പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കാടുകയറിക്കിടക്കുന്ന ഖബറിടം

കാടുകയറിയ ഖബറുകളുടെ രോദനം

എന്റെ മാതൃദേശവും കാരക്കാടാണ്. ഈ നോവലിലെ പല കഥാപാത്രങ്ങളെക്കുറിച്ചും കുട്ടിക്കാലത്ത് കേട്ടുകൊണ്ടാണ് ഞാൻ വളർന്നത്. ഇതിലെ സ്ഥലരാശിയിലൂടെ നടന്ന് അടയാളപ്പെട്ടത് പലതും ഞാൻ കണ്ടിട്ടുണ്ട്. പുനത്തിൽ കുഞ്ഞബ്​ദുള്ളയുടെ ‘സ്​മാരകശിലകൾ’ എന്ന നോവലിലേക്ക്​ വീണ്ടും...

സ്മാരകശിലകൾ വീണ്ടും വീണ്ടും എനിക്ക് വായിക്കാൻ തോന്നുന്നതിന്റെ പ്രേരണ മാതൃദേശത്തോടുള്ള മമതയോ അവിടെ ജീവിച്ച മനുഷ്യരെക്കുറിച്ചുള്ള ഓർമയോ മാത്രമല്ല. നോവലിന്റെ കലയിൽ പുനത്തിൽ കുഞ്ഞബ്ദുള്ള നിർവഹിച്ച ആഖ്യാനത്തിന്റെ മിടുക്കും കാവ്യാത്മകമായ നാട്ടുഭാഷയും കഥാപാത്രസൃഷ്ടിയും കൂടിയാണ്.

സ്മാരകശിലകൾ എഴുതപ്പെട്ടിട്ട് 45 വർഷമാകുന്നു. നോവലിലെ മനുഷ്യരും അവരുടെ ജീവിതവും ഉപകഥകളും ഇപ്പോഴും കാലത്തിൽ തെളിഞ്ഞുനിൽക്കുന്ന സ്മാരകശിലകൾ തന്നെ. കാരക്കാട് ദേശത്തെ വിവിധ ഉപജീവനവൃത്തി തേടുന്ന വ്യത്യസ്തരായ കുറേ മനുഷ്യരെ ഉപഗ്രഹങ്ങൾ പോലെ ജ്വലിപ്പിച്ചാണ് കുഞ്ഞബ്ദുള്ള കഥ പറയുന്നത്. കേന്ദ്രഗ്രഹം ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ തന്നെ. തങ്ങളുടെ ജീവിതം ട്രാജഡിയിലാണ് അസ്തമിക്കുന്നത്. ട്രാജഡിയുടെ പഴയ നിർവചനത്തെ അനുസരിച്ചുതന്നെ. ധീരോദാത്ത നായകന് ഒരു ദൗർബല്യമുണ്ടാകണം. അത് പതനത്തിലേക്ക് നയിക്കുകയും വേണം. പ്രതാപിയും സ്‌നേഹോദാരനുമായ പൂക്കോയ തങ്ങൾ കടപ്പുറത്ത് ചെറ്റപ്പുരയിൽ കഠാരയിൽ ചോര നാറ്റി ഒടുങ്ങുമ്പോൾ നോവലിന്റെ ഗതി മാറുകയാണ്.

Photo : Keerthana Usha Viswanath, FB
Photo : Keerthana Usha Viswanath, FB

ഒരു നോവലിൽ അനേകം കഥാപാത്രങ്ങൾ വന്നുചേരുകയും അവർക്കെല്ലാം അമരത്വം കിട്ടുകയും ചെയ്യുന്ന ഔന്നത്യം മലയാള നോവലിൽ വളരെക്കുറച്ച് രചനകൾക്കേ കൈവന്നിട്ടുള്ളൂ.

കുഞ്ഞബ്ദുള്ള സ്മാരകശിലകളിൽ പറഞ്ഞത് പ്രതാപത്തിന്റയും പതനത്തിന്റെയും കഥയാണ്. കുട്ടിക്കാലം തൊട്ട് കേട്ട കഥകളെ അനുധാവനം ചെയ്ത രാജകുമാരിയുടെ കഥയാണ്. കുലത്തിന്റെയും ജാതിയുടെയും അനാഥജന്മത്തിന്റെയും പേരിൽ അവമതിക്കപ്പെട്ട മനുഷ്യന്റെ ഉയർപ്പിന്റെ കഥയാണ്. അജ്ഞാതമായ ഭാവിയിലേക്ക് വെളിച്ചമില്ലാതെ അലയുന്ന കുറേ സാധുജീവികളുടെ കഥയാണ്. അപ്രതീക്ഷിതമായി നേരിടേണ്ടിവരുന്ന ജീവിതശൂന്യതയിൽ അനിശ്ചിതത്വത്തോടെ പിടയുന്ന മനുഷ്യജീവികളുടെ കഥയാണ്.
ഈ കഥകളൊക്കെ ഒരു ദേശത്തിന്റെ സ്ഥലകാലത്തിൽ ബന്ധിപ്പിക്കുന്നതിന്റെ സിദ്ധിയാണ് സ്മാരകശിലകളുടെ സൗന്ദര്യം.

പുനത്തിൽ കുഞ്ഞബ്ദുള്ള / ഫോട്ടോ: എ.ജെ. ജോജി
പുനത്തിൽ കുഞ്ഞബ്ദുള്ള / ഫോട്ടോ: എ.ജെ. ജോജി

ഒരു നോവലിൽ അനേകം കഥാപാത്രങ്ങൾ വന്നുചേരുകയും അവർക്കെല്ലാം അമരത്വം കിട്ടുകയും ചെയ്യുന്ന ഔന്നത്യം മലയാള നോവലിൽ വളരെക്കുറച്ച് രചനകൾക്കേ കൈവന്നിട്ടുള്ളൂ. സ്മാരകശിലകളിലെ ഏത് കഥാപാത്രത്തിനും അങ്ങനെയൊരു ശോഭയുണ്ട്. ഏറമുള്ളാനും അദ്രാമാനും ബുഹാരിയും ഖുറൈശി പാത്തുവും കുട്ടി ഹൈദ്രോസും പട്ടാളം ഇബ്രായിയും ഒമ്പതരക്കണ്ണനും, കണ്ണപുരാൻ സ്വാമിയും, ശങ്കരക്കുറുപ്പ് മാഷും, കോമപ്പൻ വൈദ്യരുമെല്ലാം ഈ നോവലിന് ജൈവദീപ്തി പകരുന്നു. ബാപ്പുകണാരന്റ വീട്ടിൽ പ്രസവാനന്തരം മരിക്കാൻ കിടക്കുന്ന നീലിയെക്കുറിച്ച് പറയുമ്പോൾ കുഞ്ഞബ്ദുള്ള ഇങ്ങനെ എഴുതുന്നു: ഒരു ചെറിയ വീട്. ദുഃഖപര്യവസായിയായ ഒരു നോവൽ പോലെ പഴകി ദ്രവിച്ച ഓലമേഞ്ഞ മേൽപ്പുര കോലായ മറച്ചുകിടക്കുകയാണ്.

സ്മാരകശിലകളിലെ ഏതൊരു കഥാപാത്രത്തിനും ഒരു ദുഃഖഛായയുണ്ട്. ദുഃഖപര്യവസായിയായി തീരുന്ന ജീവിതങ്ങളാണ് അവരുടേത്. ബാങ്കുവിളിക്കുന്ന ഏറമുള്ളാനും, കുതിരക്കാരൻ അദ്രാമാനും, കാവൽക്കാരൻ ബുഹാരിയും വട്ടച്ചൊറിയൻ മൂസ മുസ്ലിയാരും നീലിയും പൊക്കിയുമെല്ലാം ഓരോ തരത്തിലുള്ള ജീവിതവേദനകൾ. പള്ളിപ്പറമ്പിലെ ഖബറിനുചുറ്റും പ്രാർഥനകളുയരുമ്പോൾ വേദനകൾ കാറ്റിലലയും എന്ന് കുഞ്ഞബ്ദുള്ള എഴുതുന്നുണ്ട്. പള്ളിപ്പറമ്പിനെയും അറക്കൽ തറവാടിനെയും വേർതിരിക്കുന്ന കൽമതിലിനെക്കുറിച്ച് ഇങ്ങനെ: ജീവിതത്തിന്റെയും മരണത്തിന്റയും ഒരു വലിയ തുലനശക്തി പോലെ ആ മതിൽ നിലകൊണ്ടു.

വി.ആർ.സുധീഷ്, പുനത്തിൽ കുഞ്ഞബ്​ദുള്ള
വി.ആർ.സുധീഷ്, പുനത്തിൽ കുഞ്ഞബ്​ദുള്ള

മരണത്തിലേക്കും അദൃശ്യതയിലേക്കും കടന്നുപോവുന്ന ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ വലിയ ആധിയുണ്ടാക്കും. ജീവിതത്തെക്കുറിച്ചുള്ള വലിയ തിരിച്ചറിവുകൾ. കുതിരക്കാരൻ എന്നുമാത്രം പേരുള്ള ഒരാളെ കുഞ്ഞബ്ദുള്ള നോവലിൽ സൃഷ്ടിക്കുന്നുണ്ട്. അയാൾക്ക് പേരില്ല. അയാൾ കുതിരക്കാരൻ എന്നുമാത്രം അറിയപ്പെടുന്നു. തങ്ങളുടെ മരണശേഷം കുതിരക്കാരന്റെ ജീവിതം വ്യർഥമായി. ദിനരാത്രങ്ങൾ ശൂന്യമായി. കുതിരപ്പുറത്ത് കയറി അയാൾ കുതിരയോടൊപ്പം ഒടുവിൽ കടലിൽ മറയുകയാണ്.

ഗോസായിക്കുന്നിന്റെ താഴ്​വരയിലും മടപ്പള്ളി കടപ്പുറത്തെ വിജനതയിലും പള്ളിപ്പറമ്പിലും, കാരക്കാട് റെയിൽവേ സ്റ്റേഷനിലും പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്.

ദൈന്യതയുടെ ഇരുട്ടിൽ ജീവിച്ചുപോകുന്ന അധഃസ്ഥിതരായ ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്ന ഈ നോവലിൽ അധികാരത്തിന്റെ ആനന്ദമൂർത്തിയായി പ്രത്യക്ഷപ്പെടുന്നത് പട്ടാളം ഇബ്രായി മാത്രമാണ്. അയാളുടെ ധിക്കാരത്തിന്റെയും അഹന്തയുടെയും മനുഷ്യത്വ നിരാസത്തിന്റയും മുഴക്കമാണ് നോവലിന്റെ അന്ത്യത്തിലുള്ളത്. അവിടെ അശരണരായി മറ്റുള്ളവർ തളരുകയാണ്. പൂക്കുഞ്ഞീബി കഥയിലെ പഴയ രാജകുമാരിയായി കടപ്പുറത്തെ വിജനതയിൽ സ്വർണമത്സ്യമാകുന്നു. കുഞ്ഞാലി നടക്കുന്നത് വിപ്ലവ ഭൂമികയിലേക്കാണ്. ഇക്കാലമത്രയും താൻ അനുഭവിച്ചുപോന്ന അപമാനവീകരണത്തിന് പരിഹാരം തേടി അയാൾ ഒരു യഥാർത്ഥ രാഷ്​ട്രീയ മനുഷ്യനാകാൻ പോകുന്നു എന്ന സൂചന തന്നുകൊണ്ടാണ്​ നോവൽ അവസാനിക്കുന്നത്.

പൂക്കുഞ്ഞീബി കഥയിലെ പഴയ രാജകുമാരിയായി കടപ്പുറത്തെ വിജനതയിൽ സ്വർണമത്സ്യമാകുന്നു. കുഞ്ഞാലി നടക്കുന്നത് വിപ്ലവ ഭൂമികയിലേക്കാണ്. ഇക്കാലമത്രയും താൻ അനുഭവിച്ചുപോന്ന അപമാനവീകരണത്തിന് പരിഹാരം തേടി അയാൾ ഒരു യഥാർത്ഥ രാഷ്​ട്രീയ മനുഷ്യനാകാൻ പോകുന്നു എന്ന സൂചന തന്നുകൊണ്ടാണ്​ നോവൽ അവസാനിക്കുന്നത്. / Photo: Muhammed Fasil
പൂക്കുഞ്ഞീബി കഥയിലെ പഴയ രാജകുമാരിയായി കടപ്പുറത്തെ വിജനതയിൽ സ്വർണമത്സ്യമാകുന്നു. കുഞ്ഞാലി നടക്കുന്നത് വിപ്ലവ ഭൂമികയിലേക്കാണ്. ഇക്കാലമത്രയും താൻ അനുഭവിച്ചുപോന്ന അപമാനവീകരണത്തിന് പരിഹാരം തേടി അയാൾ ഒരു യഥാർത്ഥ രാഷ്​ട്രീയ മനുഷ്യനാകാൻ പോകുന്നു എന്ന സൂചന തന്നുകൊണ്ടാണ്​ നോവൽ അവസാനിക്കുന്നത്. / Photo: Muhammed Fasil

എന്റെ മാതൃദേശവും കാരക്കാടാണ്. സ്മാരകശിലകളിലെ പല കഥാപാത്രങ്ങളെക്കുറിച്ചും കുട്ടിക്കാലത്ത് കേട്ടുകൊണ്ടാണ് ഞാൻ വളർന്നത്. ഇതിലെ സ്ഥലരാശിയിലൂടെ നടന്ന് അടയാളപ്പെട്ടത് പലതും ഞാൻ കണ്ടിട്ടുണ്ട്. ഗോസായിക്കുന്നിന്റെ താഴ്​വരയിലും മടപ്പള്ളി കടപ്പുറത്തെ വിജനതയിലും പള്ളിപ്പറമ്പിലും, കാരക്കാട് റെയിൽവേ സ്റ്റേഷനിലും പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്. ഡോക്ടർ അലമേലുവിന്റെ സൗന്ദര്യം കേട്ട് തരിച്ചിട്ടുണ്ട്. കാലം ചോല്ലുന്തോറും അതിജീവിക്കുന്ന മനുഷ്യകഥയാണ് സ്മാരകശിലകൾ.

പള്ളിപ്പറമ്പ് മുഴുവൻ അന്നും ഇന്നും കാടാണ്.
കൊല്ലങ്ങൾ കഴിയുമ്പോൾ പഴയ ഖബറുകളിൽ കാടു കയറും, കാടു കയറിയ ഖബറുകൾ വീണ്ടും വെട്ടിത്തെളിയിക്കും, പുതിയ അംഗങ്ങൾ ഖബറിൽ പതിയടങ്ങും എന്ന് നോവലിൽ കുഞ്ഞബ്ദുള്ള എഴുതിയിട്ടുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഖബറിൽ കാടുകയറിയ ഈ ചിത്രം കാണുമ്പോൾ മനുഷ്യാവസ്ഥയുടെ ദീനവും ഭീതിദവുമായ രോദനം കേൾക്കുകയാണ് ഞാനും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


വി. ആർ. സുധീഷ്

കഥാകൃത്ത്​, അധ്യാപകൻ. വംശാനന്തര തലമുറ, വിമത ലൈംഗികം, തെരഞ്ഞെടുത്ത കഥകൾ, മലയാളത്തിന്റെ​​​​​​​ പ്രണയകഥകൾ (എഡിറ്റർ), മദ്യശാല (എഡിറ്റർ) തുടങ്ങിയവ പ്രധാന കൃതികൾ

Comments