1981ൽ ഗ്രിസെലിഡിസ് റെയാൽ (Grisélidis Réal)എന്ന സ്വിറ്റ്സർലാന്റുകാരി കറുപ്പ് ഒരു നിറമാണ് എന്ന പേരിൽ ഒരു പുസ്തകമെഴുതി. അന്നവൾക്ക് അമ്പത് വയസ്സ്. കവിത, കഥ, രാഷ്ട്രീയ ലേഖനങ്ങൾ, ചിത്രരചന... അങ്ങനെ റെയാൽ ഇടപെട്ടിട്ടില്ലാത്ത ഇടങ്ങൾ കുറവായിരുന്നു. അവളുടെ വാക്കുകൾക്ക് യൂറോപ്പിൽ ശ്രോതാക്കളുണ്ടായിരുന്നു. അവൾ ഒരു മനുഷ്യാവകാശ പ്രവർത്തക കൂടിയായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട ലൈംഗിക തൊഴിലാളികളായ സ്ത്രീകളുടെ നായികയായിരുന്നു അവൾ. ബൗദ്ധിക അംഗീകാരങ്ങളിൽ അഭിരമിച്ച് വീഴാതെ അവൾ ഒരു തൊഴിലിൽ ഏർപ്പെട്ടു; ശരീരം വിൽപ്പന എന്ന തൊഴിലിൽ. ആ തൊഴിലിൽ ഏർപ്പെട്ട സഹജീവികളായ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ലോകത്തിനുമുമ്പിൽ ഉയർത്തിക്കാട്ടി.
1929ൽ സ്വിറ്റ്‌സർലാന്റിലായിരുന്നു ഗ്രിസെലിഡിസ് റെയാലിന്റെ ജനനം. ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ള ആ പേര് അവൾക്കുവേണ്ടി കണ്ടുപിടിച്ചത് അമ്മ തന്നെയാണ്. ക്ഷമയുടെ അവസാനവാക്കായ ഒരു ഫെയറി ടെയിൽ കഥാപാത്രത്തിന്റെ പേരായിരുന്നു അത്. ആറ് വയസ്സുള്ളപ്പോൾ അധ്യാപകനായ അച്ഛനൊപ്പം കുടുംബം ഈജിപ്തിലേക്കും പിന്നീട് ഏഥൻസിലേക്കും പോയി. ഏഥൻസിൽ വച്ചായിരുന്നു അച്ഛന്റെ മരണം. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും തുടർനാളുകളിൽ തന്നെ കൂടുതൽ വേട്ടയാടിയത് അമ്മയുടെയും സഹോദരിമാരുടെയും കർക്കശ രീതികളായിരുന്നുവെന്ന് റെയാൽ. അവളുടെ ഉള്ളിലെ റിബലിനെ വളർത്താൻ ഇത് മതിയായിരുന്നു. സ്‌കൂളിൽ അവൾ അനഭിമതയായിരുന്നു. കറുത്ത ആകർഷങ്ങളായ കണ്ണുകൾ ആയിരുന്നു അവൾക്കുണ്ടായിരുന്നത്. അവൾ ഒരു ജിപ്‌സിയെപ്പോലെ വേഷമണിയുകയും നൃത്തം ചെയ്യുകയും ചെയ്തു. ഈജിപ്ഷ്യൻ കുട്ടിപ്പിശാച് എന്നാണ് അമ്മ പോലും അവളെ വിളിച്ചത്.
പഠിച്ചത് കലയാണ്. ഇരുപതാം വയസ്സിൽ കല്യാണം. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി, സ്വരച്ചേർച്ചയില്ലായ്മക്കൊടുവിൽ വിവാഹമോചനം. അറുപതുകളുടെ തുടക്കത്തിൽ പുതിയൊരു ആൺതുണയും മക്കളുമൊത്ത് മ്യൂണിച്ചിലേക്ക് പോയി റെയാൽ. അറുപതുകളിലെ ജർമനിക്ക് വറുതിയുടെ മുഖമായിരുന്നു. ജർമനിയിൽ വച്ച് കൂട്ടുകാരനാണ് അവളെ ലൈംഗിക തൊഴിലിന് നിർബന്ധിച്ചത്. മൂന്ന് കുഞ്ഞുങ്ങളെ വളർത്താനുള്ള ബുദ്ധിമുട്ടിനൊടുവിൽ അവളും ആ വഴി തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
ഇടക്ക് മയക്കുമരുന്നുവിൽപ്പന നടത്തിയതിന് ആറുമാസം ജയിലിലുമായി. ആ ജയിൽവാസമാണ് എഴുത്തിന്റെയും വരയുടെയും സമാന്തരലോകം അവൾക്ക് മുന്നിൽ തുറന്നത്. ചെയ്തുകൊണ്ടിരുന്ന തൊഴിൽ താൽക്കാലികമായി നിർത്തിയെങ്കിലും ലൈംഗിക തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി യൂറോപ്പിൽ ഉയർന്ന വേറിട്ട ശബ്ദം റെയാലിന്റേതായിരുന്നു. 70 കളുടെ തുടക്കത്തിൽ പാരീസിൽ ലൈംഗിക തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തു റെയാൽ. ലൈംഗിക തൊഴിൽ ഒരു തെരഞ്ഞെടുപ്പാണെന്ന് പാരീസിലെ മീറ്റിംഗിൽ പങ്കെടുത്ത ലെെംഗിക തൊഴിലാളികൾ ഒറ്റശബ്ദത്തിൽ പറഞ്ഞു.
പാരീസിലെ മീറ്റിങ്ങിനുശേഷം ജനീവയിൽ തിരിച്ചെത്തിയ റെയാൽ ലൈംഗിക വൃത്തി തന്നെ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചു. എഴുത്തുകാരിയെന്ന നിലയ്ക്ക് പ്രശസ്തയായശേഷമായിരുന്നു ഇങ്ങനെ ഒരു തീരുമാനം. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ഇരട്ടമുഖത്തിനു നേരെയുള്ള ഒരു കാർക്കിച്ചു തുപ്പലായി ഇതിനെ കണക്കാക്കാം.
"ഞങ്ങളുടെ കുഞ്ഞുങ്ങളെ ക്രൂശിക്കാതിരിക്കുക.' എന്നൊക്കെ റെയാൽ തന്റെ ഒരു ലേഖനത്തിൽ എഴുതി. റെയാലിന്റെ വാക്കുകളിൽ ഞാൻ സൂസന്നയെ കണ്ടു. (ടി.വി. ചന്ദ്രന്റെ സൂസന്ന എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം. വൃദ്ധന്മാരുമായിട്ടുള്ള ഏർപ്പാട് നിർത്തിക്കൂടെ എന്ന് സുഹൃത്തായ പള്ളീലച്ചൻ ചോദിച്ചപ്പോൾ സൂസന്ന പറഞ്ഞ മറുപടി; "അവർ വൃദ്ധന്മാരല്ലേ, അവരെന്റെ കുഞ്ഞുങ്ങളാണ് അച്ചോ' എന്നതായിരുന്നു).
1970 ൽ സ്വിസ്സ് ടെലിവിഷനിൽ റെയാലിന്റെ ഒരു നീണ്ട ഇന്റർവ്യൂ വന്നിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനോടുള്ള തന്റെ അമർഷം റെയാൽ ഒരിക്കലും മൂടിവെച്ചിട്ടില്ല. തന്റെ മരണശേഷം പ്രൊട്ടസ്റ്റന്റുകാരുടെ അധീനതയിലുള്ള രാജകീയമായ സെമിത്തേരിയിൽ ഉറങ്ങണം എന്ന് റെയാൽ ആവശ്യപ്പെട്ടത്
മനഃപൂർവ്വമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം. എന്നാൽ ജനീവയിലെ യഥാസ്ഥിതികർക്ക് ഈ ഒരു ചിന്തപോലും അലോസരമുണ്ടാക്കുന്നതായിരുന്നു. ഉന്നത കുലജാതയായിരുന്ന പ്രേതങ്ങൾക്കൊപ്പം ഒരു ലെെംഗികത്തൊഴിലാളിയുടെ മരവിച്ച ശരീരം ഉൾക്കൊള്ളാൻ ജനീവയിലെ പ്രമാണിമാർക്ക് കഴിഞ്ഞില്ല. എന്നാൽ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും റെയാലിന്റെ അവസാന ആഗ്രഹത്തിനായി നിരന്തരം കലഹിച്ചുപോന്നു. ഒടുക്കം റെയാൽ ഉപേക്ഷിച്ചുപോയ ശരീരം വർഷങ്ങൾക്കുശേഷം പ്രൊട്ടസ്റ്റന്റുകാരുടെ സെമിത്തേരിയുടെ വാതിൽ കടന്നു അകത്തേക്ക് പോയി. പക്ഷേ റെയാലിന്റെ ശവകുടീരത്തിന് ആർഭാടങ്ങൾ പാടില്ല എന്ന് അധികൃതർ വാശിപിടിച്ചു. അതുകൊണ്ടുതന്നെ റെയാലിന്റെ ശവകുടീരം മറ്റുള്ളവയിൽ നിന്ന് വേറിട്ടുനിന്നു. ജനീവയിലെ ഒരു ശിൽപ്പി രൂപപ്പെടുത്തിയ ഒരു ഒറ്റക്കല്ല് ഫലകം മാത്രമേ റെയാലിന്റെ അവസാന ഉറക്കത്തിന് കാവലായി ഉള്ളൂ. ശവകുടീരത്തിന്റെ മുകളിൽ പേരിന് താഴെ ‘എഴുത്തുകാരി, ചിത്രകാരി, വേശ്യ’ എന്നിങ്ങനെ എഴുതി ചേർത്തിരുന്നു. വാടിയ റോസാപൂക്കൾ ആരോ അലക്ഷ്യമായി അവിടെ വച്ചിരിക്കുന്നത് കണ്ടു.
റെയാലിന്റെ അരികിലായിരുന്നു പ്രശസ്ത എഴുത്തുകാരനായ ബോർഹസിന്റെ ശവകുടീരം. ഒപ്പമുണ്ടായിരുന്ന ഫ്രഞ്ച്കാരൻ റെയാലിന്റെ നേതൃത്വത്തിൽ സെക്‌സ് വർക്കേഴ്‌സിന്റെ ഉന്നമനത്തിനായി നടത്തിയിരുന്ന സെന്ററിലേക്കുള്ള വഴി എനിക്കു പറഞ്ഞുതന്നു. ട്രാമും ബസ്സും മാറി കയറി ഞാൻ സെന്ററിലെത്തി. അതിന്റെ നടത്തിപ്പുകാരി സൗശീല്യമുള്ള ഒരു സ്ത്രീ ആയിരുന്നു. അവർ എനിക്കു കുടിക്കാൻ ഗ്രീൻടീയും കഴിക്കാൻ ബിസ്‌ക്കറ്റും തന്നു.
ജനീവയിലെ ഏറ്റവും വലിയ ഹോം ലൈബ്രറി റെയാലിന്റേതായിരുന്നു. പുസ്തകങ്ങളിൽ കുറച്ചു സെന്ററിലുമുണ്ട്. റെയാൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി, എന്റെ വീട് നിറയെ പുസ്തകങ്ങളാണ്. എന്റെ ശരീരം അന്വേഷിച്ചുവരുന്നവർക്ക് പലപ്പോഴും ആ കാഴ്ച രസിക്കാറില്ല. റെയാലിന്റെ എഴുത്ത് മുഴുവൻ ഫ്രഞ്ചിലായിരുന്നു. ഹെന്നിംഗുമായുള്ള അഭിമുഖത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുണ്ട്.
