പി.ടി. തോമസ്: നിലപാടുകളുടെ ശബ്ദം

Think

നിരവധി വിഷയങ്ങളിൽ ഉറച്ച നിലപാടുള്ള ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു, അന്തരിച്ച പി.ടി. തോമസ് എം.എൽ.എ. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സമീപകാലത്ത് സംസ്ഥാന രാഷ്ട്രീയത്തിൽനിന്നുയർന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു തോമസിന്റേത്. ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചയായ സമയത്ത്, അത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ സ്വന്തം പാർട്ടിയായ കോൺഗ്രസിൽനിന്നും കത്തോലിക്ക സഭയിൽനിന്നും കടുത്ത എതിർപ്പാണ് അദ്ദേഹം നേരിട്ടത്. തന്റെ പാർട്ടിയും സുഹൃത്തുക്കളും തന്നെ ഒറ്റപ്പെടുത്തിയെന്നും അത് വലിയ ഹൃദയവേദനയുണ്ടാക്കിയെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ അവിഹിതമായ ഇടപെടുന്ന സഭയുടെ എതിർപ്പ് മാനിക്കാതെ, പിന്തിരിപ്പൻ നിലപാടാണ് ഇക്കാര്യത്തിൽ സഭ എടുത്തതെന്ന് തുറന്നുപറയാനും അദ്ദേഹം ആർജവം കാണിച്ചു.
കിറ്റെക്‌സ് കമ്പനിയുടെ പ്രവർത്തനം മൂലം കടമ്പ്രയാർ മലിനപ്പെടുന്നുവെന്ന തോമസിന്റെ ആരോപണം, ട്വന്റി ട്വന്റിയുടെ നിക്ഷിപ്ത താൽപര്യങ്ങളെക്കുറിച്ചുള്ള ചർച്ചയായി വികസിച്ചു. ട്രൂ കോപ്പി തിങ്ക് നടത്തിയ 'ട്വന്റി ട്വന്റി കമ്പനി ഭരണം' എന്ന അന്വേഷണ റിപ്പോർട്ടിൽ പി.ടി. തോമസ് നടത്തിയ വിമർശനങ്ങൾ ശ്രദ്ധേയമായിരുന്നു.
പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിലും തോമസ്, കടുത്ത വിമർശനവുമായി രംഗത്തുവന്നു. കേരളത്തിന്റെ സാമുദായിക സൗഹാർദത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പ്രസ്താവനയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007ൽ ഇടുക്കി ഡി.സി.സി പ്രസിഡന്റായി.
1991, 2001 വർഷങ്ങളിൽ തൊടുപുഴയിൽനിന്നും 2016, 2021 വർഷങ്ങളിൽ തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എം.പിയായി. 1996, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ. ജോസഫിനോട് തോറ്റു. കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയും ഐ.ഐ.സി.സി അംഗവുമായിരുന്നു.
ഒമ്പത് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച തോമസ്, സംസ്ഥാനത്തെ മികച്ച പാർലമെന്റേറിയന്മാരിൽ ഒരാളാണ്. "എ.ഡി.ബിയും പ്രത്യയശാസ്ത്രങ്ങളും' എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

Comments