ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ ഇക്ബാലിന്റെ ഏകാന്തവ്യസനങ്ങൾ

പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധങ്ങൾ ഇപ്പോഴത്തെ രീതിയിൽ "പുരോഗമിച്ചുകൊണ്ടിരുന്നാൽ' പ്രതിരോധച്ചെലവ് നമ്മുടെ ബജറ്റിന്റെ മൂന്നിലൊന്നാകാൻ വലിയ കാലതാമസം വേണ്ടിവരില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുദ്ധക്കോപ്പുകൾ ഉണ്ടാക്കി ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിറ്റ് കൂടുതൽ കൂടുതൽ ലാഭം കൊയ്യും. ദേശത്തായാലും പരദേശങ്ങളിലായാലും കോർപ്പറേറ്റുകൾ ലാഭം തിന്ന് കൊഴുക്കട്ടെ! സകല മതങ്ങളുടെയും ഈശ്വരന്മാരും അവരുടെ കക്ഷത്താണല്ലോ- ഗൾഫ് ഓർമ്മകളുടെ പതിനൊന്നാംഭാഗം

ഡിക്‌സികോളായിൽ ജോലി ചെയ്യുമ്പോൾ ഇക്ബാൽ എന്നുപേരായ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.
ബാംഗ്ലൂർ സ്വദേശി. ഉല്ലാസപ്രിയൻ. പരമരസികൻ.
കന്നഡയിലും തമിഴിലും ഹിന്ദിയിലുമുള്ള സിനിമാപ്പാട്ടുകൾ അൽപം ഉറക്കെത്തന്നെ സദാ പാടുക അവന്റെ സ്വഭാവമായിരുന്നു.
നാല് തെന്നിന്ത്യൻ ഭാഷകളും ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും നന്നായി സംസാരിക്കുമായിരുന്നു. ആലിസ്റ്റർ മാക്‌ളീൻ, ഹാരോൾഡ് റോബിൻസ്, ജാക്വിലിൻ സൂസൻ, ഏ.ജെ ക്രൊനിൻ തുടങ്ങിയ ജനപ്രിയ നോവലിസ്റ്റുകളുടെ രചനകളോട് ഞങ്ങളിരുവർക്കും അന്നുണ്ടായിരുന്ന കമ്പമാണ് ഞങ്ങളെ അടുപ്പിച്ചത്. ക്വാളിറ്റി കൺട്രോൾ ലാബിൽ ജോലിചെയ്തിരുന്നതിനാൽ ജോലിസമയത്തും വാതിലടച്ചിരുന്ന് നോവൽ വായനയിലും ചർച്ചയിലും മുഴുകാൻ അവസരമുണ്ടായിരുന്നു. ചില വാരാന്ത്യങ്ങൾ അവൻ എന്നോടൊപ്പം ചിലവഴിച്ചു. ഇക്ബാൽ നന്നായി ബിരിയാണി വയ്ക്കുമായിരുന്നു. ബിയർ ഞങ്ങൾ രണ്ടുപേരും പ്രിയപ്പെട്ടു. അലസവർത്തമാനങ്ങളുമായി ഞങ്ങൾ പാതിരാകൾ താണ്ടി. അങ്ങിനെയൊരിക്കലാണ് ഇക്ബാലിന്റെ ഉല്ലാസപ്രിയത്തിനു പിന്നിലെ ഏകാന്തവ്യസനങ്ങളെ അറിയാനായത്.

അവന്റെ അമ്മയുടെ കുടുംബം ലാഹോറിലായിരുന്നു. നാലോ അഞ്ചോ ആങ്ങളമാർക്ക് ഒറ്റപ്പെങ്ങൾ. അപ്പൻ ബാംഗ്ലൂർകാരനും. ഇന്ത്യയും പാക്കിസ്ഥാനും ശത്രുക്കളായി യാത്രകൾ അസാധ്യമായപ്പോൾ അമ്മയും നാല് പെണ്മക്കളും ലാഹോറിലായിരുന്നു. ഏറ്റവും ഇളയവനായ ഇക്ബാൽ അപ്പനുമായി ബാംഗ്ലൂരിലും. ചിറ്റപ്പന്മാരും കൂട്ടുകാരും സ്‌കൂളും കോളേജുമെല്ലാം ഉല്ലാസപ്രിയനായ ഇക്ബാലിനെ ബാംഗ്ലൂരിൽ തളച്ചു. അപ്പൻ കപ്പൽ ജോലിക്കാരനായിരുന്നു. ഒരു കപ്പൽ യാത്രയിൽ അയാൾ എങ്ങിനെയോ പാക്കിസ്ഥാനിൽ കുടുംബത്തോട് ചേർന്നു. അങ്ങിനെയാണ് ഇക്ബാൽ ഏകാന്തതയുടെ ദുരിതം രുചിക്കാൻ തുടങ്ങിയത്. ബാംഗ്ലൂർ വിട്ടുപോകാൻ അവൻ പ്രിയപ്പെട്ടില്ല പക്ഷേ അമ്മയും അപ്പനും കൂടപ്പിറപ്പുകളും ഇല്ലാതെ ഏകാകിയാകുന്ന അവസ്ഥ നാൾക്കുനാൾ വർധിച്ചുവന്നു. ഇക്ബാലിനെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാനുള്ള കുടുംബത്തിന്റെ പരിശ്രമങ്ങൾ ഫലം കാണാതെ ഒടുങ്ങിക്കൊണ്ടേയിരുന്നു. രണ്ട് നഗരങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു യുവാവ്. അവന്റെ ഏകാന്തത ആ നാളുകളിൽ എനിക്കും വേദനയായി. നാല് പെങ്ങമ്മാരും സംഗീതവും ബിയറും ബിരിയാണിയുമായി ലഹോർ നഗരം എന്റെ ഉള്ളിലും ഒത്തിരിക്കാലം തളിർത്ത് പൂത്തുനിന്നു.

ഭഗത് സിംഗിന്റെ ജീവിതത്തിലെ നിർണ്ണായകങ്ങളായ ചില സന്ദർഭങ്ങൾ ചേർത്ത് "ലാഹോർ 1926' എന്ന പേരിൽ ഒരു കഥ എന്റേതായുണ്ട്. ഇക്ബാലും ലാഹോർ നഗരവും പിന്നെയും മനസ്സിൽ തളിർത്തു. കഥ എഴുതാനായി ലാഹോറിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കാര്യമായിത്തന്നെ എനിക്ക് തിരയേണ്ടിവന്നിരുന്നു. ലാഹോറിന്റെ ഉജ്വലമായ സാംസ്‌കാരികപ്പെരുമകൾ അവിടം സന്ദർശിക്കാനുള്ള ആഗ്രഹത്തെ പെരുപ്പിച്ചു. കെടാത്ത കനലായി അതിപ്പോഴും മനസ്സിലുണ്ട്. യാത്രകൾ അനാദികാലം മുതൽ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുണ്ടാവണം. നമ്മുടെ മുതുമുതുമുത്തശ്ശനായ ആ വാനരൻ നാൽക്കാലിപ്പട്ടം ഉപേക്ഷിച്ച് ഇരുകാലിൽ നിവർന്ന് നിന്നതും ദൂരത്തെ കാഴ്ചകൾ മോഹിപ്പിച്ചിട്ടാവും. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പിന്മുറക്കാരായ ഹോമോസാപ്പിയൻസ് ഇരുണ്ടഭൂഖണ്ഡത്തിൽ നിന്നും ഇറങ്ങിനടന്നതും ലോകമാകെ പടർന്നതും യാത്രകൾ കൊതിപ്പിച്ചിട്ടുതന്നെയാവണം.

നരവീണ മോസ്‌കോയിൽ

ശരീരവും മനസ്സും കൊണ്ടുള്ള യാത്രകളിലാണ് മനുഷ്യർ സ്വയം അറിയുന്നത്. യാത്രകളുടെ തിരിവുകളിലും വളവുകളിലും സംഭവിക്കുന്ന ആന്തരികോദയങ്ങൾ ബോധജ്ഞാനത്തിന്റെ പെരുന്നാളും തിരുനാളുമായി യാത്രികന് വെളിപാടുകളാകുന്നുണ്ട്. എനിക്കൊരു കൂട്ടുകാരനുണ്ട് - യാത്രകൾ പ്രിയപ്പെടുന്ന സയ്യദ് മുഹമ്മദ്. പ്രൊഫഷണൽ മേഖലയിൽ വിജയിയായ ഒരു എഞ്ചിനിയർ. വിദ്യാർത്ഥിയായിരിക്കുമ്പോൾ കടുത്ത മാർക്‌സിസ്റ്റായിരുന്നു. പിന്നെ മാർക്‌സിസ്റ്റ് സഹയാത്രികനായി അതൊക്കെ തിളക്കം കുറഞ്ഞ് മങ്ങി. യാത്രയുടെ കുതൂഹലങ്ങളിൽ വെസ്‌റ്റേൺ യൂറോപ്പിന്റെ ഉദാരതകൾ തെഴുത്ത ഇടങ്ങളിൽ അലഞ്ഞ് ഒടുവിലാണ് സോവിയറ്റ് പ്രതാപത്തിന്റെ നരവീണ മോസ്‌കോയിൽ സയ്യദ് മുഹമ്മദ് എത്തിയത്. ഒപ്പം ഭാര്യയും ഉണ്ടായിരുന്നു.

ലെനിൻ മുസോളിയത്തിനുമുന്നിൽ ഓർമ്മത്തേറ്റം

ലെനിൻ മുസോളിയത്തിനുമുന്നിലെ നീണ്ട നിരയിൽ നിൽക്കുമ്പോൾ സോവിയറ്റ് ബിഗ് ബാംഗിൽ പൊട്ടിത്തെറിച്ചുപോയ എതോ പൂർവ യൂറോപ്യൻ തുണ്ടിൽ നിന്നെത്തിയ ഒരു ചെറിയ കൂട്ടം ചെങ്കൊടിയുമായി അവിടെയെത്തി കാവൽപ്പട്ടാളക്കാരെ വകവയ്ക്കാതെ കൈചുരുട്ടി ഏതോഭാഷയിൽ ഉശിരോടെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. അതുകണ്ട സയ്യിദ് ഒരു തിരിച്ചുപിടിക്കലിന്റെ തള്ളലിൽ സകലം മറന്ന് നിരവിട്ടോടി അവർക്കൊപ്പം ചേർന്ന് "ഇങ്കിലാബ് സിന്ദാബാദ്' എന്നാഞ്ഞുവിളിച്ചു. അന്നേരം പഴയ വേരുകളും വെളിപാടുകളും ആർത്തലച്ചുവന്ന് അയാളെ നവപ്പെടുത്തി. ആ ടൂറിലെ ഏറ്റവും സവിശേഷമായ സമയം അതായിരുന്നുവെന്ന് പിന്നീട് സയ്യദ് എന്നോട് പറഞ്ഞു.

യൂറോപ്യൻ യാത്ര

യാത്രകൾ എനിക്കും കമ്പമായിരുന്നു. കുടുംബവുമായി ഇന്ത്യയിൽ പലയിടങ്ങളിലേക്കും യാത്രചെയ്തിട്ടുണ്ട്. ചരിത്രത്തിന്റെ ചുവടുകളിൽ മയങ്ങി നിന്നിട്ടുണ്ട്. മധുവിലെന്നപോലതിൽ ഉന്മേഷിതനായിട്ടുണ്ട്. എത്ര കണ്ടാലും കേട്ടാലും ചരിത്രത്തിന്റെ വളവുകളും തിരിവുകളും ആഴക്കിടങ്ങുകളും പിന്നെയും പിന്നെയും പിടിച്ചുനിർത്തും; മോഹിതനാക്കും. ഒരു യൂറോപ്യൻ യാത്ര ഏറെക്കാലമായി മനസ്സിലുണ്ടായിരുന്നു. ഗൾഫിലെ ജോലിയിൽ ആയിരിക്കുന്ന അവസരങ്ങളാവും ആ വിധമൊരു യാത്രയ്ക്ക് എല്ലാവിധത്തിലും പാകമെന്നും കണ്ടു. മാനേജുമെന്റുമായി സുഖകരമല്ലാത്ത ഉരസൽ ഉണ്ടായപ്പോൾ തോന്നി ഈ ജോലിയിൽ തുടരാൻ അധികകാലം പ്രിയപ്പെടില്ലെന്ന്. അതിനകം നാലുമക്കളിൽ രണ്ടുപേരുടെ - വിനീതയുടെയും വസന്തിന്റെയും - വിവാഹം കഴിഞ്ഞിരുന്നു. എമിൽ പഠനം കഴിഞ്ഞ് ജോലിയിലായി. ഏറ്റവും ഇളയയാൾ ആനന്ദ് എഞ്ചിനിയറിംഗ് ബിരുദവും രണ്ട് വർഷം ജോലിയും കഴിഞ്ഞ് എം.ബി.എ ചെയ്യുകയാണ്. ചുമതലകളുടെ ഭാരം ഒതുങ്ങാറായിരിക്കുന്നു.

യൂറോപ്യൻ നാടുകൾ സന്ദർശിക്കുക എന്ന സ്വപ്നം നടപ്പിലാക്കാൻ ഉചിതമായ സമയമായെന്ന് തോന്നി. വാർഷിക അവധിയും വിമാനടിക്കറ്റും അതിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. പല ട്രാവൽ ഏജൻസികളുമായി ചർച്ചചെയ്തു. പത്തൊൻപത് ദിവസങ്ങൾ, ഏഴ് രാജ്യങ്ങൾ എന്ന് ഉറപ്പിച്ചു. പോർട്ടുഗൽ, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്‌സർലാൻഡ്, ഇറ്റലി, വത്തിക്കാൻ. പ്രധാനപ്പെട്ട കാഴ്ചകളിലേക്ക് മാത്രം ചുരുങ്ങിയ ഒരു ടൂർ. ഏജൻസികൾ ഒരുക്കുന്ന സംഘവുമായി പോകുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞവഴി പക്ഷേ അവർ നിശ്ചയിക്കുന്ന പ്രോഗ്രാം നമ്മുടെ താത്പ്പര്യപ്രകാരമായിരിക്കില്ല. ഇറ്റലിയിലെ പോംപിയും കാപിറ്റോൾ മ്യുസിയങ്ങളും ആരുടെ പരിപാടിയിലും ഇല്ല. ഇവ കാണമെന്ന ആഗ്രഹം എനിക്ക് ഒഴിവാക്കാനും ആകുമായിരുന്നില്ല. ഒടുവിൽ കൊച്ചിയിൽ നിന്നുമുള്ള സംഘം ഇറ്റലിയിൽ എത്തുന്നതിന്‌ നാലുദിവസം മുൻപേ അവിടെയെത്താനും പോംപിയും മ്യൂസിയങ്ങളും ആ ദിവസങ്ങളിൽ സന്ദർശിക്കാനും തീരുമാനിച്ചു. അൽപം ചെലവ് വർധിച്ചെങ്കിലും ആഗ്രഹിച്ച ഇടങ്ങളെല്ലാം കാണാൻ അത് അവസരം തന്നു. യൂറോപ്പിലെ കടുത്ത ശൈത്യം ഒഴിവാക്കുന്നതാവും നല്ലതെന്ന പലരുടെയും ഉപദേശം മാനിച്ച് സെപ്തംബർ മാസം യാത്രയ്ക്കായി തെരഞ്ഞെടുത്തു. ആദ്യ നാലുദിവസങ്ങളിൽ സഹായിക്കുന്നതിനായി നാട്ടുകാരനായ ലൈജു പുത്തൻപുരക്കൽ എന്ന യുവാവിനെയും റോമിൽ കണ്ടെത്തിയതോടെ സംഗതികൾ ട്രാക്കിലായി.

വർഷങ്ങൾക്ക് മുൻപാണ് മാരകമായ വെസൂവിയസ് അഗ്നിപർവത സ്‌ഫോടനത്തെക്കുറിച്ചും അതിൽ എരിഞ്ഞുതീർന്ന പോംപി നഗരത്തെക്കുറിച്ചുമെല്ലാം വായിച്ചറിഞ്ഞത്. പൊതുവർഷം 79 ആഗസ്റ്റ് 24 ന് ഉച്ചതിരിയുന്ന നേരത്താണ് തികച്ചും അപ്രതീക്ഷിതമായി വെസൂവിയസ് അതിഘോരമായി തീ തുപ്പിയത്. രണ്ടുദിവസങ്ങൾ അത് തുടർന്നു. അണുസ്‌ഫോടനത്തിനുസമാനമായ ആ അഗ്നിതാപത്തിൽ നിന്നും ഓടി രക്ഷപെടാൻ പോലും നേരമുണ്ടായിരുന്നില്ല. ആഢംബരജീവിതത്തിനും സുഖലോലുപതയ്ക്കും പുകൾപെട്ടിരുന്ന ആ തുറമുഖ നഗരത്തെ അഗ്നിയും ചാരവും ഭക്ഷിക്കുകയായിരുന്നു. അതിൽ വെന്തൊതുങ്ങിയ പൊംപി നഗരവും സമീപത്തെ നിരവധി ചെറുപട്ടണങ്ങളും 17 നൂറ്റാണ്ടുകൾ വെസൂവിയസിന്റെ ഇരുപതിലേറെ മീറ്ററുകൾ പൊക്കമുള്ള തീച്ചാരത്തിൽ മുങ്ങിമറഞ്ഞുകിടക്കുകയായിരുന്നു.

പോംപിയുടെ നഷ്ടാവശിഷ്ടങ്ങൾ, പിന്നിൽ വെസൂവിയസ്

പൊംപിയും സമീപത്തുണ്ടായിരുന്ന ചെറുപട്ടണങ്ങളും ഉൾപ്പെട്ട കമ്പാനിയ പ്രവിശ്യ ശാപദേശമെന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക ഇറ്റലിയിലെ നേപ്പിൾസ് പ്രവിശ്യയിലാണ് ഇപ്പോൾ കമ്പാനിയ. പതിനേഴാം നൂറ്റാണ്ടിലാണ് ഈ പ്രദേശം പുരാവസ്തുഗവേഷകരുടെ ശ്രദ്ധയിൽ വരുന്നത്. ചാരത്തിനടിയിൽ നിന്നും പൊന്തിവന്ന നഗരാവശിഷ്ടങ്ങൾ അമ്പരപ്പിക്കുന്ന അളവിൽ തികവുള്ളതും ഒന്നാം നൂറ്റാണ്ടിലെ വാസ്തുവിദ്യയെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ഉൾക്കാഴ്ച പകരുന്നതുമായിരുന്നു. ഗ്രീക് സംസ്‌കാരത്തിന്റെ സ്വാധീനമുണ്ടായിരുന്ന ഈ റോമൻ നഗരം എല്ലാവിധത്തിലും സമ്പന്നമായിരുന്നു. കലാപ്രകടനങ്ങൾക്ക് വേദിയായ കൂറ്റൻ ആംഫി തിയറ്ററുകൾ, ഇന്നത്തെ രീതിയിലുള്ള ഫാസ്റ്റ് ഫുഡ് കടകൾ, മധുശാലകൾ, തീറ്റവസ്തുക്കളുടെ വിപണികൾ, ഉദാര രതിശീലങ്ങളുടെയും ജനാധിപത്യത്തിന്റെയും സാന്നിധ്യം സൂചിപ്പിക്കുന്ന ഇടങ്ങൾ, ലിംഗസമത്വത്തിന്റെ അടയാളങ്ങൾ, സ്‌നാന ഗൃഹങ്ങൾ, തുടങ്ങിയവയെല്ലാം കൂടി ഒന്നാം നൂറ്റാണ്ടിലെ ഈ നഗരത്തെ വേറിട്ട് അടയാളം ചെയ്യുന്നു. ഇപ്പോഴും തകരാതെ അവശേഷിക്കുന്ന തെരുവുകളും കരിങ്കൽ പാകിയ റോഡുകളും അത്ഭുതപ്പെടുത്തുന്നു. ചെറിയ പ്ലിനി ചരിത്രകാരനായ ടാസിറ്റസിനെഴുതിയ രണ്ട് കത്തുകളിലാണ് വെസുവിയസ് സ്‌ഫോടനത്തെക്കുറിച്ച് ഇന്ന് ലഭ്യമായ ദൃക്‌സാക്ഷി വിവരണങ്ങളുള്ളത്. വലിയ പ്ലിനി സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.

1860 ൽ പുരാവസ്തുഖനനത്തിന്റെ ഡയറക്ടറായി ചുമതലയേറ്റ ഗുസെപ്പെ ഫിറോലിയാണ് പൊംപി ഖനനത്തിനും ശേഖരിത വസ്തുക്കളുടെ വിശകലന/പഠന ശൈലിക്കും ഫലപ്രദമായ നേതൃത്വം നൽകിയത്. പതിനേഴ് നൂറ്റാണ്ടുകൾ അഗ്നിപർവതച്ചാരത്തിനുള്ളിൽ കിടന്നിരുന്ന ജീവരൂപങ്ങൾ അഴുകി ഇല്ലാതായപ്പോൾ ചാരത്തിനുള്ളിൽ ഒരു പോത് അവശേഷിച്ചു. ഈ പോതുകളിലേക്ക് പ്ലാസ്റ്റർ ഓഫ് പാരീസ് ദ്രവരൂപത്തിൽ ഒഴിച്ച് കട്ടിയാകാൻ അനുവദിച്ച ശേഷം ചുറ്റുമുള്ള ചാരം നീക്കിയപ്പോൾ ലഭിച്ച രൂപം അവരുടെ അന്ത്യനിമിഷങ്ങളെ വെളിപ്പെടുത്തുന്നതായിരുന്നു. ആയിരത്തിലേറെ ഇത്തരം രൂപങ്ങൾ ഗുസെപ്പെ ഫിറോലി രൂപപ്പെടുത്തി. അഗ്നിപർവതത്തിൽ നിന്നും പുറപ്പെട്ട ദുസ്സഹമായ ചൂടിലും ലാവയിലും ചാരത്തിലും അകപ്പെട്ട് നിസ്സാഹായരായി വെന്തൊടുങ്ങിയ പോംപിയൻ ജനതയുടെ അവസാനനിമിഷങ്ങളെ നമുക്കും അനുഭവവേദ്യമാക്കുന്ന പോംപിയിൽ നിന്നും സന്ദർശകർക്ക് വെറുതേ ഇറങ്ങിപ്പോരാനാവില്ല. അതിതീവ്ര വേദനയുടെ തീമല നമ്മളെയും ചവിട്ടിപ്പിടിക്കും. ഒരു ദിവസം മുഴുവൻ ഞങ്ങൾ അവിടെയുണ്ടായിരുന്നു. പോംപിയുടെ ഓർമ്മകൾ നമ്മെ അത്രവേഗം വിട്ടൊഴിയുകയില്ല. ജീവിതത്തിന്റെ ക്ഷണികതയെ നമുക്ക് മുന്നിൽ നഗ്നമാക്കുന്ന ഈ അനുഭവമാണ് മധുരാന്തകം എന്ന കഥ എഴുതാൻ എനിക്ക് പ്രേരണയായത്. ഒരു ദിവസം മുഴുവനും ഞങ്ങൾ ലൈജുവിനൊപ്പം അവിടെ ചിലവഴിച്ചു.

കാപ്പിറ്റോൾ മ്യൂസിയങ്ങൾ

കാപ്പിറ്റോൾ മ്യൂസിയങ്ങൾ മറ്റൊരു വിധത്തിലാണ് നമ്മോട് ഇടപെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മ്യൂസിയങ്ങളിൽ ഒന്നാണ് കാപ്പിറ്റോൾ മ്യൂസിയം. ക്രിസ്തുമതത്തോട് മാത്രം ബന്ധപ്പെടുത്തി റോമിനെ കാണുന്നവർ പൊതുവേ പോംപിയെയും കാപ്പിറ്റോൾ മ്യൂസിയങ്ങളെയും ഒഴിവാക്കുകയാണ് പതിവ്. ക്രിസ്തുവിനും എട്ട് നൂറ്റാണ്ടുകൾ മുൻപ് റോം നിലവിലുണ്ടായിരുന്നു. ചെന്നായ പാലൂട്ടിവളർത്തിയ രണ്ട് അനാഥകുട്ടികളായ റോമുളുസും റേമൂസും ചേർന്ന് റോമാനഗരം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. ആധുനിക പാശ്ചാത്യസംസ്‌കൃതിക്ക് ഈ നഗരത്തിന്റെ സംഭാവനകൾ ഈടുറ്റതാണ്. ലത്തീൻ ഭാഷ, അദ്ധ്യാത്മികത, സാമൂഹിക ഘടന, നിയമം, രാഷ്ട്രീയം, സാങ്കേതികവിജ്ഞാനം, നഗരാസൂത്രണം, വാസ്തുവിദ്യ, സാഹിത്യം, യുദ്ധതന്ത്രം, ഭരണവ്യവസ്ഥ തുടങ്ങി എല്ലാമേഖലകളിലും റോമൻ സാമ്രാജ്യം അതിന്റേതായ സംഭാവനകൾ നൽകി. ജനാധിപത്യത്തിന്റെ പൂർവ്വമാതൃകകൾ റോമിലാണ് ഉരുവം കൊണ്ടത്. നഗരപിതാക്കന്മാർ ചേർന്ന് ചക്രവർത്തിയെ തെരഞ്ഞെടുക്കുന്നതായിരുന്നു കുറേക്കാലം റോമിന്റെ ഭരണരീതി. കലിഗുളയെപ്പോലുള്ള സ്വേച്ഛാധിപതികളും മാർക്കസ് ഔറേലിയസിനെപ്പോലുള്ള തത്വചിന്തകരായ ഭരണാധിപന്മാരും റോമിൽ ആധിപത്യത്തിലെത്തിയിരുന്നു. റിപ്പബ്ലിക് എന്ന ആശയത്തിനും ലോകം റോമിനോട് കടപ്പെട്ടിരിക്കുന്നു.

മാർക്കസ് ഔറേലിയസ്

യൗവനത്തിൽ ഏറ്റവുമധികം ആകർഷിച്ച ചിന്തകൻ മാർക്കസ് ഔറേലിയസും അദ്ദേഹത്തിന്റെ പ്രഖ്യാത രചനയായ മെഡിറ്റേഷൻസ് എന്ന തത്വചിന്താഗ്രന്ഥവുമായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ 161 മുതൽ 180 വരെ റോം ഭരിച്ച ഈ ചക്രവർത്തി സ്‌റ്റോയിക് ചിന്തയുടെ വക്താവായിരുന്നു. ആനന്ദത്തോടുള്ള മോഹവും വേദനയോടുള്ള ഭയവും ഇല്ലാതാക്കി ജീവിതത്തെ അത് ഇതൾവിരിഞ്ഞ് വരുമ്പോലെ സ്വീകരിക്കാനാകണമെന്നതായിരുന്നു മാർക്കസ് ഔറേലിയസിന്റെ സമീപനം. നാം അനുവദിക്കാത്തതൊന്നും നമ്മൾ അനുഭവിക്കേണ്ടിവരില്ലെന്ന മാർക്കസിന്റെ വാക്കുകൾ എനിക്ക് ജ്ഞാനസൂക്തമായിരുന്നു. ലോകത്തിനുമേൽ നമ്മുടെ സ്വാധീനം പരിമിതമാണെങ്കിലും മനസ്സ് നമ്മുടെ വരുതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാവിയെക്കുറിച്ചുള്ള ആകുലതകൾ അലട്ടിയിരുന്ന യൗവനത്തിൽ തത്വചിന്തകനായ ഈ റോമൻ ചക്രവർത്തി എനിക്ക് ബലിഷ്ഠതയുടെയും അതിജീവനത്തിന്റെയും ഉറപ്പായിരുന്നു. റസ്സൽ ക്രോ നായകനായി അഭിനയിച്ച ലോകപ്രശസ്തമായ ഗ്ലാഡിയേറ്റർ എന്ന ഹോളിവുഡ് ചിത്രത്തിൽ കേന്ദ്രസ്ഥാനത്ത് മാർക്കസ് ഔറേലിയസാണ്. റോമൻ ചരിത്രത്തിലെ ഏറ്റവും ഗാംഭീര്യവാനായ മാർക്കസ് ഔറേലിയസിന്റെ അശ്വാരൂഢ പ്രതിമ മ്യൂസിയത്തിന്റെ നടുമുറ്റത്തുണ്ടായിരുന്നു. നാലേകാൽ മീറ്റർ ഉയരമുള്ള ആ പിത്തള പ്രതിമ മ്യൂസിയത്തിനകത്ത് ഉണ്ടായിരുന്ന പുരാതന പ്രതിമയുടെ പകർപ്പായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് ഈ പ്രതിമ. ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഈ മ്യൂസിയത്തിൽ എറ്റവുമധികം പേർ കാണാനെത്തുന്ന പ്രതിമയും ഇതുതന്നെ. യൂറോപ്യൻ സന്ദർശനത്തിൽ ഏറ്റവുമധികം തിളങ്ങി നിൽക്കുന്ന എന്റെ ഓർമ്മയും മറ്റൊന്നല്ല. ഒരു ദിവസം മുഴുവനും കണ്ടിട്ടും മനസ്സിനിണങ്ങിയപോലെ അവിടെയുണ്ടായിരുന്നതെല്ലാം കണ്ടുതീർക്കാനായില്ല. ശിൽപ്പങ്ങളുടെയും ചിത്രങ്ങളുടെയും പുരാവസ്തുശേഖരങ്ങളുടെയും അതിബൃഹത്തായ ഒരു കലവറയാണ് ഈ മ്യൂസിയം. പിത്രൊ കൊർട്ടോന, ലോട്ടോ, മൈക്കലാഞ്ചലോ, ടിറ്റിയൻ, റൂബൻസ്, കറാവാഗിയോ, ബെർനിനി തുടങ്ങിയ ഭൂവനപ്രശസ്തരുടെ രചനകൾ അവയിൽ ചിലത് മാത്രമാണ്. ഇവർക്കൊപ്പം ക്രിസ്തുവിന് നൂറ്റാണ്ടുകൾ മുൻപുമുതലുള്ള മാർബിളിലും പിത്തളയിലും തീർത്ത ശിൽപങ്ങൾ നമ്മെ വിസ്മയിപ്പിക്കാനും ആഹ്ലാദിപ്പിക്കാനുമായി ഇവിടെയുണ്ട്. റോമുളൂസും റേമൂസും ചെന്നായുടെ മുലപ്പാൽ നുണയുന്ന പിച്ചളപ്രതിമ അതിലൊന്നാണ്.

ചെന്നായ് പോറ്റിയ നഗരസ്ഥാപകർ

പിൽക്കാലത്ത് റോമിനെ അതിന്റെ പ്രൗഢിയിലേക്കും സമ്പ്രദായങ്ങളിലേക്കും പുനസ്ഥാപിച്ച കോൺസ്റ്റന്റൈൻ ചക്രവർത്തി സിംഹാസനസ്ഥനായിരിക്കുന്ന പന്ത്രണ്ട് മീറ്റർ ഉയരമുള്ള തൂവെള്ള മാർബിൾ ശിൽപ്പത്തിന്റെ ശിരസും പാദങ്ങളും ബാഹുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അവയുടെ തികവും സുഭഗതയും അപൂർവചാരുതയുള്ളതാണ്. ശിരസ്സിന് മാത്രം രണ്ടര മീറ്റർ ഉയരമുണ്ട്. പാദങ്ങൾക്ക് രണ്ട് മീറ്ററും. റോമൻ കലയുടെ ചരിത്രം സജീവമായ കാപിറ്റോൾ മ്യൂസിയം കാണാതെയുള്ള നഗര സന്ദർശനം തീർത്തും അപൂർണ്ണമായിരിക്കും.

വത്തിക്കാനിൽ പോപ്പ് ഫ്രാൻസീസിനൊപ്പം

വൈകുന്നേരം വത്തിക്കാനിൽ പോപ്പ് ഫ്രാൻസീസിനൊപ്പം ത്രികാലപ്രാർത്ഥനയിൽ പങ്കുചേർന്നു. തലകുനിച്ചുനിന്ന് പോപ്പിൽ നിന്നും ആശീർവാദം സ്വീകരിച്ചത് ജീവിത പങ്കാളിക്ക് അസുലഭ ഭാഗ്യനിമിഷങ്ങളായി. നാട്ടുകാരനായ സുഹൃത്ത് ലൈജു പുത്തൻപുരക്കലും സുഹൃത്തുമായിരുന്നു ഞങ്ങളുടെ സാരഥികൾ. അവരുടെ ദീർഘകാല പരിചയം റോമിലെയും ചുറ്റുവട്ടത്തെയും നിരവധി കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടുപോയി. വൈദ്യുതിയും മോട്ടോർ പമ്പുകളും രംഗത്തെത്തുന്നതിനുമുൻപേ അക്വാഡക്റ്റ് സംവിധാനത്തിലൂടെ പുരാതന റോമാനഗരത്തിൽ സാധാരണ പൗരന്മാർക്കായി ജലവിതരണം ഏർപ്പെടുത്തിയിരുന്നു. നഗരചത്വരങ്ങളിലെയും മറ്റും പ്രസിദ്ധങ്ങളായ പല ജലധാരകളും ഇതുവഴിയാണ് പ്രവർത്തിച്ചിരുന്നത്. ക്രിസ്തുവിന് മുൻപ് പ്രവർത്തിച്ചുതുടങ്ങിയ അവയിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മാർബിൽ ശിൽപങ്ങളാൽ മനോഹരമാക്കി വെള്ളം തുള്ളിത്തുളുമ്പുന്ന ഈ ജലധാരകളിലേക്ക് നാണയങ്ങൾ എറിയുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നതിനാൽ ഇവിടങ്ങളിൽ സന്ദർശകബാഹുല്യം കാണാം.

കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കൂറ്റൻ പ്രതിമയുടെ അവശിഷ്ടങ്ങൾ

നാലാം ദിവസം കൊച്ചിയിൽ നിന്നുമുള്ള സന്ദർശക ഗൂപ്പ് റോമിലെത്തി. ഞങ്ങളും അവർക്കൊപ്പം ചേർന്നു. ട്രാവൽ ഏജൻസി ഏർപ്പെടുത്തിയ ബെന്നി ജോർജ് എന്ന ഗൈഡും ഒപ്പമുണ്ടായിരുന്നത് സൗകര്യപ്രദമായി. നിരവധി ടൂർഗ്രൂപ്പുകൾക്ക് ഒപ്പം യാത്രചെയ്തുള്ള പരിചയം ബെന്നിയുടെ സന്നിദ്ധ്യത്തെ പ്രയോജനകരമാക്കി. ബിസിനസ്സുകാരും അദ്ധ്യാപകരും അഭിഭാഷകരും ശാസ്ത്രജ്ഞരും വീട്ടമ്മമാരുമൊക്കെ ഉൾപ്പെട്ട ആ സംഘത്തോടൊപ്പമുള്ള യാത്ര ഉല്ലാസകരമായിരുന്നു. പലരും അടുത്ത സ്‌നേഹിതരായി. അമേരിക്കൻ ദ്വീപായ ഹവായിൽ നിന്നും വന്ന ശാസ്ത്രജ്ഞൻ ഡോക്ടർ ജോസഫ് അഗസ്റ്റസും ഭാര്യ പ്രേമിയും എല്ലാവർക്കും പ്രിയങ്കരരായി. എറണാകുളം മഹാരാജാസിലെ ആദ്യ വിദ്യാർത്ഥി തെരഞ്ഞെടുപ്പിൽ പങ്കാളിയായ അദ്ദേഹം പിൽക്കാലത്ത് നാസയിൽ ശാസ്ത്രജ്ഞനായി ആദ്യ ചാന്ദ്രദൗത്യത്തിൽ പങ്കാളിയാവുകയും ചെയ്തു. അദ്ദേഹം ഓർമ്മകൾ പങ്കുവയ്ക്കുന്നത് കേൾക്കാൻ ഞങ്ങളെല്ലാവരും സദാ ഉത്സാഹിതരായിരുന്നു. ഡോ.അഗസ്റ്റസ് ഇപ്പോൾ റിട്ടയർ ചെയ്ത് ഹവായ് ദ്വീപിൽ വിശ്രമജീവിതം നയിക്കുന്നു. ഇടയ്ക്ക് കൊച്ചിയിൽ എത്താറുണ്ട്. പാക്കിസ്ഥാനിൽ ഇന്ത്യൻ കോൺസുലർ സംഘത്തിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ ജോസും ഭാര്യ മെഴ്‌സിയും, പാലക്കാട് ബിസനസ്സുകാരനായ ജോസ് പഴയപുരക്കലും ഭാര്യ മോളിയും മെഡിക്കൽ വിദ്യാർത്ഥിയായ മകൾ സാന്ദ്രയും അഡ്വക്കേറ്റ് പോളി അരിക്കാടനും കോളേജ് അദ്ധ്യാപികയായ ഭാര്യ ജെസിയും മറ്റനേകം പേരും കലർന്ന് ആ യൂറോപ്യൻ ടൂറിനെ മറക്കാനാവാത്തതാക്കി.

സെന്റ് പീറ്റേഴ്സിനുമുന്നിലെ ദേശീയത

കലയുടെ ഗാംഭീര്യത്താലാണ് റോം നമ്മളെ ആകർഷിക്കുന്നത്. ഭക്തിയൊക്കെ ഓരങ്ങളിലേക്ക് ഒതുങ്ങുന്നു. ഇറ്റലിയിലെ മിക്കപട്ടണങ്ങളും അങ്ങിനെ തന്നെ. എങ്കിലും അസീസിയിലെത്തുമ്പോൾ സംഗതികൾ മാറുന്നു. കലയും കനകവും മാർബിൾ മിനുസങ്ങളും ഫ്രാൻസീസ് അസീസിയുടെ ലാളിത്യത്തിന് വഴിമാറുന്നു. നിരാർഭാടകരമായ ആ ഭദ്രാസനപ്പള്ളി നിസ്വതയെ അണിഞ്ഞ് നമ്മളെ അദ്ധ്യാത്മികതയുടെ പ്രശാന്തതയിലേക്ക് ക്ഷണിക്കുന്നു. അപ്പോൾ അദ്ധ്യാത്മികതയുടെ സ്പർശം സന്ദർശകന് അനുഭവപ്പെടുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് പള്ളിക്ക് മുന്നിൽ പോപ്പ് ഫ്രാൻസീസിന് ചുറ്റും പ്രാർത്ഥനയും പ്രഭാഷണവുമായി ജനറൽ ഓഡിയൻസിൽ പങ്കുചേരാനും ഞങ്ങൾക്ക് അവസരമുണ്ടായി. തൊട്ടരുകിലുള്ളവരുമായി പാരസ്പര്യവും പങ്കാളിത്തവും രൂപപ്പെടുത്തുന്നതാണ് പ്രാർത്ഥനയേക്കാൾ മുൻഗണന അർഹിക്കുന്നതെന്ന് ഫ്രാൻസീസ് പാപ്പാ സന്ദർശകരെ ഓർമ്മിപ്പിച്ചു. ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട ഒരു ദിവസമായിരുന്നതിനാൽ പാപ്പാ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സേവനത്തെ എടുത്തുപറഞ്ഞ് പ്രശംസിച്ചത് നഴ്‌സായ എന്റെ ജീവിതപങ്കാളിക്കും മെഡിക്കൽ വിദ്യർത്ഥിയായ സാന്ദ്രയ്ക്കും ഹൃദ്യമായി. കൈവശം കരുതിയിരുന്ന ഇന്ത്യൻ ദേശീയ പതാക വീശി പാപ്പായുടെയും അവിടെ കൂടിയിരുന്ന പരദേശികളുടെയും ശ്രദ്ധ ആകർഷിക്കാൻ എന്റെ ഭാര്യ ശ്രമിച്ചു. പലരും അവരവരുടെ ദേശീയ പതാകകൾ കൊണ്ടുവന്നിരുന്നു. ഏറ്റവും മികച്ച പതാക ഇന്ത്യയുടേതാണെന്ന കാര്യത്തിൽ എന്റെ ശ്രീമതിക്ക് സന്ദേഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പോപ്പ് ഫ്രാൻസീസ് അർജന്റീനക്കാരനാണെന്നതിനാൽ ആ ചത്വരത്തെ ഒരു കോലാഹലമേടാക്കാൻ അവർ കൂറ്റൻ പതാകകളുമായി മുന്നിട്ടുനിന്നു.

കിഴക്കിന്റെ വെനീസുകാർ യഥാർഥ വെനീസിൽ

കിഴക്കിന്റെ വെനീസ് എന്ന് പേരുള്ള ആലപ്പുഴയിൽ നിന്നുമുള്ള ഞങ്ങൾക്ക് വെനീസ് സന്ദർശനം സവിശേഷമായിരുന്നു. ഇടുങ്ങിയ കനാലുകളിലൂടെ ചെറുവള്ളത്തിൽ നിരവധി പാലങ്ങൾക്ക് കീഴിലൂടെയുള്ള യാത്ര ആലപ്പുഴയെ ഓർമ്മിപ്പിച്ചു. വെനീസിലെ സെന്റ് മാർക്‌സ് സ്‌ക്വയറിലെ ചുവർഘടികാരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചുവർ ഘടികാരമാണെന്ന് വെനീസ് മുൻസിപ്പാലിറ്റി അവകാശപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഘടികാരത്തിൽ സൂര്യചന്ദ്രന്മാർ ഭൂമിയെ ചുറ്റുന്നതായാണ് ആലേഖനം ചെയ്തിട്ടുള്ളത്.

വെനീസിലെ നാഴികമണിയിൽ സൂര്യചന്ദ്രന്മാർ ഇപ്പോഴും ഭൂമിയെ ചുറ്റുന്നു

ഇറ്റലിയിൽ നിന്നും ഞങ്ങളുടെ ആഢംബര ബസ് സ്വിറ്റ്‌സെർലണ്ടിലേക്ക് പ്രവേശിക്കുമ്പോൾ പാസ്‌പോർട്ടും വിസയുമെല്ലാം പരിശോധിക്കപ്പെടുമെന്ന് കരുതി ഞാൻ തയ്യാറായിരുന്നെങ്കിലും യാതൊരുവിധ പരിശോധനയും ഉണ്ടായില്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തി. യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ വിസയുള്ളവർക്ക് അതിർത്തികളിൽ പ്രവേശനം സുഗമമാണെന്ന് സ്‌പെയിൻ കാരനായ ഡ്രൈവർ അബ്ദുൾ പറഞ്ഞു. ടുണീഷ്യക്കാരനായ അബ്ദുൾ സ്‌പെയിനിലേക്ക് കുടിയേറിയതാണ്. പാതയുടെ ഒരു വശത്തുള്ള പുൽമേട്ടിൽ ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കുന്ന കൗമാരക്കാരിൽ പകുതി ഇറ്റലിക്കാരയിരിക്കുമെന്നും അവർ കളി കഴിഞ്ഞാൽ സൈക്കിളിൽ അതിർത്തികടന്ന് ഇറ്റലിയിലേക്കുപോകുമെന്നും അബ്ദുൾ കൂട്ടിച്ചേർത്തു. പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ യുദ്ധങ്ങളും അതിർത്തിത്തർക്കങ്ങളും പ്രായേണ ഇല്ലാത്തതിനാൽ പ്രതിരോധച്ചിലവ് നാമമാത്രമാണെന്നത് ഞാനപ്പോൾ ഓർത്തു. അവർ പുരോഗമിക്കുന്നതിൽ അത്ഭുതമില്ല. ഇന്ത്യയുടെ ദേശീയ ബജറ്റിന്റെ പതിനാറ് ശതമാനം പ്രതിരോധച്ചിലവാണ്. അതാകട്ടെ എല്ലാവർഷവും കൂടിക്കൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാനും ചൈനയുമായുള്ള നമ്മുടെ ബന്ധങ്ങൾ ഇപ്പോഴത്തെ രീതിയിൽ "പുരോഗമിച്ചുകൊണ്ടിരുന്നാൽ' പ്രതിരോധച്ചെലവ് നമ്മുടെ ബജറ്റിന്റെ മൂന്നിലൊന്നാകാൻ വലിയ കാലതാമസം വേണ്ടിവരില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുദ്ധക്കോപ്പുകൾ ഉണ്ടാക്കി ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിറ്റ് കൂടുതൽ കൂടുതൽ ലാഭം കൊയ്യും. ദേശത്തായാലും പരദേശങ്ങളിലായാലും കോർപ്പറേറ്റുകൾ ലാഭം തിന്ന് കൊഴുക്കട്ടെ! സകല മതങ്ങളുടെയും ഈശ്വരന്മാരും അവരുടെ കക്ഷത്താണല്ലോ.

വിനോദസഞ്ചാരയിടങ്ങൾ സഞ്ചാരികൾക്ക് സൗകര്യപ്രദമാം വിധം വൃത്തിയായി സൂക്ഷിക്കുന്നതിൽ പാശ്ചാത്യർ ശ്രദ്ധ ചെലുത്തുന്നു. എവിടെയും നമുക്കത് തിരിച്ചറിയാനാകുമായിരുന്നു. സൂറിച്ച് ഹിൽട്ടണിലായിരുന്നു താമസം ഏർപ്പാട് ചെയ്തിരുന്നത്. വൈവിദ്ധ്യമുള്ള മികച്ച ഭക്ഷണവും മികച്ച താമസ സൗകര്യങ്ങളും. ആ കാര്യത്തിൽ ട്രാവൽ ഏജൻസി ഞങ്ങളെ ചതിച്ചില്ല. അവിടെ നിന്നും ഞങ്ങൾ ആൽപ്‌സ് സന്ദർശിക്കാൻ പുറപ്പെട്ടു. സ്വിസ് ആൽപ്‌സിലെ ഒരു പർവത ശിഖരമായിരുന്ന 3238 മീറ്റർ ഉയരത്തിലുള്ള മൗണ്ട് ടിറ്റ് ലിസായിരുന്നു ലക്ഷ്യം. സമീപത്തുള്ള എംഗൾബെർഗ് പട്ടണത്തിൽ നിന്നും ടിറ്റ് ലിസ് ശിഖരത്തിലേക്ക് കേബിൾ കാറിൽ സഞ്ചരിച്ചത് മറക്കാനാവുന്നില്ല. സർവത്ര വെളുത്ത മഞ്ഞ് വാരിപ്പുതച്ച മലനിരകൾ. അന്നുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വദൃശ്യം.

ആൽപ്‌സിലെ ടിറ്റ് ലിസ് പർവ്വതമുകളിൽ

തത്തിക്കളിക്കുന്ന സൂര്യപ്രകാശം. ഗിരിശിഖരത്തിൽ മഞ്ഞിൽ ചുറ്റിനടക്കാനും താത്പ്പര്യമുള്ളവർക്ക് സ്‌കേറ്റ് ചെയ്യാനും തള്ളിനിൽക്കുന്ന സുതാര്യമായ കോഫി പാർലറുകളിലിരുന്ന് ചൂട് കാപ്പിയും മൊത്തിക്കുടിച്ച് കാഴ്ചകളിൽ മുഴുകാനും സൗകര്യമുണ്ടായിരുന്നു. മഞ്ഞിലെ നടപ്പ് സാധ്യമാക്കുന്ന ഷൂ കരുതിയിരുന്നതിനാൽ മലമുകളിലെ മഞ്ഞിൽ ഞാനും ജസ്സിയും കൗതുകത്തോടെ ചുറ്റിനടന്നു. സന്ദർശകരുടെ ബാഹുല്യം നിമിത്തം ഐസ് പ്രതലം മിനുസപ്പെടാനും തെന്നാനും സാധ്യതയുള്ളതിനാൽ ട്രാക്ടർ പോലുള്ള ഒന്നിലധികം വാഹനങ്ങൾ പിന്നിൽ ഘടിപ്പിച്ച കൂറ്റൻ ചവറ്റുവലിപോലുള്ള ഒരുപകരണവുമായി അവിടെങ്ങും ചുറ്റിത്തിരിഞ്ഞ് മഞ്ഞിനെ മാന്തി ഇളക്കിക്കൊണ്ടിരുന്നു. അതിനുമുകളിലൂടെ നടക്കുക ശ്രമകരം ആയിരുന്നില്ല. രസകരമായ അനുഭവം. അടുത്ത ദിവസം മനോഹരമായ ലൂസേൺ പട്ടണത്തിൽ കാഴ്ചകൾ കണ്ട് പ്രസിദ്ധമായ സ്വിസ് ചോക്ലേറ്റും വാച്ചുകളും വാങ്ങുവാൻ ചുറ്റിത്തിരിഞ്ഞു. ജുബൈലിലെ ചന്തകളിൽ കിട്ടുന്നതിനേക്കാൾ വലിയ വിലക്കുറവൊന്നും ഉണ്ടായിരുന്നില്ല.

നോത്രദാം ഭദ്രാസനപ്പള്ളിയിൽ

പാരീസിൽ ഐഫൽ ടവറിൽ കയറിയ ശേഷമാണ് ഞങ്ങൾ നോത്രദാം ഭദ്രാസനപ്പള്ളിയിലെത്തിയത്. ആ യാത്രയിൽ അതുവരെ കണ്ട അസംഖ്യം ഭദ്രാസനപ്പള്ളികളിൽ നിന്നും ഭിന്നമായിരുന്നു നോത്രെദാം. ആകാശങ്ങളെ തുളച്ച് പൊന്തുന്ന സ്തൂപിതാഗ്രങ്ങളാൽ സമൃദ്ധമായ ഗോഥിക് വാസ്തുവിദ്യതന്നെയായിരുന്നു അതിന് കാരണം. അഭൗമമായ ഒന്നിലേക്ക് കയറിപ്പോകുന്ന ഗോപുരപ്പെരുമകൾ. കുംഭഗോപുരം പോലുള്ള ഒറ്റഘടനയല്ലത്. നീണ്ട് മെലിഞ്ഞ സുഭഗമായ നിരവധി സ്തൂപങ്ങൾ. വിസൃതിയെക്കാളും ഔന്നത്യത്തെയാണ് ഗോഥിക് വാസ്തുവിദ്യ പിഞ്ചെല്ലുന്നത്. ചുവരുകളിൽ മുക്കാലും ഉയർന്നുപൊന്തുന്ന കമനീയമായ ചില്ലുജാലകങ്ങളും അവയുടെ വർണ്ണപ്പൊലിമയും. പള്ളിയുടെ അകം വെളിച്ചത്തോടൊപ്പം ഇരുളിനെയും കാമ്യമായി വിന്യസിച്ചിരിക്കുന്നു. അതിനിടയിൽ വിക്ടർ യൂഗോയുടെ ക്വാസിമോദോയ്ക്കായി ഞാൻ അറിയാതെ തിരഞ്ഞു. വളരെ നേരം ആ കത്തീഡ്രലിൽ ഞങ്ങൾ തങ്ങി. അകത്തും പുറത്തുമായി കാണാൻ ഒത്തിരിയുണ്ടായിരുന്നു. ഒടുവിലാണ് കത്തീഡ്രലിന്റെ സംരക്ഷകനായ ചക്രവർത്തിയുടെ പ്രതിമയെക്കുറിച്ച് ഗൈഡ് പറഞ്ഞത്. എന്നെ അമ്പരപ്പിച്ചുകൊണ്ട് ആ പ്രതിമ സാക്ഷാൽ കാറത്സ്മാൻ ചക്രവർത്തിയുടേതായിരുന്നു; എന്റെ ബാല്യകൗമാരങ്ങളെ നിറം പിടിപ്പിച്ച ചവിട്ടുനാടക നായകൻ. ആലപ്പുഴയുടെ തീരദേശങ്ങളിൽ നിന്നും മാഞ്ഞുപോയ അരങ്ങുകളിൽ നിന്നും പറിച്ചുനാട്ടിയപോലെ ഉഗ്രപ്രതാപവാനായി ചിന്നത്തമ്പി അണ്ണാവിയുടെ നായകൻ ചെന്തമിഴ് ചുവടികളുടെ വീരരസത്തിൽ ചവിട്ടിയുയരുന്ന കാഴ്ച എനിക്ക് ഗൃഹാതുരതയുടെ ദീപ്തിയായി.

ചവിട്ടുനാടക നായകൻ പാരീസിൽ

ഞാനോടിച്ചെന്ന് കൊച്ചീക്കാരനായ ഡോക്ടർ അഗസ്റ്റസിനെ കൂട്ടിക്കൊണ്ടുവന്നു. ഞങ്ങൾക്കിരുവർക്കും ചക്രവർത്തി സുപരിചിതനായിരുന്നു. പാരീസിൽ ഈവിധം അദ്ദേഹത്തെ സന്ധിക്കുമെന്ന് ആരറിഞ്ഞിരുന്നു! പോയവർഷം കത്തീഡ്രലിന് തീപിടിച്ച വാർത്ത അറിഞ്ഞപ്പോൾ ആദ്യം തേടിയത് ചവിട്ടുനാടകനായകന് എന്ത് സംഭവിച്ചുവെന്നായിരുന്നു. അദ്ദേഹം നാടകത്തിലേതുപോലെ ഇപ്പോഴും ആപത്തനർത്ഥങ്ങൾ തീണ്ടാതെ പള്ളിമുറ്റത്തുണ്ടെന്നത് എനിക്ക് സന്തോഷത്തിന് കാരണമായി.

മൂന്ന് ആഴ്ചകൾ വളരെവേഗം കടന്നു പോയതായി തോന്നി. പോർട്ടുഗൽ തലസ്ഥാനമായ ലിസ്ബണിൽ നിന്നും ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. ദുബായിൽ ഇറങ്ങി ഞാനും ജസ്സിയും സൗദി അറേബ്യയിലെ ദമാമിലേക്കും മറ്റുള്ളവർ കൊച്ചിയിലേക്കും പോന്നു. ഇറ്റലിയിലെ മുന്തിരിത്തോപ്പിന്റെ മാനേജരായ ലൈജു പുത്തൻപുരക്കൽ പ്രിയത്തോടെ സമ്മാനിച്ച വിശേഷപ്പെട്ട ഒരു കുപ്പി വൈൻ ദുബായിൽ വച്ച് ഞാനൊരു സുഹൃത്തിന് സമ്മാനിച്ചു. അത് സ്‌നേഹം കൊണ്ടൊന്നും ആയിരുന്നില്ല. സൗദി അറേബ്യയിലേക്ക് വൈൻ കൊണ്ടുവരുന്നത് അപകടകരമായിരുന്നു. മറ്റെല്ലാം ആ യാത്രയിൽ പ്രിയം തുളുമ്പുന്നതായിരുന്നു.


Comments