മരിക്കുന്നതിന് മുമ്പെങ്കിലും പ്ലാച്ചിമട കേസ് തീരുമോ എന്നായിരുന്നു കന്നിയമ്മയുടെ അവസാനത്തെ ചോദ്യം

പ്ലാച്ചിമട സമരപ്പന്തലിന് കന്നിയമ്മയുടെ അസാന്നിദ്ധ്യം താങ്ങാവുന്നതിലേറെയാണെന്ന് ആ സമരപ്പന്തൽ ഒരിക്കലെങ്കിലും സന്ദർശിച്ചവർക്ക് അറിയാവുന്ന കാര്യമാണ്. കന്നിയമ്മയുടെ അസാന്നിദ്ധ്യത്തെ മറികടക്കേണ്ടത് അവരുടെ സൗമ്യ സാന്നിദ്ധ്യത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ടായിരിക്കണം. കന്നിയമ്മ ഓർമ്മിക്കപ്പെടണം. കെ.സഹദേവൻ എഴുതുന്നു

പ്ലാച്ചിമട കൊക്കൊകോള വിരുദ്ധ പ്രക്ഷോഭത്തിലെ സജീവ സാന്നിദ്ധ്യമായ കന്നിയമ്മ വിട പറഞ്ഞു. 94ാമത്തെ വയസ്സിലായിരുന്നു കന്നിയമ്മ മരണപ്പെട്ടത്. ഒരു വർഷം മുമ്പുവരെ പ്ലാച്ചിമട സമരപ്പന്തലിൽ കന്നിയമ്മയുണ്ടായിരുന്നു. പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരത്തിൽ രാജ്യ തലസ്ഥാനത്തും കേരളത്തിലങ്ങോളമിങ്ങോളവും നടന്ന സമരങ്ങളിൽ കന്നിയമ്മ ഉണ്ടായിരുന്നു.

നഷ്ടപരിഹാരം നൽകാതെ, കമ്പനി അടച്ചൂപൂട്ടി രക്ഷപ്പെട്ട കോളകമ്പനിയെ കുറ്റവിചാരണ ചെയ്ത്, അവരുടെ ഭൂമി പിടിച്ചെടുത്ത പ്രക്ഷോഭത്തിലൂടെയാണ് ഞാൻ കന്നിയമ്മയെ അടുത്ത് പരിചയപ്പെടുന്നത്. ആ സമരത്തിൽ ഞങ്ങൾ 21പേരെ അറസ്റ്റ് ചെയ്യുകയും ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ജാമ്യം നിരസിച്ച് ജയിലിൽ പോകാൻ തയ്യാറായ ഞങ്ങളുടെ കൂട്ടത്തിൽ കന്നിയമ്മ, പാപ്പമ്മാൾ എന്നീ രണ്ട് പ്രായമായ അമ്മമാർ പ്രതിക്കൂട്ടിൽ നിൽക്കുന്നത് കണ്ട ജഡ്ജ് അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ''ജയിൽവാസം ബുദ്ധിമുട്ടായിരിക്കുമെന്നും, വേണമെങ്കിൽ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാമെന്നും'' ജഡ്ജ് പറഞ്ഞു. ഞങ്ങളെല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പുഞ്ചിരിയോടെ, സൗമ്യഭാവത്തോടെ, കന്നിയമ്മ ആ വാഗ്ദാനം നിരസിച്ചു. വിയ്യൂർ സെൻട്രൽ ജയിലിലെ ഉപവാസം, ഒത്തുതീർപ്പ് ചർച്ചകൾ, പിന്നീട് ദീർഘകാലം കോടതി വരാന്തയിൽ. ഒടുവിൽ കോടതി വെറുതെ വിടുന്നതുവരെ, വളരെ ക്ഷമയോടെ, പരാതികളില്ലാതെ അവർ സമരത്തിൽ ഉറച്ചുനിന്നു.

കന്നിയമ്മയുടെ മൃതദേഹത്തിനരികിൽ പ്ലാച്ചിമടയിലെ സമരപ്രവർത്തകർ
കന്നിയമ്മയുടെ മൃതദേഹത്തിനരികിൽ പ്ലാച്ചിമടയിലെ സമരപ്രവർത്തകർ

എല്ലാ സമരമുഖങ്ങളിലും ആ പ്രക്ഷോഭത്തെ ജീവത്തായി നിലനിർത്തുന്ന കന്നിയമ്മമാരെ കാണാം. ഒരുപക്ഷേ, ആയിരങ്ങളെ പിടിച്ചുനിർത്തുന്ന പ്രൗഢോജ്വല പ്രഭാഷണങ്ങളുടെ ഉടമകളോ, സമരത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന നയകോവിദന്മാരോ, എഴുത്തുകാരോ ആയിരിക്കില്ല അവർ. എന്നാൽ, സമരത്തിന്റെ നിർണ്ണായക ഘട്ടങ്ങളിൽ അവർ കാണിക്കുന്ന ധീരതയും സ്ഥിതപ്രജ്ഞയും ആ സമരത്തെ മുന്നോട്ടുനയിക്കുന്നതിൽ വലിയ സംഭാവനകൾ അർപ്പിക്കുന്നുണ്ട്. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറത്ത് ആ സമരത്തിന്റെ സാമൂഹിക-രാഷ്ട്രീയ പ്രാധാന്യത്തെ മറ്റാരെക്കാളും കൂടുതലായി തിരിച്ചറിയാൻ അവർക്ക് സാധിക്കുന്നുണ്ടെന്ന്, വളരെ ശാന്തവും സൗമ്യവുമായ അവരുടെ ഇടപെടലുകളെ സൂക്ഷ്മായി നിരീക്ഷിച്ചാൽ ബോധ്യപ്പെടുന്നതാണ്.

ഒരു ജനകീയ പ്രക്ഷോഭ സ്ഥലിയെ അതിന്റെ എല്ലാ വിശുദ്ധിയോടും കൂടി സൂക്ഷിക്കാൻ-അമിത ആക്ടിവിസത്തിന്റെ ഉൾപ്പിരിവുകളിൽ നിന്നടക്കം- കന്നിയമ്മമാർ നടത്തുന്ന ത്യാഗം വിലപ്പെട്ടതാണ്. സമരപ്പന്തലിലെത്തുന്നവർക്ക് ഗ്രാമവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണിച്ചുകൊടുക്കാനും വിദൂരങ്ങളിൽ നിന്നെത്തുന്നവർക്ക് താമസ സൗകര്യങ്ങളൊരുക്കാനും അവർ എപ്പോഴുമുണ്ടാകും. ഏറ്റവും ഒടുവിൽ കന്നിയമ്മയെ കാണുന്നത്, കോള ഭൂമി പിടിച്ചെടുക്കൽ കേസ് അവസാനിച്ച ദിവസമായിരുന്നു. അന്ന് യാത്ര പറഞ്ഞ് പിരിയുമ്പോൾ കന്നിയമ്മ ചോദിച്ച ചോദ്യം മനസ്സിൽ തറഞ്ഞ് കിടക്കുന്നു. ''കന്നിയമ്മയ്ക്ക് വയസ്സായി, മരിക്കുമ്പോഴെങ്കിലും പ്ലാച്ചിമട കേസിൽ (ട്രൈബ്യൂണൽ ബിൽ സംബന്ധിച്ച്) തീരുമാനമുണ്ടാകുമോ?''

കന്നിയമ്മ പ്ലാച്ചിമട സമരത്തിൽ | Photo: Shafeeq Thamarassery
കന്നിയമ്മ പ്ലാച്ചിമട സമരത്തിൽ | Photo: Shafeeq Thamarassery

ഇതിന് ഉത്തരം നൽകേണ്ടത്, രാജ്യവും സംസ്ഥാനവും ഭരിക്കുന്ന സർക്കാരുകളാണ്. കോള കമ്പനി പ്ലാച്ചിമടയിൽ നടത്തിയ ദ്രോഹങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിയോഗിച്ച ട്രൈബ്യൂണൽ വിധിച്ചിട്ടും ട്രൈബ്യൂണൽ വിധി നടപ്പിലാക്കാതെ കോള കമ്പനിക്ക് ഒത്താശകൾ ചെയ്തു കൊടുക്കുന്ന സർക്കാരുകൾ തന്നെയാണ് കന്നിയമ്മയുടെയും പാപ്പമ്മാളിന്റെയും ചോദ്യത്തിന് ഉത്തരം നൽകേണ്ടത്. ട്രൈബ്യൂണൽ ബിൽ പാസാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുകയും അത് നടപ്പിലാക്കാതിരിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഭരണ-പ്രതിപക്ഷ പാർട്ടികൾ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞേ മതിയാകൂ.

പ്ലാച്ചിമട സമരപ്പന്തലിന് കന്നിയമ്മയുടെ അസാന്നിദ്ധ്യം താങ്ങാവുന്നതിലേറെയാണെന്ന് ആ സമരപ്പന്തൽ ഒരിക്കലെങ്കിലും സന്ദർശിച്ചവർക്ക് അറിയാവുന്ന കാര്യമാണ്. കന്നിയമ്മയുടെ അസാന്നിദ്ധ്യത്തെ മറികടക്കേണ്ടത് അവരുടെ സൗമ്യ സാന്നിദ്ധ്യത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ടായിരിക്കണം. കന്നിയമ്മ ഓർമ്മിക്കപ്പെടണം. കന്നിയമ്മമാർ ഓർമ്മിക്കപ്പെടണം. ഇരകളാൽ നയിക്കപ്പെടുന്ന പ്രക്ഷോഭങ്ങളിലെ കേവല മുഖങ്ങളാകരുത് അവർ. കേരളത്തിന്റെ സമര ചരിത്രം പുതിയ രീതിയിൽ ആലേഖനം ചെയ്യാൻ കന്നിയമ്മയുടെ സ്മരണയിലൂടെ നമുക്ക് സാധിക്കണം.


Summary: പ്ലാച്ചിമട സമരപ്പന്തലിന് കന്നിയമ്മയുടെ അസാന്നിദ്ധ്യം താങ്ങാവുന്നതിലേറെയാണെന്ന് ആ സമരപ്പന്തൽ ഒരിക്കലെങ്കിലും സന്ദർശിച്ചവർക്ക് അറിയാവുന്ന കാര്യമാണ്. കന്നിയമ്മയുടെ അസാന്നിദ്ധ്യത്തെ മറികടക്കേണ്ടത് അവരുടെ സൗമ്യ സാന്നിദ്ധ്യത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ടായിരിക്കണം. കന്നിയമ്മ ഓർമ്മിക്കപ്പെടണം. കെ.സഹദേവൻ എഴുതുന്നു


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments