സൈമൺ ബ്രിട്ടോയ്ക്കൊപ്പം സീനാ ഭാസ്കർ

മഹാരാജാസിലെ ആ മരച്ചുവട്ടിൽ,
​സീനയെ ആദ്യമായി കാണുന്നു...

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് ​ജീവിതം പറയുന്നു- 4

ഞാൻ കാമ്പസിന്റെ ഒരു മൂലയിൽ കിടക്കുകയായിരുന്നു. ഇവിടെവച്ച്, ആ മരത്തിന്റെ ചുവട്ടിൽവച്ചാണ് ഞാൻ ആദ്യമായി സീനയെ കാണുന്നത്. അന്ന് നിറയെ ബോഗൻവില്ലകൾ പൂത്തുനിൽപ്പുണ്ടായിരുന്നു.

ഹാരാജാസ് കോളേജിലെ എന്റെ ഭൂതകാലം പറയാനാവില്ല.

1992 ഡിസംബർ ആറിന് മഹാരാജാസിൽ എസ്.എഫ്.ഐ. സ്റ്റേറ്റ് കൺവെൻഷൻ നടന്നു. അതിൽ പങ്കെടുക്കാൻ വന്ന ഞാൻ കാമ്പസിന്റെ ഒരു മൂലയിൽ കിടക്കുകയായിരുന്നു. ഇവിടെവച്ച്, ആ മരത്തിന്റെ ചുവട്ടിൽവച്ചാണ് ഞാൻ ആദ്യമായി സീനയെ കാണുന്നത്. അന്ന് നിറയെ ബോഗൻവില്ലകൾ പൂത്തുനിൽപ്പുണ്ടായിരുന്നു. അതിനുശേഷം പ്രവർത്തനങ്ങളിൽ സജീവമായി. ഇടയ്ക്ക് തിരുവനന്തപുരത്തേക്ക് പോയിവന്നു. എം.എൽ.എ.യായശേഷം
പരമാവധി പ്രവർത്തിക്കാൻ ശ്രമിച്ചു. 52ഓളം പേർ എസ്.എഫ്.ഐ.യിൽ നിന്ന്​
ഒരുമിച്ച് രാജിവെക്കാനൊരുങ്ങുമ്പോൾ അവരുമായി ഒത്തുതീർപ്പ് സംഭാഷണം നടത്തിയതും ഇതേ സ്ഥലത്തുവച്ചായിരുന്നു. കൂട്ടത്തോടെ പോകാതെ ഓരോരുത്തരായി, വ്യക്തിപരമായി രാജിക്കത്ത് നൽകി സംഘടന വിട്ടുപോകാവുന്നതാണെന്ന് ചർച്ചയ്ക്കുശേഷം ഞങ്ങൾ പറയുമ്പോൾ
അവരെല്ലാം പ്രസ്ഥാനം വിട്ടുപോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മഹാരാജാസ് ഗ്രൗണ്ടിലെ സമരമരത്തിനുമുന്നിൽ നിന്ന്​ അവർ പിന്നെയും മുദ്രാവാക്യം വിളിച്ച് നടന്നുപോകുന്നത് കാണാനായി.

ബാലചന്ദ്രൻ ചുള്ളിക്കാട് ബി.എ.ക്ക് ചേരാൻ മഹാരാജാസിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്​ സി.പി.ഐ. (എം.എൽ.) ആഭിമുഖ്യമുണ്ടായിരുന്നു. ഞങ്ങളുടെ
രാഷ്ട്രീയത്തിന് വിരുദ്ധമായിരുന്നു അത്​. എങ്കിലും ഞങ്ങളെതിർത്തില്ല, പഠിക്കട്ടെ,
അയാളുടെ രാഷ്ട്രീയത്തെ നമ്മുടെ രാഷ്ട്രീയം കൊണ്ട് നേരിടാം എന്നു തീരുമാനിച്ചു.

പിന്നിടൊരിക്കൽ എ.ബി.വി.പി.ക്കാരെല്ലാം കൂടി മഹാരാജാസിലെ പനച്ചുവട്ടിലൊത്തുകൂടാൻ തുടങ്ങി. അതിനെ പരിഹസിക്കാൻ ഞങ്ങളതിനെ
മണ്ടൻ പനയെന്ന് ഇരട്ടപ്പേരുവിളിച്ചു. അങ്ങനെ എ.ബി.വി.പി.ക്കാരിൽ നിന്ന്​ പന
രക്ഷപ്പെട്ടു. കുറച്ചുനാൾ കഴിഞ്ഞ് എസ്.യു.സി.ഐ.ക്കാർ പതിയെ ശക്തിപ്രാപിക്കാൻ തുടങ്ങി. കെ.ഒ. ഷാൻ മത്സരത്തിനിറങ്ങി. അയാളുടെ മനോവീര്യം തകർക്കാൻ ഞങ്ങളയാൾക്ക് കോഷാൻ എന്നിരട്ടപ്പേരിട്ടു. പുള്ളി ഇനിഷ്യൽസ് തിരിച്ചിട്ട് ഷാൻ. കെ.ഒ. എന്നാക്കി. അപ്പൊഴും വിട്ടില്ല, ഇരട്ടപ്പേര് ഞങ്ങൾ ഷാങ്കോ എന്നാക്കി.

എസ്.എഫ്.ഐ.യുടെ ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറിയായിരുന്ന കുട്ടിക്ക്
ചില പെരുമാറ്റപ്രശ്‌നങ്ങളുണ്ടായി. അങ്ങനെ സംഘടനയിൽ നിന്ന്​ പുറത്താക്കി.
അയാളുമായി സംഘർഷത്തിലായി. മുന്നിൽ നിൽക്കുന്ന കുട്ടികളോട് പട്ടിക കൊണ്ടടിക്കാൻ പറഞ്ഞു. അടിച്ചപ്പോൾ പട്ടികയൊടിഞ്ഞു, അയാൾ കത്തിയെടുത്തു. ഉണ്ണികൃഷ്ണൻ എന്ന വിദ്യാർഥിക്ക് കുത്ത് കിട്ടി. എന്റെ മുന്നിൽ വച്ചായിരുന്നു സംഭവം. പക്ഷെ ഞാൻ കാമ്പസിനുപുറത്തുള്ള ആളായിരുന്നതുകൊണ്ട് ഇടപെടാനാവുമായിരുന്നില്ല. ഉണ്ണി പക്ഷെ അപകടങ്ങളില്ലാതെ രക്ഷപെട്ടു.

