മീനാക്ഷി ടീച്ചർ

ആ കെട്ടിപ്പിടുത്തം ഇംഗ്ലീഷിൽ എന്നെ ജയിപ്പിച്ചു

ഇംഗ്ലീഷ് പീരിയഡിൽ മീനാക്ഷി ടീച്ചർ വരുമ്പോഴെങ്ങാനും ചെറിയ ചാറ്റൽ മഴ പെയ്താൽ ഞാൻ കുടയുമെടത്ത്​ ഓടിച്ചെല്ലും, ചൂടിക്കാൻ.

ഠിനമായ സ്നേഹത്താൽ ഉലഞ്ഞുപോയ മനസ്സുമായി വേലൂർ ഹൈസ്‌കൂളിന്റെ പടിയിറങ്ങുമ്പോൾ മനസ്സ് മുഴുവനും എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച മീനാക്ഷി ടീച്ചർ ആയിരുന്നു.

വേലൂർ ആർ.എസ്.ആർ.വി.എച്ച്.എസിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മീനാക്ഷിടീച്ചർ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി വരുന്നത്. അത് ക്ലാസിൽ ചർച്ചയായിരുന്നു. സാധാരണ എല്ലാ അധ്യാപകരും കൈയിലൊരു ചൂരലും കൊണ്ടാണ് വരാറ്. പക്ഷെ മീനാക്ഷി ടീച്ചർ വടിയില്ലാതെ നിറഞ്ഞ ചിരിയോടെ വന്നു കയറിയപ്പോൾ എല്ലാ കുട്ടികളും ഒരുമിച്ച് വലിയ ശബ്ദത്തിൽ ഗുഡ് മോണിങ് ടീച്ചർ എന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച് ചെവിപൊത്തി നിന്ന ടീച്ചറെ ഇപ്പോഴും കണ്മുന്നിൽ കാണാം.

ആയിടക്കാണ് സ്‌കൂളിൽ യൂത്ത് ഫെസ്റ്റിവൽ അരങ്ങേറിയത്.
ഞാൻ ഒരുവിധം എല്ലാ പാട്ടിനങ്ങളിലും മത്സരിക്കാനുണ്ടായിരുന്നു.
അന്നത്തെ കാലത്ത് സ്‌കൂളിൽ ഗാനമേള മത്സരം ഉണ്ടായിരുന്നു. പക്ഷെ പെൺകുട്ടികൾ പങ്കെടുക്കാറില്ല. കാരണം തബല, കീബോർഡ്, ഡ്രംസ് ഇതൊന്നും അന്ന് പെൺകുട്ടികൾ വായിക്കുന്നത് കുറവാണ്. ഞാനാണെങ്കിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ വിഷയങ്ങളിൽ പദ്യം ചൊല്ലലിനും ലളിതഗാനം, ശാസ്ത്രീയ സംഗീതം, സംഘഗാനം, ദേശഭക്തിഗാനം, ഗാനമേള, എന്നിവയിലും മത്സരത്തിനുണ്ട്. കൂടാതെ, തിരുവാതിര കളിക്കുന്ന കുട്ടികൾക്കും സംഘനൃത്തത്തിനുള്ള കുട്ടികൾക്കും പിന്നണി പാടാനും ഒക്കെയായി ആകെ ജഗപൊക.

ഞാൻ പഠിച്ചില്ലെങ്കിൽ ടീച്ചറിന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന് ആകുലപ്പെട്ട് അതുവരെ കാര്യമായി ഒന്നും പഠിക്കാതിരുന്ന, എന്നും തല്ലു വാങ്ങിയിരുന്ന പുഷ്പവതി എന്ന കുട്ടി ഇംഗ്ലീഷ് മെനക്കെട്ട് പഠിക്കാൻ തുടങ്ങി.

ഇതിലൊക്കെ നല്ല മിടുക്ക് കാണിച്ചിരുന്ന ഞാൻ നല്ല ഒന്നാംതരം പഠിക്കാത്ത കുട്ടിയുമായിരുന്നു. അങ്ങനെ മത്സരങ്ങൾ പൊടിപൊടിക്കുന്നു. മൂവ്വായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്, കുട്ടികളും കുടുംബാംഗങ്ങളും നാട്ടുകാരും എല്ലാം കാണികളായി സ്‌കൂൾ മുറ്റം നിറഞ്ഞിരിക്കുന്നു.
ഓരോ ഐറ്റവും കഴിയുന്നു.. അവസാനം ഗാനമേള...
കർട്ടൻ പൊങ്ങുന്നതിനു മുൻപേ അണിയറയിൽ ആര് ഡ്രംസ് വായിക്കും, ആര് തബല വായിക്കും, ആര് ഹാർമോണിയം വായിക്കും എന്ന ചർച്ച.
ആർക്കും ഒന്നും വായിക്കാനറിയില്ല. മറ്റുള്ള കുട്ടികൾ പാടുമ്പോൾ ഞാൻ ട്രിപ്പ്ൾ ഡ്രം വായിച്ചു. ഞാൻ പാടുമ്പോൾ ആർക്കും വായിക്കാൻ അറിയില്ല. ചുമ്മാ അതിന്റെ മേലൊന്ന് കൈവക്കാൻ പോലും ഈ പെൺകുട്ട്യോൾക്ക് നാണമായിരുന്നു.

പക്ഷെ ഞാൻ വിട്ടില്ല. "പുഴയോരത്തിൽ പൂന്തോണി എത്തിലാ'... ഞാൻ സ്വയം കൊട്ടി പാടി. മത്സരം ഒരുവിധം തീർത്തപ്പോൾ ആൺകുട്ടികളുടെ കൂവൽ വയറു നിറച്ചു കിട്ടി. സ്റ്റേജിന്റെ പുറകുവശത്ത് വന്നപ്പോൾ കാണികളുടെ മുൻനിരയിൽ നിന്ന് മീനാക്ഷിടീച്ചർ ഓടി വന്നെന്നെ ഇറുക്കെ കെട്ടിപ്പിടിച്ച് നെറ്റിയിൽ അമർത്തിയൊരുമ്മ തന്നിട്ട് പറഞ്ഞു; ""നല്ല മിടുക്കിയാണല്ലോ... ഇതേപോലെ തന്നെ ക്ലാസിൽ എടുക്കുന്ന വിഷയങ്ങളും നല്ല പോലെ പഠിക്കണം ട്ടാ...''

പുഷ്പവതി

ആദ്യമായാണ് ഒരു അധ്യാപിക ഇത്ര വാത്സല്യത്തോടെ എന്നെ കെട്ടിപ്പിടിച്ചതും ഉമ്മവച്ചതും. അതെന്നിൽ ഉത്തരവാദിത്തബോധമുണ്ടാക്കി. ഞാൻ പഠിച്ചില്ലെങ്കിൽ ടീച്ചറിന്റെ സ്നേഹം നഷ്ടപ്പെടുമോ എന്ന് ആകുലപ്പെട്ട് അതുവരെ കാര്യമായി ഒന്നും പഠിക്കാതിരുന്ന, എന്നും തല്ലു വാങ്ങിയിരുന്ന പുഷ്പവതി എന്ന കുട്ടി ഇംഗ്ലീഷ് മെനക്കെട്ട് പഠിക്കാൻ തുടങ്ങി. പത്താം ക്ലാസിലെത്തിയപ്പോൾ കൂടുതൽ ശ്രദ്ധയോടെ പഠിക്കാൻ തുടങ്ങി. അപ്പോഴൊക്കെ ടീച്ചറായിരുന്നു മനസുനിറയെ.

എന്നും ആദ്യം എത്തുന്ന ടീച്ചറെ കാത്ത് നേരത്തെ സ്‌കൂളിലെത്തി ടീച്ചേർസ് റൂമിനുമുന്നിൽ ഞാൻ നിൽക്കും. ഒരു പിടി പൂവും ഉണ്ടാകും കയ്യിൽ, ടീച്ചർക്ക് കൊടുക്കാൻ. ടീച്ചർ അതുവാങ്ങി എന്റെ മുടിയിലും വച്ചു തരും, വാത്സല്യത്തിൽ തലോടും. ഇംഗ്ലീഷ് പീരിയഡിൽ ടീച്ചർ വരുമ്പോഴെങ്ങാനും ചെറിയ ചാറ്റൽ മഴ പെയ്താൽ ഞാൻ കുടയുമെടത്ത് ഓടിച്ചെല്ലും, ചൂടിക്കാൻ.
ക്വാർട്ടർലി എക്സാം കഴിഞ്ഞ് മാർക്ക് വന്നപ്പോൾ ഇംഗ്ലീഷിൽ നല്ല മാർക്കുണ്ടായിരുന്നു. എല്ലാ വിഷയത്തിലും ജയിച്ചവർ എഴുന്നേറ്റുനിൽക്കാൻ ടീച്ചർ പറഞ്ഞപ്പോൾ എനിക്ക് എഴുന്നേറ്റുനിൽക്കാനായില്ല, ഞാൻ അപ്പോഴും കണക്കിൽ തോറ്റിരുന്നു. എങ്ങനെ തലകുത്തി മറിഞ്ഞിട്ടും ഈ ( a+b)2 , (a-b)2 ഒന്നും മനസ്സിലായില്ല. കൂടാതെ ജീവിതത്തിൽ ഒരുപകാരവും ഇല്ലാത്ത, കോഴിത്തീറ്റ കാലിത്തീറ്റ എന്നൊക്കെ കളിയാക്കി വിളിച്ചിരുന്ന ചില കണക്ക് ഫോർമുലകളും. എങ്ങനെയോ ഞാൻ ഫൈനൽ എക്സാമിൽ കണക്കിന് ജയിച്ചു.

‘പുഷ്പയുടെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാടിഷ്​ടമാണ്​... എന്റെ മാനസപുത്രിയല്ലേ...’ എന്ന്​ ടീച്ചർ പറഞ്ഞപ്പോൾ അതിയായ സന്തോഷം കൊണ്ട് ഞാൻ ആ പഴയ ഒമ്പതാം ക്ലാസുകാരിയായി.

പഠനം കഴിഞ്ഞ് പോന്നശേഷവും ഇടക്ക് ടീച്ചറെ കാണാൻ സ്‌കൂളിൽ ചെല്ലാറുണ്ടായിരുന്നു. അപ്പോഴേക്കും ടീച്ചർ പ്രിൻസിപ്പലായി. ചെന്നുകഴിഞ്ഞാൽ രണ്ട് ചായ വരുത്തിക്കും; ഒന്ന് എനിക്കും ഒന്ന് ടീച്ചർക്കും. മെല്ലെ അത് കുടിച്ച് വർത്തമാനം പറഞ്ഞിരുന്ന് സന്തോഷത്തോടെ മടങ്ങും. വർഷങ്ങൾക്കു ശേഷം ഞാനും പ്രിയനും മോളും കൂടി ടീച്ചറുടെ വീട് തേടിപ്പിടിച്ചു; ചെന്നുകാണാൻ. ഒരുപാട് സന്തോഷത്തോടെ പഴയ കാര്യങ്ങൾ പറഞ്ഞു, ഓർമിച്ചു.

ഞാൻ ​കമ്പോസ്‌ ചെയ്തു പാടിയ ‘ആനന്ദം’ എന്ന മ്യൂസിക് ആൽബം കഴിഞ്ഞ ദിവസം ഞാൻ ടീച്ചർക്ക്​ അയച്ചുകൊടുത്തു. ഇഷ്​ടപ്പെ​ട്ടോ എന്നുഞാൻ ചോദിച്ചു. ‘പുഷ്പയുടെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാടിഷ്​ടമാണ്​... എന്റെ മാനസപുത്രിയല്ലേ...’ എന്നായിരുന്നു ടീച്ചറുടെ മറുപടി. അതിയായ സന്തോഷം കൊണ്ട് ഞാൻ ആ പഴയ ഒമ്പതാം ക്ലാസുകാരിയായി.
പണ്ട് ടീച്ചർ പഠിപ്പിച്ച വേഡ്​സ്​വർത്തിന്റെയും (Daffodils)​ ​റോബർട്ട് ​ഫ്രോസ്​റ്റിന്റെയും (Stopping by Woods on a Snowy Evening) കവിതകൾ എനിക്കിപ്പോഴും ബൈഹാർട്ട് ആണ്. അന്ന് ടീച്ചർ ആ കവിതകൾ ചൊല്ലേണ്ടത് എങ്ങനെയാണ് എന്നും കൂടി പഠിപ്പിച്ചിരുന്നു: "ഡിടാ ഡിടാ ഡിടാ ഡിടാ... ഡിടാ ഡിടാ ഡിടാ ഡിടാ.. I wandered lonely as a cloud...

ഇപ്പോൾ പേരക്കുട്ടികളുടെ ലോകത്ത് ഏറെ സന്തോഷത്തോടെ കഴിയുന്നു എന്റെ മീനാക്ഷി ടീച്ചർ.▮

Comments