പലദിക്കുകളിലായ കൂട്ടുകാർ വല്ലപ്പോഴും വിളിക്കുമ്പോൾ, ക്ലാസ് റൂം ഓർമ്മകൾ പങ്കിടുമ്പോൾ ഓരോ തവണയും മുടങ്ങാതെ എന്നോട് ചോദിക്കും, ചന്ദ്രമോഹനൻ സാർ എന്തുപറയുന്നു? ക്ലാസിലെ മറ്റാരെക്കാളും പിൽക്കാലത്ത് ചന്ദ്രമോഹനൻ സാറുമായി ബന്ധം സൂക്ഷിക്കുന്നത് ഞാൻ മാത്രമായിരിക്കുമെന്നാണ് അക്കാലത്ത് ബാച്ച് മേറ്റ്‌സ് പ്രതീക്ഷിച്ചിരുന്നത്. ജീവിതത്തിൽ കടപ്പാട് ഏറെയുണ്ടെങ്കിലും ഡിഗ്രി പഠനം കഴിഞ്ഞ ശേഷം അദ്ദേഹത്തെ കാണാനോ വിളിക്കാനോ ഞാൻ ശ്രമിച്ചില്ല. പറയത്തക്ക കാരണമൊന്നും അതിനില്ല.
പത്താം ക്ലാസ് ജയിച്ചാലുടൻ കൊടുവായൂർ പഞ്ചായത്ത് ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കണമെന്നുള്ളത് ഹൈസ്‌കൂൾ കാലം മുതലുള്ള ആഗ്രഹമായിരുന്നു. ഏതെങ്കിലും പരീക്ഷ ജയിക്കുമെന്ന് സ്വയം ഉറപ്പിക്കാൻ സ്വന്തം കഴിവിൽ വലിയ ആത്മവിശ്വാസം ഒരു കാലത്തും ഉണ്ടാവാത്തതിനാൽ പത്താം ക്ലാസ് കടക്കുമെന്നുറപ്പില്ലായിരുന്നു. അതുകൊണ്ടു തന്നെ ലൈബ്രറി മെമ്പർഷിപ്പ് വിദൂര സ്വപ്നവുമായിരുന്നു. പക്ഷേ, കാലം ഓരോരുത്തർക്കും സസ്‌പെൻസ് ഒരുക്കി വെച്ചിട്ടുണ്ടാവുമല്ലോ. കൊടുവായൂർ പഞ്ചായത്ത് ലൈബ്രറി പിൽക്കാലത്ത് ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് പുസ്തകങ്ങൾക്കൊണ്ടും അംഗബലം കൊണ്ടും വളരെ ചെറിയ ഒരു സംവിധാനമാണ്. പുതിയ പുസ്തകങ്ങളുടെ വരവൊക്കെ കണക്കായിരുന്നു. ഏതു പുസ്തകമാണ് വായിച്ചു തുടങ്ങേണ്ടത്? ഏതൊക്കെ ഗ്രന്ഥകർത്താക്കളുടെ പുസ്തകമാണ് വായിച്ചു തുടങ്ങേണ്ടത്? വായനയിലെ തുടക്കക്കാരനാവശ്യമായ നിർദ്ദേശങ്ങൾ തരാനുള്ള സന്നദ്ധത ലൈബ്രേറിയനില്ലായിരുന്നു. വായനക്കാരായ ചങ്ങാതിമാരുമില്ല.
എഴുപതുകളിലെ സാംസ്‌കാരിക ചിന്തയുടെ കനൽ കൊണ്ടു നടന്ന ചന്ദ്ര മോഹനൻ സാർ പഠിപ്പിച്ചതു മുഴുവനും പരീക്ഷയ്ക്ക് ചോദിക്കാത്ത പാഠങ്ങളായിരുന്നു.
ഇപ്പോഴും വായിച്ചാൽ മനസിലുറയ്ക്കാത്ത നിരവധി സാമൂഹ്യ ശാസ്ത്ര സിദ്ധാന്തകൃതികൾ അക്കാലത്ത് വെറുതെ വായിക്കാനായി വീട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു വകയും മനസിലാക്കാൻ കഴിയാതെ മൂന്നാം ദിവസവും നാലാം ദിവസവും തിരികെക്കൊടുത്ത പുസ്തകങ്ങൾക്ക് കണക്കില്ല. (പിന്നീട് ആവശ്യമായി വന്ന കുറേ പുസ്തകങ്ങളെ മുന്നേ പരിചയപ്പെടാൻ കഴിഞ്ഞുവെന്നതാണ് ആ വൃഥാ ശ്രമം കൊണ്ടുണ്ടായ നേട്ടം.)
പുസ്തക വായനയിൽ വഴിതെറ്റി നടക്കുകയാണെന്ന് ഉറപ്പായത് ചന്ദ്രമോഹനൻ സർ മലയാളം ക്ലാസിലേക്ക് കേറി വന്നതു മുതലാണ്. അതൊരു സമാന്തര കോളജാണ്. കുറച്ചു കുട്ടികൾ. ബഹളങ്ങളില്ല. റെഗുലർ കോളജുകളിലേതുപോലെ വലിയ കെട്ടിടങ്ങളോ മൈതാനമോ ഒന്നിച്ചിരിക്കാനുള്ള ഇടങ്ങളോ ഉണ്ടായിരുന്നില്ല. പ്രഗല്ഭരായ അധ്യാപകരുടെ ക്ലാസുകളെക്കുറിച്ചുള്ള അനുഭവങ്ങൾ വായിക്കുമ്പോൾ നഷ്ടബോധം തോന്നുമെങ്കിലും ആശ്വാസമായത് ചന്ദ്രമോഹനൻ സാറിന്റെ ക്ലാസുകളായിരുന്നു. അമ്പതു മിനിറ്റ് ക്ലാസിൽ അവസാനത്തെ പത്തു മിനിറ്റ് മാത്രമാണ് അദ്ദേഹം പാഠഭാഗത്തെക്കുറിച്ച് സംസാരിക്കുക. എഴുപതുകളിലെ സാംസ്‌കാരിക ചിന്തയുടെ കനൽ കൊണ്ടു നടന്ന ചന്ദ്ര മോഹനൻ സാർ പഠിപ്പിച്ചതു മുഴുവനും പരീക്ഷയ്ക്ക് ചോദിക്കാത്ത പാഠങ്ങളായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടും മേതിൽ രാധാകൃഷ്ണനും ഒ. വി. വിജയനും സച്ചിദാനന്ദനും കെ. ജി. എസും സുബ്രഹ്മണ്യദാസും ജോൺ എബ്രഹാമും സൃഷ്ടിച്ച ഭാവുകത്വ വിപ്ലവങ്ങൾ, ആദിവാസി- ദളിത് രാഷ്ട്രീയം, ലെഫ്റ്റ് ലിബറലിസം, ഫെമിനിസം, എം. എൻ. വിജയൻ, നിത്യചൈതന്യ യതി, പി. കുഞ്ഞിരാമൻ നായർ, സിഗ്മണ്ട് ഫ്രോയ്ഡ്... ഇതൊന്നും ചരിത്ര വിദ്യാർത്ഥികളായ ഞങ്ങളുടെ രണ്ടാം ഭാഷയായ മലയാളം ടെക്സ്റ്റിൽ ഇല്ലാത്ത പാഠങ്ങളാണ്. ക്ലാസിലെപ്പോഴും വിയോജിക്കാനും അധ്യാപകരെ നിരന്തരം നിഷേധിക്കാനും ചോദ്യം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ലാസിൽ അദ്ദേഹം പറയുന്ന പേരുകളുമായാണ് പിന്നീട് ലൈബ്രറിയിലേക്ക് പോകുക. ചന്ദ്രമോഹനൻ സാറു പറഞ്ഞ എഴുത്തുകാരുടെ പുസ്തകങ്ങൾ അലമമാരകളിൽ നിന്ന് കണ്ടെടുക്കൽ ഏറെപരിചയമുള്ള കൂട്ടുകാരെ യാദൃശ്ചികമായി കണ്ടുമുട്ടുന്നതുപോലെ വിസ്മയകരമായിരുന്നു. വായനയിൽ എന്റെ വഴി തെളിഞ്ഞു തുടങ്ങുന്നതും സ്വന്തമായ അഭിരുചി രൂപപ്പെടുന്നതും അക്കാലത്താണ്. ക്ലാസ്‌റൂമിലെ ചർച്ചകൾ വർത്തമാനങ്ങൾ സ്വഭാവികമായും ക്ലാസ് മുറിയുടെ പുറത്തേക്ക് നീണ്ടു.
അവധി ദിവസങ്ങളിൽ ചന്ദ്രമോഹനൻ സാറിനെ കേൾക്കാൻ വേണ്ടി മാത്രം മൂന്നു ബസ് കയറി കൊല്ലങ്കോടുള്ള അദ്ദേഹത്തിന്റെ വാടക വീട്ടിലേക്ക് പോയിത്തുടങ്ങി. കൊടുവായൂർക്കുള്ള അവസാനത്തെ ബസ് വരുന്നതു വരെ സംസാരിച്ചിരിക്കും. സ്വയം സംസാരിക്കുന്ന ബൃഹത്തായ ഒരു പുസ്തകത്തെ കേൾക്കുന്ന അനുഭവമാണ് അദ്ദേഹത്തിന്റെ കൂടെയിരിക്കൽ. വാക്കുകളെക്കുറിച്ച് അമിതമായി ജാഗ്രത്താവുന്ന ശീലം ആ വർത്തമാനത്തിന്റെ ബാക്കികളിലൊന്നാണ്. നാലു വർഷത്തോളം ഗുരുകുല വിദ്യാർത്ഥിയെപ്പോലെ കൂടെക്കൂടി.
രണ്ടു വർഷം മുൻപ് പുതുനഗരത്തെ ബേക്കറിയിലിരുന്ന് ഒരുമിച്ച് ചായ കുടിച്ചപ്പോൾ സംസാരം തുടങ്ങിയത് ഫ്രാൻസിസ് നൊറോണയെക്കുറിച്ച് പറഞ്ഞാണ്. അവസാനിപ്പിച്ചതാവട്ടെ, ഡിസൈനിൽ സൈനുൽ ആബിദ് എന്ന ചെറുപ്പക്കാരൻ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ചും.
പുതിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കാൻ ആവശ്യപെടുന്ന അദ്ദേഹംതന്നെ സ്വയം ആവർത്തിച്ചു തുടങ്ങിയ ഏതോ നിമിഷത്തിൽ ക്ലാസിൽ ഞങ്ങളോട് പഞ്ഞതു പോലെ അധ്യാപകനെ ഉപേക്ഷിച്ച് ഞാൻ മുന്നോട്ടുനടന്നു. പുതിയ കാര്യങ്ങൾ പറയാത്ത ചന്ദ്രമോഹനൻ സാറിനെ കാണാനും വിളിക്കാനുമുള്ള താല്പര്യം കുറഞ്ഞു തുടങ്ങി. ജോലിയ്ക്കായി കോട്ടയത്തെത്തിയതോടെ അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിയാനും മെനക്കെട്ടില്ല. കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ ചിരിച്ചു.
ചന്ദ്രമോഹനൻ സാറിനെ മറികടന്ന് നടക്കാൻ ശ്രമിച്ച എനിക്ക് അദ്ദേഹത്തിൽ നിന്ന് അധികദൂരമൊന്നും സഞ്ചരിക്കാനായില്ലെന്നറിയാം. ചന്ദ്രമോഹനൻ സാറിന്റെ അടുത്തുതന്നെയാണ് ഇപ്പോഴും മനസ്സ്.
രണ്ടു വർഷം മുൻപ് പുതുനഗരത്തെ ബേക്കറിയിലിരുന്ന് ഒരുമിച്ച് ചായ കുടിച്ചപ്പോൾ സംസാരം തുടങ്ങിയത് ഫ്രാൻസിസ് നൊറോണയെക്കുറിച്ച് പറഞ്ഞാണ്. അവസാനിപ്പിച്ചതാവട്ടെ, ഡിസൈനിൽ സൈനുൽ ആബിദ് എന്ന ചെറുപ്പക്കാരൻ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ചും. ഇപ്പോൾ കുടുംബസമേതം എലപ്പുള്ളിയ്ക്ക് സമീപം സസുഖം താമസിക്കുന്നുണ്ട്.
പഠിക്കേണ്ടാത്ത പാഠങ്ങൾ പഠിപ്പിച്ച ചന്ദ്രമോഹനൻ സാറിന്റെ ക്ലാസുകളില്ലായിരുന്നെങ്കിൽ മറ്റൊന്നായി തീർന്നേനെ, ഈ എഴുത്തുപോലും.▮