പ്രിയപ്പെട്ട പൂവച്ചലിന് യാത്രാമൊഴി

ആൾക്കൂട്ടങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നുമെല്ലാം അകലെ സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തിൽ സ്വപ്‌നാടകനെ പോലെ അലഞ്ഞ പൂവച്ചൽ ഖാദർ ഇനി ഓർമ്മ. മധുരോദാരമായ ആ ഗാനങ്ങൾ മാത്രം ബാക്കി.

വേണ്ടിവന്നാൽ എവിടെയിരുന്നും പാട്ടെഴുതും പൂവച്ചൽ ഖാദർ; റെയിൽവേ സ്റ്റേഷനിലെ കാതടപ്പിക്കുന്ന ശബ്ദഘോഷത്തിന് നടുവിലിരുന്നുവരെ. ""ഈണം മനസ്സിൽ പതിഞ്ഞുകഴിഞ്ഞാൽ പിന്നെ ഏകാന്തതയിലേക്ക് ഉൾവലിയുന്നതാണ് എന്റെ രീതി. ചുറ്റുമുള്ള ബഹളമെല്ലാം അതോടെ ശമിക്കും. ഞാനും എന്റെ ഭാവനയും മാത്രമുള്ള ഒരു ലോകമേയുള്ളു പിന്നെ. അവിടെയിരുന്ന് പാട്ടെഴുതാൻ എളുപ്പമാണ്..'' പൂവച്ചലിന്റെ വാക്കുകൾ.

മിന്നൽവേഗത്തിൽ പാട്ടെഴുതാൻ, വേണമെങ്കിൽ മാറ്റിയെഴുതാനുമുള്ള കഴിവാണ് പൂവച്ചലിനെ 1970 - 80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റിയത്. ""കായലും കയറും'' എന്ന ചിത്രത്തിലെ പാട്ടെഴുത്തിന്റെ കഥ അദ്ദേഹം വിവരിച്ചുകേട്ടിട്ടുണ്ട്. ""സംവിധായകൻ പറഞ്ഞുതന്ന സിറ്റുവേഷന് അനുയോജ്യമായ വരികൾ തന്നെയാണ് ഞാൻ എഴുതിയത്: "രാവിൻ കണ്മഷി വീണുകലങ്ങിയ' എന്ന് തുടങ്ങുന്ന കാവ്യാത്മകമായ ഗാനം. പാട്ട് കൊള്ളാം, പക്ഷേ കുറച്ചുകൂടി ജനകീയമാകണം ഈണവും വരികളും എന്ന് സംവിധായകൻ പറഞ്ഞപ്പോൾ ഞൊടിയിടയിൽ സംഗീത സംവിധായകൻ കെ വി മഹാദേവൻ ട്യൂൺ മാറ്റി. അതൊരു വെല്ലുവിളിയായിരുന്നു എനിക്ക്. അതേയിരിപ്പിൽ പത്തു പതിനഞ്ചു നിമിഷങ്ങൾക്കകം പുതിയ വരികൾ എഴുതിക്കൊടുത്തു ഞാൻ. ഈണത്തിന്റെ സ്കെയിലിൽ പൂർണ്ണമായും ഒതുങ്ങിനിൽക്കുന്ന പാട്ട്.''

വാശിയോടെ അന്ന് പൂവച്ചൽ എഴുതിക്കൊടുത്ത പാട്ട് ഇന്ന് ചരിത്രത്തിന്റെ ഭാഗം: ""ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ, മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു.'' യേശുദാസിന്റെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്ന്. രചനാജീവിതത്തിൽ തനിക്ക് വഴിത്തിരിവായത് ആ പാട്ടാണെന്ന് വിശ്വസിച്ചു പൂവച്ചൽ. കായലും കയറും (1979) എന്ന ചിത്രത്തിലെ മറ്റു പാട്ടുകളും ജനപ്രീതിയിൽ ഒട്ടും പിന്നിലായിരുന്നില്ല: ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ ചിറയൻകീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ (യേശുദാസ്), കടക്കണ്ണിലൊരു കടൽ കണ്ടു (വാണി ജയറാം), രാമായണത്തിലെ ദുഃഖം (എൻ വി ഹരിദാസ്). "" പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ ഒരിക്കൽ പറഞ്ഞതോർമ്മയുണ്ട്: എന്റെ നാട്ടിലുള്ള സകല പെണ്ണുങ്ങളെയും ഞാൻ വരച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണിനെ കണ്ടിട്ടില്ല. താൻ എന്നേയും കടത്തിവെട്ടിക്കളഞ്ഞല്ലോ എന്ന്.'' - പൂവച്ചൽ.

അങ്ങനെ എത്രയെത്ര ഗാനങ്ങൾ. ആദ്യമായി ഒരു മുഴുനീള ഗാനമെഴുതിയത് റവ. സുവിശേഷമുത്തു സംവിധാനം ചെയ്ത ""കാറ്റു വിതച്ചവൻ'' (1973) എന്ന ചിത്രത്തിന് വേണ്ടിയാണ്. പീറ്റർ രൂബന്റെ സംഗീതത്തിൽ മേരി ഷൈല പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച കൃസ്തീയ ഭക്തിഗാനമായി നിലനിൽക്കുന്നു ഇന്നും - ""നീയെന്റെ പ്രാർത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു.'' അതേ ചിത്രത്തിലായിരുന്നു യേശുദാസ് ശബ്ദം നൽകിയ ആ മനോഹര പ്രണയഗാനവും: ""മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു.'' മലയാള സിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ പൂവച്ചൽ. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), മൗനമേ നിറയും മൗനമേ (തകര), ഏതോ ജന്മ കൽപ്പനയിൽ (പാളങ്ങൾ), ഇതിലേ ഏകനായ് (ഒറ്റപ്പെട്ടവർ), ഋതുമതിയായ് തെളിമാനം (മഴനിലാവ്), അനുരാഗിണീ ഇതായെൻ (ഒരു കുടക്കീഴിൽ), സിന്ദൂര സന്ധ്യക്ക് മൗനം (ചൂള), രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാൺസിംഹം (സന്ദർഭം), കരളിലെ കിളി പാടി (അക്കച്ചീടെ കുഞ്ഞുവാവ), മന്ദാരച്ചെപ്പുണ്ടോ (ദശരഥം), പൂമാനമേ (നിറക്കൂട്ട് ), പൊൻവീണേ (താളവട്ടം), കിളിയേ കിളിയേ (ആ രാത്രി), കായൽക്കരയിൽ തനിച്ചുവന്നത് (കയം).... മലയാളികൾ ഇന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന പാട്ടുകൾ. എ ടി ഉമ്മറാണ് പൂവച്ചലിന്റെ ഏറ്റവുമധികം രചനകൾക്ക് ഈണം പകർന്നത്. തൊട്ടുപിന്നിൽ ശ്യാം, ജോൺസൺ, രവീന്ദ്രൻ. ജയദേവകവിയുടെ ഗീതികളും രാമായണക്കിളിയും (സംഗീതം: എം ജി രാധാകൃഷ്ണൻ) പോലുള്ള ജനപ്രിയ ലളിതഗാനങ്ങൾ വേറെ.

പ്രണയഗീതങ്ങളിലാണ് പൂവച്ചലിലെ ഗാനകവി പൂത്തുലഞ്ഞതെന്ന് തോന്നിയിട്ടുണ്ട്. ഐ വി ശശിയുടെ ആദ്യ ചിത്രമായ ഉത്സവ'' (1975) ത്തിലെആദ്യസമാഗമലജ്ജയിൽ ആതിരാതാരകം കണ്ണടക്കുമ്പോൾ'' (യേശുദാസ്) എങ്ങനെ മറക്കും? കാമുകഹൃദയങ്ങളിൽ പ്രഥമാനുരാഗത്തിന്റെ അനുഭൂതി നിറക്കുന്ന ഗാനം. അത് ചിട്ടപ്പെടുത്തിയ എ ടി ഉമ്മറിനെ ഏറെക്കാലത്തിന് ശേഷമാണ് താൻ ആദ്യമായി നേരിൽ കണ്ടതെന്ന് പറഞ്ഞിട്ടുണ്ട് പൂവച്ചൽ. പാട്ടുകൾ എഴുതിക്കൊടുത്ത് തിടുക്കത്തിൽ നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു അദ്ദേഹം. ആ ഗാനവുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകമുള്ള ഓർമ്മകൂടി പൂവച്ചൽ പങ്കുവെച്ചതോർക്കുന്നു: `മുരുക്കുംപുഴയിലെ ഒരു സിനിമാക്കൊട്ടകയിലിരുന്നാണ്ഉത്സവം' കണ്ടത്. വിവാഹശേഷം ഭാര്യയോടൊപ്പം ആദ്യം കണ്ട പടം. മധുവിധുക്കാലമായതിനാൽ ഭർത്താവെഴുതിയ പാട്ടിന്റെ ചിത്രീകരണം കാണാൻ ഭാര്യക്ക് താല്പര്യമുണ്ടാകുമല്ലോ. കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ പാട്ട് വന്നപ്പോൾ ഹാളിലെ സൗണ്ട് സിസ്റ്റം പിണങ്ങി. പാട്ടിനു പകരം ആകെയൊരു ചിലമ്പൽ. അപശബ്ദം കേട്ട് ചിരിയടക്കാൻ പാടുപെടുന്ന ഭാര്യയുടെ ചിത്രമാണ് ആ ഗാനത്തിനൊപ്പം ഇന്നും മനസ്സിൽ വന്നുനിറയുക.''

എഞ്ചിനീയറുടെ കുപ്പായം ഉപേക്ഷിച്ചു പാട്ടെഴുത്തുകാരനായ കഥയാണ് പൂവച്ചലിന്റേത്. വലപ്പാട്ട് ശ്രീരാമ പോളിടെക്‌നിക്കിൽ നിന്ന് എഞ്ചിനീയറിംഗ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എ എം ഐ ഇയും നേടിയ ഖാദറിന്റെ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു. ഓവർസിയറായിട്ടാണ് തുടക്കം. പിന്നെ അസിസ്റ്റന്റ് എഞ്ചിനീയറായി. സുഹൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ കാനേഷ് പൂനൂർ വഴി ഐ വി ശശിയെ പരിചയപ്പെട്ടതാണ് പൂവച്ചലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാനേഷിന്റെ ശുപാർശയിൽ ""കവിത'' (1973) എന്ന ചിത്രത്തിൽ ഗാനരചയിതാവായി പൂവച്ചലിനെ പരീക്ഷിക്കുന്നു ശശി. നടി വിജയനിർമ്മലയുടെ ആദ്യ സംവിധാനസംരംഭമായാണ് അറിയപ്പെടുന്നതെങ്കിലും ""കവിത''യുടെ ചിത്രീകരണച്ചുമതല മുഴുവൻ ഏറ്റെടുത്തത് ആർട്ട് ഡയറക്റ്ററായ ശശിയാണ്. ഭാസ്കരൻ മാസ്റ്റർ ഗാനങ്ങളെഴുതിയ ആ പടത്തിൽ ചില കവിതാ ശകലങ്ങൾ രചിച്ചുകൊണ്ട് അങ്ങനെ പൂവച്ചൽ സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നു.

ബാബുരാജിനെ പോലൊരു മഹാപ്രതിഭയോടൊപ്പം സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് സഹകരിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതി പൂവച്ചൽ. ""ചുഴി''യാണ് ആ സംഗമത്തിന് വേദിയൊരുക്കിയത്. യുവഗാനരചയിതാവിനെ കണ്ടപ്പോൾ ബാബുക്ക പറഞ്ഞു: ""ഓ, ഈ ചെക്കനാണോ എഴുത്തുകാരൻ? ഞാൻ കരുതി വേറെയേതോ വലിയ ഉസ്താദാണെന്ന്.'' പിന്നെ ഇടങ്കണ്ണിട്ടുള്ള ആ കുസൃതിച്ചിരി. ലിറിക്സിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം ബാബുരാജ് പറഞ്ഞു: ""തിരിയുന്നില്ല. ഇതൊന്ന് വലുതാക്കി എഴുതിത്താ മോനെ.'' സാമാന്യം വലിപ്പത്തിൽ മറ്റൊരു കടലാസിൽ പകർത്തിയെഴുതിക്കൊടുത്തപ്പോൾ ബാബുക്ക ചോദിച്ച രസികൻ ചോദ്യം പൂവച്ചൽ ഓർക്കുന്നു: ""ഇയ്യെന്താ പോസ്റ്ററെഴുതാൻ പഠിക്യാ?''

""ഹൃദയത്തിൽ നിറയുന്ന മിഴിനീരാലെൻ തൃക്കാൽ കഴുകുന്ന നാഥാ'' എന്ന ഗാനമാണ് ആദ്യം പിറന്നത്. പിന്നെ ""കാട്ടിലെ മന്ത്രീ, കൈക്കൂലി വാങ്ങാൻ കയ്യൊന്നു നീട്ടൂ രാമാ, നാട്ടിലിറങ്ങി വോട്ടു പിടിക്കാൻ വേഷം കെട്ടൂ രാമാ.'' ആന്റോയും എൽ ആർ ഈശ്വരിയും പാടിയ നല്ലൊരു ഹാസ്യഗാനം. പക്ഷേ പാട്ട് റേഡിയോയിൽ കേട്ടുതുടങ്ങിയതോടെ കഥ മാറി. ആസ്വാദകർക്കൊപ്പം വിമർശകരുമുണ്ടായി അതിന്. സംസ്ഥാന വനം വകുപ്പ് മന്ത്രിയെ കരിതേച്ചു കാണിക്കാൻ വേണ്ടി കരുതിക്കൂട്ടി എഴുതിയ പാട്ടാണെന്നായിരുന്നു പ്രധാന ആരോപണം.

കാരണമുണ്ട്. അഴിമതിയാരോപണങ്ങളിൽപ്പെട്ടുഴലുകയായിരുന്നു അന്നത്തെ വനം മന്ത്രി. ""കാട്ടുകള്ളൻ'' എന്നൊക്കെ വിളിച്ച് മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്ന കാലം. സ്വാഭാവികമായും മന്ത്രിയെ അടിക്കാൻ നല്ലൊരു വടിയായി കണ്ടു പ്രതിപക്ഷകക്ഷികൾ ആ പാട്ടിനെ. പാർട്ടി സമ്മേളനങ്ങളിൽ സ്ഥിരം അജണ്ടയായി മാറി അത്. രാഷ്ട്രീയത്തിലെ അവസരവാദികളെ കണക്കിന് കളിയാക്കിയിട്ടുണ്ടെങ്കിലും ഒരു പ്രത്യേക നേതാവിനേയും ലക്‌ഷ്യം വെച്ച് എഴുതിയതല്ല ആ പാട്ടെന്ന് ആണയിട്ടു പറഞ്ഞു ഖാദർ. എന്തായാലും അധികം താമസിയാതെ പാട്ട് റേഡിയോയിൽ നിന്ന് അപ്രത്യക്ഷമായി. പൊതുയോഗങ്ങളിൽ അതു കേൾപ്പിക്കുന്നതിന് അനൗദ്യോഗിക വിലക്കും വന്നു. ""ചലച്ചിത്ര ഗാനത്തിന് പോലീസ് നിരോധനം'' എന്ന തലക്കെട്ടിൽ അക്കാലത്ത് പത്രങ്ങളിൽ വാർത്ത വരെ വന്നുവെന്ന് പൂവച്ചൽ. വാഗ്വാദങ്ങളിൽ താൽപര്യം പണ്ടേയില്ലാത്തതിനാൽ വിശദീകരണം ചോദിച്ച് അലമ്പുണ്ടാക്കാനൊന്നും പോയില്ല മര്യാദക്കാരനായ കവി.

ആൾക്കൂട്ടങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നുമെല്ലാം അകലെ സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തിൽ സ്വപ്‌നാടകനെ പോലെ അലഞ്ഞ പൂവച്ചൽ ഖാദർ ഇനി ഓർമ്മ. മധുരോദാരമായ ആ ഗാനങ്ങൾ മാത്രം ബാക്കി.

Comments