ഒരു പ്രവേശനോത്സവക്കാഴ്ച / Photo: GLPS Perumpuzha, Facebook

സങ്കടത്തോടെ, ആ ബലൂൺ ദിനങ്ങളെക്കുറിച്ച്​

ഈ ഒരു വർഷം കഴിയുമ്പോൾ ഞങ്ങളും സംതൃപ്തരല്ല. പരമാവധി ശ്രമിച്ചിട്ടും കാര്യങ്ങൾ വിചാരിച്ചതുപോലെ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന വിഷമം ഉള്ളിൽ നിറയുന്നു- നഷ്​ടമായ ഒന്നാം ക്ലാസിനെക്കുറിച്ച്​ ഒരു അധ്യാപിക എഴുതുന്നു

ബിജിന

ർമ വെച്ച കാലം മുതൽ ഒന്നാം ക്ലാസിൽ പോയിരുന്ന കുട്ടിയായിരുന്നു ഞാൻ. അടുത്തുണ്ടായിരുന്നത്​ സ്വന്തം സ്‌കൂൾ ആയതുകൊണ്ടാകാം, രണ്ടുവർഷം ഒന്നിൽ പഠിക്കാൻ അവസരം ലഭിച്ചു. ഒരു വർഷം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചും രണ്ടാം വർഷം നല്ല കുട്ടിയായി പഠിച്ചും. പഠിപ്പിക്കാൻ പ്രിയപ്പെട്ട ലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു. കവിയൂർ പൊന്നമ്മയുടെ മുഖമുള്ള ലക്ഷ്മി ടീച്ചർ. വലിയ ചുവന്ന വട്ടപ്പൊട്ടും ചിരിച്ച വട്ടമുഖവുമായി ഞങ്ങളെ അക്ഷരം പഠിപ്പിച്ചു. ഓരോ കുട്ടിയും ടീച്ചർക്ക് സ്വന്തം കുട്ടി ആയിരുന്നു. സ്‌കൂൾ തുറക്കുമ്പോഴുള്ള കരച്ചിൽ മാമാങ്കം പതിവായിരുന്നല്ലോ. അതുകൊണ്ടുതന്നെ അധിക ദിവസവും ഏതെങ്കിലും ഒരു കുട്ടി ടീച്ചറുടെ മടിയിലുണ്ടാകും.

ഒന്നാം ക്ലാസിലെ ഓർമകൾക്ക് വലിയ തിളക്കം ഇല്ല. സഹ അധ്യാപകന്റെ മകൾ എന്നതും മാനേജരുടെ കൊച്ചുമകൾ എന്നതും കൊണ്ട്​ ഒരു പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. കൂടെയുള്ള കുട്ടികൾ മാഷുടെ മകൾ എന്നൊരു അകലം വെച്ചിരുന്നു എന്ന് തോന്നിയിരുന്നു പലപ്പോഴും. എന്റെ എക്കാലത്തെയും സുഹൃത്ത്, അച്ഛന്റെ സുഹൃത്തിന്റെ മകളായ സിന്ധു ആയിരുന്നു. കൂട്ടുകൂടാനുള്ള എന്റെ മടിയോ മാഷുടെ മകൾ എന്നതുകൊണ്ട്​ മറ്റുള്ളവർ അകറ്റിയതോ, എന്നും ഒരു അകലം എല്ലാവരിൽ നിന്നും തോന്നിയിരുന്നു.

അധ്യാപന ജീവിതത്തിന്റെ ബാലപാഠങ്ങൾ എന്നെ പഠിപ്പിച്ചത് സുരേഷ് ബാബു മാഷായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന്​ അദ്ദേഹം പടിയിറങ്ങിയപ്പോൾ രണ്ടു വാക്ക് പറയാൻ തുനിഞ്ഞപ്പോൾ അറിയാതെ ഞാൻ വിതുമ്പിപ്പോയി.

ആ അകലം മാറിയത് രണ്ടാം ക്ലാസിലെത്തിയപ്പോഴാണ്.
ബാബു മാസ്റ്റർ എന്ന് ഞങ്ങൾ വിളിക്കുന്ന സുരേഷ് ബാബു മാഷ്. പ്രൈമറി തലത്തിൽ ഞാൻ ഏറ്റവും കൂടുതൽ അടി വാങ്ങിയത് മാഷുടെ അടുത്ത് നിന്നുമായിരുന്നു. ചിത്രം വരയ്ക്കുന്ന രസത്തോടെ പഠിപ്പിക്കുന്ന ബാബു മാഷ്. അദ്ദേഹത്തിന്റെ പകരക്കാരിയായാണ് ഒരു അധ്യാപികയായി ഞാൻ അവിടെ എത്തുന്നത്. തുടക്കത്തിൽ മാഷുടെ കീഴിൽ കുറച്ചു കാലം ജോലി ചെയ്യാൻ സാധിച്ചു. അന്നും ഞാൻ മാഷുടെ മുന്നിൽ ഒരു രണ്ടാം ക്ലാസ്സ് കുട്ടി ആയിരുന്നു. അതുകൊണ്ട് തന്നെ ചെറിയ തെറ്റുകൾക്ക് ചെവി പിടുത്തം വരെ കിട്ടിയിട്ടുണ്ട്. അധ്യാപന ജീവിതത്തിന്റെ ബാലപാഠങ്ങൾ എന്നെ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന്​ അദ്ദേഹം പടിയിറങ്ങിയപ്പോൾ രണ്ടു വാക്ക് പറയാൻ തുനിഞ്ഞപ്പോൾ അറിയാതെ ഞാൻ വിതുമ്പിപ്പോയി.

രണ്ടാം ക്ലാസ്​ കഴിഞ്ഞ്​ മൂന്നിൽ അച്ഛനായിരുന്നു അധ്യാപകൻ. കർക്കശക്കാരനായ കണക്ക് മാഷ്. ഗൃഹപാഠം ചെയ്തുവരാത്തതിന് ചൂരൽ കൊണ്ട്​ തല്ലു കിട്ടിയിട്ട് കാലിൽ നിന്ന്​ ചോര വന്നപ്പോൾ കൂടെയുള്ള സുഹൃത്തുക്കൾക്കായിരുന്നു എന്നേക്കാൾ വേദന. എന്നോട് ഒരുപാട് അടുപ്പമുണ്ടായിരുന്ന ഗിരീഷ് സങ്കടത്തോടെ, ‘മാഷോട് പറയട്ടെ ചോര വരുന്നത്’ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു ഞാൻ അവനെ വിലക്കിയത് ഇന്നും ഓർമയിൽ തെളിയുന്നു.

നാലാം ക്ലാസ്സിൽ അച്ഛനെക്കാൾ കർക്കശക്കാരനായ ഉമ്മർക്കോയ മാഷായിരുന്നു. മലയാളം പഠിപ്പിക്കുന്ന മാഷ് പദ്യം കാണാതെ പഠിച്ചു വരാതിരുന്നാൽ കയ്യിലെ കൊട്ടിനായിരുന്നു ചൂരൽ പ്രയോഗം. ആ അടി പേടിച്ച്​ എന്നും ഞാൻ പഠിച്ചു പോകും. ഒരു ദിവസം അമ്മയുടെ വീട്ടിൽ പോയി വരാൻ താമസിച്ചതുകൊണ്ട്​പഠിക്കാൻ മറന്നു പോയ ഞാൻ കൊട്ടിന്​ അടി പ്രതീക്ഷിച്ചു. അന്ന് പക്ഷേ മാഷ് ആരെയും അടിച്ചില്ല. ഞാനുള്ളതുകൊണ്ടാണ് അടിക്കാതിരുന്നത് എന്ന് കുട്ടികൾ പറഞ്ഞു. എല്ലാവർക്കും അടി ഒഴിവായതിന്റെ ആശ്വാസമായിരുന്നു.

ഒരു വർഷം മുന്നിൽ കാണാതെ, നേരിട്ട് ഇടപെടാതെ കുട്ടികളെ പഠിപ്പിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ലക്ഷ്​മി ടീച്ചർ, ബാബു മാഷ്, അച്ഛൻ, ഉമ്മർകോയ മാഷ്- നാലു ക്ലാസിൽ നാല്​അധ്യാപകർ. ഇവരെ കൂടാതെ അവിടെ ഉണ്ടായിരുന്നത് അഹമ്മദ് കുട്ടി മാഷ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട അറബിമാഷ്. കുട്ടികളോട് ദേഷ്യപ്പെടില്ല, ഒരുപാട് സഹനശക്തിയുള്ള അറബി മാഷ്. ക്ലാസ്സിൽ അറബിക് പഠിപ്പിക്കുമ്പോൾ മറ്റു കുട്ടികൾ ഒച്ച വെച്ചാലും അടി കിട്ടണോ എന്നല്ലാതെ ഒരിക്കലും അടിക്കാൻ മാഷുടെ കൈ ഉയർന്നിട്ടില്ല. കാലങ്ങൾ കടന്നു പോയിട്ടും എത്ര അകലെ നിന്നും മാഷ് എന്നെ തിരിച്ചറിഞ്ഞിരുന്നു.

പഠനകാലയളവ് നീണ്ടുനീണ്ടു പോയെങ്കിലും എന്നും ഓർമയിൽ നിൽക്കുന്ന കാലമാണ് പ്രൈമറി വിദ്യാലയം. അങ്ങനെയുള്ള മനോഹരമായ ഒരു വിദ്യാലയ വർഷമാണ് ഇപ്പോൾ കുട്ടികൾക്ക് നഷ്ടമായത്. ഒരു വർഷം മുന്നിൽ കാണാതെ, നേരിട്ട് ഇടപെടാതെ കുട്ടികളെ പഠിപ്പിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഒരു അധ്യയന വർഷം അവസാനിക്കാൻ പോകുന്ന തിരക്കിൽ പെട്ടെന്നുള്ള അടച്ചു പൂട്ടൽ ഞങ്ങളെയും കുട്ടികളേയും ഒരുപോലെ പരിഭ്രമത്തിലാഴ്​ത്തി. കുട്ടികൾക്ക് നേരെത്തെ മധ്യവേനലവധി വന്നെത്തി എന്നൊരു സന്തോഷം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾക്ക് ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു. അവയെല്ലാം എവിടെയും എത്താതെ താഴിട്ട് പൂട്ടി. ആ വർഷം പടിയിറങ്ങി.

പ്രവേശനോത്സവത്തിൽ നിന്ന്

അടുത്ത വർഷത്തേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചപ്പോൾ സ്‌കൂൾ തുറക്കുമോ എന്നതായിരുന്നു പ്രധാന ചോദ്യം. ഞങ്ങൾക്ക് ഒരു ഉറപ്പ് പറയാൻ പറ്റാത്ത അവസ്ഥ. പതിവുപോലെ ആകുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് നീങ്ങി. ജൂൺ അടുക്കുമ്പോൾ വന്ന നിർദ്ദേശങ്ങളെല്ലാം ഞങ്ങളെ സ്‌കൂൾ തുറക്കില്ല എന്ന നിഗമനത്തിലെത്തിച്ചു. പഠനം ഓൺലൈനിലൂടെയായി. മൊബൈൽ ഫോൺ കുട്ടികളുടെ കയ്യിൽ കൊടുക്കരുത് എന്ന് പറഞ്ഞ ഞങ്ങൾ അധ്യാപകർ തന്നെ ഫോൺ കുട്ടികൾക്ക് ആവശ്യമുണ്ട് എന്ന് രക്ഷിതാക്കളോട് പറയാൻ തുടങ്ങി. ടി.വിയും സ്മാർട്ട്ഫോണും ഉപയോഗിച്ചുള്ള പഠനം പ്രൈമറി വിദ്യാർത്ഥികളെ സംബന്ധിച്ച്​ വളരെ ബുദ്ധിമുട്ടായിരുന്നു.

ഈ ഒരു വർഷം കൂടുതൽ വിഷമം അനുഭവിച്ചത് ഒന്നാം ക്ലാസിലെ കുട്ടികളാണ്. സ്ലേറ്റ് പിടിക്കുന്ന വിധം, പെൻസിൽ പിടിച്ച്​ എഴുതുന്ന വിധം എന്നിങ്ങനെ ഓരോ കുഞ്ഞു കാര്യങ്ങൾ ടീച്ചർ നേരിട്ട് പറഞ്ഞും ചെയ്തും കൈ പിടിച്ചു കൊണ്ടുവരുന്ന മക്കളോട് അതൊക്കെ വീഡിയോ കോളിലൂടെ ചെയ്യാൻ നിർദേശിക്കുമ്പോഴുള്ള സങ്കടം വളരെ വലുതായിരുന്നു. ഓരോ കുട്ടിക്കും ഇതെല്ലാ മനസ്സിലാകുന്ന വിധത്തിൽ ഒരു ഏകീകരണം ഉണ്ടാക്കാൻ ഓൺലൈൻ മാധ്യമം കൊണ്ട്​ സാധിച്ചിട്ടില്ല. അക്ഷരങ്ങൾ എഴുതിയും വായിച്ചും ആവർത്തിച്ചു പഠിപ്പിക്കേണ്ട സാഹചര്യത്തിൽ കേട്ട് പഠനം മാത്രമായി ചുരുങ്ങി. ഓരോ കുട്ടിയേയും കൈപിടിച്ച്​ പുതിയ അക്ഷരങ്ങൾ എഴുതിച്ചിരുന്ന സാഹചര്യം നഷ്ടമായി. കുട്ടികൾക്ക് കൂട്ടുകൂടാനുള്ള അവസരങ്ങൾ നഷ്ടമായി. ഓൺലൈൻ പഠനം അവർക്കും മടുത്തു തുടങ്ങി. എന്താ ടീച്ചർ സ്‌കൂൾ തുറക്കാത്തത് എന്ന ചോദ്യം പതിവായി.

ഈ ഒരു വർഷം കഴിയുമ്പോൾ ഞങ്ങളും സംതൃപ്തർ അല്ല. പരമാവധി ശ്രമിച്ചിട്ടും കാര്യങ്ങൾ വിചാരിച്ചത് പോലെ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല എന്നൊരു വിഷമം ഉള്ളിൽ നിറയുന്നു.

കൊറോണ വരുത്തിയ ഏറ്റവും വലിയ നഷ്ടം വിദ്യാഭ്യാസമേഖലയിലാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു വർഷം കുട്ടികൾക്ക് നഷ്ടമായി. വർഷങ്ങളോളം പഠിച്ചാലും ഓർമയിൽ തിളങ്ങി നിൽക്കുന്നൊരു കാലമാണ് പ്രൈമറി വിദ്യാഭ്യാസകാലം. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ഒന്നാം ക്ലാസിലെ പ്രവേശനം. ആ ഒരു വിലപ്പെട്ട മുഹൂർത്തം നഷ്ടപ്പെട്ട കൊച്ചുകൂട്ടുകാർ നമുക്ക് ചുറ്റുമുണ്ട്. കുട്ടികളുടെ ഒരു വിദ്യാലയ വർഷം വീടിനകത്തളത്തിൽ അവസാനിച്ചു. പഠനം വീട്ടിൽ തന്നെയായി. ഈ ഒരു വർഷം കഴിയുമ്പോൾ ഞങ്ങളും സംതൃപ്തരല്ല. പരമാവധി ശ്രമിച്ചിട്ടും കാര്യങ്ങൾ വിചാരിച്ചതുപോലെ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല എന്ന വിഷമം ഉള്ളിൽ നിറയുന്നു. ഇനിയൊരു വർഷം കൂടെ ഇങ്ങനെ ആവില്ല എന്ന പ്രതീക്ഷയോടെ അടുത്ത ജൂണിനായി, പുതിയ കുട്ടികൾക്കായി, പ്രവേശനോത്സവത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.▮


ബിജിന

കോഴിക്കോട്​ ജില്ലയിലെ മൂടാടി സൗത്ത്​ എൽ.പി സ്​കൂൾ അധ്യാപിക

Comments