പട്ടാളബാരക്കിൽനിന്നെത്തിയ മാനേജറും സർവകലാശാലയിൽനിന്നെത്തിയ ജീവനക്കാരനും

യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യമാണ് അദ്ദേഹം എനിക്കെതിരെ ആരോപിച്ചത്. പരസ്യമായി അപമാനിക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. ജോലി നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാൻ പോലും ആവുമായിരുന്നില്ല. എങ്കിലും അപമാനിതനായി തുടരാനാവില്ലെന്ന് അപ്പോൾ അവിടെവച്ച് ഞാൻ തീരുമാനിച്ചു- ഗൾഫ്​ ഓർമയെഴുത്ത് എട്ടാം ഭാഗം

യിടെ വായിക്കാനെടുത്തത് ഹറുകി മുറാകാമിയുടെ കഥകളായിരുന്നു. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രതിഭാശാലിയായ എഴുത്തുകാരനെന്ന് പലരാലും വിശേഷിപ്പിക്കപ്പെടുന്നയാളാണ് ജപ്പാനിൽനിന്നുള്ള മുറാകാമി. ഇത്ര ലാഘവത്തോടെ, ലാളിത്യത്തോടെ സമകാലത്തിന്റെ സങ്കീർണ്ണതകളെ നർമ്മം കൈവിടാതെ എഴുതുന്ന മുറാകാമിയെ എനിക്കിഷ്ടപ്പെട്ടു.

ദീർഘകാലം നീണ്ട രണ്ടാം ലോകയുദ്ധത്തിന്റെ ദുരന്തങ്ങളെ കണ്ട് പകച്ച് നടുങ്ങിയ ഒരു ജപ്പാനിലാണ് മുറാകാമി പിറന്ന്, വളർന്നത്. സകലവും തകർന്നടിഞ്ഞിടത്തുനിന്നും അവർ വീണ്ടും പണിതുയർത്തി. അതുകൊണ്ടാവുമോ ജീവിതത്തെ നർമ്മവും ശാന്തതയും കൊണ്ട് നേരിടാൻ അദ്ദേഹത്തിനാകുന്നതെന്ന് ആലോചിച്ചുപോയിട്ടുണ്ട്.

ബർമ്മയിലും മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തിൽ മുഴുകിയ ഒരാളുടെ മകനാണ് ഞാൻ. ആദ്യമൊക്കെ തോക്കും വെടിയുണ്ടയും പീരങ്കിയും ബോംബുമെല്ലാം അച്ഛന്റെ സംഭാഷണങ്ങളിൽ നിറയെ ഉണ്ടായിരുന്നു. മെല്ലെ മെല്ലെ അതെല്ലാം കുറഞ്ഞുവന്ന് ഇല്ലാതെയായി. യുദ്ധം ഒതുങ്ങി അൽപകാലം ഇന്ത്യൻ സേനയുടെ ഭാഗമായശേഷമാണ് അച്ഛൻ രാജിവച്ച് പോന്നത്.

ഇനി സമാധാനമായി ജീവിക്കാമെന്ന് എന്റെയച്ഛൻ കരുതിക്കാണും. അതൊന്നും സംഭവിച്ചില്ല. ജീവിതം അതിലും വലിയ പോരാട്ടമായിരുന്നു. അച്ഛന് ജയിക്കാനായില്ല, തോറ്റുമില്ല. പോരാടിക്കൊണ്ടേയിരുന്നു. പോരാടുന്നതിലായിരുന്നു അച്ഛന് ഹരമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ദൈവദൂഷകന്റെ മരണം എന്ന കഥയിൽ ഇങ്ങിനെ ഒരച്ഛനെ എഴുതാനാണ് ഞാൻ ശ്രമിച്ചത്. കൗമാരത്തിലും യൗവനത്തിന്റെ ആദ്യപാദത്തിലും വില്ലനായി അനുഭവപ്പെട്ട അച്ഛൻ പോകെപ്പോകെയാണ് എനിക്ക് ഹീറോയായത്. ഇങ്ങിനെയൊക്കെയേ എനിക്ക് ജീവിക്കാനറിയൂ എന്ന് വല്ലാത്തൊരു ചങ്കുറപ്പോടെ പറയുന്ന അച്ഛനെ ഓർക്കുന്നു. ഞങ്ങൾക്കിടയിലുള്ള കലഹങ്ങളിലും അച്ഛൻ വിട്ടുവീഴ്ചയൊന്നും ചെയ്തിട്ടില്ല. കലഹങ്ങൾ ഒട്ടും കുറവല്ലായിരുന്നു. അവയുടെ സമാപനങ്ങളിലാണ് അച്ഛൻ ഈ ഡയലോഗ് ആവർത്തിച്ചിരുന്നത്; എനിക്ക് ഇങ്ങിനെയൊക്കെയേ ജീവിക്കാനറിയൂ.

പി.ജെ.ജെ ആന്റണിയും കുടുംബവും, ഒരു ആഘോഷവേളയിൽ

എല്ലാ കുടുംബങ്ങളിലും മക്കൾ ആദ്യം നേരിടുന്ന ഭരണകൂടം അച്ഛനായിരിക്കും. പിതൃബിംബത്തോളം കരുത്തുള്ള മറ്റൊരു അധികാരകേന്ദ്രവുമില്ല. അത്രത്തോളം ജൈവികതയും മറ്റൊന്നിനുമില്ല. അതുമായുള്ള ഏറ്റുമുട്ടലുകളാണ് പിൽക്കാലങ്ങളിൽ അധികാരവുമായി മല്ലിടാനും അതിജീവിക്കാനും ഒരാളെ പ്രാപ്തനാക്കുന്നത്. അച്ഛനോളം സത്യസന്ധമായ മറ്റൊരു സോദ്ദേശ്യ അധികാരപ്രയോഗവുമില്ല. ശത്രുവിന്റെ ആയുധങ്ങൾ കടം വാങ്ങി യുദ്ധം ചെയ്യരുതെന്ന പ്രമാണത്തിന് ഇവിടെ പ്രസക്തിയില്ല.

ഇന്ന് സ്വയം വിശകലം ചെയ്യുമ്പോൾ തിരിച്ചറിയുന്നു ഒട്ടേറെ ആയുധങ്ങൾക്ക് കടപ്പാട് അച്ഛനോടുതന്നെയെന്ന്. അവയൊക്കെയും പുതുങ്ങിയിട്ടുണ്ട്. പുതിയ രൂപഭാവങ്ങളാർജ്ജിച്ചിട്ടുണ്ട്. പുതിയവയെ കൂട്ടിച്ചേർത്തിട്ടുണ്ട്. വ്യക്തിയും അധികാരരൂപങ്ങളും തമ്മിലുള്ള സംഘർഷവും സഹവർത്തിത്വവും പുതിയ അളവതിരുകളുമായി തുടരുന്നു. ആന്തരികമായി തകർക്കപ്പേടാനും പുനർനിർമ്മിക്കാനും അങ്ങനെ നിരന്തരം നവപ്പെടാനും ഉതകുന്ന രണങ്ങൾ.

അച്ഛന്റെ ബലിഷ്ഠമായ സാന്നിദ്ധ്യം ഞങ്ങൾ മക്കളിൽ ഒത്തൊരുമയും പരസ്പരാശ്രയത്വവും ഉളവാക്കി. ഒരിക്കലും കോപിക്കാത്ത ഒരാളായിരുന്നു അമ്മ. സ്‌നേഹിക്കാനും സങ്കടപ്പെടാനും മാത്രം അറിയാവുന്ന ഒരാൾ. എല്ലാവരെയും ചേർത്തുനിർത്തുന്നതിൽ അമ്മയുടെ പങ്കായിരുന്നു വലുത്. അച്ഛനും അമ്മയും കടന്നുപോയപ്പോൾ ആ റോൾ എനിക്കാണിണങ്ങുന്നതെന്ന് തോന്നി. കുടുംബഭൂമിക്ക് ചുറ്റുമുള്ള കുറച്ച് സ്ഥലങ്ങൾ കൂടി വാങ്ങി അഞ്ച് സഹോദരങ്ങളും പ്രത്യേകം വീടുകൾ വച്ച് ഒരേ കോമ്പൗണ്ടിൽ പാർക്കുന്നു. അടുപ്പവും ആനന്ദവും പെരുകുന്നുണ്ട്.

ഒരു സഹോദരൻ അകാലത്തിൽ കടന്നുപോയതായിരുന്നു ജീവിതത്തിലെ വലിയൊരു ദുരന്തം. സൗദി അറേബ്യയിൽ എ.വൈ.ടി.ബി കമ്പനിയുടെ ഹ്യുമൻ റിസോഴ്‌സ് വിഭാഗത്തിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലിചെയ്യുമ്പോഴാണ് ആ സങ്കടം സംഭവിച്ചത്. മൂന്നാമത്തെ സഹോദരൻ ജോർജ് ഒരു ബൈക്ക് ആക്‌സിഡന്റിൽ മരിച്ചു. മദ്യപിച്ച് വണ്ടിയോടിച്ച ഒരു ബസ് ഡ്രൈവർ ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ചെരിപ്പുകളും ബാഗുകളും ഉൽപാദിപ്പിക്കുന്ന ഒരു സ്ഥാപനം വിജയകരമായി നടത്തുകയായിരുന്നു ജോർജ്. കോട്ടയത്ത് കളക്ഷൻ കഴിഞ്ഞ് വൈകുന്നേരം ചങ്ങനാശ്ശേരി - ആലപ്പുഴ റോഡിലൂടെ മടങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മകനായിട്ട് അധികകാലം ആയിട്ടുണ്ടായിരുന്നില്ല.

എനിക്ക് സങ്കടം സഹിക്കാനാവുമായിരുന്നില്ല. എന്റെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടവനാണ് എനിക്കുമുൻപേ അകാലത്തിൽ കടന്നുപോകുന്നത്. ഞാൻ തകർന്നുപോയി. സങ്കടവും നിസ്സഹായതയും തളർത്തി. എത്രയും പെട്ടെന്ന് വീട്ടിലെത്തണം. അച്ഛൻ കടന്നുപോയിരുന്നു. അമ്മ തനിയെയാണ് വീട്ടിൽ. ലീവിന് അപേക്ഷിക്കണം. വിസയും എയർ ടിക്കറ്റും ഒരുക്കണം. സഹപ്രവർത്തകർ അതെല്ലാം ചെയ്തു. അടുത്തദിവസം ഞാൻ വീട്ടിലെത്തി. മറ്റെല്ലാ സഹോദരങ്ങളും ഉണ്ടായിരുന്നു. ഒരുമിച്ചുനിന്ന് ഞങ്ങൾ അമ്മയെ ആശ്വസിപ്പിച്ചു. കൂടെപ്പിറന്നയാൾ കടന്നുപോകുന്നതിന്റെ വ്യസനം ഒരുകാലവും തീരില്ല. നമ്മൾ മൃതികവാടം ചവിട്ടുംവരെ അതങ്ങിനെ നീറിനിൽക്കും.

പി.ജെ.ജെ ആന്റണിയും സഹോദരങ്ങളും

വർഷങ്ങൾ കടന്നുപോയിരിക്കുന്നു, ജോർജിന്റെ മകൻ എമിലിപ്പോൾ എഞ്ചിനിയറായി ജോലിചെയ്യുന്നു. വിവാഹനിശ്ചയവും കഴിഞ്ഞു. ഇന്നിപ്പോൾ സങ്കടത്തിന്റെ ആ ദിവസങ്ങളെ തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും ആശ്ചര്യവുമായി മനസ്സിൽ മായാതെ നിൽക്കുന്നത് ഈജിപ്റ്റുകാരനായ സുഹൃത്ത് ഹുസാം സല്ലമാണ്. വിവരം അറിഞ്ഞതുമുതൽ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ദമാം വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യും വരെ ഹുസാം എന്നോടൊപ്പമുണ്ടായിരുന്നു. വഴിയിൽ എന്നെ നിർബന്ധിച്ച് അയാൾ ഭക്ഷണം കഴിപ്പിച്ചു. തലേന്നുമുതൽ ഒന്നും ആഹരിക്കാതിരുന്ന എനിക്കത് ആവശ്യമായിരുന്നുവെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.

വിമാനത്താവളത്തിലേക്ക് ഹുസാം എന്നോടൊപ്പം വന്നു. അവിടെവച്ച് അയ്യായിരം റിയാൽ (ഇന്നത്തെ ഒരു ലക്ഷം രൂപ) എനിക്ക് തന്നുവിടാൻ അയാൾ വളരെ ശ്രമിച്ചു. നാട്ടിൽ ചെല്ലുമ്പോൾ നിനക്ക് ആവശ്യം വരും. ഇത് കൈയ്യിലിരിക്കട്ടെ എന്നൊക്കെ സ്‌നേഹത്തോടെ നിർബന്ധിച്ചു. കൈയ്യിൽ ആവശ്യത്തിന് പണം ഉണ്ടായിരുന്നതിനാൽ ഞാനത് വാങ്ങിയില്ല.

സങ്കടത്തിന്റെയും നിസ്സഹായതയുടെയും ആ നേരത്ത് പരദേശിയായ അയാൾ സഹോദരനെക്കാളും വലുതായി എന്നോട് ചേർന്നുനിന്നു. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും അതിരുകളെ ലംഘിക്കുന്നതാണ് മനുഷ്യകമെന്ന് ഇത്തരം അനുഭവങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തി. ഈ വിധം എത്രയോ അനുഭവങ്ങൾ ഗൾഫെന്ന ബഹുരൂപി എനിക്ക് തന്നിരിക്കുന്നു. സങ്കുചിതദേശീയവാദത്തോടും മതാന്ധതയോടും പൊരുതിനിൽക്കാൻ എനിക്കുള്ള ഒടുങ്ങാത്ത ഇന്ധനവും ഇതൊക്കെ തന്നെ.

മാനേജ്‌മെന്റ് പുനസംഘടനയുടെ ഭാഗമായി ജോസ് പേക്കാട്ടിൽ പർച്ചേസ് വിഭാഗം തലവനായി പോവുകയും ജോർദാൻകാരനായ ഇസ്സാത്ത് കക്കീഷ് എന്നയാൾ ഹ്യുമൻ റിസോഴ്‌സ് മാനേജരായി ചാർജ്ജെടുക്കുകയും ചെയ്തു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമെന്ന് പേരുകേട്ടയാളായിരുന്നു കക്കീഷ്. ജോർദാൻ സൈന്യത്തിൽ നിന്നും വിരമിച്ചശേഷം കോർപ്പറേറ്റ് മേഖലയിലേക്ക് വന്നയാൾ. ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെന്റുമായി അദ്ദേഹത്തിന് വിദൂരപരിചയം പോലും ഉണ്ടായിരുന്നില്ല.

ആത്യന്തികമായി ജീവനക്കാരുടെ സംതൃപ്തിയാണ് ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ വിജയമെന്നും സംതൃപ്തനായ ജീവനക്കാരനിൽ നിന്നാണ് ഉൽപാദനവും ലാഭവും ഉൽഭവിക്കുന്നതെന്നുമുള്ള അടിസ്ഥാനങ്ങളോടുപോലും അദ്ദേഹം തൽപരനായിരുന്നില്ല. പരസ്യമായ കോർപ്പറേറ്റ് ലക്ഷ്യങ്ങളും അതിനുതകുന്ന ലിഖിതമായ നയസംഹിതയും പ്രവർത്തനമുറകളും അൽ യൂസർ കമ്പനിയുടെ സവിശേഷതകളായിരുന്നു.

മേലുദ്യോഗസ്ഥന്റെ വാക്കുകളേക്കാൾ ലിഖിതമായ നടപടിക്രമങ്ങളെയാണ് എല്ലാവരും പിഞ്ചെന്നിരുന്നത്. പക്ഷേ മുകളിൽ നിന്ന്​ കീഴോട്ടുള്ള അധികാരപ്രയോഗത്തിൽ മാത്രമായിരുന്നു ഇസ്സാത്ത് കക്കീഷിന് തൽപര്യം. അതിനിണങ്ങുമ്പോൾ മാത്രം എടുത്തുപയോഗിക്കേണ്ടവയാണ് പോളിസികളും പ്രൊസീജിയറുകളുമെന്ന് അദ്ദേഹം കരുതി.

നിർഭാഗ്യവശാൽ അത് കാലഹരണപ്പെട്ട ഒരു മാനേജുമെന്റ് പ്രക്രിയയായിരുന്നു. മാനേജർക്ക് കീഴിൽ അഡ്മിനിസ്‌ട്രേറ്റർമാർ, അവർക്ക് കീഴിൽ ഓരോരുത്തർക്കും കൃത്യമായ ചുമതലകൾ. എപ്ലോയ്‌മെന്റ് കോൺട്രാക്​റ്റ്​അഡ്മിനിസ്‌ട്രേഷൻ, ട്രാവൽ, ട്രെയിനിംഗ്, അച്ചടക്ക നടപടി, പിരിച്ചുവിടൽ എന്നിവയുടെ ചുമതലയായിരുന്നു എനിക്ക്. അന്ന് അയ്യായിരത്തിലേറെ വിദേശ ജീവനക്കാരുണ്ടായിരുന്ന ഒരു സ്ഥാപനത്തെ സംബന്ധിച്ച്​ ഞങ്ങൾക്ക് പിടിപ്പത് ജോലിയുണ്ടായിരുന്നു. മാസത്തിലൊരിക്കൽ സ്റ്റാഫ് മീറ്റിംഗ് എന്നത് എല്ലാ ആഴ്ചയും എന്നാക്കി പുതിയ മാനേജർ. പുത്തനച്ചിയല്ലേ പുരപ്പുറം തൂത്തോട്ടെയെന്ന് ഞങ്ങളും കരുതി.

