പി.ടി. തോമസ്; ഒരു കോൺഗ്രസുകാരനാൽ അസാധ്യമായത്​

ആരാണ് പി.ടി. തോമസ് എന്ന ചോദ്യത്തിന് ആദ്യന്തം കോൺഗ്രസുകാരൻ എന്നതല്ലാതെ മറ്റൊരുത്തരമില്ല. പക്ഷേ ഒരു കോൺഗ്രസുകാരനാൽ അസാധ്യമായത് എന്ന് പൊതുവെ കരുതുന്ന നീക്കങ്ങളിലൂടെയും നിലപാടുകളിലൂടെയുമാണ് പി.ടി. തോമസ് രാഷ്ട്രീയത്തിൽ ചുവടുവച്ചതും ചുവടുറപ്പിച്ചതും.

മ്മൻചാണ്ടിയേക്കാൾ കടുത്ത കരുണാകര വിരുദ്ധൻ,
വി.എസ്. അച്യുതാനന്ദനേക്കാൾ പിണറായി വിജയനെ അലോസരപ്പെടുത്തിയ രാഷ്ട്രീയ നേതാവ്.

ആരാണ് പി.ടി. തോമസ് എന്ന ചോദ്യത്തിന് ആദ്യന്തം കോൺഗ്രസുകാരൻ എന്നതല്ലാതെ മറ്റൊരുത്തരമില്ല. പക്ഷേ ഒരു കോൺഗ്രസുകാരനാൽ അസാധ്യമായത് എന്ന് പൊതുവെ കരുതുന്ന നീക്കങ്ങളിലൂടെയും നിലപാടുകളിലൂടെയുമാണ് പി.ടി. തോമസ് രാഷ്ട്രീയത്തിൽ ചുവടുവച്ചതും ചുവടുറപ്പിച്ചതും. ഇടുക്കിയിലെ ഉപ്പുതോട്ടിൽനിന്ന് നിയമസഭയിലേയ്ക്കും പാർലമെന്റിലേയ്ക്കുമൊക്കെ നീണ്ട പ്രയാണം കണിശമായ രാഷ്ട്രീയബുദ്ധിയുടേതായിരുന്നു. സ്വന്തം ബോധ്യങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രീതി പലപ്പോഴും തിരിച്ചടിയായെങ്കിലും അതുതന്നെയാണ് മികച്ച സംഘാടകനായി പി.ടി. തോമസിനെ വളർത്തിയത്. കെ.എസ്.യുവിന്റെ രണ്ടാം തലമുറ നേതാക്കളിൽ പി.ടി. തോമസിനേപ്പോലെ സംഘടനയിലേയ്ക്ക് ആളെക്കൂട്ടിയവർ വേറെയില്ല. കൊടിക്കുന്നിൽ സുരേഷ് മുതൽ പി.സി. വിഷ്ണുനാഥ് വരെ അവരെല്ലാവരും പി.ടി. തോമസിനേപ്പോലെ എ ഗ്രൂപ്പിന്റേയും അതുവഴി കോൺഗ്രസിന്റേയും കരുത്തായി മാറി. പി.ടി. തോമസിനെ മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്ന് എന്നും വ്യത്യസ്തനാക്കിയത് പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ കേഡർ സ്വഭാവമുള്ള സംഘാടനമികവും അഗ്രസീവായ പ്രവർത്തനശൈലിയുമാണ് സമകാലീനരായ മറ്റേത് കോൺഗ്രസ് നേതാവിനേക്കാളും പി.ടി. തോമസിനെ വേറിട്ടുനിർത്തിയത്. കാൽനൂറ്റാണ്ടുകാലം കോൺഗ്രസിനുള്ളിലെ ബലപരീക്ഷണങ്ങളിൽ എ ഗ്രൂപ്പിന്റെ തീവ്രമുഖമായിരുന്ന പി.ടി. തോമസ് ഗ്രൂപ്പുപേക്ഷിച്ചപ്പോൾ എ ഗ്രൂപ്പിന്റെ നിറുക പിളർത്തിയ അടിതന്നെയാണ് ബെന്നി ബഹനാന്റെ പകരക്കാരനായിക്കൊണ്ട് തൃക്കാക്കരയിൽ കൊടുത്തത്. അപ്പോഴും പാർട്ടിക്ക് പുറത്തല്ല പാർട്ടിക്കകത്തുതന്നെയായിരുന്നു പി.ടി. തോമസ് നേതാവായി നിലകൊണ്ടത്.

ഒത്തുതീർപ്പിന്റെ കലയാണ് രാഷ്ട്രീയം എന്നാണ് പറയാറ്. പക്ഷേ ഒത്തുതീർപ്പിന്റേതല്ലാത്ത ഒട്ടേറെ മാർഗ്ഗങ്ങൾ രാഷ്ട്രീയത്തിലുണ്ട് എന്ന് പി.ടി. തോമസ് ആവർത്തിച്ച് കാട്ടിത്തന്നു. കെ. കരുണാകരൻ പുള്ളിയിട്ട് മാറ്റിനിർത്തിയിട്ടും പി.ടി. തോമസ് കോൺഗ്രസിൽ വളർന്നു. തൊടുപുഴ ന്യൂമാൻ കോളെജിൽ നിന്ന് തിരുവനന്തപുരം മാർ ഇവാനിയോസിലേയ്ക്കും പിന്നീട് എറണാകുളം മഹാരാജാസ് കോളെജിലേയ്ക്കുമുള്ള മാറ്റം പഠിതാവായിരിക്കുന്നതിനൊപ്പം പാർട്ടിനേതാവായുള്ള വളർച്ചയും മുന്നിൽ കണ്ടായിരുന്നു. കെ. ബാബുവും ബെന്നി ബഹനാനും ഒക്കെ ഗ്രൂപ്പ് മാനേജർമാരായി സജീവമായിരിക്കുന്ന കാലത്തും എ ഗ്രൂപ്പിന്റെ പദ്ധതികൾ വ്യക്തവും രൂക്ഷവുമായി പ്രയോഗവൽകരിച്ച നേതാവ് പി.ടി. തോമസ് തന്നെയാണ്. കെ. കരുണാകരന്റെ നിലപാടുകളോടുള്ള വിയോജിപ്പ് തന്നെയാണ് പി.ടി. തോമസിനെ ഗ്രൂപ്പ് നേതാവാക്കിയത്. അതിന്റെ നഷ്ടം പി.ടി. തോമസിന് തന്നെയായിരുന്നു. അസാമാന്യമായ തന്റെ സംഘാടനശേഷി കേരളത്തിന് പുറത്തേയ്ക്ക് വളർത്താൻ ഒരു ഘട്ടത്തിലും പി.ടി. തോമസ് ശ്രമിച്ചതേയില്ല. ആക്രമണോത്സുക ശൈലി അണികൾക്കിടയിൽ ഹീറോ ആക്കിയെങ്കിലും എ ഗ്രൂപ്പിനും പാർട്ടിയ്ക്കുമപ്പുറം പി.ടി. തോമസിന് എതിരാളികൾ ഏറെ ഉണ്ടായി. ഒരിക്കൽ ഇടുക്കി പാർലമെൻറ്​ സീറ്റും പിന്നീട് കെ.പി.സി.സി. പ്രസിഡൻറ്​ സ്ഥാനവും നഷ്ടപ്പെട്ടതിന് കാരണം മറ്റൊന്നല്ല.

ഉമ്മൻചാണ്ടിയും പി.ടി. തോമസും ജനസമ്പർക്ക പരിപാടിക്കിടെ

2007-ൽ ഇടുക്കി ഡിസിസി പ്രസിഡൻറ്​ ആയതുമുതൽ 2014 വരെയുള്ള കാലത്താണ് പി.ടി. തോമസ് ഏറ്റവും സ്വതന്ത്രനും കരുത്തനുമായിരുന്നത്. കോൺഗ്രസുകാരിലെ കടുത്ത കമ്യൂണിസ്റ്റ് വിരോധി എന്ന നിലയ്ക്ക് ഇടുക്കിയിലെ സംഘടനാ പ്രവർത്തനം അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയുമായുള്ള നേർക്കുനേർ പോരാട്ടമായി. രാഷ്ട്രീയജീവിതത്തിന്റെ അവസാന ദശകത്തിലാണ് പി.ടി. തോമസ് പരിസ്ഥിതിവാദിയായി പരുവപ്പെടുന്നത്. അതിനുമുമ്പ് ഹൈറേഞ്ചിലെ ഏത് കുടിയേറ്റ കർഷകരുടേയും പ്രശ്നങ്ങളൊക്കെത്തന്നെയായിരുന്നു പി.ടിയുടേയും പ്രശ്നങ്ങൾ.

2003-ലെ മതികെട്ടാൻ സമരമുഖത്ത് ഇല്ലാതിരുന്ന പി.ടി. തോമസ് പത്തുവർഷത്തിനിപ്പുറം ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ സ്വീകരിച്ച നിലപാട് ആ പരിവർത്തനത്തിന്റെ അടയാളമാണ്. വി.ഡി. സതീശനും ടി.എൻ. പ്രതാപനും കോൺഗ്രസിലെ പരിസ്ഥിതിവാദികളായ എം.എൽ.എമാരായി അറിയപ്പെടുകയും എം.വി. ശ്രേയാംസ്‌കുമാറും കെ.എം. ഷാജിയും ഒക്കെ അവർക്കൊപ്പം ചേർന്ന് ‘ഹരിത എം.എൽ.എമാർ’ എന്നൊരു പക്ഷമുണ്ടാക്കുകയും ചെയ്ത 2011-13 കാലത്താണ് ഗാഡ്ഗിൽ- കസ്തൂരിരംഗൻ കമ്മറ്റി റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട വിവാദം മലയോരമേഖലയിലെ യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളെ ഉലച്ചത്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനാവില്ല എന്നുതന്നെയായിരുന്നു പി.ടി. തോമസ് ആദ്യം സ്വീകരിച്ച നിലപാട്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ പ്രതിഷേധസമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേശുമായി നടത്തിയ ആശയവിനിമയത്തിലൂടെ ഇത് യു.പി.എ. സർക്കാരിന്റെ ഒരു പദ്ധതിയാണെന്നും അത് നടപ്പാക്കേണ്ടത് ഉത്തരവാദിത്തമാണെന്നുമുള്ള ബോധ്യത്തിലേയ്ക്ക് പി.ടി. തോമസ് എത്തി. കത്തോലിക്കാ സഭയും, സഭയുടെയും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടേയും പിന്തുണയുണ്ടായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതിയും ഒറ്റയടിക്ക് പി.ടി. തോമസിനെതിരായി. കേരളത്തിലെ മലയോരമേഖലയെ പരിസ്ഥിതി ലോലപ്രദേശമാക്കിക്കൊണ്ടുള്ള കസ്തൂരിരംഗൻ കമ്മറ്റി റിപ്പോർട്ട് 2014ലെ പാർലമെൻറ്​ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, 2013 നവംബർ 14ന്​ 123 വില്ലേജുകളിൽ ബാധകമാക്കി. ഇടുക്കി ജില്ലയിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം മുഴുവൻ പി.ടി. തോമസിനുനേരെ തിരിഞ്ഞു. 2014ലെ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ പി.ടി. തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടു. വി.ഡി. സതീശനും ടി.എൻ. പ്രതാപനുമടക്കം ഒരൊറ്റ ഹരിത എം.എൽ.എ. പോലും പി.ടി. തോമസിന് കൈ കൊടുക്കാനുണ്ടായിരുന്നില്ല. സമയക്കുറവാണ് പ്രതികൂലമായ പ്രധാന ഘടകമെന്ന് എല്ലായ്​പ്പോഴും പി.ടി. തോമസ് പറയുമായിരുന്നു. സമയം കിട്ടിയിരുന്നെങ്കിൽ ഹൈറേഞ്ചിലെ പ്രതിഷേധക്കാരെ കാര്യം പറഞ്ഞ് മനസ്സിലാക്കാമായിരുന്നു എന്ന് പി.ടി. തോമസ് വിശ്വസിച്ചിരുന്നു. എക്കാലത്തേയും നേതാവായിരുന്ന ഉമ്മൻചാണ്ടി പോലും നിർണായക ഘട്ടത്തിൽ പി.ടി. തോമസിനെ കൈവിട്ടു.

വ്രണിതഹൃദയനായി ഇടുക്കിയിൽനിന്ന് മലയിറങ്ങേണ്ടിവന്നു പി.ടി. തോമസിന്. പിന്നീട് കെ.പി.സി.സി. പ്രസിഡൻറ്​ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും അത് സാധ്യമാവില്ലെന്ന് പി.ടി. തോമസിന് നല്ല ബോധ്യമുണ്ടായിരുന്നു. രണ്ടുവർഷത്തെ കാത്തിരുപ്പിനൊടുവിൽ എ ഗ്രൂപ്പിന്റെ കടയ്ക്കൽ ആദ്യം കത്തിവച്ചതും പി.ടി. തോമസ് തന്നെ. സോളാർ - ബാർ കോഴ വിവാദങ്ങളിൽ ഉലഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന് അതിനേക്കാൾ തലവേദനയായത് കെ.പി.സി.സി. പ്രസിഡൻറ്​ സ്ഥാനത്തുണ്ടായിരുന്ന വി.എം. സുധീരന്റെ നിലപാടുകളായിരുന്നെങ്കിൽ, വി.എം. സുധീരനുള്ള പി.ടി. തോമസിന്റെ പിന്തുണ ശക്തമായിരുന്നു. 2016-ൽ ബെന്നി ബഹനാൻ, കെ. ബാബു, അടൂർ പ്രകാശ് എന്നിവരെ മത്സരിപ്പിക്കാനാവില്ലെന്ന നിലപാട് വി.എം. സുധീരൻ സ്വീകരിച്ചപ്പോൾ വെട്ടിലായത് ഉമ്മൻചാണ്ടിയാണ്. ഒടുവിൽ ഒത്തുതീർപ്പിന്റെ ഭാഗമായി എ ഗ്രൂപ്പിന്റെ അന്നത്തെ ഗ്രൂപ്പ് മാനേജരായ ബെന്നി ബഹനാനെ ഉമ്മൻചാണ്ടിക്ക് കൈവിടേണ്ടിവന്നു. ഉറച്ച സീറ്റായ തൃക്കാക്കര സുധീരന്റെ ആശിർവാദത്തോടെ പി.ടി. തോമസ് പിടിച്ചെടുത്തു. പി.ടിയെ കരുവാക്കി സുധീരൻ തിരിച്ചടിച്ചു എന്ന ചിന്ത ഉമ്മൻചാണ്ടിക്കുമുണ്ടായി. പിന്നീട് പ്രതിപക്ഷത്തിന്റെ കുന്തമുനയായപ്പോഴും പി.ടി. തോമസും പഴയ നേതാവ് ഉമ്മൻചാണ്ടിയും തമ്മിലുള്ള ബന്ധം നിയമസഭയിലും പാർട്ടി വേദികളിലും പരസ്പരം കാണുമ്പോഴുള്ള ചിരിയിൽ ഒതുങ്ങി.

വി.എം. സുധീരൻ, പി.ടി. തോമസ്

പി.ടി. തോമസിന്റെ സംഘാടനമികവ് ഏറ്റവും ഒടുവിൽ കണ്ടത് 2019-ലെ അരൂർ ഉപതെരഞ്ഞെടുപ്പിലാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേയും യു.ഡി.എഫിനേയും ചലിപ്പിച്ചത് പി.ടി. തോമസാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനം എന്തായിരിക്കണമെന്ന് അരൂരിലെ കോൺഗ്രസുകാർ പഠിച്ച ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചുകയറി. 1500-2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാനിമോൾ ഉസ്മാൻ ജയിക്കുമെന്നാണ് പ്രചാരണത്തിനുശേഷം പി.ടി. തോമസ് പ്രവചിച്ചത്. 1955 വോട്ടിനായിരുന്നു ഷാനിമോൾ ഉസ്മാന്റെ വിജയം.

കോർപ്പറേറ്റ് ഗുണ്ടായിസത്തിന്റെ സമാനതയില്ലാത്ത മാതൃകയായ കിറ്റെക്സ് ഗാർമെന്റ്സിനോടും അവരുടെ രാഷ്ട്രീയ ആയുധമായ ട്വന്റി-ട്വന്റി കിഴക്കമ്പലത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പി.ടി. തോമസ് സ്വീകരിച്ചത്. അതിന് കാരണമായി പി.ടി. തോമസ് ആവർത്തിച്ച് പറഞ്ഞത് കടമ്പ്രയാറിനെ മലിനീകരിക്കുന്ന കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനമാണ്. കിറ്റെക്സ് ഗാർമെന്റ്സിന്റേയും ട്വന്റി- ട്വന്റിയുടേയും ഉടമ സാബു എം. ജേക്കബുമായി സമരസപ്പെട്ട് പോകണമെന്ന ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ നിലപാടിനെതിരായിരുന്നു പി.ടി. തോമസ്. തൃക്കാക്കരയടക്കമുള്ള എറണാകുളത്തെ യു.ഡി.എഫ് നിയമസഭാമണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാകും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വം കരുതിയത്. എട്ട് സീറ്റുകളിൽ ജയിച്ചുവന്ന് സർക്കാർ രൂപീകരണത്തിൽ നിർണായകശക്തിയാകുമെന്ന സാബു എം. ജേക്കബിന്റെ ബഡായി ഒരു പരിധി വരെ കോൺഗ്രസ് നേതൃത്വം വിശ്വസിച്ചിരുന്നു. പക്ഷേ ട്വന്റി-ട്വന്റിക്കെതിരായ പ്രചാരണം ശക്തമാക്കുകയാണ് പി.ടി. തോമസ് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പി.ടി. തോമസ് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയും കിറ്റെക്സ് ഗാർമെന്റ്സ് ഉടമ സാബു എം. ജേക്കബിന്റെ വ്യാജ അവകാശവാദങ്ങളും പലതവണ പി.ടി. തോമസ് തുറന്നുകാട്ടി. പി.ടി. തോമസിനെതിരെ മാനനഷ്ടത്തിന് നൂറു കോടിയുടെ വക്കീൽ നോട്ടീസാണ് സാബു എം. ജേക്കബ് അയച്ചത്. പക്ഷേ രേഖകളും തെളിവുകളും പരമാവധി ശേഖരിച്ച് മുന്നോട്ട് പോവുകയായിരുന്നു പി.ടി. തോമസ്. കിറ്റെക്സ് ഗാർമെന്റ്സിൽ തൊഴിൽ വകുപ്പ് തടത്തിയ പരിശോധനയിൽ സംസ്ഥാന സർക്കാരിനോട് ഇടഞ്ഞ് സാബു എം. ജേക്കബ് കേരളം വിടുമെന്ന് പ്രഖ്യാപിച്ച ഘട്ടത്തിലും പി.ടി. തോമസ് കോർപറേറ്റ് ഗുണ്ടായിസത്തിനെതിരെ തന്നെയാണ് സംസാരിച്ചത്. ആ ഘട്ടത്തിൽ അഭിമുഖത്തിനും റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി പി.ടി. തോമസിനെ നേരിട്ട് കണ്ടപ്പോൾ അദ്ദേഹം ശേഖരിച്ചിരിക്കുന്ന രേഖകൾ കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾക്കെതിരെ രേഖകളുടെ പിൻബലമില്ലാതെ ആരോപണമുന്നയിക്കാറുള്ള പി.ടി. തോമസിനെയല്ല ഒരു കോർപറേറ്റിനെതിരായ പോരാട്ടമുഖത്ത് കണ്ടത്. ഏറ്റവുമൊടുവിൽ സംസാരിക്കുമ്പോഴും കടമ്പ്രയാർ മലിനീകരണത്തിനെതിരായ സമരം ശക്തമാക്കുന്നതിനേക്കുറിച്ച് തന്നെയാണ് പറഞ്ഞത്.

പൊള്ളുന്ന വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ പൊതു നിലപാടിൽനിന്ന് വ്യത്യസ്തമായി പി.ടി. തോമസ് ഇടപെട്ടതിന് വേറേയും ഉദാഹരണങ്ങളുണ്ട്. കൊച്ചിയിൽ ക്വട്ടേഷൻ ഗുണ്ടകളാൽ നടി ആക്രമിക്കപ്പെട്ട സംഭവം അത്തരത്തിൽ ഒന്നാണ്. സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞവരിൽ ഒരാൾ പി.ടി. തോമസാണ്. ആക്രമിക്കപ്പെട്ട നടിയെ ആദ്യം കണ്ടവരിൽ ഒരാൾ എന്നനിലയ്ക്ക് അന്വേഷണസംഘത്തിന് മൊഴി കൊടുക്കുകയും ചെയ്തു. ഗൂഢാലോചന ആരോപിക്കപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായപ്പോൾ ദിലീപിനെ കാണാൻ ജയിലിൽ പോയിക്കൊണ്ടിരുന്ന പ്രമുഖരെ തീർത്ഥാടകസംഘമെന്ന് പി.ടി. തോമസ് പരിഹസിച്ചു. പല കോൺഗ്രസ് നേതാക്കളും ആ തീർത്ഥാടകസംഘത്തിലുണ്ടായിരുന്നു എന്നതാണ് സത്യം. അന്നത്തെ തീർത്ഥാടകസംഘത്തിലുണ്ടായിരുന്ന പലരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു എന്നത് ചരിത്രം.

2012-ന് ശേഷം കത്തോലിക്കാ സഭാ നേതൃത്വവുമായി പലകുറി കലഹിക്കേണ്ടിവന്നിട്ടുണ്ട് പി.ടി. തോമസിന്. "ആത്മീയതയുടെ മുഖാവരണമണിഞ്ഞ കാപട്യക്കാർ' എന്നാണ് ഇടുക്കിയിലെ ഗാഡ്ഗിൽ റിപ്പോർട്ട് വിരുദ്ധ സമരത്തിനിറങ്ങിയ സഭാ നേതൃത്വത്തെ പി.ടി. തോമസ് വിശേഷിപ്പിച്ചത്. ഏറ്റവുമൊടുവിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെ "നാർക്കോട്ടിക് ജിഹാദ്' ആരോപണത്തിനെതിരേയും പി.ടി. തോമസ് നിശിതമായ വിമർശനം ഉന്നയിച്ചു. "ജാതിയും മതവും തിരിച്ചല്ല കുറ്റവാളികൾ പ്രവർത്തിക്കുന്നതെന്നും മതസൗഹാർദ്ദം തകർക്കാൻ ഇന്ധനം നൽകരുതെന്നും' പി.ടി. തോമസ് ജോസഫ് കല്ലറങ്ങാട്ടിലിനെ ഓർമ്മിപ്പിച്ചു.

കോർപ്പറേറ്റ് ഗുണ്ടായിസത്തിന്റെ സമാനതയില്ലാത്ത മാതൃകയായ കിറ്റെക്സ് ഗാർമെന്റ്സിനോടും അവരുടെ രാഷ്ട്രീയ ആയുധമായ ട്വന്റി-ട്വന്റി കിഴക്കമ്പലത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പി.ടി. തോമസ് സ്വീകരിച്ചത്.

2016 മുതൽ ഇങ്ങോട്ട് നിയമസഭയിലെ പ്രതിപക്ഷനിരയിലെ ഏറ്റവും മൂർച്ചയുള്ള ആയുധമായിരുന്നു പി.ടി. തോമസ്. രാഷ്ട്രീയത്തിലെ നയകുശലത പി.ടി. തോമസിന് വശമുണ്ടായിരുന്നില്ല. ശൗര്യവും ആവേശവുമാണ് പി.ടി. തോമസിനെ നയിച്ചത്. സ്വർണക്കടത്ത്, മുട്ടിൽ മരം മുറി, സ്പ്രിംഗ്ളർ തുടങ്ങി കരാറുകാരെയും കൊണ്ട് എം.എൽ.എമാർ മന്ത്രിയെ കാണാൻ വരേണ്ടതില്ലെന്ന മുഹമ്മദ് റിയാസിന്റെ പരാമർശത്തിൽ വരെ സർക്കാരിനെതിരായ പോർമുഖം തുറന്നത് പി.ടി. തോമസാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നേർക്കുനേർ ഏറ്റുമുട്ടുന്നതിൽ ഒരു കെ.എസ്.യുക്കാരന്റെ ആവേശം പി.ടി. തോമസ് കാട്ടി. "മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന സുരേഷ് വന്നെന്നും പുത്രീ വാത്സല്യത്താൽ അന്ധനായ മുഖ്യമന്ത്രി കേരളം വിൽക്കരുതെന്നും' പറഞ്ഞ പി.ടി. തോമസിനോട് "നിയമസഭ പൂരപ്പറമ്പാക്കരുതെന്ന്' മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു.

വാക്കുകളുടെ പ്രയോഗത്തിൽ സൂക്ഷ്മത പുലർത്തിയിരുന്ന ആളായിരുന്നില്ല ഒരിക്കലും പി.ടി. തോമസ്. രാഷ്ട്രീയ എതിരാളികൾക്കെതിരായ ആരോപണങ്ങളിൽ വസ്തുതകളുടെയോ രേഖകളുടെയോ പിന്തുണ ഉറപ്പാക്കണമെന്ന നിർബ്ബന്ധവും ഉണ്ടായിരുന്നില്ല. താൻ ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളിലോ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലോ ഒരു പരിധിക്കപ്പുറം വസ്തുതാപരമായി കാര്യങ്ങൾ വിശദീകരിക്കാനും പി.ടി. തോമസ് മെനക്കെട്ടില്ല. "കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷയിലെ ആറ് ചോദ്യങ്ങൾ പാകിസ്ഥാനിലെ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് ചോദിച്ചതാണെന്നും പി.എസ്.സിയുടെ ചോദ്യപ്പേപ്പർ തയ്യാറാക്കിയവരിൽ പാകിസ്ഥാൻ ചാരൻമാർ കടന്നുകൂടിയിട്ടുണ്ടോ എന്നന്വേഷിക്കണം' എന്നുമുള്ള ആരോപണം രാഷ്ട്രീയബോധ്യങ്ങളിൽ പരിമിതവിഭവനായ ഒരാളുടേതാണെന്ന് പറയാതെ വയ്യ. തലശ്ശേരി കലാപത്തിൽ രക്തസാക്ഷിയായ സി.പി.എം. ലോക്കൽ കമ്മറ്റി അംഗം യു.കെ. കുഞ്ഞിരാമൻ "കള്ളുഷാപ്പിൽ കാശ് കൊടുക്കാത്തതിന് കൂട്ടുകാരൻ കുത്തിക്കൊന്നതാണെന്ന്' പ്രസംഗിച്ച് അണികളുടെ കയ്യടി വാങ്ങിയ പി.ടി. തോമസിന് ചരിത്രം തന്നെ പരിഹസിക്കുമെന്ന വൈക്ലബ്യം ഉണ്ടായിരുന്നില്ല. സൈമൺ ബ്രിട്ടോയെ ജീവിതാന്ത്യം വരെ വീൽചെയറിലാക്കിയ കത്തിക്കുത്തിൽ തനിക്ക് മനസ്സറിവുണ്ടായിരുന്നു എന്ന ആരോപണം എക്കാലവും പി.ടി. തോമസ് നേരിട്ടിരുന്നു. ജീവിച്ചിരിക്കെ സൈമൺ ബ്രിട്ടോ തന്നെ പലകുറി ആവർത്തിച്ച ആ ആരോപണത്തിൽ വ്യക്തതയുള്ള മറുപടിക്കുനിൽക്കാതെ പ്രകോപിതനാവുകയാണ് പലപ്പോഴും പി.ടി. തോമസ് ചെയ്തത്.

സൈമൺ ബ്രിട്ടോ

"പ്രൊമിത്യൂസിനേപ്പോലെ വിശ്വാസപ്രമാണങ്ങൾക്കായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും' എന്ന് പി.ടി. തോമസ് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. രാഷ്ട്രീയത്തിൽ ഗോഡ്ഫാദറില്ലായിരുന്നു പി.ടി. തോമസിന്. അവസരങ്ങളെ സാമർത്ഥ്യത്തോടെ പ്രയോജനപ്പെടുത്തിയ നേതാവ്. തിരിച്ചടികളെ സാധ്യതയാക്കിയ ബുദ്ധിമാൻ. എതിരാളികളെ മുഖം നോക്കാതെ നേരിട്ട ധൈര്യശാലി. മരണം വരെ മഹാരാജാസ് കോളേജിലെ വിജയത്തിന്റെ ഹരം മാറാത്ത കെ.എസ്.യുക്കാരൻ.

Comments