പുനത്തിൽ കുഞ്ഞബ്ദുള്ളയെപ്പറ്റി അഞ്ച്​ വിചാരങ്ങൾ

സംസാരം പോലെ അനായാസസുന്ദരമാണ്​ പുനത്തിലിന്റെ ആഖ്യാനവും. ദുഃഖം കോടമഞ്ഞ് പോലെ അതിൽ പരന്നുകിടന്നു. വലിയ ജീവിതസങ്കീർണതകളെയും ദുരന്തങ്ങളെയും എഴുതുമ്പോഴും പക്ഷേ നർമം ഓരോ അണുവിലും പ്രകാശിച്ചുനിന്നു. ആധുനികതയുടെ ചില നാട്യങ്ങളെ പരിഹസിക്കുമ്പോഴും അതിന്റെ മുഖ്യസവിശേഷതകൾ പിന്തുടർന്നു. അന്തരീഷ നിർമിതിയുടെ കാര്യത്തിൽ പുനത്തിലിന് അപാരമായ സിദ്ധികളുണ്ടായിരുന്നു.

ഒന്ന്

ർഷങ്ങൾക്കുമുൻപ് കോഴിക്കോട്ടെ ഒരു പകലിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി കുറച്ചുനേരം തനിച്ചിരിക്കാനും സംസാരിക്കാനും അവസരം ലഭിച്ചു. എന്റെ അഭിരുചികളെ ചെറുതായി കളിയാക്കിയാണ് അന്ന് അദ്ദേഹം സംസാരത്തിനു തുടക്കമിട്ടത്. നിന്നെ ഞാൻ അജയ് എന്നു വിളിക്കില്ല, ഹംസ എന്നു വിളിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ സംസാരം പൊടുന്നനെ ഊഷ്മളമായി. ഹംസ എന്ന പേര് എവിടെനിന്നു വന്നുവെന്ന് എനിക്കു മനസിലായില്ല.

പിന്നീട് ആ ഹോട്ടൽ മുറിയിലേക്കു വന്ന മറ്റു സുഹൃത്തുക്കളോടും അദ്ദേഹം ആവർത്തിച്ചു, ഇവൻ ഇനിമുതൽ ഹംസ എന്ന് അറിയപ്പെടും.

ഞങ്ങൾ തനിച്ചായപ്പോൾ പുനത്തിൽ കുറെ കഥകൾ പറഞ്ഞു. ഭാവനയും യാഥാർഥ്യവും കൂടിക്കുഴഞ്ഞവയായിരുന്നു അവ. എന്നാൽ ആ വിവരണം വായിക്കുന്നതിനെക്കാൾ മനോഹരമായിരുന്നു.

വൃദ്ധനായ എഴുത്തുകാരനോടു കടുത്ത ആരാധനയുമായി ഒരു ചെറുപ്പക്കാരി അദ്ദേഹത്തെ അന്വേഷിച്ചു വരികയാണ്. അവൾക്ക് എഴുത്തുകാരനൊപ്പം ശയിക്കണം. എഴുത്തുകാരൻ പറഞ്ഞു, എനിക്കു വയ്യ. അപ്പോൾ അവൾ പറഞ്ഞു, എങ്കിൽ എന്റെ ഉടൽ ഒന്നു തൊട്ടുനോക്കുകയെങ്കിലും ചെയ്യൂ. യുവതി ഉടുപ്പുകൾ ഓരോന്നായി അഴിച്ചു. വൃദ്ധൻ അവളുടെ ഉടലിലെ ഓരോ ചെരിവിലും തൊട്ടുനോക്കി. അവളെ ഉമ്മ വച്ചശേഷം യാത്രയാക്കുന്നതായിരുന്നു അതിലൊരു കഥ.

പുനത്തിലിന്റെ കഥകളുടെ കൂട്ടത്തിലൊന്നും അങ്ങനെ ഒന്നു ഞാൻ വായിച്ചിരുന്നില്ല. പക്ഷേ, ഇത് യഥാർഥത്തിൽ സംഭവിച്ചതാണോ എന്നു ഞാൻ ചോദിച്ചു. ശരിക്കും ഉണ്ടായതാണ്. പക്ഷേ ഇതു ഞാൻ എഴുതിയിട്ടില്ല എന്ന് പൊട്ടിച്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു. ആ ചിരി എന്നെ ആശയക്കുഴപ്പത്തിലാക്കി. ഓരോ അണുവിലും ലൈംഗികത പ്രസരിക്കുന്ന കുറേയെറെ കഥകൾ പുനത്തിൽ വേറെയും എന്നോടു പറഞ്ഞു. ഇത് ശരിക്കും ഉണ്ടായതാണോ എന്ന ചോദ്യം പിന്നീടു ഞാൻ ചോദിച്ചില്ല. അത്രക്കും അഗാധമായിരുന്നു ആ വിവരണങ്ങളെല്ലാം.

നാം സംസാരിക്കുമ്പോൾ വരുന്ന അത്രയും ലൈംഗികത എഴുത്തിലേക്കു കൊണ്ടുവരാനാവില്ലെന്നും അങ്ങനെ ശ്രമിക്കുമ്പോഴെല്ലാം അതു പോണോഗ്രഫിയായിത്തീരുമെന്നും അദ്ദേഹം വിശദീകരിച്ചു. ഞാൻ പറഞ്ഞു, ശരിയാണ്, പക്ഷേ പോണോഗ്രഫി കഥകൾ എന്ന നിലയിൽ ഇതെല്ലാം എഴുതി പുസ്തകമാക്കിയാലോ എന്ന് ഞാൻ ചോദിച്ചു. എഴുത്തുകാരൻ വീണ്ടും പൊട്ടിച്ചിരിച്ചു. ഞാൻ ഒരു അവതാരിക എഴുതാം എന്ന് ഞാൻ കൂട്ടിച്ചേർത്തു. എഴുതാം എന്ന വാഗ്ദാനത്തോടെ അദ്ദേഹം ചിരി തുടർന്നു.

പുനത്തിൽ കുഞ്ഞബ്ദുള്ള / ഫോട്ടോ: എ.ജെ. ജോജി
പുനത്തിൽ കുഞ്ഞബ്ദുള്ള / ഫോട്ടോ: എ.ജെ. ജോജി

ഞാൻ പുനത്തിൽ എന്ന എഴുത്തുകാരനെ ഓർക്കുമ്പോഴെല്ലാം ഈ കൂടിക്കാഴ്ചയും ഓർമിക്കാറുണ്ട്. അദ്ദേഹത്തിനോടുള്ള വിയോജിപ്പുകൾ കൂടി നേരിട്ടു പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു അത്. മലമുകളിലെ അബ്ദുള്ള എന്ന കഥ, ലൈംഗികാതിക്രമത്തെ കാൽപനകവൽക്കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നുവെന്ന വിമർശനം ഞാൻ ഉന്നയിച്ചു. എന്നാൽ, ലൈംഗികാതിക്രമങ്ങൾ പ്രമേയമായ എത്രയോ കഥകൾ താൻ വേറെ എഴുതിയിട്ടുണ്ട് എന്ന് അദ്ദേഹം വാദിച്ചു.

രണ്ട്

സംസാരം പോലെ അനായാസസുന്ദരമാണ്​ പുനത്തിലിന്റെ ആഖ്യാനവും. ദുഃഖം കോടമഞ്ഞ് പോലെ അതിൽ പരന്നുകിടന്നു. വലിയ ജീവിതസങ്കീർണതകളെയും ദുരന്തങ്ങളെയും എഴുതുമ്പോഴും പക്ഷേ നർമം ഓരോ അണുവിലും പ്രകാശിച്ചുനിന്നു. ആധുനികതയുടെ ചില നാട്യങ്ങളെ പരിഹസിക്കുമ്പോഴും അതിന്റെ മുഖ്യസവിശേഷതകൾ പിന്തുടർന്നു. അന്തരീഷ നിർമിതിയുടെ കാര്യത്തിൽ പുനത്തിലിന് അപാരമായ സിദ്ധികളുണ്ടായിരുന്നു.

ക്ഷേത്രവിളക്കുകൾ എന്ന കഥയിൽ, മെല്ലെ ഇരുട്ടു പരക്കുന്ന അമ്പലത്തിന്റെ പരിസര ചിത്രീകരണം ഉദാഹരണം. ഒരു സായാഹ്ന നടത്തത്തിനിടെ കണ്ടുമുട്ടിയ ഒരു സ്ത്രീയും പുരുഷനും ചിരകാല സുഹൃത്തുക്കളെപ്പോലെ സംസാരിക്കുകയാണ്. എന്താണ് അവരെ ആ സന്ധ്യാവെളിച്ചത്തിൽ കൂട്ടിമുട്ടിച്ചതെന്ന് അറിയില്ല. അമ്പലത്തിൽ കൊളുത്തിവച്ച തിരികൾ ഓരോന്നായി അണയുന്നു. പരിസരം ഇരുട്ടിലാകുന്നു. അയാൾ പിരിയാൻ ഒരുങ്ങുന്നു. അപ്പോൾ അവൾ ചോദിക്കുന്നു, ആ വിളക്കു കൂടി അണഞ്ഞശേഷം പോയാൽ പോരെ..

പുനത്തിലിന്റെ മിക്കവാറും നല്ല കഥകളെല്ലാം ആശുപത്രി പശ്ചാത്തലത്തിലുള്ളതാണ്. ഉത്തരേന്ത്യയിലെ ജീവിതമാണ് അവയിലേറെയും. മെഡിക്കൽ വിദ്യാർഥികൾ കീറിമുറിച്ച ശരീരഭാഗങ്ങൾ ശേഖരിച്ച് തലയോടും അസ്ഥികളും വേർതിരിച്ചെടുക്കുന്ന ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്, ഒരുപാടു തലയോടുകളും അസ്ഥികളും നിർവികാരമായി വെട്ടിപ്പൊളിച്ചിട്ടുള്ള ആ ദരിദ്ര യുവാവ്, ജീവനൊടുക്കിയ തന്റെ കാമുകിയുടെ ശരീരം കീറിമുറിക്കാനും തലയോട് വെട്ടിപ്പൊളിക്കാനും നിർബന്ധിതനായി തീരുന്നു. ആ കഥയിൽ ഒരിടത്ത് അനാട്ടമി ക്ലാസിൽ വിദ്യാർഥികൾക്കുമുന്നിൽ ഈ പാവം അർധനഗ്‌നനായി പോയി നിൽക്കുന്നുണ്ട്. വിദ്യാർഥികൾക്കു ശരീരഭാഗങ്ങൾ ലൈവ് ആയി പഠിക്കാനുള്ള ഒരു വസ്തുവായി.

മൂന്ന്

മലയാള ആധുനികതയുടെ പൊതുപ്രവണത പിന്തുടർന്ന് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥാലോകത്തും പുരുഷന്റെ അസ്തിത്വപ്രശ്‌നങ്ങളാണ് ആവിഷ്‌കരിക്കപ്പെട്ടത്. അതിൽ മുഖ്യം പുരുഷ ലൈംഗികതയായിരുന്നു. സ്വാഭാവികമായും അവിടെ കഥാപാത്രങ്ങൾ ശരീരംകൊണ്ട് സഹിക്കുകയും ശരീരത്താൽ രസിക്കുകയും ചെയ്യുന്നു. ‘കന്യാവനങ്ങൾ' എന്ന നോവൽ എടുക്കുക - അറബ് നാടിന്റെ ഇന്ദ്രിയാനുഭൂതിയാണ് ഈ നോവലിന്റെ ഒരു സവിശേഷത. അറബികളായാലും പ്രവാസികളായാലും വ്യർത്ഥതയ്ക്കു അവസാനമില്ല.

നോവലിലെ കുഞ്ഞാവയെ നോക്കൂ. ഒരു പാവം ചെറുപ്പക്കാരൻ. അയാളും കാമമോഹങ്ങളുടെ ഇരയാണ്. റസിയ സുന്ദരിയാണ്. ധനികയാണ്. ഉദാരത അവർക്കുണ്ടെങ്കിലും അവർ കാമാന്ധതയുടെ ഇരയാണ്.
കന്യാവനങ്ങൾ എന്നാണു പേരെങ്കിലും പച്ചപ്പോ നിഷ്‌ക്കളങ്കതയോ ഒരിടത്തുമില്ല. നഗരത്തിലായാലും മരുഭൂമിയിലായാലും മനുഷ്യനെ കാത്തിരിക്കുന്നതു പരാജയങ്ങളാണ്. ഈ പരാജയങ്ങളിലേക്കുളള പാതയിൽ ഒരിക്കൽ നാം വിജയിച്ചതായി തോന്നും. വൈകാതെ നാം നിലത്തേക്കു വലിച്ചെറിയപ്പെടുകയും ചെയ്യും. ദസ്‌തോവ്‌സ്‌കിയുടെ ദി ഇഡിയറ്റ് ആരംഭിക്കുന്നതു വധശിക്ഷയെപ്പറ്റി ട്രെയിനിൽ നടക്കുന്ന ഒരു സംവാദത്തോടെയാണ്. പ്രിൻസ് മിഷ്‌കിൻ താൻ നേരിൽ കണ്ട ഒരു വധശിക്ഷ, ഗില്ലറനിൽ ഒരാളെ കഴുത്തറുത്തു കൊല്ലുന്നത്, വിവരിക്കുകയാണ്​സഹയാത്രികരോട്. വധശിക്ഷയ്‌ക്കെതിരായ ഒരു മാനിഫെസ്റ്റോ കൂടിയാണ് ഇഡിയറ്റിലെ ആ അധ്യായങ്ങൾ.