ഒന്നുരണ്ട് മാസങ്ങൾക്ക് ശേഷമുള്ള ഒരു സ്റ്റാഫ് മീറ്റിംഗിനൊടുവിൽ ശബ്ദം കനപ്പിച്ച് ഇസ്സാത്ത് കക്കീഷ് പറഞ്ഞു: "നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന വിഷയങ്ങളും ഡിപ്പാർട്ടുമെന്റിലെ കോൺഫിഡൻഷ്യൽ കാര്യങ്ങളും പുറത്തറിയുന്നു. ഈ കാര്യത്തിൽ ആന്റണിയെയാണ് എനിക്ക് സംശയം. ഇതാവർത്തിച്ചാൽ ആന്റണിയെ സർവീസിൽ നിന്ന്​ നീക്കം ചെയ്യാൻ ഞാൻ നടപടിയെടുക്കും.'

ഞാനും ഒപ്പം സഹപ്രവർത്തകരും അന്തിച്ചുപോയി. യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യമാണ് അദ്ദേഹം എനിക്കെതിരെ ആരോപിച്ചത്. പരസ്യമായി അപമാനിക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. ജോലി നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാൻ പോലും ആവുമായിരുന്നില്ല. എങ്കിലും അപമാനിതനായി തുടരാനാവില്ലെന്ന് അപ്പോൾ അവിടെവച്ച് ഞാൻ തീരുമാനിച്ചു.

ആത്മാഭിമാനത്തിന്റെ കാര്യമായിരുന്നു അത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുമുള്ളവരായിരുന്നു എന്റെ സഹപ്രവർത്തകർ. അവരുടെ മുഖത്തെ അനിഷ്ടവും അമ്പരപ്പും എനിക്ക് വായിച്ചെടുക്കാമായിരുന്നു. മീറ്റിംഗ് അവസാനിച്ച് മറ്റുള്ളവർ പുറത്തേക്ക് പോയപ്പോൾ ഞാൻ അവിടെത്തന്നെ ഇരുന്നു. മുറിയിൽ അഭിമുഖമായി ഞങ്ങൾ ഇരുവരും മാത്രം.

മുഖവുരയ്‌ക്കൊന്നും മെനക്കെടാതെ ഞാൻ പറഞ്ഞു: ‘എന്റെ സഹപ്രവർത്തകരുടെ മുന്നിൽ വച്ചാണ് എന്നെ വിശ്വാസമില്ലെന്ന് താങ്കൾ പറഞ്ഞത്. സുപ്പർവൈസറി പൊസിഷനിലുള്ള ഒരാളാണ് ഞാൻ. ഇങ്ങിനെയുള്ള കാര്യങ്ങൾ എന്നോട് മാത്രമായി പറയുക എന്ന സാമാന്യ മര്യാദപോലും താങ്കൾ കാണിച്ചില്ല. ഈ സാഹചര്യത്തിൽ ജോലിയിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’ അവിടെയിരുന്നുകൊണ്ടുതന്നെ എന്റെ നോട്ട് പാഡിൽ രണ്ടുവരി രാജിക്കത്തെഴുതി കാക്കീഷിന് നൽകി.

"രാജി വയ്ക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടില്ല. ഇത് നിങ്ങളുടെ തീരുമാനമാണ്. ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് പകരക്കാരനെത്തും. നാട്ടിലേക്ക് പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തുകൊള്ളൂ. ആരും പോയാലും ഡിപ്പാർട്ടുമെന്റ് മുന്നോട്ടുപോകും.' അതായിരുന്നു പരുക്കൻ മട്ടിലുള്ള അയാളുടെ പ്രതികരണം.

ഒരാഴ്ച കഴിഞ്ഞപ്പോൾ രാജിക്കത്ത് അംഗീകരിച്ച് ഒപ്പുവച്ച് എന്റെ മേശപ്പുറത്തെത്തി. മേൽനടപടി സ്വീകരിക്കേണ്ട ചുമതലയും എനിക്കായിരുന്നു. പേപ്പറുകൾ പ്രൊസസ് ചെയ്ത് ഫൈനൽ സെറ്റിൽമെന്റ് കാൽക്കുലേഷനുകളുമായി അത് ഫിനാൻസിലേക്കയച്ചു. ഹെഡ് ഓഫീസിൽ വിവരം അറിയുന്നത് അപ്പോഴാണ്. മാനസികമായി പിരിമുറുക്കമുള്ള ദിവസങ്ങളായിരുന്നു എനിക്കത്. വിവരങ്ങൾ അറിയിച്ചപ്പോൾ എന്റെ ജീവിതപങ്കാളി എന്നോട് യോജിച്ചു. ഇനി കഴിയുമെങ്കിൽ ഒരു ദിവസം പോലും അവിടെ നിൽക്കരുത് എന്നായിരുന്നു പ്രതികരണം.

എങ്കിലും വീണ്ടും ഒരു ജോലി കണ്ടെത്താനുള്ള ബുദ്ധിമുട്ട്​ എന്നെ അലട്ടി. ഗൾഫ് തൊഴിൽക്കമ്പോളത്തിൽ ഹ്യുമൻ റിസോഴ്‌സ് വകുപ്പിലെ ജോലികൾ തദ്ദേശീയർക്കായി പരിമിതപ്പെടുത്താൻ ഗവർമെന്റുകൾ സമ്മർദ്ദം ചെലുത്തുന്ന കാലമായിരുന്നു അത്. കുടുംബത്തിൽ ചുമതല ഇനിയും ബാക്കിയുണ്ട്. മക്കൾ വളർന്നുവരുന്നു. ഗൾഫ് ജോലി ശരിയായില്ലെങ്കിൽ അധ്യാപനവൃത്തിയിലേക്ക് മടങ്ങിയാലോയെന്നും ആലോചിച്ചു.

മൂന്നുനാലുദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ ഇസ്സാത്ത് കക്കീഷ് എന്റെ കാബിനിലേക്ക് കയറിവന്ന് വാതിലടച്ചു. ഞാൻ എഴുന്നേറ്റുനിന്നു. മുഖവുരയൊന്നും കൂടാതെ അയാൾ പറഞ്ഞു: "പട്ടാളബാരക്കിൽ നിന്ന്​വരുന്നയാളാണ് ഞാൻ. നീ സർവകലാശാലയിൽ നിന്നും. അതിന്റെ വ്യത്യാസം നമുക്കിടയിലുണ്ടാകും. അയാം സോറി ഫോർ വാട്ട് ഹാപ്പെൻഡ് ബിറ്റ്‌വീൻ അസ്. അതെല്ലാം ദയവായി മറന്നുകളയുക.' ഇസ്സാത്ത് കൈ നീട്ടി. ഞങ്ങൾ ഹസ്തദാനം ചെയ്തു.

പുറത്തേക്കിറങ്ങിയ അയാൾ എല്ലാവരോടുമായി പറഞ്ഞു: "ആരും എങ്ങോട്ടും പോകുന്നില്ല. ആന്റണി ഇസ് ടേക്കിംഗ് ബാക് ഹിസ് റിസിഗിനേഷൻ. വി ആർ ഏ ടീം എഗേൻ.'' അയാൾ ദീർഘമായി നിശ്വസിച്ചു. ഞാൻ അതിലേറെ ദീർഘമായി നിശ്വസിച്ചു. ഞങ്ങൾക്ക് രണ്ടുപേർക്കും ശരിക്കും ഒരു വിൻ-വിൻ സന്ദർഭമായിരുന്നു അത്.

ഇസ്സാത്തിന്റെ മനം മാറ്റത്തെക്കുറിച്ച് ചിക്കിച്ചികയാനൊന്നും ഞാൻ പോയില്ല. ഞാനും ഇസ്സാത്തും ക്രമേണ മിത്രങ്ങളായി. അടുത്ത സ്റ്റാഫ് മീറ്റിംഗിന് ഇസ്സാത്തിന്റെ അർമീനിയക്കാരിയായ ഭാര്യ വലിയൊരു കേക്ക് ബേക്ക് ചെയ്ത് ഞങ്ങൾക്ക് സമ്മാനിച്ചു. ജോർദാൻകാരനും ഇസ്സാത്തിന്റെ കുടുംബസുഹൃത്തുമായിരുന്ന കമ്പനി വൈസ് പ്രസിഡന്റ് ഒമർ നസറുദ്ദീൻ എന്റെ രാജി സ്വീകരിക്കുന്നതിനെതിരെ നൽകിയ ഉപദേശമാണ് ഇസ്സാത്തിന്റെ മനം മാറ്റത്തിൽ കലാശിച്ചതെന്ന് പിന്നീട് ഞാനറിഞ്ഞു. ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ഒട്ടും പരിചയമില്ലാത്ത ഇസ്സാത്ത് പരിചയസമ്പന്നരെ എന്ത് വിട്ടുവീഴ്ച ചെയ്തും ഒപ്പം നിർത്താൻ ശ്രമിക്കണമെന്നായിരുന്നു ഒമറിന്റെ നിർദ്ദേശം.

കഴിവും ആർജ്ജവവുമുള്ള ഒരാളായി എന്നെ കണ്ടിരുന്ന ഒരാളായിരുന്നു ഒമർ നസറുദ്ദീൻ. അതിന് കാരണവും ഉണ്ടായിരുന്നു. ഒരിക്കൽ മരുപ്പരപ്പിന്റെ വിദൂരതയിലൊരിടത്ത് അഞ്ഞൂറോളം തൊഴിലാളികൾക്കായി താമസസൗകര്യം ഒരുക്കേണ്ട ചുമതല എനിക്കുണ്ടായി. അറാംകോയ്ക്കായി ഒരു പവർ പ്ലാന്റ് നിർമ്മിക്കുന്ന കോണ്ട്രാക്റ്റ് ആയിരുന്നു.

കമ്പിവേലി കെട്ടി വേർതിരിച്ചയിടത്ത് പോർട്ടോ കാബിനുകൾ നിരന്നിരുന്നു. ബാക്കി പണികളുടെ ചുമതലയായിരുന്നു എനിക്കും ഫിലിപ്പൈൻസ്‌കാരനായ മെയിന്റനൻസ് എഞ്ചിനിയർ റേ ലോറന്റോയ്ക്കും. ഇലക്ട്രിഫിക്കേഷനും പ്ലംബിങ്ങിനുമായി സബ് കോണ്ട്രാക്റ്റ് നൽകിയിരുന്നതിനാൽ അതിന്റെ മേൽനോട്ടം മാത്രമായിരുന്നു റേ ലോറന്റോയ്ക്ക്.

കട്ടിൽ, അലമാര, കിടക്കയും കിടക്കവിരികളും, തുടങ്ങിയവയെല്ലാം ലോക്കൽ മാർക്കറ്റിൽ നിന്ന്​ വാങ്ങി എത്രയും വേഗം ക്യാമ്പ് താമസസജ്ഞമാക്കുകയെന്നത് ചെറിയ കാര്യമായിരുന്നില്ല. അൽ ഹാസയായിരുന്നു തൊട്ടടുത്ത ഉൾനാടൻ പട്ടണം. പുരാതനമായ ആ വ്യാപാരകേന്ദ്രത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളും കടയുടമകളായി ഉണ്ടായിരുന്നു.

മേശയും കസേരയും ഉപയോഗിക്കാതെ ഉയർന്ന മെത്തയും തലയിണകളുടെയും മേൽ അമർന്നിരുന്ന അറബി വനിതകൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും കർശനക്കാരും കൂടുതൽ മനുഷ്യപ്പറ്റുള്ളവരുമായിരുന്നു. ഗ്രാമീണമായ അറബിഭാഷ ഒഴികെ മറ്റൊന്നിനും അവിടെ വിനിമയസാദ്ധ്യത ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിന്റെ പൊട്ടും പൊടിയും അറിയുന്നവരെ തേടിപ്പിടിച്ച് ഞാൻ ക്വട്ടേഷനുകൾ സംഘടിപ്പിച്ചു. അവ അന്നുതന്നെ ഫിനാൻസ് മാനേജരായിരുന്ന ഒമറിന് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ അംഗീകാരത്തോടെ കരാർ ഉറപ്പിച്ച് സാധനങ്ങൾ വാങ്ങുക എന്നതായിരുന്നു പ്ലാൻ.

ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോൾ ഒമർ എന്നെ ഫോണിൽ വിളിച്ച് സ്വയം തീരുമാനമെടുത്ത് സാധനങ്ങൾ വാങ്ങാൻ നിർദ്ദേശിച്ചു. ഭീമമായ ഒരു തുക പണമായി എന്റെ പക്കലെത്തി. എത്രയും വേഗം ക്യാമ്പ് ജീവനക്കാർക്കായി സജ്ജമാകണമെന്നത് അത്യാവശ്യമായിരുന്നു. ദിവസവും മണിക്കൂറുകൾ യാത്രചെയ്താണ് തൊഴിലാളികൾ ജുബൈലിൽ നിന്നും ജോലിസ്ഥലത്തെത്തിയിരുന്നത്. 4 മണിക്കൂർ യാത്രാസമയം ഓവർടൈമായി നൽകേണ്ടിവന്നു. നാലുബസ്സുകളാണ് ദിവസവും ഇത്രദൂരം സഞ്ചരിച്ച് തൊഴിലാളികളെ എത്തിച്ചിരുന്നത്.

ഭീമമായ ഈ ചെലവ് തുടർന്നാൽ അത് പ്രൊജക്ടിനെത്തന്നെ നഷ്ടത്തിലാക്കും. ക്യാമ്പ് സ്ഥാപിക്കാനുള്ള ഭൂമി കണ്ടെത്താൻ വൈകിയതാണ് ഈ വൈതരണികൾക്കെല്ലാം കാരണമായത്. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം പൂർത്തിയാക്കി തൊഴിലാളികളെ പാർപ്പിക്കാൻ എനിക്ക് കഴിഞ്ഞു. ഒമർ എന്നെ ഓഫീസിൽ വിളിപ്പിച്ച് അഭിനന്ദിച്ചു.

സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് പല ജീവനക്കാരുടെയും പേരിൽ മാനേജ്‌മെന്റ് ശിക്ഷാ നടപടി എടുത്തിരുന്ന ആ കാലയളവിൽ സത്യസന്ധതയുടെയും കാര്യപ്രാപ്തിയുടെയും പേരിൽ അഭിനന്ദിക്കപ്പെട്ടത് എനിക്കും സന്തോഷത്തിന് കാരണമായി. എന്നാലുംഞാനപ്പോൾ ഓർത്തത് അച്ഛന്റെ പ്രിയ ഡയലോഗായിരുന്നു: ഇങ്ങിനെയൊക്കെ ജീവിക്കാനേ അറിയൂ. ഒമർ പിൽക്കാലത്ത് കമ്പനിയുടെ കോർപ്പറേറ്റ് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായി. എന്റെ എ.വൈ.ടി.ബി കാലം മുഴുവനും അദ്ദേഹം എനിക്ക് അഭ്യുദയകാംക്ഷിയായിരുന്നു.

നവോദയയുടെ മലയാളോത്സം ഉദ്ഘാടനം ചെയ്ത് ഇ.പി രാജഗോപാലൻ സംസാരിക്കുന്നു

മീനിന് വെള്ളത്തിലേ ജീവിക്കാനാകൂ എന്നപോലായിരുന്നു എനിക്ക് ജീവിതം. മനുഷ്യർക്കിടയിൽ ആയിരിക്കുമ്പോൾ ഞാനെപ്പോഴും ഉത്സാഹിതനായിരുന്നു. കൗമാരത്തിൽത്തന്നെ കേരളത്തിനുപുറത്ത് ജീവിതം തുടങ്ങിയതിനാൽ ഏതെങ്കിലും ഭാഷയുടെയോ ദേശത്തിന്റെയോ ഇടയിൽ പരിമിതനാകാൻ ഞാൻ പ്രിയപ്പെട്ടില്ല. അവയ്‌ക്കെല്ലാം അതീതമായി മനുഷ്യർ കൂടിക്കലരുന്ന ഇടങ്ങൾ എന്നെ സന്തോഷിപ്പിച്ചു.

ടോസ്റ്റ്മാസ്റ്റർ ഇന്റർനാഷണൽ എന്ന പാഠ്യപരിശീലന സംഘടനയുമായുള്ള എന്റെ അടുപ്പം അങ്ങിനെയുണ്ടായതാണ്. പാശ്ചാത്യമട്ടിലുള്ള ഒരു ക്ലാസ്​മുറിയുടെ അന്തരീക്ഷം അത് നിലനിർത്തിയിരുന്നത് ചിലർക്ക് അരോചകമായിരുന്നെങ്കിലും അത് മുന്നോട്ടുവച്ച തുറവിയുള്ള അന്തരീക്ഷവും വിവിധദേശഭാഷക്കാരുമായി ഇടപഴകാനുള്ള അവസരവും എനിക്ക് ഹൃദ്യമായി തോന്നി. അഭ്യസ്തവിദ്യരായ സൗദി പൗരന്മാരും വിദേശികളും ഒരുമിച്ച് പ്രവർത്തിക്കുന്ന അത്യപൂർവ്വം ഇടങ്ങളിൽ ഒന്നായിരുന്നു ഗൾഫിലുടനീളം കാണപ്പെടുന്ന ടോസ്റ്റ്മാസ്റ്റർ സംഘങ്ങൾ.

പള്ളിക്കൂടവും ടോസ്റ്റ്മാസറ്റർ ക്ലബ്ബും മാത്രമായിരുന്നു എന്റെ സുദീഘ ഗൾഫ് ജീവിതകാലത്ത് ഞാൻ അംഗമായ രണ്ടിടങ്ങൾ. ഇന്ത്യൻ എംബസിയുടെ ഉത്സാഹത്തിൽ തുടങ്ങിയ ഇന്ത്യാ ഫോറത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നെങ്കിലും അത് എന്നെ വളരെവേഗം മടുപ്പിച്ചു. സൗദി ഇന്ത്യ ലിറ്റററി ഫോറമാകട്ടെ ബാലാരിഷ്ടതകളിൽ കുടുങ്ങി അകാലമരണം വരിക്കുകയും ചെയ്തു.

അംഗമാകാതെ ഞാൻ ഏറ്റവും അടുത്ത് സഹകരിച്ച് പ്രവർത്തിച്ച മലയാളി സംഘടന നവോദയ സാംസ്‌കാരിക വേദി ആയിരുന്നു. ഇരുപത്തിമൂവായിരത്തിലേറെ അംഗബലമുള്ള നവോദയ സൗദി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ മലയാളി സംഘടനയാണ്. അനേകവിധത്തിൽ പ്രശംസനീയമാണ് നവോദയയുടെ പ്രവർത്തനങ്ങൾ. സി.പി.എം അനുകൂല സംഘടനയാണെങ്കിലും മറ്റുള്ളവരും ഇതിൽ അംഗങ്ങളാണ്.

നവോദയയുടെ പോഷകസംഘങ്ങളായ കുടുംബവേദി, ബാലവേദി തുടങ്ങിയവ ഭിന്ന രാഷ്ട്രീയക്കാരെയും ഉൾക്കൊള്ളുന്നു. അവയുടെ തലപ്പത്ത് ഇതര രാഷ്ട്രീയകക്ഷികളിൽപ്പെട്ടവരും തിരഞ്ഞെടുക്കപ്പെടാറുണ്ടെങ്കിലും തണ്ടെല്ലായ നവോദയയുടെ നേതൃത്വത്തിൽ സി.പി.എം അംഗങ്ങൾ മാത്രമാണുണ്ടാവുക. ഏതാണ്ട് അതേ മാതൃകയിൽത്തന്നെയാണ് സംഘാടനവും. അച്ചടക്കവും കെട്ടുറപ്പുമുള്ള സംഘടനയായി നവോദയ കാൽനൂറ്റാണ്ടിലേറെയായി സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്നു.

ഇതര പ്രവിശ്യകളിലെ സമാന സംഘങ്ങളെ ശല്യം ചെയ്യുന്ന ഗ്രൂപ്പിസവും പിളർപ്പുമൊന്നും അതേ അളവിൽ കിഴക്കൻ പ്രവിശ്യയിലെ നവോദയായെ ബുദ്ധിമുട്ടിലാക്കുന്നില്ല. അനുക്രമമായി പാകപ്പെടുകയും തുറവി ആർജ്ജിക്കുകയും ചെയ്യുന്ന നേതൃത്വത്തിന്റെ മികവുതന്നെ ഇതിന് കാരണം. യൂണിറ്റ്, മേഖല, കേന്ദ്രക്കമ്മറ്റി എന്നിങ്ങിനെയാണ് ഘടന. പവനൻ മൂലക്കീലാണ് ഇപ്പോഴത്തെ കേന്ദ്ര സമിതി അദ്ധ്യക്ഷൻ.

ഇരുപതോളം മേഖലകൾ ഉള്ളതിൽ ജുബൈൽ മേഖലയുമായിട്ടായിരുന്നു ഞാൻ കൂടുതലായി സഹകരിച്ചിരുന്നത്. എന്നെപ്പോലെ ചിലതിൽ യോജിക്കുകയും മറ്റുചിലതിൽ വിയോജിക്കുകയും ചെയ്യുന്നവരും കഴിയുന്നത്ര നവോദയയുമായി സഹകരിച്ചുപോകണമെന്ന മേഖലാ നേതൃത്വത്തിന്റെ സ്‌നേഹനിർബന്ധമായിരുന്നു എന്നെ അവരുമായി അടുപ്പിച്ചത്.

പ്രേംരാജ് കണ്ണൂർ, ഉമേഷ് കളരിക്കൽ, ലക്ഷ്മണൻ കടമ്പത്ത്, പ്രേംരാജ് കതിരൂർ, റഷീദ് പരപ്പനങ്ങാടി, നിഷാന്ത് കൊടമന, പ്രദീപ് മേനോൻ, ആശാ മുരളി, ഷാഹിദ ഷാനവാസ്, അമൽ ഹാരിസ്, ശ്രീഹന വിനോദ്, പ്രജീഷ ദിനേശ് തുടങ്ങിയവരുടെ സമർപ്പിതമായ നേതൃത്വം എല്ലാവരെയും ചേർത്തുനിർത്തുന്നതിൽ ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു. മികച്ച ഒരു ലൈബ്രറിയും പ്രതിമാസ പഠനക്കളരിയും നവോദയായുടെ സവിശേഷതയാണ്.

മലയാളി കുട്ടികളെ ഭാഷയും സംസ്‌കാരവും സാഹിത്യവുമായി അടുപ്പിച്ച് നിർത്തുന്നതിനുള്ള മധുരം മലയാളം എന്ന തുടർശിൽപശാലകൾ കഴിഞ്ഞ പന്ത്രണ്ട് വർഷമായി നടന്നുപോരുന്നു. ഒരംഗം മരിച്ചാൽ കുറഞ്ഞത് ഒന്നരലക്ഷം രൂപ കുടുംബത്തിന് ലഭിക്കുന്ന ഒരു ഗ്രൂപ്പ് ഇൻഷ്വറൻസിൽ എല്ലാ അംഗങ്ങൾക്കും പങ്കാളിത്തമുണ്ട്. മരിച്ചയാളുടെ കുടുംബത്തിന്റെ സാമ്പത്തികപരാധീനത മനസ്സിലാക്കി മറ്റുവിധത്തിൽ സാമ്പത്തിക സഹായമെത്തിക്കുന്നതിലും ഇവർ ശ്രദ്ധാലുക്കളാണ്.

ജുബൈൽ മേഖല ഏറ്റെടുത്ത ഏറ്റവും ശ്രദ്ധേയമായ സാസ്ംസ്‌കാരിക പരിപാടിയായിരുന്നു മലയാളോത്സവം. മൂന്നുദിവസം നീണ്ടുനിന്ന ഉത്സവത്തിൽ സാഹിത്യത്തിന് പ്രത്യേക പരിഗണന ലഭിച്ചു. ഇ.പി. രാജഗോപാലനായിരുന്നു മുഖ്യാതിഥി. ഇപ്പോഴത്തെ മന്ത്രി കെ.ടി.ജലീലും പങ്കെടുത്തിരുന്നു.

എഴുത്തുകാരായ അബു ഇരിങ്ങാട്ടിരി, ജോസഫ് അതിരുങ്കൽ, ജോസഫ് തെരുവൻ തുടങ്ങിയവരും സൗദി ഗസറ്റ് പത്രത്തിന്റെ എഡിറ്റർ ഹസ്സൻ ചെറൂപ്പ, ചിത്രകാരന്മാരായ എം.സി. സുനിൽകുമാർ, എം.കെ.ജയകൃഷ്ണൻ, ജയൻ തച്ചമ്പാറ, സാംസ്‌കാരിക പ്രവർത്തകരായ എൻ.സനിൽകുമാർ, ജയചന്ദ്രൻ നെരുവമ്പ്രം, ഗോപിനാഥൻ നെടുങ്ങാടി, അഡ്വ. ആർ. മുരളീധരൻ, തുടങ്ങിയവരും ആദ്യാവസാനം വിവിധ സെഷനുകളിൽ സന്നിഹിതരായിരുന്നു. വിപുലമായ പുസ്തക പ്രദർശനം മേളയുടെ ആകർഷണീയതയായിരുന്നു. ഗൾഫിൽ നിന്നുമുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ വിൽക്കുന്നതിന്​ പ്രത്യേകസംവിധാനവും ഏർപ്പെടുത്തിയിരുന്നു.

മറ്റ് വിദേശമലയാളി സംഘങ്ങളിൽ നിന്ന്​ നവോദയായെപ്പോലുള്ളവയെ വേറിട്ട് നിർത്തുന്നത് അതിന്റെ ഇടതുപക്ഷ സ്വഭാവമാണ്. ഇന്ത്യയിൽ നിന്നുമുള്ള മറ്റ് ഭാഷാസമൂഹങ്ങളുമായി മലയാളികൾ ഇടകലർന്ന് പാർക്കുന്ന ഒരിടമാണ് ഗൾഫ് രാജ്യങ്ങൾ. അവർക്കിടയിൽ ഇടതുപക്ഷ ആശയങ്ങളെ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കാനും കാര്യമായ ഒരു പരിശ്രമവും ഈ സംഘടനകൾ നടത്തുന്നില്ല എന്നതാണ് ഇവരുടെ പരിമിതിയായി ഞാൻ കാണുന്നത്.

ഇന്ത്യയിൽ ഇടതുപക്ഷസ്വാധീനം പോക്കറ്റുകളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയും പ്രതിലോമശക്തികൾ അവരുടെ സ്വാധീനത്താൽ ഇന്ത്യയെത്തന്നെ വിഴുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ദ്വീപുസ്വഭാവം വിട്ട് മലയാളി സംഘടനകൾ വിശിഷ്യാ ഇടതുപക്ഷാനുകൂല സംഘടനകൾ ഇതര ഭാഷാസമൂഹങ്ങൾക്കിടയിലേക്ക് പ്രവർത്തനം അടിയന്തിരമായി വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. ഈ ചുമതല ഏറ്റെടുക്കാൻ ഏറ്റവും സജ്ഞമായതും നവോദയ തന്നെ. അതിന് കഴിവുള്ളവരെ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഭാവനാപൂർണ്ണമായ വിവേകം അവർക്കുണ്ടായാൽ അത് രാജ്യത്തിനാകെ ഉണർവ് നൽകും.

പി.ജെ.ജെ. ആന്റണിയുടെ ഗൾഫ് ഓർമയെഴുത്ത് - മറ്റുലേഖനങ്ങൾ വായിക്കാം

Comments