ഒരു മരത്തെ സംബന്ധിച്ചിടത്തോളം അത് നിൽക്കുന്ന ഇടമാണ് പച്ച. ടി.പി. രാജീവനെ സംബന്ധിച്ച് താൻ നിൽക്കുന്ന ഇടമാണ് കവിത. അഥവാ, സാന്നിദ്ധ്യപ്പെടലാണ് കവിത. സാന്നിദ്ധ്യപ്പെടുക എന്നത് വർത്തമാനകാല അനുഭവമാണ്. ഭൂതഭാവികൾ മുഴുവൻ വർത്തമാനത്തിലേക്ക് ഇരച്ചെത്തുന്ന ഇടമാണ് ഈ കവിക്ക് താൻ നിൽക്കുന്ന ഇടം. കുഴിച്ച മണ്ണിൽ വെള്ളത്തിന്റെ നനവു പോലെ, സാന്നിദ്ധ്യത്തിന്റെ ഇടം.
പി. കുഞ്ഞിരാമൻ നായർ എന്നും തൊട്ടുമുന്നിൽ നീങ്ങുന്ന ഒരു ദേവതയുടെ പിറകേ അലഞ്ഞു. സൗന്ദര്യദേവത എന്നോ രമ്യശാരദകന്യക എന്നോ കാവ്യദേവത എന്നു തന്നെയോ അവളെ വിളിക്കാം. രാജീവനാകട്ടെ, ഒരു ദേവതയുടെയും ഒരു ദുർമൂർത്തിയുടെയും ഒരു കാമുകിയുടെയും പിറകേ പോകുന്നില്ല. മറിച്ച്, എല്ലാവരും രാജീവനിൽ പ്രത്യക്ഷീഭവിക്കുകയാണ്, സാന്നിദ്ധ്യപ്പെടുകയാണ്. തന്റെ ഇടം എന്നാൽ താൻ സാന്നിദ്ധ്യം കൊള്ളുന്ന ഇടം. താനാകട്ടെ, തന്നിൽ സന്നിഹിതമാകുന്ന സകലതിന്റെയും ആകെത്തുകയും. അപ്പോൾ സാന്നിദ്ധ്യങ്ങളുടെയും പ്രത്യക്ഷങ്ങളുടെയും ആദ്യന്തമില്ലാത്ത തുടർച്ചയുടെ ഇടമാകുന്നു കവിത.
ആദ്യകാല കവിതകളിൽ ഈ കവി മൂർത്തികളെത്തേടി ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കും പോയി. സ്വന്തം ഭൂതകാലത്തിലേക്കു തിരിച്ചു പോയ, ഇനിയും തിരിച്ചറിയപ്പെടാത്ത മനുഷ്യപ്രതിമകളിലൊന്ന് - അങ്ങനെ പോയവൻ - ആണയാൾ. ആ യാത്രയിലയാൾ മേൽമലനായാട്ടിനു പോയ മുത്തച്ഛനേയും സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനേയും വരെ കണ്ടുമുട്ടുന്നുണ്ട്.
എന്നാൽ ഒരു ഘട്ടം കഴിഞ്ഞതോടെ ആദ്യം കവിയുടെ തന്നെ അപരത്വമായ നീ നിരന്തരമായി വെളിച്ചപ്പെടാൻ തുടങ്ങി. വേട്ട എന്ന ആദ്യകാല കവിത തൊട്ട് ഈ അപരത്വത്തിന്റെ പ്രകാശനം കാണാം. ഓരോ നിഴലിലും ഓരോ വളവിലും കണ്ണടക്കുമ്പോൾ എന്റെയുള്ളിൽ എന്നെത്തന്നെ നോക്കി നിൽക്കുന്ന, എന്റെ കാമുകിയുമായി സല്ലപിക്കുന്ന, മക്കളോടൊത്തു കളിക്കുന്ന വർത്തമാനകാലമൂർത്തിയാണാ നീ. ആധുനികമായ പൂർവാഖ്യാനങ്ങളിലേക്കു കൂടി പടർച്ചയുള്ളതാണ് ആ വർത്തമാനകാലമൂർത്തിയുടെ സ്ഥൂലസാന്നിദ്ധ്യം. ഞാനും നീയും എന്ന പിളർപ്പ് ആറ്റൂരിന്റെ പല കവിതകളിലുമുള്ളത് ഓർമ്മിക്കാം. അർക്കം എന്ന കവിത ഒരുദാഹരണം. തമിഴിൽ, ഏതാണ്ട് രാജീവന്റെ സമകാലീനനെന്നു പറയാവുന്ന ആത്മാനാമിന്റെ (ജനനം 1951) കവിതയിൽ ഞാൻ, നീ എന്ന ഈ പിരിവിന്റെ ഒരടരു കാണാം. ആത്മാനാം കവിതയെ മുൻനിർത്തിയുള്ള ഒരു സംഭാഷണത്തിൽ തമിഴ് കവികളായ യുവൻ ചന്ദ്രശേഖരനും സുകുമാരനും ആത്മാനാം കവിതയിലെ ഞാൻ കവിത അവസാനിക്കുന്നിടത്ത് നീയായി മാറുന്നതിനെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ട്. (ആത്മാനാം- തേർന്തെടുത്ത കവിതൈകൾ) ഭിക്ഷ എന്നൊരു ചെറു കവിത ഉദാഹരിച്ചാണതു വിശദീകരിക്കുന്നത്.
നീയൊരു പിച്ചക്കാരനായിപ്പോ.
ഭിക്ഷ ഭിക്ഷ എന്നലറ്.
നിന്റെ വിളി
തെരുവിനറ്റം വരെയല്ല
അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.
നിന്റെ വിശപ്പിനുള്ള അന്നം
കുറച്ചരിമണികളിലില്ല.
നിന്റെ കയ്യിലൊന്നുമില്ല
ചില ചെങ്കൽക്കട്ടകളല്ലാതെ.
നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,
നീയല്ലാതെ.
ഇതു പറയുന്നത്
ഞാനല്ല നീ തന്നെ.
കവിയും കവിതയിലെ ആഖ്യാതാവും (കവിഞനും കവിതൈച്ചൊല്ലിയും എന്നു തമിഴിൽ) ചിലപ്പോൾ രണ്ടായി നിൽക്കുകയും ചിലെടത്ത് ഒന്നായിത്തീരുകയും ചെയ്യുന്നതിനാലാണ് ഈ ഞാൻ - നീ മാറാട്ടം എന്നാണവരുടെ വിശദീകരണം. എന്നാൽ രാജീവകവിതയിലെ ഞാൻ - നീ പിളർപ്പ് അത്തരത്തിലല്ല. കവി വേറെ, ആഖ്യാതാവ് വേറെ എന്ന അനുഭവം രാജീവന്റെ കവിതകളിൽ പൊതുവേ ഇല്ലെന്നു പറയാം.
എന്റെ ഫലപ്രാപ്തിയാണ്, എന്നിലെ വിജയിയാണ് നീ എന്ന് മരം എന്ന ഒരാദ്യകാല കവിതയിൽ രാജീവനെഴുതുന്നു. പിന്നീട് സമീപകാല കവിതകൾ വരെ പല സന്ദർഭങ്ങളിലും നീ എന്ന ഈ കാലമൂർത്തി ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നീലക്കൊടുവേലിയിലെ പുതിയ കവിതകളിലുമുണ്ട് ഞാൻ പിളർന്നുണ്ടായ നീ, ജിഗ്സോ എന്ന കവിത നോക്കൂ. എന്നെ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ വേണ്ടിക്കൂടിയുള്ള അടർത്തിമാറ്റലാണ് രാജീവ കവിതയിലെ നീ. സ്വന്തം ഉടലിൽ നിന്ന് ഉയിർപ്പിച്ചെടുത്ത നീ, എന്റെ കണ്ണാടിയും കുരിശുമാകുന്നു. എന്നെ കാലത്തിലും സ്ഥലത്തിലും നിർത്തിക്കാണിക്കാൻ നീ എന്ന വർത്തമാനകാലമൂർത്തിക്കേ കഴിയൂ. വർത്തമാനകാലമൂർത്തിയായ നീ വന്നിറങ്ങിയതു മുതലാണ് രാജീവന്റെ കവിതക്കളത്തിലേക്ക് വരവുകൾ തുടങ്ങുന്നത് എന്നതിനാലാണ് നിന്നെ സ്ഥിരീകരിച്ച് മുന്നോട്ടു പോകുന്നത്.
ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കുമിറങ്ങിച്ചെന്ന് ശക്തിയാർജ്ജിക്കുന്ന കവിതകളേക്കാൾ സാന്നിദ്ധ്യങ്ങൾ ഇങ്ങോട്ടിറങ്ങിവരുന്ന കവിതകൾ എഴുത്തിന്റെ രണ്ടാം ഘട്ടത്തിൽ (വാതിൽ എന്ന സമാഹാരത്തിനുശേഷമുള്ള കവിതകളിൽ) ശക്തമാകാൻ തുടങ്ങി. അമീബ, നിലവിളി എന്നീ ആദ്യകാല കവിതകളിൽത്തന്നെ ഈ സാന്നിദ്ധ്യപ്പെടലിന്റെ രീതി വെളിവായിത്തുടങ്ങുന്നുണ്ട്. തിരിച്ചറിയാത്ത ഒന്നിന്റെ സാന്നിദ്ധ്യം വിരസതയുടെയും ഏകാന്തതയുടെയും ആദിമജലത്തിൽ വ്യഥയായി പിളർന്നു പിളർന്ന്, വ്യാധിയായി പടർന്നു പടർന്ന് ആരും തിരിച്ചറിയാതെ, കാണാതെ സാന്നിദ്ധ്യപ്പെടുന്നു. വർത്തമാനകാലത്തിന്റെ ഫയലുകൾക്കിടയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്ന്"നിലവിളി ' യിൽ കവി പറയുന്നു. പൊടി പിടിച്ച ഫയലുകൾ തുടച്ചുമിനുക്കിയെടുക്കുമ്പോൾ കിട്ടിയ ആകാശക്കീറിൽ നിന്ന് ആദ്യം അവതരിക്കുന്നത് ഇടിമിന്നലുകളാണ്. തുടർന്ന് ഇളകിമറിയുന്നൊരു കടലും അതിൽ ക്രിസ്തുവിനു മുമ്പേതോ കാലത്തുനിന്ന് പുറപ്പെട്ടുവരുന്ന ഒരു കപ്പലും പ്രത്യക്ഷപ്പെടുന്നു. ആ കപ്പലിൽ നിന്നിറങ്ങി വരുന്ന നിലവിളി ഇരുണ്ട വൻകരയിലെന്നപോലെ രാജീവന്റെ കവിതയിലാകെ പടർന്നു കയറുന്നു. ഒരു നിലവിളിയോടെയാണ് ചരിത്രം രാജീവന്റെ കവിതയിലേക്ക് ആദ്യം കടന്നുവരുന്നത്.
രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ കവിതകളിലെത്തുമ്പോൾ, ചരിത്രത്തിലേക്കെന്നപോലെ പ്രകൃതിയിലേക്കും കവിയിലെ മനുഷ്യൻ അന്വേഷിച്ചു പോകുന്നു. രാജീവകവിതയുടെ മൊഴിപ്പടർപ്പുകൾക്കിടയിൽ പുലിവരകൾ തെളിഞ്ഞു മായുന്നു. മഴ, കാറ്റ്, മിന്നൽ തുടങ്ങിയ പ്രകൃതിശക്തികളിലേക്കുചെന്ന് അവയെ എടുത്തണിയുന്നു. വർത്തമാനകാല മനുഷ്യന് കൂടുതൽ കരുത്തുകിട്ടാൻ പ്രകൃതിയുടെ ഈ ആവേശിക്കൽ കാരണമാകുന്നുണ്ട്. പോരാട്ടവീര്യം ഈ ഘട്ടത്തിൽ അയാൾക്കു വർദ്ധിക്കുന്നു. മൃഗസ്വത്വങ്ങളിലേക്കു പകരുന്ന ഒടിവിദ്യയുടെ കാലം കൂടിയാണിത്. ഇക്കൂട്ടത്തിൽ പല മൃഗങ്ങളിലേക്കും അങ്ങോട്ടു പോകുമ്പോൾ ചില മൃഗസ്വത്വങ്ങൾ ഇങ്ങോട്ടു വരുന്നതായി അനുഭവപ്പെടും. ഉദാഹരണത്തിന് മത്സ്യത്തിലേക്കും കുറുക്കനിലേക്കും അങ്ങോട്ടു പോകുമ്പോൾ ആമയും പൂച്ചയും ഇങ്ങോട്ടു വരുന്നു. അങ്ങോട്ടു പോകുന്നതിന്റെ പരിമിതി പ്രതീകാത്മകതയായി മത്സ്യത്തിലും കുറുക്കനിലും ശേഷിച്ചേക്കും. ഇങ്ങോട്ടവതരിക്കുന്നതിന്റെ തുറസ്സാകട്ടെ, ആമയേയും പൂച്ചയേയും പ്രതീകക്കെണിയിൽ നിന്നു രക്ഷിച്ച് വ്യാഖ്യാനപരതക്കപ്പുറം കടത്തുന്നു. മറ്റെല്ലാ ജീവികളും മനുഷ്യ വിനിമയങ്ങളുടെ ഭാഗമായി പ്രതീകങ്ങളായപ്പോൾ ഒന്നിലും പെടാതെ നിൽക്കുന്നു, ആമ.
ചുറ്റുപാടും
ആരുമില്ലെന്നുറപ്പ്
ആമ
കയ്യും
കാലും
തലയും
മെല്ലെ പുറത്തേക്കിട്ടു.
അതേ ആകാശം
അതേ ഭൂമി.
പിന്നെ
നമ്മുടെ വർത്തമാനത്തിന്റെ
വിശാലമായ ചതുപ്പുകളിൽ
അവൻ കാറ്റു കൊള്ളാനിറങ്ങി.
ആമയെ വ്യാഖ്യാനിക്കാനല്ല തോന്നുക. മറിച്ച്, വ്യവസ്ഥാപിതമായ എല്ലാ വ്യാഖ്യാനങ്ങൾക്കും പ്രസ്ഥാനവൽക്കരണങ്ങൾക്കുമപ്പുറത്ത് ജീവിതത്തെ തനിമയിൽ കാണുന്ന നോട്ടത്തിലേക്കാണ് നമ്മുടെ മിഴിയൂന്നുക. പൂർവ നിശ്ചിതങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും മോചിതമായ തനിമയോടെയാണ് ആമ അവതരിക്കുന്നത്.
പോക്കുകൾ വരവുകളായി മാറുന്ന മാറ്റത്തിന്റെ കാലമാണിത്. നിലനില്പിനു വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയം ഈ ഘട്ടത്തിൽ രാജീവന്റെ കവിതയുടെ കൊടിയടയാളം തന്നെയായി മാറുന്നു. കൂട്ടങ്ങളോടു പൊരുതുന്ന വ്യക്തി ഊർജ്ജം ഉൾക്കൊള്ളുന്നത് പകർന്നാടി സാന്നിദ്ധ്യം കൊള്ളുന്ന ആദിപ്രഭവങ്ങളിൽ നിന്നാണ്.
ചക്രവർത്തിമാരെ കാണുമ്പോൾ
ചാടിയെഴുന്നേറ്റു നമസ്കരിക്കുവാൻ
പർവതങ്ങൾക്കാവില്ല.
അതുകൊണ്ട്,
ഒറ്റക്കു നിൽക്കുന്നവരെയും
ആകാശത്തിന്റെ അർത്ഥമറിയുന്നവരെയും
ലോകാവസാനം വരെ
ചങ്ങലക്കിടാം.
ഈ കവിതയുടെ തലക്കെട്ടു തന്നെ പ്രകൃതിപാഠങ്ങൾ എന്നാണ്. കൂട്ടങ്ങളാലും പരമാധികാരസ്വരൂപമാളുന്ന പ്രസ്ഥാനങ്ങളാലും വിഴുങ്ങപ്പെടുന്ന വൈയക്തികതയെ ആവിഷ്കരിക്കാൻ പ്രകൃതി പ്രഭവങ്ങളെയും ചരിത്ര പ്രഭവങ്ങളെയും രാജീവൻ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഗോത്ര ജീവിതത്തിൽ നിന്നുള്ള മൂർത്തികളെത്തന്നെ സംഘബോധത്തിനെതിരെ വൈയക്തികയെ ഉയർത്തിപ്പിടിക്കാനായി പ്രയോജനപ്പെടുത്തുന്നതിൽ ഒരു തിരിച്ചിടലുണ്ട്. മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കുന്ന ഈ വിദ്യയെ രാഷ്ട്രീയദർശനവും സൗന്ദര്യദർശനവുമായി വികസിപ്പിക്കാൻ രാജീവനു കഴിഞ്ഞു. മലയാള കവിതയിലെ പൊതുബോധത്തോട് ഇടയുന്ന വിമതനായി രാജീവൻ ഇന്നും ഉറച്ചുനിൽക്കുന്നത് താൻ വികസിപ്പിച്ചെടുത്ത ഈ രാഷ്ട്രീയ - സൗന്ദര്യദർശനങ്ങളുടെ ബലത്തിലാണ്.
ഈ സന്ദർഭത്തിൽ, കാരണവന്മാരും മൂർത്തികളും ദേവതകളും പ്രകൃതി ശക്തികളുമെല്ലാം രാജീവന്റെ കവിതയിലേക്ക് നിരന്തരം കളം കൊള്ളാനിറങ്ങി. ആദിമമായ അലർച്ചകളും മുരൾച്ചകളും തേങ്ങലുകളും വർണ്ണവിന്യാസങ്ങളുമെല്ലാം വ്യക്ത്യഭിമാനത്തെ കാത്തുസൂക്ഷിക്കാൻ പാടുപെടുന്ന ചെറിയ മനുഷ്യന്റെ അനുഭവങ്ങളോടു ചേർത്തു വെച്ചിരിക്കുന്നു, ഈ കവിതകളിൽ. ‘വയൽക്കരയിൽ ഇപ്പോൾ ഇല്ലാത്ത ' എന്ന വിശേഷണ വാക്യാർദ്ധത്തിലേക്ക് കവിതകൾ വന്നു ചേരുന്നതു പോലെ കവിതകളിലേക്ക് വനദേവതമാരും ഗോത്ര മുത്തശ്ശിമാരുമെല്ലാം കളം കൊള്ളാനെത്തുന്നു. മൂർത്തികൾ ഇങ്ങോട്ട് അവതരിക്കുകയാകയാൽ കവിയെ സംബന്ധിച്ചിടത്തോളം അതിൽ ഗൃഹാതുരതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. സ്വാഭാവികമായി വന്നുചേരാനിടയുള്ള ഗൃഹാതുരഭാവത്തെ രാജീവൻ മറികടക്കുന്നത് എങ്ങനെ എന്നു വ്യക്തമാകാൻ വെറ്റിലച്ചെല്ലം എന്ന കവിത പരിശോധിച്ചാൽ മതി. വാരാണസി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്ന മുത്തശ്ശനും മുത്തശ്ശിക്കും മുന്നിൽ (മുത്തശ്ശൻ മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിരുന്നു, മുത്തശ്ശി മരിച്ചു കൊണ്ടിരിക്കുകയായിരുന്നു , ഞാൻ ജനിച്ചിട്ടുമുണ്ടായിരുന്നില്ല എന്നു കവി) ടോയ്ലറ്റ് മുറിയുടെ ചുമരിൽ കാലകത്തിയിരിക്കുന്ന നഗ്നസുന്ദരിയുടെ രൂപത്തിലാണ് തട്ടകത്തമ്മ തെളിഞ്ഞു വരുന്നത്.
ഈ കവിതകളുടെ അടിസ്ഥാന കേരളീയ പ്രകൃതം എടുത്തു കാണിക്കാൻ വേണ്ടിയാണ് കളം കൊള്ളാനെത്തുക എന്ന പ്രയോഗം ഇവിടെ ഉപയോഗിച്ചത്. രാജീവന്റെ പുറപ്പെട്ടുപോയ വാക്ക്, മുഴുവൻ ലോകത്തിന്റെയും അനുഭവങ്ങൾ സ്വാംശീകരിച്ചതാണ്. അമേരിക്കയിൽ കണ്ട അണ്ണാനെയും ചൈനയിൽ കൊണ്ട മഴയേയും കുറിച്ചു വരെ രാജീവൻ എഴുതിയിട്ടുണ്ട്. സമകാല ലോക കവിതയുടെ ഒരു സമാഹാരം ദ ബ്രിങ്ക് എന്ന പേരിൽ ചേർത്തെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതുന്നതാകട്ടെ, തീർത്തും പുതിയ ഗദ്യഭാഷയിലും. എന്നിട്ടും അടിമുടി കേരളീയമായിരിക്കുന്നു ഈ കവിതകൾ. സമകാല കേരളത്തിലെ ഏകശിലാത്മക രാഷ്ട്രീയ വ്യവസ്ഥയും വ്യക്തിയുടെ അന്തസ്സും തമ്മിലെ സംഘർഷം പോലുള്ള സൂക്ഷ്മവ്യവഹാരങ്ങൾ ഈ കവിതകൾ ഉൾക്കൊളളുന്നു. ഇതൾത്തുമ്പിലെ തുടുപ്പും വേരറ്റത്തെ തുടിപ്പും ഓരോ കവിതയിലും ത്രസിക്കുന്നു. തന്റെ കടന്തറപ്പുഴയും കുറ്റ്യാടിപ്പുഴയും ചെങ്ങോട്ടു മലയും രാജീവൻ ലോകകവിതയുടെ സമകാലീന ഭൂപടത്തിൽ അടയാളപ്പെടുത്തുന്നു. മലയാളി ശീലങ്ങളും കേരളീയ പ്രകൃതിയുടെ പുറമടരുകൾ പോലും രാജീവകവിതയിൽ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിന്റെ ഈ കാമ്പുറപ്പു കൊണ്ടാണ് രാജീവന് തന്റെ കവിതയെ ലോക കവിതയോടു ചേർത്തു വെക്കാൻ സാധിച്ചത്.
ലോക കവിതക്ക് അര നൂറ്റാണ്ടെങ്കിലും പിറകിലായാണ് മലയാള കവിത എന്നും സഞ്ചരിച്ചു പോന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇംഗ്ലീഷിലെഴുതിയ എലിയറ്റ് മലയാളത്തിലെത്തുന്നത് നൂറ്റാണ്ടിന്റെ മധ്യം കഴിഞ്ഞ്. നെരൂദയും ബ്രഹ്ത്തും ലോർക്കയും ഇരുപതാം നൂറ്റാണ്ടൊടുവിൽ മലയാളത്തിൽ ആഘോഷിക്കപ്പെട്ടു. 1960 കളിൽ തന്റെ മികച്ച കവിതകളെഴുതിയ തോമസ് ട്രാൻസ്ട്രോമറാണ് ഏറ്റവും പുതിയ ശരിയായ കവിയെന്ന് മലയാളത്തിലെ 2022-ലെ ഇളംതലമുറ എഴുത്തുകാർ പോലും പറയുന്നു. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി, തന്റെ അതേ കാലത്ത് മറ്റു ഭാഷകളിലെഴുതുന്ന കവിതകൾക്കൊപ്പം തന്റെ കവിതകൾ നിർത്തിക്കാണാൻ ശ്രമിച്ച ആദ്യത്തെ മലയാള കവിയാണ് രാജീവൻ. സച്ചിദാനന്ദനെ മറന്നു കൊണ്ടല്ല ഇതു പറയുന്നത്. എന്നാൽ, നെരൂദ, ബ്രഹ്ത് തുടങ്ങിയ കവികളുടെ കവിതകൾക്കു മുന്നിലാണ് സച്ചിദാനന്ദന്റെ വിവർത്തന ഭാഷക്ക് സ്വാഭാവികമായ ഒഴുക്കു കൂടുതലുള്ളത്. സച്ചിദാനന്ദൻ സമഗ്രതയോടെ ശ്രദ്ധയൂന്നിയതും ആ കവികളിലാണ്. രാജീവനാകട്ടെ നോഹ ഹോഫൻബർഗ്ഗിനെയും മറ്റും പോലുള്ള ഏറ്റവും പുതിയ കവികളുടെ രചനകളിലാണ് ലയം കൊണ്ടതും അവരുടെ കവിതകൾക്കൊപ്പമാണ് സ്വന്തം കവിതകൾ ചേർത്തു വച്ചതും. പുറപ്പെട്ടുപോകുന്ന വാക്ക്, വാക്കും വിത്തും എന്നീ കൃതികളിൽ രാജീവൻ പരാമർശിക്കുന്ന കവിനിരയെ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. തന്റെ ചൈനാ യാത്രയിൽ പരിചയപ്പെട്ട കായ് ടിയാൻ ഷിൻ എന്ന ഗണിതശാസ്ത്രജ്ഞനായ കവിയുടെ രചനാലോകം പരിചയപ്പെടുത്തുന്ന ഒരു സന്ദർഭമുണ്ട് വാക്കും വിത്തും എന്ന കൃതിയിൽ. തന്റെ സമകാലീനനായ ആ ചീനക്കവിയുടെ അപൂർവത രചനാമാതൃകകൾ ഉദാഹരിച്ച് മലയാള വായനക്കാർക്കു പരിചയപ്പെടുത്തുകയാണവിടെ. തടാകത്തിലെ വെള്ളം എന്ന മനോഹരവും വ്യത്യസ്തവുമായ കവിതയാണ് രാജീവൻ ഉദാഹരിക്കുന്നത്.
തടാകത്തിലെ വെള്ളത്തിന്റെ
തുറസ്സാണ് കര.
തടാകത്തിലെ വെള്ളത്തിന്റെ
തുറസ്സാണ് ആകാശം.
നഗരം, വീട് എല്ലാം
തടാകത്തിലെ വെള്ളത്തിന്റെ
തുറസ്സുകൾ.
കുത്തനെ നിൽക്കുന്ന
തടാകവെള്ളമാണ്
ഭിത്തി.
മടക്കി വെച്ച തടാകവെള്ളമാണ്
കസേര
ചുരുട്ടി വെച്ച തടാകവെള്ളമാണ്
ചായപ്പാത്രം
തൂക്കിയിട്ട തടാകവെള്ളമാണ്
തൂവാല
സുതാര്യമായ തടാകവെള്ളമാണ്
സൂര്യവെളിച്ചം
ഒഴുകുന്ന തടാകവെള്ളമാണ്
സംഗീതം
പരസ്പരം തലോടുന്ന തടാകവെള്ളമാണ്
പ്രണയം
സങ്കല്പത്തിലെ തടാകവെള്ളമാണ്
സ്വപ്നം.
ഇങ്ങനെ മറുമൊഴികളിലെ തൽക്കാലം നമുക്കപരിചിതരായ തന്റെ സഹോദരകവികൾക്കൊപ്പമാണ് ഈ കവി മലയാളത്തിൽ നിന്നുകൊണ്ട് തന്റെ കാവ്യഭാഷക്കായി തേടുന്നത്.
സമകാലീനരായ ലോകകവികളെ പരിഭാഷയിലൂടെ മലയാളത്തിലെത്തിക്കുന്നതിനേക്കാൾ രാജീവൻ പ്രാധാന്യം കൊടുത്തത്, ലോക കവിതയിലെ സമകാലികതയെ അടുത്തറിഞ്ഞ് അവ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിലും ആ കവിതകൾക്കൊപ്പം സ്വന്തം കവിതകൾ ആത്മവിശ്വാസപൂർവ്വം ചേർത്തു വയ്ക്കുന്നതിലുമാണ്. തന്റെ ഇടം എന്നത് അത്രമേൽ പ്രധാനമായതു കൊണ്ടാണ് ഇങ്ങനെ നിഷ്കരുണം സ്വന്തം എഴുത്തിനെ ലോകകവിതക്കുമുന്നിൽ നിർത്തി നോക്കാൻ അയാൾക്കു ധൈര്യമുണ്ടായത്.
നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതിശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്കാരം, വൈയക്തികത, പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറി മാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളേക്കാൾ അവ വന്നിറങ്ങിയാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻകൂടും നീലക്കൊടുവേലിക്കവിതകളിൽ കളങ്ങളാവുന്നു. ദാഹിക്കുന്ന തൊണ്ടയിലേക്കാണ് കടന്തറപ്പുഴ എഴുന്നള്ളുന്നത്. ശസ്ത്രക്രിയ ചെയ്യാൻ തുറന്നിട്ട നെഞ്ചിൻ കൂട്ടിലേക്കാണ് ബാല്യകാലസഖിമാർ വന്നിറങ്ങുന്നത്. മണ്ണിന്റെ തുരന്ന മാറിൽ കളംകൊണ്ടാണ് ചെങ്ങോട്ടുമല സംസാരിക്കുന്നത്. മൂർത്തികളല്ല, മാറി മറിയുന്ന കളങ്ങളാണ് പ്രധാനമെന്ന സൂചന ചെറുമന്തോട്ടപ്പൻ എന്ന കവിതയിലുണ്ട്. പണ്ടേ കളംകൊണ്ടു പോന്നിരുന്ന ഈ മൂർത്തി ഈയിടെയായി സാന്നിദ്ധ്യപ്പെടുന്നില്ല എന്ന ഖേദത്തിലൂടെ തനിക്കു വന്ന മാറ്റത്തെക്കുറിച്ചും ചെറുമന്തോട്ടപ്പനെക്കുറിച്ചുള്ള തിരിച്ചറിവിലേക്കും എത്തിച്ചേരുന്നതാണീ കവിത. ചെറുമന്തോട്ടപ്പൻ ഒരു ഒളിപ്പോരാളിയായിരിക്കാം, പീഡനവും അവമതിയും തിരിച്ചറിയപ്പെടാതിരിക്കലുമാവാം മൂപ്പരിലേക്കെത്താനുള്ള ഒരേയൊരു വഴി എന്ന തിരിച്ചറിവിൽ പീഡനകാലം കടന്നുപോന്ന ആഖ്യാതാവിന്റെ വർത്തമാന ഇടം തെളിയുന്നു. ആ കളത്തിലൊതുങ്ങുന്ന സ്വസ്ഥതയുടെ മൂർത്തിയല്ല, ചെറുമന്തോട്ടപ്പൻ.
വീറിന്റെയും വിമതത്വത്തിന്റെയും ഒളിപ്പോരിന്റെയും മുൻകാല കളങ്ങളിലേക്കല്ല, വിഷാദച്ഛവി പുരണ്ട ജീവിതകാമനയുടെ കളങ്ങളിലേക്കാണ് ഈ പുതിയ കവിതകളിൽ എല്ലാമെല്ലാം സാന്നിദ്ധ്യപ്പെടുന്നത്. ഒരേ സമയം പൗരാണികതയോടെയും നവീനതയോടെയും വെളിപ്പെടുന്ന ആ കാമനയും കൂടെക്കലർന്ന വിഷാദവും ഏറ്റവും സുന്ദരമായി ആവിഷ്ക്കരിക്കപ്പെട്ട കവിതയാണ് നീലക്കൊടുവേലി. നിറയുന്ന കണ്ണോടെയുള്ള ഒരു മുൻ നോട്ടവും പിൻ നോട്ടവുമാണാ കവിത. നിറകണ്ണുകൊണ്ട് ഭൂതഭാവികളെ കൂട്ടിയിണക്കുന്ന കവിത. ഈ നിറകൺ നോട്ടങ്ങൾ രാജീവ കവിതക്ക് പുതിയ അഴക് സമ്മാനിച്ചിരിക്കുന്നു. ജീവിതകാമനയുടെ പരമോന്നതിയാണ് നീലക്കൊടുവേലി, കേരളീയമായ ചിഹ്നം. പാതിരക്ക് നൂൽബന്ധമില്ലാതെ ഇറങ്ങിച്ചെന്നാൽ മാത്രമേ അത് കൈവശമാക്കാൻ കഴിയൂ എന്നൊരു സങ്കല്പം കേട്ടിട്ടുണ്ട് (പുലാക്കാട്ടു രവീന്ദ്രൻ നീലക്കൊടുവേലി എന്ന കവിതയിൽ ആ സങ്കല്പം ഉപയോഗപ്പെടുത്തിയിട്ടുണ്ട്). ഇരുമ്പിനെ പൊന്നാക്കാൻ പോന്ന ജീവിതകാമനയുടെ നീലക്കൊടുവേലി ഒരിക്കലും കരഗതമാവില്ലെങ്കിൽ പോലും, കവിതയുടെ നീലക്കൊടുവേലി കൈവശമാക്കാൻ പോന്ന വാക്കിന്റെ നഗ്നതയാൽ രാജീവന്റെ ഈ പുതിയ കവിതകൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
ഭൂതവർത്തമാനഭാവികളുടെ പല അടരുകളാൽ സമ്പന്നമാണ് ഈ കവിതകൾ. പരമ്പരകൾക്കപ്പുറത്തുള്ള മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും ഭൂതകാലവും, എത്രാമത്തേതെന്നറിയാത്ത പേരക്കുട്ടിയുടെ ഭാവികാലവും ആഖ്യാതാവിന്റെ ബാല്യ കൗമാര യൗവന വാർദ്ധക്യങ്ങളോട് ചേർന്നുണ്ടാകുന്ന അനുഭവതലങ്ങൾ കൊണ്ട് ഇടതൂർന്നതാണ് ഈ കവിതകളിലെ ആഖ്യാനം. ആശുപത്രി വാർഡിലെ ഇരുട്ടിൽ സ്വയം ഉപേക്ഷിച്ചു കിടക്കുകയായിരുന്ന ആഖ്യാതാവിന്റെ നിറുകയിൽ തൊടുന്ന കടന്തറപ്പുഴയുടെ നനവ് ഓർമിപ്പിക്കുന്നത്, പണ്ടു കുഞ്ഞായിരുന്നപ്പോൾ തിരിച്ചു നൽകിയ ജീവിതത്തെപ്പറ്റിയാണ്. മരങ്ങളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിലായാലും പ്രായമാവുക എന്നതിനെ സ്വാഭാവികമായി സ്വീകരിക്കുന്ന കവിതകളാണിവ. കനവ് എന്ന കവിതയിൽ മുന്നിൽ താണു വന്ന് ചില്ലകൾ കൊണ്ടു തൊടുന്ന നീർമരുതിന്റെ വാർഷിക വളയങ്ങൾ എണ്ണി നോക്കുന്നുണ്ട് കവി.
ഒന്ന്, രണ്ട്, മൂന്ന്, നാല് ...
ഞാൻ വാർഷികവളയങ്ങൾ എണ്ണി നോക്കി.
അച്ഛൻ അപ്പൂപ്പൻ അമ്മ അമ്മൂമ്മ മുത്തശ്ശൻ മുതുമുത്തശ്ശൻ
ഓരോരുത്തരായി വന്നു തുടങ്ങി.
ഒരു കാട്ടുപ്ലാവ് നോക്കിച്ചിരിച്ചു
എന്റെയതേ പ്രായമായിരുന്നു അതിന്.
നീലക്കൊടുവേലി എന്ന കവിതയിൽ, ജീവിച്ച വർഷങ്ങൾ വളയങ്ങളായ് ഉടലിലണിഞ്ഞു മുറ്റത്തു നിൽക്കുന്ന ഈന്തുമരത്തെക്കുറിച്ചു പറയുന്നു. വൃക്ഷങ്ങൾ വാർഷിക വലയങ്ങളെ എന്ന പോലെ പ്രായമാകലിനെ സ്വാഭാവികമായി ഏറ്റുവാങ്ങുന്നതിന്റെ പാകത രാജീവന്റെ കവിത ഏതു കാലത്തും പുലർത്തുന്നുണ്ട്. അതുകൊണ്ട് രാജീവന്റെ കവിതക്ക് അകാലത്ത് യുവാവായി നടിക്കേണ്ടിയോ മസില് പ്രദർശിപ്പിക്കേണ്ടിയോ കൗമാര ചാപല്യങ്ങൾ കാണിക്കേണ്ടിയോ വരുന്നില്ല. വാർഷികവലയങ്ങളിലൂടെ തിടം വച്ചു വരുന്ന കവിതക്കേ, ഒരു വയസ്സുകാരി പേരക്കുട്ടിക്ക് ആരുടെ ഛായയാണച്ഛാ എന്നു ചോദിക്കുമ്പോൾ, വംശാവലിയുടെ ഉമ്മറവാതിലുകളിലേതോ ഒന്നിന്റെ മറവിൽ നിന്ന് സന്‌ധ്യാദീപത്തിന്റെയും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധച്ഛായ ഒരു മുത്തശ്ശിയായ് വാരിപ്പുണരുന്നത് അനുഭവിപ്പിക്കാൻ കഴിയൂ.
ബൗദ്ധികവ്യായാമങ്ങൾ കൊണ്ടു ജടിലമായിക്കഴിഞ്ഞിരുന്ന മലയാള കവിതാഗദ്യത്തെ വൈകാരികതയുടെ ചോരയോട്ടം കൊണ്ടുണർത്തിയ കവിയാണ് ടി.പി. രാജീവൻ. ആ വൈകാരികത അതിന്റെ പരമാവധിയിൽ അനുഭവിക്കാൻ കഴിയുന്നു, ഈ പുതിയ കവിതകളിൽ. ഗദ്യത്തിന്റെ ബലിഷ്ഠതന്ത്രികളെ മീട്ടി വൈകാരികമാക്കുന്നതാണാ രീതി. കെ.ജി.ശങ്കരപ്പിള്ളയുടെ ഭാഷയെ ഓർമിപ്പിക്കുന്ന ബിംബാത്മകവും പ്രഭാഷണപരവും ബൗദ്ധികവുമായ ഗദ്യഭാഷയിലാണ് രാജീവൻ 1970-കൾക്കൊടുവിൽ എഴുതിത്തുടങ്ങിയത്. എന്നാൽ രാഷ്ട്രതന്ത്രത്തിലെ കവിതകളിലെത്തുമ്പോൾ തന്നെ രാജീവന്റെ ഭാഷ മുൻകവി സ്വാധീനങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് സ്വച്ഛമാവുന്നുണ്ട്. വൈകാരികതയെ ഉൾക്കൊള്ളാനുള്ള ശേഷി കൊണ്ടാണ് രാജീവൻ അതു സാധിച്ചത്. കാല്പനികതയുടെ ചെടിപ്പുകൾ തീണ്ടാത്തതും ബൗദ്ധികമായ വിശകലനക്ഷമതയുള്ളതും അതേ സമയം വൈകാരികവുമായ, ദൃഢതയുള്ള ഗദ്യഭാഷയാണ് ഈ കവിയെ തൊണ്ണൂറുകളിലെ ഏറ്റവും പ്രധാന കവിയാക്കിയത്. പൗരന്റെ പ്രസംഗപീഠ ഭാഷക്കും അക്കാദമീഷ്യന്റെ പ്രബന്ധ ഭാഷക്കും പുറത്ത് ദൃഢവും അതേ സമയം വൈകാരികവുമായ കാവ്യഭാഷ സാദ്ധ്യമാണെന്ന് എന്നെപ്പോലുള്ള പിൻ കവികളെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ കവിയാണ് രാജീവൻ. പൊതുവേ ആശയ കേന്ദ്രിതമായിരുന്ന ആധുനിക കാവ്യഭാഷയിൽ നിന്നു മാറി അനുഭവകേന്ദ്രിതമായ പുതിയൊരു കാവ്യഭാഷ കൊണ്ടുവന്നു രാജീവൻ. വൈയക്തികതയും സാമൂഹികതക്കു പ്രാധാന്യമുള്ള നമ്മുടെ കാവ്യഭാഷയും തമ്മിലെ അകലം വെട്ടിക്കുറക്കാൻ ഈ പുതുകാവ്യഭാഷക്കു കഴിഞ്ഞു.
രാജീവന്റെ പുതുഗദ്യഭാഷ മലയാളത്തിന്റെ പദ്യകവിതാ ഭാഷയിൽ നിന്നു സമ്പൂർണ്ണമായി വെട്ടിത്തിരിഞ്ഞകന്നു നിൽക്കുന്നതല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. ഭാവുകത്വപരവും ഘടനാപരവുമായി വിദേശച്ചുവയുള്ള ഗദ്യകാവ്യഭാഷയല്ല രാജീവന്റേത്. പ്രകടനപരമായ വിച്ഛേദത്തിലും പുതുമയിലുമല്ല ഈ കവിയുടെ ശ്രദ്ധ. മാത്രമല്ല, ആധുനികതയുടെ പൊതു കാവ്യഭാഷയിൽ നിന്നും വ്യത്യസ്തമായ പുതുഗദ്യകാവ്യഭാഷ ഉപയോഗിക്കുമ്പോഴും, പുതുകവിതയുടെ ഭാഷ ഗദ്യമാണ് എന്നുറച്ചു വിശ്വസിക്കുമ്പോൾ പോലും, ആധുനികപൂർവ പദ്യകവിതയുമായി ഭാവുകത്വപരവും സാംസ്ക്കാരികവും ഘടനാപരമായിപ്പോലും ചില തലങ്ങളിൽ ഇണങ്ങി നിൽക്കാൻ സശ്രദ്ധമാണ് രാജീവന്റെ കവിത. ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ, ഇടപ്പള്ളി, എഴുത്തച്ഛൻ തുടങ്ങിയ ആധുനിക പൂർവ കവികളോട് സാംസ്ക്കാരികമായി ഐക്യപ്പെടുന്നു ഈ കവിതകൾ. എല്ലായ്പ്പോഴും അങ്ങനെത്തന്നെയാവണമെന്നില്ല എന്ന പുതുഗദ്യമൊഴിനടയിലുള്ള കവിത ഇടശ്ശേരിയുടെ പൂതപ്പാട്ടിലേക്ക് കണ്ണി ചേർത്തിരിക്കുന്നു. കർക്കടകത്തിൽ അച്ഛൻ സുന്ദരകാണ്ഡം വായിക്കുമ്പോൾ ഇരുട്ടിൽ മഴയിൽ തെളിഞ്ഞു വരുന്ന ആദികവിദർശനമാണ് സുന്ദരകാണ്‌ഡം എന്ന കവിത. നീലക്കൊടുവേലിയിലെ ഒരു കവിതാ ശീർഷകം തന്നെ മേദിനീവെണ്ണിലാവ് എന്നാണ്. പതിനാലാം നൂറ്റാണ്ടിലെ മണിപ്രവാളകവിതയിലേക്കാണ് ഈ കാവ്യ സൂചന നീണ്ടെത്തുന്നത്. എന്നാൽ, പട്ടണത്തിൽ ഒറ്റക്കലയുന്നവന്റെ മുന്നിലെ ഇരുട്ടിലാണ് മേദിനീ വെണ്ണിലാവ് നീന്തിത്തുടിക്കാനെത്തുന്നത്.
എഴുത്തിന്റെ മൂന്നാം ഘട്ടത്തിൽ ഭാഷയുടെ മൂർച്ചയിൽ നിന്ന് ആഖ്യാനത്തിന്റെ വൈശദ്യത്തിലേക്ക് രാജീവന്റെ കാവ്യഭാഷ പടർന്നു. കോരിത്തരിച്ച നാൾ , പ്രണയശതകം, ദീർഘകാലത്തിലെ ഒന്നാംഭാഗ കവിതകൾ എന്നിവയടങ്ങുന്നതാണ് മൂന്നാം ഘട്ടം. ആഖ്യാന വൈശദ്യം ഭാഷയെ ഇളക്കി മറിക്കുന്നതിന്റെ മികച്ച മാതൃകയാണ് കോരിത്തരിച്ച നാൾ എന്ന സമാഹാരത്തിലെ എല്ലാ കവിതകളും.
"ഒന്നു പിഴച്ചാൽ കണിക പോലും കിട്ടാത്ത ആ മുനമ്പിൽ
തുമ്പിതുള്ളുന്ന സുതാര്യസഹോദരിമാരിൽ
ഏതായിരിക്കും എന്റെ കിണറിലെ വെള്ളം?’
എന്ന, ഹൊഗനക്കലിന്റെ ആഴത്തിൽ രാജീവന്റെ കാവ്യഭാഷ കൈവരിച്ച ഒഴുക്കും പടർച്ചയും വൈശദ്യവും നമുക്കു കൃത്യമാവുന്നു.
തന്റെ കവിജീവിതത്തിന്റെ നാലാം ഘട്ടത്തിലാണ് രാജീവനിപ്പോൾ. ഈ ഘട്ടത്തിലെ അനുഭവപരവും പ്രമേയപരവുമായ ചില സവിശേഷതകൾ മുമ്പു സൂചിപ്പിച്ചു കഴിഞ്ഞു. രൂപപരവും ഭാഷാപരവുമായ മുൻ അതിരുകളെ മറികടക്കുന്നവയാണ് നീലക്കൊടുവേലിയിലെ കവിതകൾ. ഗദ്യ ക്രമത്തിന്റെ ചില പ്രത്യേക രൂപഘടനകൾ രാജീവിന്റെ വാതിൽക്കവിതകളിലും രാഷ്ട്രതന്ത്രകവിതകളിലും (ഒന്നും രണ്ടും ഘട്ട കവിതകൾ) കണ്ടെത്താൻ കഴിയും. മൂന്നാം ഘട്ടത്തിലെ കോരിത്തരിച്ച നാൾ തൊട്ടുള്ള കൃതികളിൽ ആഖ്യാനാത്മകതയുടെ പരപ്പും സൂക്ഷ്മതയിലൂന്നിയ വൈശദ്യവും കാണാനാവും. നീലക്കൊടുവേലിയിൽ ഗദ്യത്തെ ആഴത്തിൽ താളപ്പെടുത്തി ഗാനാത്മകമാക്കുന്ന രചനകളിൽ പോലും നാമെത്തുന്നു. രാജീവകവിത ഒടുവിൽ ഒഴുകിച്ചേർന്ന ഭാഷാനുഭവമേഖലയെ കൃത്യമായി അടയാളപ്പെടുത്തുന്നു സോപാനം എന്ന കവിത, പഴയ രാജീവൻ ഒരിക്കലും എഴുതാനിടയില്ലാത്ത ഒരു പുതിയ കവിത. രാജീവൻ തന്റെ പ്രതിഭയുടെ പാരമ്യത്തിലാണെന്നും പുതിയ ഭാഷാനുഭവങ്ങൾക്കായി അയാൾ തേടിക്കൊണ്ടിരിക്കുകയാണെന്നും ഉറപ്പിക്കുന്ന കവിത.
ആരോ പാടിക്കോട്ടെ
എങ്ങോ പാടിക്കോട്ടെ
എന്തോ പാടിക്കോട്ടെ
കണ്ണു നിറഞ്ഞാൽ പോരെ
മനസ്സു കുളിർത്താൽ പോരെ
വാക്കു തളിർത്താൽ പോരെ
ശിലകളുണർന്നാൽ പോരെ
ദൈവത്തിൻ ചിരി ചുറ്റും
പാട്ടിലലിഞ്ഞാൽ പോരെ!
(ഡി.സി. ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ടി.പി. രാജീവന്റെ കവിതാസമാഹാരത്തിന് കവി പി. രാമൻ എഴുതിയ ആമുഖക്കുറിപ്പ്)