ശോഭീന്ദ്രൻ മാഷ്, പി.വി.ജി: ആ രണ്ടു മരണങ്ങൾ എന്റെയും രണ്ടു മരണങ്ങളാണ്

‘‘എത്ര ശ്രമിച്ചിട്ടും പി.വി.ജി.യെക്കുറിച്ച് മാത്രമായി ഒരു ലേഖനം എഴുതുന്നതിൽ ഞായാഴ്ച രാത്രി പന്ത്രണ്ടര പിന്നിട്ടിട്ടും ഞാൻ പരാജയപ്പെട്ടു. എഴുതാൻ നോക്കുമ്പോഴൊക്കെ പി.വി.ജിയും ജോണും ശോഭീന്ദ്രൻ മാഷും ഓർമയിൽ കൂടിക്കുഴഞ്ഞു. ഇഴപിരിച്ച് മാറ്റിനിർത്താനാവുന്നില്ല ആരെയും. സ്നേഹം കൊണ്ടുള്ള ‘കരുതൽധന’ത്തിന് സിനിമയിലും ജീവിതത്തിലുമുള്ള പങ്ക് അടയാളപ്പെടുത്തിയ വലിയ മനുഷ്യരായിരുന്നു പി.വി.ജി.യും ശോഭീന്ദ്രൻ മാഷും’’ മാധ്യമപ്രവർത്തകൻ പ്രേംചന്ദ് എഴുതുന്നു.

ശോഭീന്ദ്രൻ മാഷ് എന്റെ ഗുരുനാഥനാണ്. മാഷ് അവസാനമായി അഭിനയിച്ചത് ഞാൻ സംവിധാനം ചെയ്ത ‘ജോൺ’ എന്ന സിനിമയിലാണ്. ജോൺ ഒരു വികാരമായി കൊണ്ടുനടന്ന പ്രതിഭാസമാണ് മാഷ്. ജോണിന്റെ അവസാന സിനിമയായ ‘അമ്മ അറിയാൻ’ ശോഭീന്ദ്രൻ മാഷിന്റെ കൂടി സിനിമയാണ്. അഭിനേതാവ് എന്ന നിലക്കുമാത്രമല്ല, ജോണിന്റെ തന്റെ പച്ചയുടുപ്പിലേക്ക് അടുപ്പിച്ച അവരുടെ ‘മോട്ടോർ സൈക്കിൾ യാത്ര’കളുടെ കൂടി സ്മാരകമാണ് ആ സിനിമ. അത് മാഷ് ഒരു പുസ്തകമായി എഴുതിയിട്ടുമുണ്ട്.

ജോൺ അപ്പന്റെ കല്ലറയിലേക്ക് മടങ്ങിയതുതന്നെ ശോഭീന്ദ്രൻ മാഷിന്റെ ‘ചെ ഗുവേര’ പച്ചയുടുപ്പ് അണിഞ്ഞാണ്. അതൊക്കെ ഒരോർമ്മയായി ‘ജോൺ’ എന്ന സിനിമയിൽ വരുന്നുമുണ്ട്. ജോൺ മരിച്ച് 36-ാമത്തെ ഓർമവർഷത്തിന്റെയന്ന്, കഴിഞ്ഞ മെയ് 31 ന്, കോഴിക്കോട് ശ്രീ തിയറ്ററിൽ ‘ജോൺ’ റിലീസ് ചെയ്തപ്പോൾ ശോഭീന്ദ്രൻ മാഷായിരുന്നു അന്നത്തെ ഏറ്റവും പ്രധാന മനുഷ്യൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ജോൺ അനുഭവങ്ങളിൽ ഒന്നായി മാഷ് സിനിമക്കുശേഷം ശ്രീ തിയറ്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസംഗിച്ചു. തുടർന്ന് പ്രസ് ക്ലബ്ബിൽ നടന്ന ‘മീറ്റ് ദ ക്രൂ’ പരിപാടിയിലും മാഷായിരുന്നു താരം. എന്റെ ദിവസത്തേക്കാൾ അത് മാഷിന്റെ ദിവസമായിരുന്നു.

ജോണ്‍ സിനിമയില്‍ നിന്ന്

പി.വി.ജി.യും അത്ര തന്നെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ ജീവിതത്തിൽ. എന്നിട്ടും, എത്ര ശ്രമിച്ചിട്ടും പി.വി.ജി.യെക്കുറിച്ച് മാത്രമായി ഒരു ലേഖനം എഴുതുന്നതിൽ ഞായാഴ്ച രാത്രി പന്ത്രണ്ടര പിന്നിട്ടിട്ടും ഞാൻ പരാജയപ്പെട്ടു. എഴുതാൻ നോക്കുമ്പോഴൊക്കെ പി.വി.ജിയും ജോണും ശോഭീന്ദ്രൻ മാഷും ഓർമ്മയിൽ കൂടിക്കുഴഞ്ഞു. ഇഴപിരിച്ച് മാറ്റിനിർത്താനാവുന്നില്ല ആരെയും. "ഈ രാവാകുമേറ്റവും ദുഃഖപൂരിതമായ വരികളെഴുതുവാൻ" എന്ന നെരൂദയുടെ വരി പോലെ രണ്ടു മരണങ്ങൾ എന്റെയും രണ്ടു മരണങ്ങളാണ്. മരിയ്ക്കാത്ത നക്ഷത്രങ്ങൾ കണ്ണിൽ തെളിഞ്ഞു.

എട്ടു മണിക്കൂറിനകം രണ്ടു മരണങ്ങൾ. ശനിയാഴ്ച അർദ്ധരാത്രിയാണ് ശോഭീന്ദ്രൻ മാഷിന്റെ മരണവിവരം തേടിയെത്തുന്നത്. സാങ്കേതികമായി ഞായറാഴ്ച പുലർച്ച എന്നും പറയാം. ഹൃദയാഘാതം; ഉണ്ണി മാഷിന്റെ ഫോണിൽ നിന്ന് സ്ഥിരീകരണം കിട്ടി. അതോടെ ഉറക്കം അപ്രത്യക്ഷമായി. നാലര പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദമാണ്. ഗുരുവായൂരപ്പൻ കോളേജിൽ 1977 ജൂൺ മുതൽ തുടങ്ങിയ ബന്ധമാണ്. ക്ലാസ് മുറിയിലല്ലാതെ ജീവിതം പഠിപ്പിച്ച ഗുരുനാഥൻ.

