റ്റാറന്റിൽ നിന്ന് പാഴ്‌സൽ വരുത്തും. ഓഫീസ് വിട്ടുവരുമ്പോൾ ഏകാംഗചായപ്പീടികയിൽ നിന്ന് പൊരിപ്പലഹാരങ്ങൾ വങ്ങിക്കൊണ്ടുവരും. കട്ടൻ ചായയുമായി അതും തിന്നുകൊണ്ടാവും ചർച്ച തുടങ്ങുക. അങ്ങിനെ ഒരു ദിവസം എല്ലാം മറന്ന് ചർച്ച കൊഴുക്കുകയായിരുന്നു. ഫലിതപ്രിയനാണ് പെരുമ്പടവം. ആരെയെങ്കിലും സ്‌നേഹംകൊണ്ട് കളിയാക്കാൻ കിട്ടുന്ന അവസരങ്ങളിൽ പെരുമ്പടവത്തിന്റെ നർമ്മം കത്തിക്കയറും. ചിലപ്പോൾ നിശബ്ദനായിരുന്ന് മറ്റുള്ളവർ പറയുന്നതിൽ രസിച്ച് കേട്ടുകൊണ്ടിരിക്കും. അത്താഴത്തിന്റെ കാര്യം ഓർത്തപ്പോൾ പാതിരാ കഴിഞ്ഞിരുന്നു. മുകുന്ദൻ മേനോൻ ഫോണിൽ ഭക്ഷണം ഓർഡർ ചെയ്യാനൊരുങ്ങുമ്പോൾ പെരുമ്പടവം പറഞ്ഞു, ‘നമുക്കിന്ന് അറബി ഭക്ഷണം കഴിക്കാം'. എല്ലാവർക്കും ഉത്സാഹമായി. സലിം പള്ളിവിളയും ശ്രീനിവാസ് അമരമ്പലവും ഷംസുദ്ദീൻ കായിപ്പുറവും സലിമിന്റെ വാഹനത്തിൽ അറബിഭക്ഷണം തേടി പാതിരാവിലേക്ക് ഇറങ്ങി. ഞാനും മേനോനും ശ്രീകുമാർ കല്ലേലിയും ജയൻ തച്ചമ്പാറയും ജയകൃഷ്ണനും പ്രിയ എഴുത്തുകാരനെ കേട്ടിരുന്നു. പള്ളിക്കൂടം കഥാമത്സരത്തിൽ രണ്ടാം സമ്മാനം ലഭിച്ച ശ്രീകുമാറിന്റെ കഥയെക്കുറിച്ചാണ് പെരുമ്പടവം സംസാരിച്ചത്. അത് കഥയെ സംബന്ധിക്കുന്ന ഒരു സംവാദമായി പകർന്നു. ഒരു മണിക്കൂറിലേറെക്കഴിഞ്ഞാണ് അറബിഭക്ഷണം എത്തിയത്. അത് അറബി ശൈലിയിൽത്തന്നെ ആഹരിക്കണമെന്നായി ഷംസുദ്ദീൻ. നിലത്ത് പുൽപായ വിരിച്ച് ഖുബ്ബൂസും ഹമൂസും തബൗളിയും ചുട്ട മാംസവും ഉപ്പിലിട്ട മുളകും ഉള്ളിയും കാരറ്റും ബീറ്റ് റൂട്ടും ഒക്കെ നിരത്തിവച്ചു. ഒരൊറ്റപ്പാത്രത്തിൽ നിന്ന് എടുത്ത് കഴിക്കുന്ന അറബിശൈലി രസിച്ചങ്ങിനെ മുന്നേറുമ്പോൾ പെരുമ്പടവം തടിച്ചുകൊഴുത്ത ഒരു മുളക് ഉപ്പിലിട്ടത് എടുത്തു. ‘ഷംസേ, ഇത് എരിവുള്ളതാണോഡാ?' സ്‌നേഹസമ്പന്നനായ ഷംസ് ഉടനെ മറുകുറിയാക്കി. ‘സാറേ അറബുമുളകിന് എരിവില്ല. ഉപ്പിലിട്ടാൽ തീരെയില്ല.'' ഉത്സാഹത്തോടെ പെരുമ്പടവം മുളകിനെ വായിലേക്കയക്കുന്നു. പിന്നെ കാണുന്നത് എരിവ് കയറിയ നാവിനെ തണുപ്പിക്കാൻ തണുത്ത കോളാകൊണ്ട് കുലുക്കി ഉഴിയുന്ന മഹാനായ എഴുത്തുകാരനെയാണ്. ‘ഡാ...ദുഷ്ടാ.....ഷംസേ......എന്നാലും എന്നോടിത് വേണമായിരുന്നോ!' അടുത്ത ആട്ടിൻ തുണ്ട് ചവച്ചുമുറിച്ചുകൊണ്ട് ഷംസ് ദയാരഹിതനായി പറഞ്ഞു: ‘ഇതൊരു പാഠമായിരിക്കട്ടെ. വലിയ എഴുത്തുകാരനാണ്, ലക്ഷങ്ങൾ വിറ്റുപോയ നോവലെഴുതിയിട്ടുണ്ട്, ജനപ്രിയനാണ് എന്നൊക്കെ കരുതി മുതുപാതിരാക്ക് ഇവിടെങ്ങും കിട്ടാത്ത അറബി ഭക്ഷണം വേണമെന്ന് പറഞ്ഞ് പാവം ആരാധകരെ ഇനി ഒരിക്കലും നാടുനീളെ ഓടിക്കരുത്!' ശ്രീനി കൊടുത്ത ബട്ടർസ്‌കോച്ച് ഐസ്‌ക്രീമിൽ മുളകുരസം അലിയിച്ചുകളഞ്ഞ് പെരുമ്പടവം ഉറക്കെച്ചിരിച്ചു.

