സൗദിയിലെ തടവറകളെക്കുറിച്ച് കഥയും കാര്യവുമായി ആഖ്യാനങ്ങൾ നിരവധിയാണ്. സോവിയറ്റ് കമ്യൂണിസ്റ്റ് തടവറകളും ഫ്രാങ്കോയെപ്പോലുള്ള ഏകാധിപതികളുടെ തടവറകളും എഴുത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിലെ തടവറകൾക്ക് ഫിക്ഷന്റെ ഭാഗമാകാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഗൾഫ് രാജ്യങ്ങളിലെ ഭൂഗർഭ തടവറകൾ സവിശേഷമാണ്. അപ്രതീക്ഷിതമായ പെരുമഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങി സൗദിയിലെ ഒരു ഭൂഗർഭ ജയിലിൽ ഉണ്ടായിരുന്ന സകലരും പൊലിഞ്ഞതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. മാധ്യമങ്ങളിലൊന്നും വാർത്തകൾ വന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഊഹാപോഹങ്ങൾ സജീവമായിരുന്നു.
പരിചയക്കാരനായിരുന്ന ഒരു യുവാവ് ഒരു ജയിലനുഭവം പറഞ്ഞത് മറന്നിട്ടില്ല. ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു സംഭവം. അയാൾ കൗമാരക്കാരനായിരുന്നപ്പോൾ സിവിൽ വേഷത്തിലെത്തിയ അധികാരികൾ അപ്പനെ കൂട്ടിക്കൊണ്ടുപോയി. അപ്പന്റെ വേറിട്ട ചിന്തകൾ അനർത്ഥങ്ങളെ കൂട്ടിക്കൊണ്ടുവരുമെന്ന് ബന്ധുക്കൾ പതിവായി പറഞ്ഞിരുന്നു.
അപരിചിതരോടൊപ്പം അപ്പൻ വീടുവിട്ടിറങ്ങിയതോടെ അമ്മ മിണ്ടാതായി. ബന്ധുക്കൾ വന്നുപോയി. വീട്ടിലുള്ളവരും സന്ദർശകരും അതേക്കുറിച്ച് സംസാരിച്ചില്ല എന്നത് എന്റെ യുവസുഹൃത്ത് ഓർക്കുന്നു. മാസങ്ങൾ കഴിഞ്ഞാണ് അപ്പൻ മടങ്ങിയെത്തിയത്. അപ്പോൾ വീട്ടിൽ വലിയ പാർട്ടി ഉണ്ടായിരുന്നു. അപ്പൻ എവിടെയായിരുന്നെന്ന് ആരും അന്വേഷിച്ചില്ല. അതേക്കുറിച്ച് അപ്പനും ഒന്നും സംസാരിച്ചില്ല. ജീവനോടെ മടങ്ങിവന്നുവല്ലോ എന്നതായിരുന്നു എല്ലാവരുടെയും ആശ്വാസമെന്ന് അയാൾ പറഞ്ഞു. സിവിൽ വേഷക്കാർ വന്ന് വിളിച്ചുകൊണ്ട് പോയവരിൽ തിരികെയെത്താത്തവർ അപൂർവ്വമൊന്നും ആയിരുന്നില്ല.
ഒരു ട്രാഫിക് നിയമലംഘനം
എനിക്കുമുണ്ടായി ഒരു ജയിൽ അനുഭവം. നഗരത്തിൽ നിന്ന് അൽപം അകലെയായിരുന്നു ഞാൻ താമസിച്ചിരുന്ന കോമ്പൗണ്ട്. മെയിൻ റോഡുകൾ ഒഴിവാക്കി ഡ്രൈവ് ചെയ്താൽ പതിനഞ്ച് മിനിറ്റിനുള്ളിൽ ഓഫീസിലെത്താം. ആളൊഴിഞ്ഞ പാതകൾ. ആൾപ്പാർപ്പും വാഹനത്തിരക്കും ഒഴിഞ്ഞ ഇടമായിരുന്നതിനാൽ ട്രാഫിക് നിയമങ്ങളൊന്നും ആരും കർശനമായി പാലിച്ചിരുന്നില്ല. ചെറുകിട വ്യവസായങ്ങൾക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലമായിരുന്നു. പ്രധാന റോഡിൽ നിന്നും ഒരിടവഴിയിലേക്ക് കയറുമ്പോൾ കഷ്ടിച്ച് അമ്പതുമീറ്റർ നീളം വൺ വേ ട്രാഫിക് എന്ന നിയമം ലംഘിച്ചാണ് ഞാൻ സഞ്ചരിച്ചിരുന്നത്. ആയിടെ ട്രാഫിക് അപകടങ്ങൾ കാര്യമായി വർധിച്ചപ്പോൾ ട്രാഫിക് പൊലീസ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചിരുന്നു. അത് വാഹന ഗതാഗതം തുച്ഛമായ ഇടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഞാൻ നിനച്ചതേയില്ല. ഇടവഴി ഒടുങ്ങുന്നിടത്ത് അന്ന് പൊലീസ് വാഹനം ഒളിപ്പിച്ചിട്ടിരുന്നു. ഞാൻ കുടുങ്ങി.
കാർ ഓരത്ത് പാർക്ക് ചെയ്ത ശേഷം പൊലീസ് വാഹനത്തിൽ കയറിയിരിക്കാൻ പൊലീസ് ആജ്ഞാപിച്ചു. പൊലീസിന്റെ പിടിയിൽ അകപ്പെട്ടാൽ എപ്പോൾ എവിടെവച്ചായാലും സഹായത്തിനായി വിളിച്ചുകൊള്ളാൻ പറഞ്ഞ് ഒരു സൗദി സുഹൃത്ത് ഫോൺ നമ്പർ തന്നിരുന്നത് ഓർമയിൽ വന്നു. അയാളെ വിളിച്ചു. അയാൾ നിസ്സഹായനായിരുന്നു. പുതിയ ട്രാഫിക് നിയമപ്രകാരം ജയിൽ ശിക്ഷയും പിഴയും എത്ര ഉന്നതനായാലും ഒഴിവാക്കാനാകില്ലെന്നും രണ്ടും മിനിമത്തിലേക്ക് ചുരുക്കാൻ പരമാവധി ശ്രമിക്കാമെന്നും പറഞ്ഞ് സൗദി സുഹൃത്ത് ആശ്വസിപ്പിച്ചു. പൊലീസ് പറയുന്നത് കണിശമായി അനുസരിക്കാനും ട്രാഫിക് പൊലീസ് സ്‌റ്റേഷനിൽ വച്ച് കാണാമെന്നും സുഹൃത്ത് പറഞ്ഞു.
രാവിലെ മുതൽ വളഞ്ഞുപിടിച്ച ആറേഴുപേർ ഉണ്ടായിരുന്നു. കഷ്ടിച്ച് മുട്ടുമടക്കി ഇരിക്കാവുന്ന ഇടം പോലും പൊലീസ് കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നില്ല. എനിക്ക് ശ്വാസം മുട്ടി. പ്രശ്‌നക്കാരിയായ കാൽമുട്ട് പണിമുടക്കുമോയെന്ന് ഞാൻ ഭയപ്പെട്ടു. നാലുപേരിൽ ഒരാൾ ഏതോ യൂറോപ്യനാണ്. മറ്റുള്ളവർ സൗദികളല്ലാത്ത അറബികളും. വെയിൽ മൂക്കുന്നതുവരെ ഞങ്ങൾ ജയിലിന് സമാനമായ ആ കാറിനുള്ളിൽ വിയർത്ത് വെന്ത് കുടുങ്ങിയിരുന്നു.
ഒടുവിൽ നട്ടുച്ച കത്തുമ്പോൾ ഞങ്ങളെ ട്രാഫിക് സ്‌റ്റേഷനിൽ എത്തിച്ചു. ജയിലും അവിടെത്തന്നെയായിരുന്നു. സൗദി സുഹൃത്തിനെ അവിടെയെങ്ങും കണ്ടില്ല. പിടിക്കപ്പെട്ടപ്പോൾത്തന്നെ കമ്പനിയിൽ വിവരം അറിയിച്ചിരുന്നു. ജോലിത്തിരക്കുള്ളതിനാൽ ഉച്ചക്ക് ഉണ്ണാനെത്തില്ലെന്ന് വീട്ടിലും അറിയിച്ചു.
ഞങ്ങൾ ഇരുപതിലേറെപ്പേർ ഉണ്ടായിരുന്നു. കമ്പനി പ്രതിനിധികളെ അടുത്ത് വരാൻപോലും അനുവദിച്ചില്ല. തിരിച്ചറിയൽ രേഖ (ഇക്കാമ) വാങ്ങിക്കൊണ്ടുപോയ പൊലീസുകാരൻ തെല്ല് കഴിഞ്ഞപ്പോൾ പേരുകൾ വിളിക്കാൻ തുടങ്ങി. ആദ്യ പേരുകാരൻ ഞാനായിരുന്നു. അകത്തേക്ക് കയറിയപ്പോഴാണ് കണ്ടത് ഇരുവശങ്ങളിലും നീളെ ഇടുങ്ങിയ ജയിൽ സെല്ലുകൾ. ഇടതുവശത്ത് ആദ്യം സാമാന്യം വലിയ പൊലീസ് ഓഫീസാണ്. എതിർവശത്ത് സെല്ലുകൾ തുടങ്ങുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങിനെ അത് നീണ്ടുപോകുന്നു. പൊലീസുകാർ എന്തൊക്കെയോ അറബിയിൽ വിശിദീകരിച്ചു. നിയമലംഘനത്തിന്റെ ഗൗരവത്തെക്കുറിച്ചാവും. ആരും ഒന്നും ഉരിയാടിയില്ല. സംസാരിക്കാൻ തുനിഞ്ഞ അറബികളെ അവർ കർശനമായി വിലക്കി.
ആദ്യം എന്റെ ഊഴമായിരുന്നു. ഫോട്ടോയും വിരലടയാളവും എടുത്തു. ഒന്നാം നമ്പർ സെല്ലിന്റെ വാതിൽ തുറന്ന് പൊലീസുകാരൻ എന്തോ പറഞ്ഞു. ഞാൻ അകത്തേക്ക് കയറി. അയാൾ വാതിലടച്ചു. എന്റെ ചങ്കിടിച്ചു. ഏകദേശം പത്തടി നീളവും ആറടി വീതിയുമുള്ള ഒരു മുറി. കിടക്കയുടെ വിസ്താരത്തിൽ ഉയർത്തിക്കെട്ടിയതാണ് കിടക്കാനുള്ള ഇടം. അതിൽ ഒരു വിരിയും കമ്പിളിയുമുണ്ട്. അതിന്റെ അറ്റത്ത് അരമതിൽ വേർതിരിക്കുന്ന കക്കൂസ്. സ്വകാര്യതയൊന്നുമില്ല. മുൻവശത്ത് ഇരുമ്പ് ഗ്രില്ലാണ്. പുറമേനിന്ന് ഓടാമ്പലിട്ട് അത് പൂട്ടിയിരിക്കുന്നു.
