Photo: Wikimedia Commons

അന്നുരാത്രി ഞാൻ ഓമന ടീച്ചറെ പേടിസ്വപ്നം കണ്ടു

ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികളെ ' തങ്ങൾ സൂക്ഷ്മതയോടെ കയ്യിൽ കൊണ്ടു നടക്കേണ്ടുന്ന സ്ഫടിക വസ്തുക്ക'ളായാണ് ബഹുഭൂരിഭാഗം അധ്യാപകരും കണക്കാക്കുന്നതെന്ന് എന്റെ അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

ങ്കണവാടീടെ മുറ്റം നിറയെ മാങ്ങാനാറിച്ചെടികളായിരുന്നു.
അവയുടെ മഞ്ഞ നിറത്തിലുള്ള പൂക്കളെ മൂക്കിൻ തുമ്പിലേക്കടുപ്പിക്കുമ്പോൾ ഉള്ളിലൊരു മാമ്പഴക്കാലം തികട്ടും. ഓറഞ്ച് നിറത്തിലുള്ള വലിയ സൂര്യകാന്തി പൂക്കൾ...ഇന്നുവരേക്കും എനിക്കാരും പേരു പറഞ്ഞു തന്നിട്ടേയില്ലാത്ത, ചുവന്ന ബദാം കായ്കൾ പോലെ എന്തോ. ചെറിയ തണ്ടിനു ഇരുവശത്തേക്കും ഞാന്നു കിടക്കുന്ന തരം പൂക്കളുള്ള ചെടികൾ.. വാഴയില കണക്കെ നീളമുള്ള അതിന്റെ ഇലകളിലാണ് ടീച്ചർമാർ ഞങ്ങൾക്ക് അമ്പലത്തീന്ന് ബാക്കി കിട്ടുന്ന പായസം വീതം വച്ചു തരിക. ഞങ്ങൾ കുട്ടികൾ ദേഹത്തോ ഉടുപ്പിലോ പായസം പറ്റിക്കാതെ വാഴയിലയിൽ നിന്നു തന്നെ നക്കി നക്കി പായസം കഴിക്കും. പായസം പെട്ടന്ന് തീർന്നു പോയെന്നു തോന്നും!

കുട്ടികളും പൂക്കളും ഇഴചേർന്നു കഴിഞ്ഞിരുന്ന അങ്കണവാടിയായിരുന്നു അത്. എന്നിട്ടും എനിക്കങ്കണവാടീൽ പോകാൻ ഇഷ്ടമില്ലായിരുന്നു.
ഇല്ലാത്ത തലവേദനയേയും പല്ലുവേദനയേയും വയറുവേദനയേയും ആവാഹിച്ചു വിളിച്ചു വരുത്തി ഞാൻ അങ്കനവാടിക്കടുത്തുള്ള ഞങ്ങളുടെ കുഞ്ഞു വാടകവീടിനുള്ളിൽ ചടഞ്ഞിരിക്കും. ദിവസങ്ങൾ... ആഴ്​ചകൾ... അങ്ങനെ വീട്ടിലിരുപ്പ് തുടർന്നാലും എനിക്ക് മടുക്കാറേയില്ലായിരുന്നു. തൊടിയിൽ കളിക്കുമ്പോൾ കണക്കെടുപ്പിനോ മറ്റോ അങ്കവാടീലെ ലക്ഷ്മിക്കുട്ടി ടീച്ചറും ഓമന ടീച്ചറും വീടിനു മുൻവശത്തെ പാതയിലൂടെ വരുന്നതു കണ്ണിൽപ്പെട്ടാൽ ഞാനോടിച്ചെന്ന് ഏതെങ്കിലും മൂലയിലൊളിക്കും.
‘അവൾക്ക് പനിയാ ടീച്ചറേ... ' അമ്മ ചിരിച്ചു കൊണ്ട് പറയും.
‘അവൾക്കിടക്കിടെ പനി വരുന്നുണ്ടല്ലോ..! ഏതേലും നല്ല ഡോക്ടറെ കാണിച്ചോണ്ടൂ.'
ടീച്ചർമാർ അതേ ചിരി പാസാക്കും.

Photo: flickr
Photo: flickr

അവർ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം സാവധാനം പ്രത്യക്ഷപ്പെടുന്ന എന്നെ പിടിച്ചു നിർത്തി അമ്മ ആരായും;‘ഇന്ന് നിനക്കെന്ത്ന്ത് വേദനയാ? ഉണ്ണിമോളേ കണ്ടുപഠിക്ക്.. നിന്നേക്കാൾ ഇളേതല്ലേ അവള് ...., അവൾക്ക് ഈ മടി വല്ലോമുണ്ടോ! കുട്ട്യോളായാൽ അങ്ങനെയാ വേണ്ടേ....'
ശരിയായിരുന്നു. ഉണ്ണിമോൾ അത്രീം ഉത്സാഹത്തോടെയാണ് അങ്കണവാടീൽ പോയി വന്നുകൊണ്ടിരുന്നത്. അവൾക്ക് തുണയാവാനെന്നും പറഞ്ഞാണ് ഇഷ്ടമേയില്ലായിരുന്നിട്ടും രണ്ടാം കൊല്ലവും എന്നെ അതേ അങ്കണവാടി കെട്ടിടത്തിലേക്ക് പറഞ്ഞുവിട്ടത്. രണ്ട് ഊഞ്ഞാലേ അങ്കണവാടി മുറ്റത്ത് തൂക്കിയിരുന്നുള്ളൂ. കൂടെയുള്ളവരോട് വക്കാണം കൂടി തള്ളിമാറ്റി, അതിലൊരു ഊഞ്ഞാലിൽ കയറികൂടണമെന്നും ഇരുന്നും നിന്നും കണ്ണടച്ചും പാട്ടുപാടിയും അതിന്മേൽ പറക്കണമെന്നും കൊതി തോന്നാറുണ്ടായിരുന്നെങ്കിലും ഞാനതിന് മുതിർന്നിട്ടേയില്ല. പോരുമ്പോൾ വീട്ടിൽ നിന്ന്​ തൂക്കുപാത്രത്തിലാക്കി കൊണ്ടുവരുന്ന പാൽചായ ഉച്ചയോടടുക്കുമ്പോൾ എല്ലാവരേയും പോലെ പാടമാറ്റി ഊതിക്കുടിക്കാൻ എനിക്ക് രസം തോന്നിയിരുന്നില്ല. എല്ലാരും കൂടി ഉച്ചക്ക് വരാന്തയിൽ ചമ്രം പടിഞ്ഞിരുന്ന് കഴിക്കുന്ന കഞ്ഞീം പയറും എനിക്കേറ്റവും ഇഷ്ടമില്ലാത്ത ഭക്ഷണമായിരുന്നു. ആവശ്യത്തിലധികം വെന്ത് കഞ്ഞീം പയറും കൂടി കുഴഞ്ഞ് പായസപ്പരുവമായ ഉച്ചഭക്ഷണം കഴിക്കുമ്പോൾ എനിക്ക് ചിലപ്പോഴെങ്കിലും ഓക്കാനം വന്നിട്ടുണ്ട്.

ടീച്ചർക്ക് എന്റെ കരച്ചിലിന്റെ ഒച്ച കൂടുന്നതൊരു പ്രശ്‌നമേയല്ലായിരുന്നു. വാശികാണിക്കാനെന്നോണം അവർ ഉണ്ണിയെ ഉമ്മകൾ കൊണ്ട് പൊതിയുകയും അവളെ ഇക്കിളി കൂട്ടി ചിരിപ്പിക്കുകയും ചെയ്യും.

കഞ്ഞിക്കിണ്ണത്തിൽ വിരലോടിച്ചു കൊണ്ടിരിക്കുമ്പോൾ ‘ഇങ്ങനാന്നോ പിള്ളേര് ചോറ് തിന്നാ? നെന്റെ താഴെയുള്ളേതിനെ നോക്ക്. വായ നെറച്ചും ചോറ് തിരുകി പോക്കി കഴിക്കണം!' എന്ന് ഞങ്ങൾക്ക് ചോറും ഉപ്പുമാവും വച്ചു തരാറുള്ള, അപ്പിയിട്ടാൽ ഞങ്ങളുടെ ചന്തി കഴുകിച്ചു തരാറുള്ള, എപ്പോഴുമെന്നെ ചീത്ത പറയാറുള്ള ഓമന ടീച്ചർ കയർക്കും. അമ്മ പറയും, അവര് ടീച്ചറല്ല, ആയയാണെന്ന്. എന്നിരുന്നാലും എല്ലാ കുട്ടികളും അവരെ ‘ഓമനടീച്ചറേ...' എന്നാണ് വിളിച്ചിരുന്നത്. സ്വാഭാവികമായും ഞാനും ഉണ്ണിമോളും അങ്ങനെ തന്നെ വിളിച്ചു. ഓമന ടീച്ചർക്ക് ഇരുനിറമായിരുന്നു. തടിച്ച ശരീരവും പുറകിലേക്ക് മടഞ്ഞിട്ട കോലൻ മുടിയുമായിരുന്നു. അധികവും കടും കളറുള്ള സാരികളാണ് ഉടുത്തു കൊണ്ടിരുന്നത്. അവരുടുക്കാറുണ്ടായിരുന്ന കടലിന്റെ നിറമുള്ള ഒഴുക്കനെയുള്ള ഒരു സാരി മാത്രം ഇന്നുമെന്റെ ഓർമയിൽ തടഞ്ഞുനിൽക്കുന്നു. അവർ വല്ലപ്പോഴുമേ ചിരിക്കുമായിരുന്നുള്ളു. അക്കാലത്ത് ഞാൻ കണ്ട ഏതൊക്കെയോ സിനിമകളിലെ വില്ലത്തികളെ പോലെ മുഖം കൂർപ്പിച്ചു പിടിച്ചാണ് അവർ നടന്നിരുന്നത്. ലക്ഷ്മിക്കുട്ടി ടീച്ചറേക്കാളും എനിക്ക് പേടി ഓമന ടീച്ചറെയായിരുന്നു. അവരാണ് എന്നെ പോക്കി പോക്കി ചോറുണ്ണാനും തണുത്ത ചായയിലെ കറുത്ത പാട ഊതി മാറ്റാനും മൂത്രം പിടിച്ചുവക്കാനും പഠിപ്പിച്ചത്.!

ഉച്ചക്ക് കിടന്നുറങ്ങാൻ കഴിയാത്ത പെങ്കുട്ടിയായിരുന്നു ഞാൻ. ഉച്ചഭക്ഷണം കഴിച്ചാൽ ഒരു മണിക്കൂറെങ്കിലും ഉറങ്ങിക്കൊള്ളണം എന്ന് ചിട്ടയുണ്ടായിന്നു അങ്കൻവാടിയിൽ. കുട്ടികളെല്ലാം ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ടീച്ചർമാർ രണ്ടാളും മയങ്ങാൻ കിടക്കും. ഉറക്കമില്ലാതെ തിരിഞ്ഞും മറഞ്ഞും കിടന്നിരുന്ന ഞാൻ അവരുടെ സ്വസ്ഥമായ മയക്കത്തിന് നിരന്തരം തൊന്തരവുണ്ടാക്കി. ‘കിടന്നുകൊള്ളണം' എന്ന അവരുടെ നിർബന്ധത്തിന് വഴങ്ങി ചുമരിനോട് ചേർന്ന് കിടന്നു കൊണ്ട്, ഉറക്കമില്ലാത്ത ഞാൻ നിലത്തെ ചോണനുറുമ്പുകളെ എണ്ണുകയോ പെയ്ന്റടർന്ന ഭിത്തിയിൽ വിരലുകൊണ്ട് ചിത്രം വരക്കുകയോ ചെയ്തു പോന്നു. വരച്ച് വരച്ച് ചിത്രം പൂർത്തിയാക്കുമ്പൊഴേക്കും പൊടുന്നനെ കിട്ടിയ അടിയിൽ ഞാൻ പുളഞ്ഞു. അടി കിട്ടുന്നതോടെ വായ പൊത്തിപ്പിടിച്ച് , നിറഞ്ഞു തുടങ്ങുന്ന കണ്ണുകളിറുക്കിയടച്ച് ഉറങ്ങാനായി ഞാൻ കഠിനശ്രമം നടത്തും. പിന്നെയും പരാജയപ്പെടും. ഞാനുറങ്ങിയെന്ന് കരുതി ടീച്ചർമാർ മയക്കത്തിലേക്കാഴ്ന്നിറങ്ങിയിട്ടുണ്ടാകും. തുടയിൽ തിണർത്തുപൊന്തിയ നാല് ഈർക്കിൾ വരകളെ തഴുകിതലോടി കൊണ്ട് ഞാൻ ഉറുമ്പുകളെയെണ്ണൽ പുനഃരാരംഭിക്കും.

ഉണ്ണിമോൾടെ താഴെയുള്ള എന്റെ അനിയത്തി ‘ഉണ്ണി'ക്ക് രണ്ട് വയസ്സ് തികയുന്നതേയുണ്ടായിരുന്നുള്ളൂ. എത്ര അപരിചിതരായ മനുഷ്യരേയും നോക്കി കിലുങ്ങി ചിരിക്കുന്ന, ആര് കൈനീട്ടിയാലും അവരുടെ ദേഹത്തേക്ക് ചാഞ്ഞ് കയറുന്ന വാശിക്കാരിയല്ലാത്ത കുഞ്ഞായിരുന്നു അവൾ. അവളോടെനിക്ക് അതിഭീകരമായ ഇഷ്ടമുണ്ടായിരുന്നു എന്നതുകൊണ്ടു തന്നെ ഞാനോ ഉണ്ണിമോളോ അമ്മയോ അച്ഛനോ അല്ലാതെ മറ്റാരെങ്കിലും അവളെ വല്ലാതെ കൊഞ്ചിക്കുന്നതോ കളിപ്പിക്കുന്നതോ പോലും എനിക്കെതിർപ്പുള്ള കാര്യമായിരുന്നു. അത് ഓമന ടീച്ചർക്കും മനസിലായിരുന്നിരിക്കണം. അവർ ഇടക്കിടെ വീട്ടിലേക്ക് പോയി ഉണ്ണിയെ എടുത്തു കൊണ്ടുവരും. എന്റെ മുന്നിൽ വച്ച് അവളെ ഒത്തിരി കളിപ്പിക്കും. അവളുടെ കുഞ്ഞു മുഖത്താകെ തുപ്പലു പറ്റിച്ച് ഉമ്മ വക്കും. അവൾക്ക് ഉടച്ച ചോറ് വാരിക്കൊടുക്കും. അപ്പോഴേക്കും എനിക്കുള്ളിലെ അണക്കെട്ട് പൊട്ടിയൊലിച്ചിട്ടുണ്ടാകും. ടീച്ചർക്ക് എന്റെ കരച്ചിലിന്റെ ഒച്ച കൂടുന്നതൊരു പ്രശ്‌നമേയല്ലായിരുന്നു. വാശികാണിക്കാനെന്നോണം അവർ ഉണ്ണിയെ ഉമ്മകൾ കൊണ്ട് പൊതിയുകയും അവളെ ഇക്കിളി കൂട്ടി ചിരിപ്പിക്കുകയും ചെയ്യും.
അക്കാലത്തെ എന്റെ പല്ലുകളൊക്കെയും പുഴുപ്പല്ലുകളായിരുന്നു. പുഴുപ്പല്ലുകളെ ഗൗനിക്കാതെയാണ് ഞാൻ വർത്തമാനം പറഞ്ഞിരുന്നത്. വായ തുറന്ന് ചിരിച്ചിരുന്നത്.

ഒന്നാം ക്ലാസ്സിലെ ജനലിലൂടെ, അഞ്ചാം ക്ലാസ്സിലെ കണക്ക് മാഷ് ഒരു ചേച്ചിയുടെ യൂണിഫോം പാവാട വലിച്ചു പിടിച്ച് ആ ചേച്ചിയുടെ കാൽമുട്ടിനു താഴേക്ക് ചൂരലുകൊണ്ടാഞ്ഞടിക്കുന്നത് കണ്ടതു മുതൽ കുട്ടികളെ ഉപദ്രവിക്കുന്ന അധ്യാപകരോട് എനിക്ക് ഭയവും ദേഷ്യവുമാണ്.

അങ്ങനെയൊരു ചിരിയിൽ ഓമന ടീച്ചർ എന്നെ അടുത്തേക്കു വിളിക്കുകയും സ്വകാര്യമായി എന്നോടിങ്ങനെ പറഞ്ഞു വക്കുകയും ചെയ്തു;‘നെറയെ മുഠായി തിന്നാ ദേണ്ടേ ഇത് പോലെ തൊള്ള നെറച്ചും പുഴുപ്പല്ലുകളാകും. പുഴുപ്പല്ലൊള്ളോര് ചിരിക്കണത് തന്നെ വൃത്തികേടാ.... സ്‌കൂളിചേർന്നാ നെന്നെയാരും കൂടെ കൂട്ടത്തില്ല!'
ടീച്ചറങ്ങനെ പറഞ്ഞതിനു ശേഷം അറിയാതെയാണെങ്കിൽ പോലും, ചിരിക്കുമ്പോൾ എന്റെ വലത്തേ കൈ വായോട് ചേർന്ന് എന്റെ പുഴുപ്പല്ലിനെ മറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സ്‌കൂളിചേരാനൊരുങ്ങിയപ്പൊഴും ആർക്കും കൂടെ കൂട്ടാൻ ഇഷ്ടമല്ലാത്തൊരു കുട്ടിയായിരിക്കുമോ ഞാൻ എന്ന് എനിക്ക് അപകർഷത തോന്നി.

ഇങ്ങനെയൊക്കെയുള്ള ഒരങ്കണവാടിക്കാലം ഓർത്തെടുത്തു തുടങ്ങുമ്പോൾ എനിക്കുള്ളിലെ അഞ്ചു വയസ്സുകാരി വെറുതെയെങ്കിലും കരയാനായുണ്ടോ ! ആദ്യമായി ടീച്ചറേ എന്നു വിളിച്ചവരോട് എനിക്ക് ശരിക്കും സ്‌നേഹമുണ്ടായിരുന്നോ .. ? ബഹുമാനമുണ്ടായിരുന്നോ..?. ആവോ ...!

അവരെ ഞാൻ പേടിച്ചിരുന്നെന്ന് മാത്രം എനിക്കറിയാം. പ്രത്യേകിച്ച് ഓമന ടീച്ചറെ. അവരെ അനുസരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ ഒതുങ്ങിയിരിക്കാൻ അന്നെനിക്ക് എളുപ്പവുമായിരുന്നു.

ഒന്നാം ക്ലാസ്സിൽ ചേരാറായപ്പൊഴേക്കും ഞങ്ങൾ വാടക വീട് വിട്ട് കുറച്ചകലെയുള്ള പണി പൂർത്തിയാക്കിയിട്ടില്ലാത്ത ‘സ്വന്തം വീട്ടിലേക്ക്' താമസം മാറിയിരുന്നു. പിന്നീട് ഓമന ടീച്ചറെ കാണാതിരുന്നെങ്കിലെന്ന് ഞാനാഗ്രഹിച്ചു. വർഷങ്ങളോളം ആ ആഗ്രഹത്തിന് ഭംഗം വരാതിരിക്കുകയും ചെയ്തു.
സ്‌കൂളിലെത്തിയപ്പോൾ, അതുവരേക്കുമുള്ള എന്റെ ‘ടീച്ചർ നിഗമനങ്ങളെ' തിരുത്തി കൊണ്ട് ചില ടീച്ചർമാർ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. അവര് പാട്ടു പാടി തന്നു, പറഞ്ഞു തരുന്ന കഥകളിൽ ചിലപ്പോഴെങ്കിലും എന്നെ നായികയാക്കാൻ തുനിഞ്ഞു. പുലാപ്പറ്റ സെൻട്രൽ യു. പി സ്‌കൂളിലെ സീനത്ത് ടീച്ചറേയും പ്രസന്ന ടീച്ചറേയും പാറുക്കുട്ടി ടീച്ചറേയും ലത ടീച്ചറേയും എൽ.പി തലത്തിൽ ഏറ്റവും ഒടുവിൽ പഠിപ്പിച്ച ഗീത ടീച്ചറേയുമൊക്കെ ഓർക്കുന്നത് മഴ നനയുന്നതു പോലെ കുളിരുള്ളൊരു പരിപാടിയാണ്. ലത ടീച്ചർ കുട്ടികളെ വിളിക്കുന്നതിൽ തന്നെ ഒരു താളമുണ്ട്... ‘പേളൂട്ടീ.... പുണ്യ മണീ... സന്ധ്യ മണീ.. ധീരജൂട്ടാ...' എന്നിങ്ങനെയാണ്. ഇവരോടൊക്കെ സ്‌നേഹം തോന്നിയിരുന്നതിനാൽ ഇവര് പറഞ്ഞുതരുന്നത് പഠിക്കുന്നതും രസമുള്ള കാര്യമായിരുന്നു, ഇഷ്ടവുമായിരുന്നു.

ഞാൻ വരച്ചിരുന്നത് ‘ഭംഗിയുള്ള ചിത്രങ്ങളാണെന്നും' പരീക്ഷ പേപ്പറിൽ ഞാൻ ഉത്തരമായെഴുതിയത് ‘നല്ല കഥകളാണെന്നും' കണ്ടു പിടിക്കപ്പെട്ടത് എൽ. പി ക്ലാസ്സുകളിൽ നിന്നാണ്. യു. പി ക്ലാസ്സിൽ ഗീത ടീച്ചറും സുരേഷ് മാഷും എനിക്ക് ആദ്യമായി ബാലരമയും ബാലഭൂമിയുമല്ലാത്ത പുസ്തകങ്ങൾ വായിക്കാൻ തന്നു. എഴുതികൊണ്ടേയിരിക്കണമെന്ന് ഓർമിപ്പിച്ചു.

കുട്ടികളെ വല്ലാണ്ട് വേദനിപ്പിച്ചു ശിക്ഷണം നൽകുന്ന അധ്യാപകരോട് എനിക്ക് വിയോജിപ്പുണ്ട്. ഒന്നാം ക്ലാസ്സിലെ ജനലിലൂടെ, അഞ്ചാം ക്ലാസ്സിലെ കണക്ക് മാഷ് ഒരു ചേച്ചിയുടെ യൂണിഫോം പാവാട വലിച്ചു പിടിച്ച് ആ ചേച്ചിയുടെ കാൽമുട്ടിനു താഴേക്ക് ചൂരലുകൊണ്ടാഞ്ഞടിക്കുന്നത് കണ്ടതു മുതൽ കുട്ടികളെ ഉപദ്രവിക്കുന്ന അധ്യാപകരോട് എനിക്ക് ഭയവും ദേഷ്യവുമാണ്.

ഓരോ ക്ലാസ്സ് പിന്നിടുമ്പോഴും കണക്കിനോടുള്ള ഇഷ്ടം കുറഞ്ഞു വന്നിരുന്ന എനിക്ക് അഞ്ചാം ക്ലാസ്​ പേടിസ്വപ്​നം തന്നെയായിരുന്നു. കുട്ടികൾക്ക് ‘ടീച്ചർ' മാത്രമായിരിക്കുന്ന അധ്യാപകരേക്കാൾ എനിക്ക് പ്രിയം കുട്ടികൾക്ക് നല്ല കൂട്ടുകാരായിരിക്കുന്ന അധ്യാപരെയാണ്. അന്നും ഇന്നും അതങ്ങനെ തന്നെ. അതു കൊണ്ടാണ് കോളേജ് വിട്ട് ക്ഷീണിച്ച് നടന്നു വരുമ്പോൾ , അഞ്ചാം ക്ലാസ്സിൽ മാത്രം സോഷ്യൽ പഠിപ്പിച്ച ഉഷ ടീച്ചറുടെ വീട്ടിലേക്ക് എന്റെ വീട്ടിലേക്കെന്നപ്പോലെ എനിക്ക് കയറിചെല്ലാനാകുന്നത്. അവിടെച്ചെന്നാൽ എന്റെ വയറു പൊട്ടുന്നതുവരേക്കും ടീച്ചെന്നെ ഊട്ടും. ഞങ്ങൾ വിശേഷങ്ങൾ പങ്കുവക്കും.
സ്‌കൂളിൽ ചേർന്ന് ആറേഴ് വർഷത്തോളവും ഞാൻ ഓമന ടീച്ചറെ കണ്ടതേയില്ല.

അതെന്റെ ഓമന ടീച്ചറാണെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. അവരെന്നോട് കുശലാന്വേഷണം നടത്തി. ഞാൻ കലോത്സവത്തിന് പോയതാണെന്നും കഥയെഴുത്തിൽ സമ്മാനം കിട്ടിയെന്നും പറഞ്ഞപ്പോൾ ടീച്ചറെന്റെ നെറുകിൽ തൊട്ടു

അവരെ ഞാനൊരിക്കലും മറന്നതുമില്ല. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ഞാനവരെ ബസ്സിൽ നിന്ന്​ കണ്ടു. അത് ഓമന ടീച്ചറാണെന്ന് തിരിച്ചറിയാൻ ഞാനല്പം പാടുപെട്ടു. ജില്ലാ കലോത്സവം കഴിഞ്ഞ് തിരിച്ചു വരുന്ന ദിവസമായിരുന്നു അത്. തിരക്കിനിടയിലും ടീച്ചർ ഉന്തിതിക്കി എന്റെ പക്കലേക്കു വന്നു. പഴയ പോലല്ല നന്നേ മെലിഞ്ഞിരുന്നു. വെയിലേറ്റ പോലെ കരിവാളിച്ചിരുന്നു. ‘പുണ്യ മോളേ...' എന്ന വിളിയിൽ എനിക്കതിശയം തോന്നി. ഒപ്പമുണ്ടായിരുന്ന സമയത്തൊന്നും അവരെന്നെ അങ്ങനെ വിളിച്ചിട്ടേയില്ലായിരുന്നു. ഇക്കാലമത്ര കഴിഞ്ഞിട്ടും ടീച്ചറെന്നെ പെട്ടന്ന് തിരിച്ചറിഞ്ഞല്ലോ എന്നതിൽ എനിക്കന്ന് ആശ്ചര്യവും എന്തെന്നില്ലാത്ത സന്തോഷവും അനുഭവപ്പെട്ടു.

​​​​​​​‘എന്നെ ഓർക്കുന്നോ? മോള് ഇപ്പൊ എത്രാം ക്ലാസിലാ? നീളം വച്ചു കേട്ടോ... പണ്ട് ദാണ്ടേ ഇത്രേ ഒണ്ടായിരുന്നുള്ളൂ...' ടീച്ചർ ആദ്യായിട്ട് എന്നോട് സ്‌നേഹത്തോടെ വർത്തമാനം പറഞ്ഞു. എന്തല്ലാമോ ചോദിച്ചു. തിരക്കിനിടയിൽ എന്റെ തലമുടി പതുക്കെ തലോടികൊണ്ട് "നല്ല മുടിയാ കേട്ടോ...' എന്ന് പുഞ്ചിരിച്ചു. അതെന്റെ ഓമന ടീച്ചറാണെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. അവരെന്നോട് കുശലാന്വേഷണം നടത്തി. ഞാൻ കലോത്സവത്തിന് പോയതാണെന്നും കഥയെഴുത്തിൽ സമ്മാനം കിട്ടിയെന്നും പറഞ്ഞപ്പോൾ ടീച്ചറെന്റെ നെറുകിൽ തൊട്ടു;‘മോള് നന്നായി വരത്തേയുള്ളൂ... എനിക്കത് പണ്ടേ അറിയാവായിരുന്നു' എന്ന് പറഞ്ഞപ്പോൾ അവരുടെ ഒച്ചയിടറി. അടുത്ത സ്റ്റോപ്പിൽ ഞാനിറങ്ങുമെന്ന് യാത്ര പറഞ്ഞ് തിരക്കിലൂടെ മുന്നോട്ടു നീങ്ങാനൊരുങ്ങിയപ്പോൾ ടീച്ചറെന്നോട് സ്വകാര്യമെന്നോണം പറഞ്ഞു; ‘പുഴുപ്പല്ലുള്ള കൊച്ചിനെ കാണാനാർന്ന് കൂടുതൽ രസം.'
എനിക്ക് പെട്ടന്ന് ചമ്മല് തോന്നി. പിന്നെ ചിരി പൊട്ടി. ബസീന്ന്​ ഇറങ്ങിയ ശേഷം ഞാൻ ഓമന ടീച്ചർക്ക് റ്റാ റ്റാ പറഞ്ഞു. തിരക്കിനിടയിൽ നിന്ന് ടീച്ചറെന്നെ ഏന്തിവലിഞ്ഞു നോക്കി. ആവേശത്തോടെ കൈവീശി യാത്ര പറഞ്ഞു.

ഹൈസ്‌കൂളിലെത്തിയപ്പോൾ ഉറക്കെ സംസാരിക്കുന്ന, ഉറക്കെ വഴക്കു പറയുമെങ്കിലും ഞങ്ങളെയാരെയും നോവിക്കാൻ മുതിരാത്ത സമീർ സാറോടും ജ്യോതി ടീച്ചറോടുമൊക്കെയായിരുന്നു എനിക്ക് കൂടുതൽ സ്‌നേഹം.അവർ പഠിക്കാൻ സഹായിച്ചതിനാലാവണം ഹിന്ദിയോടും കെമിസ്ട്രിയോടുമൊക്കെ താത്പര്യം തോന്നിയത്. കണക്ക് എന്നെ വട്ടം കറക്കിയിരുന്നെങ്കിലും കണക്ക് ടീച്ചർമാരൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. നാടകം കളിക്കാൻ നീലസാരി കടം തന്ന ലീന ടീച്ചറും ‘നീ കണക്ക് പഠിക്കണ്ട കഥയെഴുതിയാൽ മതി' യെന്ന് പറഞ്ഞ് പാർക്കർ പെൻ സമ്മാനിച്ച ഷീജ ടീച്ചറുമെല്ലാം കണക്കാണ് പഠിപ്പിച്ചിരുന്നത്.

അന്നൊക്കെ ഇത്തരം അസ്വസ്ഥതകൾ മുൻവിധികളൊന്നുമില്ലാതെ പങ്കുവക്കാൻ ഒരാളില്ലാതെ ഞാനെത്രമാത്രം വീർപ്പുമുട്ടി! ഇന്ന് അങ്ങനെയൊരാൾ വേണമെന്ന് പോലും എനിക്കില്ല.

ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികളെ ‘തങ്ങൾ സൂക്ഷ്മതയോടെ കയ്യിൽ കൊണ്ടു നടക്കേണ്ടുന്ന സ്ഫടിക വസ്തുക്ക'ളായാണ് ബഹുഭൂരിഭാഗം അധ്യാപകരും കണക്കാക്കുന്നതെന്ന് എന്റെ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. കൗമാരത്തിന്റെ മൂർച്ചയിലെത്തി നിൽക്കുന്ന കുട്ടികൾ എപ്പോൾ വേണമെങ്കിലും തങ്ങളിൽ നിന്ന് വഴുതിപ്പോകാവുന്നവരാണെന്നും, വഴുതിയാലുടൻ അവർ വീണുടയുമെന്നും അധ്യാപകർ വെറുതെ കരുതുന്നു. അവരുടെ പെരുമാറ്റത്തിൽ അപ്രായത്തിലുള്ള പെൺകുട്ടികൾ കൂടുതൽ ‘കരുതലും ശ്രദ്ധയും' വേണ്ടവരാണ്. പെൺകുട്ടികൾ ക്ലാസ്സിൽ ഉച്ചത്തിൽ ചിരിച്ചാൽ, ആൺകുട്ടികളോട് കുറച്ചധികം വർത്തമാനം പറഞ്ഞാൽ, സ്‌കൂൾ വിട്ടതിനുശേഷം അല്പനേരം സ്‌കൂൾ പരിസരത്തോ മറ്റോ ചെലവഴിച്ചാൽ ഒട്ടധികം അധ്യാപകരും സദാചാര ചൂരലെടുക്കും. തനിക്കിഷ്ടമുള്ളതു പോലെ മുടി മുറിക്കുന്ന, മേക്കപ്പ് ചെയ്യുന്ന, ആൺകുട്ടികളോട് തൊട്ട് നടക്കുന്ന പെൺകുട്ടി എന്തുകൊണ്ടാണ് ഇപ്പോഴും പ്രിൻസിപ്പലിന്റേയും മറ്റ് ടീച്ചേഴ്‌സിന്റേയും നോട്ടപ്പുള്ളിയാകുന്നത്! എന്നെ പഠിപ്പിക്കാൻ ശ്രമിച്ച ജനാധിപത്യബോധമുള്ള ഒന്ന് രണ്ട് അധ്യാപകരിലൊഴികെ ബാക്കിയെല്ലാവരിലും ഈ പ്രവണത കണ്ടിരുന്നു.

Photo: Pixabay
Photo: Pixabay

അടച്ചിട്ട മുറിയിൽ പെൺകുട്ടികളെ മാത്രം പിടിച്ചിരുത്തി അവർ ആർത്തവത്തെക്കുറിച്ച് സംസാരിച്ചു. സ്‌കൂൾ ടൂറ് പോകുന്നതിന് തലേന്ന് പെൺകുട്ടികൾക്ക് മാത്രം അവർ ‘സ്‌പെഷ്യൽ ക്ലാസ്സ് ' എടുത്തു. ഇറുകിയ ലഗ്ഗിൻസും ജീൻസും ഇറക്കമില്ലാത്ത ടോപ്പും പൂർണമായും ഒഴിവാക്കണമെന്ന് പുഞ്ചിരിയോടെ ഉപദേശിച്ചു.

അന്നൊക്കെ ഇത്തരം അസ്വസ്ഥതകൾ മുൻവിധികളൊന്നുമില്ലാതെ പങ്കുവക്കാൻ ഒരാളില്ലാതെ ഞാനെത്രമാത്രം വീർപ്പുമുട്ടി! ഇന്ന് അങ്ങനെയൊരാൾ വേണമെന്ന് പോലും എനിക്കില്ല. ഞാൻ പഠിച്ച അതേ സ്‌കൂളിൽ അതേ ഹയർ സെക്കൻഡറി ബ്ലോക്കിൽ ഇപ്പോൾ ഉണ്ണി പഠിക്കുന്നുണ്ട്. അവൾക്ക് ശരിയെന്നല്ലാത്തതൊക്കെ അവൾ ചോദ്യം ചെയ്യുന്നു. ഓരോ കാര്യങ്ങളും എന്നോട് പങ്കുവക്കുമ്പോൾ ‘ഒപ്പമുണ്ട്' എന്നവൾക്ക് വാക്ക് കൊടുക്കാനാവുന്നത് തന്നെ എത്ര സംതൃപ്തിയുള്ള കാര്യമാണ്.

അന്ന് ബസ്സിൽ വച്ച് ഓമന ടീച്ചറെ കണ്ടുവെങ്കിലും അവരെവിടെയാണ് താമസിക്കുന്നതെന്നോ മറ്റോ ഞാൻ ചോദിച്ചില്ലായിരുന്നു. അവരെ വീണ്ടും കാണുമെന്നും എന്റെ പുഴുപ്പല്ലല്ലാത്ത പല്ലുകൾ കാട്ടി ഞാൻ ചിരിക്കുമ്പോൾ ‘പുഴുപ്പല്ലുള്ള കൊച്ചായിരുന്നു രസം' എന്നവർ സ്വകാര്യം പറയുമെന്നും ഞാനോർത്തു.
എന്റെ ഓർമ ശരിയാണെങ്കിൽ അഞ്ചാറ് വർഷങ്ങൾക്ക് മുമ്പാണ് ഓമന ടീച്ചർ മരിക്കുന്നത്. വൈകീട്ട് ജോലി കഴിഞ്ഞ് വന്ന അച്ഛൻ മറ്റെന്തൊക്കയോ പറയുന്ന കൂട്ടത്തിൽ പറഞ്ഞു പോയതാണ്.
‘ആത്മഹത്യ ചെയ്തതാന്നാ നാട്ടാര് പറയണത്. ഫാനിലാണത്രെ കെട്ടിത്തൂങ്ങിയത്.' അമ്മയോട് വിവരങ്ങൾ പങ്കുവച്ചതിന് ശേഷം അച്ഛനെന്നെ നോക്കി; ‘നിനക്ക് ഓർമീണ്ടാവില്ല. ഓമനാന്നോ മറ്റോ ആണ് പേര്. കോളശ്ശേരീലെ അങ്കണവാടീൽ നിന്റെ ആയയായിരുന്നു. കാലം കൊറേ കഴിഞ്ഞില്ലേ. നീ മറന്നു കാണും.'

അന്ന് രാത്രി ഞാൻ ഓമന ടീച്ചറെ പേടിസ്വപ്നം കണ്ടു.
ടീച്ചർ ഉറക്കെ ചിരിക്കണത്.
അവർടെ വായ നെറച്ചും പുഴുപ്പല്ലായിരുന്നു.
​പിന്നീട് ഇതെഴുതും വരേക്കും അങ്കണവാടീൽ ആയയായിരുന്ന ഓമന ടീച്ചറെ മറക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അവർ ആത്മഹത്യ ചെയ്തുവെന്ന് ഓർക്കാൻ എനിക്കിഷ്ടമേയല്ലായിരുന്നു.▮


പുണ്യ സി.ആർ.

കഥാകൃത്ത്​. പാലക്കാട്​ വിക്​ടോറിയ കോളേജ്​ യൂണിയൻ ലോക്ക്​ഡൗൺ കാലത്ത്​ പുറത്തിറക്കിയ ‘മണ്ണ്​ മുല മനുഷ്യൻ’ എന്ന ഓൺലൈൻ മാഗസിന്റെ എഡിറ്റർ.

Comments