വി.കെ.എൻ /ഫോട്ടോ: പുനലൂർ രാജൻ

വി.കെ.എൻ (കണക്കുമാഷുടെ മുഖമുള്ള...)

വി.കെ.എൻ, എം.പി. നാരായണപിള്ള, കാക്കനാടൻ... മലയാളിയുടെ പ്രിയ എഴുത്തുകാരുടെ അറിയപ്പെടാത്ത ജീവിതകൗശലങ്ങളിലൂടെ...

ഞാൻ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് അമ്മ പറയുന്ന എഴുത്തുകാരുടെ ഇടയിൽ വി.കെ.എൻ എന്ന പേര് ശ്രദ്ധിക്കാൻ തുടങ്ങിയത്. അമ്മാവന്മാർക്ക് എഴുതുന്ന കത്തുകളിൽ വി.കെ.എൻ എന്ന പേര് ഇടക്കിടെ കാണുവാൻ തുടങ്ങിയപ്പോൾ എന്നാലതൊന്ന് വായിച്ചാലോ എന്ന തോന്നലിലാണ് ഞാനാ കഥകൾ വായിക്കാൻ തുടങ്ങിയത്. ഞാനതുവരെ വായിച്ചിരുന്നവയിൽ നിന്ന് ഏറെ വ്യത്യസ്തമായി തോന്നിയ എഴുത്ത്. ഇടക്ക് തന്നത്താൻ ചിരിച്ചും ഇടക്ക് ഇതിലെന്താണിത്ര തമാശ എന്നറിയാതെ കുഴങ്ങിയും അമ്മ പറയുന്നതിലത്രക്കൊന്നും കാര്യമില്ല എന്ന് തന്നത്താൻ പറഞ്ഞും ഞാൻ വി.കെ.എൻ കഥകൾ വായിക്കുന്നത് പതിവാക്കി.

ഡിഗ്രി അവസാന വർഷമായിരുന്നനു പുല്ലുവഴിക്കാരനായ നാണപ്പനെന്ന് വിളിപ്പേരുളള എം.പി നാരായണപിള്ളയുമായുള്ള എന്റെ വിവാഹം. തീയതി കുറിക്കാൻ പുല്ലുവഴിയിൽ നിന്ന് ആൾക്കാർ വരുമെന്ന് പറഞ്ഞ ദിവസം രാവിലെ ആദ്യം എത്തിയത് തിരുവില്വാമലക്കാരൻ "കണക്കുമാഷ്' ആയിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരുദിവസം ഗേറ്റ് തുറന്ന് ആജാനബാഹുവായ ഒരാൾ വീട്ടുമുറ്റത്തെത്തിയത്. ഉമ്മറത്ത് വന്ന അമ്മയോടും അമ്മമ്മയോടും താൻ ഡൽഹിയിൽ നിന്ന് വന്നയാളാണെന്നും അമ്മയുടെ ഏട്ടൻ സി.പി രാമചന്ദ്രന്റെ സുഹൃത്താണെന്നും വി.കെ.എൻ എന്ന പേരിലാണറിയപ്പെടുന്നതെന്നുമൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ മെല്ലെ എത്തിനോക്കി. എനിക്കെന്തോ ആളെ കണ്ടപ്പോൾ എന്റെ കണക്കുമാഷെയാണ് ഓർമ വന്നത്. കണക്കിൽ മോശമായ എനിക്ക് സ്വാഭാവികമായും കണക്കുമാഷെ അത്ര പിടുത്തമുണ്ടായിരുന്നില്ല. ആ ഓർമ്മ ഉള്ളതുകൊണ്ടാവും ഞാൻ മുന്നിലേക്ക് വന്ന് പരിചയപ്പെടാനൊന്നും പോയില്ല. എങ്കിലും ഞാൻ വായിക്കുന്ന കഥകൾ എഴുതുന്നയാളെ നേരിൽ കാണുക എന്നത് വല്ലാത്തൊരനുഭവമായി തോന്നി.

എം.പി നാരായണ പിള്ളയും പ്രഭയും
എം.പി നാരായണ പിള്ളയും പ്രഭയും

അതുകഴിഞ്ഞേതാണ്ടൊന്ന് രണ്ട് കൊല്ലം കഴിഞ്ഞ് ഏട്ടമാമ (സി.പി. രാമചന്ദ്രൻ) ലീവിൽ വന്നപ്പോൾ, അന്ന് ഞാൻ പ്രീഡിഗ്രിയിൽ എത്തിയിരുന്നു, വീണ്ടും ഒരു രാവിലെ കണക്കുമാഷെ ഓർമിപ്പിക്കുന്ന ആൾ എത്തി. എന്റെ കോളജ് മാഗസിനൊക്കെ കാണിച്ചു കൊടുത്ത് എന്നെ അവരുടെ സംസാരത്തിൽ കൂട്ടാൻ ഏട്ടമാമ ഏറെ ശ്രമിച്ചുവെങ്കിലും ഞാൻ ഒഴിഞ്ഞുമാറി. എല്ലാവരുമായി സംസാരിക്കുകയും ഇടപഴകുകയും തമാശകൾ പറഞ്ഞ് ചിരിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും എനിക്കെന്തോ വി.കെ എന്നിനെ നേരിൽ കണ്ടപ്പോഴൊക്കെ ആ മുഖത്ത് അതിനൊക്കെ അപ്പുറം ഒരു ഗൗരവക്കൂടുതൽ അനുഭവപ്പെട്ടിരുന്നു.

നാടാരെ കാണുക എന്നത് പറളി പാലത്തിനടുത്തുണ്ടായിരുന്ന കള്ളുഷാപ്പിൽ കയറുക എന്നതിന് നാണപ്പനും വി.കെ.എന്നും ഉണ്ടാക്കിയ ഒരു കോഡ് ഭാഷയായിരുന്നു

ഡിഗ്രി അവസാന വർഷമായിരുന്നനു പുല്ലുവഴിക്കാരനായ നാണപ്പനെന്ന് വിളിപ്പേരുളള എം.പി നാരായണപിള്ളയുമായുള്ള എന്റെ വിവാഹം. തീയതി കുറിക്കാൻ പുല്ലുവഴിയിൽ നിന്ന് ആൾക്കാർ വരുമെന്ന് പറഞ്ഞ ദിവസം രാവിലെ ആദ്യം എത്തിയത് തിരുവില്വാമലക്കാരൻ "കണക്കുമാഷ്' ആയിരുന്നു. തീയതി ഉറപ്പിച്ച് പുല്ലുവഴി കുടുംബക്കാരെ തിരിച്ചയച്ചശേഷം നാണപ്പനും നാണപ്പന്റെ സഹോദരീ ഭർത്താവ് കാലടി ഗോപിച്ചേട്ടനും വി.കെ.എന്നും പിന്നേയും കുറച്ചുനേരം കൂടി വീട്ടിലിരുന്നു സംസാരിച്ചു. പറളിയിലുള്ള തന്റെ സുഹൃത്ത് നാടാരെ (പറളിയിൽ അന്ന് അറിയപ്പെടുന്ന പ്രമാണിയായിരുന്നു നാടാർ) കാണാൻ പോകണമെന്നും നാണപ്പനും ഗോപിച്ചേട്ടനും തനിക്കൊപ്പം വരണമെന്നും പറഞ്ഞ് വി.കെ.എൻ പോകാനെണീറ്റു. ഗോപിച്ചേട്ടന് അതിലത്ര താൽപര്യമില്ലെന്ന് തോന്നി. അതിന്റെ കാരണം കല്ല്യാണം കഴിഞ്ഞശേഷമാണ് മനസ്സിലാവുന്നത്. നാടാരെ കാണുക എന്നത് പറളി പാലത്തിനടുത്തുണ്ടായിരുന്ന കള്ളുഷാപ്പിൽ കയറുക എന്നതിന് നാണപ്പനും വി.കെ.എന്നും ഉണ്ടാക്കിയ ഒരു കോഡ് ഭാഷയായിരുന്നു. അത് മനസിലായതിന്റെ ടെൻഷനായിരുന്നു ഗോപിച്ചേട്ടന്. പെണ്ണിന്റെ വീട്ടിൽ വന്ന് കല്ല്യാണ തീയതി നിശ്ചയിച്ചശേഷം നേരെ കള്ളുഷാപ്പിൽ പോവുക എന്നാൽ ഈ കല്ല്യാണം പൊളിഞ്ഞു എന്ന് ഗോപിച്ചേട്ടൻ ഉറപ്പിച്ചു.

പറളിയിലെ വീട്ടുമുറ്റത്തുനിന്ന് പഴയൊരു കുടുംബചിത്രം: പ്രഭ പിള്ളയും സഹോദരങ്ങളും അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പം
പറളിയിലെ വീട്ടുമുറ്റത്തുനിന്ന് പഴയൊരു കുടുംബചിത്രം: പ്രഭ പിള്ളയും സഹോദരങ്ങളും അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പം

"ഞങ്ങളീ കാര്യങ്ങളൊന്നുമറിഞ്ഞില്ല, ആരും ഞങ്ങളോടൊന്നും പറഞ്ഞില്ല. നിങ്ങൾക്ക് നാട്ടിൽ ബന്ധങ്ങളില്ല, പുല്ലുവഴിയിലാണിതുപോലെ നടന്നതെങ്കിൽ പത്തുമിനിട്ടിൽ എല്ലാവരും ഇതറിഞ്ഞിട്ടുണ്ടാവു’മെന്നൊക്കെ നാണപ്പൻ പിന്നിടെപ്പോഴും ഞങ്ങളെ കളിയാക്കിയിരുന്നു. തികഞ്ഞ ഗാന്ധിയനായിരുന്നു അച്ഛനെങ്കിലും സന്ധ്യകഴിഞ്ഞ് എണ്ണതേച്ച് കുളിച്ച് വസ്ത്രം മാറി സുഗന്ധദ്രവ്യങ്ങൾ പൂശി ഒരു ഗ്ലാസും കുപ്പിയുമായി ഇരിക്കുന്ന ഏട്ടമാമയും മക്കൾ ലീവിൽ വന്നാൽ ഒരു പെഗ്ഗടിക്കുന്ന അമ്മമ്മയും ഉള്ള വീട്ടിൽ കള്ളുഷാപ്പിൽ പോയി എന്നതുകൊണ്ട് മാത്രം കല്ല്യാണം മുടങ്ങുന്ന പുല്ലുവഴി രീതി ഏശില്ല എന്ന് ഞാനും അതിന്​ മറുപടിയായി മറുഗോളടിക്കും.

എന്റെ കല്ല്യാണത്തിന് കാക്കനാടനെന്ന ബേബിച്ചായനും വി.കെ.എന്നും വന്നിരുന്നില്ല. പറളിയും തിരുവില്വാമലയും അടുത്ത സ്ഥലങ്ങളായിട്ടും വി.കെ.എൻ പോലും വന്നില്ലല്ലോ എന്ന് നാണപ്പനെ ഇളക്കാൻ പലപ്പോഴും ഞാൻ പറഞ്ഞപ്പോഴൊക്കെ ചിരിയായിരുന്നു മറുപടി. പക്ഷെ അതിന്റെ കാരണം ഞാനറിഞ്ഞത് വർഷങ്ങൾക്ക് ശേഷം ബേബിച്ചായൻ പറഞ്ഞ കഥയിലൂടെയാണ്. ബോംബയിൽ മരുമകൻ മനുവിന്റെ കല്ല്യാണ നിശ്ചയത്തിന് (അതായിരുന്നു ബേബിച്ചായന്റെയും അമ്മിണിചേച്ചിയുടെയും അവസാന ബോംബേയാത്ര), തമ്മിൽ കണ്ടപ്പോൾ ഞാൻ നാണപ്പനോട് ചോദിക്കാറുള്ള, എന്തുകൊണ്ട് നിങ്ങളാരും നാണപ്പന്റെ കല്ല്യാണത്തിന് വന്നില്ലെന്ന എന്റെ ചോദ്യം ആവർത്തിച്ചു. അതിനുത്തരം പറഞ്ഞത് അമ്മിണി ചേച്ചിയായിരുന്നു.

എന്റെ കല്ല്യാണ നിശ്ചയ ദിവസത്തിനുശേഷം ഞാനദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. നേരിൽ കണ്ടപ്പോഴൊന്നും സംസാരിച്ചിട്ടുമില്ല. സ്വന്തം ബുദ്ധിശക്തിയിലത്ര മതിപ്പില്ലാത്തതുകൊണ്ടാവാം

ഭർത്താക്കന്മാർ ഭാര്യമാരെ പറ്റിച്ച കഥ എന്നുപറഞ്ഞായിരുന്നു തുടക്കം. കല്ല്യാണത്തിന് തലേന്ന്​ ബേബിച്ചായനും അമ്മിണിചേച്ചിയും മകൾ രാധയും കൂടി തിരുവില്വാമലയിലെത്തി. പിറ്റേന്ന് രാവിലെ തന്നെ കല്ല്യാണത്തിനുപോകാൻ അമ്മിണി ചേച്ചിയും വി.കെ.എന്നിന്റെ ഭാര്യയും തയാറായി. ടാക്‌സി വിളിക്കാൻ ഭർത്താക്കന്മാർ പുറത്തിറങ്ങി. ടാക്‌സി പിടിക്കുന്നതിനു മുമ്പ് ഓരേഒരു പ്രാവശ്യം എന്നുപറഞ്ഞ് പതിവുസ്ഥലത്ത് കയറി. അവിടന്ന് ഇറങ്ങി അടുത്ത ഷാപ്പിൽ. ‘ഒരേ ഒരു പ്രാവശ്യം’ പലതവണ പലയിടത്തും നടത്തി. ടാക്‌സി പിടിച്ച്​ അവർ പാലക്കാട് വരെ ഈ ഒരേ ഒരു പ്രാവശ്യം ആവർത്തിച്ചു. കുറേ കഴിഞ്ഞപ്പോഴാണ്​ അറിയുന്നത്, അവർ പാലക്കാട്​ എത്തിയെന്നും സമയം ഏറെയായെന്നും. പിന്നെ തിരുവില്വാമലയിൽ മടങ്ങി​പ്പോയി സ്ത്രീജനങ്ങളെ കൂട്ടിവരാൻ സമയമില്ലെന്ന് മനസിലായപ്പോൾ രണ്ടുപേരും പറളിക്ക് വിട്ടു.

'ഏട്ട മാമ്മ' എന്ന സി.പി. രാമചന്ദ്രനും പ്രഭ പിള്ളയുടെ അനിയത്തി രമയും (ഇടത്) സരോജിനി അമ്മയും
'ഏട്ട മാമ്മ' എന്ന സി.പി. രാമചന്ദ്രനും പ്രഭ പിള്ളയുടെ അനിയത്തി രമയും (ഇടത്) സരോജിനി അമ്മയും

വീടിനുമുൻപിലുള്ള ഇടവഴിയിലെത്തി വീട്ടിലേക്ക്​ നോക്കിയപ്പോൾ അവർക്ക് കല്ല്യാണം കഴിഞ്ഞുവെന്ന് മനസിലായി. കുറച്ചുനേരം ഇടവഴിയിൽ നിന്നുതന്നെ വീട്ടിലേക്ക് നോക്കി നിന്നശേഷം അവർ മടങ്ങാൻ തീരുമാനിച്ചു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ "​ഒരേ ഒരു പ്രാവശ്യം' വേണ്ട എന്നതുകൊണ്ട് പലയിടത്തും പല പ്രാവശ്യം കേറിയിറങ്ങി വീട്ടിലെത്തിയപ്പോഴേക്കും രാത്രി കുറേയേറെയായിരുന്നു. ലഹളയും വഴക്കുമൊന്നും ഏശാത്ത ഒരു തലത്തിലായിരുന്നു ഭർത്താക്കന്മാർ എന്ന് മനസിലായ ഭാര്യമാർ സ്വയം തണുത്തു. പിറ്റേന്ന് അമ്മിണിചേച്ചിയുടെ, ഇനി ഒരിക്കലും ഒരുമിച്ച് ഒരു കല്ല്യാണത്തിനും വരില്ലെന്ന ഭീഷ്മ പ്രതിജ്ഞയോടെ അവർ കൊല്ലത്തേക്ക് തിരിച്ചുപോയി എന്നായിരുന്നു കഥയുടെ പരിസമാപ്തി. (ആ പ്രതിജ്ഞ പാലിക്കാൻ അമ്മിണിചേച്ചിക്ക് പറ്റിയെന്ന് തോന്നുന്നില്ല. രാജൻ കാക്കനാടന്റെ കല്ല്യാണത്തിന് ഞങ്ങളെല്ലാവരും ഒന്നിച്ചാണ് പോയത്.)

1972ൽ എന്റെ അനിയൻ രവി രണ്ട് കാക്കകഥകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നു. അതിന് തുടർച്ചയായി വി.കെ.എൻ ഒരു മൂന്നാം കാക്കകഥ എഴുതിയിട്ടുണ്ട്- രവിയേയും എന്റെ അച്ഛനേയും പറളിയേയും ഒക്കെ പരാമർശിച്ചൊരു കഥ. കഥാലോകത്തെ നവാഗതരെ പ്രോത്സാഹിപ്പിക്കുക എന്ന വി.കെ.എൻ രീതിയാകാം ഒരു പക്ഷെ അതിനു പിറകിൽ.

"കുട്ടി' എന്നാണ് വി.കെ.എന്നിനെ ഏട്ടമാമ വിളിച്ചിരുന്നത്. കുട്ടി എന്നാണ് ഏട്ടമാമ എന്റെ അനിയത്തിയേയും വിളിച്ചിരുന്നത്. വി.കെ.എൻ വീട്ടിലുളള സമയത്ത് ഈ വിളിക്കവർ രണ്ടുപേരും വിളികേട്ടിരുന്നെന്ന്​ എന്റെ അനിയത്തി പറയാറുണ്ട്.

