സിദ്ധാർത്ഥന്റെ പട്ടികൾ

സ്വൽപം ദളിത് പ്രേമവും മതസൗഹാർദ്ദവും പുലർത്തുന്നതിന്റെ ഭാഗമായി രണ്ട് കാര്യങ്ങൾ ചെയ്യാൻ ഞാൻ തീരുമാനിച്ചു. (ഒന്ന്) വിശേഷപ്പെട്ട എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിയാൽ ഒരോഹരി സിദ്ധാർത്ഥനും അമ്മയ്ക്കും കൊടുക്കുക. (രണ്ട്) നാല് പട്ടികൾക്കും പേരിടുക. അത് യഥാക്രമം അനന്തൻ നമ്പൂതിരി, അമ്മദ് ഹാജി, പീറ്ററച്ചായൻ എന്നിങ്ങനെ ആണുങ്ങളുടെ കാര്യത്തിൽ തീർപ്പാക്കി. പെണ്ണിന് ഒരു വിദേശപ്പേരു നല്ലതാണെന്ന് തോന്നിയത് കൊണ്ട് സോഫിയ ലോറൻ എന്ന് തീരുമാനിച്ചു....യാഥാർഥ്യത്തിനും അതീതയാഥാർഥ്യത്തിനുമിടയിലെ ചില ജീവിതമുഹൂർത്തങ്ങൾ

മണം

സിദ്ധാർത്ഥനെ എപ്പോൾ മുതലാണ് കണ്ടുതുടങ്ങിയതെന്ന് കൃത്യമായ ഓർമയില്ല. ഏതായാലും ഒരുപാട്​ മുമ്പാണ്. അവന് എന്നേക്കാൾ കുറച്ച് പ്രായം കുറവാണ്. അച്ഛൻ കറുപ്പൻ. അമ്മ സുശീല. ഞങ്ങൾ ഒരേ പ്രദേശക്കാർ. ഒരു സ്‌കൂളിൽ പഠിച്ചിറങ്ങിയവർ. നാട്ടിലെ ചില്ലറപ്പണികളും നായാട്ടും കൂടെയുള്ളതുകൊണ്ട് അവൻ ഹൈസ്‌കൂൾ ക്ലാസുകളിൽ തന്നെ പഠനം നിർത്തിയിരുന്നു. നായാട്ടെന്നാൽ കൊറ്റി, കുളക്കോഴി, മൈന, തത്ത, മാടത്ത മുതലായ പക്ഷിവർഗ്ഗങ്ങളെ കെണിവച്ചോ കല്ലെറിഞ്ഞോ അമ്പെയ്‌തോ പിടിക്കൽ. ബ്രാൽ എന്ന വരാൽ കടു, മുഷു, പള്ളത്തി, പിലോപ്പിയ, കരിപ്പിടി മുതൽ വലയിലും അമ്പിലും ചൂണ്ടയിലും കിട്ടാവുന്ന മീൻ വർഗ്ഗങ്ങളെ കരക്കെത്തിക്കൽ. വലിയ തോടുകളിൽ നിന്ന് പായലുകൾക്കിടയിലൂടെ നീന്തിവരുന്ന വരാലിന്റെ പുളപ്പ് സമീപ പ്രദേശങ്ങളിലെവിടെയെങ്കിലുമൊരു കൈത്തോടിന്റെ കരയിലിൽ കൂർപ്പിച്ച അമ്പിൻ മുനയിൽ കണ്ണുംനട്ടിരുന്നു കൊണ്ട് സിദ്ധാർത്ഥനറിയും. കിട്ടുന്നതെല്ലാം വിൽക്കും. പാടത്തിൻ കരയിലൂടെ പോയ ബസ്സിൽ നിന്ന് ഓടിയിറങ്ങി വരമ്പിൽ വെടിവട്ടം കൂടിയിരുന്ന കൊറ്റികൾക്കിടയിലേക്ക് പാഞ്ഞുചെന്ന് പറന്നു പൊങ്ങുന്നതിനു മുമ്പ് സിദ്ധാർത്ഥൻ ഒന്നുരണ്ടെണ്ണത്തിനെ കൈപ്പിടിയിലാക്കിയതായി കഥയുണ്ട്. പലപ്പോഴും അവനെ കാണുമ്പോൾ പുട്ടുകുടത്തിൽ ഇത്തിരി വെള്ളത്തിനകത്ത് താളമിടുന്ന മീനുകളുടെ ഒച്ച അകമ്പടിയുണ്ടാകും. ആഴത്തിലൊരു ചളിമണവും.

അവന്റെ അപ്പൻ കറുപ്പനും അങ്ങനെയൊക്കെത്തന്നെ. വീശുവല തോളിലിട്ട് വെള്ളത്തിൽ വിരിക്കാനുള്ള വല കൈത്തണ്ടിലേന്തി തോടുകളുടെ തിണ്ട് ചവിട്ടി അയാൾ നടന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇടയ്ക്കയാൾ ഉരുണ്ടു കൊഴുത്ത താടിയുള്ള മുട്ടനാടുമായി തെങ്ങിൻ പറമ്പുകൾ കടന്ന് പെണ്ണാടുകളുള്ള വീടുകളിലെത്തി. കറുപ്പൻ കഞ്ചാവു വലിക്കുമെന്ന് ആരൊക്കെയോ പറഞ്ഞു. ആടുകളെ ഇണചേർത്ത് പണം വാങ്ങി അടുത്ത സ്ഥലത്തേക്കയാൾ നീങ്ങി. അയാൾക്ക് രണ്ട് മണങ്ങളുണ്ടായിരുന്നു. ഇരുണ്ട മണ്ണും വില കുറഞ്ഞ ബ്രാണ്ടിയും ചേർന്ന ഒന്ന്. ചിലപ്പോൾ ആടിന്റെ മണവും.

മഴക്കാലങ്ങളിൽ നേരിയ ചാറ്റലുള്ളപ്പോൾ പൊന്തകളിലോ കൂർത്ത മുള്ളുകളുള്ള കൈതകൾക്കിടയിലോ വെള്ളത്തിന്റെ അനക്കത്തിലേയ്ക്ക് ലക്ഷ്യം വച്ച അമ്പുമായി മകനിരുന്നു. വെള്ളത്തിൽ വലയുടെ പൂവിടർത്തിയും പറിച്ചെടുത്തും മുട്ടനാടിനൊപ്പം ചുമച്ചും അപ്പൻ നടന്നു. കവിളൻ മടലുകളിൽ ടാങ്കീസു ചുറ്റി വലിയ കൊളുത്തിട്ട് ഇരകോർത്ത് കൊറ്റികളെ പിടികൂടാനുള്ള സൂത്രം അപ്പൻ തന്നെയാവണം മകന് പറഞ്ഞു കൊടുത്തത്. തല പോയ തെങ്ങിൻ മണ്ടകളിലെ പൊത്തുകളിലിരിക്കുന്ന മാടത്തയും തത്തയുമെല്ലാം മുകളിലേക്ക് എപ്പോഴും കയറിവരാവുന്ന സിദ്ധാർത്ഥന്റെ നിഴൽ ഭയന്നിട്ടുണ്ടാവും. ചെറുതോടുകളിൽ ഇളവെയിൽ കൊള്ളുന്ന ചുവപ്പു കുഞ്ഞുങ്ങളെ തള്ളവരാൽ കരയിലൂടെയുള്ള അച്ഛന്റെയോ മകന്റെയോ കാൽവെയ്പറിഞ്ഞ് ദൂരേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാകണം.

കവലയിലെ തമാശകൾക്കിടയിൽ സ്ഥിരം പാത്രങ്ങളായിരുന്നു സിദ്ധാർത്ഥനും അച്ഛൻ കറുപ്പനും. പഴയ നാടകങ്ങളിലെ മണ്ടന്മാരായ വേലക്കാരെപ്പോലെ, ബ്ലാക്ക് & വൈറ്റ് സിനിമകളിലെ ഭാസി- ബഹദൂർ പോലെ. ആലുമ്മൂടനോ, പട്ടം സദനോ, മണവാളൻ ജോസഫോ പഴയ ഇന്ദ്രൻസോ പോലെ. സന്ദർഭത്തിന് ഉന്മേഷമുണ്ടാക്കാൻ പലരുടെയും കഥകളിലെ ഹാസ്യ സന്ദർഭങ്ങൾ മനസ്സറിയാതെ അവർ കൈകാര്യം ചെയ്തു. കുടിച്ച് കുന്തം മറിഞ്ഞു വരുമ്പോൾ പേരും അഡ്രസ്സും എഴുതിയെടുത്ത പോലീസുകാരനോട് ഇനി സാറിന്റെ പേരു പറയാൻ സിദ്ധാർത്ഥൻ ആവശ്യപ്പെട്ടത്. പടിഞ്ഞാറോട്ട് പോകാൻ കിഴക്കോട്ടുള്ള ബസ് സ്റ്റോപ്പിൽ നിന്നതു പോരാഞ്ഞ് വന്ന ബസ്സിനൊന്നും വാതിലില്ല എന്നു പറഞ്ഞ് മടങ്ങിപ്പോയത്. കഴുകിയിട്ട ബസ്സിനു പുറത്ത് ചെരിപ്പൂരിയിട്ടു കയറിയത്. അങ്ങനെയങ്ങനെ...

സിദ്ധാർത്ഥനെ ഞാൻ അടുത്തു കാണാൻ തുടങ്ങിയപ്പോൾ അവൻ നിർമ്മാണത്തൊഴിലാളിയായി മാറിയിരുന്നു. നല്ല തടിമിടുക്കുണ്ട്. ഒന്നുരണ്ട് തവണ മീൻ തന്നിട്ടുള്ളതുകൊണ്ട് അവനെ കാണുമ്പോൾ കുശലം പറയാറുണ്ട്. കൂടെ പണിക്കിറങ്ങുന്നവരുടെ പൊട്ടിച്ചിരിയും ഒപ്പം തന്നെ സിദ്ധാർത്ഥന്റെ ദയനീയമായ ചിരിയും കേട്ട് ഒരു വൈകുന്നേരം കവലയിൽ നിന്നിരുന്ന ഞാൻ അവിടേക്ക് കാതു കൊടുത്തു. സിദ്ധാർത്ഥനടക്കം എല്ലാവരും മേസ്തിരിയെ കാത്തുനിൽപാണ്. പണിയ്ക്കിറങ്ങിയ വീട്ടിൽ നിന്നുള്ള തമാശയാണവിടെ. പണി ഉച്ചയ്ക്ക് നിർത്തി എല്ലാവരും അൽപനേരം മയങ്ങും. മയങ്ങി എണീറ്റയുടൻ സിദ്ധാർത്ഥൻ ആ വീട്ടിലെ ക്ലോക്കിൽ നോക്കി. അഞ്ചര കഴിഞ്ഞിരിക്കുന്നു. കൂട്ടിയ സിമന്റും ചാന്തുമെല്ലാം ധാരാളം ബാക്കിയുണ്ട്. വീട്ടുകാരറിയാതെ ബാക്കി വന്ന സാധനങ്ങൾ കുഴിച്ചുമൂടി പണി നിർത്തി എല്ലാവരും കൈകാൽ കഴുകുമ്പോഴാണ് ആ ക്ലോക്കിലെ സൂചി തെറ്റിയോടുന്നതായി ആരോ കണ്ടെത്തിയത്. മണി മൂന്ന് കഴിഞ്ഞതേയുള്ളൂ. കൂട്ടച്ചിരിക്കിടയിൽ സിദ്ധാർത്ഥനൊഴികെ എല്ലാവരും പലവഴിക്ക് പിരിഞ്ഞു. അവന് മേസ്തിരി വന്നാലേ പോകാനാവൂ. കുഴിച്ചിട്ട സാധനങ്ങളുടെ കണക്ക് സിദ്ധാർത്ഥൻ പറയണം. അവന്റെ വിഡ്ഢിച്ചിരി ആസ്വദിക്കാൻ വേണ്ടി മാത്രം ഞാൻ പതുക്കെ അങ്ങോട്ട് നടന്നു. പെട്ടെന്നവന്റെ മുഖത്തൊരു കാളിമ പടർന്നു. അവനെന്റെ നേരെ തലതിരിച്ച് ഇങ്ങനെ പറഞ്ഞു; "അന്നും എന്നെയല്ലേ എല്ലാരും കൂടി നിരവരാധി ആക്യേത്'

ഞാൻ ആർത്തു ചിരിച്ചു. സിദ്ധാർത്ഥനടക്കമുള്ള കുറച്ചു പിള്ളേർ സ്‌കൂൾ കാലത്ത് ജലസംഭരണിയിൽ ഉറുമ്പുപൊടിയോ വിമ്മോ കലക്കിയെന്നാണ് കേസ്. സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലക്കിയ കുട്ടി പ്രതികളെ പോലീസുകൊണ്ടുപോയി. സിദ്ധാർത്ഥനൊഴികെയുള്ള കുട്ടികളെ എല്ലാവരെയും രക്ഷിതാക്കൾ സ്റ്റേഷനിൽ വന്ന് കൂട്ടിക്കൊണ്ടുപോയി. അവനങ്ങനെ കിടന്നു. ചന്തിയും പുറവും കാൽ വണ്ണകളും ചൂരലടിയേറ്റ് തിണർത്ത് കല്ലിച്ചു. ഒടുവിൽ സെല്ലിൽ കിടന്ന് അവൻ ആർത്തു കരഞ്ഞു; "എല്ലാരും കൂടി എന്നെ നിരവരാധ്യാക്കി സാറേ'

ഈ തമാശ വളരെ പ്രചാരം നേടിയിരുന്നു. പിന്നീട് ഞാനതൊരു സിനിമയിലും കേട്ടിരുന്നു. പക്ഷേ ഇത് സിദ്ധാർത്ഥന്റെ സ്വന്തം തമാശയായിരുന്നു. ഇതവന് കൈമാറിക്കിട്ടിയതാകാം. അവന്റെ അപ്പനോ അപ്പൂപ്പനോ നിരപരാധി എന്ന വാക്കറിയാത്തവരായിരുന്നിരിക്കാം. അവനെ സംബന്ധിച്ച് അപ്പോഴതൊരു കനമുള്ള വാക്കായിരുന്നു. പക്ഷേ അറിയാതെ ആ വാക്കവനെ ഒറ്റുകൊടുത്തു. ഇപ്പോൾ നിന്നു പോയ ക്ലോക്കുമായി സമയം ഒറ്റുകാരനായിരിക്കുന്നു. നിരപരാധിയുടെ തമാശ ഓർത്തോർത്ത് ചിരിച്ച് മണ്ണുകപ്പിക്കൊണ്ടാണ് ഞാനന്ന് വീട്ടിലേക്ക് പോയത്.

നിഴൽ

ഇടയ്‌ക്കെപ്പോഴോ സിദ്ധാർത്ഥന്റെ അപ്പൻ കിടപ്പിലായി. തീർത്തും കിടപ്പ്. ചാകാറായിക്കിടക്കുന്ന അപ്പനെ സിദ്ധാർത്ഥൻ എടുത്തു വലിച്ചെറിയുകയും തല്ലുകയുമൊക്കെ ചെയ്തിരുന്നു എന്ന് നാട്ടുകാർ പറയാറുണ്ട്. സിദ്ധാർത്ഥനും കുടിക്കാറുണ്ടെന്ന് കേട്ടിരുന്നു. എപ്പോഴോ കറപ്പൻ മരിച്ചുവെന്നും കേട്ടു. സിദ്ധാർത്ഥനെ വല്ലപ്പോഴും സന്ധ്യകളിൽ കവലയിൽ കാണാറുണ്ട്. പണികഴിഞ്ഞ് ദേഹത്തുപറ്റിയ സിമന്റ് പൊടിയും കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി ചിലപ്പോൾ ചായക്കടയിലും.

സിദ്ധാർത്ഥന് ഇടയ്ക്കുണ്ടായ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ എവിടെ നിന്നൊക്കെയോ കേട്ടിരുന്നു. സ്ഥിരത പോയ മട്ടാണെന്നാണ് എല്ലാവരും പറയുന്നത്. അതിന് പലവിധ കാരണങ്ങളും. കയ്യിൽ കുറേ പണമുണ്ടായിരുന്നുവെന്നും അതുപോയതുമുതൽ ആളാകെ വെപ്രാളത്തിലാണെന്നും ആ പണം വീടിന് മുമ്പിലുണ്ടായിരുന്ന മരം വെട്ടിവിറ്റ പണമായിരുന്നെന്നും കേട്ടു. അഴിമുഖത്തിന് കിഴക്ക് ഭാഗത്തുള്ള പാലത്തിന്റെ കൈവരിയിൽ അവൻ ചെമ്പല്ലിയെ ചൂണ്ടയിൽ കോർക്കാൻ ചെന്നിരിക്കാറുണ്ട്. അവിടെ വെച്ച് കഞ്ചാവ് പരിചയിച്ചുവെന്നും പിന്നീടത് ശീലമായെന്നും കഞ്ചാവ് ലഹരിയിലാണ് പണം പോയതെന്നും പറയുന്നുണ്ട്. ഏതായാലും സിദ്ധാർത്ഥൻ ജോലിക്ക് പോകാതായി. പതുക്കെ മൗനിയായി. എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി. മിക്ക പുലർച്ചകളിലും തൂക്കുപാത്രവുമായി അപ്പന് ചായ വാങ്ങാൻ വരാറുള്ളായാളായിരുന്നെന്ന് ഞാനോർത്തു. ഇപ്പോൾ അമ്മയാണ് പകരം വരുന്നത്. അവർ വാങ്ങിക്കൊണ്ടുപോകുന്ന ചായയും പകർച്ചയും സിദ്ധാർത്ഥന് വേണ്ടിയാണ്. കഴുത്തിലൊരു വലിയ മുഴയും മുഖം മുട്ടോളം കൂനിയുള്ള നടത്തവുമായി കറുത്തുമെല്ലിച്ച് ഉണങ്ങിപ്പൊടിഞ്ഞ ഓലമടലുപോലെ ഒരു ജീവി. തൂക്കുപാത്രവുമായി അവർ നടന്നുപോകുന്നത് പലവട്ടം ഞാൻ നോക്കിനിന്നിട്ടുണ്ട്.

പലപ്പോഴും റേഷൻകടയിലോ, പലചരക്കുകടകളിലോ അവർ വരും. എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന വാഴനാര് കണക്ക് വലിയ ദുരിതം പോലെ അവർ അവരെത്തന്നെ പേറിനടക്കുന്നു. സാധനങ്ങൾ നിറച്ച സഞ്ചിയും താങ്ങി പത്തടി നടന്നാൽ എവിടെയെങ്കിലും ഇരിക്കണം. മിക്കവാറും റോഡുവക്കിൽ. അല്ലെങ്കിൽ കടത്തിണ്ണയിൽ, കവലയിൽ, പകർച്ച വാങ്ങാൻ വരുമ്പോൾ ഒരു ചായയോ കടിയോ ആരെങ്കിലും വാങ്ങിക്കൊടുക്കും. അവർ ദൂരെ ഇഴഞ്ഞു മറഞ്ഞു കഴിഞ്ഞാൽ വാങ്ങിക്കൊടുത്ത ചായയുടെയും കടിയുടെയും ബലത്തിൽ അന്നദാതാവിന്റെ രാഗവിസ്താരമുണ്ടാകും

"എത്ര നന്നായി ജീവിക്കാമെന്നോ, അമ്മേം മോനും മാത്രമല്ലേയുള്ളൂ..'

അടുത്തുനിൽക്കുന്ന ആരെങ്കിലും പിന്താങ്ങും, "അതെയതെ'

അന്നദാതാവ്: "ഇവർക്ക് വല്ല ആശൂത്രീലും പോയി മരുന്നു കുടിച്ചൂടേ'

കേട്ടുനിൽക്കുന്നവൻ: "എവടെ? ആരെങ്കിലും മരുന്ന് വാങ്ങിച്ചുകൊടുത്താ കുടിച്ചോളും. തെണ്ടിത്തിന്നും തെണ്ടിനടന്നുമല്ലേ ശീലം. ചെക്കനെവടെയാണ്? അവനെയിപ്പോ കാണാറില്ല'

അന്നദാതാവ്: "വീടിന് പുറത്തിറങ്ങാറില്ലെന്നാ കേട്ടത്.. പണിക്കും പോകാറില്ല. ഓരോന്നിന്റെ വിധി.'

കേട്ടുനിൽക്കുന്നവർ: "ആരും അടുക്കൂലെന്നേ. വൃത്തീം മെനേം ഒട്ടൂല്ലല്ലോ..'

അന്നദാതാവ്: "പറഞ്ഞട്ട് കാര്യൂല്ല. ജാതി അതല്ലേ...?'

ഞാൻ വൃത്തിയായി വസ്ത്രം ധരിക്കുന്നു. "തിലകം ചാർത്തിയും ചീകിയും' പോറ്റുന്ന ശിരസ്സും പേറിനടക്കുന്നു. എന്നെപ്പോലുള്ളവർക്കിടയിലൂടെ നെഞ്ചിലേക്ക് കുനിഞ്ഞ ശിരസ്സും പേറി എത്രയോ കാലമായി സിദ്ധാർത്ഥനും നടക്കുന്നു. ഇപ്പോഴിതാ ഒടിഞ്ഞ നിഴലിനെ പിറകിൽ ചുമന്ന് അവന്റെ അമ്മയും നടന്നുപോകുന്നു.

വെള്ളം

ഉമ്മ മരിച്ചുപോയതോടെ തറവാട്ടിൽ നിന്നിറങ്ങി പത്തുകൊല്ലത്തോളം രണ്ടു വാടകവീടുകളിലായിരുന്നു ഞാൻ. ഇടയ്ക്ക് കുറച്ച് സ്ഥലം വാങ്ങി ഒരു വീടുവെച്ചു. രണ്ടാമത്തെ പ്രളയം ഒതുങ്ങിയ സമയത്ത് വീട്ടിൽ കയറിക്കൂടി. വേണ്ടപ്പെട്ടവരെ പലരെയും അറിയിക്കാനോ അവർക്കൊന്നും വരാനോ കഴിഞ്ഞില്ല. ചുറ്റുപാടുമുള്ളവരെയും വന്നെത്താൻ കഴിയുന്ന സുഹൃത്തുക്കളെയും മാത്രം അറിയിച്ചു. ഇപ്പോൾ പുതിയ വീടിനെയും സിദ്ധാർത്ഥന്റെ വീടിന്റെയും വേർതിരിക്കുന്നത് മുമ്പിലുള്ള ചെറിയ റോഡാണ്. ഒന്നു കൂവിയാലോ ഉറക്കെച്ചുമച്ചാലോ കേൾക്കാവുന്ന അകലം മാത്രം. ഞാനിവിടെ താമസമാക്കുന്നതിന് മുമ്പ് പാർട്ടിക്കാരോ സന്നദ്ധ പ്രവർത്തകരോ ഒക്കെ ചേർന്ന് സിദ്ധാർത്ഥന്റെ വീടിന് അറ്റകുറ്റപ്പണികൾ ചെയ്തുകൊടുത്തിരുന്നു. അഴുക്കും വിഴുപ്പും കൂട്ടിയിട്ട് കത്തിച്ചും കക്കൂസു പണിതും തേച്ചുരച്ച് കഴുകി ശുദ്ധം വരുത്തിയും അമ്മയെയും മകനെയും വൃത്തിയുടെ മഹത്വമോർമ്മിപ്പിച്ചും തങ്ങളുടെ കടമ നിർവ്വഹിച്ച് അവർ പിൻവാങ്ങി. വീട് പുതുക്കുന്നതിന് തൊട്ടുമുമ്പ് സിദ്ധാർത്ഥൻ ആശുപത്രിയിലായിരുന്നുവെന്നും തങ്ങളാണ് അവനെ കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് വീട് പുത്തനാക്കിയതെന്നും ഒരാളെന്നോട് പറഞ്ഞു. എന്താണ് സിദ്ധാർത്ഥന്റെ അസുഖമെന്ന് ഞാനയാളോട് ചോദിച്ചു.

അയാൾ: "പ്രത്യക്ഷത്തിൽ ഒന്നുമില്ല '

ഞാൻ: "പിന്നെ '

അയാൾ: "വേദനയെടുത്ത് അലർച്ചയാണ് '

ഞാൻ: "എവിടെയാണ് വേദന? '

അയാൾ: "എവിടെയും കുഴപ്പമില്ലെന്നാണ് ഡോക്ടർ പറഞ്ഞത് '

ഞാൻ: "പിന്നെ?'

അയാൾ: ‘ആ..'

ഞാൻ: "....'

അയാൾ: "ആരും അടുക്കില്ല. വൃത്തിയില്ല. പിന്നെ അറിയാലോ ജാതി...'

വീടുതാമസം നടന്ന വൈകുന്നേരം. എല്ലാവരും പിരിഞ്ഞുകഴിഞ്ഞ് നേരെ മുമ്പിലുള്ള പറമ്പിൽ ചെറിയ പന്തലു കെട്ടിയിടത്ത് ഭക്ഷണാവശിഷ്ടങ്ങളും ഇലയും പെറുക്കുകയായിരുന്നു ഞാൻ. കൂടണയും മുമ്പ് എന്തെങ്കിലും കിട്ടിയാലായെന്നു കരുതി അവിടവിടെ ചികയുന്ന കുറച്ച് കാക്കകളുണ്ട് കൂട്ടിന്. പെട്ടെന്ന് സിദ്ധാർത്ഥൻ അവിടേയ്ക്ക് വന്ന് എന്നെ സഹായിക്കാൻ തുടങ്ങി. നന്നായെന്ന് ഞാനും മനസ്സിൽ കരുതി. ഒറ്റയ്‌ക്കെടുത്താൽ തീരില്ല.. ഞാനവനോട് കവലയിൽ നിന്ന് ഒരു 'അറബാന' വാടകയ്‌ക്കെടുക്കാൻ പറഞ്ഞു. എല്ലാം പറഞ്ഞതുപോലെ എന്റെ കൂടെനിന്ന് അവൻ ചെയ്തു തീർത്തു. പണികഴിഞ്ഞ് കൂലികൊടുത്തപ്പോൾ അവനെന്നോട് പറഞ്ഞു.

"മോൻ കാശൊന്നും തരണ്ട'.

എന്നെ മോനെന്നാണ് വിളിക്കുന്നത്. ഞാൻ പറഞ്ഞു.

"അച്ഛനിത് പിടിക്ക് '.

അവനില്ലെന്ന് തലയാട്ടി. ഒന്ന് ചിരിക്കുകയും ചെയ്തു. ചെറിയൊരു ഗുസ്തിക്ക് ശേഷം പൈസ അവന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. പോകുന്നതിന് മുമ്പ്. ചിരിച്ചുകൊണ്ടുതന്നെ അവനോടൊരു കാര്യം ഓർമ്മിപ്പിച്ചു.

"എടാ അച്ഛാ.. നിന്റെ പട്ടികളെ ഒന്ന് കൺട്രോളു ചെയ്യണം. എന്റെ പിള്ളേർ വഴിനടക്കുമ്പോൾ കുരച്ചുപേടിപ്പിക്കുകയാണ്...’.
ഉടനെ വന്നു മറുപടി, "മോനേ.. ഇവറ്റകളൊക്കെ വന്നു കൂടുന്നതാണ്.. എന്റെ പട്ടികളല്ല.'

നിലവിൽ അവന്റെ വീടിനകത്തും പുറത്തുമായി നാലു പട്ടികളുണ്ട്. മൂന്നാണും ഒരു പെണ്ണു. നാലും ചുവപ്പാണ്. വേർതിരിച്ചറിയാൻ പ്രയാസമാണ്. പട്ടികളെക്കുറിച്ച് എല്ലാവർക്കും പരാതിയുണ്ട്. ഇടയ്ക്ക് മെമ്പർ വന്ന് താക്കീത് ചെയ്തതാണ്. സ്‌കൂളിലും മദ്രസയിലും പോകുന്ന കുട്ടികളെ കുരച്ചു പേടിപ്പിക്കൽ, ഓടിക്കൽ എന്നിത്യാദികൾ പതിവാണ്. താക്കീതിനുവന്ന മെമ്പറോടും സിദ്ധാർത്ഥന്റെ മറുപടി അതുതന്നെയായിരുന്നു.

"പട്ടികളൊന്നും എന്റെയല്ല. എവിടന്നോ വന്ന് കൂടുന്നതാണ്, നിങ്ങൾ വേണമെങ്കിൽ തല്ലിക്കൊന്നോളൂ.. അല്ലെങ്കിൽ വിഷം കൊടുത്ത്.. '

ആരും പക്ഷേ അങ്ങനെയൊന്നും ചെയ്തില്ല. അവ സിദ്ധാർത്ഥനൊപ്പം നടക്കും. രാപകലില്ലാതെ കുരയ്ക്കും. സകലരുടെയും കോഴിയെയും താറാവിനെയും ഓടിക്കും. റോഡരികിലുള്ള സർക്കാരു പൈപ്പിൽ നിന്ന് വെള്ളമെടുക്കാൻ പോകുന്ന അവന്റെ അമ്മയ്ക്ക് കൂട്ട് നടക്കും. സിദ്ധാർത്ഥനും അവന്റെ അമ്മയും വർത്തമാനം പറയാൻ വല്ലപ്പോഴും മാത്രമാണ് വായ തുറക്കുന്നത്. പക്ഷേ, അവർക്ക് വേണ്ടി പട്ടികൾ എപ്പോഴും കുരച്ചു കൊണ്ടിരുന്നു.

സ്വൽപം ദളിത് പ്രേമവും മതസൗഹാർദ്ദവും പുലർത്തുന്നതിന്റെ ഭാഗമായി രണ്ട് കാര്യങ്ങൾ ചെയ്യാൻ ഞാൻ തീരുമാനിച്ചു. (ഒന്ന്) വിശേഷപ്പെട്ട എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിയാൽ ഒരോഹരി സിദ്ധാർത്ഥനും അമ്മയ്ക്കും കൊടുക്കുക. (രണ്ട്) നാല് പട്ടികൾക്കും പേരിടുക. അത് യഥാക്രമം അനന്തൻ നമ്പൂതിരി, അമ്മദ് ഹാജി, പീറ്ററച്ചായൻ എന്നിങ്ങനെ ആണുങ്ങളുടെ കാര്യത്തിൽ തീർപ്പാക്കി. പെണ്ണിന് ഒരു വിദേശപ്പേരു നല്ലതാണെന്ന് തോന്നിയത് കൊണ്ട് സോഫിയ ലോറൻ എന്ന് തീരുമാനിച്ചു. പേരുകൾ പരമരഹസ്യമായിരിക്കണമെന്ന് കുട്ടികളോട് ഉപദേശിച്ചു.

തൊട്ടുമുമ്പ് താമസിച്ചിരുന്ന വീട്ടിൽ സ്ഥിരമായി ഒരു പരുന്ത് വരുമായിരുന്നു. ഞാൻ കവലയിൽ നിന്ന് മീൻ വാങ്ങി വരുന്ന കൃത്യസമയം അതിനറിയാം. മീൻമുറിച്ചതിന്റെ അവശിഷ്ടങ്ങൾ തെങ്ങിൻതടത്തിലോ പറമ്പിലോ വലിച്ചെറിയുന്നതുവരെ അവൻ ഉയരത്തിലെവിടെയെങ്കിലും ക്ഷമയോടെ കാത്തിരിക്കും. പിന്നീടവൻ ഒറ്റയ്‌ക്കൊരു യുദ്ധം നയിക്കും. ഇതേ ഉദ്ദേശ്യവുമായി തെങ്ങിൻപട്ടകളിൽ വന്നിരിക്കുന്ന കാക്കകളുമായാണ് ആശാന്റെ പോരാട്ടം. അവന് ഞാൻ ബോക്‌സർ മുഹമ്മദലിയെന്ന് പേരിട്ടു. പതുക്കെപ്പതുക്കെ ബോക്‌സറും മുഹമ്മദാലിയും രൂപാന്തരം വന്ന് മമ്മാലിയായി. പക്ഷേ, കുട്ടികൾ എന്നെ ചതിച്ചു കളഞ്ഞു. അവർ കൂട്ടുകാരുമായി ഈ പേരു പങ്കുവെച്ചു. പേരു പരസ്യമായതുകൊണ്ടോ, മനുഷ്യന്റെ പേരിട്ട് അപമാനിച്ചതു കൊണ്ടോ ആവാം ഒരിക്കൽ ആകാശങ്ങളിലെവിടെയോ അപ്രത്യക്ഷനായ അവൻ പിന്നെ തിരിച്ചുവന്നില്ല. അതുകൊണ്ടുതന്നെ പട്ടികൾക്കു കൊടുത്ത പേരുകൾ അവറ്റകൾ പോലും അറിയരുതെന്ന് ഞാൻ കുട്ടികളോട് കട്ടായം പറഞ്ഞേൽപ്പിച്ചു.

വീടിന് മുമ്പിലെ റോഡിലൂടെ ഇടത്തോട്ട് ഇരുന്നൂറുമീറ്റർ നടന്നുചെല്ലുമ്പോൾ ഒരു പൊതുടാപ്പുണ്ട്. അവിടെ നിന്ന് ഏറ്റവും കൂടുതൽ വെള്ളമെടുക്കുന്നത് സിദ്ധാർത്ഥന്റെ അമ്മയാണ്. മിക്കവാറും പൈപ്പിൻചുവട്ടിൽ അവരുണ്ടാകും. അല്ലെങ്കിൽ അവർക്കുപകരം രണ്ട് അലൂമിനിയക്കുടങ്ങളുണ്ടാകും. കുടം നിറച്ച് വീട്ടിലെത്തുമ്പോഴേക്കും വെള്ളം പകുതിയോളം തുളുമ്പി റോഡിൽ പോയിട്ടുമുണ്ടാകും. പലപ്പോഴും പൈപ്പിൽ നിന്ന് വെള്ളമെടുത്ത് എന്റെ വീടിന് മുമ്പിലെത്തുമ്പോൾ ഒരു ചുമടിറക്കി വയ്ക്കുന്നതുപോലെ രണ്ട് കുടങ്ങളും ഒരു കുത്തലാണ്. പുറത്ത് എന്നെക്കണ്ടാൽ ലാന്റിംഗ് ഉറപ്പാണ്. മിക്കവാറും ഞങ്ങൾ തമ്മിൽ സംഭാഷണങ്ങളുണ്ടാകും. അതിന് ഏകദേശം ഈ രൂപമായിരിക്കും.

ഞാൻ: "എന്തായിരുന്നു ഇന്നലെ ഒച്ച കേട്ടത് '

അവർ: ‘അത് അവൻ കുടിച്ച് വെളിവില്ലാതെ.. (കിതപ്പുണ്ട്, ശ്വാസമെടുക്കാൻ പ്രയാസവും)

ഞാൻ: "ലോകത്ത് വേറാരും കുടിക്കാറില്ലേ..? അവൻ മാത്രമാണോ കുടിക്കാറ്..'

അവർ: "അവന് പ്രാന്തല്ലേ.. തന്തയെ തല്ലിക്കൊന്ന് ഇനി (ശ്വാസമെടുക്കാൻ നിർത്തി) ഞാനും കൂടിയേ ഉള്ളൂ...

ഇടയിൽ മുണ്ടുയർത്തി കാലിലെ തിണർത്ത പാട് കാണിക്കും. അടിച്ച പാടാണ്. പുറത്തുമുണ്ട്. വർത്തമാനത്തിനിടയിൽ പൊറ്റകെട്ടിയ തലമാന്തും ചളിപറ്റിയ മുണ്ട് ഉയർത്തി മുഖം തുടയ്ക്കും. സംഭാഷണം തീരുന്നതിന് മുമ്പ് എവിടെ നിന്നെങ്കിലും അനന്തൻ നമ്പൂരിയും അമ്മദാജിയും പീറ്ററച്ചായനും അവരുടെ പിറകേ സോഫിയാ ലോറനും ഓടിവരും.

ഞാൻ: "ഈ പട്ടികളെ ഇങ്ങനെ വീടിനകത്ത് കയറ്റുന്നതെന്തിനാ? രോഗം ഒഴിയില്ല. '

അവർ: "എത്ര ഓടിച്ചാലും പോകില്ല. മോനൊരു അമ്പത് രൂപതാ.. എന്തെങ്കിലും മരുന്ന് വാങ്ങിക്കുടിക്കട്ടെ. '

പ്രളയം കഴിഞ്ഞതോടെ പടിഞ്ഞാറ് കടപ്പുറത്ത് നിന്ന് കൂടുതൽ പട്ടികൾ കിഴക്കോട്ട് ചേക്കേറിയിരുന്നു. അതിൽ പലരും സോഫിയാലോറനെ കാണാൻ വന്നു. അനന്തൻ നമ്പൂതിരിയും അമ്മദാജിയും പീറ്ററച്ചായനും തങ്ങളുടെ സ്വകാര്യസ്വത്തായ സോഫിയാ ലോറനെ വിട്ടുകൊടുത്തില്ല. വെളിമ്പറമ്പുകളിൽ ഘോരഘോരമായ യുദ്ധങ്ങൾ നടന്നു. അമ്മദാജിയുടെ ചെവി പറിഞ്ഞു തൂങ്ങി. അനന്തൻ നമ്പൂരിയുടെ കാലിനു കടികിട്ടി. പെണ്ണിന് വേണ്ടിയുള്ള യുദ്ധം ലോകത്ത് പതിവുള്ളതായതിനാൽ ഞാൻ വീടിനകത്തു കയറി വാതിലടച്ചിരുന്നു. കുട്ടികളെയും പുറത്തുവിട്ടില്ല. വൈകുന്നേരം അയൽപ്പക്കത്തെ ചേച്ചിയുമായി ഒരു ചർച്ച നടന്നു.

ചേച്ചി: "പുറത്തിറങ്ങാൻ പേടിയാവുന്നു. എപ്പഴാണ് പട്ടിയുടെ കടി കിട്ടുന്നതെന്നറിയില്ല.'

ഞാൻ: "എന്ത് ചെയ്യും?'

ചേച്ചി: "എന്ത് ചെയ്യാൻ? അവരുടെ വീടിനകത്താണ് പട്ടികൾ. വെപ്പും തീനും കുടിയും കിടപ്പും ഒക്കെ ഒന്നിച്ച് '

ഞാൻ (വിഷയം മാറ്റാൻ) : "എന്തിനാണ് സിദ്ധാർത്ഥന്റെ അമ്മ ഇത്രയധികം വെള്ളം കൊണ്ടുപോകുന്നത്?'

ചേച്ചി: "അതറിയില്ലേ.. അവരുടെ വീട്ടിൽ വെള്ളം നിറച്ചുവെക്കാത്ത ഒരു പാത്രവുമില്ല. ഉപയോഗിക്കാനല്ല.. വെറുതെ നിറച്ചുവെക്കാനാണ്. പിറ്റേദിവസം കളഞ്ഞ് വീണ്ടും നിറയ്ക്കും'

ഞാൻ: "അവർക്കെന്തെങ്കിലും കുഴപ്പമുണ്ടോ?'

ചേച്ചി: "അവർക്ക് പ്രാന്താണ്..'

ഞാൻ: "അവന്..?'

ചേച്ചി: "അവനുമതെ..'

ഞാൻ:"....'

ഒരിക്കൽപ്പോലും നിറഞ്ഞിട്ടില്ലാത്ത ജീവിതം നിറഞ്ഞു കാണാൻ അവർ വെറുതെ ശ്രമിക്കുന്നുവെന്ന് ഞാൻ ചുമ്മാ ഫിലോസഫിക്കലായി ചിന്തിച്ചുനോക്കി. ഫിലോസഫി അയൽപക്കത്തെ ചേച്ചിയോട് പറയാൻ ശ്രമിച്ചപ്പോൾ അവർ അകത്തുകയറി വാതിലടച്ചു. പോകുന്നതിന് മുമ്പ് അവരൊന്ന് കാറിത്തുപ്പി. അവർ തുപ്പിയ ദിശയിലേക്ക് നോക്കിയപ്പോൾ അവിടെ സോഫിയ ലോറൻ നിൽപ്പുണ്ട്. അവളെ തൊട്ടുരുമ്മി പീറ്ററച്ചായനും. അനന്തൻ നമ്പൂതിരിയെയും അമ്മദാജിയെയും കാണാനുണ്ടായിരുന്നില്ല. വൈകുന്നേരും നടത്തത്തിനിറങ്ങിയപ്പോൾ റോഡിൽ നീളത്തിൽ വെള്ളത്തിന്റെ പാടു കണ്ടു. ആ പാടിന്റെ അറ്റത്ത് കുടങ്ങളുമായി സിദ്ധാർത്ഥന്റെ അമ്മ നടന്നുപോകുന്നതും കണ്ടു.

ഭയം

സിദ്ധാർത്ഥന്റെ വീട്ടിൽ നിന്ന് നിലവിളികളും അലർച്ചകളും പതിവായി മുഴങ്ങിക്കൊണ്ടിരുന്നു. പുതിയ താമസക്കാരനായതുകൊണ്ട് ആദ്യമൊക്കെ അലർച്ചകൾ കേട്ട് ഞാനും കുടുംബവും ഞെട്ടിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ എല്ലാം ശരിയായിവന്നു. എങ്കിലും നിലവിളികൾ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. എല്ലാ നിലവിളികളുടെയും തുടക്കത്തിലും ഒടുക്കത്തിലും "ദൈവമേ' എന്ന് ചേർക്കാറുണ്ട്. ഇടയ്ക്ക് "എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ' എന്ന് കേൾക്കാം. ചിലപ്പോൾ "ഞാനെന്ത് തെറ്റ് ചെയ്തിട്ടാണ്' എന്നും. ഇടയിൽ പറയുന്നതൊന്നും വ്യക്തമല്ല. വല്ലപ്പോഴും അച്ഛനെ വിളിച്ച് കരയുന്നത് കേൾക്കാം. വൈകുന്നേരമാവുമ്പോൾ മദ്യപിച്ച് പൂസായി ഒച്ചയുണ്ടാക്കുന്നതാണെന്ന് ചുറ്റുമുള്ളവർ പറഞ്ഞു.

ഇരുട്ടിൽ അവന്റെ അച്ഛൻ കറുപ്പൻ വന്നു നിൽക്കുന്നുണ്ടാവുമെന്ന് എനിക്കുതോന്നി. അയാൾക്കുപിറകിൽ, അയാളുടെ അച്ഛൻ. അങ്ങനെ നിരനിരയായി അവന്റെ കാരണവന്മാർ. സിദ്ധാർത്ഥന്റെ കരച്ചിലുകൾ അവർ ഏറ്റെടുക്കുന്നുണ്ടാകണം. അവരുടേത് മറ്റാരും കേൾക്കാത്തതാകാം. ജീവിച്ചിരുന്നപ്പോൾ എത്ര വലിയ ഒച്ചയിൽ അവർ കരഞ്ഞിട്ടുണ്ടാകണം? ഇപ്പോൾ വീടിന്റെ മുകളിൽ നിന്ന് സിദ്ധാർത്ഥന്റെ അലർച്ചകൾ കേട്ട് അതിനെപ്പറ്റി തോന്നുംപോലെയെല്ലാം ചിന്തിച്ച് സുഖമായി അത്താഴം കഴിച്ച് കാലുകൾക്കിടയിൽ കൈതിരുകി ഞാൻ ഉറങ്ങുന്നു. അവന്റെ കാരണവന്മാരുടെ നിലവിളികളും എന്നെപ്പോലെയുള്ള ആളുകൾക്കിടയിൽ വെറും ശബ്ദം മാത്രമായി കാറ്റത്ത് പഞ്ഞി തൂളുന്നതുപോലെ പാറിപ്പോയിട്ടുണ്ടാകാം.

പതുക്കെപ്പതുക്കെ സിദ്ധാർത്ഥന്റെ നിലവിളികളുടെ കനം കുറഞ്ഞുവന്നു. അവന് വീണ്ടും വയ്യാതായെന്ന് വെള്ളമെടുക്കാൻ നിൽക്കുമ്പോൾ അവന്റെ അമ്മ പറഞ്ഞു. അച്ഛനെപ്പോലെ അവനും കിടപ്പിലായതായി അയൽക്കാരും പറഞ്ഞു. ഒന്നുരണ്ടുതവണ വേച്ചുവേച്ചുപോകുന്ന സിദ്ധാർത്ഥനെ വഴിയിൽ കണ്ടു. ഒരുദിവസം നല്ല വെയിലത്ത് റോഡരികിൽ വീണുകിടന്ന അവനെ ഞാൻ എഴുന്നേൽപ്പിച്ചിരുത്തി. നേരെ മുമ്പിലുള്ള കടയിൽ നിന്ന് ഒരു സർബത്ത് വാങ്ങിക്കുടിപ്പിച്ചു. ഒന്നും കഴിക്കാൻ വയ്യെന്ന് അവനെന്നോട് പറഞ്ഞു. വയർ വീർത്തു വീർത്തു വരുന്നു. എന്റെ കൈയെടുത്ത് ഇടത്തേ വാരിയെല്ലിന്മേൽ വെച്ചു.

അവൻ: "ഇവിടെ പാര കുത്തിയിറക്കുന്നതു പോലെ വേദനയാണ്'

ഞാൻ: "നീ എഴുന്നേൽക്ക്.. ഞാൻ വീട്ടിൽ കൊണ്ടാക്കാം.'

അവൻ: "കൊറച്ചേരം കെടക്കട്ടെ''

ഒരു പുഴുവിനെപ്പോലെ റോഡരികിൽ ചുരുണ്ടുകിടക്കുന്ന മനുഷ്യജീവി. അങ്ങനെ കുറച്ചുനേരം നോക്കിനിന്നു. റോഡിലൂടെ ആളുകളും വാഹനങ്ങളും തിരക്കിട്ടു കടന്നുപോകുന്നു. സുഗന്ധദ്രവ്യങ്ങൾ പൂശിയ മനുഷ്യർ. സ്വർണ്ണാഭരണങ്ങളും പുത്തൻവസ്ത്രങ്ങളുമണിഞ്ഞവർ. ഇവിടെയിതാ ഭൂമിയോട് പറ്റിച്ചേർന്ന് ഒരു മനുഷ്യൻ കിടക്കുന്നു. കുറച്ചു പട്ടികൾ മാത്രമുള്ള ഒരു മനുഷ്യൻ.

സിദ്ധാർത്ഥന്റെ ദിവസങ്ങളടുത്തുവെന്ന് എല്ലാവരും അടക്കം പറഞ്ഞു. ആ വീടും പറമ്പും എന്തു ചെയ്യുമെന്ന് എല്ലാവർക്കും ആധിയായി. അകന്ന ചില ബന്ധുക്കൾ മാത്രമാണ് അവനും അമ്മയ്ക്കുമുള്ളത്. ഒരു കാര്യത്തിനും തിരിഞ്ഞു നോക്കാത്തവർ. തള്ള ഏകദേശം ചാവാറായി. സിദ്ധാർത്ഥനും പോയാൽ ഏതാണ്ട് പത്തിരുപത് ലക്ഷം രൂപയോളം മതിക്കുന്ന ആ വീടും പുരയിടവും അർഹതയില്ലാത്തവർക്ക് വന്ന് ചേരും. ഏതെങ്കിലും അനാഥാലയത്തിന് അത് എഴുതിവയ്പിക്കണമെന്ന് അയൽപ്പക്കത്തെ ചേച്ചി എന്നോട് പറഞ്ഞു. സ്വത്തിനെക്കുറിച്ച് എല്ലാവർക്കും ആധിയുണ്ടെന്നും അവരെന്നോട് പറഞ്ഞു. ഒന്നിനെക്കുറിച്ചും ആധിയും വേവലാതിയുമില്ലാതെ മരിച്ചാൽ മാത്രം സുഖം കിട്ടുന്ന രണ്ടുമനുഷ്യർ അവിടെയുണ്ടെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടാകുമോ?

വീട്ടിൽ വന്നപ്പോൾ ഇളയമകൾ എന്റെ അടുത്തുവന്നു. ഇന്നലെയും സിദ്ധാർത്ഥൻ അവന്റെ അമ്മയെ തല്ലിയത്രേ! കുഞ്ഞിന്റെ മുഖം സങ്കടം കൊണ്ട് ചുവന്നിരുന്നു. ഞാനവളെ കെട്ടിപ്പിടിച്ചു കൊണ്ട് മനസ്സിൽ ആരോടോ പറഞ്ഞു. "അവർ മരണത്തെ തോൽപ്പിക്കുന്നത് അങ്ങനെയാകും. ജീവിച്ചിരിക്കുന്നുവെന്ന് തോന്നണമെങ്കിൽ അവർക്ക് പരസ്പരം തല്ലണം.'

പഴയതുപോലെ ഒരിക്കൽകൂടി മെമ്പറും സന്നദ്ധപ്രവർത്തകരും അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായി. ഞാൻ തന്നെ ഫോണിൽ നിന്ന് ആംബുലൻസ് വിളിച്ചു. ആളുകൾ കൂട്ടംകൂടി നിൽപ്പുണ്ട്. ഉൾഭയമുണ്ടെങ്കിലും പട്ടികൾക്കിടയിലൂടെ നടന്ന് അകത്തുചെന്ന് അവനെ കൈപിടിച്ചെഴുന്നേൽപ്പിച്ചു. എഴുന്നേറ്റ് പോയതിന്റെ മർദ്ദത്തിൽ അവൻ ആടി. നടക്കാൻ ശ്രമിക്കുന്ന കുഞ്ഞ് ഒറ്റയടി വയ്ക്കുന്നതു പോലെ അവൻ പതുക്കെ വന്നു. മുഷിഞ്ഞ തുണികളും റേഷൻ കാർഡെന്നു തോന്നിക്കുന്ന ഒരു കടലാസുകെട്ടും പ്ലാസ്റ്റിക് കവറിലിട്ട് അവന്റെ അമ്മയും പിറകേ നടന്നു. ശ്വാസംവലിക്കുമ്പോൾ അവന്റെ കഴുത്തിലെ ഞരമ്പുകൾ എഴുന്നുനിന്നു. എല്ലാവരോടും സിദ്ധാർത്ഥൻ യാത്ര പറഞ്ഞു. തൂക്കുമേടയിലേക്ക് പോകുന്ന പ്രതിയെപ്പോലെ അവന്റെ മുഖം ദൈന്യതയാർന്നിരുന്നു. അവന്റെ അമ്മ എല്ലാവരുടെയും നേർക്കുനോക്കി. കരച്ചിൽ പോലെയൊരു പേശീചലനം അവരുടെ മുഖത്തുണ്ടായിരുന്നു. സോഫിയാ ലോറനൊഴികെ മറ്റ് മൂന്ന് പട്ടികളെയും അവിടെ കാണാനില്ലായിരുന്നു. ചാവടുക്കുമ്പോൾ ആൺപട്ടികൾ അവറ്റകളുള്ള വീട്ടിൽ നിന്ന് ഓടിപ്പോകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. എല്ലാവരും കൂടി സിദ്ധാർത്ഥനെ ആംബുലൻസിലേക്ക് കയറ്റിക്കിടത്തി. കൂടെ അമ്മയെയും പൊക്കിക്കയറ്റി. എന്തോ പരിപാടിയുള്ളത് റദ്ദ് ചെയ്ത് മെമ്പറും കൂടെക്കയറി. സിദ്ധാർത്ഥന്റെ ഒരകന്ന ബന്ധുവിനെയും അവർ കൂട്ടുവിളിച്ചു. സിദ്ധാർത്ഥൻ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ ആർക്കുമില്ലായിരുന്നു. നാട്ടുവഴിയിൽ മുഴുവൻ ഭയം വിതറിക്കൊണ്ട് പതിവുള്ള സൈറനിട്ട് ആംബുലൻസ് പ്രധാനപാത തേടി പാഞ്ഞുപോയി.

രണ്ട് മനുഷ്യർ

കൃത്യം രണ്ടുദിവസം കഴിഞ്ഞിട്ടുണ്ടാകും കവലയിൽ നിൽക്കുകയായിരുന്ന എന്നെ വീട്ടിൽ നിന്ന് വിളിക്കുന്നു. സിദ്ധാർത്ഥനും അമ്മയും തിരിച്ചുവന്നിരിക്കുന്നു. മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധമായി പേര് വെട്ടിച്ച് പോന്നതാണ്. ആശുപത്രി വാർഡിൽ കിടന്ന് വാതോരാതെ ബഹളമുണ്ടാക്കിയതിനെത്തുടർന്നാണ് ഡിസ്ചാർജ്​. കുറച്ച് മരുന്നുണ്ട്. ഞാൻ കുറിപ്പുകളും മരുന്നും വാങ്ങിനോക്കി. വൈറ്റമിൻ ഗുളികകളും പ്രോട്ടീൻ പൗഡറുമല്ലാതെ കാര്യമായി ഒന്നുമില്ല. സിദ്ധാർത്ഥനിപ്പോഴും പഴയ അവസ്ഥയിൽ തന്നെ. അവന്റെ അമ്മയുടെ ഭാഷയിൽ ശരീരത്തിൽ നിന്ന് കുറെ വെള്ളം കുത്തിയെടുത്തു. അത്രതന്നെ. ഞാനുടനെ മെമ്പറെ വിളിച്ചു.

മെമ്പർ: "നമ്മളെന്ത് ചെയ്യാനാണ്? വെറുതെ സമയം പാഴായതു മിച്ചം'

ഞാൻ: "അല്ല.. മെഡിക്കൽ കോളേജിൽ..'

മെമ്പർ: "ഒന്നും നടക്കില്ല. ഓരോ ടെസ്റ്റിന് കൊണ്ടുപോകാനും ക്യൂ നിക്കാനും പൊക്കാനും വലിക്കാനുമൊക്കെ ആളുവേണം.. അവന്റെ അമ്മയ്ക്കുണ്ടോ അതിന് പറ്റുന്നു..'

ഞാൻ: "മെമ്പറേ... അവനിവിടെക്കിടന്ന് ചത്തുപോയാൽ..'

മെമ്പറുടനെ ഫോൺ കട്ടുചെയ്തു. സിദ്ധാർത്ഥനെയും അമ്മയെയും അവരുടെ ദൈവത്തിനും വിധിക്കും വിട്ട് അവനവന്റെ പാടു നോക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലെന്ന് എനിക്ക് മനസ്സിലായി. ഞാനെന്റെ പരിപാടികളിലേക്ക് സ്വൽപ്പം കുറ്റബോധത്തോടെ തന്നെ മടങ്ങിപ്പോയി. പതിവുപോലെ രാത്രികളിലെ അലർച്ചകളും നിലവിളികളും നിർബാധം തുടർന്നു. എന്റെ കുറ്റബോധത്തെ വർദ്ധിപ്പിക്കാനെന്ന വണ്ണം അവന്റെ അമ്മ പൈപ്പിൻ ചുവട്ടിലും റേഷൻകടയിലും ചായക്കടയിലുമായി നിരന്തരം പ്രത്യക്ഷപ്പെട്ടു. മകൻ രോഗിയായപ്പോൾ അവർക്ക് കുറച്ച് ഊർജ്ജം വന്നത് പോലെതോന്നി. അവൻ മരിച്ചുപോകല്ലേയെന്ന് വെറുതെയാണെങ്കിൽ പോലും ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല. ഇഴഞ്ഞും വലിഞ്ഞും അവൻ പുറത്തുവരാൻ തുടങ്ങി. ഇടയ്ക്ക് വീടിനുപുറത്ത് വെയിലുകൊള്ളുന്നതു കാണാം. അല്ലെങ്കിൽ പതുക്കെ നടന്നുവന്ന് റോഡുവക്കിൽ ഇരിക്കുന്നത്. കൂടെ സോഫിയാ ലോറനുമുണ്ടാകും. അവളുടെ വയർ വീർത്തിരുന്നു. ഇന്നോ നാളെയോ അവൾ പ്രസവിക്കുമെന്ന് തോന്നി.

നേരിയ ചാറ്റൽ മഴയുള്ള ഒരു ദിവസമായിരുന്നു. പതിവുപോലെ കവലയിൽ നിന്നിരുന്ന ഞാൻ വീട്ടിൽ നിന്നുള്ള ഫോണെടുത്തു.

വീട് (ഒരുമിച്ച്), "ഡോ... സിദ്ധാർത്ഥൻ അമ്മയെ തല്ലുന്നു..'

ഞാൻ: "വീടേ.. നിനക്ക് പ്രാന്തുണ്ടോ?'

വീട്: "അല്ല..അവർ വീണു കെടക്കുകയാണ്..'

ഞാൻ: "എന്തസംബന്ധമാണ്, നിലത്ത് കിടന്നിഴയുന്ന സിദ്ധാർത്ഥ ആരെ തല്ലാനാണ്.. '

വീട്, പുച്ഛത്തിൽ: "താൻ വന്ന് നോക്ക് '

ഞാൻ പാഞ്ഞുവന്നു. ശരിയാണ്. ആളുകൾ പലസ്ഥലത്തും അടുക്കാതെ കൂടിനിൽപ്പുണ്ട്. വിട്ടുപോയ അമ്മദാജിയും അനന്തൻ നമ്പൂരിയും പീറ്ററച്ചായനും തിരിച്ചുവന്നിരിക്കുന്നു. പട്ടികളുള്ളതു കൊണ്ട് ആരും അടുക്കുന്നില്ല. വീടിനുചുറ്റും വലംവെച്ചും അത്യധികം ക്രൗര്യത്തോടെയും അവറ്റകൾ കുരയ്ക്കുകയാണ്. എല്ലാവരും നോക്കിനിൽക്കുന്നുണ്ട്. ഞാൻ വന്നുപോയതിന്റെ ശൗര്യത്തിൽ ഒരു വടിയൊടിച്ച് കയ്യിൽ പിടിച്ചു. പട്ടികൾ കടിച്ചാലും കുഴപ്പമില്ല എന്ന് കരുതി. വടിയൊടിക്കുമ്പോൾ കൂടിനിന്നിരുന്ന എല്ലാവരും ഞെട്ടുന്നത് കണ്ടു. പക്ഷേ, അങ്ങോട്ട് നടന്ന എന്റെയടുത്തേക്ക് എല്ലാം മനസ്സിലാകുന്ന ആ ജീവികൾ അടുത്തതേയില്ല.

സിദ്ധാർത്ഥന്റെ അമ്മ മണ്ണുപറ്റിക്കിടക്കുകയാണ്. നൂൽബന്ധമില്ലാതെ. തോലുരിച്ച കോഴിയെപ്പോലെ. ചെന്നപടി അവരെന്നോട് പറഞ്ഞു.

"എനിക്ക് മരിച്ചാ മതി.'

ഞാൻ മരിച്ചു പോയ എന്റെ പെറ്റതള്ളയെ ഓർത്തു. കുറേ പെണ്ണുങ്ങൾ അവിടവിടെ കൂടിനിൽപ്പുണ്ട്.

"ആരെങ്കിലും ഒന്നുവരൂ..'

ഞാൻ കെഞ്ചി.. ഒരൊറ്റയാളും അടുത്തില്ല.

അതിന്റെ ദേഷ്യത്തിൽ ഞാനൊന്നലറി.

"പെലയാടി മോനേ.. നീയിവരെ തല്ലിയോ..'

അവൻ മിണ്ടുന്നില്ല. അവനറിയാം. അവനെയല്ല. ഞാൻ വിളിച്ചതെന്ന്. എല്ലാവരും കേൾക്കാൻ ഞാൻ ഒന്നുകൂടി പറഞ്ഞു..

"ഒറ്റയടിക്ക് നിന്നെ ഞാൻ തീർത്തുകളയും മൈരേ...'

അവൻ ആടിയാടി എഴുന്നേറ്റ് അമ്മയെ ഒടിഞ്ഞ ഒരു കസേരയിലിരുത്താൻ എന്നെ സഹായിച്ചു. വീട്ടിൽ നിന്ന് ഡെറ്റോളെടുപ്പിച്ച് അത് വെള്ളത്തിൽ കലർത്തി ഞാനവരെ കുളിപ്പിച്ചു. തല തുവർത്തി എന്റെ തന്നെ ഒരു മുണ്ടുടുപ്പിച്ച് പുതപ്പിച്ചു. അടുത്തവീട്ടിൽനിന്ന് ഒരു കട്ടൻചായ വന്നു. അവർ വിറച്ചു കൊണ്ട് അത് ഊതിയൂതി കുടിച്ചു. പെട്ടെന്ന് എല്ലാവരും കേൾക്കുന്ന വിധത്തിൽ സിദ്ധാർത്ഥൻ പൊട്ടിത്തെറിച്ചു.

"ഞങ്ങൾ കണക്കനാടോ.. ആരും വരില്ല. ഞങ്ങൾ ചത്തു പൊക്കോട്ടെടോ..'

വലിയൊരു പാപഭാരം പേറി ഞാനവിടെ നിന്ന് പോന്നു. ഒരാഴ്ച അവന്റെ അമ്മയെ ആരും പുറത്തുകണ്ടില്ല. ആരും അവരെ അന്വേഷിച്ചുമില്ല.

അടുത്ത വീട്ടിലെ ചേച്ചി എന്നോട് രഹസ്യമായി മറ്റൊരു കാര്യം പറഞ്ഞു.

"അവന്റെ അമ്മ എന്നോട് പറഞ്ഞു. അവരെ അവൻ അമ്മയായിട്ടല്ല പലപ്പോഴും കാണുന്നത്.'

ഞാൻ നടുങ്ങിപ്പോയി. രണ്ടു മനുഷ്യർ. ദൈവമേ രണ്ടു മനുഷ്യരെന്ന് ഉള്ളിന്റെയുള്ളിൽ ഞാൻ വലിയ വായിൽ നിലവിളിച്ചു.

ഏഴുദിവസത്തിന് ശേഷം ഒരു നട്ടുച്ചയ്ക്ക് റോഡിലൂടെ വേച്ചു വേച്ച് കരഞ്ഞുനടക്കുന്ന സിദ്ധാർത്ഥനോട് എന്തുപറ്റിയെന്ന് എന്റെ മകൾ ചോദിച്ചു. അമ്മ പോയെന്ന് അവൻ മറുപടി പറഞ്ഞു. പുറത്തായിരുന്ന ഞാൻ പാഞ്ഞു വന്നു. ഒന്നുരണ്ടു പേർ വീടിന് പുറത്തുണ്ട്..ഞാൻ അകത്തുകയറി നോക്കി. സോഫിയ ലോറൻ പ്രസവിച്ചിരിക്കുന്നു. അതിനിടയിൽ ശാന്തമായി സിദ്ധാർത്ഥന്റെ അമ്മ മരിച്ചു കിടക്കുന്നു. പെറ്റുവീണിട്ട് അധികമായിട്ടില്ലാത്ത ഒരു പട്ടിക്കുഞ്ഞ് അവരുടെ മുഖം മണപ്പിക്കുന്നുണ്ട്.


Summary: സ്വൽപം ദളിത് പ്രേമവും മതസൗഹാർദ്ദവും പുലർത്തുന്നതിന്റെ ഭാഗമായി രണ്ട് കാര്യങ്ങൾ ചെയ്യാൻ ഞാൻ തീരുമാനിച്ചു. (ഒന്ന്) വിശേഷപ്പെട്ട എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിയാൽ ഒരോഹരി സിദ്ധാർത്ഥനും അമ്മയ്ക്കും കൊടുക്കുക. (രണ്ട്) നാല് പട്ടികൾക്കും പേരിടുക. അത് യഥാക്രമം അനന്തൻ നമ്പൂതിരി, അമ്മദ് ഹാജി, പീറ്ററച്ചായൻ എന്നിങ്ങനെ ആണുങ്ങളുടെ കാര്യത്തിൽ തീർപ്പാക്കി. പെണ്ണിന് ഒരു വിദേശപ്പേരു നല്ലതാണെന്ന് തോന്നിയത് കൊണ്ട് സോഫിയ ലോറൻ എന്ന് തീരുമാനിച്ചു....യാഥാർഥ്യത്തിനും അതീതയാഥാർഥ്യത്തിനുമിടയിലെ ചില ജീവിതമുഹൂർത്തങ്ങൾ


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments