സമരാഗ്നി ജ്വാലയിലൂടെ ഉദിച്ചുയർന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ ഇനി ചരിത്രത്തിന്റെ തുടിക്കുന്ന താളുകളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. ജീവിച്ചിരിക്കുമ്പോഴേ ഇതിഹാസമായി മാറിയ അപൂർവങ്ങളിൽ അപൂർവമായ സമരനായകനായിരുന്നു വി എസ്. ഒരു ജനനേതാവ്, ഒരു മികച്ച ഭരണാധികാരി, ഉത്തമനായ കമ്മ്യൂണിസ്റ്റ് എന്നീ നിലകളിലുള്ള ഒരു വ്യക്തി എങ്ങനെ ആയിരിക്കണം എന്നതിന്റെ പാഠപുസ്തകം. രാഷ്ട്രീയപ്രവർത്തകർക്കും നേതാക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലയിലുള്ളവർക്കും മാതൃകയാക്കാവുന്ന കഠിനാധ്വാനം, ആത്മസമർപ്പണം, അടിയുറച്ച ദിശാബോധം, സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരോടും പീഡിതരോടുമുള്ള ആഴമേറിയ അനുകമ്പ തുടങ്ങി ഒട്ടേറെ ഉന്നതമായ ധാർമിക മൂല്യങ്ങളുടെ ആള്‍രൂപമായിരുന്നു വിഎസ്. നമ്മുടെ സമൂഹത്തിൽ വ്യത്യസ്ത തരത്തിലുള്ള ആശയാദർശങ്ങൾ നിലനിൽക്കുന്നുണ്ട്. അതുപോലെതന്നെ തത്വചിന്തകളും ജീവിത സംസ്കാരങ്ങളും നിലനിൽക്കുന്നുണ്ട്. ഇത്തരം ആശയങ്ങൾക്ക് വേണ്ടി ആത്മസമർപ്പണം ചെയ്ത് സ്വജീവിതം തന്നെ ബലിയർപ്പിക്കുന്നവരുണ്ട്. എന്നാൽ ഇത്തരം ആശയാദർശങ്ങളിൽ പലതും പൊതുസമൂഹത്തിനും ഭാവി തലമുറയ്ക്കും ഗുണപ്രദമാണെന്ന് പറയാൻവയ്യ. ഒരേ ആദർശം തന്നെ ഒരായിരം പേർ ജീവിതപ്രമാണമായി സ്വീകരിച്ചു പ്രവർത്തിക്കുമ്പോൾ ഒരേ ഫലമല്ല ഉണ്ടാവുന്നത് എന്ന സവിശേഷം നിരീക്ഷിക്കാനുള്ള ഉത്തമ അവസരമാണ് വിഎസിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത.
ആശയാദർശങ്ങളെ യാന്ത്രികമായി ജീവിതത്തില്‍ ഏറ്റെടുത്തുകൊണ്ട് തീക്കനൽ താണ്ടി സമരമുഖങ്ങളിൽ നിന്നും സമരമുഖങ്ങളിലേക്ക് കുതിച്ചുകയറുകയായിരുന്നില്ല അദ്ദേഹം. സ്വന്തം തലച്ചോർ ഉപയോഗിച്ചുകൊണ്ട് ആശയാദർശങ്ങളെ സൂക്ഷ്മതലത്തിൽ ഇഴപിരിക്കുകയും അവയെല്ലാം സമൂഹത്തിലെ മർദ്ദിത ജനതയ്ക്ക് വേണ്ടി ചൈതന്യവത്താക്കുകയുമായിരുന്നു. അതിന് അദ്ദേഹത്തിന് പ്രചോദനം നൽകിയത് അഗാധമായ മനുഷ്യസ്നേഹമായിരുന്നു. മാർക്സിസം എന്നാൽ മനുഷ്യസ്നേഹവും സഹജീവി സ്നേഹവുമാണെന്ന ഉദാത്തമായ തിരിച്ചറിവിന്റെ വളർച്ചയായിരുന്നു. താത്വിക ഗ്രന്ഥങ്ങളെ ഏറെയൊന്നും ആശ്രയിക്കാതെ പുതിയ തലമുറയുടെയും പഴയ കാലത്തിന്റെയും ആവശ്യങ്ങളും ആഭിമുഖ്യങ്ങളും പിഴവുപറ്റാതെ അദ്ദേഹം തിരിച്ചറിഞ്ഞു. കുഞ്ഞുനാളിൽ തന്നെ അച്ഛനമ്മമാർ നഷ്ടപ്പെട്ട ഹൃദയവേദന ആ മനസ്സിനെ കൂടുതൽ ആർദ്രമാക്കി. നിന്ദിതരും പീഡിതരോടും നിസ്വവർഗ്ഗങ്ങളോടുമുള്ള സ്നേഹാർദ്രഭാവങ്ങൾ അനീതിക്കെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭ പരമ്പരകൾക്ക് തീകൊളുത്താൻ വിഎസിനെ പ്രചോദിപ്പിച്ചു.

മാർക്സിസം വിഎസിനെ സംബന്ധിച്ചിടത്തോളം കേവലമായ ഒരു തത്വശാസ്ത്രമായിരുന്നില്ല. പുതിയ കാലത്തിന്റെ സവിശേഷ ഭൗതിക സാഹചര്യങ്ങൾക്ക് അനുസൃതമായി നവീകരിക്കുകയും പുതിയകാലത്തെ അഭിമുഖീകരിക്കാൻ പ്രേരകവുമായ ഒരു ജൈവ ചിന്താപദ്ധതിയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നടത്തിയ പ്രക്ഷോഭങ്ങളെല്ലാം. പരിസ്ഥിതിക ചിന്തകൾ നമ്മുടെ രാഷ്ട്രീയ സാമൂഹിക തലങ്ങളിൽ സജീവ സംവാദ വിഷയമാകുന്നതിന് മുമ്പ് തന്നെ നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ വേണ്ടി വി.എസ് നടത്തിയ പോരാട്ടത്തെ ഇന്നത്തെ "പരിസ്ഥിതി പ്രേമികളായ" മാധ്യമങ്ങൾ പോലും അപഹസിച്ചു തള്ളുകയായിരുന്നു. എന്നാൽ ഇന്ന് ലോകമെങ്ങും കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിന്റെ ക്രമാതീതമായ ഉയർച്ചയും മറ്റു പാരിസ്ഥിതിക വിഷയങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു ജീവല്‍ പ്രശ്നമായി മാറുമ്പോൾ വിഎസിന്റെ ദീർഘദര്‍ശനത്തിന്റെ തീഷ്ണത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പിന്നാക്ക സമുദായങ്ങളുടെയും കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവൻ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി വി.എസ് നിയമസഭയ്ക്ക് അകത്തും പുറത്തും പോരാടി. സ്ത്രീ പീഡനങ്ങൾക്കും സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾക്കുമെതിരെ ഇത്ര ശക്തമായി പോരാടിയ മറ്റേത് നേതാവ് കേരളത്തിലുണ്ട്? അദ്ദേഹം നയിച്ച അത്തരം പോരാട്ടങ്ങളും അത് ഉണർത്തി വിട്ട അലയൊലികളുമാണ് കേരളത്തിൽ ഇന്നും പുതിയ സമരരൂപങ്ങളിൽ വളർന്നു കാണുന്നത്. മനുഷ്യരെ ജാതിയുടെയും നിറത്തിന്റെയും പേരിൽ അടിച്ചമർത്തുകയും അകറ്റിനിർത്തുകയും അപമാനവീകരിക്കുകയും ചെയ്ത ഫ്യൂഡൽ കാലഘട്ടത്തിലെ യാതനാ നിർഭരമായ അനുഭവങ്ങളും അത്തരം അനുഭവങ്ങൾക്കെതിരായി കുതിച്ചുയർന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ അരുണ ജ്വാലകളും വി.എസ് എന്ന പ്രക്ഷോഭകാരിയുടെ മനസ്സിനെ വിളക്കിയെടുത്തു.
അഴിമതിക്കെതിരായി വി.എസ് അഴിച്ചുവിട്ട പോരാട്ടം കേരളത്തിലെ പൊതുസമൂഹത്തിൽ അന്യാദൃശ്യമായ ചലനങ്ങളാണ് ഉളവാക്കിയത്. പ്ലാച്ചിമട സമരം, എൻഡോസൾഫാൻ പീഡിതരുടെ പ്രശ്നങ്ങൾ, കിളിരൂർ പെൺവാണിഭക്കേസ്, മതികെട്ടാൻ കയ്യേറ്റം, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് തുടങ്ങിയവയെല്ലാം വി.എസ് സ്വന്തം മനസാക്ഷിക്കും സ്വതന്ത്രചിന്തയ്ക്കും അനുസരിച്ച് ഏറ്റെടുക്കുകയായിരുന്നു. കൂലി വർദ്ധനവിനും ഭവന സുരക്ഷയ്ക്കും മറ്റും വേണ്ടി മൂന്നാറിലെ സ്ത്രീ തൊഴിലാളികൾ നടത്തിയ പെമ്പിളൈ ഒരുമൈ സമരത്തിനും വിഎസ് പിന്തുണ നൽകി. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിനു പരിഹാരം ഉണ്ടാക്കാനുമുള്ള വിഎസിന്റെ ആർജ്ജവം അനുപമമായിരുന്നു. അതുപോലെ വിവിധ ജനവിഭാഗങ്ങളെ സംഘടിപ്പിക്കാനും പ്രക്ഷോഭ രംഗത്തിറങ്ങാനും അസാമാന്യമായ സമരവീര്യവും സംഘടനാ വൈഭവവുമാണ് സഖാവ് പ്രകടിപ്പിച്ചത്. ചെത്തുതൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ, മുഹമ്മ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നീ സംഘടനകളെ സമരസജ്ജരാക്കാൻ വിഎസിന് കഴിഞ്ഞു.

പി. കൃഷ്ണപിള്ളയുടെ കടന്നു വരവാണ് തിരുവിതാംകൂറിലെ തൊഴിലാളി പ്രസ്ഥാനത്തിന് ആശയപരവും സംഘടനാപരവുമായ അടിത്തറ പാകിയത്. ആർ. സുഗതൻ, കെ.വി പത്രോസ്, കെ.കെ. കുഞ്ഞൻ, ടി.വി. തോമസ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിൻറെ ആദ്യപഥികർ തുടക്കമിട്ട തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന പ്രക്ഷോഭ ചരിത്രത്തിന്റെ കനൽ വെട്ടം നെഞ്ചിലേറ്റിയ വിഎസിന് പിന്നീട് വിശ്രമമുണ്ടായില്ല. കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചയാണ് വിഎസിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിർണായക വഴിത്തിരിവായി മാറിയത്. വിഎസിന്റെ ഉള്ളിലെ കനലൊളി കൃഷ്ണപിള്ള തിരിച്ചറിഞ്ഞിരുന്നു.
ഒളിവു ജീവിതം, ജയിൽവാസം, കൊടിയ പോലീസ് മർദ്ദനം എന്നിവയെല്ലാം അതിജീവിച്ചുകൊണ്ട് വിഎസ് നടത്തിയ സുദീർഘമായ വിപ്ലവ പോരാട്ടം സമാനതകളില്ലാത്തതാണ്. ദിവാൻ ഭരണത്തിനെതിരെയും ജന്മിത്വത്തിനും മുതലാളിത്തത്തിനും എതിരെയും വി.എസ് നടത്തിയ സന്ധിയില്ലാ സമരം അവിടംകൊണ്ട് മാത്രം അവസാനിച്ചില്ല. സ്വതന്ത്ര ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പിടിമുറുക്കിയ കോർപ്പറേറ്റ് മുതലാളിത്തത്തിനും ഉദ്യോഗസ്ഥ ഭൂപ്രഭുത്വത്തിനും പുരുഷ മേധാവിത്വത്തിനും എതിരെ പ്രോജ്ജ്വലമായ സമരങ്ങൾ ഭരണത്തിനകത്തും പുറത്തും നിന്നുകൊണ്ട് വി.എസ് നയിച്ചു. ഇതിനെല്ലാം സഖാവിന് ഊർജ്ജം നൽകിയത് സാധാരണ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയുമുണ്ടായിരുന്നു.
അധികാരത്തെ (അത് രാഷ്ട്രീയ അധികാരം ആയാലും ഭരണാധികാരമായാലും) കേവലം അഹങ്കാരമായും ആത്മപ്രഭാവം പ്രകടിപ്പിക്കാനുമുള്ള അവസരമായി കാണാതെ ജനങ്ങളെ സേവിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ ഊന്നി നിന്നുകൊണ്ടായിരുന്നു വി.എസിന്റെ പ്രവർത്തനം. ഈയൊരു ലക്ഷ്യത്തിൽമാത്രം കേന്ദ്രീകരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് അദ്ദേഹം മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തനായത്.

നിരവധി പ്രവർത്തനങ്ങൾ നടത്തുക, വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുക, എല്ലാവരുമായും സ്നേഹ സൗഹൃദങ്ങൾ സ്ഥാപിക്കുക തുടങ്ങി പല ലക്ഷ്യങ്ങളിലും ധിഷണാശേഷിയെയും വ്യക്തിത്വത്തെയും വികേന്ദ്രീകരിക്കുക എന്നതാണ് ആഗോളവൽക്കരണ കാലത്തെ മുതലാളിത്തത്തിന്റെ നേതൃത്വ സൃഷ്ടി-വികസന പരിപ്രക്ഷ്യം. ഇതിൻറെ പരിശീലന കേന്ദ്രങ്ങളാണ് വിദ്യാലയങ്ങളും രാഷ്ട്രീയ നേതൃത്വ പരിശീലന വേദികളും. ഇങ്ങനെ സ്വന്തം ധിക്ഷണാവൈഭവത്തെ വിഭിന്നതലങ്ങളിലേക്ക് ബോധപൂർവ്വം വിന്യസിപ്പിക്കുമ്പോൾ ഒരു നേതാവിന് ഒരു അടിസ്ഥാന ലക്ഷ്യത്തിൽ കേന്ദ്രീകരിക്കാൻ കഴിയാതെ വരും. അതുകൊണ്ടാണ് സംശുദ്ധമായ രാഷ്ട്രീയ ജീവിതവും ജനപിന്തുണയും സമര സംഘടനാ വൈഭവവും ഉണ്ടായിരുന്നിട്ടും പല നേതാക്കൾക്കും വി.എസിനെപോലെ അസാധാരണമാം വിധം ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ കഴിയാതെ പോവുന്നത്.
ഒരു അടിസ്ഥാന ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ നേതാവിന് പലതും ത്യജിക്കേണ്ടി വരും. അത് എന്തൊക്കെയാണെന്ന് ഇവിടെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, ഏതൊരു നേതാവും ആഗ്രഹിക്കുന്ന ഉന്നതമായ ഭരണപദവി നേടണമെങ്കിൽ ഈ അടിസ്ഥാന ലക്ഷ്യത്തിലുള്ള അഥവാ ജനസേവനത്തിനുള്ള അകമഴിഞ്ഞ ആത്മസമർപ്പണം കൂടിയേ തീരൂ. ഇത് തിരിച്ചറിഞ്ഞ ബുദ്ധിമാനായ രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു വി.എസ്. അതിനു കാരണം അധികാരത്തെ സംബന്ധിച്ച് നിഷേധാത്മകമായ രാഷ്ട്രീയ വീക്ഷണമാണ്. തൊഴിലാളി വർഗ്ഗത്തിന്റെയും ജനസാമാന്യത്തെയും ഭരണാധികാരം മുതലാളിത്ത ശക്തികൾക്കെതിരായി ഉപയോഗിക്കേണ്ട മൂർച്ചയേറിയ ആയുധമാണ്. എന്നാൽ ചില സവിശേഷ സന്ദർഭങ്ങളിൽ ഈ അടിസ്ഥാന ലക്ഷ്യങ്ങളിൽ കേന്ദ്രീകരിക്കാൻ കഴിയാത്തവർക്കും ഭരണത്തിന്റെ ഉന്നത പദവിയിൽ എത്തിച്ചേരാൻ കഴിയും. പക്ഷേ ഇത് സാർവത്രികമായി സംഭവിക്കുകയില്ല. അങ്ങനെ രാഷ്ട്രതന്ത്രം ഒരു പഠന മേഖലയായി തിരഞ്ഞെടുക്കാത്ത വി.എസ് തന്റെ സ്വതസിദ്ധമായ ബുദ്ധിവൈഭവവും ചരിത്രബോധവും മൂലധനം ആക്കി ഈ രാഷ്ട്ര വ്യവഹാര ശാസ്ത്ര രഹസ്യം മനസ്സിലാക്കിയ നേതാവായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ത്യാഗനിർഭരമായ ജീവിതം നയിച്ച ഒരു പോരാളിയായ നേതാവ് എന്ന വിഎസിന്റെ നേതൃത്വത്തിന് ഇത് ഒട്ടും മങ്ങലേൽപ്പിക്കുന്നില്ല.
അടിസ്ഥാന ലക്ഷ്യത്തിലുള്ള അദ്ദേഹത്തിൻറെ കേന്ദ്രീകരണവും ആഭിമുഖ്യവും രാഷ്ട്രതന്ത്രവുമായി യാതൊരുവിധത്തിലും പൊരുത്തപ്പെടാത്തതുമാണ്. സ്വജീവൻ പണയം വെച്ചുകൊണ്ട് വി.എസിനെ പോലെയുള്ള ഒരാൾ വിപ്ലവ പ്രവർത്തനത്തിന് ഇറങ്ങുമ്പോൾ അവിടെ ജനസേവനവും അനീതിക്കെതിരായ പോരാട്ടവും എന്ന രണ്ട് ലക്ഷ്യങ്ങൾ മാത്രമേയുള്ളൂ. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തുടങ്ങിയ ഈ സമരേതിഹാസങ്ങൾക്കുശേഷം മറ്റൊരു സമരമണ്ഡലം കൂടി വിഎസിന് അഭിമുഖീകരിക്കേണ്ടിവന്നു. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടന. ആ മേഖലയിലും അദ്ദഹം പിന്തുടർന്ന അടിസ്ഥാനലക്ഷ്യം നേരത്തെ പരാമർശിച്ച ജനസേവനം എന്ന ലക്ഷ്യം തന്നെയാണ്.
വിഎസും വിപ്ലവകാരിയുടെ വ്യക്തിത്വവും
വ്യക്തികൾ സാമൂഹിക സാഹചര്യങ്ങളുടെയും നിലനിൽക്കുന്ന അധീശവർഗ്ഗങ്ങളുടെ ആശയങ്ങളുടെയും ചരിത്ര സന്ദർഭങ്ങളുടെയും സൃഷ്ടിയാണ് എന്നതാണ് മാർക്സിന്റെ വീക്ഷണം. എന്നാൽ വർഗ്ഗസമരങ്ങളിലൂടെ തൊഴിലാളി വർഗ്ഗത്തിന് സാമൂഹിക സാഹചര്യങ്ങളെ മാറ്റിയെടുക്കാൻ കഴിയുമെന്നും അത് വ്യക്തികളുടെ ബോധത്തെ പരിവർത്തന വിധേയമാക്കുമെന്നും മാർക്സിസം അനുശാസിക്കുന്നു. മാർക്സിനെ പിന്തുടർന്നുകൊണ്ട് സുപ്രസിദ്ധ ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ ഗ്രാംഷി അധിനിവേശ ആശയങ്ങളോട് പോരാടുന്ന വ്യക്തികൾക്ക്, ജൈവ ബുദ്ധിജീവികൾക്ക് അധിനിവേശവിരുദ്ധ വർഗ്ഗബോധം വികസിപ്പിക്കാൻ കഴിയുമെന്നും നിരീക്ഷിക്കുന്നു. എന്നാൽ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ തങ്ങൾക്ക് പാർട്ടി അച്ചടക്കത്തിന് വിധേയമായി സ്വതന്ത്രമായി ചിന്തിക്കാനും ഗ്രാംഷി നിരീക്ഷിച്ചത് പോലെ ജൈവ ബുദ്ധിജീവിയായി പ്രവർത്തിക്കാനും സാധിക്കുമെന്ന ആശയം കൈവിട്ടു പോകുന്നു. ഒരു ജൈവ ബുദ്ധിജീവി വ്യക്തിത്വവും നേതൃ വൈഭവവും സമരസപ്പെടുമ്പോഴാണ് ഒരു ഉന്നതനായ കമ്മ്യൂണിസ്റ്റ് രൂപപ്പെടുന്നത്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ നേതാവായിരുന്നു വി.എസ്.

അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നിട്ടും അത് പ്രകടമാക്കിയിട്ടും അവസാനകാലം വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ തുടരാൻ കഴിഞ്ഞത്. എന്നുവെച്ചാൽ മാധ്യമങ്ങൾ വിലയിരുത്തുന്നത് പോലെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് കൊണ്ട് മാത്രമല്ല വിഎസ് ഉന്നതനായ നേതാവായി തീർന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ സംവിധാനത്തിലൂടെ മാത്രമേ ഒരു പോരാളിക്ക് സംഘടനാ വൈഭവവുമുള്ള ഒരു നേതാവായി ഉയർന്നുവരാൻ കഴിയൂ എന്ന ഉത്തമ ബോധ്യവും വിഎസിനുണ്ടായിരുന്നു. ജനസേവനത്തിനായി ആത്മാർപ്പണം ചെയ്ത വ്യക്തിത്വവും കമ്മ്യൂണിസ്റ്റ് സംഘടനാബോധവും തമ്മിലുള്ള സമജ്ഞസമായ സമന്വയമാണ് വിഎസ് അച്യുതാനന്ദൻ എന്ന നേതാവിനെ ഇത്രമേൽ പ്രിയങ്കരനാക്കിയത്. ഏതെല്ലാം സന്ദർഭങ്ങളിൽ തന്നെ തന്റെ നീക്കങ്ങൾക്കെതിരായി പാർട്ടി അച്ചടക്ക നടപടികൾ ഉണ്ടായിരുന്നിട്ടും അത് പക്വതയോടെയും ശാന്തമായും സ്വീകരിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് വെളിപ്പെടുത്തുന്നതും അതാണ്.
അച്ചടക്ക നടപടികൾക്ക് വിധേയനായി നിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ സംശുദ്ധി നിലനിർത്താനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് കളങ്കം വരാതെ ജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ തിളക്കമുള്ളതാക്കി മാറ്റി. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ച വി.എസ് തൻറെ ജന്മസിദ്ധമായ ബുദ്ധിവൈഭവത്തിന്റെ ഭാഗമായ അറിവിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം ശമിപ്പിക്കാൻ വായന, വിപ്ലവ പ്രവർത്തനത്തിന്റെ അഭേദ്യ ഭാഗമാക്കി മാറ്റി. ദേശീയ സർവദേശീയ സംഭവവികാസങ്ങളും ചരിത്രവും മാർക്സിസ്റ്റ് - ലെനിനിസ്റ്റ് കൃതികളും മറ്റു സാഹിത്യകൃതികളും ഹൃദിസ്ഥമാക്കി. ഇതിനെല്ലാം പുറമേ കേരളത്തിൻറെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രവും അന്ത:സത്തയും ആഴത്തിൽ ഉൾക്കൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്നത്തെ തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും നിത്യ പ്രചോദനമായി കൊണ്ട് വിടവാങ്ങിയ നീതിമാനായ പോരാളിക്ക് മുന്നിൽ ആദരം. പ്രണാമം.