ഞാൻ ദീർഘമായി നിശ്വസിച്ചു. എത്രദിവസം ഇതിനുള്ളിൽ കഴിയേണ്ടിവരും? ട്രാഫിക് ലംഘനങ്ങൾക്ക് കുറഞ്ഞത് ഒരു ദിവസവും പരമാവധി മൂന്നുദിവസവുമെന്നാണ് മാധ്യമങ്ങളിൽ കണ്ടത്. ഒരുദിവസമാണെങ്കിൽ കുടുംബത്തോട് എന്തെങ്കിലും നുണപറഞ്ഞ് സുഹൃത്തുക്കളുടെ സഹായതോടെ പിടിച്ചുനിൽക്കാം. മൂന്നുദിവസമാണെങ്കിലോ? മനസ്സൊന്ന് ഉലഞ്ഞെങ്കിലും ഞാൻ ബാലൻസ് വീണ്ടെടുത്തു. ഇതും ജീവിതാനുഭവങ്ങളിൽ ഉണ്ടാവട്ടെ. എത്രയോ മനുഷ്യർ, അതിൽ പലരും നിരപരാധികൾ സമാന ഇടങ്ങളിൽ നരകിക്കുന്നു! ശാന്തനായി ഞാൻ ആ കട്ടിൽത്തറയിൽ ഇരുന്നു. അമ്മയെയാണ് ഓർമ്മ വന്നത്. മൂത്തമകനായ എന്നെയാണ് അമ്മ ഏറ്റവും കൂടുതൽ സ്‌നേഹിച്ചത്; ഞാൻ അമ്മയെയും. എന്റെ കണ്ണുകൾ നനഞ്ഞു. ഞാൻ ഭിത്തിയിൽ ചാരി. വിശപ്പും ദാഹവുമൊന്നും തോന്നിയില്ല.
അറസ്റ്റുചെയ്ത് കൊണ്ടുവന്ന എല്ലാവരും സെല്ലുകൾക്കുള്ളിൽ ആയിരിക്കുന്നു. എതിർവശത്തെ ഓഫീസിൽ ഇപ്പോൾ അനക്കങ്ങളൊന്നുമില്ല. ചലനങ്ങൾ പാടേ നിലച്ച ഒരിടമായി ആ ജയിലും പരിസരവും. പുറത്ത് വെയിൽ കത്തുന്നുണ്ടാവണം. വിയർപ്പ് എന്നെ അലോസരപ്പെടുത്തിയില്ല. സമയം വൈകുന്നേരം നാലാകാറായി. പെട്ടെന്ന് സെല്ലിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ട പൊലീസുകാരൻ ഓടാമ്പൽ നീക്കി പുറത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. ഞാൻ വാതിൽക്കലെത്തി. ജയിൽ കോമ്പൗണ്ടിന് പുറത്തേക്ക് കൈചൂണ്ടി അയാൾ എന്തോ പറഞ്ഞു. എനിക്കൊന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല. പൊലീസുകാരൻ ചെറിയൊരു മന്ദഹാസത്തോടെ എന്റെ പുറത്ത് തട്ടി. ഞാനിറങ്ങി വെളിയിലേക്ക് നടന്നു. അപ്പോൾ വെളിയിൽ റോഡരുകിൽ എന്റെ സൗദി സുഹൃത്ത് നിൽക്കുന്നത് കണ്ടു. സത്യമായും അന്ന് ക്രിസ്മസാണെന്ന് എനിക്ക് തോന്നി. അത്രയ്ക്ക് ഉണ്ടായിരുന്നു ആശ്വാസം. പൊലീസ് റിക്കോഡുകളിൽ അപ്പോഴും ഞാൻ അവരുടെ സെല്ലിൽ ഉണ്ടായിരുന്നു. നാലാം ദിവസത്തിനുള്ളിൽ മൈനർ ട്രാഫിക് കുറ്റങ്ങളുടെ പേരിൽ ജയിലിലായ എല്ലാവരും മോചിപ്പിക്കപ്പെട്ടു. വൈവിദ്ധ്യമാർന്ന അനുഭവങ്ങളുടെ കൂട്ടത്തിൽ ഇതും ചേർന്നു.
പുരസ്‌കാരം, ഡിസ്റ്റിംഗ്യുഷ്ഡ് ടോസ്റ്റ്മാസ്റ്റർ
ആഹ്ലാദകരമായ ഒരനുഭവം പുറകേയെത്തി. ദുബായിലെ ഗല്ലേറിയ വ്യവസായ ഗ്രൂപ്പിന്റെ തലവനായ ഫൈസൽ ചുങ്കത്ത് ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ ഗലേറിയ ഗാലന്റ് പുരസ്‌കാരം ‘വരുവിൻ നമുക്ക് പാപം ചെയ്യാം' എന്ന കഥാസമാഹരത്തെ മുൻ നിർത്തി എനിക്ക് ലഭിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും ഒരുലക്ഷം രൂപയും പുരസ്‌കാരത്തിന്റെ ഭാഗമായിരുന്നു. നോവൽ, കഥ, കവിത എന്നിവയ്ക്ക് മറ്റു എഴുത്തുകാർക്കും പുരസ്‌കാരങ്ങളുണ്ടായിരുന്നു. സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന പെരുമ്പടവം ശ്രീധരൻ ചെയർമാനായ ഒരു സമിതിയായിരുന്നു ജേതാക്കളെ തിരഞ്ഞെടുത്തത്. മലയാളത്തിലെ പ്രമുഖരും പ്രശസ്തരുമായ എഴുത്തുകാർ പങ്കെടുത്ത ഒരു ചടങ്ങിൽ വച്ച് സമ്മാനം സ്വീകരിക്കാനായത് എനിക്ക് വലിയ സന്തോഷമായി.
ഏതാണ്ട് ഇതേസമയം തന്നെയാണ് ഞാൻ സജീവമായിരുന്ന ടോസ്റ്റ്മാസ്റ്റർ പ്രസ്ഥാനത്തിന്റെ ഉന്നത ബഹുമതിയായ ഡിസ്റ്റിംഗ്യുഷ്ഡ് ടോസ്റ്റ്മാസ്റ്റർ (ഡി.ടി.എം) എനിക്ക് ലഭിക്കുന്നതും. കോർപറേറ്റ് മേഖലയിലെ പ്രൊഫഷണലുകൾക്കിടയിൽ മികവിന്റെ അടയാളമായ കരുതപ്പെടുന്ന ഈ അംഗീകാരവും എന്നെ ഉത്സാഹഭരിതനാക്കി. ജുബൈൽ വ്യവസായ മേഖലയിലും പുറത്തുമുള്ള മാനേജ്‌മെന്റ് വിദഗ്ധരും ആശയവിനിമയപരിശീലന രംഗത്തെ പ്രമുഖരുമായ പെരിയനായകം മൗനഗുരുസാമി, പി.ജി.ആർ.നായർ, സുരേഷ്‌കുമാർ കളത്തിൽ, ജേക്കബ് കുര്യാക്കോസ്, ഡോ. ആർ. ജെ. ജോർജ്, സഫയർ മുഹമ്മദ്, മാണിക്കവാചകം മണിവണ്ണൻ, വെങ്കട്ട് ദേവരാജ്, ഡോ. ഷക്കീൽ ഷെയ്ഖ്, കൃഷ്ണകുമാർ രഘുപതി, സെജു ഡേവിസ്, ഡോ. ശാന്തി രേഖ, അബ്ദുള്ള അൽ ഷരീഫ്, ജോയ് വില്ലാനുവ, സജ്ഞയ് മഹാത്, ഖാലിദ് മത്‌ലഗെയ്തു, അബ്ദുള്ള അൽ അബാൻഡി, നസീർ ഗസാഖ് അൽ ഖാസിം, ഉമ രാധാകൃഷ്ണൻ, എം.കെ. ശങ്കരനുണ്ണി, കെ.കെ. ജെയിംസ്, അജിത്കുമാർ ഗംഗാധരൻ, ജോളി കൊല്ലംപറമ്പിൽ, ഹരീഷ് ഭാർഗവൻ തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിക്കാനും ആ മേഖലയിലെ നൂതന പ്രവണതകളുമായി പരിചയപ്പെടാനും ടോസ്റ്റ്മാസ്റ്റൻ പ്രസ്ഥാനവുമായുള്ള ഇടപഴകലുകൾ കാരണമായി. എന്നെ സംബന്ധിച്ചിടത്തോളം മധ്യായുസ്സിന്റെ വിരസതകളെ ധൈഷണികമായ പുത്തൻ ചേരുവകളുടെ സഹായത്താൽ ഉന്മേഷകരമായി താണ്ടാൻ ടോസ്റ്റ്മാസ്റ്റർ പങ്കാളിത്തം സഹായകമായി.
തൊഴിൽ സമ്മർദങ്ങൾ
ഈ കാലഘട്ടത്തിൽ കമ്പനിയുടെ മാനേജ്‌മെന്റ് സമീപനങ്ങളിലും ചില വ്യതിയാനങ്ങൾ കാണുവാൻ തുടങ്ങിയിരുന്നു. ഷെയർ മാർക്കറ്റിൽ ഓഹരി ലിസ്റ്റ് ചെയ്യുവാൻ ഡയറക്ടർ ബോർഡിൽ ചിലർ ഉത്സാഹിതരായി. ലാഭത്തിൽ മുൻ മികവ് നിലനിർത്താനായില്ലെങ്കിലും മറ്റുഘടകങ്ങളെല്ലാം ഉന്മേഷകരമായ നിലയിൽ കാണപ്പെടുന്നതിൽ മറ്റുചിലർക്ക് തങ്ങളുടെ ഓഹരികൾ കൂടിയ വിലയ്ക്ക് വിൽക്കുന്നതിലായിരുന്നു താൽപര്യം. ഇതിന്റെയെല്ലാം ഭാഗമായി ഒരു കനേഡിയൻ മാനേജ്‌മെന്റ് ടീം എക്‌സിക്യുട്ടീവ് മാനേജ്‌മെൻറ് തലപ്പത്തെത്തി. അമേരിക്കക്കാർക്ക് ശേഷം നിലവിൽ വന്ന അറബി മാനേജ്‌മെന്റ് നീക്കപ്പെട്ടു.
ഓഹരിക്കമ്പോളവുമായി സമരസപ്പെട്ട് കമ്പനിയുടെ വിപണിമൂല്യം വർധിപ്പിക്കാൻ ഉതകുന്നത് പാശ്ചാത്യ മാനേജുമെന്റാവും എന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചതിന്റെ പ്രതിഫലനമായിരുന്നു അത്. മാട്രിമോണിയൽ സൈറ്റിനായി പ്രൊഫൈൽ മിനുക്കുന്നതുപോലെ ഒരു പ്രക്രിയ കാനഡക്കാർ തുടങ്ങിവച്ചു. വാർഷിക ശമ്പളവർധനവ്, ബോണസ്, മെസ് ഹാളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ നിലവാരം തുടങ്ങിയവ നിയന്ത്രിച്ചാൽ ലാഭം വർധിപ്പിക്കാം എന്നതായിരുന്നു പുതിയ സുവിശേഷം. ജീവനക്കാരുടെ ക്ഷേമം, സംതൃപ്തി തുടങ്ങിയവ പിന്നിലേക്ക് തള്ളപ്പെട്ടു. ജീവനക്കാരുടെ സംതൃപ്തിയും ഉൽപാദനക്ഷമതയും ലാഭോൽപ്പാദനവും പരസ്പരം ബന്ധപ്പെട്ടതാണെന്ന സമീപനം കാലഹരണപ്പെടുകയാണെന്ന് തലപ്പത്ത് പലരും കരുതി. അതോടെ ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ജോലിചെയ്തിരുന്ന എന്നെപ്പോലുള്ളവർ സമ്മർദ്ദത്തിലായി.
പലവിധ കാരണങ്ങളാൽ, സവിശേഷ സന്ദർഭങ്ങളിൽ ജീവനക്കാരെ പിരിച്ചുവിടുക എന്നത് ഒഴിവാക്കാനാവില്ലായിരുന്നെങ്കിലും ജീവനക്കാർ സ്വമേധയാ രാജിവച്ചുപോകുന്നത് എല്ലാവിധത്തിലും നിരുത്സാഹപ്പെടുത്തുക എന്നതിന് ഞങ്ങൾ വലിയ ഊന്നൽ നൽകിയിരുന്നു. മികവുള്ളവരെയാണ് റിക്രൂട്ട് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക, ഒപ്പം അവർ വിട്ടുപോകാതെ റിട്ടയർമെന്റ് പ്രായം വരെ തുടരാൻ സാഹചര്യമൊരുക്കുക എന്നതായിരുന്നു സമീപനം. പിരിച്ചുവിടലും രാജിവക്കലും ഒഴിവാക്കുക എന്നത് എന്റെ ജോലിയുടെ ഭാഗമായിരുന്നു. ആറായിരത്തിലേറെയുണ്ടായിരുന്ന ജീവനക്കാരുമായുള്ള ഇത്തരം സന്ദർഭങ്ങളിലെ ഇടപഴകലുകൾ അനന്യമായ പല അനുഭവങ്ങളിലേക്കും നയിച്ചിട്ടുണ്ട്.
ഒരിക്കൽ രാജിക്കത്തുമായി എന്റെ മുന്നിലെത്തിയത് പളനിസാമിയെന്ന മിടുക്കനായ ഇൻസ്ട്രുമെന്റ് ടെക്‌നീഷ്യനായിരുന്നു. അമ്മക്ക് കാൻസറാണെന്ന് അറിഞ്ഞ ആ ഒറ്റമകൻ ജോലി ഉപേക്ഷിച്ച് എത്രയും വേഗം നാട്ടിലെത്താൻ തിടുക്കപ്പെടുകയാണ്. അപ്പൻ പണ്ടേ മരിച്ചുപോയതാണ്. അമ്മ കഷ്ടപ്പെട്ട് വളർത്തിയ മകൻ. എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തെത്തണം. വീട് വിറ്റായാലും അമ്മയെ ചികിത്സിക്കണം. സങ്കടം കൊണ്ട് വിങ്ങി പാതി ഭ്രാന്തനായിരിക്കുന്നു അയാൾ. അതിവൈകാരികത തമിഴ് സഹോദരങ്ങളുടെ ദൗർബല്യമാണ്. പഴ്‌സണൽ ഫയലിൽനിന്നും പളനിസാമി വിവാഹിതനാണെന്നും ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിക്കുന്ന മകനും മകളും ഉണ്ടെന്നും എനിക്ക് മനസ്സിലാക്കാനായി. ഞാൻ തമിഴിൽ സംസാരിച്ചത് അയാളെ തെല്ലൊന്ന് ശാന്തനാക്കി.
അമ്മയ്ക്ക് ഇപ്പോൾ വേണ്ടത് നല്ല ചികിത്സയാണെന്നും ജോലിയില്ലാത്ത മകന്റെ സാമീപ്യമല്ലെന്നും അയാളെ ബോധ്യപ്പെടുത്തി. അമ്മയുടെ തുടർ ചികിത്സ, മകന്റെ വിദ്യാഭ്യാസം, മകളുടെ വിവാഹം ഇതൊക്കെ സൂചിപ്പിച്ച് ഈ ഘട്ടത്തിൽ ജോലി രാജിവയ്ക്കുന്നത് അപക്വമാണെന്ന ചിന്ത അയാളുടെ മനസ്സിലേക്ക് കടത്താൻ എനിക്കായി. ഒടുവിൽ രാജി പിൻവലിക്കാനും രണ്ടുമാസത്തെ അവധിക്ക് പോകാനും പളനിസാമി സമ്മതിച്ചു. ഒരു സഹായമെന്ന നിലയിൽ രണ്ടുമാസത്തെ ശമ്പളം ലോണായി നൽകാൻ മാനേജുമെന്റും തയ്യാറായി. പളനിസാമി നാട്ടിൽ പോയി മടങ്ങിവന്നു. ക്രമേണ അമ്മ കാൻസർ മുക്തയായി. മകൻ എഞ്ചിനിയറും മകൾ ഹൈസ്‌കൂൾ അധ്യാപികയുമായി. പളനിസാമി മികവോടെ ജോലിയിൽ തുടർന്ന് പ്രമോഷനും കാര്യമായ ശമ്പളവർധനവും നേടി. മകൾ വിവാഹിതയായി. തുടർന്ന് നാട്ടിൽപ്പോയി മടങ്ങുമ്പോഴെല്ലാം എനിക്ക് മധുരപലഹാരങ്ങൾ സമ്മാനിച്ചു. അന്തമില്ലാത്ത സ്‌നേഹത്തോടെ അഴകുറ്റ തമിഴ് മൊഴിയിൽ നന്ദി പറഞ്ഞുകൊണ്ട് മനുഷ്യരാൽ സ്‌നേഹിക്കപ്പെടുക എന്നതിന്റെ ആനന്ദം എനിക്ക് ചൊരിഞ്ഞുതന്നു.
‘സാത്താന്റെ പ്രതിനിധി ആന്റണിസാർ'
ഒരിക്കൽ പ്രാർത്ഥനയും പാട്ടും കൈകൊട്ടലുമായി അടുത്ത മുറികളിലുള്ളവർക്ക് ശല്യമാകുന്നുവെന്ന് ഒരു പരാതി ലഭിച്ചു. അന്വേഷിച്ചപ്പോൾ ശല്യക്കാർ മലയാളികളാണ്. പെന്തക്കൊസ്ത് അദ്ധ്യാത്മികതയുടെ അനുയായികൾ. കൂട്ടത്തിൽ സീനിയർ ആയവരെ ഓഫീസിൽ വിളിപ്പിച്ച് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തു. രണ്ടുമൂന്ന് മാസങ്ങൾ വീണ്ടും അതേ പരാതിയെത്തി. മതകാര്യപ്പോലീസിന്റെ (മുത്തവ) പക്കലെത്തിയാൽ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷയുണ്ടാകും. അതോടെ ജോലിയും നഷ്ടമാകും. ആ വഴിക്കൊന്നും എത്താതിരിക്കാൻ അൽപം കടുപ്പമുള്ള താക്കീത് നൽകാൻ നിശ്ചയിച്ചു.
പത്തോളം പേരുള്ള ആ സംഘത്തെ ഓഫീസിൽ വിളിപ്പിച്ച് കർശനമായ രീതിയിൽ താക്കീത് ചെയ്തു. അവരിൽ ചിലർക്ക് അത് അഹിതമായിരുന്നു. ചില മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ഉച്ച മൂത്തപ്പോൾ ക്യാമ്പിനുള്ളിൽ ഒരുവൻ തുണിയൊന്നുമില്ലാതെ ബഹളമിട്ട് നടക്കുന്നെന്ന് റിപ്പോർട്ട് കിട്ടി. ഞാൻ ചെന്നപ്പോൾ ഇൻഡോർ റിക്രിയേഷൻ ഹാളിലാണ് ആരവം. ബില്യാഡ് ടേബിളിനുമുകളിൽ കയറിനിന്ന് ഒരുവൻ എന്തൊക്കെയോ ആർപ്പിടുന്നു. ഷഡ്ഡി മാത്രമേ ധരിച്ചിരുന്നുള്ളു. കൈയ്യിൽ സാമാന്യം വലിയ ഒരു കത്തിയുമുണ്ട്. ഹാളിൽ ആൾക്കാർ കൂടിയിരിക്കുന്നു. അവർക്ക് രസിക്കാൻ ഒരു കാഴ്ച. എന്നെ കണ്ടയുടനെ അയാൾ വിളിച്ചുകൂവി, ‘ഇതാ വരുന്നു കമ്പനിയിൽ സാത്താന്റെ പ്രതിനിധി ആന്റണിസാർ!' എനിക്ക് ആളെ മനസ്സിലായി.
പ്രാർത്ഥനാസംഘത്തിലെ അംഗമാണ്. അടുത്തേക്ക് നടക്കാനൊരുങ്ങിയ എന്നെ അയാൾ താക്കീത് ചെയ്തു, ‘‘അടുക്കരുത്. അടുത്തുവന്നാൽ ഈ ഷഡ്ഡിയും ഞാൻ ഉരിഞ്ഞുകളയും''; ഞാൻ പുറത്തേക്ക് പോന്നു. ആൾക്കൂട്ടം ആർത്തുവിളിച്ചുകൊണ്ടേയിരുന്നു.
ക്ലിനിക്കിൽ റിപ്പോർട്ട് ചെയ്തു. സഹഭാവമുള്ള നഴ്‌സ് ഹൈദരാബാദുകാരൻ മുഹമ്മദ് ജീലാനി എന്നോട് സഹകരിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. തടിമിടുക്കുള്ള മൂന്നുനാല് മലയാളികളെയും സംഘടിപ്പിച്ചു. ഞാൻ മുന്നോട്ട് ചെല്ലുക. ഷഡ്ഡി ഉരിയുകയോ കത്തിവീശുകയോ ചെയ്യുന്ന ബഹളത്തിൽ ആളെ പിന്നിലൂടെ വന്ന് കീഴടക്കുക എന്നതായിരുന്നു പ്ലാൻ. ഒരു ധൈര്യത്തിന് സൗദി പൗരനായ ഒരു സെക്യുരിറ്റി ഗാർഡിനെയും ഒപ്പം കൂട്ടി. ആളെ മയക്കുന്നതിനുള്ള കാമ്പോസ് ഇഞ്ചക്ഷനുമായി ജീലാനി തയ്യാറായി. ഞാൻ സൂക്ഷ്മതയോടെ മുന്നോട്ടടുത്തു. കത്തിയോ ഷഡ്ഡിയോ എന്നതായിരുന്നു ആകാംക്ഷ. കത്തി വീശിയടുത്താൽ മസിൽമാന്മാർ ചാടിവീഴണം എന്നതായിരുന്നു ധാരണ. ഷഡ്ഡി ഉരിഞ്ഞാൽ ജനപിന്തുണയുണ്ടാകുമെന്ന് ആ സാധു കരുതിയിരിക്കനം. ഷഡ്ഡി താഴ്ത്തിയപ്പോൾ കത്തി താഴെവീണു. അതോടെ ആളെ കീഴടക്കാൻ എളുപ്പമായി. ജീലാനി യുവാവിന്റെ ചന്തിയിൽ സൂചി കയറ്റി. ആംബുലൻസും ആശുപത്രി പ്രവേശനത്തിനുള്ള കടലാസുകളും ഒരുക്കിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആൾ സാധാരണ സ്വഭാവത്തിലേക്ക് മടങ്ങിവന്നു. ചെയ്തതിനും പറഞ്ഞതിനുമെല്ലാം മാപ്പ് ചോദിച്ചു. എങ്കിലും അക്രമാസക്തനാകാനുള്ള സാധ്യതയുള്ളതിനാൽ ജോലിയിൽ നിലനിർത്തിയില്ല. സൗദി നിയമപ്രകാരം ശമ്പളത്തോടുകൂടിയ മൂന്നുമാസത്തെ മെഡിക്കൽ അവധിയോടെ ആളെ നാട്ടിലേക്ക് അയച്ചു. ഭദ്രമായി വീടെത്തിക്കാൻ കമ്പനിച്ചെലവിൽ ഒരാളെ ഒപ്പം വിടുകയും ചെയ്തു.
പുതിയ മാനേജ്‌മെന്റ് ഈ വിധമുള്ള സമീപനങ്ങളോട് വിമുഖരായിരുന്നു. അതിന്റെ പേരിലുള്ള സംഘർഷം വൈകാതെ നേരിടേണ്ടിവന്നു. അതൊരു വാരാന്ത്യമായിരുന്നു. തുടർന്ന് രണ്ടുദിവസം അഡ്മിൻ വിഭാഗത്തിന് അവധിയായതിനാൽ മിക്ക സീനിയർ മാനേജർമാരും നേരത്തെ വീട്ടിലേക്ക് പോയിരുന്നു. അപ്പോഴാണ് ഒരു ഫിലിപ്പിനോ യുവാവ് പരസ്യമായി കഴുത്തിൽ കുടുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. പുതുതായി റിക്രൂട്ട് ചെയ്ത കൊണ്ടുവന്ന കുക്കായിരുന്നു അയാൾ. ആത്മഹത്യ തടയുന്നതിൽ സഹപ്രവർത്തകർ വിജയിച്ചെങ്കിലും യുവാവ് അതോടെ അക്രമാസക്തനായി. പുതുതായി വിവാഹം കഴിഞ്ഞ ഒരാളായിരുന്നു ആ പാചകവിദഗ്ധൻ. ഗർഭിണിയായ ഭാര്യയെ ഉടനെ കാണണമെന്നായി അയാളുടെ ഡിമാൻഡ്. തൊഴിൽ നിയമങ്ങളോ കമ്പനി പോളിസിയോ അറിയാത്ത കാറ്ററിംഗ് വിഭാഗം ജനറൽ മാനേജർ അയാളെ ഹെഡ് ഓഫീസിലേക്ക് കൊണ്ടുവന്നു. ഒരു ശിങ്കിടിവൃന്ദവും ഒപ്പമുണ്ടായിരുന്നു. അവർ കൂടിയിരുന്ന് തീരുമാനിച്ചു തൊഴിലാളിയെ അന്ന് രാത്രിയിലെ വിമാനത്തിൽ മനിലയിലേക്ക് കയറ്റിവിടാനും അങ്ങിനെ കൈയ്യൊഴിയാനും. ഈവിധ നടപടിക്രമങ്ങളുടെ ചുമതലയുള്ള ഞാനോ ഹ്യുമൻ റിസോഴ്‌സ് വകുപ്പോ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
എന്നാൽ എന്റെ അറിവും സമ്മതവും കൂടാതെ യാത്രയ്ക്കുള്ള വിമാന ടിക്കറ്റ് വാങ്ങുക അസാധ്യമായിരുന്നു. ടിക്കറ്റ് ഇഷ്യു ചെയ്യാൻ ഞാൻ വിസമ്മതിച്ചു. സൗദി തൊഴിൽ നിയമങ്ങളും കമ്പനി പോളിസിയും അനുശാസിക്കുന്ന ഫോർമാലിറ്റികൾ പൂർത്തിയാക്കാതെ തൊഴിലാളിയെ പിരിച്ചുവിടാനോ സ്വരാജ്യത്തേക്ക് തിരികെ അയക്കാനോ സാധ്യമല്ലെന്ന് ഞാൻ തുറന്നുപറഞ്ഞു. തൊഴിലാളി ശാരീരികമോ മാനസികമോ ആയ രോഗിയാണെന്ന് വ്യക്തമായാൽ അയാൾക്ക് മെഡിക്കൽ പരിചരണം അടിയന്തിരമായി ഉറപ്പാക്കണമെന്നും അതിനുശേഷം യാത്രചെയ്യാൻ ആരോഗ്യമുണ്ടെന്ന് ബന്ധപ്പെട്ട ഡോക്ടർ സർട്ടിഫൈ ചെയ്യണമെന്നുമാണ് തൊഴിൽ നിയമം. അതിന് വിപരീതമായി പിരിച്ചുവിട്ടാൽ നഷ്ടപരിഹാരം അവകാശപ്പെട്ട് കോടതിയെ സമീപിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
നഷ്ടപരിഹാരക്കേസ് സമർപ്പിക്കാൻ ഫിലിപ്പൈൻസിൽ വളരെ എളുപ്പമാണ്. നഷ്ടപരിഹാരത്തുകയുടെ നിശ്ചിത ശതമാനം വക്കീലിന് ഫീസായി നൽകാമെന്ന് സമ്മതിച്ചാൽ വമ്പൻ വക്കീൽമാർ കേസ് ഏറ്റെടുക്കും. വാദിക്ക് പിന്നെ ചെലവൊന്നുമില്ല. കോടതി വിധിക്കുന്ന തുക പ്രസ്തുത തൊഴിലാളിയെ സൗദിയിലേക്ക് അയച്ച റിക്രൂട്ട്‌മെന്റ് ഏജൻസി നൽകണം. ഏജൻസിയുമായുള്ള ഉടമ്പടിയിൽ ആ വിധമുള്ള തുക നൽകിക്കൊള്ളാമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുമുണ്ട്. വിമാനത്തിനുള്ളിൽ വച്ച് മാനസികരോഗി അക്രമാസക്തനായി പ്രവർത്തിച്ചാൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾക്കും കമ്പനി ഉത്തരവാദിയാണെന്ന് സൗദി നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി ഫ്രഞ്ചുകാരനായ ജനറൽ മാനേജരുടെ ഔദ്ധത്യം ശമിപ്പിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അയാൾ കമ്പനി ഡയറക്ടർ ബോർഡിനുൾപ്പെടെ എനിക്കെതിരെ ഇ- മെയിലിൽ അന്നുതന്നെ പരാതികൾ അയച്ചു. ഏതായാലും തൊഴിലാളിയെ ആശുപത്രിയിലേക്ക് അയച്ചശേഷമാണ് ഞാൻ വീട്ടിലേക്ക് പോന്നത്.
വാരാന്ത്യ അവധിക്ക് ശേഷം ഓഫീസ് തുറന്നപ്പോൾ എനിക്കെതിരെയുള്ള പരാതിയിന്മേൽ അന്വേഷണം നടത്താനായി സുരക്ഷാവകുപ്പിന്റെ തലവനോട് കമ്പനി പ്രസിഡന്റ് ആവശ്യപ്പെട്ടു. സാക്ഷിവിസ്താരവും വിചാരണയുമെല്ലാം മുറപോലെ നടന്നു. സീനിയർ ജനറൽ മാനേജറുടെ നേരിട്ടുള്ള നിർദ്ദേശം ഞാൻ സ്വീകരിച്ചില്ല എന്ന പരാതി ശരിയാണെന്ന് അന്വേഷണങ്ങൾക്കൊടുവിൽ സുരക്ഷാ മാനേജർ കണ്ടെത്തി. തൊഴിൽ നിയമവും സാമ്പത്തികബാധ്യതയും പരിഗണിച്ചുകൊണ്ടുള്ള എന്റെ നടപടികളുടെ സാധുത അവർ പരിഗണിച്ചില്ല. മേലിൽ ആവർത്തിക്കരുത് എന്ന് രേഖപ്പെടുത്തിയ താക്കീത് എഴുതി നൽകുകയും ചെയ്തു. ഞാൻ പിന്തുടർന്ന നടപടിക്രമത്തെ അംഗീകരിക്കുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്ത എന്റെ മേലുദ്യോഗസ്ഥൻ ഇബ്രാഹിം അൽ മേജമിനും അതേ ശിക്ഷ നൽകി. ഓഫീസിൽ വച്ചുതന്നെ ഇബ്രാഹിം അത് കീറി ചറ്റുകൊട്ടയിലിട്ടു. ഞാനും അതിന് വലിയ പ്രാധാന്യം നൽകിയില്ല.
പക്ഷേ കൂടുതൽ വലിയ ശിക്ഷ വരുവാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. വാർഷിക ബോണസ് പ്രഖ്യാപിച്ചപ്പോൾ ഞാനും ഇബ്രാഹിമും അച്ചടക്ക നടപടി നേരിട്ടവർ എന്ന നിലയിൽ അതിൽ നിന്നും ഒഴിവാക്കപ്പെട്ടു. നാലുലക്ഷത്തോളം ഇന്ത്യൻ രൂപ തികച്ചും അന്യായമായി എനിക്ക് നഷ്ടമായി. പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഞാൻ കമ്പനി പ്രസിഡന്റിന് കത്തെഴുതി. ഖേദം അറിയിച്ചുകൊണ്ടുള്ള ഒരു മറുപടിയും കിട്ടി. അതോടെ ജോലിയിൽ തുടരാനുള്ള ഉത്സാഹം എനിക്ക് നഷ്ടമായി.