സി.പി. രാമചന്ദ്രനും സഹോദരി സി.പി. സരോജിനി അമ്മയും.
സി.പി. രാമചന്ദ്രനും സഹോദരി സി.പി. സരോജിനി അമ്മയും.

ചിലപ്പോഴൊക്കെ ഏട്ടമാമ ലീവിൽ വരുമ്പോൾ രാത്രി വി.കെ.എൻ പറളിയിൽ താമസിക്കാറുള്ളത്, അവരുടെ വൈകുന്നേരങ്ങളിലെ പുഴയിൽ കുളിക്കാൻ പോക്ക്, തിരിച്ചുവന്നുള്ള പതിവ് സദിര്, പാട്ട്, ഡാൻസ്, അതിനിടക്കുള്ള വി.കെ.എൻ കഥകളെക്കുറിച്ചുള്ള ചർച്ചകൾ, ചിലപ്പോഴെങ്കിലും പയ്യൻസിൽ ഏട്ടമാമയെ കാണാൻ പറ്റുമെന്ന വി.കെ.എന്നിന്റെ തുറന്നുപറച്ചിൽ, അച്ഛന്റെ കൂടെ ഒരു വിഷുവിന് കോട്ടക്കൽ പോയി അച്ഛമ്മയുടെ കയ്യിൽ നിന്ന് ഒരുറുപ്പിക വിഷുക്കേട്ടം മേടിച്ച് തിരിച്ചുവന്നത്- കേട്ടറിവുള്ള കാര്യങ്ങളാണിതൊക്കെ. (ഡിഗ്രിപഠിത്തം തിരുവനന്തപുരത്തായിരുന്നതുകൊണ്ടും പഠിത്തത്തിനിടയിൽ കല്ല്യാണം കഴിഞ്ഞതുകൊണ്ടും പറളിയിൽ 1969നുശേഷം അധികം സ്ഥിരതാമസമുണ്ടായിട്ടില്ലാത്തതുകൊണ്ടുമാണിതൊക്കെ എനിക്ക് കേട്ടറിവായത്.) പിന്നീടെപ്പോഴോ അവരുടെ പറളിയിലേക്കും തിരുവില്വാമലയിലേക്കുമുള്ള വരവ്‌പോക്ക് നിന്നു. അവർ തമ്മിൽ എന്തിലെങ്കിലുമുള്ള അഭിപ്രായ വ്യത്യാസമായിരുന്നോ കാരണം, അറിയില്ല. എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായാൽ പരസ്പരം ചെളിവാരിയെറിയുന്ന സ്വഭാവം രണ്ടുപേർക്കുമില്ല എന്നതുകൊണ്ടാവാം ഇന്നുമതിന്റെ കാരണം ഞങ്ങൾക്കാർക്കും അറിയാത്തത്.

എന്റെ കല്ല്യാണ നിശ്ചയ ദിവസത്തിനുശേഷം ഞാനദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല. നേരിൽ കണ്ടപ്പോഴൊന്നും സംസാരിച്ചിട്ടുമില്ല. സ്വന്തം ബുദ്ധിശക്തിയിലത്ര മതിപ്പില്ലാത്തതുകൊണ്ടാവാം. (അന്നും ഇന്നും അതിന് വലിയ മാറ്റം വന്നിട്ടില്ല.) അത്. വി.കെ.എൻ എന്ന് കേൾക്കുമ്പോഴിപ്പോഴും മനസ്സിൽ വരുന്നത് ഗേറ്റ് കടന്നുവരുന്ന കർക്കശക്കാരനായ കണക്കുമാഷുടെ മുഖമുള്ള ആ ആജാനബാഹുവിനേയാണ്. ആ കാർക്കശ്യം കഥകളിൽ തോന്നാത്തതുകൊണ്ടിന്നും കയ്യിൽ കിട്ടിയാൽ അവ വീണ്ടും വീണ്ടും വായിക്കുന്നു- ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചിലപ്പോൾ ബോറടിപ്പിച്ചും വായന തുടരുന്നു. ▮


പ്രഭ പിള്ള

ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ കോപ്പി എഡിറ്ററായിരുന്നു. ഓർമകൾ മഹാനഗരത്തിൽ, വേർപാടിന്റെ പുസ്തകം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments