ഒന്നല്ല, പലതരം പുനത്തിലുകൾ

മരണം തന്നെ അപഹരിക്കില്ലായെന്നും മരണം അനിവാര്യമായി തോന്നിയാൽ അങ്ങോട്ടു നടന്നടുക്കുമെന്നും കുഞ്ഞിക്ക പറയാറുണ്ടായിരുന്നു. കടലിനെ വാനോളം സ്‌നേഹിച്ചതുകൊണ്ടാണ് ഭയലേശമില്ലാതെ കടലിലേയ്ക്ക് നടന്നിറങ്ങി അഗാധങ്ങളിലേക്ക് ഊളിയിട്ടു അപ്രത്യക്ഷ്യനാകുവാനായിരുന്നു ആ അമാനുഷന്റെ മോഹം. അതിനൊരു സന്ദർഭം കിട്ടാത്തതാകാം അദ്ദേഹം ജൈനരീതി സ്വീകരിച്ചത്. ഭൗതികാവശിഷ്ടം ഭസ്മമാക്കുവാൻ പുനത്തിൽ ആഗ്രഹിച്ചത് നടപ്പാക്കാത്തത് ആ പുണ്യാത്മാവിനോട് ചെയ്ത ഏറ്റവും ക്രൂരമായ അനീതി.

യനാട്ടിൽ എൻ.ആർ.എച്ച്.എം കോൺട്രാക്ടിൽ ഗ്രാമീണ ഡോക്ടറായിരിക്കുമ്പോഴാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി ഞാൻ പരിചയം പുതുക്കുന്നത്. വടകരയിൽ വർഷങ്ങളോളം സ്തുത്യർഹമായി ഫാമിലി പ്രാക്ടീസ് നടത്തിയ ശേഷം കാശ്മീരിൽനിന്ന് മെഡിക്കൽ ബിരുദം നേടിയ അസൻകോയയുടെ ഫറൂക്കിലുള്ള ആശുപത്രിയിൽ ഡോക്ടറായി അദ്ദേഹം എത്തി. അവർ തമ്മിലും അലിഗഢ്ബന്ധം ഉണ്ടായിരുന്നു. കോയ അലിഗഢിൽ പ്രീ യൂണിവേഴ്‌സിറ്റി പഠിത്തം കഴിഞ്ഞാണ് ശ്രീനഗർ മെഡിക്കൽ കോളേജിലെത്തിയത്. അവർ ഒരുമിച്ചാണ് സൗദി അറേബ്യയിലെ ദമാമിൽ മെഡിക്കൽ ക്ലിനിക്ക് തുടങ്ങിയത്.

പുനത്തിലിന്റെ സൗദി അറേബ്യൻ അനുഭവങ്ങളിൽ നിന്ന് പിറന്നുവീണതാണല്ലോ കന്യാവനങ്ങൾ. പുനത്തിൽ കൃതികളിൽ വേറിട്ടു നിൽക്കുന്ന രചനാവൈഭവം പ്രകടമാക്കിയ ഈ മനോഹര നോവൽ അദ്ദേഹത്തിന് പ്രശസ്തിയെക്കാൾ മനോവ്യഥയാണ് വരുത്തിക്കൂട്ടിയത്. സൗദിയിൽ അനഭിമതനായി എന്നു മാത്രമല്ല, നോവലിൽ പൈറസി ആരോപിക്കപ്പെട്ടു. പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് ഗദ്യമെഴുതുവാൻ മോഷണം പോയിട്ട് മറ്റൊരാളുടെ സഹായംപോലും ആവശ്യമില്ലായെന്നറിയാവുന്ന ജനലക്ഷങ്ങൾ ആരോപണങ്ങൾ വേറൊരു പുനത്തിൽ തമാശയായി മാത്രം കരുതി. സംഘടിതമായൊരു വ്യക്തിഹത്യയായിരുന്നു ഇതെന്നറിയാമായിരുന്നിട്ടും അതിലെ പങ്കാളികളോട് പക പോയിട്ട് പരിഭവംപോലും അദ്ദേഹം പ്രകടിപ്പിച്ചില്ല എന്നതാണ് ആ വ്യക്തിത്വത്തിന്റെ മഹാത്മ്യം.

വർഷം ഏതെന്ന് കൃത്യമായി ഓർമ്മയില്ല, 1990കളുടെ അവസാനം ഒരു പുതുവർഷപ്പുലരിയിൽ ഞാനും പുനത്തിലുമായി അദ്ദേഹത്തിന്റെ വടകരയിലെ വീട്ടിൽ ഒത്തുകൂടി. അടിയന്തരമായി എന്നെ കാണണമെന്നറിയിച്ചതിൽ ആകാംക്ഷയോടെയാണ് ഞാനെത്തിയത് ആണ്ടുപിറവി ആയതിനാൽ പതിവുപോലുള്ള ജലസേചനവൃന്ദം എത്തിക്കാണുമെന്ന് ധരിച്ചു. പക്ഷേ ആരും ഉണ്ടായിരുന്നില്ല. പുനത്തിൽ രണ്ടുകുപ്പികളുമായി എന്നെ കാത്തിരിപ്പാണ്, പാസ്‌പോർട്ട് സ്‌കോച്ച് എനിക്കും നെപ്പോളിയൻ ബ്രാൻഡ് അദ്ദേഹത്തിനും.

പതിവിനു വിപരീതമായി സ്വന്തം വ്യഥകൾ അദ്ദേഹം പങ്കിട്ടു. കുടുംബ ബന്ധങ്ങളുടെ ചരടഴിയുന്നു, വടകരയിൽ ഐ.പി. സൗകര്യങ്ങളോടെ തുടങ്ങിയ ആശുപത്രി രാഷ്ട്രീയ ഇടപെടലുകളാൽ പൂട്ടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു, പണത്തിന്റെ കാര്യം വരുമ്പോൾ ഉറ്റസുഹൃത്തുക്കളെന്നു കരുതുന്നവരും ചതിയന്മാരാകുന്നു, ഇതൊക്കെ അശ്ലീലച്ചുവയുള്ള നർമ്മത്തിൽ പൊതിഞ്ഞ് വിളമ്പുമ്പോഴും നിരാശ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. കുപ്പികൾ തീരുംവരെയുള്ള മദ്യപാനവും കഴിഞ്ഞ് തണുത്തിരുന്ന ചോറും കറികളും ഭക്ഷിച്ച് കഴിഞ്ഞപ്പോഴത്തേയ്ക്കും നേരം വെളുത്തു. എത്രയോ കാലത്തിനുശേഷമാണ് ഞാൻ ശരിക്കും കുടിച്ചുപൂസാകുന്നത്.

പുനത്തിലിന്റെ വ്യഥകളിൽ എന്റെ മനം വല്ലാതെ നൊന്തു. മലയാള സാഹിത്യത്തിലെ ശരിക്കുമുള്ള ഒരു രാജകുമാരൻ ജീവിതത്തിൽ നിസ്സഹായനായിരിക്കുന്നു എന്ന തോന്നൽ എന്റെ ഉറക്കംകൊടുത്തി. ഞാനദ്ദേഹത്തെ തന്റെ പ്രിയപ്പെട്ട തട്ടകത്തിൽ നിന്ന് അടർത്തിമാറ്റുന്ന കാര്യം ആലോചിച്ചു. ശിഷ്ടജീവിതം എന്നോടൊപ്പം ചെലവഴിക്കാമെന്ന് മദ്യലഹരിയിലാണെങ്കിലും അദ്ദേഹത്തിന്റെ ഉറപ്പുവാങ്ങി. ഒരു പന്തീരാണ്ടു കഴിഞ്ഞപ്പോൾ പുനത്തിലിന്റെ ഉറപ്പ് ഉറപ്പല്ലാതായിത്തീർന്നുവെന്നതും ആ സങ്കീർണവ്യക്തിപ്രഭാവത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്.

എന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ഇന്ത്യാഹോസ്പിറ്റലിൽ റസിഡന്റ് മെഡിക്കൽ ഓഫീസറായി പുനത്തിൽ കുഞ്ഞബ്ദുള്ള അഞ്ചാറു വർഷം സേവനമനുഷ്ഠിച്ചു. വൃക്കരോഗ ചികിത്സ മുഖ്യമായ ആശുപത്രിയുടെ തലവി എന്റെ ഭാര്യ സരോജയാണ്. അമേരിക്കയിലെ പ്രസിദ്ധമായ കൊളംബിയാ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണവൾ നെഫ്രോളജിയിൽ ബിരുദാനന്തര ബിരുദം നേടിയത്. ഡയാലിസിസ്സിന്റെ ബാലപാഠങ്ങൾ സരോജയിൽ നിന്ന് പഠിച്ചെടുക്കുവാൻ പുനത്തിൽ കാണിച്ച താത്പര്യം അവളിൽ കൗതുകമുണർത്തി.

മലയാളം വായിക്കാനറിയാത്ത സരോജക്ക് പുനത്തിലിന്റെ സാഹിത്യലോകം അപരിചിതമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ രോഗികളോടുള്ള ഭിഷഗ്വര സമീപനം അവളെ അദ്ദേഹത്തിന്റെ ആരാധികയാക്കി മാറ്റി. പുനത്തിൽ കുഞ്ഞബ്ദുള്ള അവൾക്ക് പ്രിയപ്പെട്ട കുഞ്ഞിക്കയായി. അവൾ അദ്ദേഹത്തിന് സരോജ അക്കയും. ക്രിട്ടിക്കൽ കെയർ രോഗികൾ തലസ്ഥാനത്ത് അവസാന അത്താണിയായികാണുന്ന ഇന്ത്യാഹോസ്പിറ്റലിൽ മരണം നിത്യസംഭവമാണ്. മരണമുഖങ്ങൾ ഡോക്ടർ കുഞ്ഞബ്ദുള്ളയ്ക്ക് ഹരം പകരുന്നതായി സരോജയ്ക്ക് തോന്നിയിട്ടുണ്ട്.

കഥകളിൽ മരണരംഗങ്ങൾ ചാരുതയോടെ എഴുതി ഫലിപ്പിച്ച അദ്ദേഹത്തിന് മരണഭയം തൊട്ടുതീണ്ടിയിട്ടില്ലായെന്നു കരുതണം. കുഞ്ഞിക്കയുടെ സേവനം ഉണ്ടായിരുന്നകാലത്ത് അത്യാസന്ന രോഗികൾ ഉണ്ടായിട്ടും ദിവസങ്ങളോളം ആശുപത്രി വിട്ടു നിൽക്കുവാൻ സരോജയ്ക്ക് ഭയമില്ലായിരുന്നു. ശംഖുമുഖത്തുള്ള ഞങ്ങളുടെ വിശാലമായ ബീച്ച ഹൗസ് അദ്ദേഹത്തിന് പ്രിയപ്പെട്ട വസതിയായി.

മകളുടെ വിവാഹം സംബന്ധിച്ച് ഞങ്ങൾ അങ്ങോട്ട് താമസം മാറ്റിയത് കുഞ്ഞിക്കയെ തിരുവനന്തപുരം വിടാനുള്ള തീരുമാനത്തിലെത്തിച്ചു.
പുനത്തിലുമായുള്ള വിദേശയാത്രകളാണ് മരിക്കാത്ത സ്മരണകളായി നിലനിൽക്കുന്നത്. ഏകനായുള്ള യാത്രയാണ് എനിക്കേറ്റവും പ്രിയം.

കൊളംബിയയിലെ അരകത്താക്ക എന്ന ഓണംകേറാമൂലയിൽ ഗാർസിയ മാർകേസിന്റെ ജന്മവീട് തേടി എത്തിയതും ക്യൂബയിൽ കാസ്‌ട്രോയുടെ വിപ്ലവാവശിഷ്ടങ്ങൾ തെരയും മുമ്പേ ഹെമിംഗ്വേയുടെ എഴുത്തുമുറി കാണാനെത്തിയതുമൊക്കെ ഏകനായിട്ടായിരുന്നു. ഹൃദയമിടിപ്പിൽ സംശയം തോന്നിയപ്പോൾ യാത്രക്ക് കൂട്ട് നിർബന്ധമാക്കിയത് ഭിഷഗ്വരയായ സഹധർമ്മിണി തന്നെ. ആദ്യകാല ലാറ്റിനമേരിക്കൻ യാത്രകളിൽ ഡോ. ജോസഫ് പോൾസൺ എന്ന നർമത്തിന്റെ അവതാരമായ ഉറ്റ സുഹൃത്ത് കൂട്ടിനുണ്ടായിരുന്നു.

പ്രവാസവാസം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയ ശേഷമുള്ള യാത്രകളിലൊക്കെ പുനത്തിലായിരുന്നു സഹയാത്രികൻ. പുനത്തിലിന്റെ സ്വർഗ്ഗാരോഹണ ശേഷം ചൈനയിലും റഷ്യയിലുമൊക്കെ പോകുവാൻ സക്കറിയ കൂട്ടിനുണ്ടായി എന്നത് യാദൃശ്ചികമല്ല. അക്ഷരങ്ങളെ ദൈവങ്ങളായിക്കാണുന്ന മാനസിക വിഭ്രാന്തി അക്ഷരതൊഴിലാളികളുമായി പറ്റി നടക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു.
പുനത്തിലുമായി അര ഡസനോളം ഗൾഫുയാത്രകൾ നടത്തിയിട്ടുണ്ട്. അബുദാബിയിലുള്ള അദ്ദേഹത്തിന്റെ അലിഗർ പുത്രൻ ആസാദിന്റെ അപ്പാർട്ടുമെന്റ് എനിക്ക് സത്രമായിരുന്നു, പുനത്തിൽ കൂടെയില്ലായെങ്കിലും.

ആസാദിന്റെ അമ്മായിഅച്ഛൻ സരസനായ ഹനീഫ മാത്രമാണിപ്പോൾ പുനത്തിൽ കുടുംബത്തിലെ വിവരങ്ങളറിയുവാനുള്ള എന്റെ ഏക ആശ്രയം.
പുനത്തിലിനെ ഗൾഫ് മലയാളികൾ ഹൃത്തിലേറ്റിയത് തെളിവുകളായി എത്രയോ സംഭവങ്ങൾ നിരത്താനുണ്ട്. അതിലൊക്കെ സാക്ഷിയായി നിൽക്കുവാൻ എനിക്കു കിട്ടിയ യോഗം മുല്ലപ്പൂവിനാൽ വാഴനാരിനും മോക്ഷം എന്ന ചൊല്ലുപോലെ ആയി.

മ്യാൻമാറിൽ തന്റെ പൂർവികരെത്തേടിയുളള പുനത്തിൽ യാത്ര സംഭവബഹുലമായിരുന്നു. ഗൈഡായി എത്തിയ തിരിയെന്ന പെൺകൊടിയുടെ ഗാർഹിക പ്രശ്‌നങ്ങളിലായി കുഞ്ഞിക്കയ്ക്ക് കൂടുതൽ ശ്രദ്ധ. പൂർവികരെയൊന്നും കണ്ടെത്താതെ തിരികെ വന്നതിലും പുനത്തിലിന് കുണ്ഠിതമുണ്ടായില്ല. മ്യാന്മറിലാണ് മദ്യത്തിന് ഏറ്റവും കുറഞ്ഞ വിലയെന്നത് മാത്രം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ അവസാന ചക്രവർത്തി ബഹദൂർഷായുടെ ഖബർ സന്ദർശിക്കുമ്പോഴും ഐരാവതി നദിയിലൂടെ ബോട്ടുയാത്ര ചെയ്തപ്പോഴും പതിവിന് വിപരീതമായി പൂനത്തിൽ ഏറെനേരം മൗനി ആയിരുന്നതായി ഓർക്കുന്നു.

പുനത്തിലുമൊത്തുണ്ടായിരുന്ന ഇറാൻ സന്ദർശനമാണ് അവിസ്മരണീയം. ആ നാടിന്റെ ആത്മീയ പൈതൃകം അപ്പാടെ ഒപ്പിയെടുത്ത മനസ്സുണ്ടായിരുന്നു പുനത്തിലിന്. ഇസ്‌ലാമിന്റെ ഏറ്റവും ശ്രേഷ്ഠ വിഭാഗമൊന്നു ഞാൻ കരുതുന്ന സൂഫിസത്തിന്റെ ഈറ്റില്ലമാണ് ഇറാൻ. സൂഫി പരിവേഷം അറിഞ്ഞോ അറിയാതെയോ അണിഞ്ഞിരുന്ന പുനത്തിൽ ഇറാനിൽ തന്റെ സ്വത്വം കണ്ടെത്തിയതായിരിക്കുമോ?

മരണം തന്നെ അപഹരിക്കില്ലായെന്നും മരണം അനിവാര്യമായി തോന്നിയാൽ അങ്ങോട്ടു നടന്നടുക്കുമെന്നും കുഞ്ഞിക്ക പറയാറുണ്ടായിരുന്നു. കടലിനെ വാനോളം സ്‌നേഹിച്ചതുകൊണ്ട് ഭയലേശമില്ലാതെ കടലിലേയ്ക്ക് നടന്നിറങ്ങി അഗാധങ്ങളിലേക്ക് ഊളിയിട്ടു അപ്രത്യക്ഷ്യനാകുവാനായിരുന്നു ആ അമാനുഷന്റെ മോഹം. അതിനൊരു സന്ദർഭം കിട്ടാത്തതാകാം, അദ്ദേഹം ജൈനരീതി സ്വീകരിച്ചത്. ഭൗതികാവശിഷ്ടം ഭസ്മമാക്കുവാൻ പുനത്തിൽ ആഗ്രഹിച്ചത് നടപ്പാക്കാത്തത് ആ പുണ്യാത്മാവിനോട് ചെയ്ത ഏറ്റവും ക്രൂരമായ അനീതി.


Summary: മരണം തന്നെ അപഹരിക്കില്ലായെന്നും മരണം അനിവാര്യമായി തോന്നിയാൽ അങ്ങോട്ടു നടന്നടുക്കുമെന്നും കുഞ്ഞിക്ക പറയാറുണ്ടായിരുന്നു. കടലിനെ വാനോളം സ്‌നേഹിച്ചതുകൊണ്ടാണ് ഭയലേശമില്ലാതെ കടലിലേയ്ക്ക് നടന്നിറങ്ങി അഗാധങ്ങളിലേക്ക് ഊളിയിട്ടു അപ്രത്യക്ഷ്യനാകുവാനായിരുന്നു ആ അമാനുഷന്റെ മോഹം. അതിനൊരു സന്ദർഭം കിട്ടാത്തതാകാം അദ്ദേഹം ജൈനരീതി സ്വീകരിച്ചത്. ഭൗതികാവശിഷ്ടം ഭസ്മമാക്കുവാൻ പുനത്തിൽ ആഗ്രഹിച്ചത് നടപ്പാക്കാത്തത് ആ പുണ്യാത്മാവിനോട് ചെയ്ത ഏറ്റവും ക്രൂരമായ അനീതി.


Comments