വ്യക്തിയെ പ്രസ്ഥാനമെന്നും ഒന്നിനെ ഒന്നര എന്നുമൊക്കെ അടയാളപ്പെടുത്തുന്ന ഭാഷാരീതി മുമ്പുണ്ടായിരുന്നെങ്കിൽ, ഞങ്ങൾ കോഴിക്കോട്, സെന്റ് മൈക്കിൾസിലെ കുട്ടികൾ സൂസമ്മ ടീച്ചറെ ഒരൊന്നൊന്നര ടീച്ചർ എന്നു വിളിച്ചേനെ.
നല്ല പൊക്കം, അതിനനുസരിച്ച വണ്ണം, വൃത്തിയായി പിൻ ചെയ്ത സാരി, ഒതുക്കി കെട്ടിവെച്ച ചുരുണ്ട മുടി, കൈയ്യിലെ നീളൻ ചൂരൽ...ഇതൊക്കെയായിരുന്നു സൂസമ്മ ടീച്ചർ.
തല ഉയർത്തിപ്പിടിച്ച് നടക്കുന്ന സ്ത്രീകളെ അധികം കണ്ട് ശീലിച്ചിട്ടില്ലാത്ത എനിക്ക് ടീച്ചറിന്റെ നടപ്പ് ഇഷ്ടമായി. പിന്നീട് അത് വിദഗ്ധമായി എന്റെ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തു.
ചാക്കോ മാഷിന്റെ സ്ഥടികം സിനിമ അന്നിറങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ സൂസമ്മ ടീച്ചറെ രഹസ്യമായി ലേഡി ചാക്കോ എന്ന് ചിലർ എങ്കിലും വിളിച്ചേനെ.
ടീച്ചർ ഞങ്ങൾ കുട്ടികൾക്കൊപ്പം ബോർഡിംഗിലായിരുന്നു താമസിച്ചിരുന്നത്. അന്ന് ടീച്ചറെ കൂടാതെ അവിവാഹിതകളായ കുറെയധികം ടീച്ചർമാരും ബോർഡിംഗിൽ താമസമുണ്ടായിരുന്നു.
അവരും ഏതാണ്ട് ഞങ്ങൾ കുട്ടികളെ പോലെ തന്നെ മണിയടിക്കുമ്പോൾ പ്രാർത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന മുതിർന്ന കുഞ്ഞുങ്ങൾ.
സൂസമ്മ ടീച്ചർ നിയമാവലികൾക്കനുസരിച്ച് ഏതാണ്ട് 25 കൊല്ലം എങ്ങനെ ആ നാലുചുവരുകൾക്കുള്ളിൽ ജീവിച്ചു എന്നത് എനിക്കിന്നും അത്ഭുതമാണ്.
ചാക്കോ മാഷിന്റെ സ്ഥടികം സിനിമ അന്നിറങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ സൂസമ്മ ടീച്ചറെ രഹസ്യമായി ലേഡി ചാക്കോ എന്ന് ചിലർ എങ്കിലും വിളിച്ചേനെ.
ടീച്ചർ മനസ്സലിവുള്ള ആളാണെന്നും, ഒരുപാടുപേരെ സഹായിക്കാറുണ്ടെന്നും എന്റെ ഒരു കൂട്ടുകാരി പറഞ്ഞെങ്കിലും അത് വിശ്വസിക്കണ്ട എന്നായിരുന്നു എന്റെ തീരുമാനം.
പഠിക്കാത്തതിനുമാത്രമല്ല, മറ്റ് കുരുത്തക്കേടുകൾക്കും ടീച്ചറിന്റെ കയ്യിൽ നിന്ന്, അടി ചോദിച്ചുവാങ്ങിയ ഒരാൾ എന്ന നിലക്ക്, ടീച്ചറിനെ സ്‌നേഹിക്കുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
ടീച്ചർ പഠിപ്പിച്ച ഫിസിക്‌സ്, എന്റെ തലച്ചോറിന്റെ ഒരു ഭാഗത്തുപോലും ഇംപ്രിന്റ് ചെയ്തതായി ഓർക്കുന്നില്ല. കാരണം, എന്റെ ഇഷ്ടവിഷയം ഒരിക്കലും അതായിരുന്നില്ല. ഫിസിക്‌സ് ഇഷ്ടമില്ലാത്തതുകൊണ്ടാണോ ടീച്ചറെ ഇഷ്ടമില്ലാത്തത്, അതോ മറിച്ചാണോ എന്നതിനെ പറ്റി എന്റെ കുട്ടിതലച്ചോർ എന്നും ആശയ കുഴപ്പത്തിലായിരുന്നു. ടീച്ചറുടെ പ്രത്യേക വാൽസല്യത്തിന് അർഹരായവരിൽ ഒരിക്കലും ഞാനുണ്ടായിരുന്നില്ല എന്നുറപ്പാണ്. എന്നാലും കാഴ്ചയിൽ തീരെ ചെറിയ കുട്ടിയായിരുന്ന എന്നോട് നേരിയ ഇഷ്ടം ടീച്ചർക്ക് ഉണ്ടായിരുന്നപോലെ ഒരു തോന്നൽ എന്റെ ചില കൂട്ടുകാരികൾക്കുണ്ടായിരുന്നു. ഞാനാകട്ടെ, ടീച്ചറുടെ മുഖത്ത് നോക്കാൻ പോലും ധൈര്യമില്ലാത്ത ഒരു അരപ്രാണൻ.
ശരാശരിക്കാരിയുടെ സകല അപകർഷതാബോധവും കടപുഴക്കാൻ ടീച്ചർ എന്നെ നാടകത്തിൽ അഭിനയിപ്പിച്ചു, ഫാൻസി ഡ്രസിലും മോണോആക്ടിലുമൊക്കെ ചേരാൻ നിർബന്ധിച്ചു. നാടകത്തിൽ എഴുതിവെച്ച ഡയലോഗിനുപകരം സ്വന്തം ഡയലോഗ് പറഞ്ഞപ്പോൾ, താൻ ആള് കൊള്ളാമല്ലൊ എന്നുമാത്രം പറഞ്ഞു. (അന്നൊക്കെ അത് വലിയ ക്രൈം ആയിരുന്നു, എഴുതിവെച്ചതിനപ്പുറം പറയുക എന്നത്) ബോഡിംഗ് ഡേക്ക് വാർഡൻ സിസ്റ്ററിനെ കളിയാക്കി ഞാൻ ഒരു പാരഡി എഴുതിയപ്പോൾ ഗീത എന്ന കൂട്ടുകാരി, "അത്ര ധൈര്യമുണ്ടെങ്കിൽ നീ സൂസമ്മ ടീച്ചറെപ്പറ്റി പാരഡിയുണ്ടാക്ക് ' എന്നുപറഞ്ഞ് എന്നെ വെല്ലുവിളിച്ചതും, ഞാനത് കേൾക്കാത്തപോലെയിരുന്നതും ഭയം ഒന്നുകൊണ്ട് മാത്രമായിരുന്നു.
സ്‌കൂൾ കാലം കഴിഞ്ഞ് ഒരുപാട് വർഷത്തിനുശേഷം ബോർഡിംഗിൽ പോയ എനിക്ക് ചോറ് വിളമ്പിത്തന്നത് സൂസമ്മ ടീച്ചറായിരുന്നു. ടീച്ചർ അന്നും ബോർഡിംഗിലായിരുന്നു. പണ്ട് ഒപ്പമുണ്ടായിരുന്ന ടീച്ചർമാരിൽ പലരും കല്യാണം കഴിച്ച് ബോർഡിംഗ് വിട്ടു.
ഒമ്പതാം ക്ലാസിലെ വെക്കേഷനിലാണ്, എന്റെ ക്ലാസിലെ ശ്രീദേവി എന്ന കുട്ടി
മരിച്ചത്. സ്‌കൂൾ തുറന്നപ്പോൾ കേട്ട കഥകളിലൊന്ന്, അവൾ മരിക്കുന്നതിന്റെ തൊട്ടുമുമ്പ്, ഞങ്ങളുടെ ക്ലാസ് ടീച്ചറെ കാണണം എന്ന് പറഞ്ഞത്രേ എന്നതാണ്.
അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഏത് ടീച്ചറെ കാണണം എന്നായിരിക്കും പറയുക എന്നോർത്ത് ഞാൻ ദിവസങ്ങോളം കൺഫ്യൂസ്ഡ് ആയി. സൂസമ്മ ടീച്ചറെ മരിക്കുന്നതിനുമുമ്പ് കാണണം എന്ന് ആശിക്കുന്നതിനും ഒരു ധൈര്യം വേണമായിരുന്നു, അന്ന് എനിക്ക് അതുണ്ടായിരുന്നില്ല തീർച്ച.
ഒരിക്കൽ സയൻസ് എക്‌സിബിഷന് പോകാനുളള പണം കലക്റ്റ് ചെയ്യാൻ സൂസമ്മ ടീച്ചർ എന്നെയാണ് ഏൽപ്പിച്ചത്. ഞാൻ കയ്യിൽ ചുരുട്ടിക്കൂട്ടിയ നോട്ടുകൾ നിവർത്തിവെച്ച് എങ്ങനെയാണ് നോട്ട് സൂക്ഷിക്കേണ്ടത് എന്നെനിക്ക് പറഞ്ഞുതന്നു. കൊല്ലം എത്ര കഴിഞ്ഞിട്ടും ഇന്നും പഴ്‌സിൽ പണം വയ്ക്കുമ്പോഴും കൊടുക്കുമ്പോഴും സൂസമ്മ ടീച്ചറെ ഞാൻ ഓർക്കുന്നു.
സ്‌കൂൾ കാലം കഴിഞ്ഞ് ഒരുപാട് വർഷത്തിനുശേഷം ബോർഡിംഗിൽ പോയ എനിക്ക് ചോറ് വിളമ്പിത്തന്നത് സൂസമ്മ ടീച്ചറായിരുന്നു. ടീച്ചർ അന്നും ബോർഡിംഗിലായിരുന്നു. പണ്ട് ഒപ്പമുണ്ടായിരുന്ന ടീച്ചർമാരിൽ പലരും കല്യാണം കഴിച്ച് ബോർഡിംഗ് വിട്ടു.
""പഴയ ആളായിട്ട് ഞാൻ മാത്രമെയുള്ളൂ. നീ ഇനി വരുമ്പഴും ഞാൻ ഇവിടെ തന്നെ കാണും''; പൊതുവെ ചിരി വരാത്ത ആ മുഖത്ത് അതു പറയുമ്പോൾ നേരിയ വിഷാദച്ചിരി ഉണ്ടായിരുന്നപോലെ. പിന്നെ ഞാൻ സ്‌കൂളിൽ പോയത് വർഷങ്ങൾക്കുശേഷം, ഓണാഘോഷം ഉത്ഘാടനം ചെയ്യാനായിരുന്നു.
ഞാൻ ആദ്യം അന്വേഷിച്ചത് സൂസമ്മ ടീച്ചറെ ആയിരുന്നു.
ടീച്ചർ ബോർഡിംഗിലെ താമസം മതിയാക്കി, സ്‌കൂളിനടുത്ത് ഒരു വീട് വാങ്ങി അവിടെ താമസമാണെന്നും അറിഞ്ഞു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ടീച്ചറുടെ ഫോൺ; ഹൈക്കോടതിയിൽ ഒരു കേസ് കൊടുക്കണം മോളേ... എന്റെ പ്രമോഷനാണ് വിഷയം. കേസ് കൊടുത്തു, ടീച്ചർക്ക് അനുകൂലമായി വിധിയും വന്നു. രണ്ട് ദിവസത്തിനുശേഷം "നിനക്ക് ഫീസ് വേണ്ട എന്നല്ലേ പറഞ്ഞത്, ഇതിരിക്കട്ടെ' എന്ന കുറിപ്പുമായി ഒരു സൽവാർ കമ്മീസ് കൊറിയറിൽ എന്റെയടുത്തുവന്നു.
പിന്നീടൊരിക്കൽ, ഞാൻ ടീച്ചറെ അനേഷിച്ച് കോഴിക്കോട്ടെ വീട്ടിൽ പോയി. ഇടുങ്ങിയ വഴികൾക്കൊടുവിൽ ഒരു വീട്ടിൽ, 90 വയസ്സായ അപ്പനും ടീച്ചറും മാത്രം. പിറ്റിയൂറ്ററി ഗ്ലാന്റിൽ തുടങ്ങിയ പ്രശ്‌നം, ശരീരത്തിലെ മിക്ക അവയവങ്ങളെയും ബാധിച്ച് ഒടുക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലെത്തി, ഹോർമോണുകൾ നിലവിട്ട് പെരുമാറാൻ തുടങ്ങി. നാലോളം സർജറികൾ, സ്‌കൂൾ മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങൾ, സാമ്പത്തിക അക്ഷിതാവസ്ഥ, ഒറ്റപ്പെടൽ... അങ്ങനെ പലതും പറഞ്ഞു.
""93ൽ പ്രഗൽഭ ന്യൂറോ വിദ്ഗന്മാർ എനിക്ക് മൂന്നുകൊല്ലത്തെ ആയുസ്സാണ് വിധിച്ചത്. ഒരു സർജറിയും വിജയിക്കണമെന്ന് ഞാൻ ഇതുവരെ പ്രാർത്ഥിച്ചിട്ടില്ല, ആരുമറിയാതെ, അങ്ങ് മരിച്ചുപോയെങ്കിൽ എന്നുമാത്രം ആശിച്ച ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു.''
ഇന്ന് അപ്പനില്ല. ആ വലിയ വീട്ടിൽ ടീച്ചർ ഒറ്റയ്ക്കാണ്.
കണക്കും സയൻസും പഠിക്കാൻ ഇപ്പോഴും കുട്ടികൾ ടീച്ചറിന്റെ അടുത്തെത്തുന്നു.
""മോളേ, പിള്ളാർ പഠിക്കാൻ വരുന്നിടത്തോളം കാലം എനിക്കൊന്നും വരില്ല. കാരണം എന്റെ ജീവിതത്തിന് ഒരു പർപ്പസുണ്ടല്ലാ?
ഇതാണ് ഇന്നുരാവിലെ കൂടി ടീച്ചർ എന്നോടുപറഞ്ഞത്.
പ്രിയ സൂസമ്മ ടീച്ചർ, നിങ്ങൾ പഠിപ്പിച്ച ഫിസിക്‌സിലെ ഒരു ഫോർമുല പോലും എനിക്കിന്ന് ഓർമയില്ല, പക്ഷെ ടീച്ചർ ജീവിതത്തെ നേരിടുന്ന ഈ ഫോർമുല ഞാൻ മറക്കില്ല ഒരിക്കലും.▮