സെെമൺ ബ്രിട്ടയോടൊപ്പം സീന ഭാസ്കറും മകൾ നിലാവും

ബാലചന്ദ്രൻ ചുള്ളിക്കാട് ബി.എ.ക്ക് ചേരാൻ മഹാരാജാസിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്​ സി.പി.ഐ. (എം.എൽ.) ആഭിമുഖ്യമുണ്ടായിരുന്നു. ഞങ്ങളുടെ
രാഷ്ട്രീയത്തിന് വിരുദ്ധമായിരുന്നു അത്​. എങ്കിലും ഞങ്ങളെതിർത്തില്ല, പഠിക്കട്ടെ,
അയാളുടെ രാഷ്ട്രീയത്തെ നമ്മുടെ രാഷ്ട്രീയം കൊണ്ട് നേരിടാം എന്നു തീരുമാനിച്ചു. ഒടുവിൽ, എസ്.എഫ്.ഐ.യുടെ കോളജ് യൂണിയൻ ചെയർമാനായി ചുള്ളിക്കാടിനെ തെരഞ്ഞെടുക്കുകയും അതേ തീരുമാനത്തെ പുനഃപരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

ലോ കോളജിൽ പഠിക്കുന്ന കാലത്ത് രാവിലെ ഇങ്ങോട്ടുപോരും.
ഇന്നുപക്ഷെ സമൂഹവും അതിന്റെ മനസ്സും മാറി, പാർട്ടിയും കാലഘട്ടവും
ഞെരുങ്ങുകയാണ്. ഇ.എം.എസിനെ ഒടുവിൽ പരിചരിച്ചതുപോലും ഹോം നഴ്‌സായിരുന്നു, പാർട്ടിക്കാരല്ല.

അഞ്ച്: ഒരു പുറപ്പാടും കാൽനൂറ്റാണ്ടും

വിപ്ലവം തന്നെ പ്രണയഭരിതമാണ്. അതിൽ സാഹസികമായ ഒരു പുറപ്പാടുകൂടി സംഭവിച്ചാൽ അക്കഥ യുവത്വം ഏറ്റുപാടും. 19-ാം വയസ്സിൽ സൈമൺ ബ്രിട്ടോക്കൊപ്പം ഇറങ്ങിപ്പുറപ്പെടാൻ സീന ഭാസ്‌കറെന്ന വിദ്യാർഥി നേതാവിനെ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു?

ത്യാഗപൂർണമായ, വിപ്ലവഛായയുള്ളൊരു പ്രണയത്തെപ്പറ്റിയുള്ള, രാഷ്ട്രീയബോധമുള്ളൊരു പെൺകുട്ടിയുടെ കാൽപനിക ഭാവനയോ, പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ബ്രിട്ടോക്ക് തുണയായി പ്രസ്ഥാനത്തിൽനിന്നുതന്നെ പെണ്ണൊരുത്തി കൂടെവേണമെന്ന നിശ്ചയമോ? ആ ചോദ്യം ബാക്കിനിൽക്കുമ്പോഴും തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളം ഹൃദയം കൊണ്ടേറ്റെടുത്ത പ്രണയഭരിതമായ വിപ്ലവപ്രതീകങ്ങളായി സീന ഭാസ്‌കറും സൈമൺ ബ്രിട്ടോയും മാറി. ഒരു സിനിമ പോലെ കാമ്പസും കേരള യുവത്വവും അതിനെ കൊണ്ടുനടന്നു. അതിനുമുമ്പോ പിമ്പോ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ആ ഛായയുള്ളൊരധ്യായം സംഭവിച്ചതുമില്ല. പക്ഷെ, ശരിക്കുള്ള ആ ജീവിതമുയർത്തിയ വെല്ലുവിളികൾ അത്രയും പ്രണയഭരിതമല്ല. ആവില്ലെന്ന ബോധ്യമില്ലാത്ത പുറപ്പാടുമായിരുന്നില്ല അവരുടേതെന്ന് തെളിയിച്ചത് കാലമാണ്.

25 വർഷങ്ങൾ അവരൊത്ത് യാത്രചെയ്തു. ഒടുവിൽ, ബ്രിട്ടോ യാത്രയായി. സീനയും മകൾ നിലാവും തുടരുകയാണ്. കേരളം പാടിപ്പുകഴ്​ത്തിയ വിപ്ലഭരിതമായ പ്രണയകഥയിലെ നായിക ജീവിതയാഥാർഥ്യങ്ങളോട് പൊരുതുകയാണ്, രണ്ടരപ്പതിറ്റാണ്ടുകളിൽ എപ്പോഴുമെന്നപോലെ.

ശിഷ്ടം കഥയെങ്ങനെയാണ്? ബ്രിട്ടോയുടെ മരണശേഷം സീന ഭാസ്‌കറിനൊപ്പം നടന്ന ഒരു ദീർഘസംഭാഷണത്തിന്റെ ചുരുക്കം അതുപറയും.

ചർച്ചകൾ ഉഷാറാകുമ്പോഴും എന്തെങ്കിലും മിണ്ടാൻ എനിക്ക് തോന്നുന്നേയുണ്ടായിരുന്നില്ല. ഞാൻ അതെല്ലാം കണ്ടു, കേട്ടു, പക്ഷെ ചിന്തയിൽ നിറയെ ബ്രിട്ടോയുടെ ഭാവിയായിരുന്നു. ബ്രിട്ടോയോട് യാത്രപറഞ്ഞ് പോരുമ്പോഴും അതുവിട്ടില്ല.

1991-ലെ എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുമ്പോഴാണ് ഞാനാദ്യം ബ്രിട്ടോയെ കണ്ടത്. സംഘടന നിർദേശിച്ച പ്രതിനിധിസംഘത്തിലൊരാളായി ബ്രിട്ടോയുടെ വീട്ടിലെത്തിയ ഞങ്ങളുടെ മുന്നിലേക്ക് അമ്മ തെളിച്ച വീൽച്ചെയറിൽ ബ്രിട്ടോ വന്നു. ബ്രിട്ടോയെ ഞങ്ങൾക്ക് മുന്നിലിരുത്തി അമ്മ പിൻവാങ്ങി. ആ മുഹൂർത്തിലെ അനുഭവം വിവരിക്കാനാവില്ല. തല മാത്രം അനങ്ങുന്ന വീൽച്ചെയറിലെ ആൾരൂപം പിന്നെയൊരിക്കലും മറന്നില്ല. ബ്രിട്ടോയുടെ അമ്മ അവരുടെ അറുപതുകൾ താണ്ടുന്ന കാലം, അവർ കൂടിയില്ലാതാവുന്ന കാലം ഈ മനുഷ്യന്റെ ജീവിതമെന്താവുമെന്ന
ആധി എന്നിൽ അവിടുന്നാരംഭിച്ചു.

ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന മുഴുൻപേരും ഒരുപോലെ വേദനിച്ചു. പക്ഷെ ഞങ്ങളെ വേട്ടയാടിയ ആധിയും വേദനയും ബ്രിട്ടോയെ അലട്ടുന്നതായി തോന്നിയതേയില്ല. ആദ്യനിമിഷം തന്നെ ബ്രിട്ടോ സംഘടനാകാര്യങ്ങളിലേക്ക് പ്രവേശിച്ചു. പുതിയ അംഗങ്ങളെത്ര ചേർന്നു, ഏറ്റവുമധികം പേർ അംഗത്വമെടുത്ത ജില്ലയേതെന്ന മട്ടിൽ, സംസ്ഥാന കമ്മിറ്റിയിൽ ദേശീയ നേതാക്കളിൽ കാണുന്ന ഒരു ശൈലി. വിമർശനബുദ്ധിയിൽ ബ്രിട്ടോക്ക് ചൂടുപിടിക്കാൻ തുടങ്ങി. ആനുകാലിക സംഭവങ്ങളിൽ തുടങ്ങി പ്രസ്ഥാനത്തെപ്പറ്റിയുള്ള നമ്മുടെ സ്വപ്നങ്ങളിലേക്കും
സംഘടനാഭാവിയിലേക്കുമെല്ലാം അന്ന് ബ്രിട്ടോ സഞ്ചരിച്ചു. ചർച്ചകൾ
ഉഷാറാകുമ്പോഴും എന്തെങ്കിലും മിണ്ടാൻ എനിക്ക് തോന്നുന്നേയുണ്ടായിരുന്നില്ല.
ഞാൻ അതെല്ലാം കണ്ടു, കേട്ടു, പക്ഷെ ചിന്തയിൽ നിറയെ ബ്രിട്ടോയുടെ
ഭാവിയായിരുന്നു. ബ്രിട്ടോയോട് യാത്രപറഞ്ഞ് പോരുമ്പോഴും അതുവിട്ടില്ല. ഞങ്ങൾ അതേപ്പറ്റി മാത്രമോർത്തു.