അവർ വരച്ച പെയിന്റിങ്ങുകളിൽ ചിലതും സെന്ററിലുണ്ട്. ഗോത്രഛായ പകരുന്ന മുഖംമൂടി അടിഞ്ഞ സ്ത്രീയുടെ പെയിന്റിംഗ് വല്ലാത്തൊരു അനുഭവമായിരുന്നു. അവൾക്ക് ലോകം കാണാനായി തൃക്കണ്ണ് കൂടി ചാർത്തി കൊടുത്തിട്ടുണ്ട് റെയാൽ. നമ്മൾ കാണുന്നതിലധികം കാണുന്നവളാണോ, അഥവാ
കാണേണ്ടവളാണെന്നോ ധ്വനിപ്പിക്കുന്ന പെയിന്റിംഗ് റെയാലിന്റെ സങ്കീർണ്ണമായ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. പശ്ചാത്തലത്തിലും മുഖത്തുമൊക്കെയായി കിനിഞ്ഞ് വീഴുന്ന ചോര തുള്ളികൾ സ്ത്രീത്വം കടന്നു പോകുന്ന കരുണയില്ലാത്ത വഴികളെയാവും സൂചിപ്പിക്കുന്നത്. അതേസമയം അവൾ ധീരയും നിശ്ചയാദാർഢ്യമുള്ളവളുമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ഭാവപൊലിമയും ആ ചിത്രത്തിനുണ്ട്. പൊരുതി നേടിയ ജീവിതമായിരുന്നല്ലോ ചിത്രകാരിയുടെയും.
ലൈംഗിക തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി റെയാൽ നടത്തിയ പോരാട്ടങ്ങളുടെ രേഖകൾ നാല് വലിയ അലമാരകളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട് സെന്ററിൽ. ലോകമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി റെയാൽ തുടങ്ങിവെച്ച സെന്റർ ഇന്നും നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
ബ്രഷും കാൻവാസും വാങ്ങാൻ കാശില്ലാതെ വരുമ്പോൾ താൻ സന്ദർശകർക്കായി കാത്തിരിക്കാറുണ്ടെന്ന് റെയാൽ ഒരിക്കൽ പറഞ്ഞു. ഒരു ആട്ടക്കഥാപുസ്തകത്തിനുവേണ്ടി താൻ ഒരു പുരുഷന്റെ കൂടി ശയിച്ചിട്ടുണ്ടെന്ന് സ്മാർത്ത വിചാരത്തിൽ കുറിയേടത്ത് താത്രി പറഞ്ഞത് ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്. താത്രി നിലവിലുണ്ടായിരുന്ന ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയെ, സ്വന്തം ശരീരംകൊണ്ട് പ്രതിരോധിച്ചു. സ്വന്തം ശരീരത്തിനെ തന്റെ തൊഴിൽ ഇടമായി പ്രഖ്യാപിച്ചു റെയാൽ. രണ്ട് പേരും രണ്ട് കാലഘട്ടത്തിന്റെ, രണ്ട് സാമൂഹിക വ്യവസ്ഥിതിയുടെ ഉൽപന്നങ്ങളായിരുന്നു. പക്ഷെ താരതമ്യം ചെയ്യാൻ പറ്റുന്ന എന്തൊക്കെയോ ഇവർക്കിടയിലുണ്ട്. സൗന്ദര്യമോ, ബുദ്ധിശക്തിയോ മാത്രമല്ല അത്, സത്യസന്ധമായ പ്രതിരോധത്തിന്റെ ഭാഷ രണ്ടുപേർക്കും അറിയാമെന്നതു കൂടിയാണ്.