ദസ്‌തോവ്‌സ്‌കി വധശിക്ഷയിൽനിന്ന് അവസാന നിമിഷം അദ്ഭുതകരമായി മോചിതനായ ആളാണ്. ആ അനുഭവം അദ്ദേഹത്തെ വലിയ എഴുത്തുകാരനാക്കി. ജീവിത രഹസ്യമന്വേഷിക്കുന്നവനാക്കി, വധശിക്ഷാവിരുദ്ധനാക്കി. അഹിംസയുടെ ഈ കലാതത്വം നിരീക്ഷിക്കാവുന്ന സന്ദർഭങ്ങളാണ് പുനത്തിലിന്റെ നോവലിലുമുളളത്. കന്യാവനങ്ങളിൽ സൗദിയിലെ പരസ്യവധശിക്ഷയുടെ രണ്ടു വിവരണങ്ങളുണ്ട്.

അവിഹിതബന്ധത്തിനു ശിക്ഷിക്കപ്പെട്ട പ്രവാസിയായ ചെറുപ്പക്കാരനെ മരുഭൂമിയിലെ സൂര്യനു കീഴെ നിർത്തി, ജനക്കൂട്ടം നോക്കിനിൽക്കെ തലവെട്ടിക്കൊല്ലുന്നതാണ് ആദ്യത്തേത്: ‘വാളേന്തിയ ആൾ വാൾ ആകാശത്തേക്കുയർത്തി. അതിന്റെ മുന ദൈവത്തിന്റെ നേരെ നീണ്ടു' എന്നാണ്​പുനത്തിൽ എഴുതുന്നത്. ദൈവത്തിനുനേരെയാണ് വ്യർഥപ്രാണന്റെ വേദനയുടെ മുന നീളുന്നത്. രണ്ടാമത്തെ മരണശിക്ഷയിലേക്കുപോകും മുൻപ് നോവലിലെ മാദകാനുഭൂതിയുടെ ഒരു അനുഭവം പറയാം.

കന്യാവനങ്ങൾ ഓർക്കുമ്പോഴൊക്കെ മദാലസയായ റസിയ എന്ന കഥാപാത്രം അവരുടെ നേർത്ത രാത്രിവേഷത്തിൽ വരും. സ്ത്രീയുടെ കാമം ഒരു യക്ഷിക്കഥ പോലെയാണു പുനത്തിൽ എഴുതുക. ഇപ്പോൾ നോക്കുമ്പോൾ റസിയ ആയിരത്തൊന്നുരാവുകളിൽനിന്നിറങ്ങുവന്ന കഥാപാത്രമായിട്ടാണ് എനിക്കുതോന്നുന്നത്. ആയിരത്തൊന്നുരാവുകളിലും മരണവിധിയുടെ വാൾമുനയ്ക്കു മുന്നിലിരുന്നാണല്ലോ ആ കഥകളത്രയും പറയുന്നത്.
ഇനി കന്യാവനങ്ങളിലെ രണ്ടാമത്തെ മരണശിക്ഷയുടെ വിവരണം പറയാം. അതു നോവലിലെ അന്ത്യരംഗം കൂടിയാണ്.

മരുഭൂമിയിലെ വലിയ അലച്ചിലുകൾക്കൊടുവിൽ ഹബീബ് എന്ന കഥാപാത്രം ജിദ്ദയിലേക്കു തിരിച്ചെത്തുന്നു. ‘ആദിമാതാവിന്റെ മണ്ണിൽ ഹബീബ് വന്നിറങ്ങി. കാലം ഹബീബിനെ കാത്തിരിക്കുകയായിരുന്നു' ;കാലം എന്തിനുവേണ്ടിയാണ് അയാളെ കാത്തുനിന്നത്? എല്ലാ പ്രയത്‌നങ്ങൾക്കുമൊടുവിൽ മനുഷ്യൻ പരാജിതനോ, മൃതനോ ആയിത്തീരുമെന്നു പഠിപ്പിക്കാനോ? അതോ തളരാതെ, അടുത്ത പച്ചപ്പിനെ ലക്ഷ്യമാക്കി നീങ്ങാനോ? നോവലിസ്റ്റ് ഉത്തരം തരുന്നില്ല പകരം ഭാവിയുടെ ശൂന്യതയുമായി ഹബീബ് ഒരു മൈതാനത്തു പോയിരിക്കുന്നു. അപ്പോഴാണ് അയാൾ അറിയുന്നതു തലേന്ന് ഒരു പ്രവാസിസ്ത്രീയെ അവിടെയാണു കല്ലെറിഞ്ഞുകൊന്നതെന്ന്. ചോരയുടെ അടയാളമുളള ഒരു കല്ല് അയാൾ എടുത്തുനോക്കുന്നു. വായനക്കാരന് അറിയാം ആ സ്ത്രീ ആരാണെന്ന്. കൊലയുടെ ആഹ്ലാദം പങ്കിടാൻ ഒരു ജനക്കൂട്ടം ഒത്തുകൂടിനിൽപുണ്ട്. കന്യാവനങ്ങളിലെ അവസാന വാക്യങ്ങൾ ഇങ്ങനെ: ‘അപ്പോൾ- ഹവ്വയുടെ കബറിടത്തിൽനിന്ന് ആദിമാതാവിന്റെ രോദനം കേൾക്കുന്നു. അതു വനരോദനമായി മാറുന്നു'.

നാല്

ചെറുപ്പത്തിലെങ്ങോ കേട്ട ഏതോ കഥയുടെ സ്മരണയിൽ, പുനത്തിൽ കുഞ്ഞബ്ദുള്ള ആദ്യകാലത്ത് ഒരു കഥയെഴുതി. ആയിരത്തൊന്നു രാവുകളിലോ റൂമിയുടെ ദൃഷ്ടാന്തങ്ങളിലോ കേൾക്കാറുള്ള മാതിരി ഒരു കഥ.
‘റസൂൽ അമീൻ' എന്നാണ് ആ കഥയുടെ പേര്. ഒരു മീൻകാരന്റെ കഥയാണത്. ഉമ്മയും ഭാര്യയും അഞ്ചുമക്കളുമുള്ള ഒരു മീൻകാരൻ. കഷ്ടപ്പാടു മാത്രമാണ് അയാളുടെ സമ്പാദ്യം. വീടുകൾ തോറും നടന്നാണു മീൻ വിൽപന. അതി രാവിലെ ചെന്നാലേ നല്ല മീൻ കടപ്പുറത്തുനിന്നു കിട്ടൂ.

ക്ഷീണം മൂലം മീൻകാരൻ എന്നും വൈകിയാണുണരുക. കടപ്പുറത്തെമ്പോഴേക്കും നല്ല മീനെല്ലാം കഴിഞ്ഞ് പരൽമീനുകൾ മാത്രമായിരിക്കും ബാക്കി. അതു കൊണ്ടുനടന്ന് അന്തിവരെ വിൽക്കും. കൂട്ടിനോക്കിയാൽ വലിയ ലാഭമൊന്നുമുണ്ടാകില്ല, കുറേ കടമായും പോകും. അതാകട്ടെ തിരിച്ചുകിട്ടുകയുമില്ല. ബാക്കിവന്ന പരൽമീനുകളും അരിയും ഉപ്പും മുളകും വാങ്ങി വീട്ടിലെത്തുമ്പോഴേക്കും കുട്ടികളെല്ലാം വിശന്നുറങ്ങിയിട്ടുണ്ടാകും. ചോറും കറികളും ഉണ്ടാക്കി കുട്ടികളെ വിളിച്ചുണർത്തി അവരെ ഊട്ടും. അപ്പോഴേക്കും പത്തോ പതിനൊന്നോ മണിയാകും. അതോടെ മീൻകാരൻ കട്ടിലിൽ വീഴുകയും കിടന്നയുടനെ ഉറക്കം അയാളെ പിടികൂടുകയും ചെയ്യും. അങ്ങനെയൊരു ഉറക്കത്തിലാണ് ഒരു ദിവസം അവൻ ഒരു മലക്കിനെ (മാലാഖ) സ്വപ്നം കണ്ടത്.

ഈ മലക്ക് തടിച്ച പുസ്തകത്തിൽ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീർന്നു പുസ്തകം അടുക്കി വച്ചപ്പോൾ മീൻകാരൻ ചോദിച്ചു, എന്താ എഴുതിക്കൊണ്ടിരുന്നതെന്ന്. ‘നബിത്തിരുമേനിയെ സ്‌നേഹിക്കുന്നവരുടെ പേരുകൾ', മലക്ക് മറുപടി പറഞ്ഞു.

‘അതിൽ എന്റെ പേരുണ്ടോ?' മീൻകാരൻ ഉൽക്കണ്ഠയോടെ ചോദിച്ചു.

മലക്ക് പുസ്തകം ഒരാവർത്തി വായിച്ചുനോക്കിയിട്ടു പറഞ്ഞു ‘താങ്കളുടെ പേര് ഇതിലില്ല.'

മീൻകാരന് ഇത്രയും നിരാശ തോന്നിയ ഒരു സന്ദർഭം ജീവിതത്തിൽ വേറെയുണ്ടായിട്ടില്ല.

‘യാ റസൂൽ, യാ റസൂൽ'. എന്നാണു മീൻകാരന്റെ വചനം.

റസൂലിനെയും റസൂലിന്റെ വിശ്വാസികളെയും ഇത്രയേറെ സ്‌നേഹിക്കുന്ന തന്റെ പേര് ആ പട്ടികയിൽ ഇല്ലാത്തതോർത്ത് അയാൾ കരഞ്ഞു.

പിറ്റേന്ന് ഉറക്കത്തിലും മീൻകാരൻ അതേസ്വപ്നം കണ്ടു. അതേ പ്രകാശം. അതേ മലക്ക്. മലക്ക് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. എഴുതിത്തീർന്നപ്പോൾ മീൻകാരൻ ചോദിച്ചു, എന്തായിരുന്നു എഴുതിക്കൊണ്ടിരുന്നത്?

‘റസൂൽ അമീൻ സ്‌നേഹിക്കുന്നവരുടെ പേരുകൾ'. നബി സ്‌നേഹിക്കുന്നവരുടെ പേരുകളാണ് ആ പുസ്തകം. മീൻകാരന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.

‘എന്റെ പേര് അതിലുണ്ടോ?' അവൻ ചോദിച്ചു.

മലക്ക് ആ ഗ്രന്ഥം മീൻകാരന്റെ കയ്യിൽ കൊടുത്തു. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതിൽ ആദ്യത്തെ പേര് അവന്റേതാണ്.

അഞ്ച്

പുനത്തിൽ എഴുതുമ്പോൾ എല്ലാ ഖിന്നതകൾക്കുമിടയിലും സ്‌നേഹത്തിന്റെ ഒരു തരി വെട്ടം തെളിഞ്ഞുവരും. കാമം സ്വർണം പോലെ തിളങ്ങും. അന്തമില്ലാത്ത കാമനകൾക്കും ക്രോധങ്ങൾക്കും വേദനകൾക്കും നടുവിലും ജീവിതത്തെ അന്ധമായി പ്രേമിക്കുന്ന മനുഷ്യനാണ് എഴുത്തുകാരനോ എഴുത്തുകാരിയോ ആകുന്നത്. ആ പ്രപഞ്ചസ്‌നേഹികളുടെ പുസ്തകത്തിൽ പേരുള്ള മനുഷ്യനാണു പുനത്തിൽ. കഥയിൽനിന്നു ജീവിതത്തിലേക്കും ജീവിതത്തിൽനിന്നു കഥയിലേക്കും ആ സ്‌നേഹം പ്രസരിച്ചുകൊണ്ടിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിനെ, ഗുരു എന്നാണ്​ പുനത്തിൽ വിളിച്ചിരുന്നത്. എഴുത്തുകാരനേക്കാൾ വലിയ മനുഷ്യനാണ്​ ബഷീറിലുണ്ടായിരുന്നതെന്ന് പുനത്തിൽ പറയാറുണ്ട്. ബഷീർ എഴുതാതിരുന്ന വർഷങ്ങളിൽ ഒരിക്കൽ പുനത്തിൽ അദ്ദേഹത്തോടു ചോദിച്ചു: ‘എന്തിനാണീ നിശബ്ദത?' കണ്ണുകൾ തുറുപ്പിച്ചുകൊണ്ട് ബഷീർ പറഞ്ഞു: ‘ഞാൻ എഴുത്തിന്റെ അടിമവേലക്കാരനല്ല'.

സാഹിത്യത്തെയും ജയിക്കുന്ന മനുഷ്യനാകാനാണ്​ ഗുരു തന്നെ പഠിപ്പിച്ചതെന്നു പുനത്തിൽ എഴുതി. അതുകൊണ്ടാണു ബഷീർ വിടവാങ്ങിയപ്പോൾ, പുനത്തിൽ ‘വിൻസന്റ് വാൻഗോഗ്' എന്ന മനോഹരമായ കഥയെഴുതിയത്. ബഷീറിന്റെ വീട്ടിലേക്ക് വാൻഗോഗ് അതിഥിയായെത്തുന്ന കഥയാണത്.

വിഷാദരോഗം മൂർച്ഛിച്ചു മരിച്ച ഉമ്മയെപ്പറ്റി പുനത്തിൽ എഴുതിയിട്ടുണ്ട്. ആ സ്മരണകളിലൊരിടത്ത് എഴുത്തുകാരൻ ജീവിച്ച വിവിധ സ്ഥലങ്ങളെ പരാമർശിക്കുമ്പോൾ ഇങ്ങനെ എഴുതി: ‘പാർക്കുന്ന ഇടമാണു പാർപ്പിടം. എങ്കിൽ ആദ്യം പാർത്ത ഇടം അമ്മയുടെ ഗർഭപാത്രമാണ്. എല്ലാ മനുഷ്യരുടെയും ആദ്യത്തെ വീട് ഗർഭപാത്രമാണ്. അമ്മവീട്ടിൽനിന്നു പുറത്തുവന്ന ആ നിമിഷങ്ങളെക്കുറിച്ചു പിന്നീട് ഓർക്കാൻ കഴിയില്ലെങ്കിലും ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ ഗർഭിണികളെ കാണുമ്പോവ് ആദ്യത്തെ വീട് എനിക്കോർമ വരും. വീർത്ത വയർ തൊട്ടു ഞാൻ മനസ്സിൽ പറയും: ഇതാ പൾസുള്ള ഒരു വീട്.'

കഥകൾക്കും കഥാപാത്രങ്ങളൾക്കും പാർക്കാനുള്ള ഒരു കൂടായിട്ടാണു പുനത്തിൽ തന്റെ ശരീരത്തെ സങ്കൽപിച്ചത്. കൂടു ജീർണിച്ചാലും കഥയുടെ പ്രാണൻ മിടിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ഒരിക്കൽ പുനത്തിൽ എഴുതി- ‘എനിക്ക് 74 വയസ്സായി. ഇപ്പോൾ ഭാവിയെക്കുറിച്ച് ഞാൻ ഒരു ആഗ്രഹം സൂക്ഷിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹം. കോഴിക്കോട് ബീച്ചിൽ സീ ക്വീനു മുന്നിലെ കടലിലേക്കു മെല്ലെയങ്ങു നടന്നുപോകണം എന്നാണ്. കുറേ നടക്കുമ്പോൾ തിര വലിച്ചുകൊണ്ടുപോകും..... '


Summary: സംസാരം പോലെ അനായാസസുന്ദരമാണ്​ പുനത്തിലിന്റെ ആഖ്യാനവും. ദുഃഖം കോടമഞ്ഞ് പോലെ അതിൽ പരന്നുകിടന്നു. വലിയ ജീവിതസങ്കീർണതകളെയും ദുരന്തങ്ങളെയും എഴുതുമ്പോഴും പക്ഷേ നർമം ഓരോ അണുവിലും പ്രകാശിച്ചുനിന്നു. ആധുനികതയുടെ ചില നാട്യങ്ങളെ പരിഹസിക്കുമ്പോഴും അതിന്റെ മുഖ്യസവിശേഷതകൾ പിന്തുടർന്നു. അന്തരീഷ നിർമിതിയുടെ കാര്യത്തിൽ പുനത്തിലിന് അപാരമായ സിദ്ധികളുണ്ടായിരുന്നു.


Comments