നാട്ടിലെത്തിയ ഞാൻ ബ്രിട്ടോക്ക് കത്തയച്ചു, ബ്രിട്ടോ മറുപടി അയച്ചു. ടെലഫോൺ ജനകീയമല്ലാത്ത കാലം; അങ്ങനെ കത്തുകളിലൂടെ ഞങ്ങൾ പരസ്പരം സംസാരിച്ചു. പക്ഷെ, ഞാൻ ബ്രിട്ടോയെ അറിയുമ്പോഴും പ്രതിനിധിസംഘത്തിലുൾപ്പെട്ട ഞാനാരെന്ന് ബ്രിട്ടോക്കുറപ്പില്ല. അതിലേത് കുട്ടിയാണ്, വാടാമല്ലി നിറമുള്ള സാരിയുടുത്ത വെളുത്ത കുട്ടിയാണോ, എന്ന ഗതിയിൽ ബ്രിട്ടോയുടെ മറുപടി വരുമ്പോൾ എനിക്കത്ഭുതമായിരുന്നു. ഞങ്ങളുടെ മനസ്സിൽ ഒരു ബിംബമായി തിളങ്ങിനിൽക്കുന്ന ഈ വലിയ മനുഷ്യരുടെ നോട്ടങ്ങളിലും പെണ്ണിന്റെ ഉടുപുടവയും നിറവും പതിയുമെന്ന് ബ്രിട്ടോയിൽനിന്ന് പഠിച്ചു.

എപ്പൊഴെങ്കിലും കാണണമെന്നൊരു തോന്നലിൽനിന്ന്​ കത്തുകളും മറുപടികളും വന്നുപൊയ്‌ക്കൊണ്ടിരുന്നു. ആഴ്ചയിലൊന്നെന്ന ആദ്യത്തെ മുറ തെറ്റി, പിന്നീടത് ദിനസരിക്കണക്കിലായി. കത്തുകൾ ഒരു തുടർച്ചയായി.
പക്ഷെ ആ കത്തുകളിൽ സംഘടനാകാര്യങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

ദിവസവും കത്തുവന്നാൽ കുടുംബകലഹമുണ്ടാവുമെന്ന് ഭയന്ന്​ ആദ്യം സിന്ധുവെന്ന കൂട്ടുകാരിയുടെ പേരിലയച്ചു. അത് പ്രയാസമായപ്പോൾ എന്റെ വിലാസത്തിൽ കത്തയച്ച്, തപാലാപ്പീസിൽ നിന്ന്​ നേരിട്ട് കൈപ്പറ്റുന്ന ചിട്ട പരീക്ഷിച്ചു. കത്തുവാങ്ങാൻ തപലാപ്പീസിലെന്തിനുവരണമെന്ന് പോസ്റ്റുമാൻ ചോദിച്ചപ്പോഴും ന്യായം ഞാൻ സംഘടനാപരമാക്കി. വിമൻസ് കോളജ് ചെയർപേഴ്‌സണായിരിക്കുന്ന കാലം, അതും പോരാഞ്ഞ്
പൂന്തുറ കലാപകാലം. സംഘടനാവിഷയങ്ങളായതുകൊണ്ട് നേരിട്ട് വേഗം
കൈപ്പറ്റുന്നതാണെന്ന് ഒഴികഴിവ് പറഞ്ഞു. വിദ്യാർഥി സമരങ്ങളിലെ പെൺസാന്നിധ്യം അന്ന് കുറവാണ്. സമരമുഖങ്ങളിലെ പെൺമുഖം പത്രങ്ങളിലച്ചടിക്കുക പതിവായ കാലമായതുകൊണ്ട് പലരും എന്നെയറിയുമായിരുന്നു.

ഇതേ കാലത്തെ എന്റെ കുടുംബാന്തരീക്ഷം സംഘടനയുടെ ചട്ടപ്പടികൾക്ക്
നിരക്കുന്നതുമായിരുന്നില്ല. വെഞ്ഞാറമൂട്ടിൽനിന്ന്​ എന്നും വണ്ടി കയറി
നഗരത്തിലെത്തും. അച്ഛൻ ഏലാനായർ പ്രതാപവുമായി കുടുംബത്തിനകത്തും പുറത്തും വിലസുന്ന കാലം. മനുഷ്യത്വമുണ്ടായിരുന്നെങ്കിലും അച്ഛനെന്നും സംഘർഷങ്ങൾക്കുനടുവിലായിരുന്നു. ആ പാപഭാരം അമ്മയും അനുഭവിച്ചു. കുടുംബത്തിലെ പാർട്ടിബന്ധങ്ങൾ വേറെ. എന്റെ എസ്.എഫ്.ഐ. പ്രവർത്തനത്തോട് അച്ഛന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല. പെൺകുട്ടികൾക്ക് രാഷ്ട്രീയമാവശ്യമില്ലെന്ന നിലപാട് അച്ഛനുമുണ്ടായിരുന്നു. ആദ്യം ഉന്നതമായ ബന്ധങ്ങളെ എനിക്കായിത്തിരഞ്ഞ അച്ഛൻ, സംഘടന എന്റെ തലക്കുപിടിക്കുന്നുവെന്നറിഞ്ഞപ്പോൾ നായരായ ഏതൊരുത്തനും
കെട്ടിച്ചുകൊടുക്കുമെന്ന മട്ടായി. ഞാനത് വെറുതേവിട്ടു. വിവാഹം കഴിച്ചാലും
അയാൾക്കൊപ്പം ജീവിക്കേണ്ടതുണ്ടോയെന്ന് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം എന്നിൽ
ബാക്കിയുണ്ടല്ലോ എന്നതുമാത്രമായിരുന്നു ആശ്വാസം. സഖാവ് പി.ജി.യുടെ മകൾ
പാർവതിച്ചേച്ചിയെല്ലാം എനിക്കായി വിവാഹാലോചനകളും മുന്നോട്ടുവച്ചു.

സത്യത്തിലന്നും ബ്രിട്ടോയോട് എനിക്ക്​ പ്രണയമുണ്ടായിരുന്നില്ല. വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ലെങ്കിൽ എന്തിനിങ്ങനെ കത്തയക്കണമെന്ന സിന്ധുവിന്റെ ചോദ്യത്തിന്, കത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കാനാണ് ഞാൻ പറഞ്ഞത്.

വിവാഹാലോചന പൊടിപൊടിക്കുന്ന കാലത്ത് ബ്രിട്ടോ അഖിലേന്ത്യ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് വരുന്നു. അതിനു തൊട്ടുമുമ്പാണ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. ഏതാണ്ട് ഒൻപതുവർഷത്തിനുശേഷം ബ്രിട്ടോ വീണ്ടും മഹാരാജാസിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാൻ വന്നപ്പോഴാണത്. അവിടെവച്ച് തമ്മിൽ കാണാമെന്ന്​ നിശ്ചയിച്ചിരുന്നെങ്കിലും ബ്രിട്ടോ വന്നുവെന്നുപറഞ്ഞ് തുള്ളിച്ചാടി സമീപത്ത് ചെല്ലാനാവുമായിരുന്നില്ല. ബ്രിട്ടോയോട് വളരുന്ന സൗഹൃദത്തിലൂടെ സംഭവിക്കാവുന്ന അപകടങ്ങളെപ്പറ്റി സുഹൃത്തായ സിന്ധു മിക്കപ്പോഴും എനിക്ക് മുന്നറിയിപ്പ്​ തന്നുകൊണ്ടേയിരുന്നു. വിവാഹത്തെപ്പറ്റി ചിന്തിച്ചാൽ പാർട്ടി എറണാകുളം ഘടകം സീനയെ കൊന്നുകളയുമെന്നുപോലും സിന്ധു പറഞ്ഞു. സത്യത്തിലന്നും ബ്രിട്ടോയോട് എനിക്ക്​ പ്രണയമുണ്ടായിരുന്നില്ല. വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ലെങ്കിൽ എന്തിനിങ്ങനെ കത്തയക്കണമെന്ന സിന്ധുവിന്റെ ചോദ്യത്തിന്, കത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കാനാണ് ഞാൻ പറഞ്ഞത്.

അന്നത്തെ കൺവെൻഷനെത്തിയ പ്രതിനിധികളോട് ബ്രിട്ടോ, തിരുവനന്തപുരം
ഡെലിഗേഷനെവിടെയെന്നന്വേഷിക്കുന്നു, സംസ്ഥാനക്കമ്മിറ്റി അംഗങ്ങളെ
അന്വേഷിക്കുന്നു. ആ പേരിൽ ഞാനും ബ്രിട്ടോയുടെ മുന്നിലെത്തി. ബ്രിട്ടോ
അഭിവാദ്യം ചെയ്തു, സംസാരിച്ചു, ഒക്കെക്കഴിഞ്ഞ് ഞങ്ങൾ മടങ്ങിപ്പോന്നു, കത്തുകൾ തുടർന്നു. അങ്ങനെയിരിക്കുമ്പോഴാണ് അഖിലേന്ത്യസമ്മേളനത്തിനായി ബ്രിട്ടോ തിരുവനന്തപുരത്തേക്ക് വരുന്നത്. ടി.കെ. രാമകൃഷ്ണൻ എം.എൽ.എ.യുടെ
മുറിയിലായിരുന്നു ബ്രിട്ടോ താമസിച്ചത്. അന്നും ബ്രിട്ടോ ചികിത്സ തുടരുന്നുണ്ട്​.
തിരുവനന്തപുരം മെഡിക്കൽ കോളജിനുസമീപത്തെ പി.എം.ആർ. റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സക്കായി ബ്രി​ട്ടോയെ പാർട്ടി നിയോഗിക്കുന്നു, സഹായച്ചുമതല എസ്.എഫ്.ഐ.ക്കാരേറ്റെടുത്തു. ആ ചുമതലയിൽ നിന്ന്​വിമെൻസ് കോളജിനെ ഒഴിവാക്കിയിരുന്നു. പക്ഷെ ആർട്‌സ് ആൻറ്​ സയൻസ് വിഭാഗത്തിലെ കൂട്ടിരിപ്പുകാർ ബ്രിട്ടോയെക്കൊണ്ട് വലഞ്ഞു. സംഘടനാപ്രവർത്തകരെ കണ്ടാൽ ബ്രിട്ടോ നിരന്തരം രാഷ്ട്രീയമായ
ചോദ്യങ്ങളുന്നയിക്കും. ഉത്തരം മുട്ടിക്കും, നിർദേശങ്ങൾ മുന്നോട്ടുവക്കും.
ഇതിൽ മനംമടുത്ത കുട്ടിസഖാക്കൾ പലർക്കും കൂട്ടിരുപ്പ് മടുത്തു. ഞാൻ
വീട്ടിൽനിന്ന്​ ബ്രിട്ടോക്കുള്ള ഭക്ഷണവുമായി ഇടയ്ക്ക് പോയിവന്നു.

ഒരിക്കൽ അങ്ങനെയെത്തുമ്പോൾ അനങ്ങാൻപോലും കഴിയാത്ത ആ അവസ്ഥയിൽ, ബ്രിട്ടോക്കൊരു സഹായത്തിന്​ കൂട്ടിരിപ്പുകാർ ആരുമില്ല. ഈ പ്രതിസന്ധി മരണം വരെ ബ്രിട്ടോ നേരിട്ടിരുന്നു. വസ്ത്രങ്ങളൊന്നും അലക്കിയിട്ടില്ല. ഞാനന്നുവരെ വീട്ടിൽ ആ ജോലി ചെയ്തിട്ടില്ലെങ്കിലും മലവും മൂത്രവുമെല്ലാം പുരണ്ട ബ്രിട്ടോയുടെ തുണികൾ അന്ന് ഞാനലക്കി. അലക്കിയിട്ട തുണികൾ അകത്തെടുത്തുവക്കാൻ പോലും ആരുമുണ്ടാവില്ല. അങ്ങനെ പലപ്പോഴും കോളേജിൽ പോയി മുഖംകാണിച്ച് ഞാൻ തിരികെ ബ്രിട്ടോയുടെ
ആശുപത്രിയിൽ ചെന്നിരിക്കാൻ തുടങ്ങി. ആ പരിഗണനയെ ബ്രിട്ടോ സ്‌നേഹിക്കാൻ തുടങ്ങി. ശാന്തവും ആകർഷകവുമായ ശബ്ദത്തിൽ ബ്രിട്ടോ സംസാരിക്കും. എന്റെ ഒരു ദിവസത്തിന്റെ പ്രവൃത്തികളെന്തെന്ന് ചോദിക്കും. ബ്രിട്ടോയുടെ ശീലങ്ങൾ എന്നോട് പറയും. വിവാഹം കഴിഞ്ഞുപോയാൽ സീന എന്നെക്കാണാൻ വരുമോയെന്ന് അങ്ങനെയൊരിടവേളയിൽ ബ്രിട്ടോ
ചോദിച്ചു. ഉറപ്പായും വരുമെന്ന മറുപടിയും ഞാൻ കൊടുത്തു. കാരണം എന്റെ
സ്വാതന്ത്ര്യത്തിൽ ഞാൻ വിശ്വസിച്ചിരുന്നു. പാർലമെന്ററി സ്വപ്നങ്ങളില്ലെങ്കിലും
കഷ്ടപ്പെടുന്നവർക്കായി പാർട്ടിയിൽ പ്രവർത്തിക്കാനും മോഹിച്ചിരുന്നു. ആ
മോഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു ബ്രിട്ടോക്കൊപ്പമുള്ള എന്റെ
ജീവിതം.
അന്നത്തെ ചർച്ച ജീവിതത്തെക്കുറിക്കുന്ന ആ സൈദ്ധാന്തികതയിലവസാനിച്ചു.

ദിവസങ്ങൾ കടന്നുപോയി.
വീണ്ടും ആശുപത്രിയിലെത്തിയ ഒരുദിവസം, സീന വിവാഹം കഴിഞ്ഞുപോയാൽ എനിക്ക് നഷ്ടമാവും, അതുകൊണ്ട് തനിക്കൊപ്പം ജീവിക്കാൻ കഴിയുമോ എന്ന് ബ്രിട്ടോ ചോദിച്ചു.
അതിനെന്താ, നമുക്കൊരുമിച്ച് ജീവിക്കാമെന്ന്, വരുംവരായകളറിയാതെ, രണ്ടാമതൊരു ചിന്തപോലുമില്ലാതെ ഞാൻ പറഞ്ഞു. പക്ഷെ
മടങ്ങുമ്പോൾ ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്നെ മൂടിക്കൊണ്ടേയിരുന്നു.
വാക്കുപാലിക്കാനെന്തുചെയ്യും, വാക്കുപാലിക്കാത്ത സംഘടനാ പ്രവർത്തകക്കെന്തുവില, വീട്ടിലെന്തുപറയും, വാത്സല്യം നിറഞ്ഞ അമ്മയെയും വീട്ടുകാരെയും എങ്ങനെയുപേക്ഷിക്കും. ചോദ്യങ്ങൾ മേഘപാളികൾ പോലെ വന്നടുങ്ങി മനസ്സ് കറുത്തു. കൊടുത്ത വാക്ക് തിരികെ വന്ന് ശ്വാസം മുട്ടിച്ചു. കുറേനാൾ ഞാൻ ബ്രിട്ടോയുടെ അടുത്തേക്ക് പോയില്ല, ഇടവേള കഴിഞ്ഞ് വീണ്ടുമെത്തുമ്പോൾ, കൂടെ ജീവിക്കാമെന്നുറപ്പ് തന്നതിന്റെ പേരിൽ കുറ്റബോധം വേണ്ടെന്ന് ബ്രിട്ടോ ആശ്വസിപ്പിച്ചു. യുക്തമായ തീരുമാനമെടുക്കാൻ നിർദേശിച്ചു.

ദിവസങ്ങൾ പിന്നെയും പോയി, ബ്രിട്ടോ ഒരിക്കൽ വീട്ടിൽ വന്നു. ആ അവസ്ഥ അച്ഛനെ വല്ലാതെ വേദനിപ്പിച്ചു. പിന്നെപ്പോഴും ബ്രിട്ടോക്കുള്ള വിഭവങ്ങളും തന്ന് എന്നെ പറഞ്ഞയക്കാൻ അച്ഛൻ മടിച്ചില്ല. ബ്രിട്ടോയുടെ അടുത്തുപോയെന്ന് പറഞ്ഞാൽ വീട്ടിലൊരു പ്രശ്‌നമല്ലാതായി മാറി. ചികിത്സ കഴിഞ്ഞ് ബ്രിട്ടോ വീണ്ടും ടി.കെ. രാമകൃഷ്ണൻ സഖാവിന്റെ മുറിയിലേക്ക് തിരികെവന്നു. അവിടെ ബ്രിട്ടോക്ക്
കൂട്ടിരിക്കാൻ എസ്.എഫ്.ഐ.ക്കാർ പലരും പോയെങ്കിലും ഞാൻ പോയില്ല. കൂട്ടിരിക്കാറുള്ള അനിലിനോട് ബ്രിട്ടോ പറഞ്ഞു, സീനയോടൊപ്പം
ജീവിക്കാൻ പോകുന്നുവെന്ന്. അപ്പോഴേക്കും വിവാഹക്കാര്യം
അറിഞ്ഞിട്ടില്ലെങ്കിലും എന്റെ സംഘടനാപ്രവർത്തനം വീട്ടിൽ വലിയ പ്രതിസന്ധികൾക്ക് വഴിവച്ചു. കുറെനാൾ ഞാൻ വീട്ടിൽ നിന്നകന്നുകഴിഞ്ഞു, അച്ഛൻ എന്നോടുള്ള മിണ്ടാട്ടമവസാനിപ്പിച്ചു. സ്ഥിതി മോശമായി. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഒരുമിച്ചുള്ള ജീവിതം ചിലപ്പോൾ നടക്കാതെ വരുമെന്ന് ബ്രിട്ടോയോട് ഞാൻ പറഞ്ഞു.

അത് പറയുമ്പോഴും ഞാൻ പരിഗണിച്ചത് കൊടുത്ത വാക്കിനെയാണ്. അത് പാലിക്കാത്ത എസ്.എഫ്.ഐ.ക്കാരിയെ എനിക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. അതിലൂടെ വരാനിരിക്കുന്ന
പ്രശ്‌നങ്ങളെപ്പറ്റിയൊന്നും ഞാനോർത്തില്ല. വലിയൊരു പ്രസ്ഥാനം കൂടെയുണ്ടല്ലോ, പിന്നെന്തിന് ഒരു ചെറിയ ജീവിതത്തെ ഭയക്കണമെന്ന യുക്തിയാണ് എന്നെ നയിച്ചത്.

ഞാൻ കേട്ട ആരോപണങ്ങൾക്കതിരില്ല. ബ്രിട്ടോയുടെ ശാരീരിക കുറവുകൾ മറികടക്കാൻ ഞാൻ സുഖജീവിതം തേടുന്നുവെന്നൊരു പക്ഷം. കൃത്യം കാൽനൂറ്റാണ്ടിന്റെ ത്യാഗനിർഭരമായ എന്റെ ജീവിതത്തോട് സഹതപിച്ച മറുപക്ഷം, ഇതിനിടയിൽ ഏതെങ്കിലും വഴികളിൽ സഹായമായി വന്നൊരു ന്യൂനപക്ഷം.

ഒക്ടോബർ 15 വെള്ളി.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹത്തിന്​ പദ്ധതിയിടുന്നു. വെള്ളി കഴിഞ്ഞ്, ശനിയും ഞായറും കഴിഞ്ഞ്, തിങ്കളാഴ്​ച കോളേജ്​തുറക്കുമ്പോഴേക്കും പ്രശ്‌നം തണുക്കുമെന്നായിരുന്നു പ്രതീക്ഷ. അക്കാലത്ത് എസ്.എഫ്.ഐക്കാർക്കിടയിലെ പ്രണയവിവാഹം തുടർക്കഥയാവുകയായിരുന്നു. പാർവതി സതീശനെ വിവാഹം കഴിച്ചു, രാജശ്രീ വാര്യരും അതുതന്നെ ചെയ്തു. നമ്മുടെ വ്യക്തിപരമായ തീരുമാനം സംഘടനയെ ബാധിക്കാൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.

അങ്ങനെ ആ വെള്ളിയാഴ്ച വിവാഹം നടന്നു.

ബ്രിട്ടോയുടെ ശരീരാവസ്ഥയുടെ തീക്ഷ്ണത എനിക്കപ്പൊഴും അറിയുമായിരുന്നില്ല. അതറിഞ്ഞെങ്കിൽ വിവാഹം കഴിക്കുമായിരുന്നില്ല എന്നല്ല, വാക്കുപറഞ്ഞാൽ നമ്മളത് ചെയ്യും. പ്രണയത്തിന് നിലനിൽക്കാൻ മാസംളമായ ഭാവനകൾക്കുമപ്പുറത്ത് വലിയ ഇടങ്ങളുണ്ടെന്ന ബോധ്യമാണ് ധൈര്യം തന്നത്. എന്നിട്ടും ഞാൻ കേട്ട ആരോപണങ്ങൾക്കതിരില്ല. ബ്രിട്ടോയുടെ ശാരീരിക കുറവുകൾ മറികടക്കാൻ ഞാൻ സുഖജീവിതം തേടുന്നുവെന്നൊരു പക്ഷം. കൃത്യം കാൽനൂറ്റാണ്ടിന്റെ ത്യാഗനിർഭരമായ എന്റെ ജീവിതത്തോട് സഹതപിച്ച മറുപക്ഷം, ഇതിനിടയിൽ ഏതെങ്കിലും വഴികളിൽ സഹായമായി വന്നൊരു ന്യൂനപക്ഷം.

ഇതിനിടയിലൂടെ ബ്രിട്ടോയും ഞാനും പിന്നെ നിലാവും ജീവിച്ചു. ലൈംഗികമായ ആനന്ദമില്ലാതെ ബന്ധങ്ങൾ മുന്നോട്ടുപോകില്ലെന്ന് സമൂഹം തീരുമാനിച്ചുകഴിഞ്ഞു. ആ സങ്കൽപത്തെ ചോദ്യംചെയ്തുകൊണ്ടാണ് ബ്രിട്ടോയുടെ ജീവിതത്തിലേക്ക് ഞാൻ കടന്നുവന്നത്. ഒരാൾക്കും സങ്കൽപ്പിച്ചെടുക്കാനാവാത്തൊരു തലത്തിൽ ഞാനും ബ്രിട്ടോയും തമ്മിലുള്ള
ഹൃദയബന്ധം നിലനിന്നു. അതുകൊണ്ട് ആരോപണങ്ങളെ ഞാൻ അവഗണിച്ചു. എന്റെ സദാചാരബോധം ഒരുയർന്ന ബോധം തന്നെയാണ്. പക്ഷെ കുറ്റം പറയാനുള്ള ആരുടെയും അവകാശത്തെ ഞാൻ ചോദ്യംചെയ്തതുമില്ല.

യാത്രക്ക് കാശെവിടെയെന്ന ചോദ്യമിട്ടാൽ അനുഭവതീക്ഷ്ണമായ ദുരിതയാത്രക്കിറങ്ങാൻ ബ്രിട്ടോ ഉപദേശിക്കും. ലോക്കൽ ക്ലാസ്​ കമ്പാർട്ട്‌മെന്റും റെയിൽവേസ്റ്റേഷനും ഏതൊക്കെയോ വഴിയമ്പലങ്ങളും കാത്തിരിക്കുന്ന അനുഭവങ്ങളുടെ യാത്രയിലേക്കുടൻ ബ്രിട്ടോ തെന്നിവീഴും

ത്യാഗമല്ല, ബ്രിട്ടോക്കൊപ്പം ഞാൻ ജീവിതമാസ്വദിക്കുകയായിരുന്നു. ഒരർഥത്തിൽ
ആർക്കും കഴിയാത്തൊരു ജീവിതമാണതെന്ന് തോന്നും. എനിക്ക് പതിച്ചുതന്ന
സ്വാതന്ത്ര്യത്തിലല്ല കാൽനൂറ്റാണ്ട് ഞാൻ ബ്രിട്ടോക്കൊപ്പം ജീവിച്ചത്.
ഞാനറിയാത്ത സ്വാതന്ത്ര്യത്തിലേക്ക് ബ്രിട്ടോ സ്‌നേഹത്തോടെ
വരവേൽക്കുകയായിരുന്നു, അതിന്റെ എല്ലാ സാധ്യതകളോടും പരിമിതികളോടും.
ലോകത്തിലേറ്റവും മനോഹരം ഇന്ത്യയാണ്, അതൊരു ലോകമാണ്, ആ ഇന്ത്യയെ സീനയറിയണം, സ്വത്വബോധമില്ലാത്ത അമേരിക്കയല്ല, ഇന്ത്യയെയാണറിയേണ്ടത്, എന്നുപ്രലോഭിപ്പിച്ച് തനിക്കു പോകാനാവാത്ത ഓരോയിടത്തേക്കും ബ്രിട്ടോ എന്നെ പറഞ്ഞയച്ചു. യാത്രക്ക് കാശെവിടെയെന്ന ചോദ്യമിട്ടാൽ അനുഭവതീക്ഷ്ണമായ ദുരിതയാത്രക്കിറങ്ങാൻ ബ്രിട്ടോ ഉപദേശിക്കും. ലോക്കൽ ക്ലാസ്​ കമ്പാർട്ട്‌മെന്റും റെയിൽവേസ്റ്റേഷനും ഏതൊക്കെയോ വഴിയമ്പലങ്ങളും കാത്തിരിക്കുന്ന അനുഭവങ്ങളുടെ യാത്രയിലേക്കുടൻ ബ്രിട്ടോ തെന്നിവീഴും. അപ്പോഴും ഒരിന്ത്യൻ സ്ത്രീക്ക് എപ്പൊഴും വരാവുന്ന ഒരു ദുരന്തത്തെപ്പറ്റി ബ്രിട്ടോ നിരന്തരം മുന്നറിയിപ്പ് തരും. യാത്രയിൽ ബലാത്കാരത്തിനിരയായാൽ ആത്മഹത്യക്കിറങ്ങരുത്, തിരികെ വരണം. അതെപ്പോഴും ബ്രിട്ടോ പറയും.

വെഞ്ഞാറമൂട്ടിൽ നിന്ന്​ തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ വരെയുള്ള
28 കിലോമീറ്ററിലും സംഘടനാപ്രവർത്തനത്തിലുമൊതുങ്ങിയ എന്റെ ജീവിതം വലുതായി. ആദ്യം കൊച്ചിയിലേക്കും അവിടുന്ന് ജീവിതത്തിന്റെയും യാത്രകളുടെയും ഏതൊക്കെയോ അവസ്ഥകളിലേക്ക്​ അത് സഞ്ചരിച്ചു. ഒരു നിതാന്തസഞ്ചാരിക്ക് ഭാഷ പോലും വേണ്ടെന്ന് ബ്രിട്ടോ പറയും. അവിടുന്ന് പതിയെ അൾത്തൂസറിലേക്കും ഭാഷയുടെ ലോകത്തേക്കും വരും. ഭാഷയുടെ ചിഹ്നവ്യവസ്ഥകൾ എനിക്ക് വിശദീകരിച്ചുതരും. എല്ലാം എനിക്കായി ബ്രിട്ടോ
തുറന്നുവക്കുന്ന പ്രചോദനങ്ങളാണ്. അങ്ങനെ ബ്രിട്ടോക്കായി ഞാൻ യാത്രചെയ്തു, മടങ്ങിവന്നു.

ബ്രിട്ടോക്കൊപ്പം ജീവിക്കാനൊരുങ്ങുമ്പോൾ നേരിട്ട വെല്ലുവിളികൾ
തീക്ഷ്ണമായിരുന്നു. അഭിമാനക്ഷതം കൊണ്ട് അച്ഛൻ ആത്മഹത്യ ചെയ്യുമെന്നായി, അതുംകഴിഞ്ഞ് കമ്യൂണിസ്റ്റുകാരനായ അമ്മാവനുനേരെ തിരിഞ്ഞു. പിരപ്പൻകോട് മുരളി തന്റെ രാഷ്ട്രീയലാഭത്തിന് മരുമകളെ ഉപയോഗിക്കുന്നുവെന്നുപറഞ്ഞ് കയർത്തു. അച്ഛൻ അമ്മയെത്തല്ലുമെന്ന് പേടിച്ച് അമ്മമ്മ കൂട്ടിരിപ്പ് തുടങ്ങി. ഒരു വീട് അങ്ങനെ മരിച്ചു. അനിയത്തിയുടെ വിവാഹത്തിനും അമ്മ വെള്ള സാരിയുടുത്തു. എന്നെപ്പറ്റി ചോദിക്കുന്നവരോട് അച്ഛൻ ദേഷ്യപ്പെടും. ബ്രിട്ടോ എം.എൽ.എ.യായിരിക്കുമ്പോൾ
പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സതീതീശന്റെ അച്ഛൻ ഒരിക്കലെന്നെത്തേടി
വീട്ടിൽപ്പോയതിന്റെ തഴമ്പ് ഇപ്പോഴും ബാക്കിയുണ്ട്. സതീശൻ എഞ്ചിനിയറിങ് കോളജ് വിദ്യാർഥിയായിരുന്നു, ഞങ്ങളുടെ വിവാഹത്തെ ഏറ്റവും പിന്തുണച്ച്​ ഒപ്പം നിന്നതും എഞ്ചിനിയറിങ് കോളജിലെ കുട്ടികളായിരുന്നു. വീട്ടിൽപ്പോകാതെ നഗരത്തിൽ തമ്പടിക്കുന്ന സതീശനെത്തേടി അച്ഛൻ പാളയത്തെത്തിയപ്പോൾ അവിടുത്തെ എസ്.എഫ്.ഐ.ക്കാർ സതീശൻ, എന്റെ വീട്ടിലുണ്ടാവുമെന്ന് പറഞ്ഞ് വിലാസവും കൊടുത്തു. സതീശന്റെ പിതാവ് നിഷ്‌കളങ്കമായി വെഞ്ഞാറമൂട്ടിലെ വീട്ടിൽച്ചെന്ന്, ബ്രിട്ടോയുടെ സംബന്ധവീടല്ലേ, സതീശനെവിടെയെന്ന് ചോദിച്ചു. ശിഷ്ടം ലഹള അങ്ങാടിപ്പാട്ടായി.

പക്ഷെ എന്റെ വീട്ടിൽ ഞാൻ മരിച്ചു. 21 വർഷങ്ങൾ, പല ജനനങ്ങൾ, മരണങ്ങൾ, വിവാഹങ്ങൾ... ഒന്നിലും ഞാനുണ്ടായില്ല.

പെറ്റുവളർത്തിയ രക്ഷിതാക്കളെ വേദനിപ്പിച്ചതെന്തിനെന്ന്​ ആദ്യം ബ്രിട്ടോയുടെ അമ്മ ചോദിച്ചു. ആ ചോദ്യം ന്യായമാണെന്നെനിക്കും തോന്നി. അപ്പോഴും നായരുപെണ്ണിനെ മാമോദിസാ വെള്ളം കുടിപ്പിക്കുന്നതെങ്ങനെയെന്ന്
പള്ളീലച്ചനോട് ചോദിക്കാനുള്ള ശ്രമം വിട്ടുകളഞ്ഞതുമില്ല. പക്ഷെ പിതാവ് അത്രയും കടന്നില്ല. ഭാവി ഇരുട്ടിലായ ബ്രിട്ടോയെപ്പോലൊരു പ്രതിഭക്ക് തുണയായി ഒരു പെണ്ണ് വന്നുവെന്ന സന്തോഷത്തിനപ്പുറം ഇവിടെ മറ്റൊന്നും വേണ്ടെന്ന നന്മയിൽ പള്ളീലച്ചൻ ഉറച്ചുനിന്നു. ജീവിതസാഹചര്യങ്ങൾ വേറെയായിരുന്നെങ്കിലും അവരെന്നെ സ്‌നേഹിച്ചു.

ബ്രിട്ടോയുടെ പപ്പക്ക് കിട്ടുന്ന വെറും 1100 രൂപ എം.എൽ.എ. പെൻഷൻ കൊണ്ട് ഏഴ്
വയറുകൾ പിഴക്കണമെന്ന ദുർഗതി വേറെ. സത്യത്തിൽ എന്റെ ജീവിതം മാറിമറിഞ്ഞു. വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളും സംഘടനയും ശീലിപ്പിച്ച മനോബലമാണ് നിലനിർത്തിയത്.

രക്തസാക്ഷിയായ ഇ.കെ. ബാലന്റെ സഹോദരി ഇ.കെ. ശാന്തയുമായി ഒരു സൗഹൃദം നിലനിന്നിരുന്നുവെന്ന് ബ്രിട്ടോ തന്നെ പിന്നീട് പറഞ്ഞിരുന്നു. ആ സൗഹൃദം പതിയെ ഇല്ലാതായി. സത്യത്തിൽ അതിന്റെ യാഥാർഥ്യം വെളിപ്പെട്ടതും എനിക്കുമുന്നിലായിരുന്നു.

1983 മുതൽ 93 വരെ പത്ത് വർഷങ്ങൾ, ബ്രിട്ടോക്ക് പരിക്കേറ്റ ശേഷമുള്ള അടുത്ത ഒരു പതിറ്റാണ്ടിൽ സീനയില്ല. ബ്രിട്ടോ തനിച്ചാണ്, വീട്ടുകാരും പാർട്ടിയും മാത്രം തുണ. സഹായത്തിന് ആവുന്നപോലെ സംഘടനാപ്രവർത്തകരെത്തും. കേരളമെമ്പാടുനിന്നും എസ്.എഫ്.ഐ.ക്കാർ ബ്രിട്ടോയെ
കാണാൻ വരും. രക്തസാക്ഷിയായ ഇ.കെ. ബാലന്റെ സഹോദരി ഇ.കെ. ശാന്തയുമായി ഒരു സൗഹൃദം നിലനിന്നിരുന്നുവെന്ന് ബ്രിട്ടോ തന്നെ പിന്നീട് പറഞ്ഞിരുന്നു. അവർ സാമ്പത്തികപ്രയാസങ്ങളുമനുഭവിച്ചിരുന്നു. പക്ഷെ നന്നായി പഠിച്ചു. ബ്രിട്ടോ ശാന്തക്ക് പ്രചോദനമായി. ഒടുവിൽ ജെ.എൻ.യു.വിലെത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോയുടെ സുഹൃത്തിനെ ജെ.എൻ.യു.വും സ്‌നേഹിച്ചു. ആ സൗഹൃദം പതിയെ ഇല്ലാതായി. സത്യത്തിൽ അതിന്റെ യാഥാർഥ്യം വെളിപ്പെട്ടതും എനിക്കുമുന്നിലായിരുന്നു. ശാന്തയുടെ കത്തുകൾ ബ്രിട്ടോയെത്തേടി നിരന്തരമെത്തുമ്പോൾ ബ്രി​ട്ടോ ശാന്തക്കയച്ച മറുപടിക്കത്തുകൾ ശാന്തക്കരികിലെത്തിയില്ല. ചലനശേഷിയില്ലാത്ത സൈമൺ ബ്രിട്ടോയുടെ മറുപടിക്കത്തുകളെ വീട്ടുകാർ മുക്കി. ആ സൗഹൃദം നഷ്ടമായതിൽ ബ്രിട്ടോ വേദനിച്ചിരുന്നു.

ബ്രിട്ടോയുമായി എന്നെ കണ്ണിചേർത്തത് പ്രണയമല്ല, സംഘടനയാണ്. അത് പകർന്നുതന്ന മൂല്യബോധമാണ്. സംഘടനാപ്രവർത്തനം എന്റെ ആസക്തിയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി മാറിയെന്ന് പറയുന്നവരോട് എന്റെ മകൾ നിലാവ് പറയും, പാർട്ടിയല്ല, വ്യക്തികളാണ് മാറിയതെന്ന്. ബ്രിട്ടോക്കൊപ്പമുള്ള ജീവിതമാരംഭിക്കുമ്പോൾ സാമ്പത്തികമായ ഇല്ലായ്മകളുടെ കാലം കൂടിയാരംഭിക്കുകയായിരുന്നു. തുന്നിക്കൂട്ടിയ വസ്ത്രമുടുത്ത് ഞാൻ വിവാഹങ്ങളിൽ പങ്കെടുത്തു. അകത്തേക്കും പുറത്തേക്കുമായി വെറും മൂന്നുടുപ്പുകളുമായി കഴിഞ്ഞ നാളുകൾ. കാശിന് മുട്ടിപ്പോയ അക്കാലത്താണ് ചിന്തയിൽ തുടർച്ചയായി എഴുതാൻ ബ്രിട്ടോക്കവസരം വന്നത്. ബ്രിട്ടോ സന്തോഷിച്ചു. കുറച്ച് ലക്കങ്ങൾ കഴിഞ്ഞപ്പോൾ അത് നിന്നു. ക്രമേണ സാമ്പത്തികബുദ്ധിമുട്ട് ഒരു ബുദ്ധിമുട്ടല്ലാതായി മാറി. അതെപ്പൊഴും കൂടെയുണ്ടായിരുന്നു. ബ്രി​ട്ടോ യാത്രക്കിറങ്ങിയപ്പോൾ കൈയ്യിൽ കോടികളുണ്ടെന്നു പറഞ്ഞവരുമുണ്ട്. വീടിന്റെ മേൽക്കൂര പൊളിഞ്ഞുവീഴാൻ തുടങ്ങുമ്പോൾ അത് വൃത്തിയാക്കാൻ കരുതിവച്ച പണമെടുത്താണ് ബ്രി​ട്ടോ ഇന്ത്യൻ യാത്രക്കിറങ്ങിയത്.

മനസ്സിനൊപ്പം ശരീരമെത്താതെ വരുമ്പോൾ ബ്രിട്ടോ ദേഷ്യപ്പെടും. അതയാളുടെ നിസ്സഹായതയാണ്. പക്ഷെ ഒരുവിളിയിൽ ബ്രി​ട്ടോ ആ ക്രോധത്തെ
മറികടക്കും.

ബ്രിട്ടോക്ക് പ്രിയപ്പെട്ടൊരു വനിതാ സഖാവ് സഫ്ദർ ഹശ്മിയെക്കുറിച്ച്​വിശദമായ പുസ്തകം തയ്യാറാക്കാൻ ചുമതലയേൽപ്പിച്ചേടത്തുനിന്നാണ് ബ്രി​ട്ടോയുടെ ഇന്ത്യൻയാത്രയെന്ന ചിന്ത പോലും പിറക്കുന്നത്. ഹശ്മിയുടെ ബന്ധുക്കളുടെ അഭിമുഖങ്ങളുൾപ്പടെ ശേഖരിക്കാൻ ഡൽഹി യാത്രയും വാഗ്ദാനം ചെയ്തു. ബ്രി​ട്ടോ തുള്ളിച്ചാടി. പക്ഷെ ആ അവസരം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടപ്പോൾ ബ്രിട്ടോ വല്ലാതെ വേദനിച്ചു, പനി പിടിച്ചു. പക്ഷെ എപ്പോഴുമെന്നപോലെ ബ്രിട്ടോ ആ നഷ്ടബോധത്തെ വേഗത്തിൽ അതിജീവിച്ചു. പുരപ്പണിക്ക് കരുതിവച്ച പണമെടുത്ത് യാത്രക്കിറങ്ങാൻ ഞാൻ പ്രേരിപ്പിച്ചത് യാത്രകളെ ബ്രി​ട്ടോ അത്രയും സ്‌നേഹിക്കുന്നതുകൊണ്ടായിരുന്നു. അതിന്റെ മറുപുറമാണ് ബ്രിട്ടോയുടെ ശരീരവും മനസ്സും തമ്മിലുള്ള കലഹം.

മനസ്സിനൊപ്പം ശരീരമെത്താതെ വരുമ്പോൾ ബ്രിട്ടോ ദേഷ്യപ്പെടും. അതയാളുടെ നിസ്സഹായതയാണ്. പക്ഷെ ഒരുവിളിയിൽ ബ്രി​ട്ടോ ആ ക്രോധത്തെ
മറികടക്കും. കുടുംബാംഗങ്ങളത്രയും ബ്രിട്ടോയെന്ന പരിവേഷത്തിലൂടെ അവസരങ്ങൾ സ്വന്തമാക്കുമ്പോൾ ചലനശേഷിപോലുമില്ലാതെ പ്രയാസപ്പെടുന്ന തന്റെ ദുർഗതിയിലേക്ക് ബ്രി​ട്ടോ മടങ്ങിവരാറുണ്ടായിരുന്നു. ഞാനും ബ്രി​ട്ടോയും വീടുവിട്ടിറങ്ങണമെന്ന ആവശ്യം പോലുമുയർന്നിട്ടുണ്ട്. ആ പ്രതിസന്ധിയിൽ ഞങ്ങൾക്കായി ഒരു വീടുണ്ടായി. ▮

(തുടരും)

Comments