പോകുമ്പോൾ യാത്ര പറയാൻ ഞങ്ങളെല്ലാവരും വിമാനത്താവളത്തിൽ ചെന്നിരുന്നു. നാട്ടിൽ ചെന്നുകഴിയുമ്പോൾ ഞങ്ങളെ മറക്കുമോ എന്ന ചോദ്യത്തോട് പെരുമ്പടവം പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു: ‘മിക്കയിടങ്ങളിലും കണ്ടത് ഗൾഫ് മലയാളികളെയായിരുന്നു. ഇവിടെ ജുബൈലിൽ ഞാൻ മലയാളിമനുഷ്യരെ കണ്ടു. നീയൊക്കെ എന്നെ മറക്കാതിരുന്നാൽ മതി.' മനസ്സിൽ തട്ടിയ യാത്രയയപ്പായിരുന്നു അത്. സലിമും ഷംസുദ്ദീനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ ജനപ്രതിനിധികളാണിപ്പോൾ. മുകുന്ദൻ മേനോൻ പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിയും. ശ്രീനി സിവിൽ കോണ്ട്രാക്ടറും എം.കെ.ജയക്രുഷ്ണൻ ചിത്രകാരനും. എല്ലാവരും പെരുമ്പടവത്തിന്റെ മികച്ചവായനക്കാരും ഉറ്റമിത്രങ്ങളും.

സലിം പള്ളിവിള ഗൾഫ് വാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. തൽസ്ഥാനത്ത് ഷംസുദ്ദീൻ കായിപ്പുറം ചുമതലയേറ്റു. തുടർന്ന് കവി വി.മധുസൂദനൻ നായർ ഉൾപ്പെടെ പ്രമുഖരായ പലരും പള്ളിക്കൂടത്തിന്റെ അതിഥികളായെത്തി. ഏഴുവർഷങ്ങളോളം സജീവമായിരുന്ന ചർച്ചാവേദി മുൻനിരയിലുണ്ടായിരുന്ന ഷംസുദ്ദീൻ കായിപ്പുറം, സി.വി.ജോസ്, ശ്രീനിവാസ് അമരമ്പലം, സതീശൻ പിരപ്പൻകോഡ്, സുബൈർ തുഖ്ബ, പി.ശിവപ്രസാദ്, രഘുനാഥ് ഷൊർണ്ണൂർ, മുകുന്ദൻ മേനോൻ, കെയെൽ തോമസ് തുടങ്ങിയവർ ഒന്നൊന്നായി സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ വിട്ടുപോയതോടെ നിർജ്ജീവമായി. കക്ഷിരാഷ്ട്രീയത്തിനതീതമായി വായനയും എഴുത്തും ഗൗരവത്തോടെ പ്രിയപ്പെട്ടിരുന്നവരുടെ പൊതുവിടമാണ് അതോടെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് തിരോഭവിച്ചത്. റിയാദിൽ ‘ചില്ല'യും ജിദ്ദയിൽ ‘സമീക്ഷ'യും സജീവമായുണ്ടെങ്കിലും ഇടതുപക്ഷവുമായി ചേർന്നുനിൽക്കുക എന്നതിനാണ് അവർ മുൻഗണന നൽകുന്നത്. ‘ചില്ല'യുടെ സക്രിയമായ വാട്ട്‌സ്ആപ് ചർച്ചാവേദി ആഴവും പരപ്പുമുള്ള വായനക്കാരായ നൗഷാദ് കോർമത്ത്, ജുനൈദ് അബുബേക്കർ തുടങ്ങിയവരുടെ ഉത്സാഹത്തിൽ പലമയെയും തുറവിയെയും മടക്കിക്കൊണ്ടുവരാൻ പരിശ്രമിക്കുന്നുണ്ട്. നിർഭാഗ്യവശാൽ രണ്ടിടത്തും കാലഹരണപ്പെട്ട കലാസമീപനങ്ങളും ആശയങ്ങളുമായി കാലം പോക്കുന്ന ദിനോസാറുകളുടെ പിന്മുറക്കാർക്കാണ് ഇപ്പോഴും മുൻകൈ.
പ്രതിഭയുള്ള പല എഴുത്തുകാരും സൗദി അറേബ്യയിലെ മലയാളികൾക്കിടയിലുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പലയാവർത്തി അടയാളപ്പെടുത്തിയ സമകാല എഴുത്തുമായുള്ള ഗൾഫ് മലയാളികളുടെ വിഘടനമാണ് ഇവിടെയും പ്രശ്‌നം. യാഥാസ്ഥിതിക മാർക്‌സിസ്റ്റ് ആശയങ്ങളോടുള്ള അന്ധമായ വിധേയത്വവും സർഗാത്മകമായി മാർക്‌സിസത്തെ സമീപിക്കാനോ അതിജീവിക്കാനോ ഉള്ള കഴിവില്ലായ്മയും ഇതോട് ചേർക്കാം. ഗൾഫിലെ മലയാളി സാഹിത്യസമാജങ്ങൾ ശിൽപശാലകൾക്കായി ഇവിടെയെത്തിക്കുന്ന എഴുത്തുകാരിൽ മിക്കവരും അവരുടെ എഴുത്തിന്റെ പടിയിറക്കകാലങ്ങളിൽ നിന്നുള്ളവരായിരിക്കും. ആർജ്ജവത്തോടെ അവർ പങ്കുവയ്ക്കുന്നതെല്ലാം കാലം താണ്ടിയ തിളക്കങ്ങളാവും. ഇവയൊന്നും ആഖ്യാനത്തെയും മൊഴിയെയും നവീകരിക്കുന്നതിൽ ആർക്കും സഹായകമാവുന്നില്ല. മറിച്ച് നാടുനീങ്ങുന്ന അഭിരുചികളിൽ ഞാന്നുകിടക്കാൻ പ്രേരണയാവുകയും ചെയ്യുന്നു. സൗദി അറേബ്യയിലെ സാഹിത്യവേദികൾക്ക് അത്ര പരിചിതനല്ലാത്ത അൽ ഹാസയിലെ കവി സുനിൽ കൃഷ്ണനാണ് സമകാല മലയാള കവിതയുമായി ചേർന്നുനടക്കുന്നതിൽ മുന്നിൽ.

സുനിൽ കൃഷ്ണൻ

(‘വിശപ്പിനെ പുറത്തേക്ക് വരയ്ക്കുന്ന ജീവികൾ' എന്ന കവിതാസമാഹരം). ദമ്മാമിൽ നിന്നുമുള്ള എം. ബഷീറിനെക്കുറിച്ചും ഇത് പറയാമെങ്കിലും അനഭിലഷണീയമായ ചില പ്രത്യയശാസ്​ത്രപ്പാറാവുകളെ അതിലംഘിക്കാൻ കഴിഞ്ഞാലേ അദ്ദേഹത്തിലെ കവിക്ക് സ്വതന്ത്രമായി ചിറകടിക്കാനാകൂ. മികച്ച കഥകൾ എഴുതിയിരുന്ന ജോസഫ് തെരുവൻ ഇപ്പോൾ നിശബ്ദനാണ്. മലയാളം ന്യൂസിൽ എഡിറ്ററും അക്കാദമി ജേതാവുമായിരുന്ന മുസഫർ അഹമ്മദ്​ സൗദി വിട്ടുപോന്നു. പലവിധത്തിലും സീനിയറായ അബു ഇരിങ്ങാട്ടിരിയും നാടുപിടിച്ചു. ബാക്കിയുള്ളവരിൽ ‘തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ' തുടങ്ങിയ മികച്ച നോവലുകൾ എഴുതിയ ബീനയാണ് മുന്നിൽ.

ബീന

സബീന എം.സാലി, ജോസഫ് അതിരുങ്കൽ, എം.ഫൈസൽ, ആൻസി മോഹൻ മാത്യു, ഷഹിന ആർ, ടെസ്സി കുട്ടൂക്കാരൻ, സോണി ഡിത്ത്, ബാപ്പു തേഞ്ഞിപ്പലം, റഫീഖ് പന്നിയങ്കര, സോഫിയ ഷാജഹാൻ, സഹീറ നസീർ, റുബിന നിവാസ് തുടങ്ങിയവർ കുതിപ്പിന് സാദ്ധ്യതയുള്ളവരാണ്. ആന്തരികമായി സ്വതന്ത്രരാകുവാനും അങ്ങിനെ സ്വന്തം എഴുത്തിന് ആഴങ്ങൾ പകരാനും ഇവർക്കാകുമോയെന്നത് അവർ തന്നെ തീരുമാനിക്കണം.

അന്യഭാഷണങ്ങളും സംസ്‌കാരങ്ങളുമായുള്ള ഘർഷണങ്ങൾ ഗൾഫിലെ എഴുത്തുകാരുടെ അനന്യതയാണ്. പലമയുടെ ഈ വിചിത്രവിന്യാസങ്ങളെ എഴുത്തിലേക്ക് കൊണ്ടുവരാനാകണം. ഒപ്പം ചിതറിപ്പാർക്കുന്നവർക്ക് കൂടുതലായി ലഭിക്കുന്ന വസ്തുനിഷ്ഠതയോടെ നാടിനെ, ഇന്ത്യയെ പുതുതായി കണ്ടെത്താനും കഴിയണം. അപ്പോൾ ഗൾഫിൽ നിന്നും എഴുതുന്നവർ വേറിട്ട് അടയാളപ്പെടും. സ്വയം പുതുങ്ങുകയും കണ്ടെത്തുകയും ചെയ്യും. പക്ഷേ സ്വന്തം അകങ്ങളിൽ ഉളി ചേർത്ത് പണിയാതെ ഇത് സാദ്ധ്യമാവില്ല.


Comments