ഗൾഫ്​ ഇനി ആഹ്ളാദകരമായ ഒരോർമ

ജീവിതത്തിൽ മറ്റൊരു ഘട്ടത്തിന് തുടക്കമായി. നാട്ടിൽ മക്കളും കൊച്ചുമക്കളും ഉത്സാഹത്തോടെ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ട്. വായനയ്ക്കും എഴുത്തിനും കൂടുതൽ സമയം ഇനി ലഭിക്കും. സംതൃപ്​തിയുണ്ടാക്കുന്നതും ആഹ്ലാദകരവുമായിരുന്ന സൗദി ജീവിതത്തിന് വിട- ഗൾഫ്​ ഓർമയെഴുത്ത്​ അവസാനിക്കുന്നു

കാൽനൂറ്റാണ്ട് ഒരേ സ്ഥാപനത്തിൽ പണിയെടുക്കുക, അതിന്റെ വളർച്ചയിലും തളർച്ചയിലും ഒപ്പം തുഴയുക, അതിലെ ജീവനക്കാരിൽ പ്രിയരെയും സ്നേഹിതരെയും കണ്ടെത്തുക, അതിന്റെ വളർച്ചയ്കൊപ്പം വളരാനാകുക- ഇതൊക്കെയായിരുന്നു ഞാനും തൊഴിലുടമയായ അൽ യൂസർ ടൗൺസെൻഡ് ബോട്ടും കമ്പനിയുമായുള്ള ബന്ധം. ഗൾഫിലെ പല രാജ്യങ്ങളിൽ പണിയെടുത്തശേഷമാണ് സൗദി അറേബ്യയിലെത്തിയത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരുമായി ടീമായി ജോലിചെയ്തതിന്റെ പരിചയവും അത് പകർന്ന ആത്മവിശ്വാസവും തുണയായി. തുടക്കത്തിൽ യൂറോപ്യൻ മാനേജുമെൻറ്​ ശൈലിയുമായായിരുന്നു പരിചയമായത്. അത് ക്രുത്യനിഷ്ഠതയുടെ കാര്യത്തിലൊഴികെ മറ്റെല്ലാം വിധത്തിലും ഇന്ത്യൻ തന്നെയായിരുന്നു. ജാതിയെ ഓർമ്മിപ്പിക്കുന്ന ഒരു തരം ശ്രേണീബദ്ധത അതിന്റെ മുഖമുദ്രയായിരുന്നു.

അമേരിക്കൻ മാനേജ്മെൻറ്​ ശൈലി ഭിന്നമായിരുന്നു. അത് കുറച്ചുകൂടി ജനാധിപത്യപരമായിരുന്നു. സംതൃപ്തനായ തൊഴിലാളി ഉൽപാദനക്ഷമതയ്ക്ക് കാരണമാകും എന്ന ബോധ്യം അതിന്റെ ഭാഗമായിരുന്നു.

പി.വി.എസ്.നമ്പൂതിരിപ്പാട്

ഭരിക്കുക എന്നതിന് ഊന്നൽ കുറവായിരുന്നു. ജീവനക്കാർ രാജിവച്ചുപോകുന്നത് മാനേജുമെന്റിന്റെ അപര്യാപ്തതകളുടെ സൂചനയായി കരുതപ്പെട്ടു. അമേരിക്കൻ മാനേജ്മെൻറ്​ ശൈലി കൂടുതൽ ഉദാരവും മനുഷ്യോന്മുഖവുമായി എനിക്ക് അനുഭവപ്പെട്ടു. അതിനുള്ളിൽ പണിയെടുക്കുക ഒട്ടൊക്കെ ആഹ്ലാദകരമായിരുന്നു. ഇന്ത്യൻ ശൈലി കൂടുതലും യൂറോപ്യൻ ആയിരുന്നെങ്കിലും മാറിച്ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടായിരുന്നു. അതിലൊരാളായിരുന്നു സുഹ്രുത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ഡോക്ടർ പി.വി.എസ്.നമ്പൂതിരിപ്പാട്. സൗദിയിൽ അദ്ദേഹം പ്രസിദ്ധമായ അൽ റാഹ്ജി പെട്രൊകെമിക്കൽ ഗ്രൂപ്പിന്റെ ബിസിനസ് ഉപദേഷ്ടാവായിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ട്രേഡ് യൂണിയൻ ഉണ്ടായിരിക്കുന്നത് മാനേജുമെന്റിന്റെയും ജീവനക്കാരുടെയും താത്പ്പര്യങ്ങൾക്ക് ഒരുപോലെ ഗുണം ചെയ്യുമെന്ന് അന്താരാഷ്ട്ര പ്രശസ്തനായ ഈ മാനേജുമെന്റ് വിദഗ്ധൻ കരുതിയിരുന്നു. തൊഴിലാളി ക്ഷേമവും ഉൽപാദനക്ഷമതയും ഒരുപോലെ ഉറപ്പുവരുത്താൻ അതിന് കഴിയുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

ലാർസൻ ആൻഡ് ടൂബ്രോയുടെയും കേരളത്തിൽ അപ്പോളോ ടയേഴ്സിന്റെയും തലപ്പത്ത് ഉണ്ടായിരുന്ന കാലങ്ങളിൽ പ്രസ്തുത സ്ഥാപനങ്ങളെ പണിമുടക്കുകളില്ലാത്ത, ഉത്പാദനക്ഷമതയുള്ള, ജീവനക്കാർക്ക് മികച്ച സൗകര്യങ്ങളും ബോണസും വേതനവും നൽകുന്ന സ്ഥാപനങ്ങളായി നയിക്കാൻ ഡോ. പി.വി.എസ്. നമ്പൂതിരിപ്പാടിന് കഴിഞ്ഞതിന്റെ പിന്നിലും ഈ സമീപനങ്ങൾ തന്നെയായിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങളിൽ അൽ യൂസർ കമ്പനിയുടെ തൊഴിലാളി സൗഹൃദ സമീപനങ്ങളെ ഡോ. നമ്പൂതിരിപ്പാട് മതിപ്പോടെ പ്രശംസിച്ചിരുന്നു.

ആദിൽ അൽ അഹ്‌മദ്

അമേരിക്കക്കാർ മാറി പകരം യൂറോപ്യർ വന്നത് ഇതിനൊക്കെ മാറ്റം വരുത്തി. എക്സിക്യൂട്ടീവ് മാനേജുമെന്റിനും സാധാരണ ജീവനക്കാർക്കുമിടയിലെ മിഡിൽ മാനേജ്മെന്റിന്റെ ഭാഗമായിരുന്നവർക്ക് ഇതിന്റെ ഘർഷണവും സമ്മർദ്ദവും കൂടുതലായി അനുഭവപ്പെട്ടു. ഹ്യുമൻ റിസോഴ്സിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റായി വന്ന സ്വദേശി ഭരിക്കാൻ ഉടുത്തൊരുങ്ങിയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കമ്പനിയുടെ പത്ത് ശതമാനത്തോളം ഓഹരികളുടെ ഉടമയായിരുന്നത് ആ യുവ ബ്യുറോക്രാറ്റിന്റെ ഭരണത്തെ കൂടുതൽ കടുപ്പമുള്ളതാക്കി. അദ്ദേഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കോർപ്പറേറ്റ് നയങ്ങളെ ശക്തിപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളവ ആയിരുന്നെങ്കിലും എനിക്ക് സുപരിചിതമായിരുന്ന ലിബറൽ ശൈലിയുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല.

സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാവും നല്ലതെന്ന് തോന്നിത്തുടങ്ങി. ഞാൻ രാജി നൽകി. എന്നാൽ ദീർഘകാല സുഹൃത്തും മേലധികാരിയുമായിരുന്ന ഹ്യുമൻ റിസോഴ്സസ് ഡയറക്ടർ ആദിൽ അൽ അഹ്‌മദ് അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ഞാൻ തിടുക്കത്തിൽ തീരുമാനമെടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്രമേണ സ്ഥിതിഗതി മാറിവരും എന്ന ശുഭാപ്തിവിശ്വാസിയായിരുന്നു അദ്ദേഹം. എന്നെ അവിടെ പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളുടെ അഭാവവും എന്റെ തീരുമാനത്തിന് കാരണമായി.

സഹോദരിമാരുടെ വിവാഹത്തിന്​ ധനം സ്വരൂപിക്കാനാണ് ഗൾഫിലെത്തിയത്. ഇഷ്ടപ്പെട്ട പങ്കാളിയെ വിവാഹം ചെയ്ത് ജീവിതം തുടങ്ങാനും ഗൾഫിലെ ജോലി തുണയായി. മക്കൾ നാലുപേരും പ്രൊഫഷണൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിയിലായി. മകൾ വിനീതയുടെ വിവാഹവും കഴിഞ്ഞു. ഭർത്താവ് ദേശീയ സുരക്ഷാവകുപ്പിൽ ശാസ്ത്രജ്ഞനായ റോബിൻ ചേനപ്പറമ്പിൽ. തുറവൂരിനടുത്തുള്ള മനക്കോടം സ്വദേശി. മകൻ വസന്തിന്റെ ജീവിതപങ്കാളി ആലുവാ സ്വദേശി നീബ ജോസ് വേമ്പള്ളി. കമ്പ്യൂട്ടർ എഞ്ചിനിയറായ എമിൽ കോഴിക്കോട് സൈബർ പാർക്കിൽ ജോലി ചെയ്യുന്നു. ഏറ്റവും ഇളയവൻ ആനന്ദ് ജാം നഗറിലെ റിലയൻസ് സൈറ്റിൽ ജോലിയിലാണെങ്കിലും മത്സരപ്പരീക്ഷയെഴുതി മികച്ചൊരു കോളേജിൽ എം.ബി.എ യ്ക്ക് ചേരാനാണ് ആഗ്രഹിക്കുന്നത്. അതാകുമ്പോൾ ജോലിയും ഉറപ്പാകുമല്ലോ.

ചുരുക്കത്തിൽ പണത്തിന് ഇനി വലിയ ആവശ്യങ്ങളൊന്നുമില്ല. നാട്ടിലെത്തിയാൽ ഭാര്യയുടെ പെൻഷൻ മതി ആരെയും ആശ്രയിക്കാതെ ജീവിച്ചുപോകാൻ. ജോലി രാജി വക്കാനുള്ള എന്റെ താൽപര്യത്തെ ഇതെല്ലാം ബലപ്പെടുത്തി. ഉള്ളിൽ മറ്റൊരു ചിന്തയും വളരുന്നുണ്ടായിരുന്നു. ഒരു നോവൽ എഴുതണം. കഥ മാത്രമാണ് ഇതുവരെ എഴുതിയിട്ടുള്ളത്. രണ്ടുതവണ നോവൽ എഴുതിത്തുടങ്ങിയെങ്കിലും മൂന്നുനാല് അദ്ധ്യായങ്ങൾക്കപ്പുറം അതൊന്നും മുന്നോട്ട് നീങ്ങിയില്ല. നോവലെഴുത്തുകാരായ നിരവധി ഗൾഫ് സുഹൃത്തുക്കൾ പ്രോത്സാഹനങ്ങളുമായി എന്നെ ഉത്തേജിപ്പിച്ചെങ്കിലും ആവശ്യമായ ഏകാഗ്രതയിലേക്കും തുടർച്ചയിലേക്കും നീങ്ങാൻ എനിക്കായില്ല. ബ്രഹത്തായ ഭൂമികയാണ് നോവലിന്റേത്. നിരവധി കഥാപാത്രങ്ങൾ. അവർക്കോരോരുത്തർക്കും സ്വന്തമായ ജീവിതദർശനങ്ങൾ, വെല്ലുവിളികളും പരിസരവും അന്തരീക്ഷവും. പേരും വിലാസവും തൊഴിലും വികാസപരിണാമങ്ങളും. ഒരുവർഷത്തിലധികം എടുത്തേ നോവൽ രചന സാദ്ധ്യമാവുകയുള്ളു.

നോവലിന്റെ ഭൂമിക വിസ്തൃതമാകുന്നതിനനുസരിച്ച് ഈ രചനാകാലവും രണ്ടോ മൂന്നോ വർഷങ്ങളായി പരിണമിക്കാം. എന്റെ എഴുത്ത് രീതിയുടെ സവിശേഷതകൾ കാരണം കഥയായാലും നോവലായാലും അതിന്റെ വിസ്തൃതി, കഥാപാത്രങ്ങൾ, പരിണാമഗതികൾ തുടങ്ങിയവയെ സംബന്ധിക്കുന്ന പൂർവധാരണകൾ സ്വരൂപിക്കുക ഏറെക്കുറെ അസാദ്ധ്യമായിരുന്നു. രാഷ്ട്രീയവും ദർശനവുമായിട്ടാണ് കഥയും നോവലുമെല്ലാം എന്റെയുള്ളിൽ കുടിപാർക്കാൻ തുടങ്ങുന്നത്. ബാക്കിയൊക്കെയും അനുക്രമമായി വന്നുചേരുകയാണ്.

എന്നെത്തന്നെ ആശ്ചര്യപ്പെടുത്തുന്ന വികാസപരിണാമങ്ങളിലേക്ക് കഥകൾ സഞ്ചരിക്കുന്നത് ഞാൻ ആഹ്ലാദത്തോടെ കാണാറുണ്ട്. ഒരുതരം ബിഗ് ബാങ്ങിലൂടെ രൂപപ്പെടുന്ന പുതുപ്രപഞ്ചങ്ങളാണവയെല്ലാം. പ്രാണനും പ്രാണപോഷകങ്ങളുമെല്ലാം അനന്യമായ ഏതോ സൗമ്യപ്രക്രിയയിലൂടെ സ്വരൂപിക്കപ്പെടുകയാണ്. എഴുതി പൂർത്തിയാകും വരെ കഥയ്ക്കുള്ളിലോ നോവലിനുള്ളിലോ ആയിരിക്കുക എന്നത് വിചിത്രമായ ഒരു കടന്നുപോകലിന്റെ അനുഭവമാണ്. പുറത്തിറങ്ങിയാൽ മിക്കപ്പോഴും പിന്നീട് അകത്തുകയറുക എന്നത് നിത്യമായി പാളിപ്പോകാനാണ് സാദ്ധ്യത. കയറിക്കൂടുന്നത് മിക്കപ്പോഴും മറ്റൊരു പ്രപഞ്ചത്തിലാവും. പഴയ സമവാക്യങ്ങളൊന്നും അവിടുണ്ടാവില്ല. അതോടെ അതവിടെ ഉപേക്ഷിക്കേണ്ടിവരും. വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന അപരിചിത പ്രപഞ്ചങ്ങൾ. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയാൽ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നും ആവശ്യമായ തുടർച്ചയും ഏകാഗ്രതയും സ്വരൂപിക്കാനാവുമെന്നും ഞാൻ കരുതി.

മനുഷ്യരുടെ ആന്തരികത വിചിത്രമായ ഒരിടമാണ്. കൗതുകത്തിന്റെ സേർച്ച് എഞ്ചിനിൽ കയറി നമ്മൾ എവിടെയെല്ലാം ചുറ്റിയടിക്കുന്നു. എന്തെല്ലാം കാണുന്നു, എന്തെല്ലാം സ്വരൂപിക്കുന്നു. എന്നിട്ടും ഒടുവിൽ തിരിച്ചറിയുന്നത് മനുഷ്യവ്യക്തിയുടെ പരിമിതികളും പ്രപഞ്ചത്തിന്റെ അനന്തതയുമാണ്. പ്രപഞ്ചത്തിന്റെ അനന്തതയോട് തുലനം ചെയ്യാനാവുന്നത് നമ്മുടെ ആന്തരികത മാത്രം. വ്യക്തിയുടെ ആന്തരികത എന്നത് നമുക്കിനിയും പിടിതരാത്ത ഒന്നാണ്. സദാ നമ്മോടൊപ്പം ഉണ്ടായിരുന്നിട്ടും നമുക്കതിനെ പൂർണ്ണമായി അളക്കാനും അറിയാനും കഴിഞ്ഞിട്ടുണ്ടോ? അന്തമില്ലാതെ ആഴങ്ങളിലേക്കും വിസ്തൃതിയിലേക്കും പുളഞ്ഞുപോകുന്ന ബോധത്തിന്റെയും ഓർമ്മയുടെയും അതിസങ്കീർണ്ണമായ അടരുകൾ. ഈ പെൻഡുല വഴിയിൽ എന്റെ ആനന്ദമാണ് വായനയും എഴുത്തും. എഴുതുമ്പോൾ അനന്തമായതിന്റെ ഓരങ്ങൾ ചേർന്നാണ് ബോധം സഞ്ചരിക്കുന്നതെന്ന് തോന്നും. എഴുത്തിൽ സൃഷ്​ടിയുടെ ധിക്കാരമുണ്ട്, ഒപ്പം അനന്തമായതിന്റെ മുന്നിലെ ‘തുച്​ഛ ബോധ’വുമുണ്ട്. എന്നിട്ടും പിന്നെയും എഴുതാൻ തന്നെ തിടുക്കം.

ജോൺസൺ കണ്ടംകുളത്തിയും കുടുംബവും

വർഷാവസാനം വരെ ജോലിയിൽ തുടരാൻ തീരുമാനിച്ചു. ഡിസംബറിൽ നാട്ടിലേക്ക് പോകാമെന്ന് ആദിൽ അൽ അഹ്‌മദും സമ്മതിച്ചു. പക്ഷേ ഓക്ടോബർ ആദ്യം വിഷയം വീണ്ടും ചർച്ചയ്ക്കെടുത്തപ്പോൾ ആദിൽ അവിടെയും ഇവിടെയും ഇല്ലാത്തവിധത്തിൽ സംസാരിക്കുവാൻ തുടങ്ങി. സ്നേഹം കൊണ്ടാകാം, അല്ലെങ്കിൽ ഇത്രനീണ്ടകാലം ഒപ്പമുണ്ടായിരുന്ന ഒരാൾ വിട്ടുപോകുന്നതിന്റെ അസ്വസ്ഥതയാവാം. ഒരുകൊല്ലം കൂടി നിൽക്കാമെങ്കിൽ ഞാൻ നിനക്കൊപ്പം ആലപ്പുഴയ്ക്ക് വരാം. നിന്നെ വീട്ടിൽ കൊണ്ടുചെന്നെത്തിച്ചിട്ടെ ഞാൻ തിരികെ പോരുകയുള്ളു എന്നെല്ലാം ആദിൽ ഉദാരവാനായി. ഒന്നിനും ചെവികൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഒടുവിൽ എന്റെ കടുംപിടുത്തം തന്നെ ഫലം കണ്ടു. ഡിസംബർ ആദ്യം യാത്രയ്ക്കായി വിമാനടിക്കറ്റുകൾ ബുക്കുചെയ്യാൻ ആദിൽ തന്നെ ട്രാവൽ സെക്ഷന് നിർദ്ദേശം നൽകി. ജീവിതത്തിൽ പുതിയൊരുഘട്ടത്തിനായി ഞാനും കുടുംബവും ഒരുങ്ങാൻ തുടങ്ങി.

യാത്രയയപ്പുകൾ എന്ന ചടങ്ങുതീർക്കലിൽ നിന്ന്​ ഒഴിവാകാൻ കാര്യങ്ങൾ രഹസ്യമാക്കിവച്ചു. ആരാഞ്ഞവരോടെല്ലാം വൈകാതെ വിട്ടുപോകണമെന്ന് കരുതുന്നുവെന്ന് ഒഴുക്കൻ മട്ടിൽ പ്രതികരിച്ചു. യാത്രാദിവസം അടുക്കുമ്പോൾ അടുത്ത കൂട്ടുകാരെ അറിയിക്കാമെന്ന് കരുതി. കാർ കമ്പനിയുടേതായതിനാൽ പോകുമ്പോൾ എയർപോർട്ടിൽ വച്ച് കൈമാറിയാൽ മതി. വീട് വിടുന്നതിനുള്ള നോട്ടീസ് നൽകി. വസന്തും നീബയും മറ്റൊരു ഫ്ളാറ്റിലേക്ക് മാറി. ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നതരം വലിയ ഫ്ളാറ്റ് അവർക്ക് ആവശ്യമില്ലായിരുന്നു. വലിയൊരു പരിചയവലയം ഉണ്ടായിരുന്നെങ്കിലും അതിൽ സുഹൃത്തുക്കൾ പരിമിതമായിരുന്നു. മൂന്നുതരക്കാരായിരുന്നു ചുറ്റുമുള്ളവർ. വായനയിലും എഴുത്തിലും താത്പ്പര്യമുള്ളവരും അല്ലാത്തവരുമെന്ന് അവരെ വേർതിരിക്കാം. സാമൂഹ്യപ്രവർത്തകരെന്ന ഒരു വിഭാഗവുമുണ്ട്. മറ്റൊരുവിധത്തിലും വർഗ്ഗീകരിക്കാം: ബിസിനസ് തത്പരരും അല്ലാത്തവരുമെന്ന്. ഇതാവും കൂടുതൽ പൊരുത്തമാകുക.

ഗൾഫിൽ എത്തുന്ന നല്ലൊരുവിഭാഗം ഇന്ത്യക്കാർ വിശിഷ്യ മലയാളികൾ ബിസിനസ് ആരംഭിച്ച് മറ്റൊരു യൂസഫ് അലി ആകുന്നത് കിനാവ് കാണുന്നവരാണ്. എന്റെ വലയത്തിലും അവരുണ്ടായിരുന്നു. മിക്കവരും നിക്ഷേപച്ചൂടിൽ കൈപൊള്ളിയവർ. വിജയിച്ചവരും അപൂർവ്വമല്ലായിരുന്നു. സിങ്കപ്പൂർ എയർലൈൻസിൽ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ കണ്ടകുളത്തി അതിലൊരാളായിരുന്നു. എന്റെ അകന്ന ബന്ധത്തിൽനിന്നുമുള്ള പേളിയെയാണ് ജോൺസൺ വിവാഹം ചെയ്തത്. അതിനാൽ ഞങ്ങൾക്കിടയിലെ ബന്ധത്തിന് അൽപം ഇഴയടുപ്പവും ഉണ്ടായിരുന്നു. പല സം രംഭങ്ങളും കാര്യമായി വിജയിച്ചില്ലെങ്കിലും പപ്പായ ഐസ്‌ക്രീം ശരിക്കും ജോൺസൺന്റെ പ്രതീക്ഷകളെ മധുരിപ്പിച്ചു.

കെ. വി. മണികണ്ഠൻ

സ്വാഭാവികമായും അടുപ്പം എഴുത്തുകാരുമായിട്ടായിരുന്നു. കൊച്ചുബാവയായിരുന്നു പ്രിയമിത്രം. ഗൾഫ് രാജ്യങ്ങളിൽ നിരവധി ശ്രദ്ധേയരായ എഴുത്തുകാർ ഉണ്ടായിരുന്നുവെങ്കിലും അവരിൽ വളരെകുറച്ചുപേരുമായി മാത്രമേ എനിക്ക് വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നുള്ളു. അവരിൽ ഏറ്റവും ശ്രദ്ധേയനായി എഴുത്തിൽ വിജയിച്ചത് ബഹറിനിൽ ജോലിചെയ്തിരുന്ന ​ബന്യാമിൻ ആയിരുന്നു. എഴുത്തിന്റെ മാറുന്ന തുടിപ്പുകളെ ഭാവനയോടെ കൈപ്പിടിയിലൊതുക്കാൻ ബന്യാമിനായി. പ്രഥമ ഡി.സി നോവൽ പുരസ്‌കാരം നേടിയ കെ. വി. മണികണ്ഠൻ എന്റെ പ്രിയമിത്രമാണ്. കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ചതും പഠിപ്പിച്ചതും ഈ ചെറുപ്പക്കാരനായ എഴുത്തുകാരനാണ്.

ഞാൻ എഴുതിത്തുടങ്ങുന്ന കാലം. മണികണ്ഠൻ അബുദാബിയിൽ നിന്ന്​വന്നിരുന്ന ഇന്റർനെറ്റ് മാഗസിൻ മൂന്നാമിടം ഡോട്ട് കോമിന്റെ എഡിറ്ററായിരുന്നു. സർജു ചാത്തന്നൂർ, കരുണാകരൻ, റാം മോഹൻ പാലിയത്ത് തുടങ്ങിയവരായിരുനു മൂന്നമിടത്തിനുപിന്നിൽ. ഞാനതിൽ ലേനങ്ങൾ എഴുതിയിരുന്നു. കൈകൊണ്ട് വെള്ള കടലാസിൽ എഴുതിയത് സൗദി അറേബ്യയിൽ നിന്ന്​ ഫാക്സ് ചെയ്യുകയായിരുന്നു. ടൈപ്പ് ചെയ്ത് കയറ്റിയിരുന്നത് മണികണ്ഠനായിരുന്നു. അതിലെ ക്ലേശവും ബുദ്ധിമുട്ടുമാകും എന്നെ മലയാളം കമ്പ്യുട്ടർ ടൈപ്പിംഗ് എങ്ങിനെയും പരിശീലിപ്പിക്കാൻ മണികണ്ഠന് പ്രേരണയായത്. പരിശീലനം ശരിക്കും വിജയിച്ചു. പിന്നീടൊരിക്കലും ഞാൻ കൈകൊണ്ട് എഴുതിയിട്ടില്ല. അതിനാൽ ‘എഴുതുന്നതിൽ' ആരോടെങ്കിലും കടപ്പാടുണ്ടോ എന്ന് ചോദിച്ചാൽ കെ. വി. മണികണ്ഠന്റെ സ്നേഹത്തെ ഓർക്കാതിരിക്കാനാവില്ല.

സൗദിയിൽ കൂടുതൽ അടുപ്പം സുനിൽ കൃഷ്​ണൻ, അബു ഇരിങ്ങാട്ടിരി, ജോസഫ് അതിരുങ്കൽ, ഷിഹാബ് ഹസ്സൻ, ആൻസി മോഹൻ മാത്യു, ഷഹ്ന ആർ. തുടങ്ങിയവരോടായിരുന്നു. സുനിൽ കൃഷ്ണനും ഞാനും മണിക്കൂറുകൾ മടുക്കാതെ സാഹിത്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. കവിതയുടെ മൊഴിവഴക്കങ്ങളും സാമഗ്രികളെയും നവപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സുനിലിന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും മൗലികതയുടെ തിളക്കമുണ്ടായിരുന്നു.

സിനിമ ഗാന രചയിതാവായ നിഷാന്ത് കൊടമനയും ഞങ്ങൾക്കൊപ്പം കൂടുമായിരുന്നു. ഇവരിൽ പലരും ഇതിനകം മുഖ്യധാരയിൽ എത്തിക്കഴിഞ്ഞുവെങ്കിലും പ്രതിഭാശാലിയായ സുനിൽ കൃഷ്​ണൻ ഇപ്പോഴും സ്വയം ശീലിച്ച വാൽമീകത്തിനുള്ളിലാണ്. ഇവരുമായുള്ള കൊടുക്കൽ വാങ്ങലുകൾ എനിക്ക് വലിയ ഉത്തേജനമായിരുന്നു. അടുത്ത ഒന്നുരണ്ടുമാസങ്ങൾക്കുള്ളിൽ സൗദി അറേബ്യ വിടുകയാണെന്ന് ഇവരോടെല്ലാം സൂചിപ്പിച്ചു.

ദിവസങ്ങൾ വളരെ വേഗം കടന്നുപോയി. ജോലിസ്ഥലത്തെ അവസാന ദിവസവും എത്തി. ബോണസ് നിഷേധിച്ചതുൾപ്പെടെയുള്ള മാനേജുമെന്റിന്റെ നയവിരുദ്ധവും ഔചിത്യരഹിതമായ സമീപനങ്ങൾ എന്റെ മനസ്സിൽ അനിഷ്ടം കലർത്തിയിരുന്നു. കാൽ നൂറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം വിട്ടുപോകുന്ന എനിക്ക് യാത്രയയപ്പ് നൽകുവാൻ മാനേജുമെന്റ് തീരുമാനിച്ചത് ഞാൻ അറിഞ്ഞു. കമ്പനി പ്രസിഡന്റിന്റെ സെക്രട്ടറിക്കായിരുന്നു അതിന്റെ ചുമതല. അതിൽ പങ്കെടുക്കുകയില്ലെന്ന് ഞാൻ തുറന്നുപറഞ്ഞു.

മാധ്യമപ്രവർത്തകർ നൽകിയ യാത്രയയപ്പ്

നിർഭാഗ്യകരമായ സാഹചര്യത്തിൽ മനസ്സിന്റെ സമനില തെറ്റിയ ഒരു ജീവനക്കാരന്റെ തൊഴിൽനിയമപ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കാനായി കർശനമായ നിലപാടെടുത്തതാണ് മാനേജുമെന്റിൽ ചിലരുടെ നീരസം എന്റെ മേൽ വന്നതും അത് ബോണസ് നിഷേധിക്കുന്നതിലെത്തിയതും. തൊഴിൽ നിയമപ്രകാരവും മാനുഷികമൂല്യങ്ങളുടെ തെളിച്ചത്തിലും മറ്റൊരു നിലപാടെടുക്കാൻ ഞാൻ പ്രിയപ്പെട്ടില്ല.

അന്തസ്സോടെ പെരുമാറുന്നതിൽ പരാജയപ്പെട്ട മാനേജുമെന്റിനോട് അത്രയൊക്കെ മര്യാദ മതിയെന്ന് മനസ്സ് പറഞ്ഞു. ഇതറിഞ്ഞ ഡിപ്പാർട്ടുമെന്റിലെ സഹപ്രവർത്തകർ പഴ്സണൽ മാനേജർ ഇബ്രാഹിം അൽ മേജിയുടെ നേതൃത്വത്തിൽ സ്വകാര്യ യാത്രയയപ്പ് എനിക്കായി ഒരുക്കി. സഹപ്രവർത്തകരുടെ, പ്രത്യേകിച്ച് സൗദി സഹപ്രവർത്തകരുടെ സ്നേഹം എന്നെ സ്പർശിച്ചു. എനിക്കും കുടുംബത്തിനുമായുള്ള സമ്മാനങ്ങളും അവർ പ്രിയത്തോടെ നൽകി. അത് സത്യസന്ധവും ഹൃദയസ്​പർശിയുമായ ഒരനുഭവമായിരുന്നു. പോകുന്നവിവരം അറിഞ്ഞ സൗദി കിഴക്കൻ പ്രവിശ്യയിലെ മാധ്യമപ്രവർത്തകരായ സുഹൃത്തുക്കൾ പെട്ടെന്ന് മറ്റൊരു യാത്രയയപ്പും ഒരുക്കി.

അബ്ദുൾ വഹീദ്

സാബു മേലേതിലായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. കെ.എം.ബഷീർ, എ.കെ.അസീസ്, സാജിദ് ആറാട്ടുപുഴ, ബഷീർ പട്ടണത്ത് തുടങ്ങിയ നിരവധി മാധ്യമപ്രവർത്തകർ പങ്കെടുത്തു. ഓഫീസിൽ സഹപ്രവർത്തകനായ സാബു ക്ലീറ്റസ് പ്രസിഡന്റായ പെരിയാർ ക്ലബും ക്ലബിന്റെ സ്ഥാപക പ്രസിഡൻറ്​ യാത്രയയപ്പില്ലാതെ പോകാൻ സമ്മതിച്ചില്ല. അയൽക്കാരായ ബാലസുബ്രമണ്യം, ബെന്നി പാറയിൽ, സജ്ഞയ് ഗഡേറാവ് എന്നിവർ നൽകിയ വിരുന്നുകളിലും പങ്കെടുത്തു. സാധനങ്ങളെല്ലാം പാക്ക്​ ചെയ്ത് എയർ കാർഗോ ആയി നാട്ടിലേക്കയച്ചു. ദീർഘകാല സഹപ്രവർത്തകനും സുഹൃത്തുമായ പാക്കിസ്ഥാൻ സ്വദേശി അബ്ദുൾ വഹാബ് എന്നെയും കുടുംബത്തെയും വിമാനത്താവളത്തിലെത്തിക്കാനുള്ള ചുമതല നിർബന്ധമായി ഏറ്റെടുത്തു. ഓരോ അവധിക്കാലത്തും പാക്കിസ്ഥാനി എഴുത്തുകാരുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങൾ കറാച്ചിയിൽ നിന്ന്​ എനിക്കെത്തിക്കുന്നതിലും ഈ നല്ല അയൽക്കാരൻ ഉത്സാഹിയായിരുന്നു. എത്ര നിർബന്ധിച്ചിട്ടും പുസ്തകങ്ങളുടെ വില വാങ്ങാൻ വഹീദ് കൂട്ടാക്കിയിട്ടില്ല. ഒരു ഡ്രൈവറുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു നിസ്സാര തുകയായിരുന്നില്ല.

സ്നേഹത്തോടെയല്ലാതെ ഈ നല്ല സഹപ്രവർത്തകനെ ഓർക്കാനാവില്ല.

അങ്ങനെ ജീവിതത്തിൽ മറ്റൊരു ഘട്ടത്തിന് തുടക്കമായി. നാട്ടിൽ മക്കളും കൊച്ചുമക്കളും ഉത്സാഹത്തോടെ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ട്. വായനയ്ക്കും എഴുത്തിനും കൂടുതൽ സമയം ഇനി ലഭിക്കും. സംതൃപ്​തിയുണ്ടാക്കുന്നതും ആഹ്ലാദകരവുമായിരുന്ന സൗദി ജീവിതത്തിന് വിട. എല്ലാവിധത്തിലും സൗഹൃദസമ്പന്നമായിരുന്നു അത്.

(അവസാനിച്ചു)

Comments