പ്രൊഫ. ടി. ശോഭീന്ദ്രന്‍

കോൾ ലിസ്റ്റ് ചെക്ക് ചെയ്തു നോക്കി, 2023 സപ്തബർ 18 നാണ് ശോഭീന്ദ്രൻ മാഷിന്റെ അവസാനത്തെ കോൾ വന്നത്.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ 150 വർഷത്തെ ഓർമ ഡോക്യുമെന്റ് ചെയ്യുന്ന ഒരു സ്മരണിക - സ്മൃതിപഥം - തയ്യാറാക്കുന്നുണ്ട്. അതിലേക്ക് ലേഖനം എഴുതിത്തരണം എന്നതായിരുന്നു ആവശ്യം. തൽസമയം ഏറ്റു. ആ ആവശ്യപ്പെടൽ തന്നെ ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു. അതേ ആവശ്യം പറഞ്ഞ് തൊട്ടുപിറകെ ഉണ്ണി മാഷും ഡി.ഡി. നമ്പൂതിരി മാഷും വിളിച്ചു, ശോഭി പറഞ്ഞിട്ടുണ്ടാവുമല്ലോ എന്ന്. പനിക്കിടക്കിയിൽ ആ ലേഖനം പൂർത്തിയാക്കി അയച്ചുകൊടുത്തു: 1977. രാമചന്ദ്രൻ മൊകേരി അതിൽ ഒരു വലിയ സാന്നിദ്ധ്യമായി നിറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴരമണിയാകുമ്പോഴേക്കും പി.വി.ജി.യുടെ മരണവാർത്ത തേടിയെത്തി. ഒരു വേദനക്കുമേൽ മറ്റൊരു വേദന വന്നു പതിച്ചു.

പി.വി. ഗംഗാധരന്‍

പി.വി.ജി.യെക്കുറിച്ച് ഒരു ലേഖനമെഴുതാൻ ആവശ്യപ്പെടുമ്പോൾ മനില സി. മോഹൻ കരുതിയിരിക്കാൻ സാധ്യത, 35 വർഷം മാതൃഭൂമിയിൽ പണിയെടുത്ത, അതിൽ മനില അവിടെയുള്ള പത്തു വർഷത്തോളം, മാതൃഭൂമിയുടെ സിനിമാപ്രസിദ്ധീകരണമായ ചിത്രഭൂമിയുടെ ചുമതല വഹിച്ച ആളെന്ന നിലയിലും എന്റെ ജീവിതപങ്കാളി ദീദിയുടെ അച്ഛൻ, തിരക്കഥാകൃത്ത് ടി. ദാമോദൻ മാഷ് എഴുതിയ നിരവധി സിനിമകൾ നിർമ്മിച്ച ഗൃഹലക്ഷ്മി ഫിലിംസിന്റെ സാരഥി പി.വി.ഗംഗാധരനുമായും അദ്ദേഹം നിർമിച്ച സിനിമകളുമായും എനിക്കൊരു ഓർമ ഉണ്ടാകും എന്നായിരിക്കും. ശരിയാണ്, അതൊക്കെയുണ്ട്. എന്നാൽ പി.വി.ജിയുമായുള്ള ഒരു ‘ജോൺ’ ബന്ധവും പി.വി.ജി.ക്കുള്ള ‘ജോൺ’ ബന്ധവും ഒന്നു വേറെത്തന്നെയാണ്. അതിവിടെ പങ്കുവയ്ക്കാം.

ടി. ദാമോദരന്‍

പി.വി.ജി.യും ജോണും

1972- ൽ കോഴിക്കോട്ടെ മുപ്പത് സംരംഭകർ ഒരുമിച്ച് സഹൃദയ ഫിലീംസ് മലയാള സിനിമയിൽ ഒരു നിർമാണ കൂട്ടായ്മക്ക് തുടക്കമിട്ടു. പി.വി.ജിയും ആ സംരംഭകരിൽ ഒരാളായിരുന്നു. ജോൺ എബ്രഹാമിന്റെ ഒഡേസ മൂവീസിന് മുമ്പേ പിറന്ന കോഴിക്കോടിന്റെ ആദ്യത്തെ സിനിമാ സഹകരണ പ്രസ്ഥാനം. ആത്മമിത്രങ്ങളായ ഹരിഹരനും ടി. ദാമോദൻ മാഷുമായി പി.വി.ജിയുടെ വഴികാട്ടികൾ. രണ്ടു പേരെയും അദ്ദേഹം എന്നും ഗുരുക്കന്മായി കണ്ടു. ആ പിറവിയാണ് ‘സംഗമം’. അതോടെ സിനിമയായി പി.വി. ജി.യുടെ പ്രധാന തട്ടകം.

1977- ൽ ഗൃഹലക്ഷ്മി ഫിലിംസിന് തുടക്കമിട്ട ഹരിഹരൻ സംവിധാനം ചെയ്ത "സുജാത" യിൽ പ്രേംനസീർ, സോമൻ, ഉമ്മർ, ജയഭാരതി, അടൂർ ഭാസി തുടങ്ങിയ വൻ താരനിര പി.വി.ജി. അണിനിരത്തി. കെ.ടി. മുഹമ്മദിന്റെ തിരക്കഥ. രവീന്ദ്ര ജയിന്റെ സംഗീതം. സുജാതയിലെ പാട്ടുകൾ തരംഗമായിരുന്നു. മാതൃഭൂമിയുടെ സിനിമാ ബന്ധങ്ങൾക്ക് അടിത്തറ പാകിയത് ഗൃഹലക്ഷ്മി ഫിലിംസിന്റെ സിനിമാസംരംഭങ്ങളാണ്. ആ സാമൂഹിക മൂലധനമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചലച്ചിത്ര വാർഷിക പതിപ്പുകളുടെയും ചിത്രഭൂമിയുടെയും മാതൃഭൂമി ദിനപത്രത്തിലെ ഫിലിം പേജായ താരാപഥത്തിന്റെയും അടിവളമായത്.

പി.വി.ജി.യോടൊപ്പം മാഷ് , ഇനിയെങ്കിലും (1983) ലൊക്കേഷൻ, ജപ്പാൻ

കേരള ഫിലിം ചേബർ അദ്ധ്യക്ഷനെന്ന നിലക്കും സൗത്ത് ഇന്ത്യൻ ഫിലിം ചേബർ അദ്ധ്യക്ഷനെന്ന നിലക്കും നിർമാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡണ്ട് എന്ന നിലക്കും പി.വി.ജി ലോകസിനിമയുടെ നേട്ടങ്ങളുമായി മാതൃഭൂമിയെ കണ്ണിചേർത്തു. ഗൃഹലക്ഷ്മി ഫിലിംസിന്റെ ഒരു സിനിമയുടെ ഭാഗഭാകുക എന്നത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ മൂന്ന് പതിറ്റാണ്ടിൽ (1977- 2006 ) ജനഹൃദയങ്ങളിലേക്കുള്ള ഒരു പാസ്പോർട്ടായി കരുതിപ്പോന്നു. ഐ.വി. ശശി - ടി.ദാമോദരൻ ടീമിന്റെ ‘അങ്ങാടി’ (1980) യിലെ ജയനും ഹരിഹരൻ - എം.ടി. ടീമിന്റെ ‘ഒരു വടക്കൻ വീരഗാഥ’ (1989) യിലെ മമ്മുട്ടിയുടെ ചന്തുവും ഇന്നും ഒളിമങ്ങാതെ നിൽക്കുന്നത് ‘ഗൃഹലക്ഷ്മി’ യിലൂടെ പി.വി.ജി. ഒരുക്കിയ ടീം വർക്കിന്റെ ഗുണഫലമായാണ്.

അങ്ങാടി സിനിമയില്‍ നിന്ന്

1981- ൽ ‘അഹിംസ’ യുടെ കാലത്താണ് ചിത്രഭൂമിയുടെ തുടക്കം. മമ്മുട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ആദ്യ കോഴിക്കോടൻ സിനിമ. ഐ.വി.ശശിക്കും ടി.ദാമോദരൻ മാഷിനുമൊപ്പം മോഹൻലാൽ എന്ന ഇതിഹാസത്തിന് ആദ്യമായി ഒരു സിനിമക്ക് കോൾഷീട്ടിൽ ഒപ്പീടിച്ച്, 8000 രൂപ പ്രതിഫലം നിശ്ചയിച്ച് നൽകുന്നത് ആ കൂട്ടായ്മയാണ്. മമ്മുട്ടിക്ക് ആദ്യമായി ഒരു സിനിമക്ക് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിക്കുന്ന ചിത്രവും അഹിംസയാണ്- മികച്ച രണ്ടാമത്തെ നടൻ. മലയാള സിനിമയുടെ മുഖ്യധാരയിൽ മമ്മുട്ടി - മോഹൻലാൽ കാലത്തിന്റെ ഉൽഘാടനം കുറിച്ച സിനിമ. അതിന്റെ വലിയ തുടർച്ചയായിരുന്നു ഗൃഹലക്ഷ്മി ഫിലിംസിന്റെ ‘വാർത്ത’ (1986) . എം.ഡി. നാലപ്പാട് മാതൃഭൂമി യിൽ ഇൻസ്റ്റിഗേറ്റീവ് ജേർണ്ണലിസം തകർക്കുന്ന കാലത്താണ് വാർത്ത ഉണ്ടാകുന്നത്. നാലപ്പാട് മമ്മൂട്ടി ആയ കാലം.

ഞാൻ മാതൃഭൂമിയിൽ ജേർണ്ണലിസ്റ്റായി ചേർന്ന് ആദ്യമായി ഒരു സിനിമാപരിപാടി റിപ്പോർട്ട് ചെയ്യാൻ എന്നെ അന്നത്തെ ബ്യൂറോ ചീഫ് വി. രാജഗോപാൽ നിയോഗിക്കുന്നത്, ഹോട്ടൽ മഹാറാണിയിൽ നടന്ന ‘വാർത്ത’യുടെ നൂറാം ദിന ആഘോഷം കവർ ചെയ്യാനാണ്. ആൾക്കൂട്ടത്തിലൂടെ അകത്ത് കടത്തിയിരുത്തുന്നത് പി.വി.ജി.യാണ്. ഏത് ആൾക്കൂട്ടത്തിലായാലും മറ്റുള്ളവരെ കാണാം എന്നതിന് തെളിവായിരുന്നു പി.വി.ജി.യുടെ ആ സ്പർശം. ആ ചടങ്ങ്, ദാമോദരൻ മാഷിന്റെ പ്രസംഗം കേട്ട് മാധവിക്കുട്ടി കരഞ്ഞുകൊണ്ട് വേദിയിൽനിന്ന് ഇറങ്ങിയോടിയതിന്റെ പേരിൽ പ്രശസ്തമാണ്. അതോടെ ദാമോദരൻ മാഷ്ക്ക് നാലപ്പാടിന്റെ വിലക്കായി. മാഷെക്കുറിച്ച് ആർട്ടിസ്റ്റ് മദനനെ കൊണ്ട് നിരന്തരം കാർട്ടൂണുകൾ വരപ്പിച്ച് അപഹസിക്കുക എന്നത് അന്നത്തെ ചിത്രഭൂമിയിൽ പതിവായി. ആ പിണക്കം പിന്നെ നാലപ്പാട് പോയിട്ടും മാറിയില്ല. മാഷും അത് മറന്നില്ല.

വാർത്ത ടീം - 1986

1986-ൽ ജോൺ എബ്രഹാമിന്റെ അവസാന സിനിമ ‘അമ്മ അറിയാൻ’ തിരക്കഥ പ്രസിദ്ധീകരിക്കുന്നത് ചിത്രഭൂമിയിലാണ്. 1987 മെയ് 30 ന് അർദ്ധരാത്രിയാണ് കോഴിക്കോട് മിഠായിത്തെരുവിലെ ഓയാസീസ് കോമ്പൗണ്ടിലെ പണി തീരാത്ത കെട്ടിടത്തിന്റെ മട്ടുപ്പാവിനുമുകളിൽ നിന്ന് താഴേക്കുവീണ് ജോൺ മെഡിക്കൽ കോളേജ് ആശുപത്രിയിലാകുന്നത്. തുടർന്ന് മരണം, അനാഥജഡമെന്ന നിലയിൽ മോർച്ചറിയിലേക്ക് നീക്കപ്പെടുന്നു.

കോഴിക്കോട്ടെ സിനിമാ നിർമാതാവെന്ന നിലക്കും ഫിലിം ചേബർ ഓഫ് കോമേഴ്സിന്റെയും പ്രൊഡ്യൂസേഴ്സ് അസാസിയേഷന്റെയും നേതാവ് എന്ന നിലക്കും പി.വി ജി.യുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടി വേഗത്തിലാക്കാനും ജോണിന്റെ മൃതദേഹം ട്രെയിനിങ്ങ് കോളേജിൽ പൊതുദർശനത്തിന് വയക്കാനും ആംബുലൻസിൽ ജോണിനെ ആദരപൂർവ്വം നാട്ടിലേക്ക് തിരിച്ചയ്ക്കാനുമാവശ്യമായ നടപടിയെടുത്തത്. ജോണിന്റെ ഒഡേസാ മൂവീസിന് അക്കാലത്ത് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പ്രസ്ഥാനമാണ് മാതൃഭൂമിയും ചിത്രഭൂമിയും.

ജോണ്‍ അബ്രഹാം

പി.വി.ജി. രക്ഷിച്ച
ഒരു പിരിച്ചുവിടൽ

ഞാൻ ചിത്രഭൂമിയുടെ ചുമതല വഹിക്കുന്ന കാലം (2003 - 2012). മാതൃഭൂമി ഫിലിം അവാർഡുകൾ കൂടി അക്കാലത്ത് ഒരു സംഭവമായിരുന്നു. ഒരു ഫിലിം അവാർഡ് മലയാള സിനിമയിൽ വിനയൻ - ബി. ഉണ്ണികൃഷ്ണൻ ഏറ്റുമുട്ടൽ ചൂടുപിടിച്ച വേളയിലായിരുന്നു. ഉണ്ണികൃഷ്ണന്റെ മുൻ ലക്കത്തിൽ വന്ന അഭിമുഖത്തിന് വിനയൻ മറുപടി പറയുന്ന ഒരഭിമുഖം ചിത്രഭൂമിയിൽ പ്ലാൻ ചെയ്തു.

ബി. ഉണ്ണികൃഷ്ണന്‍

രാത്രി പേജ് പാസ്സാക്കി പ്രിന്റിങ്ങിലേക്ക് വിട്ടാണ് ഞാൻ വീട്ടിൽ ചെന്ന് ദീദിയെയും കൂട്ടി കോഴിക്കോട് ഡേവിസൺ തിയറ്ററിൽ സെക്കന്റ് ഷോക്ക് പോയത്. അപ്പോഴാണ് പി.വി. ജി.യുടെ കോൾ മാറി മാറി എന്റെയും ദീദിയുടെയും ഫോണിലക്ക് വരുന്നത്. ഞാൻ ഫോണെടുത്തിരുന്നില്ല. ഹാഫ് ടൈമിന് തിരിച്ചു വിളിക്കാം എന്നു കരുതിയിരുന്നു. പിന്നെ ദീദിയുടെ ഫോണിലേക്കായി നിരന്തരം കോൾ. അവൾ പുറത്ത് പോയി ഫോണെടുത്തി സംസാരിച്ചു തിരിച്ചുവന്നു. ഇപ്പം ഇറങ്ങണം എന്നു പറഞ്ഞു. പുറത്തെത്തി പി.വി.ജിയെ തിരിച്ചുവിളിച്ചു. ‘നീ ഉണ്ണികൃഷ്ണനെതിരെ വിനയന്റെ ഇന്റർവ്യൂ കൊടുക്കുന്നുണ്ടോ’ എന്നു ചോദിച്ചു.
‘എതിരായല്ല, ഉണ്ണിയുടെ അഭിമുഖത്തിന് വിനയന്റെ മറുപടിയുണ്ട് ’ എന്നു പറഞ്ഞു.
‘എന്തായാലും ഇപ്പം ഓഫീസിൽ പോയി അത് ‘കില്ല്’ ചെയ്യണം, അച്ചടിച്ചുപോയാലും പുറത്തു പോകരുത്, മാറ്റി ചെയ്ത് വേറെ മാറ്റർ വച്ച് വിട്ടാൽ മതി, എത്ര നഷ്ടമുണ്ടായാലും പ്രശ്നമില്ല, അതച്ചടിച്ചു വന്നാൽ ഫെഫ്ക്ക ഒന്നടങ്കം മാതൃഭൂമി ഫിലിം അവാർഡ് ചടങ്ങ് ബഹിഷ്ക്കരിക്കും എന്ന് പറഞ്ഞിട്ടുണ്ട്, ഫെഫ്ക്ക ബഹിഷ്ക്കരിച്ചാൽ ‘അമ്മ’യും ബഹിഷ്ക്കരിക്കും, നമ്മുടെ പരിപാടി പൊളിയും, കോടികളാകും നഷ്ടം, എല്ലാം നിന്റെ തലയിൽ വരും, അതു വേണ്ട, ഒന്നും ഇങ്ങോട്ട് പറയണ്ട’- ഒരു പിരിച്ചു വിടലിൽ നിന്ന് പി.വി.ജി എന്നെ രക്ഷിച്ച വിധമായിരുന്നു അത്.

ഫിലിം അവാർഡ് നടക്കുന്ന ദിവസം മാർക്കറ്റിൽ വരുന്ന ചിത്രഭൂമിയിലായിരുന്നു വിനയന്റെ അഭിമുഖം. ‘എങ്ങിനെ അത് ഫെഫ്ക്ക’ അറിഞ്ഞു എന്ന ചോദ്യത്തിന് ‘അതൊന്നും നീയറിയണ്ട, ഇപ്പം ഫിലിം അവാർഡിനെ രക്ഷിക്കാൻ ഇതേ വഴിയുള്ളൂ’ എന്നുപറഞ്ഞ് പി.വി.ജി ഫോൺ വച്ചു. പിന്നെയും ദീദിയെ വിളിച്ചുപദേശിച്ചു, ‘‘ചെയ്യാതിരിക്കരുത്. ധീരത കാട്ടേണ്ട സന്ദർഭമല്ല അത്. ‘വാർത്ത’ സിനിമയല്ല ജീവിതം’’ എന്ന്.

2010-ൽ മാതൃഭൂമി ഫിലിം അവാർഡിന്റെ മുന്നോടിയായി ഇറങ്ങിയ ചിത്രഭൂമിയിൽ ​പ്രിന്റിംഗിന് തയാറാക്കിയിരുന്ന സംവിധായകൻ വിനയന്റെ അഭിമുഖം. ഈ അഭിമുഖം പി.വി.ജിയുടെ നിർദ്ദേശമനുസരിച്ച്, അച്ചടിക്കു​തൊട്ടുമുമ്പ് ‘കിൽ’ ചെയ്യുകയായിരുന്നു.

പി.വി.ജി പറഞ്ഞതുപോലെ ചെയ്തു. രാത്രിക്കു രാത്രി ചിത്രഭൂമിയിൽ ചെന്ന് ചെയ്തുവച്ച ഫോറം ഡിലീറ്റ് ചെയ്തു. അച്ചടി തുടങ്ങാതിരുന്നത് മഹാഭാഗ്യമായി. അല്ലെങ്കിൽ അതിന്റെ ബാധ്യത എന്റെ തലയിൽ വീണേനേ. ഒഴിവാക്കിയ ഭാഗം കളർ പ്രിന്റ് ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നു. ‘വാർത്ത’ സിനിമയുടെ രണ്ടാം ഭാഗത്തിൽ ചേർക്കാവുന്ന ഒരു രംഗം പോലെ അത് ഓർമയുടെ ചരിത്രത്തിൽ സൂക്ഷിച്ചു. പി.വി.ജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ആ ഇടപെടലിന്. സംവിധായകൻ വിനയനെ ഒരു ദശകത്തിലേറെ കാലം സിനിമയെടുക്കാനാവാതെ വീട്ടിലിരുത്താൻ അധികാരമുള്ള ശക്തികൾ, അതച്ചടിച്ചു വന്നാൽ എന്നെ മാതൃഭൂമിയിൽ നിന്ന് തൂക്കിയെടുത്ത് വെളിയിലെറിയാനും കഴിയുമായിരുന്നു.

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിട്ടും

17 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സൂപ്പർഹിറ്റായ, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ കഥയുടെ അവകാശം വിറ്റു പോയ ‘വാർത്ത’ (1986) ക്ക് രണ്ടാം ഭാഗമുണ്ടായില്ല. ദാമോദരൻ മാഷ്ക്ക് ഒരു പ്ലാനുണ്ടായിരുന്നു. ആ പ്ലാൻ പി.വി.ജിയോട് നേരിൽ പറയുന്നത് ഞാൻ കേട്ടിട്ടുമുണ്ട്. ‘വാർത്ത’ കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിരുന്നു. മാഷ് അപ്പോഴേക്കും പ്രിയദർശന്റെ ക്യാമ്പിൽ ‘കാലാപാനി’യും പിന്നിട്ട് അമിതാഭ് ബച്ചനെ നായകനാക്കി പ്ലേഗ് വിഷയമാക്കി ഒരു ഹോളിവുഡ് പ്രോജക്ടിന്റെ പണിപ്പുരയിലാണ്.

മോഹന്‍ലാല്‍, പി.വി. ഗംഗാധരന്‍, മമ്മൂട്ടി

ആ വർഷം ചിങ്ങം ഒന്നിന് മദിരാശിയിൽ വന്നപ്പോൾ ആ സൗഹൃദത്തിന്റെ ആചാരമെന്ന നിലക്ക് ഒരു രൂപ കൈനീട്ടം വാങ്ങാൻ പി.വി.ജിയുടെ ‘കേരളകല’യിൽ പോയ മാഷോടൊപ്പം ഞാനുമുണ്ടായിരുന്നു. ചെറിയ പരിഭവത്തോടെ പി.വി.ജി, ‘മാഷെ ഇപ്പം കിട്ടാനേ ഇല്ലല്ലോ, ഞങ്ങളെപ്പോലുള്ള പാവങ്ങൾക്കൊന്നും എഴുതാൻ സമയമില്ലല്ലേ’ എന്ന് കളിയാക്കി. അടുത്ത ഒരു മണിക്കൂറിൽ മാഷ് ‘വാർത്ത’ യുടെ രണ്ടാം ഭാഗം ഒറ്റയടിക്ക് പറഞ്ഞു കേൾപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ പത്രം കോർപറേറ്റ് മുതലാളിമാരുടെ കയ്യിൽ അഴിമതിക്കാരെയും ഭൂ മാഫിയക്കാരെയും തുണച്ച് പുതിയ രാഷ്ട്രീയ നാടുവാഴികളായി മാറുന്ന അടിമുടി നെഗറ്റീവായ, വില്ലന്മാർ ജയിക്കുന്ന പുതിയ കാലത്തിന്റെ കഥ.

കഥ കേട്ട് പി.വി.ജിക്ക് പൊള്ളിപ്പോയി; “അയ്യോ, മാഷേ, ഇനി രാഷ്ട്രീയസിനിമ നടക്കില്ല. അത് വന്നാൽ അവർ കെ. ടി. സിപൂട്ടിയ്ക്കും. പണ്ടത്തെ കാലമല്ല, മാഷ് കാറ്റത്തെ കിളിക്കൂട് പോലെ നല്ല രസമുള്ള ഒരു കുടുംബകഥ എഴുത്, അതുമതി.” ‘വാർത്ത’യുടെ രണ്ടാം ഭാഗം അങ്ങനെയാണ് എടുക്കപ്പെടാതെ അവസാനിച്ചത്. എന്നാൽ ആ കൈനീട്ടത്തിന് മാഷ് മറ്റൊരു സിനിമ എഴുതി. അവസാനസിനിമ, ‘യെസ് യുവർ ഓണർ.’ ഗൃഹലക്ഷ്മിയുടെ ബാനറിൽ പി.വി. ജി നിർമ്മിച്ചു. അതിന്റെ നൂറാം ദിന ആഘോഷം തിരുവനന്തപുരത്ത് പി.വി. ജി ഗംഭീമാക്കി നടത്തി. പിന്നെ ഒരു സിനിമ കൂടിയേ ഗൃഹലക്ഷ്മി എടുത്തുള്ളൂ, ആ പ്രസ്ഥാനത്തെ ഇല്ലാതാക്കിയ പരാജയം: “നോട്ട്ബുക്ക്”.

നോട്ട്ബുക്ക് സിനിമയില്‍ നിന്ന്

2006- ൽ കാലത്തിന് മുമ്പേ സഞ്ചരിച്ച റോഷൻ ആൻഡ്രൂസിന്റെ ന്യൂ ജെൻ ബിഗ് ബജറ്റ് സിനിമയായ “നോട്ട്ബുക്ക്” ബോക്സ് ഓഫീസിൽ തകർന്നതാണ് ഗൃഹലക്ഷ്മി ഫിലിംസിനെ നിശ്ചലമാക്കിയത്. അതിൽ നിന്ന് ഗൃഹലക്ഷ്മിയെ പിടിച്ചുയർത്താൻ മലയാളം ഫിലിം ഇൻഡസ്ട്രി കൂടെ നിൽക്കണമായിരുന്നു. നിന്നില്ല. അത് വലിയൊരു ചരിത്രത്തിന് അന്ത്യം കുറിച്ചു. കഷ്ടിച്ച് ഒരു എഴ് വർഷം കൂടിയേ പിന്നെ ചിത്രഭൂമിക്കും പിടിച്ചുനിൽക്കാനായുള്ളൂ. പി.വി.ജിയുടെ പിന്മാറ്റമാണ് മൂന്ന് പതിറ്റാണ്ടിലേറെ സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയ ചിത്രഭൂമിയുടെ മരണത്തിന്റെ ഒരു പ്രധാന കാരണം. ഗൃഹലക്ഷ്മി ഫിലിംസിന്റെ തിരോധാനത്തിലൂടെ വലിയൊരു സാമൂഹിക മൂലധന നഷ്ടം ‘മാതൃഭൂമി’ക്കും സംഭവിച്ചിരുന്നു. പത്രത്തെയും അത് സാരമായി ബാധിച്ചു. സിനിമക്ക് മാതൃഭൂമി ഒരു സാന്നിദ്ധ്യമല്ലാതായി മാറി. 2013- ൽ ചിത്രഭൂമി പൂട്ടി സ്റ്റാർ ആന്റ് സ്റ്റൈൽ എന്ന മാസിക തുടങ്ങി. ഫിലിം ജേണലിസത്തിലെ ഒരു വലിയ കാലത്തിന്റെ അന്ത്യമായിരുന്നു ആ പൂട്ടിക്കെട്ടൽ.

ദില്ലി ഫെസ്റ്റിവൽ കാലം

എന്നെ ഫിലിം ഫെസ്റ്റിവലുകളുടെ ഭാഗമാക്കി മാറ്റുന്നത് പി.വി.ജിയാണ്. 1987 ലോ 88 ലോ ആണ് ദില്ലി ഫെസ്റ്റിവലിന് പോകുന്നത്. 1992 മുതൽ ദീദിയുടെ പേരും അതിൽ കൂട്ടി ചേർത്തപ്പെട്ടു. ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് അക്രഡിറ്റേഷൻ എടുത്തുതരുന്നത്. കേരളത്തിൽ നിന്നെത്തുന്ന ഓരോത്തരുടെയും എന്ത് കാര്യത്തിനും ഫെസ്റ്റിവലിൽ പി.വി.ജിയുണ്ടാകുന്ന കാലം. ഫെസ്റ്റിവൽ റിപ്പോർട്ടിങ്ങിന്റെ ബാറ്റൺ എന്റെ മുൻഗാമിയായ എ. സഹദേവൻ എന്നെ ഏല്പിച്ചതോടെ എനിക്ക് പ്രസ് അക്രഡിറ്റേഷൻ കിട്ടി. ദീദി അപ്പോഴും ഗൃഹലക്ഷ്മി ഫിലിംസ് പ്രതിനിധിയായിരുന്നു. പിന്നെ പാപ്പാത്തി മുതിർന്നപ്പോൾ പാപ്പാത്തി എന്ന പേരിലും ഗൃഹലക്ഷ്മിയുടെ പേരിൽ ഫെസ്റ്റിവൽ പാസ് പി.വി. ജിഎടുപ്പിച്ചു.

ഹൈദ്രബാദ് ഐ.എഫ്.എഫ് . ഐ. 1999

ഗോവയിൽ ഫെസ്റ്റിവൽ എത്തിയപ്പോഴാണ് അത് നിന്നത്. അപ്പോഴേക്കും എല്ലാം ഡിജിറ്റലായി. പ്രായം തെളിയിക്കുന്ന സർക്കാർ രേഖ വേണം എന്ന നില വന്നതോടെ കുറച്ചു കാലം പാപ്പാത്തിയുടെ യാത്ര ഫെസ്റ്റിവൽ മുടങ്ങി. പി.വി.ജിക്കൊപ്പം ഷെറിയേടത്തിയും എല്ലാ ഫെസ്റ്റിവലിനുമുണ്ടാകുമായിരുന്നു.

‘ജോൺ’ സിനിമയും
പി.വി.ജിയും

ജോൺ സിനിമയുടെ ഒരു ലൊക്കേഷൻ പി.വി. ജി.യുടെ സംഭാവനയാണ്. കയ്യൂർ ഓർമ ചിത്രീകരിച്ചത് കെ.ടി.സിയുടെ പന്തീരങ്കാവ് സ്കൂൾ മൈതാനത്താണ്. വെളിച്ചം പോകുന്നത് കണ്ട് ഭയന്ന് എം.ജെ. രാധാകൃഷ്ണൻ ഒരൊറ്റ വൈകുന്നേരം കൊണ്ട് ഷൂട്ട് ചെയ്തു തീർത്ത രംഗങ്ങൾ. ജോൺ ക്രിയേറ്റീവ് ഫണ്ടിങ്ങിലൂടെ ചെയ്ത സിനിമയാണെങ്കിലും യാത്ര, താമസം, ഭക്ഷണം, ക്യാമറ വാടക എന്നിങ്ങനെയുള്ള ചെലവുകൾക്കായി ഞാനെന്റെ ആയുസ്സിന്റെ സമ്പാദ്യമായ പി.എഫിൽ നിന്ന് മൂന്നിലൊന്ന് ലോണായി എടുത്താണ് കെ.എസ്. എഫ്.ഡി.സി. പാക്കേജിൽ ചെയ്ത സിനിമ തീർത്തത്. പി.എഫിൽ നിന്ന് അങ്ങിനെയൊരു ലോണെടുക്കാൻ ധൈര്യം കിട്ടാൻ കാരണം പി.വി.ജി.യുടെ ഒരു ഉപദേശം കേൾക്കാൻ തയ്യാറായതാണ്. അല്ലെങ്കിൽ എന്നെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയ ഉടൻ ഞാൻ മാതൃഭൂമിയിൽ നിന്ന് രാജിവച്ച് ഇറങ്ങിപ്പോയി കമ്പനിയിൽ നിന്ന് കിട്ടുന്ന ഗ്രാറ്റ്വിവിറ്റി പൂർണമായും നഷ്ടപ്പെടുത്തുമായിരുന്നു. ദീദിയെ വിളിച്ചുപറഞ്ഞ് ആ രാജി തടഞ്ഞത് പി.വി.ജിയായിരുന്നു.

എം.ജെ. രാധാകൃഷ്ണന്‍

കഥ ഇങ്ങനെ: തിരക്കഥാകൃത്ത് ടി.എ. റസാക്ക് മരിക്കുന്നത് മാതൃഭൂമിയുടെ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ആമുഖ്യത്തിൽ സ്വപ്നനഗരിയിൽ നടന്ന ഒരു ധനശേഖരണ ഫിലിം നൈറ്റിന്റെ അന്നായിരുന്നു. പരിപാടി നടത്താൻ, മരിച്ചവിവരം മറച്ചുവച്ചാണ് മൃതദേഹം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടെത്തിച്ചത്.

രാത്രി സ്വപ്നനഗരിയിലെ പരിപാടി കഴിയുമ്പോഴേക്കും 12 മണിയായി. രാവിലെ മരിച്ചിട്ടും കൊച്ചിയിൽ ആർക്കും ആദരവർപ്പിക്കാനുള്ള അവസരം പോലും നൽകാതെ മൃതദേഹം 12 മണിയോടെ കോഴിക്കോട് ടൗൺഹാളിൽ എത്തിക്കുയായിരുന്നു. അതിൽ പ്രതിഷേധിച്ച് റസാക്കിന്റെ കോഴിക്കോട്ടുള്ള കുടുംബവും സുഹൃത്തുക്കളും ഫിലിം നൈറ്റ് സംഘടകർക്കെതിരെ തിരിഞ്ഞു. ടൗൺഹാളിൽ രോഷാകുലമായ സ്ഥിതി സംജാതമായി. 2016 ആഗസ്റ്റ് 15 സംഘർഷഭരിതമായിരുന്നു.

ടി.എ. റസാഖ്

ഒരു പകൽ മുഴുവനും ആ പരിപാടിക്കുവേണ്ടി മരണവാർത്ത മൂടിവച്ചതിന്റെ ശരിതെറ്റുകളെക്കുറിച്ച് വലിയ സംവാദം നടന്നു. പരിപാടി നടത്തിയവർ മരണവിവരം അറിയിച്ച് അത് നടത്താൻ തയ്യാറായിരുന്നെങ്കിൽ എറണാകുളം അമൃത ആശുപത്രിയിലോ അവിടുത്തെ ടൗൺഹാളിലോ പൊതു സമൂഹത്തിനും സിനിമാക്കാർക്കും ആദരവർപ്പിക്കാൻ അവസരമുണ്ടാകുമായിരുന്നു. അതുണ്ടായില്ല. കോഴിക്കോട്ടെ കുടുംബം പോലും മരണവിവരം അറിഞ്ഞില്ല. പ്രശ്നത്തെ തുടർന്ന് കോഴിക്കോടൻ സിനിമക്കാർ മൊത്തം അപ്രത്യക്ഷരായി. റസാക്കിന്റെ പേരിൽ ഒരനുശോചന യോഗം പോലും ഉണ്ടായില്ല.

അതിൽ പ്രതിഷേധിച്ച് റസാക്കിന്റെ ആത്മമിത്രവും മിംസിൽ എമർജൻസി മെഡിസിന്റെ ചുമതലക്കാരനുമായ ഡോ. വേണുഗോപാൽ കോഴിക്കോട് അളകാപുരിയിൽ അനുശോചന യോഗം വിളിച്ചു കൂട്ടി. സ്വാഭാവികമായും അത് റസാക്കിനോട് ഫിലിം ഇന്റസ്ട്രി കാട്ടിയ അനാദരവിനോടുള്ള പ്രതിഷേധ യോഗമായി മാറി. ഞാനും അതിൽ പങ്കെടുക്കുകയും, റസാക്കിന്റെ പേരിൽ ഒരനുശോചന യോഗം പോലും നഗരസഭയോ സർക്കാറോ നടത്താൻ തയ്യാറാകാത്തതിൽ വേദന രേഖപ്പെടുകയും ചെയ്തു. എന്നാൽ പരിപാടി കഴിഞ്ഞ് ഓഫീസിലെത്തും മുമ്പ് ഡോ. വേണു വിളിച്ചു: “സംവിധായകൻ രഞ്ജിത്ത് വിളിച്ചിരുന്നു. പ്രേംചന്ദ് എന്താണ് പ്രസംഗിച്ചത് എന്ന് ചോദിച്ചു.” ഓഫീസിലെത്തിയ ഉടൻ എം.ഡി എം.പി. വീരേന്ദ്രകുമാർ എന്നെ വിളിപ്പിച്ചു. എച്ച്. ആർ. മാനേജർ ആനന്ദും ഒപ്പമുണ്ടായിരുന്നു: “നീ മാതൃഭൂമിക്കെതിരെ പ്രസംഗിച്ചു എന്ന് കേട്ടല്ലോ. റസാക്കിന്റെ ധനശേഖരണ പരിപാടി മാതൃഭൂമിയാണ് നടത്തുന്നത് എന്ന് നിനക്കറിയില്ലേ.”

എം.പി. വീരേന്ദ്രകുമാര്‍

എന്റെ പ്രസംഗം കുറച്ചുകൂടി വികാരനിർഭരമായി ആവർത്തിച്ചു. അത് അദ്ദേഹത്തെ തൃപ്തനാക്കിയോ എന്നറിയില്ല. തൽസമയം ഞാൻ അനഭിമതനായി മാറി. ആ സംഘർഷം മാസങ്ങൾ നീണ്ടു. അതിന്റെ അന്ത്യത്തിൽ എന്നെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. ഞാൻ ഓർഡർ കൈപ്പറ്റില്ലെന്ന് തീരുമാനിച്ച് രാജി പ്രഖ്യാപിച്ചു. പി.വി.ജി എന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി, കോട്ടയത്ത് ജോയിൻ ചെയ്ത് അന്നുതന്നെ ലീവെഴുതി കൊടുത്ത് തിരിച്ചുവരാൻ ഉപദേശിച്ചു. കമ്പനി തീരുമാനം ധിക്കരിച്ചാൽ പിരിച്ചു വിട്ടേക്കുമെന്ന് മുന്നറിയിപ്പു നൽകി.

ഞാനത് അനുസരിച്ചു. ആ ലീവ് ആറ് മാസത്തോളം നീണ്ടു. ഒടുവിൽ കമ്പനി വീണ്ടും വീട്ടിലേക്ക് ഒരു ഉത്തരവ് കൊടുത്തയച്ചു. ലീവ് മതിയാക്കി ജോയിൻ ചെയ്യുന്നില്ലെങ്കിൽ നടപടി എടുക്കും എന്ന്. പി.വി.ജിവീണ്ടും എന്നെ വിളിച്ചുവരുത്തി; ‘‘വിഡ്ഡിത്തം ചെയ്യരുത്. പിരിച്ചുവിട്ടാൽ ഗ്രാറ്റുവിറ്റി മുഴുവനും പോകും. മലപ്പുറത്തോ വയനാട്ടിലോ ജോയിൽ ചെയ്യണം’’
മാതൃഭൂമി ഷെയർ ഹോൾഡേഴ്സ് മീറ്റിങായിരുന്നു പിറ്റേന്ന്. ഞാനും മീറ്റിങ്ങിന് പോയിരുന്നു. മീറ്റിങ്ങിന് ശേഷം എം.ഡി. വീരേന്ദ്രകുമാർ ബോർഡിന് മുമ്പാകെ എന്നെ തിരിച്ചുവിളിപ്പിച്ചു. എന്താ പി.വി.ജി പറഞ്ഞ വയനാട്ടിലോ മലപ്പുറത്തോ ജോയിൻ ചെയ്തൂടേ എന്നുചോദിച്ചു. പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചുപറഞ്ഞു. വേണമെങ്കിൽ രാജിക്കത്ത് എഴുതിത്തരാം എന്ന് പറഞ്ഞു. അല്ലെങ്കിൽ എന്നെ ട്രാൻഫർ ചെയ്തത് കമ്പനിക്ക് പുറത്തുള്ള ആൾക്കാരുടെ വാക്കു കേട്ടാകുന്ന സ്ഥിതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. ഞാൻ ഇറങ്ങിപ്പോയി.

രാത്രി പി.വി.ജി. വീണ്ടും വിളിച്ചു; ‘‘എം.ഡിയുടെ ഉത്തരവ് തോൽക്കുന്ന സാഹചര്യം ഒരു കമ്പനിക്കും ചെയ്യാനാവില്ല. അതുണ്ടാക്കരുത്. അതൊരു പ്രതിസന്ധിയാണ്. അത് മനസ്സിലാക്കണം. നീ ജോയിൻ ചെയ്താൽ മൂന്നു മാസത്തിനകം നിന്നെ തിരിച്ച് കോഴിക്കോട്ടുതന്നെ ഞാൻ എത്തിക്കാം എന്ന് ഉറപ്പ്."

ആ സ്നേഹനിർബന്ധത്തിന് ഞാൻ വഴങ്ങി. ജോൺ എന്ന സിനിമ പത്ത് വർഷമെടുത്ത് പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞത് ആ തീരുമാനം കൊണ്ടാണ്. ജോൺ സിനിമയുടെ ഭാഗമായിനിന്ന് ഓരോ ഷെഡ്യൂൾ ഷൂട്ട് ചെയ്ത രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണൻ, അതിൽ വേഷമഞ്ഞ ഹരിനാരായണൻ, മധു മാസ്റ്റർ, എ. നന്ദകുമാർ, രാമചന്ദ്രൻ മൊകേരി എന്നിവർക്കൊപ്പം ശോഭീന്ദ്രൻ മാഷും ഇപ്പോൾ അശരീരിയായി. ഒപ്പം നിന്ന പി.വി.ജി.യും.
പി.വി.ജി.ക്ക് നന്ദി, സ്നേഹം.

Comments