ബീനയും പി.എന്‍. ശ്രീകുമാറും

ബീനയുടെ ലോകത്ത് ഛായാമുഖിക്കണ്ണാടിയുണ്ടാകുമോ, കാണാറുണ്ടാകുമോ അവരെന്റെ മുഖം?

‘‘ഞങ്ങൾ കടുത്ത സ്നേഹത്തിലായിരുന്നു. ജീവിതത്തിൽ ഒരു ദിവസം പോലും രണ്ടു മുറിയിലോ രണ്ട് കട്ടിലിലോ ഞങ്ങൾ കിടന്നിട്ടില്ല. അവർ ഞങ്ങളുടെ മകളെ പ്രസവിച്ച ദിവസം പോലും ആശുപത്രിയിലെ ഒരു കട്ടിലിലാണ് കിടന്നത്’’- വേർപിരിഞ്ഞ പ്രിയ സഖിയുടെ ഓർമകളെ ഹൃദയാവർജകമായി വീണ്ടെടുക്കുന്നു, പി.എൻ. ശ്രീകുമാർ. ഇന്ദു മേനോൻ എഡിറ്റ് ചെയ്യുന്ന ആന്തോളജി ‘പ്രണയപാരിജാത’ത്തിനുവേണ്ടി എഴുതിയ അനുഭവക്കുറിപ്പ്.

കാലത്തിൽ പൊലിഞ്ഞുപോയ പ്രശാന്ത് നാരായണന്റെ നാടകത്തിൻറെ പേരാണ് ഛായാമുഖി. ശരിക്ക് ഛായാമുഖി അസാധാരണമായ കണ്ണാടിയാണ്. (നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ഗേളി സൂചിപ്പിക്കുന്നതുപോലെ പോലെ). ഇതിഹാസമായ മഹാഭാരതത്തിലാണ് ഛായാമുഖി എന്ന കണ്ണാടിയെക്കുറിച്ച് സൂചിപ്പിക്കുന്നത്.

പാണ്ഡവന്മാരുടെ അജ്ഞാതവാസ കാലത്ത് ഭീമസേനൻ വനത്തിൽ വെച്ച് ഹിഡുംബിയെ കാണുന്നു. അവർ പ്രേമബദ്ധരാകുന്നു. അവർക്ക് സന്താനസൗഭാഗ്യവും ഉണ്ടാവുന്നു. ഹിഡുംബിയുടെ കൈയിൽ നിന്നാണ് ഛായാമുഖി എന്ന കണ്ണാടി ഭീമന് കിട്ടുന്നത്.

ഈ കണ്ണാടിയുടെ പ്രത്യേകത, അതിൽ നോക്കുമ്പോൾ നോക്കുന്നയാളുടെ പ്രതിബിംബമല്ല കാണുന്നത്, മറിച്ച് അയാൾ / അവൾ ഏറ്റവും സ്നേഹിക്കുന്ന ആളുടെ മുഖമാണ് തെളിഞ്ഞുവരുന്നത്. ഈ കണ്ണാടിയിൽ ഭീമൻ നോക്കിയപ്പോൾ തെളിഞ്ഞുവന്നത് ദ്രൗപതിയുടെ മുഖമാണ്, ഹിഡുംബിയുടെതല്ലായിരുന്നു. ഹിഡുംബി ഭീമനെ ഉപേക്ഷിച്ചു പോകാൻ കാരണം അതാണെന്ന് പറയപ്പെടുന്നു.

അത്തരമൊരു കണ്ണാടി എന്റെ പ്രിയപ്പെട്ടവളും സൂക്ഷിച്ചിരുന്നു. അവരുടെ കണ്ണാടിയിൽ നോക്കിയാൽ എന്നെ കാണാമായിരുന്നു, എന്നെ മാത്രം. അതാണ് ഞാൻ. അതിൽ നോക്കി അവർ പറയുന്നത് കേട്ടാണ് ഞാൻ എന്നെ അറിഞ്ഞിരുന്നത്.

പി.എൻ. ശ്രീകുമാറും ബീനയും
പി.എൻ. ശ്രീകുമാറും ബീനയും

ആ കണ്ണാടി ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഉടഞ്ഞുചിതറിപ്പോയി. ഇപ്പോൾ ഞാൻ എന്നെ കാണാനാവാതെ കുഴങ്ങുകയാണ്. ആരാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ എന്നറിയാതെ വേദനിക്കുകയാണ്. എന്നെ കാണാൻ എനിക്ക് കഴിയുന്നില്ല. എവിടെയാണ് ഞാൻ എന്ന് എനിക്ക് അറിയുകയുമില്ല. നങ്കൂരം നഷ്ടപ്പെട്ടുപോയ കപ്പൽ പോലെ നടുക്കടലിൽ ദിശയറിയാതെ ബുദ്ധിമുട്ടുകയാണ്.

അവർ ആ കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ പ്രതിബിംബം മാത്രമാണ് എപ്പോഴും കാണുന്നത്. എന്നാൽ ഞാൻ നോക്കുമ്പോൾ മറ്റു മങ്ങിയ പ്രതിബിംബങ്ങൾ കൂടി കണ്ടിരുന്നു. അവർക്ക് അത് വളരെ വലിയ വേദനയായിരുന്നു.

എന്നെ മാത്രം ഇഷ്ടപ്പെടൂ, എന്നെ മാത്രം സ്നേഹിക്കൂ എന്നവർ ആഗ്രഹിച്ചു. ഞാൻ വെറും മനുഷ്യനായിരുന്നു, ദേവനോ ഗന്ധർവ്വനോ ആയിരുന്നില്ല. പക്ഷേ അവർ ദേവനെ കാത്തിരുന്ന ദേവതയായിരുന്നു

എന്റെ മനസ്സിന്റെ കണ്ണാടിയിൽ ചിലപ്പോഴൊക്കെ ക്രഷ് ആയി മറ്റു പല രൂപങ്ങളും വന്നിരുന്നു. ഞങ്ങളുടെ മൂന്ന് ദശാബ്ദത്തിനു മുകളിലുള്ള ദാമ്പത്യ ജീവിതത്തിൽ അവരുടെയല്ലാതെ മറ്റൊരാളുടെ വിരൽത്തുമ്പിൽ പോലും പ്രണയത്തോടെ ഞാൻ സ്പർശിച്ചിട്ടില്ല എന്നതാണ് സത്യം.

പക്ഷേ എന്റെ മനസ്സ് വേലിക്കെട്ടുകൾ കടന്ന് പുറത്തുപോയിട്ടുണ്ട്. അത് ഞാൻ അവരോട് പറയുകയും ചെയ്യുമായിരുന്നു. ഒളിച്ചുവെക്കാൻ എനിക്കാവില്ല, അന്നും. ചിരിച്ചുകൊണ്ട് അവർ കേൾക്കുമെങ്കിലും മനസ്സു കൊണ്ടു പോലും ഞാൻ മറ്റാരെയെങ്കിലും ഇഷ്ടപ്പെടുന്നത് അവർക്ക് കഠിനമായ വേദനയായിരുന്നു. എന്നോട് പറയേണ്ട എന്ന് അവർ പറഞ്ഞാലും എനിക്ക് പറയാതിരിക്കാൻ കഴിയില്ലായിരുന്നു.

വിവാഹസമയത്ത്
വിവാഹസമയത്ത്

വളരെ പൊസസീവായിരുന്നു എന്നു തോന്നുമെങ്കിലും, ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്തേക്ക് ടോട്ടൽ ആയിരുന്നു അവരുടെ സ്നേഹം. സ്വന്തം ജീവനേക്കാൾ, ജീവിതത്തേക്കാൾ എന്നെ ഇഷ്ടപ്പെട്ടിരുന്നു.

ഛായാമുഖിക്കണ്ണാടി അവർക്ക് ദുഃഖം മാത്രമാണ് നൽകിയത്. എവിടെയെങ്കിലും യാത്ര ചെയ്യുമ്പോൾ അവർ എന്റെ മുഖത്ത് മാത്രം ശ്രദ്ധിച്ചു. എന്റെ കണ്ണുകൾ മറ്റാരിലേക്കെങ്കിലും കടന്നു പോകുമ്പോൾ അവരത് മനസ്സിലാക്കി.

തികച്ചും സ്വപ്നലോകത്ത് ജീവിച്ച ഒരാളായിരുന്നു അവർ. വേണ്ടപ്പെട്ടവരുടെ മാത്രം ഒരു ഇന്റിമേറ്റ് വേൾഡ്. സ്നേഹമുള്ള മനുഷ്യരുടെ സാന്നിധ്യം അങ്ങേയറ്റം ആഗ്രഹിച്ച ഒരാളായിരുന്നു. എന്റെ ബന്ധുക്കൾക്കും അവരുടെ ബന്ധുക്കൾക്കും അത്തരമൊരു ബന്ധം കാണാൻ കഴിഞ്ഞില്ല.

ബന്ധുക്കൾ ശരിക്കും ശത്രുക്കളായിരുന്നു. ലോകത്ത് സ്നേഹത്തിന്റെ നൃത്തവും ഗാനവും ആഘോഷിച്ചു കഴിയാൻ ആഗ്രഹിച്ച ഒരാൾ; ഒരു സൂഫി, ഒരു ദർവേഷ്. അവരെ ഭർത്താവിലേക്കും മകളിലേക്കുമായി മാത്രം ലോകം ചുരുക്കിക്കളഞ്ഞു. ഞങ്ങൾ ‘Three of us’ മാത്രമായി. അവസാനം ഒരാൾ പോയി, അവരായിരുന്നു കുടുംബം.
കുടുംബം പോയി.

അവർ പറയാതെ അവരുടെതന്നെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഞാനറിയണമെന്ന് അവർ ആഗ്രഹിച്ചു. എന്നാൽ ആവശ്യപ്പെടാതെ, പ്രകടിപ്പിക്കാതെ അത് അറിയാനുള്ള കഴിവ് എനിക്കില്ലായിരുന്നു. ക്ഷമയും കുറവായിരുന്നു.

ബീന
ബീന

ശരിയാണ്, ആഗ്രഹിച്ചത്ര സമയം ചേർന്നിരിക്കാൻ പലവിധ പ്രാരാബ്ധങ്ങൾ കൊണ്ടുകഴിഞ്ഞിട്ടില്ല. വൈകാരികമായ ഇന്റിമസിയുടെയും സ്നേഹത്തിന്റെയും അളവുകോൽ അതായി അവർ കരുതി.

ഈശ്വരനിലും കർമ്മത്തിലും അവർ വിശ്വസിച്ചിരുന്നു. സങ്കടകരമായ കാര്യം, ജോത്സ്യത്തിലുള്ള അമിത വിശ്വാസമാണ്. ജ്യോതിഷം ശാസ്ത്രമാണ് എന്ന് അവർ വിശ്വസിച്ചു. അവരുടെ പിതാവിൽ നിന്നാണ് ഈ തെറ്റായ വിശ്വാസം കടംകൊണ്ടത്. ആഴത്തിലായിരുന്നു ജ്യോതിഷത്തിലുള്ള വിശ്വാസം. ഞങ്ങളുടെ ദാമ്പത്യം നിലനിന്ന മൂന്നു ദശാബ്ദത്തിനു മുകളിൽ എല്ലാ ആഴ്ചയും തിങ്കളാഴ്ച വ്രതം എന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി തെറ്റാതെ നോക്കിയിരുന്നു.

മനുഷ്യന്റെ വൈകാരികതയുടെ പരിണാമങ്ങൾ പഠിക്കുമ്പോൾ നാം മനസ്സിലാക്കുന്നത് ഭാഷ കണ്ടെത്തുന്നതിനുമുമ്പ് വികാരങ്ങൾ കണ്ടെത്തിയിരുന്നു എന്നാണ്. വികാരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യർ ആദ്യമായി ആശയവിനിമയം നടത്തിയിരുന്നത്. ഇന്നും നമ്മുടെ മുഖത്ത് മിന്നിമറയുന്ന വൈകാരികഭാവങ്ങൾ വാക്കുകളേക്കാൾ കൂടുതൽ കാര്യങ്ങൾ വിളിച്ചു പറയും.

ഐ ലവ് യു എന്ന് പറയേണ്ട കാര്യമില്ല. കണ്ണുകൾ തുടങ്ങി വിരൽത്തുമ്പുവരെ – പ്രത്യേകിച്ച് മുഖം – ആശയവിനിമയം നടത്തും. -സന്തോഷം, പ്രണയം, അസൂയ – അങ്ങനെ എല്ലാം അത് പറയും. പ്രായപൂർത്തിയായ ആളുകൾ അത് സമർത്ഥമായി മറച്ചുവയ്ക്കും. പ്രായപൂർത്തിയാവാത്ത, ഒരിക്കലും കുട്ടിത്തം വിട്ടു മാറാത്ത എനിക്കും അവർക്കും അതിന് കഴിഞ്ഞിരുന്നില്ല.

ബീനയും മകള്‍ അമ്മുവും
ബീനയും മകള്‍ അമ്മുവും

ഞങ്ങൾ കുട്ടികളെപ്പോലെ മനസ്സിൽ തോന്നിയത് മുഖത്ത് കാണിച്ചു, വഴക്കു കൂടി. എല്ലാ വികാരങ്ങളും മുഖത്ത് പ്രദർശിപ്പിച്ചു. പക്ഷേ ഞങ്ങൾ കടുത്ത സ്നേഹത്തിലായിരുന്നു.

ജീവിതത്തിൽ ഒരു ദിവസം പോലും രണ്ടു മുറിയിലോ രണ്ട് കട്ടിലിലോ ഞങ്ങൾ കിടന്നിട്ടില്ല. അവർ ഞങ്ങളുടെ മകളെ പ്രസവിച്ച ദിവസം പോലും ആശുപത്രിയിലെ ഒരു കട്ടിലിലാണ് കിടന്നത്. ശരിക്കും അവർക്ക് വലിയ ക്ലേശം ഉണ്ടായിരുന്നുവെങ്കിലും. വഴക്കു പിടിച്ച് പിണങ്ങിയാൽ, കട്ടിൽ സ്ട്രൈറ്റായി കിടന്ന് നിമിഷങ്ങൾ കടന്നുകഴിയുമ്പോൾ, ഞാൻ തന്നെഅവരുടെ വശത്തേക്ക് തിരിയും, പിന്നെ ഞങ്ങൾ ഒന്നാവും.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാത്ത ഒരു ദിവസമില്ല. ബൈബിൾ പറയുന്നതുപോലെ ഒരിക്കൽ പോലും ഞങ്ങളുടെ പിണക്കത്തിന് ഒരു രാത്രി ആയുസ്സ് പോലും ഉണ്ടായിട്ടില്ല. അതിനു കാരണം, ബന്ധം നിലനിർത്താനുള്ള ഉത്തരവാദിത്വം തന്റേതാണെന്ന അവരുടെ ദൃഢമായ ബോധ്യമായിരുന്നു. അവർക്കെന്നെ പൂർണ വിശ്വാസമായിരുന്നു. കാലം മുന്നോട്ടു പോകുമ്പോൾ എപ്പോഴും എന്നോടൊപ്പം കഴിയാനവരാഗ്രഹിച്ചു. പക്ഷേ കാലം നമ്മളെ കടത്തിവെട്ടി.

സ്വന്തം താല്പര്യങ്ങൾക്കു മുകളിൽ മറ്റൊരാളിന്റെ താൽപര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നതിനെയാണ് സ്നേഹം എന്ന് പറയുന്നത്. മുൻഗണനകളിൽ നേരിയ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ, സ്വന്തം ജീവനുമുകളിൽ മറ്റൊരാളുടെ ജീവിതത്തെ പരിഗണിക്കുമ്പോഴാണ് സ്നേഹം അത്യന്തം ഉദാത്തമായ ഒരു തലത്തിലേക്ക് ഉയരുന്നത്.

സ്വന്തം ജീവനേക്കാൾ എന്റെയും മകളുടെയും ജീവിതങ്ങൾക്ക് പ്രാധാന്യം നൽകിയ ആളാണ് ബീന. വെറും വിൺ വാക്ക് പറയുകയല്ല. പുകഴ്ത്തി പാടുകയല്ല. എനിക്ക് തികച്ചും ബോധ്യപ്പെട്ട കാര്യമാണ്. മൂന്നുവർഷത്തിനു മുകളിൽ രോഗ ബാധിതയായിരുന്നു. മൂന്ന് പ്രാവശ്യം മാത്രമേ അവർ കരഞ്ഞിട്ടുള്ളൂ. ആ കണ്ണീരൊഴുക്കിയതാകട്ടെ എന്നെക്കുറിച്ചും മകളെക്കുറിച്ചുമോർത്ത് മാത്രമായിരുന്നു.

പി.എൻ. ശ്രീകുമാറും ബീനയും- പഴയ ചിത്രം
പി.എൻ. ശ്രീകുമാറും ബീനയും- പഴയ ചിത്രം

2021, ജൂലൈ. അവരോടൊപ്പം ഞാൻ ബാംഗ്ലൂരിൽ ആയിരുന്നു. ഒരല്പം ശമനം കണ്ട രോഗം വീണ്ടും ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും ശരവേഗത്തിൽ വ്യാപിച്ചു തുടങ്ങിയിരുന്നു. ഞങ്ങളുടെ തിരുവനന്തപുരത്തുള്ള വീട് ജോലിക്കാരെ ഏൽപ്പിച്ചിട്ടാണ് പോയത്. ഒരു ദിവസം അവിടെ മോഷണം നടക്കുന്നു. ഞാൻ തിരികെ വരുന്നു. കേസ് സംബന്ധമായ കാര്യങ്ങളുമായി കുറച്ചു ദിവസം നിൽക്കുന്നു.

പെട്ടെന്ന് ഒരു വൈകുന്നേരം എന്റെ ഹെർണിയ എനിക്ക് പണി തരുന്നു. ഞാൻ നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ആശുപത്രിയിൽ എത്തിച്ച സുഹൃത്ത് വിളിച്ചു വിവരം പറയുന്നു. കരഞ്ഞുകൊണ്ട് ബീന എന്റെ ഏറ്റവും ഇളയ സഹോദരനെ വിളിക്കുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥനായ അയാളോട് എന്നെ വന്ന് കാണാൻ അപേക്ഷിക്കുന്നു. അയാൾ തനിക്ക് പറ്റില്ല എന്ന് മറുപടി പറയുന്നു. അവർ തകർന്നു പോയി. ബീനയുടെ കരച്ചിൽ രാത്രി മുഴുവനും ഉണ്ടായിരുന്നു. ഞങ്ങളുടെ മകളാണ് ആ സിറ്റുവേഷൻ മുഴുവൻ മാനേജ് ചെയ്തത്. സ്വന്തം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും കരയാത്ത ഒരാൾ എന്നെ ഓർത്താണ് കരഞ്ഞത്.

ഒരു സന്ദർഭം കൂടി തെളിഞ്ഞുവരുന്നു. ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ രണ്ടു ഇമ്യൂണോ തെറാപ്പികൾക്കിടയിലുള്ള സമയം ഒരു പ്രാവശ്യം ഒരു ആയുർവേദ ചികിത്സാലയത്തിൽ കിടന്നു ചികിത്സിക്കാനായി. അവിടെ വച്ച് എനിക്ക് തലകറക്കം വരുന്നു. ഉയർന്ന ടെൻഷൻ കൊണ്ടായിരിക്കും. അവർ കരഞ്ഞു വിളിച്ച് ഡോക്ടറെ വരുത്തി. എങ്ങനെ അങ്ങനെ ഒരാൾക്ക് പെരുമാറാൻ കഴിയും. സ്നേഹത്തിന്റെ മാന്ത്രികത. ഇങ്ങനെ എത്രയോ സന്ദർഭങ്ങൾ പറയാൻ കഴിയും.

കാലം മുന്നോട്ടു പോകുമ്പോൾ എപ്പോഴും എന്നോടൊപ്പം കഴിയാനവരാഗ്രഹിച്ചു. പക്ഷേ കാലം നമ്മളെ കടത്തിവെട്ടി.
കാലം മുന്നോട്ടു പോകുമ്പോൾ എപ്പോഴും എന്നോടൊപ്പം കഴിയാനവരാഗ്രഹിച്ചു. പക്ഷേ കാലം നമ്മളെ കടത്തിവെട്ടി.

വേദനയും, അസ്വസ്ഥതകളും കടിച്ചമർത്തി ചിരിക്കുന്ന മുഖം കാട്ടാൻ എന്ത് ക്ലേശിച്ചു എന്ന് ഊഹിക്കാൻ പോലും കഴിയില്ല. ജൈന വിശ്വാസികളായ ആളുകൾ പ്രായമായി കഴിയുമ്പോൾ പട്ടിണി കിടന്ന് സ്വയം മരണം വരിക്കുന്നതായി കേട്ടിട്ടുണ്ട്. പട്ടിണികിടന്നുള്ള മരണമാണ് ഏറ്റവും വേദനാജനകമായ മരണം. വിശ്വാസത്തിൻറെ ശക്തി കൊണ്ട് അത് സാധ്യമാക്കുന്നു. അതെ പോലെ സ്നേഹത്തിൻറെ ശക്തി കൊണ്ട് അവർ ഈ വേദനയെല്ലാം സഹിച്ചു.

അങ്ങേറ്റത്തെ അച്ചടക്കവും പ്രതിബദ്ധതയും സ്വഭാവമായിരുന്നു. കോളേജിൽ ഒരിക്കൽ പോലും സിലബസ് തീർക്കാതെപോയ ചരിത്രമില്ല. ടെക്സ്റ്റ് നോക്കി പഠിപ്പിക്കുന്ന രീതി​യേ ഇല്ല. എക്സ്റ്റമ്പർ ആയി ക്ലാസെടുക്കും. സ്റ്റാൻഡേർഡ്ബുക്സ് മാത്രമേ റഫർ ചെയ്യുകയുള്ളൂ. തികച്ചും നിഷ്പക്ഷതയും വസ്തുനിഷ്ഠതയും അടിസ്ഥാനമാക്കി മാത്രമേ കുട്ടികളെ ഇവാലുവേറ്റ് ചെയ്തിരുന്നുള്ളൂ. വെറുതെ മാർക്ക് കൊടുക്കുന്ന പരിപാടി അവർക്കുണ്ടായിരുന്നില്ല. ക്ലാസ് ടെസ്റ്റുകൾ നടത്തിയിരുന്നു. പെർഫോമൻസ് ആണ് അടിസ്ഥാന മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല.

പുറത്തുനിന്ന് ഉപരിപ്ലവമായി ശ്രദ്ധിക്കുമ്പോൾ ഒരു സാധാരണ മനുഷ്യൻ ഇങ്ങനെയൊക്കെയാണോ എന്ന് നമ്മൾ ആലോചിച്ചു പോകും. ആഴത്തിലേക്ക് അവരുടെ ജീവിതത്തിൽ എത്തുമ്പോൾ മാത്രമാണ് അത്ഭുതകരമായ കാര്യങ്ങൾ നമുക്ക് അവിടെ കാണാൻ കഴിയുന്നത്.

ആളുകളെ നമ്മൾ വായിക്കാറില്ലല്ലോ? പ്രത്യേകിച്ചും ഒരു സ്ത്രീയെ, ഭാര്യയെ. ആഴത്തിൽ ഇറങ്ങിച്ചെന്നാൽ വർണ്ണിക്കാനാവാത്ത വിധം എത്രയോ ഞങ്ങൾ വർണ്ണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും. ഇത്തരം ഒരു വ്യക്തിയെയാണ് എനിക്ക് ആവശ്യമുണ്ടായിരുന്നത്.

അവിടെ വൈകാരികമായ അടുപ്പങ്ങളും, സാന്ത്വനങ്ങളും വളരെ പ്രസക്തമാണ് ഞങ്ങളുടെ ഇടയിൽ ഒരു ടോട്ടൽ റിലേഷൻഷിപ് ആയിരുന്നു. അത് അത്ര നിസ്സാര കാര്യമല്ല. ജീവിതത്തിൽ എല്ലായ്പ്പോഴും എല്ലാവർക്കും അങ്ങനെ ആവശ്യമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എൻറെ മെനു അതാണ്.

നമുക്ക് ആത്മബോധം ഉണ്ടാകുമ്പോൾ, നാം മറ്റുള്ളവരെക്കാൾ അത്ര ഉയരത്തിലല്ലെന്നുള്ള സത്യം നമ്മൾ മനസ്സിലാക്കുന്നു. അതു നമ്മളെ വിനയാന്വിതരാക്കുന്നു. അത്തരമൊരു ആത്മബോധം എന്നിൽ നിറയ്ക്കാൻ കഴിഞ്ഞത് എന്റെ പ്രിയ സഖി ബീനയ്ക്ക് മാത്രമാണ്. അവരുടെ ത്യാഗവും, ഉയർന്ന മൂല്യബോധവും എന്നെ പുതിയൊരു ആത്മബോധത്തിലേക്ക് ഉണർത്തി. അത് നല്ലതും ചീത്തയും ചേർന്ന പൂർണ വ്യക്തിത്വമായി എന്നെത്തന്നെ കണക്കാക്കാൻ സഹായിച്ചു.

വിശുദ്ധന്റെ മേലങ്കി താഴേക്കിടാനും, എന്റെ തന്നെ ഹിപ്പോക്രസികളിൽ നിന്ന് മോചനം നേടാനും അവരോടൊപ്പം ഉള്ള ജീവിതം കാരണമായി. വലിയൊരു ആശ്വാസമായിരുന്നു അത്. എന്നാൽ അതേ സമയം അവർ എന്റെ self esteem വാനോളം ഉണർത്തിനിർത്തി. മറ്റുള്ളവരെ മനസ്സിലാക്കാനും, അവരോട് ബന്ധങ്ങൾ നിലനിർത്താനും അവർ എന്നെ സഹായിച്ചു. ഞാൻ പുതിയ മനുഷ്യനാവുകയായിരുന്നു. ജീവിതം ആസ്വദിക്കാൻ കൂടിയുള്ളതാണ് എന്ന് ബീന എന്നെ പഠിപ്പിച്ചു.

മുഖക്കണ്ണാടിയിലെ
ദാമ്പത്യസത്യങ്ങൾ

വീണ്ടും ഛായമുഖിയിലേക്ക്, അല്ല, വെറും മുഖക്കണ്ണാടിയിലേക്ക്. നമ്മുടെ ജീവിതത്തെ സന്തോഷപ്രദമാക്കുന്നതിന് നമ്മുടെ കൂടെ ജീവിക്കുന്നവരുടെ പങ്ക് വലുതാണ്. ഭാര്യ ഭർത്താവിന്റെയും ഭർത്താവ് ഭാര്യയുടെയും കണ്ണാടികൾ തന്നെയാണ്. കണ്ണാടിയിൽ നോക്കിയാണ് നാം നമ്മെ അറിയുന്നത്. അല്ലാതെ സ്വയം അറിയാനുള്ള മാർഗങ്ങൾ തുച്ഛമാണ്.

എന്നെ ഞാനറിഞ്ഞത് ശരിക്കും ബീന എന്ന കണ്ണാടിയിലൂടെയാണ്. അവർ ഞാനെന്ന കണ്ണാടിയിൽ നോക്കിയാണ് അവരെ തിരിച്ചറിഞ്ഞതും. നമുക്ക് നമ്മളെപ്പറ്റി സെൽഫ് ഇമേജ് ഉണ്ടാകുന്നതു നമുക്ക് വേണ്ടപ്പെട്ടവരുടെ മുഖത്തുനോക്കി തന്നെയാണ്. നമ്മുടെ കണ്ണാടി അതാണ്. ഏറ്റവും സുന്ദരിയായ സ്ത്രീക്ക് പോലും ഭർത്താവ് നൽകുന്ന ഇമേജ് പ്രസക്തമാണ്. തിരിച്ചും അങ്ങനെയാണ്. പല സുന്ദരികളുടെയും ഭർത്താക്കന്മാർ അവരെ കണക്കാക്കാറില്ല. മറ്റാര് എങ്ങനെ കണക്കാക്കിയാലും അതിന് ഭർത്താവ് / കാമുകൻ കണക്കാക്കുന്നത്ര വിലയില്ല.

എന്നെ ഞാനറിഞ്ഞത് ശരിക്കും ബീന എന്ന കണ്ണാടിയിലൂടെയാണ്. അവർ ഞാനെന്ന  കണ്ണാടിയിൽ നോക്കിയാണ് അവരെ തിരിച്ചറിഞ്ഞതും.
എന്നെ ഞാനറിഞ്ഞത് ശരിക്കും ബീന എന്ന കണ്ണാടിയിലൂടെയാണ്. അവർ ഞാനെന്ന കണ്ണാടിയിൽ നോക്കിയാണ് അവരെ തിരിച്ചറിഞ്ഞതും.

എന്റെ ജീവിതത്തിൽ എൻറെ പ്രിയ സഖി നൽകിയ ഇമേജ് എനിക്ക് ജീവിതയാത്രയിൽ വലിയ പ്രചോദനവും ശക്തിയും ആയിരുന്നു. എന്നെ അവർ കഴിവുറ്റ ഒരാളായി കണക്കാക്കി. എന്നിൽ അവർ ഉറവ വറ്റാത്തവശ്യത കണ്ടെത്തി. ആദ്യകാലത്ത് മാത്രമല്ല, അവരുടെ മരണം വരെ. എന്നെ വിലപ്പെട്ട ഒരു വ്യക്തിയായി കണക്കാക്കി. ഞാൻ അവരെയും അങ്ങനെ തന്നെയാണ് കണക്കാക്കിയത്. പലപ്പോഴും അവർക്ക് അത് പൂർണ്ണമായും ബോധ്യപ്പെട്ടിരുന്നില്ല. ചെറുപ്പകാലത്ത് അവരുടെ മാതാപിതാക്കളിൽ നിന്ന് കിട്ടിയ ഒരു ഫീഡ്ബാക്ക് ആണ് അതിന് കാരണം എന്ന് തോന്നുന്നു. വീട്ടിലെ ഒന്നാം സ്ഥാനം അവരുടെ മൂത്ത സഹോദരിക്കാണ് എന്നവർക്ക് തോന്നിയിരുന്നു. അതുകൊണ്ട് ഞാൻ പറയുന്നത് ശരിയാണോ എന്ന് സംശയിച്ചിരുന്നു.

നമ്മൾ പലപ്പോഴും ഓപ്പോസിറ്റ് ടേംസിലാണ് ചിന്തിക്കാറ്. വലിയ ധൈര്യം പ്രദർശിപ്പിക്കുന്നവർ ധീരന്മാരായി കൊള്ളണമെന്നില്ല. നേരെ തിരിച്ചും. സത്യത്തിൽ നമ്മുടെ സ്വകാര്യ ജീവിതത്തിൽ പ്രദർശനങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. പുറത്ത് കാണുന്ന വീർപ്പിച്ചു വെച്ച ഇമേജ് ഇടയ്ക്ക് ലീക്കായി പോകുന്ന അവസ്ഥ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. അവർക്ക് എന്നെ വലിയ ഇഷ്ടമാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് സുന്ദരരാണെങ്കിലും അല്ലെങ്കിലും എനിക്കൊന്നും ഉണ്ടായിരുന്നില്ല.

എനിക്ക് അവർ വലിയ സുന്ദരിയായിരുന്നു. പക്ഷേ അവർക്ക് സ്വയം സുന്ദരിയാണ് എന്ന് തോന്നൽ ഉണ്ടായിരുന്നില്ല. അവരെ എനിക്ക് ഇഷ്ടമാണെന്നും വിശ്വാസമാണെന്നും ബോധ്യമുണ്ടായിരുന്നു. ഞങ്ങൾ ജീവിതത്തിൽ ഒരുതരം ഗെയിംസും കളിച്ചിരുന്നില്ല. അതേപോലെ തന്നെ ജീവിതത്തിൽ എന്നെക്കാൾ ധൈര്യം പ്രദർശിപ്പിച്ച ആളായിരുന്നു അവർ. അതെനിക്ക് ഒരു രീതിയിലും അപകർഷതാബോധം ഉണ്ടാക്കിയില്ല. എൻറെ മകളോടും അങ്ങനെ ഞാൻ പറഞ്ഞു.

ആദ്യത്തെക്കുട്ടി ഉണ്ടായപ്പോൾ, ഞങ്ങൾ പാഴൂർ പടിപ്പുരയിൽ പോയി. സുരേന്ദ്രൻ ജോത്സ്യരുടെ മകൾ ബീനയുടെ സുഹൃത്തായിരുന്നു. നമ്മുടെ രണ്ടുപേരുടെയും ജാതകം കണ്ടപ്പോൾ ബ്രഹ്മാവ് ചേർത്തുവെച്ചത് എന്നാണ് പറഞ്ഞത്. പക്ഷേ അകാലത്തിൽ പിരിയും എന്നുണ്ടായിരുന്നോ? ഒരുപക്ഷേ ബ്രഹ്മാവിന് എന്നോടും ഞങ്ങളുടെ മകളോടും അസൂയ തോന്നിയിരിക്കാം.

ഇന്നും എന്റെ കയ്യിൽ പഴയ ആ ഛായാമുഖിക്കണ്ണാടിയുണ്ട്. ഞാനുമവരും ഞങ്ങളെപരസ്പരം കണ്ടിരുന്ന ആ പഴയമായക്കണ്ണാടി. അതിലവരുടെ പ്രിയ മുഖം മാത്രമാണ് ഞാനിപ്പോൾ കാണുന്നത്. മങ്ങിയതോ മാഞ്ഞതോ ആയ മറ്റൊരു മുഖവുമതിലില്ല. മരണത്തിന്റെ ഈറത്തണുപ്പും ശീതവും വന്യമായ കാറ്റുമേറ്റ് നീലിച്ചുവോ എന്നാശങ്കിക്കേ ഇടയ്ക്കിടെ അകന്നുവല്ലോയെന്ന പ്രാണസങ്കടത്തോടെ ആ മുഖം പതിയെ തെളിയും..

ഒരു പക്ഷെ ഈ ലോകത്ത് വെച്ചേ ഉടഞ്ഞു പോയ അവരുടെ ജീവിതക്കണ്ണാടിക്കു പകരം അവരിപ്പോഴുള്ള ലോകത്ത് പുതു ഛായാമുഖിക്കണ്ണാടികൾ ഉണ്ടായിരിയ്ക്കുമോ?

കാണാറുണ്ടാകുമോ അവരെന്റെ മുഖം?


Summary: PN Sreekumar writes about his life partner Beena on her departure.


പി.എൻ. ശ്രീകുമാർ

ഇന്ത്യൻ റവന്യൂ സർവീസിൽ (സെൻട്രൽ ടാക്സ് ആൻഡ് കസ്റ്റംസ്) നിന്ന് റിട്ടയർ ചെയ്ത ശേഷം ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു. മാനേജ്മെന്റ് ശാസ്ത്രത്തിൽ ട്രെയിനറാണ്. ഡോ. ബീന നായർ ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി. ചലച്ചിത്ര സ്വരൂപം, കണ്ണടകളും കാഴ്ചകളും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments