കെ-റെയിലിനെതിരായ പ്രസ്താവനയിൽ അവസാനമായി ഒപ്പിട്ട് പ്രസാദ് മാഷ് മടങ്ങി...

മാഷ് അവസാനമായി ഒപ്പിട്ടത് ഇന്നലെ കെ. റെയിലിനെതിരായ പ്രസ്താവനയിലാണ്. മാഷങ്ങനെയാണ്, ഇടപെടുന്ന വിഷയത്തിൽ അങ്ങേയറ്റം ക്ലാരിറ്റിയുണ്ടാക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യും. ഏതൊരു വിഷയത്തെ സംബന്ധിച്ചും പഠിക്കുകയും അഭിപ്രായം പറയുകയും മാത്രമല്ല, അതിന്റെ കൂടെ നില്ക്കുകയും ചെയ്യും. അത് സൈലന്റ്‌വാലി മുതൽ ഇങ്ങോട്ട് അതിരപ്പിള്ളിയും പെരിയാറും മൂലമ്പിള്ളിയും കെ. റെയിലിലും വരെ നമുക്ക് കാണാൻ കഴിയും.

എം.കെ. പ്രസാദ് മാഷെ കോവിഡ് കൊണ്ടുപോയി എന്നറിഞ്ഞ​പ്പോൾ പെട്ടെന്ന് അതെനിക്ക് ഉൾക്കൊള്ളാനായില്ല ... കഴിഞ്ഞയാഴ്ച കടവന്ത്രയിലൂടെ പോന്നപ്പോൾ മാഷെ ഒന്നു കേറി കണ്ടാലോ എന്നു തോന്നിയതാണ്. പക്ഷെ, പലയിടത്തു കൂടി കടന്നുവരുന്ന ഒരാളെന്ന നിലയിൽ മനസ്സ് വിലക്കി. അതൊരു തെറ്റായ തീരുമാനമായിപ്പോയി.

മാഷെക്കുറിച്ചുള്ള ഓർമകൾ മനസ്സിലൂടെ കടന്നുപോകുമ്പോൾ ഹരീഷ് വിളിച്ച് മാഷിന്റെടുത്ത് പോകുന്നതിനെക്കുറിച്ച് സംസാരിച്ചു.
‘എനിക്ക് മാഷെ കാണാനാകില്ല ഹരീഷേ, എന്നെയും കോവിഡ് പിടികൂടി’ എന്നു ഞാൻ പറഞ്ഞു. അപ്പോൾ ഹരീഷ് പറഞ്ഞു, ‘മാഷ്​ അവസാനമായി ഒപ്പിട്ടത് ഇന്നലെ കെ-റെയിലിനെതിരായ പ്രസ്താവനയിലാണ്.’

മാഷങ്ങനെയാണ്, ഇടപെടുന്ന വിഷയത്തിൽ അങ്ങേയറ്റം ക്ലാരിറ്റിയുണ്ടാക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യും. ഏതൊരു വിഷയത്തെ സംബന്ധിച്ചും പഠിക്കുകയും അഭിപ്രായം പറയുകയും മാത്രമല്ല, അതിന്റെ കൂടെ നില്ക്കുകയും ചെയ്യും. അത് സൈലൻറ്​വാലി മുതൽ ഇങ്ങോട്ട് അതിരപ്പിള്ളിയും പെരിയാറും മൂലമ്പിള്ളിയും കെ-റെയിലിലും വരെ നമുക്ക് കാണാൻ കഴിയും.

കാപ്പികോ റിസോർട്ടിന്റെ പണി തുടങ്ങിയ സമയം. സൈലൻ എന്ന മത്സ്യത്തൊഴിലാളി എന്നെ വന്നു കണ്ട് അവിടെ നടക്കുന്ന നിയമലംഘനങ്ങളെക്കുറിച്ചും അവരുടെ ഊന്നുകുറ്റികൾ (മത്സ്യബന്ധനത്തിനായി സർക്കാർ അനുവദിച്ചു നൽകിയ മേഖലാ അതിരുകൾ) നശിപ്പിച്ചതിനെക്കുറിച്ചും സംസാരിച്ചു.
ഇതിനെന്തങ്കിലും പരിഹാര വേണം.
ആദ്യം വിളിക്കുന്ന വ്യക്തിയെന്ന നിലയിൽ മാഷിനെ വിളിക്കുന്നു, കാര്യങ്ങൾ വിവരിക്കുന്നു. എന്താ വേണ്ടേന്ന് ചോദ്യം. ഞാൻ പറഞ്ഞു; ""ഒരു വസ്തുതാന്വേഷണം പോണം.''
""എന്നാ നീ തന്നെ മറ്റു ആളുകളെ തീരുമാനിക്ക്, അതിൽ ഞാൻ വിളിക്കണ്ട ആളുണ്ടെങ്കിൽ വിളിക്കാം.''

അങ്ങനെ ഡോ. വി. എസ്. വിജയൻ, സി. ജയകുമാർ, ചാൾസ് ജോർജ്ജ്, ജേക്കബ്ബ് ലാസർ പിന്നെ ഞാനുമുൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിക്കുന്നു കാപ്പി കോ നടത്തിയ നഗ്‌നമായ നിയമലംഘനങ്ങൾ നേരിൽ ബോധ്യപ്പെടുന്നു. വീട്ടിൽ തിരിച്ചെത്തിയ ഉടൻ എനിക്കൊരു ഫോൺ. കാപ്പിക്കോ കരാറുകാരന്റെ ആയിരുന്നു. ഒന്നു നേരിൽ കാണണം. കാരണം തിരക്കിയപ്പോർ റിപ്പോർട്ടൊന്നും ഉണ്ടാക്കി ബുദ്ധിമുട്ടിക്കരുത്, 150 കോടി രൂപയുടെ പ്രോജക്ടാണ്, എന്തുവേണമെങ്കിലും തരാം... അങ്ങനെയെങ്കിൽ മാഷിനെയും ഡോ. വി.എസ്. വിജയനെയും ബന്ധപ്പെട്ടാൽ കാര്യം നടക്കുമെന്ന് പറഞ്ഞ് ഈ രണ്ടാളുടെയും നമ്പർ കൊടുത്തു. മാഷ് അയാളെ ഓടിച്ചു വിട്ടു. തുടർന്ന് ഒരു വസ്തുതാ പഠനറിപ്പോർട്ട് ഞങ്ങൾ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ ഊന്നുകുറ്റി നഷ്ടമായ ഒരാളെന്ന നിലയിൽ സൈലൻ കേസ് കൊടുക്കുന്നു. ആ കേസിൽ കാപ്പി കോ റിസോർട്ട് പൊളിക്കാൻ ഉത്തരവുണ്ടാകുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴയിൽ സംഘടിപ്പിച്ച വേമ്പനാട് സംരക്ഷണ കൺവൻഷനിൽ സംസാരിക്കുന്ന പ്രൊഫ. എം.കെ. പ്രസാദ് / Photo: Wikimedia Commons

ഒരിക്കൽ മാഷെന്നെ ഫോണിൽ വിളിച്ചു; എടോ എനിക്കൊരു അവാർഡു കിട്ടിയിട്ടുണ്ട്, പതിനായിരം രൂപയുണ്ട്, അതിൽ അയ്യായിരം രൂപ തനിക്കിരിക്കട്ടെ, അവാർഡിനർഹത തനിക്കാണ്, അവാർഡ് തരുന്നവർ അവരുടെ താത്പര്യം കൂടി പരിഗണിച്ചാടോ അത് തരുന്നത്, നീ എന്തായാലും വീട്ടിലേക്ക് വാ, ഞാനൊരു ചെക്ക് തരാം. ഞാനത് സ്‌നേഹപൂർവ്വം വാങ്ങി. ചെക്ക് തന്നിട്ട് മാഷ് പറഞ്ഞു; പെരിയാറിനെ രക്ഷിക്കാനുള്ള പോരാട്ടം മുന്നോട്ടു കൊണ്ടുപോകണം. അതിന് കാര്യങ്ങൾ ശാസ്ത്രീയമായി പഠിക്കണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്.

1989 ലാണ് എം.കെ.പിയെ പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം വളർന്നു. 1998 പെരിയാർ മലിനീകരണ വിരുദ്ധ സമരം ശക്തമാകുന്ന കാലം തൊട്ട് കൂടെ നിന്ന് ഉപദേശങ്ങൾ നല്കി. ഒരിക്കൽ ഞങ്ങൾ ഒരു പി.സി.ബി ഉപരോധ സമരം പ്രഖ്യാപിച്ചു ഉത്ഘാടകൻ മാഷാണ്. ഞങ്ങൾ കടവന്ത്രയിലെ പി.സി.ബി ഓഫീസിലെത്തി. ഏതാണ്ട് മുന്നൂറിലധികം ആളുകൾ മാഷിന്റെ കൃത്യനിഷ്ഠ അറിയാവുന്നതുകൊണ്ട് എത്തുമെന്നു കരുതി സ്വാഗതപ്രസംഗം തുടങ്ങിയപ്പോഴും കാണാത്തതു കൊണ്ട് വിളിച്ചു. അപ്പോൾ മാഷ് പറഞ്ഞു, പരിഷത്ത് ജില്ലാ കമ്മിറ്റിയിൽ നിന്ന് വിളിച്ചു പറഞ്ഞു, പോവണ്ടാന്ന്. ശരിയല്ലാന്ന് അറിയാം, ഏതായാലും ഒരു സംഘടന പറഞ്ഞതല്ലേ ഞാൻ വരണില്ല.

പിന്നീട് എന്നോട് മാഷ് പറഞ്ഞ, ഞാനിപ്പോൾ പരിഷത്തിൽ സജീവമല്ല. അവർ വിളിക്കുന്ന പരിപാടിയിൽ പോയി സംസാരിക്കും അത്ര തന്നെ. ഒരു കാര്യം നിന്നോടു പറയാം, പെരിയാർ മലിനീകരണ വിരുദ്ധ സമരത്തിൽ നിങ്ങളുടെ കൂടെ പരിഷത്തുണ്ടാകില്ല.

പക്ഷെ, പിന്നീട് നടന്ന എല്ലാ പെരിയാർ സംരഷണ പോരാട്ടങ്ങളിലും മാഷ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഒരുപക്ഷെ പരിഷത്ത് പറഞ്ഞ ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിൽ വിജയിച്ച ഒരാൾ എന്ന് ചരിത്രം രേഖപ്പെടുത്തുക മാഷിനെയായിരിക്കും. കാരണം ഏത് വിഷയവും ശാസ്ത്ര ജാഡകളില്ലാതെ പറയാൻ മാഷിന് കഴിയുമായിരുന്നു.

തീർച്ചയായും നമുക്ക് നഷ്ടമായത് ജനകീയ ശാസ്ത്രകാരനെയാണ്. വ്യക്തിപരമായി എനിക്ക് നഷ്ടമായത് ഏതുസമയത്തും വിളിച്ച് സംസാരിക്കാമായിരുന്ന ഗുരുനാഥനെയാണ്. മാഷുമായി ബന്ധപ്പെട്ട ഒരു പാട് ഓർമകൾ അലയടിക്കുന്നുണ്ടെങ്കിലും എനിക്കെഴുതാനുകുന്നില്ല. കാരണം ഞാനും കോവിഡിന്റെ തീവ്രഘട്ടത്തിലാണ്...

Comments