രമണീയം ഒരു എം.ടി കാലം

ഒലിവ് പബ്ലിക്കേഷൻസ് തുടങ്ങിയപ്പോൾ ആദ്യ പുസ്തകം എം.ടിയിൽ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. അങ്ങനെ അദ്ദേഹം ആദ്യം നൽകിയ പുസ്തകമാണ് ‘രമണീയം ഒരു കാലം’ അന്ന് എല്ലാ പുസ്തകങ്ങളിലും ആദ്യത്തെ പേജിൽ എഴുത്തുകാരന്റെ കൈപ്പടയിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുക എന്നുള്ളത് ഞങ്ങൾ ഒരു സ്റ്റൈലായി എടുത്തു. എം.ടിയുടെ കൈപ്പടയിൽ ഒരു കുറിപ്പോടുകൂടി ആദ്യപുസ്തകം… - എം.കെ. മുനീർ എഴുതുന്നു.

എം.ടി എന്ന് ലോകം വിളിച്ച ഇതിഹാസപുരുഷൻ എനിക്ക് പ്രിയപ്പെട്ട വാസുവേട്ടൻ ആയിരുന്നു.
എന്റെ പിതാവുമായി ആരംഭിച്ച ആത്മബന്ധം എന്നിലേക്ക് ആഴത്തിൽ പകർന്നു കൊണ്ടാണ് അദ്ദേഹം വിടപറഞ്ഞു പോയത്. എന്റെ പിതാവും ആയിട്ടുള്ള ബന്ധത്തെ അദ്ദേഹം ‘എളിമയും ഉദാത്തതയും’ എന്ന ലേഖനത്തിലൂടെ ഒരിക്കൽ പറഞ്ഞുവെച്ചിട്ടുണ്ട് (അക്ഷര കേരളത്തിന്റെ ആത്മസുഹൃത്ത്, റഹീം മെച്ചേരി പേജ് 28).

“ഒരിക്കൽ മദ്രാസിലേക്കുള്ള യാത്രയിൽ മദ്രാസ് മെയിലിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിൽ വൈകിയെത്തിയ ഞാൻ കയറിയപ്പോൾ അദ്ദേഹം ഇരിക്കുന്നു. തിരൂരിൽ നിന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ഒരു പരിചാരകനോടൊപ്പം വന്നുകയറി. പലതരം ഭക്ഷണപ്പൊതികൾ ഒരുക്കിവെച്ച് ഇറങ്ങിപ്പോയി. ഷൊർണൂരിൽ നിന്നാണ് മദ്രാസ് മെയിൽ ഭക്ഷണം കൊണ്ടുവരുന്നത്. ഓർഡർ എടുക്കുന്ന പയ്യൻ സി.എച്ചിന്റെ മുന്നിൽ വിനീതനായി നിന്നു. ഷൊർണൂരിൽ നിന്ന് എന്തെങ്കിലും കൊണ്ടുവരണമോ, ഒന്നും വേണ്ട എല്ലാം ഇവിടെയുണ്ട്. എന്റെ ഓർഡർ വേണമോ എന്നറിയാൻ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു. ഒന്നും ഓർഡർ ചെയ്യേണ്ട, ഇവിടെ ഇഷ്ടം പോലെയുണ്ട്. വെജിറ്റേറിയൻ എന്ന ശാഠ്യം ഒന്നുമില്ലല്ലോ."
"ഇല്ല" ഷൊർണൂർ വിട്ടപ്പോൾ അദ്ദേഹത്തിന്റെ കാർമികത്വത്തിൽ വിഭവങ്ങൾ നിരന്നു. അല്പം മാത്രം നുള്ളി തിന്നുന്ന എന്നോട് പറഞ്ഞു
"കഴിക്കണം നിങ്ങൾ ചെറുപ്പക്കാർക്ക് ഭക്ഷണം കഴിക്കാൻ എന്താ ഇത്ര മടി."

ഒലിവ് ബുക്‌സ് പുറത്തിറക്കിയ പെരുമഴക്കാലം പുസ്തപ്രകാശന ചടങ്ങിൽ എം.ടി വാസുദേവൻ നായരും ബാലചന്ദ്രൻ ചുള്ളിക്കാടും.  കമൽ, ഡോ. എം.കെ. മുനീർ തുടങ്ങിയവർ സമീപം.
ഒലിവ് ബുക്‌സ് പുറത്തിറക്കിയ പെരുമഴക്കാലം പുസ്തപ്രകാശന ചടങ്ങിൽ എം.ടി വാസുദേവൻ നായരും ബാലചന്ദ്രൻ ചുള്ളിക്കാടും. കമൽ, ഡോ. എം.കെ. മുനീർ തുടങ്ങിയവർ സമീപം.

എം.ടിക്ക് 17 വയസ്സുള്ളപ്പോൾ എഴുതിയിട്ടുള്ള ഒരു കഥ ചന്ദ്രികയിൽ അടിച്ചു വന്നിരുന്നു. അന്ന് സിതി സാഹിബിന്റെ പുത്രൻ കെ.എസ് മുഹമ്മദും എന്റെ പിതാവും ഒരുമിച്ച് ചന്ദ്രികയിൽ പ്രവർത്തിക്കുന്ന സമയമാണ് (1950). എം.ടി ആദ്യം കെ.എസ് മുഹമ്മദ് സാഹിബിനെയാണ് ചന്ദ്രികയിൽ പോയി കാണുന്നത്. എംടിയുടെ കലാലയ ജീവിതവും എഴുത്തും ആരംഭിക്കുന്ന കാലം "എന്റെ പിതൃ സഹോദരൻ" എന്ന പേരിൽ എം.ടി ഒരുചെറുകഥ എഴുതുകയുണ്ടായി. അത് ചന്ദ്രികയ്ക്ക് അയച്ചു കൊടുത്തപ്പോൾ കെഎസ് മുഹമ്മദ് സാഹിബ് അത് എന്റെ പിതാവിനെ ഏൽപ്പിക്കുകയുണ്ടായി. എന്റെ പിതാവ് ആ കഥ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചു. 1950 ഒക്ടോബർ 14നാണ് അത് പ്രസിദ്ധീകരിച്ചത്. എം.ടി പിന്നീട് ഒരിക്കൽ ഇത് അനുസ്മരിക്കുകയും എന്റെ പിതാവിൽ നിന്നാണ് ആദ്യത്തെ റെമ്യൂണറേഷൻ കിട്ടിയത് എന്നും പറഞ്ഞിട്ടുണ്ട്.

ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച  “എന്റെ പിതൃ സഹോദരൻ" എന്ന എം.ടിയുടെ ചെറുകഥ.
ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച “എന്റെ പിതൃ സഹോദരൻ" എന്ന എം.ടിയുടെ ചെറുകഥ.

പിന്നീടുള്ള കാലം എം.ടി മാതൃഭൂമിയിൽ എൻ.വി കൃഷ്ണ വാര്യരുടെ കീഴിൽ സബ് എഡിറ്ററായി പ്രവർത്തിക്കുന്ന കാലത്ത് എന്റെ പിതാവ് എം.കെ അത്തോളി എന്ന പേരിൽ പുസ്തകനിരൂപണങ്ങൾ നടത്തി ലേഖനങ്ങൾ അയച്ചുകൊടുത്തിരുന്നു. അത് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത് എം.ടി ആയിരുന്നു അതൊരു ചരിത്ര നിയോഗം പോലെ. കഥ പ്രസിദ്ധീകരിച്ച വ്യക്തി എഴുതിയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന സബ് എഡിറ്ററായ എം.ടി. പിന്നീട് എം.ടിക്ക് പിതാവും ആയിട്ടുള്ള ആത്മബന്ധം എന്നിലേക്ക് പകർന്നു കിട്ടി.
ഞാൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എംടിയുടെ മകൾ സിതാരയും എന്റെ സഹപാഠിയായി ഉണ്ടായിരുന്നു. അന്ന് മലയാളം സെക്കൻഡ് ലാംഗ്വേജ് ആയി എടുത്ത ഞങ്ങൾക്ക് എംടിയുടെ "നാലുകെട്ട് "എന്ന നോവൽ പഠിക്കാൻ ഉണ്ടായിരുന്നു.

ഞങ്ങൾക്ക് മലയാളം ക്ലാസ് എടുത്തിരുന്ന കുറുപ്പ് സാർ നോവലിനെക്കുറിച്ച് സംസാരിക്കുന്നതിനോടൊപ്പം എം.ടി എന്ന കഥാകാരനെ വളരെ മനോഹരമായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിത്തന്നു. ഈ കാരണത്താൽ എം.ടി ഞങ്ങളുടെയൊക്കെ മനസ്സിൽ ഒരു വീരകഥാപാത്രമായി മാറി. പിന്നെ എം.ടിയെ കാണുക എന്ന് പറയുന്നത് ഒരു സ്വപ്നമായി മാറി.
ക്ലാസ്സ് വിട്ടു കഴിഞ്ഞാൽ ചില ദിവസങ്ങളിൽ എന്റെ സഹപാഠി അനിൽ സുകുമാറിനോടൊപ്പം ഞങ്ങൾ വെറുതെ എം.ടി യെ കാണാൻ പോകുമായിരുന്നു. ക്ഷേമാന്വേഷണങ്ങൾ നടത്തിക്കഴിഞ്ഞാൽ പിന്നെ അദ്ദേഹം മൗനമായി ഇരിക്കും. ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്ന് പിന്നീട് യാത്ര പറഞ്ഞ് പിരിയും.

ആ ബന്ധം സുദൃഢമായി തുടങ്ങി.
ആ ഇടയ്ക്ക് ഞാനൊരു പ്രസിദ്ധീകരണശാല ആരംഭിച്ചു. ഒലിവ് പബ്ലിക്കേഷൻസ്. അക്ബർ കക്കട്ടിൽ ഞങ്ങളുടെ ഓണററി എഡിറ്ററായി മാറി. ആദ്യ പുസ്തകം എം.ടിയിൽ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. അദ്ദേഹത്തെ ഞങ്ങൾ സമീപിച്ചു. അങ്ങനെ ഒലിവ് പബ്ലിക്കേഷന് അദ്ദേഹം ആദ്യം നൽകിയ പുസ്തകമാണ്" "രമണീയം ഒരു കാലം." അന്ന് എല്ലാ പുസ്തകങ്ങളിലും ആദ്യത്തെ പേജിൽ എഴുത്തുകാരന്റെ കൈപ്പടയിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുക എന്നുള്ളത് ഞങ്ങൾ ഒരു സ്റ്റൈലായി എടുത്തു. ആദ്യ പുസ്തകത്തിൽ തന്നെ എം.ടിയുടെ കൈപ്പടയിൽ ഒരു കുറിപ്പോടുകൂടിയാണ് പുസ്തകം ഇറക്കിയത്.

എം.ടിയുടെ കൈപ്പടയിൽ ഒരു കുറിപ്പോടുകൂടിയാണ്  "രമണീയം ഒരു കാലം" പുസ്തകം ഇറക്കിയത്.
എം.ടിയുടെ കൈപ്പടയിൽ ഒരു കുറിപ്പോടുകൂടിയാണ് "രമണീയം ഒരു കാലം" പുസ്തകം ഇറക്കിയത്.

പിന്നീട് ‘ദയ എന്ന പെൺകുട്ടി’യുടെ തിരക്കഥ ഞങ്ങൾക്ക് തന്നു. എം.ടിയും എൻ.പി മുഹമ്മദും ഒരുമിച്ച് പരിഭാഷപ്പെടുത്തിയ ലോകകഥകളുടെ ഒരു പുസ്തകം കൂടിയിറങ്ങി. വി.ആർ സുധീഷ് എം.ടിയുമായി നടത്തിയ സംഭാഷണങ്ങൾ ഒരു പുസ്തകമായി ഇറങ്ങി. ഒലിവ് പബ്ലിക്കേഷന്റെ പുസ്തക പ്രകാശനങ്ങളിലും എം.ടി നിറസാന്നിധ്യമായിരുന്നു. ‘തേന്മാവിൻ കൊമ്പത്ത്’ തിരക്കഥ ‘പെരുമഴക്കാല’ത്തിന്റെ തിരക്കഥ, ശിഹാബ് തങ്ങളുടെ ലേഖനങ്ങളുടെ സമാഹാരം എന്നിവയുടെയെല്ലാം പ്രകാശനം എം.ടിയാണ് നിർവഹിച്ചത്. പിന്നീടാണ് ‘ഇന്ത്യാ വിഷൻ’ എന്ന ചാനൽ ഉണ്ടാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്
ആ കമ്പനിയിലെ ആദ്യ ഡയറക്ടർമാരിൽ ഒരാളാണ് എം.ടി. അദ്ദേഹം പിന്നീട് ഇന്ത്യാവിഷന്റെ ചീഫ് പ്രോഗ്രാം കൺസൾട്ടഡ് ന്റ ആയി മാറി.
സിനിമ - സീരിയലുകളെയും തിട്ടപ്പെടുത്തുന്ന ചുമതല ഏറ്റെടുത്തു. ഇന്ത്യാവിഷൻ ഒരു ന്യൂസ് ചാനൽ ആയി മാറിയപ്പോൾ ഇന്ത്യാവിഷൻ ആരംഭിച്ച ‘പേഴ്സൺ ഓഫ് ദി ഇയർ’ അവാർഡ് എം.ടിയുടെ കാർമികത്വത്തിൽ ടി.ജെ.എസ് ജോർജെല്ലാം ചേർന്ന് എല്ലാവർഷവും നിഷ്പക്ഷമായി തീരുമാനിച്ചു നൽകിവന്നു. വളരെ താല്പര്യപൂർവ്വം എല്ലാ വർഷവും എംടി അതിനു വേണ്ടി സമയം ചെലവഴിക്കുമായിരുന്നു.

എം.കെ മുനീറും, അക്ബർ കക്കട്ടിലും എം.ടിയോടൊപ്പം.
എം.കെ മുനീറും, അക്ബർ കക്കട്ടിലും എം.ടിയോടൊപ്പം.

അല്പം ക്ഷീണിതനായി തുടങ്ങിയ ശേഷം അദ്ദേഹത്തെ പിന്നെ ഞാൻ വീട്ടിൽ പോയിട്ടാണ് കാണാറുള്ളത്. കുറേ അധികം സമയം സംസാരിച്ചിരിക്കും. അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകങ്ങൾ കാണാമായിരുന്നു. പിന്നീട് ഞാൻ ഡൽഹിയിലും മറ്റുള്ള ഇടങ്ങളിലും പുസ്തകങ്ങൾ വാങ്ങാൻ പോകുമ്പോൾ രണ്ട് പുസ്തകം വാങ്ങും. ഒന്ന് എനിക്കും ഒന്ന് എംടിക്കും. ആ പുസ്തകങ്ങൾ കൊടുക്കുമ്പോൾ വലിയ ആവേശത്തോടെ കൂടി അത് വാങ്ങി അപ്പോൾ തന്നെ മറിച്ചു നോക്കാൻ തുടങ്ങും.

എം.ടി എനിക്ക് ആരായിരുന്നു? ജ്യേഷ്ഠൻ ആയിരുന്നു, പിതൃതുല്യനായിരുന്നു… എന്നെ എപ്പോഴും സ്നേഹത്തോടു കൂടി ചേർത്തു പിടിച്ച എം.ടി. പലരുടെയും മുന്നിൽ മൗനം അവലംബിക്കാറുണ്ടെങ്കിലും എന്തുകൊണ്ട് എന്നോട് ഇത്ര വാചാലനായി സംസാരിച്ചുകൊണ്ടിരുന്നു എന്നെനിക്കറിയില്ല…

Comments