നാടിന്റെ ഓർമയിൽ നിന്ന് നീങ്ങിപ്പോകുന്നുവല്ലോ എന്ന ചിന്ത ദേശം മാറി പാർക്കുന്ന സകലുടെയും മനസിനെ നീറ്റുന്ന രഹസ്യവ്യാകുലമാണ്. നീക്കുപോക്കുകൾ ഇതിൽ ഇല്ലെന്നാകിലും നാട്ടിലെത്തുന്ന ഓരോ അവധിക്കാലവും അറിഞ്ഞും അറിയാതെയും ഈ ഓർമക്ഷയത്തിനെതിരെ പരദേശവാസികൾ പൊരുതുന്നുണ്ട്.
ഓർമയെ പുതുക്കാനും അതുവഴി അതിലേക്ക് കയറിപ്പറ്റാനുമുള്ള എന്റെ തത്രപ്പാടായിരുന്നു ആ ഊരുചുറ്റൽ.
കാരുണ്യമില്ലാതെ ജൂനിയർ തലമുറക്കാർ 'ഇതാരാ' എന്ന് ചോദിക്കുമ്പോൾ അകമെ പതറുമെങ്കിലും അതിനെ തമാശയാക്കി പരുവപ്പെടുത്തി അവധി പോക്കി മടങ്ങുന്നു. ഇതിനാലാണ് വീട്ടിലേക്ക് മടങ്ങുക എന്നത് ചിതറിപ്പാർക്കുന്നവരുടെ ഉള്ളിൽ അലർജി രോഗം പോലെ കുടിപാർക്കുന്നത്. സവിശേഷ തൊഴിലിടങ്ങൾക്ക് സഹജമായ ചില സാഹചര്യബാധകൾ പോലെ ഇതും അവർ ചുമലിലേന്തുന്നു. മെല്ലെ അതും ശീലങ്ങളുടെ കൂടെക്കൂട്ടുന്നു.
ഈ കാര്യത്തിൽ ഞാനും വേറിട്ടൊരുവഴിയിലൂടെ സഞ്ചരിച്ചിരുന്നില്ല. വർഷങ്ങൾ കഴിയുന്തോറും എന്നെ പരിചയമുള്ളവരുടെ സംഖ്യ നാട്ടിൽ കുറഞ്ഞുവരുന്നത് ഞാനും അറിയുന്നുണ്ടായിരുന്നു. തിരിച്ചറിയുകയും പുഞ്ചിരിക്കുകയും ചെയ്തിരുന്ന പെൺകുട്ടികൾ ഒന്നൊന്നായി വിവാഹം ചെയ്ത് ഇണയുടെ ദേശത്തേക്ക് പോയി.
undefined
പുരുഷന്മാർ നല്ലൊരുവിഭാഗം തൊഴിൽ തേടി ഗ്രാമത്തിന് പുറത്തേക്ക് കടന്നു. ചിലർ അകലനഗരങ്ങളിലേക്ക് യാത്രചെയ്തു. ഗൾഫിലും യൂറോപ്പിലൂം അമേരിക്കയിലുമെല്ലാം അവരെത്തി. വിവാഹം വഴി നാട്ടിലെത്തിയ നാരികൾക്ക് ഞാൻ അപരിചിതനായിരുന്നു. പരദേശവാസികളെ അവഗണിക്കാൻ അവർക്ക് തിടുക്കമുള്ളതുപോലെ തോന്നി.
പള്ളീലച്ചന്മാർ മൂന്നാംവർഷം സ്ഥലം മാറിപ്പോയി. ഗുരുമന്ദിരം ഗുരുക്ഷേത്രമായി പരിണാമപ്പെട്ടപ്പോൾ പുതിയ പൂജാരിയും ക്ഷേത്രനടത്തിപ്പുകാരും ഉണ്ടായി. അവർക്ക് പിരിവുപോലും വേണ്ടെന്നായി. ബാക്കിയുണ്ടായിരുന്ന പരിചയക്കാർ വൃദ്ധരായി. ചിലർ സ്മൃതിഭംഗം വന്നവരായി. കണ്ടാലറിയാത്തവരായി.
എന്നിട്ടും ഓരോ അവധിയിലും ഗ്രാമം ചുറ്റിയുള്ള വഴി കാൽനടയായി ഞാൻ താണ്ടി. മനുഷ്യരുടെ ഓർമയിലേക്ക് നുഴഞ്ഞുകയറാനുള്ള എന്റെ അശ്രാന്ത പരിശ്രമമായിരുന്നു അത്. ഓർമയെ പുതുക്കാനും അതുവഴി അതിലേക്ക് കയറിപ്പറ്റാനുമുള്ള എന്റെ തത്രപ്പാടായിരുന്നു ആ ഊരുചുറ്റൽ.
കാലാൾപ്പടയാളി എന്നൊരു വിളിപ്പേർ ഞാൻ അറിയാതെ എന്റെ മേൽ ചാർത്തപ്പെട്ടത് മിച്ചമായി. കൂടുതൽ കൂടുതൽ അപരിചിതനാകുന്നത് തടയാൻ ഇതിനൊന്നും കഴിഞ്ഞില്ല. അത് തികച്ചും വ്യസനകരമായിരുന്നു.
എന്നിട്ടും നാട്ടിലേക്ക് മടങ്ങുക എന്ന തീരുമാനത്തിലെത്തുക അത്ര എളുപ്പമായിരുന്നില്ല. ഒരു തൊഴിൽ കിട്ടാനുള്ള പ്രായമെല്ലാം കഴിഞ്ഞിരുന്നു. മക്കളാരും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിരുന്നില്ല.
മൂന്നുമക്കളിൽ ഒരാൾക്കൊഴികെ മറ്റാർക്കും ഗൾഫിലേക്ക് വരാൻ താൽപര്യവും ഉണ്ടായിരുന്നില്ല. മറ്റുള്ളവർ നാട്ടിൽത്തന്നെ ജോലിചെയ്യാൻ ഇഷ്ടപ്പെട്ടു. സാവധാനം അതെല്ലാം ഒത്തുവന്നു. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോകെമിക്‌സിൽ കരാർ എംപ്ലോയിയായി ജോലിചെയ്തിരുന്ന മൂത്തമകൻ എഞ്ചിനിയറായി ഇവിടെ ജോലിയിൽ പ്രവേശിച്ചു. മകളുടെ വിവാഹം കഴിഞ്ഞു. ഇളയയാളുടെ പ്ലേസ്‌മെന്റ് അവൻ മോഹിച്ചപോലെ നാട്ടിൽ തന്നെ ഉറപ്പായി. അതോടെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാൻ ഞാനും ശ്രീമതിയും ഉറപ്പിച്ചു.
അറബി പരദേശത്ത് തൊഴിലും വാസവും തപ്പുന്ന കാലത്താണോ നീ ഗൾഫിൽ എത്തുന്നത്? എന്ന പരിഹാസമായിരുന്നു ചുറ്റും.
എനിക്ക് ഈ കാര്യത്തിൽ ഒരു സ്വാർത്ഥതാൽപര്യവും ഉണ്ടായിരുന്നു. എഴുത്തിന്റെ വഴിയിൽ ഒളിഞ്ഞും തെളിഞ്ഞും രാപാർക്കുന്ന ഒരാളായിരുന്നു ഞാൻ. കൗമാരത്തിൽ വായനയായിരുന്നു ലഹരി. എഴുതിയാലോ എന്ന ചിന്തക്ക് കാറ്റുപിടിച്ചിരുന്നില്ല.
എട്ടുമക്കളിൽ മൂത്തയാൾ എന്ന ഇടം അധികാരപ്രയോഗത്തിന്റെ ലേശം സുഖമൊക്കെ അനുവദിച്ചിരുന്നെങ്കിലും പതിന്മടങ്ങായിരുന്നു ഉത്തരവാദത്തിന്റെ ഭാരം. ബിരുദമെന്ന കടമ്പയും താണ്ടി ഞാൻ തൊഴിൽക്കമ്പോളത്തിലേക്ക് മൂക്കുംകുത്തി വീണു. ബാംഗ്ലൂരും ബോംബെയും ഭോപ്പാലും ദൽഹിയുമെല്ലാം ഫലരഹിതമായി താണ്ടി ദുബൈയിലെത്തി.
undefined
അറബി പരദേശത്ത് തൊഴിലും വാസവും തപ്പുന്ന കാലത്താണോ നീ ഗൾഫിൽ എത്തുന്നത്? എന്ന പരിഹാസമായിരുന്നു ചുറ്റും. എഴുത്തും വായനയുമെല്ലാം എവിടേക്കോ ചിതറിപ്പോയി. പുതിയ തിരിച്ചറിവുകളുടെ കാലം. അതുവരെ വായനയിലൂടെ മാത്രം കണ്ടുമുട്ടിയ അപരദേശങ്ങളിൽ നിന്നുമുള്ള മാനവരെ കാണാനും ഇടപഴകാനുമായി എന്നതായിരുന്നു ആ വറുതികാലത്തിന്റെ ആശ്ചര്യവസന്തം.
അവരെ അറിയാൻ എനിക്ക് പതിവുകവിഞ്ഞ ജാഗ്രത ഉണ്ടായിരുന്നു. അതുവരെ വായിച്ച അന്യദേശക്കാരുടെ എഴുത്ത് ഞാൻ മനസ്സിൽ പുനർവായിക്കുകയായിരുന്നു. അത് വേറിട്ട വായനയും സാഹിത്യവിദ്യാഭ്യാസവുമായിരുന്നു. എന്റെ അകങ്ങളെ അത് പുതുക്കുകയും കൂടുതൽ തുറവിയും പ്രകാശവുമുള്ള ഇടങ്ങളാക്കി പരിണാമപ്പെടുത്തുകയും ചെയ്തു.സൈമൺ എഡ്രിച്ച് എന്ന ബ്രിട്ടീഷുകാരനായ എഞ്ചിനിയറെ ഞാനോർക്കുന്നു. പുസ്തകവായനയിൽ താൽപര്യമുള്ള ഒരാളായിരുന്നു സൈമൺ. ദേശീയതകളിലും ആദ്ധ്യാത്മികതകളിലുമെല്ലാം കൗതുകം പൂണ്ടിരുന്ന ഒരാൾ.
വലിയൊരു പവർ പ്ലാന്റിന്റെ നിർമാണമായിരുന്നു അവിടെ നടന്നിരുന്നത്. സൈമൺ ഇലക്ട്രിക്കൽ എഞ്ചിനിയർ, ഞാൻ അയാളുടെ കീഴിൽ ഫോർമാനും. (അതിന്റെ കഥയൊന്നു വേറെ) തീരെ ചെറിയൊരു മുടന്ത് അയാൾക്ക് അലങ്കാരമായുണ്ടായിരുന്നു.
സോമർസെറ്റ് മോമിന്റെ ഓഫ് ഹുമൻ ബൊണ്ടേജ് (Of Human Bondage) എന്ന നോവലിലെ അംഗവൈകല്യമുള്ള നായകനെ സൈമനിലൂടെ കുറച്ചുകൂടി അറിയാനാകുമെന്ന് ഞാൻ വെറുതേ നിനച്ചിരുന്നു. അതൊന്നും അയാളോട് പറഞ്ഞില്ല. ഫിക്ഷൻ അയാൾ പ്രിയപ്പെട്ടിരുന്നുമില്ല. പലവിധ വിഷയങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു.
മദ്യനിരോധനമൊക്കെ നിലവിലുണ്ടായിരുന്നെങ്കിലും വെള്ളക്കാർക്ക് അവ ലഭ്യമായിരുന്നു. സൈമൺ രഹസ്യമായി ചിലപ്പോൾ അത് ഞാനുമായും പങ്കുവച്ചു. ആദ്യമായി അലൂമിനിയം കാനിൽ ബിയറും കോളയുമെല്ലാം ഞാൻ കുടിച്ചത് ഈ പങ്കുവയ്ക്കലിലൂടെയായിരുന്നു. അയാൾ ഒരിക്കൽ എന്നോട് പറഞ്ഞു: 'നിന്റെ ജീവിതം ഇവിടെ തുലയും. നാട്ടിൽ പോയി അദ്ധ്യാപകനോ പത്രക്കാരനോ ആകാൻ നോക്ക്. അത് നിന്നെ രക്ഷിച്ചേക്കും'.
ഇടത്തരക്കാരുടെ ഇന്ത്യൻ കുടുംബങ്ങളിൽ രക്ഷകർ അവർ തന്നെയാണെന്ന് ഞാൻ സൈമനോട് പറഞ്ഞില്ല. ഇന്ത്യ എല്ലാവിധത്തിലും വളർന്നുകൊണ്ടിരിക്കുന്ന മഹത്തായ ദേശീയതയാണെന്ന അയാളുടെ ധാരണയെ എന്തിന് ഉലയ്ക്കണം. അവിടെ ഉണ്ടായിരുന്ന കാലമെല്ലാം സൈമൺ എന്റെ അഭ്യുദയകാംക്ഷിയായിരുന്നു.
പ്ലാന്റിന്റെ പണി പൂർത്തിയാകാറായി. ആ ബ്രിട്ടീഷ് നിർമാണ കമ്പനിക്ക് ചൈനയിൽ വലിയൊരു കരാർ കിട്ടി. സൈമൺ എഡ്രിച്ച് അങ്ങോട്ട് പോയി. വൈകാതെ ഞങ്ങൾ തൊഴിൽരഹിതരായി പുതിയ ജോലി തേടി ഇറങ്ങി.
അതെല്ലാം പതിറ്റാണ്ടുകൾക്ക് മുൻപുള്ള കാര്യങ്ങൾ. പല തൊഴിലുടമകളെ കടന്നുകയറി പിന്നീട് ഞാൻ സൗദി അറേബ്യയിലെ വ്യവസായ നഗരമായ ജുബൈലിൽ എത്തി. ദുബൈയിലെ ജബലാലിയിൽ ഇടത്തരം ഫാബ്രിക്കേഷൻ കമ്പനിയുടെ ഓഫീസ് മാനേജരായിരിക്കെയാണ് സൗദിയിൽ നിന്ന് മെച്ചപ്പെട്ട ഓഫർ ലഭിക്കുന്നത്.
അപ്പോഴേക്കും സാമ്പത്തിക ക്ലേശം ഒട്ടൊക്കെ ഒതുങ്ങി ഞാൻ വിവാഹിതനായിരുന്നു. ദീർഘകാല പ്രണയത്തിന്റെ തുടർച്ച. സൗദി അറേബ്യ വായിക്കാനും എഴുതാനുമുള്ള അന്തരീക്ഷം നൽകി. ദുബൈയുടെ തിരക്കിൽ നിന്ന് ഗ്രാമംപോലെയുള്ള ജുബൈലിലേക്കുള്ള മാറ്റം ഗുണകരമായി. വായന കരുത്തോടെ മടങ്ങിവന്നു, പിന്നാലെ എഴുത്തും.
എങ്കിലും എഴുത്തിന് അധികസമയം നൽകാനാവുന്നില്ലെന്ന ഉൾനോവ് ഉണ്ടായിരുന്നു. കഥാകാരൻ എന്ന നിലയിൽ ഭേദപ്പെട്ട അംഗീകാരം കണ്ടെത്തിയെങ്കിലും നോവൽ എഴുതണം എന്ന ചിന്തയെ പ്രയോഗത്തിൽ കൊണ്ടുവരാനായില്ല. ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങിയാൽ വായനയ്ക്കും എഴുത്തിനും കൂടുതൽ സമയം കണ്ടെത്താനാവുമെന്നും നോവൽ രചനയിലേക്ക് കടക്കാനാവുമെന്നും ഞാൻ മോഹിതനായി. മക്കളും എന്റെ തീരുമാനത്തെ പിന്തുണച്ചു.
ആറായിരത്തിലേറെപ്പേർ തൊഴിലെടുത്തിരുന്ന വലിയ പെട്രോകെമിക്കൽ കൺസ്ട്രക്ഷൻ ആന്റ് മെയിന്റനൻസ് കമ്പനിയായിരുന്നു എന്റെ തൊഴിലുടമ. ആയിരത്തോളം തൊഴിലാളികൾ മാത്രം ഉണ്ടായിരുന്നപ്പോഴാണ് ഞാൻ അതിൽ ചേർന്നത്. അമേരിക്കൻ മാനേജ്‌മെന്റ്. ലിഖിതമായ പോളിസിയും പ്രൊസീജിയറുമെല്ലാം ഉള്ള സ്ഥാപനമായിരുന്നതിനാൽ കമ്പനിക്കൊപ്പം ഞങ്ങളും വളർന്നു.
ഇന്ത്യക്കാരോട് അറബ് ബുദ്ധിജീവികൾക്ക് സോഫ്റ്റ് കോർണർ ഉണ്ടെന്നത് എനിക്കും പലപ്പോഴായി അനുഭവപ്പെട്ട യാഥാർത്ഥ്യമായിരുന്നു.
തൊഴിലാളികൾ പാർക്കുന്ന ക്യാമ്പിലെ അഡ്മിനിസ്‌ട്രേറ്ററായി ജോലിക്ക് കയറിയ ഞാൻ അപ്പോൾ ഹ്യൂമൻ റിസോഴ്‌സ് ഡിവിഷനിൽ മാനേജർ ലവൽ ഉദ്യോഗസ്ഥനായിരുന്നു. രണ്ട് ഡസനോളം രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു. ഇംഗ്ലീഷും ഉറുദുവും ഹിന്ദിയും തമിഴും മലയാളവും മറ്റുപല ഇന്ത്യൻ ഭാഷകളുടെ പൊട്ടും പൊടിയുമെല്ലാം കൈകാര്യം ചെയ്യാൻ എനിക്കായത് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ തിളങ്ങാൻ സഹായകമായി.
പോളിസികളും പ്രോസീജിയറുകളും രൂപപ്പെടുത്തുന്നതിലും അവ പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിക്കുന്നതിലും ആശ്രയിക്കാവുന്ന ഒരാളായി മാറിവന്ന മാനേജ്‌മെന്റുകൾ എന്നെ പരിഗണിച്ചതും തൊഴിൽ മേഖലയിൽ എനിക്ക് തുണയായി. നിർഭാഗ്യവശാൽ ജോലി രാജിവച്ചപ്പോൾ അത് വിനയായി. പകരം മറ്റൊരാളെ തൃപ്തികരമായി പരിശീലിപ്പിക്കാതെ എനിക്ക് പോകാനാവുകയില്ല എന്നതായിരുന്നു മാനേജ്‌മെന്റിന്റെ ആദ്യ പ്രതികരണം.
ഹ്യൂമൻ റിസോഴ്‌സസ് ഡിവിഷൻ ഡയറക്ടറായ ആദിൽ അൽ അഹ്മദ് എന്നോട് സൗഹൃദം പുലർത്തിയിരുന്നയാൾ ആയിരുന്നെങ്കിലും വിട്ടുപോരുമെന്നായപ്പോൾ ചുവട് മാറ്റി. തങ്ങളുടെ താൽപര്യങ്ങൾക്ക് ദോഷമല്ലെങ്കിൽ ആരെ സഹായിക്കാനും അവർ തയ്യാറാകും. ദോഷമായേക്കുമെന്ന് കണ്ടാൽ അവർ സഹകരിക്കില്ല. തനിക്ക് താനും പുരയ്ക്ക് തൂണും എന്ന നമ്മുടെ പഴമൊഴി അറബിയിലും കാണുമായിരിക്കും.
എങ്കിലും പൊതുവേ തുറന്ന മനസ്സുള്ളവരാണ് സൗദി അറേബ്യൻ പൗരന്മാർ. കാൽ നൂറ്റാണ്ട് അവിടെ ജീവിച്ച എനിക്ക് മിക്കപ്പോഴും തോന്നിയിട്ടുണ്ട്, അറബികളെക്കുറിച്ച് വിശിഷ്യ സൗദി അറേബ്യയിലെ പൗരസമൂഹത്തെക്കുറിച്ച് തികച്ചും തെറ്റായ ധാരണകളാണ് നമുക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നതെന്ന്.
നല്ലവരും സാമൂഹ്യദ്രോഹികളും എല്ലാ സമൂഹങ്ങളിലുമുണ്ട്. സൗദിയും ഭിന്നമല്ല. അപ്പോഴും അപരന്റെ നന്മ ആഗ്രഹിക്കുന്നവരുടെ എണ്ണം അവിടെ കൂടുതലാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.
അറബ് ലോകത്തെ പ്രഗൽഭനും പ്രശസ്തനുമായ പത്രപ്രവർത്തകൻ ഖാലിദ് അൽ മയ്‌നിയെ നേരിൽ കണ്ടത് ഇൻഡോ അറബ് ലിറ്റററി ഫോറത്തിന്റെ യോഗത്തിലായിരുന്നു. സാംസ്‌കാരിക പ്രവർത്തകനായ അബ്രാഹം വലിയകാലായായിരുന്നു ഫോറത്തിന്റെ സംഘാടകൻ. ആ യോഗം ഫോറം അധ്യക്ഷനായി അദ്ദേഹത്തെയും സെക്രട്ടറിയായി എന്നെയും തെരഞ്ഞെടുത്തു.
undefined
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ഇന്ത്യക്കാരും അറബികളുമായി പല എഴുത്തുകാരും പത്രപ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ കഥ എഴുതിയിരുന്ന യുവ സൗദി കഥാകാരൻ അബ്ദുൽ റഹ്മാൻ ഒത്തെയ്ബാൻ അവരിൽ ഒരാളായിരുന്നു.
പിന്നീട് പല വേദികളിലും ഞങ്ങൾ കണ്ടുമുട്ടി.
അന്ന് അദ്ദേഹം ഗൾഫിലെ മുൻനിര ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസിന്റെ ചീഫ് എഡിറ്ററായിരുന്നു. ഗണനീയമായ ഒരുപറ്റം ഇന്ത്യക്കാർ അറബ് ന്യൂസിന്റെ വായനക്കാരായി ഉണ്ടായിരുന്നു. എല്ലാവിഭാഗം വായനക്കാരെയും പരിഗണിച്ചിരുന്ന അദ്ദേഹം അറബ് ന്യൂസ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചന സദാ സ്വാഗതം ചെയ്തിരുന്നു. ആ വിധമൊരു ചർച്ചാവേളയിൽ പത്രത്തിൽ ഹ്യൂമർ കോളം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ഞാൻ അഭിപ്രായപ്പെട്ടു.
പത്രത്തിന്റെ വായനക്കാരിൽ ഭൂരിപക്ഷം ഏഷ്യക്കാരായതിനാൽ അവരെ രസിപ്പിക്കുന്ന രീതിയിൽ നർമം എഴുതാനാവുന്ന ഒരാളെ താൻ തേടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. തുടർന്ന് എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് 'താങ്കളുടെ പ്രസംഗങ്ങളിലെ നർമം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വിചാരിച്ചാൽ താങ്കൾക്ക് അത് എഴുതാവുന്നതേയുള്ളു' എന്ന് കൂട്ടിച്ചേർത്തു. എനിക്കത് വലിയൊരു ക്ഷണമായിരുന്നു; അംഗീകാരവും.
പല ഡ്രാഫ്റ്റുകൾ എഴുതി സ്വീകാര്യമായ ഒരു മാതൃക ഞങ്ങൾ കണ്ടെത്തി. കുറച്ചുകാലം ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ആ കോളം ഞാൻ എഴുതിപ്പോന്നു. മാന്യമായ പ്രതിഫലം നൽകുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
അതൊരു തുടക്കമായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ രാഷ്ട്രീയ വിശകലനങ്ങളും ബുക് റിവ്യൂവും സാഹിത്യവിമർശനവുമെല്ലാം ഞാൻ അറബ് ന്യൂസിൽ എഴുതി. കെ.പി അപ്പനും മാധവിക്കുട്ടിയും അന്തരിച്ചപ്പോൾ അവരെക്കുറിച്ചെഴുതിയ ലേഖനം തക്ക പ്രാധാന്യത്തോടെ അറബ് ന്യൂസ് ഉൾപ്പെടുത്തി.
ഖാലിദ് അൽ മയ്‌നിയുടെ പ്രോത്സാഹനം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇംഗ്ലീഷ് മാധ്യമങ്ങളിൽ എഴുതുമായിരുന്നോ എന്ന കാര്യം സംശയമായിരുന്നു. ഇന്ത്യക്കാരോട് അറബ് ബുദ്ധിജീവികൾക്ക് സോഫ്റ്റ് കോർണർ ഉണ്ടെന്നത് എനിക്കും പലപ്പോഴായി അനുഭവപ്പെട്ട യാഥാർത്ഥ്യമായിരുന്നു. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം അവർക്കിടയിലും സുപരിചിതർ ആയിരുന്നുവല്ലോ.
(തുടരും)