പി.ടി. തോമസ് / Graphics: Muhammad Jadeer

ചിതയിലെ സംഗീതം

യലാറിന്റെ ആ പാട്ട് കഴിഞ്ഞദിവസം ഞാൻ പല പ്രാവശ്യം കേട്ടു.‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം....'

എക്കാലത്തും എന്റെ പ്രണയത്തോറ്റങ്ങളെ കൊടിയേറ്റിയ ഒരു പാട്ട്.
വയലാറിന്റെയും പി. ഭാസ്‌കരന്റെയും യൂസഫലിയുടെയുമൊക്കെ പാട്ടുകളിലൂടെ, ബാബുരാജിന്റെയും ദേവരാജന്റെയും ദക്ഷിണാമൂർത്തിയുടെയും എം.കെ. അർജുനൻ മാഷിന്റെയുമൊക്കെ സംഗീതത്തേരിൽ, ഭൂമിയിലെ സാധാരണ സ്ഥലങ്ങൾ വിട്ട് പലരും പ്രണയത്തിന്റെ ദേവഭൂമികളിലേയ്ക്ക് കൂടുമാറിയ ഒരുകാലത്തു തന്നെയാണ് പി.ടി. തോമസ് അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും പിന്നിട്ടത്.

പി.ടി. തോമസ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷങ്ങൾ വെളിപ്പെടുത്തിയപ്പോൾ സത്യത്തിൽ രാഷ്ട്രീയകേരളം തെല്ലൊന്നമ്പരന്നു. ഇതുവരെ നമ്മുടെ രാഷ്ട്രീയത്തിൽ, ചരമചരിത്രത്തിൽ കേൾക്കാത്ത ചില കാര്യങ്ങൾക്ക് നാം സാക്ഷിയായി.

കുറച്ചുകാലമായി ഇതേ പാട്ട് കേൾക്കാത്ത ദിനങ്ങൾ എന്റെ ജീവിതത്തിലും കുറവാണ്. വിരമ്യസ്ഥവാസത്തിൽ ഈ പാട്ടുകൾ നിത്യേന കേൾക്കാൻ സമയം കണ്ടെത്തുകയാണിപ്പോൾ ഞാൻ, പ്രായം അതിക്രമിക്കാതിരിക്കാൻ.
"​വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’, ‘അണിയം മണിയം പൊയ്കയിൽ പണ്ടൊരു...’ പോലുള്ള പാട്ടുകളെപ്പോലെ മിക്കവാറും ദിനങ്ങളിൽ എന്റെ ഓർമകളുടെ ഭാവഹാവാദികളെ കിളച്ചുമറിക്കുന്ന പാട്ടാണ്, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും....’ എന്നതും.

വയലാർ രാമവർമ്മ
വയലാർ രാമവർമ്മ

വയലാറിന്റെ പാട്ടിലെ പ്രകൃതിയും പ്രണയവും വരികളിൽ ഒരുമിക്കുമ്പോൾ, കമ്പോസ് ചെയ്ത് സംഗീത ട്രാക്കിലേയ്ക്ക് വയ്ക്കുമ്പോൾ, ഒരുപക്ഷേ കാളിദാസീയമായ ഒരു ദേവഭൂപ്രകൃതി എന്റെ തലമുറയിലെ അനുവാചകരിലുണ്ടാവും. അതേസമയം, സിനിമകളിലെത്തന്നെ വിപ്ലവഗാനങ്ങൾ എഴുതുമ്പോൾ വയലാർ, കൂടുതൽ ലളിതവും അപഗ്രഥനാത്മകവുമാവാറാണ് പതിവ്.‘ഈശ്വരൻ ഹിന്ദുവല്ല...’, ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...’ തുടങ്ങിയവ ഉദാഹരണം. എങ്കിലും, പ്രകൃതിയിൽ നിന്ന്​ അന്യവൽകരിക്കപ്പെട്ട തത്വശാസ്ത്രമാനം വയലാറിന്റെ പാട്ടുകളെ വേറിട്ടുനിർത്തുന്നു.

