പുതുതലമുറ നേതാക്കൾക്ക്​ ഓർമയുണ്ടോ പി.കെ.വിയെ?

സി.പി.ഐ എം.എൽ.എ പൊലീസുകാർ സല്യൂട്ട് നൽകാത്തതിന്റെ പേരിൽ അസ്വസ്ഥയാകുന്നുവെന്ന വാർത്തയ്ക്കിടെ, പൊലീസുകാരോടും അംഗരക്ഷകരോടും മാനുഷികമായ അനുകമ്പയും വിനയവും ആവോളം കാണിച്ച പി.കെ.വിയുടെ വലുപ്പം എത്രയെന്ന് പുതുതലമുറ നേതാക്കൾ ഓർത്തെങ്കിൽ!- ജൂലൈ 12ന്​ പി.കെ.വിയുടെ ചരമദിന വാർഷികമായിരുന്നു.

ശിശിരക്കുളിരിൽ ഡാന്യൂബ് നദീമുഖങ്ങളെ പൊതിഞ്ഞ മഞ്ഞുപടലം നോക്കി
സ്വപ്‌നം കാണുന്ന ഇംറെ കെർട്ടസ് എന്ന നോബൽ ജേതാവായ എഴുത്തുകാരന്റെ പുറംചട്ടയുള്ള പുസ്തകവുമായി തിരുവനന്തപുരം എം.എൻ സ്മാരകത്തിന്റെ കോലായയിലിരുന്ന പി.കെ.വിയുടെ മിഴിവാർന്ന ഒരു ചിത്രം എന്റെ മനസ്സിലുണ്ട്. നിലാവ് പോലെയുള്ള ആ ചിരി മറക്കാനാവില്ല. അദ്ദേഹം മരിക്കുന്നതിന് രണ്ടു വർഷം മുമ്പാണത്.

എ.ഐ.വൈ.എഫ് കാലത്തെ നേതാവും സഖാവുമായ കണിയാപുരം രാമചന്ദ്രനാണ് പി.കെ.വിയുടെ അടുത്തേക്ക് എന്നെ കൊണ്ടു പോയതും പരിചയപ്പെടുത്തിയതും. മുഖ്യമന്ത്രിയായ കാലത്ത് ഒറ്റപ്പാലത്തെ ഔദ്യോഗിക പരിപാടിയ്ക്കു ശേഷം അന്ന് പത്രപ്രവർത്തകനായി അവിടെ ജോലി നോക്കുന്ന എനിക്ക് സ്റ്റേറ്റ് കാറിൽ അദ്ദേഹത്തോടൊപ്പമിരുന്ന് ചെറുതുരുത്തി കലാമണ്ഡലം വരെ യാത്ര ചെയ്യാൻ ഭാഗ്യമുണ്ടായ കാര്യം ഞാൻ പറഞ്ഞപ്പോൾ, ഓർമയിൽ നിന്ന് അദ്ദേഹം, എന്നെ പതിയെ വീണ്ടെടുത്തു.

പി.കെ.വിയുടെ മക്കളായ രാജേന്ദ്രൻ, ശാരദ, കേശവൻകുട്ടി എന്നിവരൊക്കെ പലപ്പോഴായി വിദ്യാർഥി- യുവജനഫെഡറേഷനുകളിലുണ്ടായ കാലത്ത് അവരുടെ അച്ഛന്റെ പരന്ന വായനയെക്കുറിച്ച് പലരോടുമായി പറയാറുള്ളത് എനിക്കോർമയുണ്ട്. ഫിക്ഷൻ വായനയിൽ ഒരു വേള, എൻ.ഇ ബാലറാമിനെയും കെ.വി സുരേന്ദ്രനാഥനാശാനെയും കഴിഞ്ഞാൽ പി.കെ.വിയായിരുന്നു മുൻപന്തിയിൽ. കോവിഡിനു മുമ്പ് ഹോം​ങ്കോഗിൽ നിന്ന് സൗദിയിലെത്തിയ കേശവൻകുട്ടിയെ കണ്ടപ്പോഴും അച്ഛന്റെ എഴുത്തും വായനയുമായിരുന്നു ഞങ്ങളുടെ മുഖ്യചർച്ച.

പ്രഭാഷണകലയിൽ ആരെയും പിന്നിലാക്കുന്ന വാഗ്മിത വരദാനമായി ലഭിച്ചവരായിരുന്നു പി.കെ.വിയും കണിയാപുരവും. സ്ഫുടമായ തെളിമലയാളത്തിൽ ഇരുവരും പ്രസംഗിക്കുന്നത് ഏറെത്തവണ കേട്ട് ആവേശം കൊണ്ട കാലമുണ്ടായിരുന്നു. ഇംറെ കെർട്ടെസിനെ വായിക്കുന്ന പി.കെ.വി ഏറെക്കാലം ആ എഴുത്തുകാരന്റെ നാട്ടിലാണ് കഴിച്ചുകൂട്ടിയത്. ലോകജനാധിപത്യ യുവജനഫെഡറേഷന്റെ സാരഥിയെന്ന നിലയിൽ സംഘടനയുടെ ആസ്ഥാനമായ ബുഡാപെസ്റ്റിൽ പി.കെ.വിയുണ്ടായിരുന്നു. ഹങ്കറിയിൽ നിന്നുള്ള കലാകാരന്മാരേയും എഴുത്തുകാരേയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനും ഐക്യദാർഢ്യസദസ്സുകൾ നടത്തുന്നതിനും സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയിലും പിൽക്കാലത്ത് പി.കെ.വിയ്ക്ക് സാധിച്ചു.

പി.കെ.വിയുടെ മകൻ കേശവൻകുട്ടിയൊടൊപ്പം മുസാഫിർ

ഹംഗറിയിൽ ഇംറെഗിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളും അദ്ദേഹത്തെ ഭരണാധികാരിയായി നിയമിച്ചതിനെതിരെയുള്ള സോവിയറ്റ്​ ഇടപെടലുകളും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ - പ്രത്യേകിച്ച് പൂർവ യൂറോപ്യൻ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ചേരിയിൽ- ശൈഥില്യം സൃഷ്ടിച്ച കാലത്ത് പി.കെ.വിയ്ക്ക് പ്രായം മുപ്പത്. മൂന്നു കൊല്ലം കൂടി കഴിഞ്ഞപ്പോഴാണ് എ.ഐ.വൈ.എഫ് രൂപം കൊള്ളുന്നത്. രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ, അരുണ ആസഫലി, ബൽരാജ് സാഹ്നി, ഡോ. ധ്യാൻചന്ദ് തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിക്കപ്പെട്ട എ.ഐ.വൈ.എഫിന്റെ സാരഥ്യത്തിലെത്തിയ പി.കെ.വി, സംഘടനയിൽ വിശ്വാസമർപ്പിച്ചവരുടെ പ്രിയങ്കരനായ നേതാവായി വളരെപ്പെട്ടെന്നാണ് ഉയർന്നു വന്നത്. ട്രാവൻകൂർ സ്റ്റുഡന്റ്‌സ് യൂണിയന്റേയും തുടർന്ന് അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റേയും (എ.ഐ.എസ്.എഫ്) സമരതീക്ഷ്ണമായ കൗമാരപശ്ചാത്തലം, എ.ഐ.വൈ.എഫ് നാളുകളുടെ പ്രക്ഷുബ്ധ യൗവനത്തെ സദാ തുടിക്കുന്ന മുദ്രാവാക്യങ്ങളാൽ ആരവമുഖരിതമാക്കാൻ പി.കെ.വിയ്ക്ക് തുണയായി. ഇംഗ്ലീഷിലും മലയാളത്തിലും ഉജ്വലമായി ​പ്രസംഗിക്കാനുള്ള പാടവം, സഖാക്കളുമായി സ്ഥാപിക്കുന്ന അകം നിറഞ്ഞ കൊമ്രേഡ്ഷിപ്പ്, സുദൃഢമായ നേതൃശേഷി ഇവയൊക്കെ പി.കെ.വിയെ ലോകജനാധിപത്യ യുവജനഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെയെത്തിച്ചു.

1957 ൽ തിരുവല്ലയിൽ നിന്നും 1962 ൽ നിന്ന് അമ്പലപ്പുഴയിൽ നിന്നും 1967 ൽ പീരുമേട് നിന്നും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട, സംശുദ്ധമായ പാർലമെന്ററി ജീവിതത്തിന്റെ ക്രമാനുഗതമായ യാത്ര, നിയമസഭാംഗമായും മുഖ്യമന്ത്രിയുമാകുന്നത് വരെയെത്തി. 1977 ൽ വ്യവസായമന്ത്രിയായ പി.കെ.വി, എ.കെ. ആന്റണിയുടെ രാജിയെത്തുടർന്ന് 1978 മുതൽ ഒരു വർഷം മുഖ്യമന്ത്രിയായി.

ദേശീയതലത്തിൽ ഇടത്പക്ഷ ഐക്യം വികസിപ്പിക്കുകയെന്ന സി.പി.ഐ
ഭട്ടിൻഡ പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പി.കെ.വി മുഖ്യമന്ത്രിപദം രാജിവെച്ചു. രാഷ്ട്രീയ പ്രസക്തവും സുധീരവുമായ തീരുമാനമായിരുന്നു അതെന്ന് പിൽക്കാല ഇടത് രാഷ്ട്രീയം പിന്നീട് വിധിയെഴുതി.

അതീവ ലളിതമായ പൊതുജീവിതം നയിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് വിശുദ്ധിയുടെ വിരലൊപ്പ് ചാർത്തി കടന്നു പോയവരുടെ കൂട്ടത്തിലാണ് പി.കെ. വാസുദേവൻ നായരുടെ പേര് ചരിത്രം എക്കാലത്തും
രേഖപ്പെടുത്തുക. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും സ്വഭാവ ലാളിത്യവും ന്യൂജെൻ കമ്യൂണിസ്റ്റുകാരും പാർലമെന്റേറിയന്മാരും മാതൃകയാക്കുമെന്ന് വ്യാമോഹിക്കേണ്ടതില്ല. സി.പി.ഐ എം.എൽ.എ പൊലീസുകാർ സല്യൂട്ട് നൽകാത്തതിന്റെ പേരിൽ അസ്വസ്ഥയാകുന്നുവെന്ന വാർത്തയ്ക്കിടെ, പോലീസുകാരോടും അംഗരക്ഷകരോടും മാനുഷികമായ അനുകമ്പയും വിനയവും ആവോളം കാണിച്ച പി.കെ.വിയുടെ വലുപ്പം എത്രയെന്ന് ഈ ഓർമദിനത്തിലെങ്കിലും പുതുതലമുറ നേതാക്കൾ ഓർത്തെങ്കിൽ..

എന്റെ സുഹൃത്ത് അജിത് കൊളാടിയുടെ പോസ്റ്റിൽ നിന്നുള്ള ഈ വരികൾ കൂടി വായിക്കുക: എത്രയോ പേർ പറഞ്ഞതും എഴുതിയതുമാണ് പി.കെ.വിയുടെ ബസ് യാത്രകൾ. പൊന്നാനിയിൽ, താമസിക്കാത്ത ഒരു ദിവസം, അത്യാവശ്യമുള്ളതുകൊണ്ട് പെരുമ്പാവുരിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ, എന്നോട് കാറിൽ എടപ്പാളിൽ കൊണ്ടുവിടാൻ പറഞ്ഞു. ചാമുണ്ണി ഏട്ടനും, ടി.എൻ. പ്രഭാകരനും ഉണ്ട് കൂടെ. പൊന്നാനി വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് വന്നത്. എടപ്പാളിൽ ഇറങ്ങി ബസിൽ പോകാം എന്നായി അദ്ദേഹം. ഞങ്ങൾ കാറിൽ പോയാൽ മതി എന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ല. എടപ്പാൾ ജങ്ക്ഷനിൽ ബസ് കാത്തുനിന്നു. രാത്രി ഏതാണ്ട് 9 മണി. മുൻ മുഖ്യമന്ത്രി ബസ്​ കാത്തു നിൽക്കുന്നു. അവിടെയുണ്ടായിരുന്ന ടാക്‌സി, ഡ്രൈവർമാരും, മറ്റും ചുറ്റും കൂടി. ബസുകൾ വരുന്നത് മുഴുവൻ നിറയെ ആളുകൾ. ഞങ്ങളൊക്കെ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു. കാറിൽ പോകാൻ സമ്മതിക്കുന്നുമില്ല അദ്ദേഹം. സമയം വൈകുന്നു. പിന്നീട്, കോഴിക്കോട് നിന്ന് പെരുമ്പാവൂരിലേക്ക് നേരിട്ടുള്ള ബസ്​. രണ്ടും കൽപ്പിച്ച സഖാവ് ടി.എൻ. റോഡിലിറങ്ങി നിന്നു കൈ കാണിച്ചു . ബസ്​ നിർത്തി. നിറയെ ആളുകൾ. പ്രഭാകരേട്ടൻ, ഡ്രൈവറോടും, കണ്ടക്ടറോടും കാര്യം പറഞ്ഞു. സഖാവ് പി.കെ.വിക്ക് യാത്ര ചെയ്യണം. അവരും പരിഭ്രാന്തരായി. മുൻ മുഖ്യമന്ത്രി തിരക്കുള്ള ബസ്സിൽ കയറി തിരക്കിൽ നിന്നു. ബസ്​ യാത്ര പുറപ്പെട്ടു. പിന്നീടറിഞ്ഞു, കണ്ടക്ടറും, മറ്റുള്ള ഒന്നു രണ്ടു യാത്രക്കാരും അദ്ദേഹത്തിന് ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തു എന്ന്.

ഇന്ന് ഏത് മന്ത്രിമാർ തുടരും ഈ ജീവിത ശൈലി. ഇന്നത്തെ മുഖ്യമന്ത്രിമാരുടെ സ്ഥിതി പറയുകയും വേണ്ട. പൊന്നാനിയിൽ പെരുന്നാൾ നോമ്പുകാലത്ത്, ഇടക്ക് പി.കെ.വി വന്നാൽ വൈകുന്നേരം ,അച്ഛൻ (കൊളാടി ഗോവിന്ദൻകുട്ടി), പി.പി.ബീരാൻ കുട്ടിക്ക, എ.കെ മുഹമ്മദ് കുട്ടിക്ക, ബാവക്ക, ഹംസക്ക, ആലിമോൻ, എന്നിവരോടൊപ്പം, മുസ്‌ലിം സഖാക്കളുടെ വീട്ടിൽ നോമ്പുതുറക്ക് പോകും. ഏതു ചെറിയ വീട്ടിലും. അങ്ങനെ പല സ്മരണകൾ.

കേശു എന്ന കേശവൻ കുട്ടി

വലിയൊരു കമ്യൂണിസ്റ്റ് പൈതൃകത്തിന്റെ നേരവകാശിയാണ് കേശവൻകുട്ടി എന്ന കേശു. അമ്മാവൻ പി. ഗോവിന്ദപിള്ള. മറ്റൊരു അമ്മാവൻ ഹോംങ്കാംഗിൽ ജേണലിസ്റ്റായിരുന്ന, അന്തരിച്ച എം.പി. ഗോപാലൻ. ഹോംങ്കാംഗിൽ അന്താരാഷ്ട്ര ബിസിനസ് മാസികയുടെ നടത്തിപ്പും ബിസിനസുമായി കഴിയുന്ന കേശു ബിസിനസ് സന്ദർശനത്തിന്റെ ഭാഗമായി ഹോംങ്കാംഗിൽ നിന്ന് ജിദ്ദയിൽ വന്നപ്പോഴാണ് ഞങ്ങൾ പഴയ എ.ഐ.എസ്.എഫ് കാലവും മറ്റ് ഓർമകളും പങ്കുവെച്ചത്. കേശുവിന്റെ സഹോദരി സി.പി.ഐ നേതാവ് ശാരദാ മോഹൻ (പറവൂരിൽ വി.ഡി. സതീശനോട് പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർഥി). മറ്റൊരു സഹോദരി നിർമ്മലയുടെ ഭർത്താവ് ഗംഗാധരൻ നായർ, ബെർലിൻ കുഞ്ഞനന്തൻ നായരുടെ മരുമകൻ. സി.പി.എം നേതാവായിരുന്ന, വി. വിശ്വനാഥമേനോൻ കേശുവിന്റെ അച്ഛന്റെ കസിൻ.

അന്തർദേശീയ മാധ്യമലോകത്തെ ശ്രദ്ധേയരായ രണ്ടു വനിതകൾ - ദിവ്യാ ഗോപാൽ (അൽ ജസീറ ടി.വി), നിഷാ ഗോപാൽ (സി.എൻ.എൻ) എന്നിവർ- കേശുവിന്റെ അമ്മാവൻ എം.പി. ഗോപാലന്റെ മക്കൾ. (ഹോംങ്കാംഗിൽ ടി.ജെ.എസ് ജോർജ്, എം.പി. നാരായണപിള്ള എന്നിവരെയൊക്കെ സഹകരിപ്പിച്ച് ഏഷ്യാവീക്ക് വാരിക ആരംഭിച്ചത് ഹോംങ്കാംഗിൽ ഗോപാൽ എന്നറിയപ്പെട്ടിരുന്ന എം.പി. ഗോപാലനായിരുന്നു).

കേശുവിന്റെ കമ്യൂണിസ്റ്റ്- മാധ്യമ ബന്ധത്തിന്റെ വിപുലമായ ശൃംഖലയിൽപ്പെട്ട കണ്ണികളാണ് ഏഷ്യാനെറ്റ് ചീഫ് എഡിറ്റർ എം.ജി. രാധാകൃഷ്ണനും സഹോദരി പാർവതീദേവിയും. (പി.ജിയുടെ മക്കൾ). പാർവതിയുടെ ഭർത്താവ് വി. ശിവൻകുട്ടി. കമ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവളാണ് എം.ജി രാധാകൃഷ്ണന്റേയും പാർവതീദേവിയുടേയും അമ്മയെന്ന് കൂടി അറിയുക.

പി.കെ.വിയുടെ മകൻ ഇങ്ങനെ കഥകൾ പറയവെ, കമ്യൂണിസ്റ്റ് കുടുംബ പൈതൃകത്തിന്റെ ഒരു കേരളീയ മിനിയേച്ചർ ഫളാഷ്ബാക്ക് പോലെ മിന്നിത്തെളിയുകയും ചെയ്തു.

Comments