എന്റെ കൗമാരകാലത്താണ്, ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന സിനിമ വരുന്നത്. അത്രയധികം കേട്ടിട്ടില്ലാത്ത കെ. സുകുവാണ് സംവിധായകൻ. ഒരു ജമീല ഉമ്മയാണ് അതിന്റെ നിർമാതാവ്. സത്യത്തിൽ ഇതൊന്നും ആ പ്രായത്തിന്റെ അറിവല്ല. ആ പ്രായത്തിൽ, ഈയറിവുകളുടെ ആവശ്യമില്ല. ഹറാമാക്കി വിധിക്കപ്പെട്ട സിനിമ ഏതുവിധേനയും കാണുക എന്നതുമാത്രമായിരുന്നു, ചിന്ത. ആ സിനിമയിൽ യേശുദാസും മാധുരിയും ഈ പാട്ട് പാടിയിട്ടുണ്ട്. അവ രണ്ടും നൽകുന്ന അനുഭൂതി വേറിട്ടതത്രെ.

1975- രാഷ്ട്രീയമായി ഇന്ത്യക്ക് വിശേഷകാലമാണ്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം. ഞങ്ങളുടെ എസ്.എസ്.എൽ.സി.ക്കാലം. കൗമാരസ്വപ്നങ്ങൾ നിറംപിടിച്ച കാട്ടുചോലകളെപ്പോലെ ഹൃദയത്തിലൂടെ ഒഴുകിത്തുടങ്ങുന്ന കാലമാണത്. അടിയന്തരാവസ്ഥ വന്നതൊന്നും ഞങ്ങളെപ്പോലെത്തന്നെ നമ്മുടെ സിനിമാലോകവും അറിയുന്നുണ്ടായിരുന്നില്ല. കാരണം, ഇന്ത്യയിലെ മിക്ക ഭാഷകളിലും ‘പ്രാദേശിക' ഹോളിവുഡ് പോലെയായിരുന്നല്ലോ സിനിമയുടെ കഥ. മാത്രമല്ല, 1977-ൽ ഇന്ത്യയിലാകമാനമുണ്ടായ രാഷ്ട്രീയ ചുവടുമാറ്റത്തിലും നാം കേരളീയർ മാത്രം അടിയന്തരാവസ്ഥ അവസാനിച്ചതായി അറിഞ്ഞില്ല എന്നത് ചരിത്രത്തിലെ ഒരു ഷോക്കായി പിന്നെ വ്യാഖ്യാനിക്കപ്പെട്ടു. 1980-കളിൽ ജോണിന്റെ ‘അമ്മ അറിയാനും’ മറ്റും പുറത്തിറങ്ങേണ്ടിവന്നു അടിയന്തരാവസ്ഥയുടെ കടും ചായക്കൂട്ടുകളെക്കുറിച്ചറിയാൻ!

അമ്മ അറിയാൻ സിനിമയിൽ ജോയ് മാത്യു.
അമ്മ അറിയാൻ സിനിമയിൽ ജോയ് മാത്യു.

പി.ടി. തോമസ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷങ്ങൾ വെളിപ്പെടുത്തിയപ്പോൾ സത്യത്തിൽ രാഷ്ട്രീയകേരളം തെല്ലൊന്നമ്പരന്നു. ഇതുവരെ നമ്മുടെ രാഷ്ട്രീയത്തിൽ, ചരമചരിത്രത്തിൽ കേൾക്കാത്ത ചില കാര്യങ്ങൾക്ക് നാം സാക്ഷിയായി. ക്‌നാനായ ക്രിസ്ത്യാനിയായിട്ടും മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മത്തിന്റെ ഒരു ഭാഗം അമ്മയുടെ കല്ലറയിൽ കരുതണമെന്നും, മൃതദേഹത്തിൽ റീത്ത് സമർപ്പിക്കരുതെന്നുമൊക്കെയുള്ള തിട്ടൂരങ്ങളിലൂടെ കഥാപുരുഷൻ നമ്മുടെ രാഷ്ട്രീയ -സാംസ്‌കാരിക -മത നാട്ടുനടപ്പുകളെ വേണ്ടെന്നു പറഞ്ഞിരിക്കുന്നു. തനിയ്ക്ക് റീത്ത്​ സമർപ്പിക്കാൻ പൂക്കളെ ആക്രമിക്കരുത്, എന്ന ന്യായേന.

അതിനേക്കാളൊക്കെ നമ്മെ അത്ഭുതപ്പെടുത്തിയത്, അന്ത്യയാത്രയിൽ വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും...’ എന്ന മനോഹര (പ്രകൃതി /പ്രണയ ) ഗാനം കേൾപ്പിക്കണമെന്നുള്ളതായിരുന്നു. നമ്മുടെ രാഷ്ട്രീയചരിത്രത്തിൽ ഇങ്ങനെ ചിലതൊക്കെ മുമ്പും നടന്നിട്ടുണ്ടെങ്കിലും ഇതുപോലെയൊരു വിളുമ്പ് ഇതാദ്യമായിരുന്നു. കേരളത്തിൽ ഞാനിതുവരെ പങ്കെടുത്ത പേരെടുത്ത മരണങ്ങളിൽ, ഡി. വിനയചന്ദ്രൻ മാഷുടെയും വി.സി. ഹാരിസിന്റെയും മരണവേളയിലും അന്ത്യകർമങ്ങളിലുമാണ് ഇങ്ങനെ ചിലത് നടന്നുകണ്ടത്. അവരിരുവരും സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്നു. കവിതകൾ കേൾപ്പിച്ചും പാടിയും സുഹൃത്തുക്കൾ നൃത്തമാടിയുമാണ്​ വേർപാടിന്റെ ദുഃഖം മറന്നത്. ഇവരാവട്ടെ സാങ്കേതികാർഥത്തിൽ രാഷ്ട്രീയക്കാരായിരുന്നില്ല.

ഗാഡ്ഗിൽ റിപ്പോർട്ടിനോടുള്ള സമീപനത്തിന്റെ പേരിൽ മത്സരസ്ഥാനം കൈവിട്ട് കർണശപഥപ്രിയനെപ്പോലെ പെരുമാറിയപ്പോൾ കേരളത്തിൽ ഒരു ജൈവരാഷ്ട്രീയക്കാരന്റെ ജനുസ്സ് അണയാതെ നിന്നു.

പി.ടി.യുടെ അന്ത്യപ്രഖ്യാപനം അടുത്ത കാലത്തൊന്നും കാണാത്ത വ്യത്യസ്തമായ ഒരു മനുഷ്യസങ്കല്പത്തിലേക്ക് വാതിൽ തുറക്കുന്നതായിരുന്നു- റിച്ചാർഡ് ഷഹ്​നറുടെ ഭാഷയിൽ, തീർത്തും വ്യതിരിക്തമായ ഒരു അനുഷ്ഠാനത (performativity). നടപ്പുദീനങ്ങളിൽനിന്നുള്ള ഒരു കീഴ്​വഴക്കലംഘനം. ഇതിനെ കേവലം കാല്പനികമാത്ര മനസെന്നോ, മനുഷ്യദുഃഖസംഹാര ലേപനമെന്നോ പറഞ്ഞ്​ലഘുകരിക്കാമോ? മറിച്ച്​, സമ്പ്രദായിക മട്ടിൽ പുലർന്നുപോരുന്ന ഒരു രാഷ്ട്രീയ സദാചാരവും കീഴ്​വഴക്കവും അനുവർത്തിച്ചുശീലിച്ച നമ്മുടെപോലുള്ള ഒരു പ്രച്ഛന്നസമൂഹത്തിൽ പി.ടി. തോമസ് എന്ന മനുഷ്യനുള്ളിലെ ‘യിൻ -യാൻ’ ശക്തി കാല്പനികതയെ രാഷ്ട്രീയവൽകരിക്കുകയും സമരായുധമാക്കുകയും ചെയ്യുകയായിരുന്നില്ലേ?

പി.ടി. തോമസിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ  രാഹുൽ ഗാന്ധി.
പി.ടി. തോമസിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധി.

ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ അവയെ പൂർണമായി അംഗീകരിച്ച്​, റിപ്പോർട്ട് പറയുന്ന കാര്യത്തിൽ സന്ധിയില്ലാസമരത്തിന് അദ്ദേഹം തയ്യാറായി. സാധാരണമട്ടിൽ ഒരു ചെപ്പടിരാഷ്ട്രീയക്കാരന്റെ പെർഫോമൻസ് ആയിരുന്നോ അത്. അദ്ദേഹത്തെ അടുത്തും അകലത്തിലും അറിയുന്ന ആരും സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല. തന്നെ പെറ്റിട്ട, ബാല്യ- കൗമാരങ്ങൾ കൊണ്ടാടിയ, ശേഷം രാഷ്ട്രീയക്കളരി രൂപപ്പെടുത്തിയതുമുതൽ ഇടുക്കിയിലെ ഉപ്പുപാടം ഗ്രാമത്തിൽ താനറിഞ്ഞ ഒരു പ്രകൃതി -മനുഷ്യ ഭൂഖണ്ഡമുണ്ട്. ഒരിയ്ക്കൽ ദേവഭൂമി പോലെ കിടന്നിരുന്ന വസുധ.

ഗാഡ്ഗിൽ റിപ്പോർട്ടിനെ ഭൗതിക അലച്ചയുടെ അലർച്ചകളായി മാത്രം കണ്ടുകൊണ്ട് പ്രകൃതിയെ /പരിസ്ഥിതിയെ വ്യാഖ്യാനിച്ച പള്ളിക്കാരോടും പട്ടക്കാരോടും തന്റെ രാഷ്ട്രീയ സഹപ്രവർത്തകരോടും ഇക്കാര്യത്തിൽ രാജിയാവാതെ അന്ത്യം വരെ അയാൾ പൊരുതിനിന്നു. തന്റെ നിലപാടുകൾക്കുവേണ്ടി നിയമസഭയിലും പാർലമെന്റിലും നിരന്തരം മൂർച്ചയും ഒതുക്കവുള്ള ഭാഷ കൊണ്ട് വാദിച്ചുകയറുകയും ജനപക്ഷത്തു നിലയുറപ്പിക്കുകയും ചെയ്ത ചരിത്രത്തിന്റെയുടമ. ഗാഡ്ഗിൽ റിപ്പോർട്ടിനോടുള്ള സമീപനത്തിന്റെ പേരിൽ മത്സരസ്ഥാനം കൈവിട്ട് കർണശപഥപ്രിയനെപ്പോലെ പെരുമാറിയപ്പോൾ കേരളത്തിൽ ഒരു ജൈവരാഷ്ട്രീയക്കാരന്റെ ജനുസ്സ് അണയാതെ നിന്നു.

മാധവ് ഗാഡ്ഗിൽ
മാധവ് ഗാഡ്ഗിൽ

ഈ ഉടമ്പടികളുടെ തുടർച്ച തന്നെയായിരുന്നില്ലേ, ‘ചന്ദ്രകളഭം...’ പാട്ടിന്റെ സൗമ്യ താളത്തിലൂടെവേണം തന്റെ അന്ത്യയാത്ര എന്ന് തീരുമാനിക്കാൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ചതും. തന്റെ അന്ത്യാഭിലാഷ വിളംബരത്തിൽ മൊത്തം അതില്ലേ? ഒരു ജൈവ രാഷ്​ട്രീയക്കാരന്റെ (Organic Politician) പിടഞ്ഞെണീക്കൽ. മറ്റു അധികാരകേന്ദ്രങ്ങൾ വിധിക്കുന്നതിനുമുമ്പേ അദ്ദേഹം പ്രഖ്യാപിച്ചു; മരണാനന്തര യാത്രയുടെ കൈകാര്യകർത്താവുപോലും താൻ തന്നെ.

നിയമം പഠിച്ച ഒരു രാഷ്ട്രീയക്കാരന്റെ വാശി മാത്രമോ, ഇത്?
പ്രകൃതിയുടെ നാശം അരനൂറ്റാണ്ടുകാലം ജീവിതത്തിൽ നേരിട്ടനുഭവിച്ച, സദാ അവയോട് കയർത്ത ഒരു പ്രകൃതി /പരിസ്ഥിതി പ്രേമിയുടെ അന്ത്യശാസനം കൂടിയായി കണ്ടുകൂടേ ഈ പാട്ടുമാർഗത്തെ! നിരന്തരം അടഞ്ഞുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ ജനൽപ്പാളികൾ ചിലതെങ്കിലും അടയാൻ മടിച്ചുകൊണ്ട് നിലകൊണ്ടു. ജീവിതം എങ്ങനെയായാലും മരണത്തിന്റെ അവകാശം തങ്ങൾക്കാണെന്നു വാദിക്കുന്ന ശക്തികൾക്ക് ഓർക്കാപ്പുറത്തേറ്റ പ്രഹരം. ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ചില പാളികളുടെയെങ്കിലും തുറവി. സംഘടിതശക്തികളൊക്കെ അധികാരികളാവുന്ന ആധുനിക ഇന്ത്യൻ പശ്ചാത്തലത്തിൽ, ഇതിനൊരു മൂല്യമുണ്ട്. തന്റെ പാർട്ടിക്കുപോലും, ഈ കഠിനശാസനത്തിൽ നിന്ന് ​ഒന്ന് മൂരിനിവരാൻ പോലും പറ്റിയില്ല.

തന്റെ അന്ത്യത്തോടെ പ്രളയം എന്നദ്ദേഹം വിശ്വസിച്ചില്ല. ഭൂമി, തലമുറകൾക്ക് കൂടിയുള്ളതത്രെ.

വയലാറിന്റെ നൂറുകണക്കിന് പ്രണയഗാനങ്ങളിൽനിന്ന്​ ഇപ്പോൾ ‘ചന്ദ്രകളഭം...' വേറിട്ടുനിൽക്കുന്നു. കലാലയജീവിതത്തിൽ, തന്റെ പ്രണയം പോലും ഒരു സമരമാക്കി മാറ്റിയ പി.ടി.യ്ക്കുവേണമെങ്കിൽ ഞാനടക്കമുള്ള മറ്റു പലരെയും പോലെ ഒരു കേവലകാല്പനികതയുടെ ഓർമയായി അവയെ സ്വകാര്യമായി താലോലിച്ചു നിർവൃതിയടയാമായിരുന്നു. എന്നാൽ, പ്രകൃതി തന്നെ വിശ്വസിച്ചേൽപ്പിച്ച പരിസ്ഥിതിയുടെ, മനുഷ്യസ്‌നേഹത്തിന്റെ, രാഷ്ട്രീയ ഇച്ഛയുടെ അടയാളമായിരുന്നു പി.ടി.യ്ക്ക് അവ. തന്റെ അന്ത്യത്തോടെ പ്രളയം എന്നദ്ദേഹം വിശ്വസിച്ചില്ല. ഭൂമി, തലമുറകൾക്ക് കൂടിയുള്ളതത്രെ. ഇനി വരാനുള്ളവർക്ക് ഞെരുങ്ങിയ ജീവിതം മാത്രം പോരാ, സ്വപ്നവും വേണം. അതിന്, തന്റെ കണ്ണിൽ എന്നും വസുന്ധരയായവൾ തന്നെ വേണം, അവ പ്രദാനം ചെയ്യാൻ!

‘ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസുകളുണ്ടോ സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വർണ്ണമരാളങ്ങളുണ്ടോ വസുന്ധരേ... വസുന്ധരേ ... '

പി.ടി. തോമസ്
പി.ടി. തോമസ്

കേരളത്തിന്റെ കാടും മേടുകളും പുഴകളും കടലെടുക്കുന്ന അത്യാസന്നഘട്ടത്തിൽ, പ്രഛന്നസമൂഹത്തിന്റെ നടുമധ്യത്തിൽ ഒരു തിരുത്ത് ആവശ്യമാണ്- തന്റെ ജീവിതം കൊണ്ട് പലപ്പോഴും താൻ പരിശ്രമിച്ചത്. എന്നിട്ടും അവ പൂർണമായും സാക്ഷാൽകരിച്ചില്ല എന്ന ആശങ്കയിൽ അന്ത്യവിളംബരം കൊണ്ട് കുറിക്കുതന്നെ കൊടുത്തു, പി.ടി. എന്നു കരുതുന്നതിൽ തെറ്റെന്താണ്? അവരവരുടെ വിശ്വാസപ്രമാണങ്ങളിൽ തീരുമാനമെടുക്കേണ്ടവർ അന്യരാണ് എന്ന ഫാസിസ്റ്റ് ദാർഷ്ട്യത്തെ ഒന്ന് കൊട്ടി, സംഗീതം കൊണ്ടുതന്നെ.

എന്റെ കൗമാര -യൗവന പ്രണയങ്ങളിൽ ഏറെ സാന്ദ്രമയമായി ഒരു മഞ്ഞുമലയോരത്ത്​ എന്ന പോലെ എന്റെ ഭാവനയെ കൂട്ടിക്കൊണ്ടുപോയ വയലാറിന്റെ നിരവധി പാട്ടുകളിൽ ഒരുപക്ഷേ, ഏറെ മാസ്മരികമായ ഒന്നിന്റെ അർഥം വല്ലാതെ മാറിയിരിക്കുന്നു എന്ന തോന്നലാണിപ്പോൾ എനിയ്ക്ക്. തുടർകേൾവിയിലൂടെ ഞാൻ തിരിച്ചറിയുകയും ചെയ്തു. ആളും സന്ദർഭവും മാറുന്നത് ഭാഷയുടെ അർഥങ്ങളെ മാറ്റിമറിക്കുന്ന ജാലവിദ്യ പൊടുന്നനെ എന്റെ ഹൃദയാന്തരത്തിൽ പാളി.

മനുഷ്യജീവിതത്തിന് കായേന്റെ ജീവിതഭാരം കൊടുത്ത ജീവത്സഹനങ്ങളുടെ അർഥം മുഴുവനും ആ പാട്ടിനുണ്ട്.

ഇതുവരെ ഞാനനുഭവിച്ച അർഥങ്ങൾക്ക് വിപര്യയങ്ങളുണ്ട് എന്ന ബോധ്യം. തന്റെ ഒരു പ്രണയനായകകാലത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒന്നല്ല അത്. തന്നിലെ സ്‌നേഹഗായകൻ കൂടിയായ ജൈവരാഷ്ട്രീയക്കാരനെ നിർണയിച്ച ഒരു പാട്ടുകൂടിയായിരുന്നു അത്.

മനുഷ്യജീവിതത്തിന് കായേന്റെ ജീവിതഭാരം കൊടുത്ത ജീവത്സഹനങ്ങളുടെ അർഥം മുഴുവനും ആ പാട്ടിനുണ്ട്. വെറും ദേവഭൂമിയല്ല. കാല്പനികമായ വെറും അടയാളവുമല്ല. മരിച്ചാലും വിട്ടുപോകാൻ പറ്റാത്ത മട്ടിൽ, തന്റെ മണ്ണിനെ സ്‌നേഹിച്ച ഒരു പ്രകൃതി രാഷ്ട്രീയക്കാരന്റെ ഭാവനാഭൂപടമാണത്. അവിടെനിന്ന്​അയാൾ വന്നു, അവിടെയ്ക്ക് തന്നെ തിരിച്ചുപോകുന്നു. എത്ര ലളിതമാണ് ജീവിതം. അന്ത്യനിമിഷങ്ങളിൽ അധികാരമുള്ള ഒരു ചക്രവർത്തിയും ഇങ്ങനെ വിളിച്ചുപറഞ്ഞുകൂടാ, പ്രത്യേകിച്ച് സംഘടിത മതവും രാഷ്ട്രീയവും ഒട്ടിച്ചേർന്നു നിൽക്കുന്ന കേരളത്തെപ്പോലുള്ള ഒരു സ്ഥലത്ത്. നമ്മുടെ രാഷ്ട്രീയക്കാരുടെ അന്ത്യനിമിഷ ചരിത്രത്തിനുള്ളിൽ ഒരു ദറിദ കയറി ഇടപെട്ടപോലെ. റീത്തുകളിലും കട്ടി -കഥന വൈകാരിക ബഹളങ്ങളുടെ കട്ടിമോര്‌ നിർമിതിയിലും സാന്ദ്രമായ ആരവങ്ങളിലും മുതലക്കണ്ണീരിലും ഒക്കെ മുഖരിതമാകേണ്ട ഒരു ചടങ്ങ് വെറുമൊരു പ്രകൃതി -പ്രണയ ഗാനത്തിന്റെ സൗമ്യതാളത്തിൽ വിലയംപൂണ്ട ചരി​ത്രത്തിന്റെ അസാധാരണ കാഴ്ച.

എം.പി. ​പോൾ, പൊൻകുന്നം വർക്കി, സി.ജെ. തോമസ്
എം.പി. ​പോൾ, പൊൻകുന്നം വർക്കി, സി.ജെ. തോമസ്

ഓർത്തുപോകുന്നു ചിലരെ. എം.പി. ​പോളിന്റെയും പൊൻകുന്നം വർക്കിയുടെയും സി.ജെ. തോമസിന്റെയും ജീവിതം. അവർ രാഷ്ട്രീയക്കാരായിരുന്നില്ല, എന്നാൽ, രാഷ്ട്രീയത്തിന്റെ അകവും പുറവും തിരിച്ചറിഞ്ഞ എഴുത്തുകാർ. പള്ളിയുടെയും അധികാരസ്ഥരുടെയും സത്യം തുറന്നുപറഞ്ഞതിന്, ധാർഷ്ട്യം എന്ന് പഴികേട്ടവർ. തെമ്മാടിക്കുഴി എഴുത്തുകാർക്കും അധ്യാപകർക്കും കൂടി ചേരും എന്ന് അധികാരികളെക്കൊണ്ട് പറയിപ്പിച്ചവർ. ഇതൊക്കെ, നമ്മുടെ രാഷ്ട്രീയചരിത്രത്തിന്റെ മാത്രം കഥകളല്ല, മതാനുഷ്ടാന ചരിത്രത്തിന്റെയും കൂടിയാണ്. ഇവ തമ്മിൽ ഒരിക്കലും ഇഴപിരിഞ്ഞു നിൽക്കുന്നില്ലെന്നും വായിക്കാം.

എനിയ്ക്ക് പലപ്പോഴും തോന്നാറുണ്ട്, പൂത്തു പരിലസിച്ചു നിൽക്കുന്ന ദേവഭൂമി കൂടിയായ വന്യകേരളത്തെ ഇന്ന് അടയാളപ്പെടുത്തണമെങ്കിൽ പഴയ മലയാള സിനിമയിലെ നസീറും സത്യനും മധുവും ജയഭാരതിയും ശ്രീവിദ്യയും ഷീലയും വിജയശ്രീയും വിൻസെന്റും ഒക്കെ വയലാറിനെപ്പോലുള്ള കവികളുടെ /പാട്ടെഴുത്തുകാരുടെ ഗാനങ്ങൾക്കുവേണ്ടി നടിച്ച മരംചുറ്റി പ്രണയരംഗങ്ങൾ തന്നെ കാണണമെന്ന്, രേഖപ്പെടുത്തണമെന്ന്. 44 നദികളൊഴുകുന്ന ഒരു ദേവഭൂമി എത്ര പൊടുന്നനെയാണ്, മൊട്ടയടിക്കപ്പെട്ടത്. ഇതേ മുനമ്പിൽനിന്നുകൊണ്ടുതന്നെ, മിന്നൽവേഗതയിലുള്ള കെ. റയിലിന്റെ ഉണർച്ചയിലേയ്ക്ക് അപസ്വരമായി മാറാൻ ഇനി പി.ടി. തോമസ് ഇല്ലെന്നും ചിലർക്ക് അശ്വസിക്കാം.

ഞാൻ മരിക്കുമ്പോൾ ഖുർ ആൻ മാത്രം പോരാ, ഗുലാമലിയെയും മെഹ്ദി ഹസനെയും കേൾപ്പിക്കണമെന്ന് എനിയ്ക്കാഗ്രഹമേറെയുണ്ട്. എന്നാൽ എനിയ്ക്ക് അങ്ങനെയൊരു അന്ത്യാഭിലാഷം പറയാമോ?

‘ഈ വർണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ... സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവ ഗീതമുണ്ടോ ....................................... കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ...'

ഭൂമിയെ സ്‌നേഹിച്ചുകൊണ്ടല്ലാതെ പ്രണയം അസാധ്യമാണ്. മറ്റെല്ലാം ഉപേക്ഷിച്ച്​അതിനോട് ചേർന്നുകിടക്കാനുള്ള സുഖം കൂടി മരണത്തിനുമുമ്പ്​ ഉള്ളിൽ നുകരാനായി.

44 നദികളൊഴുകുന്ന ഒരു ദേവഭൂമി എത്ര പൊടുന്നനെയാണ്, മൊട്ടയടിക്കപ്പെട്ടത്.  മിന്നൽവേഗതയിലുള്ള കെ. റയിലിന്റെ ഉണർച്ചയിലേയ്ക്ക് അപസ്വരമായി മാറാൻ ഇനി പി.ടി. തോമസ് ഇല്ലെന്നും ചിലർക്ക് അശ്വസിക്കാം. / Photo: Bharathapuzha, Wikimedia Commons
44 നദികളൊഴുകുന്ന ഒരു ദേവഭൂമി എത്ര പൊടുന്നനെയാണ്, മൊട്ടയടിക്കപ്പെട്ടത്. മിന്നൽവേഗതയിലുള്ള കെ. റയിലിന്റെ ഉണർച്ചയിലേയ്ക്ക് അപസ്വരമായി മാറാൻ ഇനി പി.ടി. തോമസ് ഇല്ലെന്നും ചിലർക്ക് അശ്വസിക്കാം. / Photo: Bharathapuzha, Wikimedia Commons

ഞാൻ മരിക്കുമ്പോൾ ഖുർ ആൻ മാത്രം പോരാ, ഗുലാമലിയെയും മെഹ്ദി ഹസനെയും കേൾപ്പിക്കണമെന്ന് എനിയ്ക്കാഗ്രഹമേറെയുണ്ട്. എന്നാൽ എനിയ്ക്ക് അങ്ങനെയൊരു അന്ത്യാഭിലാഷം പറയാമോ? അരൂപിയായ ദൈവത്തെ മനുഷ്യരുടെ രക്ഷാ -ശിക്ഷണ ശിക്ഷകളിലൂടെ മാത്രം അമേയരൂപം നൽകി പഠിപ്പിച്ച പാഠസന്ദർഭങ്ങളിൽ നിന്നുകൊണ്ട്, ശങ്കിച്ചുകൊണ്ടായാൽപോലും റഹീമും റഹ്​മാനുമായ (കാരുണ്യവാനും കരുണാനിധിയുമായ) ദൈവത്തോട് ആവശ്യപ്പെടാം, അങ്ങനെ ഒരന്ത്യാഭിലാഷമുണ്ടെന്ന്. സർവജ്ഞനായ നാഥന് തന്റെ സൃഷ്ടിയുടെ തേട്ടം ബോധ്യപ്പെടും. എന്നാൽ, ഏറ്റവും വ്യാസം കുറഞ്ഞ ഓട്ടയിലൂടെ മാത്രം ചരിത്രത്തെ നോക്കിശീലിച്ച ചുറ്റുപാടുമുള്ള വിശ്വാസികളോടും മനുഷ്യരോടും അത് പറയാമോ?

പി.ടി. തോമസ്, ചരിത്രത്തിനു മാത്രമല്ല, നമ്മുടെ സംഗീത സംസ്‌കാരത്തിനും ഒരു തെറ്റിവായന പണിയുകയായിരുന്നു. വയലാറിന്റെ ദേവഭൂമി ഭാവനയ്ക്ക്, ഒരു രാഷ്ട്രീയക്കാരനെക്കൂടി നിർമിക്കാനായപ്പോഴാണ് ആ തെറ്റിവായന സംഭവിച്ചത്. ഒരിക്കലും നമ്മുടെ രാഷ്ട്രീയക്കാർ അനുവർത്തിക്കാൻ പോയിട്ട് സ്വപ്നം കാണാൻപോലും ഭയക്കുന്ന ഒന്ന്.

എന്റെ പ്രണയഭാവനയിലെ കാല്പനികമാത്രമായ ആ അർഥം ഈ പാട്ടിന്റെ പുതിയ വ്യാഖ്യാനത്തോടെ പരിമിതപ്പെട്ടുപോയി എന്നറിയിക്കട്ടെ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments