പറളി: ജലസംസ്‌കൃതിയും സ്ഥലവിസ്തൃതിയും

ഒരു നാടിന്റെ സംസ്‌കാരത്തിലൂടെയും അതിന്റെ കണ്ണികളായ വ്യക്തികളിലൂടെയും ആ നാട്ടുകാരൻ തന്നെയായ ഒരു എഴുത്തുകാരന്റെ ഒരപൂർവ സഞ്ചാരമാണിത്. കേരളത്തിന്റെ രാഷ്ട്രീയത്തിലെയും സാംസ്‌കാരിക പ്രവർത്തനങ്ങളിലെയും ഇന്ത്യൻ മാധ്യമചരിത്രത്തിലെയും വിലപ്പെട്ട സാന്നിധ്യങ്ങൾ ഈ ദേശക്കഥയിലെ കഥാപാത്രങ്ങളാകുന്നു.

റളി എന്ന സ്ഥലനാമം കാൽപനികമോ ഭാവനാത്മകമോ എന്തെങ്കിലും സ്വപ്നാംശം ഉളളതോ അല്ലെന്നു മാത്രമല്ല, അത് ഏറെക്കുറെ പരുക്കനും പാരുഷ്യം നിറഞ്ഞതും ആളുകളെ അൽപം അകറ്റുന്നതുമാണെന്നതാണ് യാഥാർഥ്യം..!അതേസമയം, കൽപാത്തിപ്പുഴയും കണ്ണാടിപ്പുഴയും സംയോജിച്ച് ഭാരതപ്പുഴ അഥവാ നിള രൂപപ്പെടുന്ന സ്ഥലം എന്ന നിലയിലും ധാരാളം വയലേലകളും വനമേഖലകളും ഉൾപ്പെടുന്ന, അത്യധികം മനോഹാരിയായ ഒരു ഹരിതഭൂമി എന്ന നിലയിലും കാർഷിക ഗ്രാമം എന്ന നിലയിലും പറളി,പേരിലുളള അകാൽപനികതയെ ഭൂമിശാസ്ത്രപരമായ ആന്തരിക ഭാവം കൊണ്ട് സുന്ദരമായി മറികടക്കുകയും,ഭിന്ന നദികളെ- കണ്ണാടി കൽപാത്തിപ്പുഴകളെ- തന്നിൽ സമന്വയിപ്പിച്ച് ഏക നദിയാക്കി (ഭാരതപ്പുഴ/നിള) അന്തർവഹിക്കുന്നതുപോലെ, നിത്യാകർഷകത്വമുളള ഒരു കാല്പനിക ഭൂമികയെ തന്റെ സവിശേഷ ഘടകമാക്കി നിലനിർത്തുന്നുവെന്നതും ഒരു സത്യം മാത്രമാണ്. (പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയ്ക്കുളള പറളി, പാലക്കാട് നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയാണെങ്കിൽ, പറളിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ഇരുപതു കിലോമീറ്റർ സഞ്ചരിക്കാനുണ്ട്.മഹാരാഷട്രയിലും രാജസ്ഥാനിലും ഓരോ പറളിയുളളത് ഗൂഗിളിലൂടെ മാത്രം അറിയാനായിട്ടുളള കൗതുകകരമായ കാര്യമാണ്..!) എന്നാൽ പറളി എന്ന സ്ഥലനാമം പേരിനോട് ചേർത്ത് ഒരു എഴുത്തുപേരു സൃഷ്ടിക്കുമ്പോൾ തീർച്ചയായും ഇതൊന്നും അശേഷം ചിന്തിച്ചിരുന്നില്ലെന്നതാണ് സത്യം.

പറളി എന്ന വെല്ലുവിളി

പറളിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഓടനൂരിലാണ്​ ജനനമെങ്കിലും, ആ ദേശം പറളി പഞ്ചായത്തിൽ, പറളി വില്ലേജിൽ, പറളി പോസ്റ്റോഫീസിൽ നിലകൊള്ളുന്നു എന്നതാണ് രഘുനാഥൻ പറളി എന്ന പേര് രൂപപ്പെടാൻ കാരണമായതെന്ന് തുറന്നു പറയട്ടെ.സഞ്ജയന്റെ അൽപം ‘ക്രൂരമായ' ഒരു ഫലിതപ്രയോഗം (ഓർമയിൽ നിന്ന്) കടമെടുത്തുപറഞ്ഞാൽ ‘കോറമുണ്ട് കീറുന്ന ശബ്ദം പോലുളള പറളി' എന്നൊക്കെയുളള, സ്ഥലനാമത്തിന്റെ സൗന്ദര്യരാഹിത്യത്തെക്കുറിച്ച് വാസ്തവത്തിൽ പിന്നീട് മാത്രമാണ് ചിന്തിച്ചത്.

പക്ഷേ അപ്പോഴേക്കും പേര് ഉറച്ചുകഴിഞ്ഞു എന്നു വേണം പറയാൻ!

ഒരിക്കലും ഒരു ക്രിയേറ്റീവ് റൈറ്റർ ആയി, സർഗാത്മക എഴുത്തുകാരനായി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത, ഫിക്ഷനോ കവിതയോ എഴുത്തു മണ്ഡലമായിട്ടില്ലാത്ത എന്നെ സംബന്ധിച്ച്, എഴുത്തിൽ ദേശത്തിന്റെ സാന്നിധ്യം ഏറെക്കുറെ ശൂന്യമാണെന്നുതന്നെ പറയേണ്ടി വരും. പിന്നിട്ട കാൽനൂറ്റാണ്ട് കാലത്തെ സാഹിത്യരചനയിൽ കൂടുതൽ വിനിമയങ്ങളും നിരൂപണ മേഖലയായിരുന്നുവെന്നതും അതിന് പ്രധാന കാരണമാണ്..! മാത്രമല്ല, ഒരു നിരൂപകനെ സംബന്ധിച്ച് അയാൾ വായിക്കുന്ന രചനകൾ അയാളുടെ ദേശങ്ങൾ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു അഥവാ നിർണയിച്ചുകൊണ്ടിരിക്കുന്നു എന്ന ഒരു പ്രധാന പ്രത്യേകതയുമുണ്ട്. ജെയിംസ് ജോയ്‌സിന്റെ ഡബ്ലിനോ ഹെമിംഗ് വേയുടെ സ്‌പെയിനോ ആൽബേർ കാമ്യുവിന്റെ ആംസ്റ്റർഡാമോ എം.ടി യുടെ കൂടല്ലൂരോ കോവിലന്റെ കണ്ടാണിശ്ശേരിയോ സാറാ ജോസഫിന്റെ കോക്കാഞ്ചിറയോ (കുര്യച്ചിറ) ഒക്കെ ആയി ആ ‘വായനാദേശങ്ങൾ'രൂപപ്പെടുക മാത്രമല്ല, തുടർച്ചയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യാം. അതുപോലെ ലോകസാഹിത്യത്തിലും നമ്മുടെ സാഹിത്യത്തിലുമുളള ഭാവനാദേശങ്ങളും വായനക്കാരന്റെ യാഥാർഥ്യമായി ഭവിക്കാം.അത് സാഹിത്യത്തിന്റെ/എഴുത്തിന്റെ ശക്തിയും അതുവഴി സൃഷ്ടമാകുന്ന പ്രതീതി യാഥാർഥ്യവുമാണല്ലോ. ദേശ സങ്കല്പത്തിന്റെയും ദേശീയതയുടെയും ഭിന്നമാനങ്ങൾ അന്വേഷിക്കുന്ന ‘നേഷൻ ആന്റ് നരേഷൻ' (Nation and Narration - Homi Bhaba) പോലുളള ശ്രദ്ധേയമായ പഠനഗ്രന്ഥങ്ങളുണ്ടായിട്ടുളളതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. എന്നാൽ പേരിൽ ദേശത്തെ ചേർത്തു വെച്ചതൊഴിച്ചാൽ 25 വർഷത്തിലേറെയായുളള എന്റെ എഴുത്തിൽ- നൂറിലധികം വരുന്ന നിരൂപണ ലേഖനങ്ങളിലോ അതിലധികം വരുന്ന പുസ്തക നിരൂപണങ്ങളിലോ പറളി എന്ന സ്ഥലം പ്രതിഫലിക്കുന്ന യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് പറളിയെക്കുറിച്ചുളള ചിന്ത ഒരർത്ഥത്തിൽ കുഴക്കുന്ന ഒരു വെല്ലുവിളികൂടിയായിത്തീരുന്നതെന്നർഥം!

പറളി ഓടനൂർ പാലം

നാടിനോടുളള സ്‌നേഹം തിരിച്ചറിയാനല്ല, മറിച്ച്എഴുത്തിൽ അതിന്റെ സ്ഥാനം നിർണ്ണയിക്കാനാണ് വാസ്തവത്തിൽ ഏറെ പ്രയാസപ്പടുന്നതെന്നർഥം.അതിനാൽ അല്പം ആത്മനിഷ്ഠമായ ഓർമകളിലേക്കും അനുഭവങ്ങളിലേക്കും പറളിയുടെ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളിലേക്കും നീങ്ങുകമാത്രമാണ് എനിക്കു നാടുമായി ബന്ധപ്പെട്ട് സഞ്ചരിക്കാൻ കഴിയുന്ന മേഖലകൾ എന്നുസാരം; 1974ൽ (ജൂൺ) മാത്രം ജനിച്ച ഒരാൾക്ക്​ ദീർഘ ചരിത്രങ്ങളോ അനുഭവങ്ങളോ പങ്കുവെക്കാനുണ്ടാകില്ലെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ഇതു പറയട്ടെ.

ചരിത്രത്തിലേക്കുളളഒരു പാലം

പറളി എന്നത് ഏകദേശം 30 ചതുരശ്രകിലോമീറ്റർ (30.27) വിസ്തൃതിയുളള, 1949ൽ രൂപീകൃതമായ പഞ്ചായത്താണ്. എന്നാൽ സ്ഥലം എന്ന നിലയിൽ പറളി ചന്തപ്പുരയും ഒരു കിലാമീറ്റർ അപ്പുറത്തുളള പറളി കടവത്തും മാത്രമാണ് അതേ പേരു വഹിക്കുന്ന ഇടങ്ങൾ. കടവത്ത് അഥവാ കടവ് എന്നത് പാലം വരുന്നതിനു മുമ്പുളള തോണിക്കടവിനെ സൂചിപ്പിക്കുന്നു. 1852-ൽ ബ്രിട്ടീഷ് ഭരണകാലത്ത്, വ്യാപാര ആവശ്യങ്ങൾക്കായി, വെറും കുമ്മായച്ചാന്തും ഇഷ്ടികയും ഉപയോഗിച്ച്, ഡബ്‌ള്യു.ആർ.റോബിൻസൺ എന്ന എഞ്ചിനിയറുടെ മേൽനോട്ടത്തിൽ(വിയഡിസ് എന്ന സൂപ്രണ്ടിന്റെയും സഹായത്തോടെ), അടിയിൽ കമാനാകൃതിയിലുളള ഒമ്പതു വലിയ കണ്ണികളോടു കൂടി നിർമ്മിച്ച, പുരുളി ( Purrulli) പാലം, പറളിയുടെ ചരിത്രത്തിലേക്കുകൂടിയുളള ഒരു പാലം പോലെ- കാലപ്പഴക്കത്തിലുംഅധികം ജീർണ്ണിക്കാതെ ഇപ്പോഴും പറളിക്കാരുടെ ‘പഴയ പാലം' ആയി നിലനിൽക്കുന്നുണ്ട്.

പറളി പഴയ പാലവും പുതിയ പാലവും

പാലത്തിനു നടുവിൽ ഈ കാര്യങ്ങൾ കൊത്തിവെച്ചിട്ടുളളത് ശ്രദ്ധിച്ചു നോക്കിയാൽ ഇപ്പോഴും- 178 വർഷം പിന്നിടുമ്പോഴും- കാണാനാകും. (പഴയ ഈ പാലത്തിന് സമാന്തരമായുളള പുതിയ പാലത്തിലൂടെയാണ് ഇപ്പോൾ സംസ്ഥാനപാത കടന്നു പോകുന്നത്) ഈ പുരുളി പാലത്തിന്റെ പേരിൽ നിന്നാണ് പറളി എന്ന പേരുണ്ടായിട്ടുള്ളതെന്ന്​ പൊതുവിൽ അനുമാനിക്കപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തെക്കേ മലബാറിന്റെ ഭാഗമായിരുന്ന പറളി ശ്രദ്ധേയമായ ഒരു വാണിജ്യകേന്ദ്രമായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ സൃഷ്ടിച്ച ആഘാതങ്ങൾ പറളിയുടെ വാണിജ്യതകർച്ചയ്ക്ക് കാരണമായതായി കരുതുന്നു. വ്യക്തിഗതമായി, നദികളും പാലങ്ങളുമായി എനിക്ക് കൂടുതൽ ബന്ധമുണ്ടെന്നു പറയേണ്ടി വരും. കാരണം 1956ൽ നിർമ്മിതമായ ഓടനൂർ നിലംപതി പാലം (1956 ഡിസംബർ ആറിനായിരുന്നു ഉദ്ഘാടനം) കടന്നാണ് വീട്ടിൽ നിന്നു പറളിയിലേക്കു സഞ്ചരിക്കാൻ കഴിയുക. പത്താം വയസ്സുമുതൽ (അഞ്ചാം ക്ലാസ്സ്) ഒന്നര കിലോമീറ്റർ നടന്ന്, പാലം കടന്ന പറളി ഹൈസ്‌കൂളിലെത്തുന്നത് പത്താം ക്ലാസ്സിൽ ഒരു സൈക്കിൾ വാങ്ങുന്നതു വരെ തുടർന്നുവന്നു. അന്ന് ടാറിട്ട പാതയോ ബസ് റൂട്ടോ ആയിട്ടില്ലാത്ത മൺപാതയാണ് പറളി- ഓടനൂർ- കോട്ടായി- പൂടൂർ പാതയെന്നും ഓർക്കണം.

മഴക്കാലങ്ങളിൽ പാലത്തിലുരുമ്മി നിറഞ്ഞുപോകുന്ന കണ്ണാടിപ്പുഴ സ്ഥിരം കാഴ്ചയായിരുന്നു. നന്നേ ചെറുപ്പത്തിൽ അമ്മയോടൊപ്പവും ശേഷം സുഹൃത്തുക്കളുമായും പുഴയിൽ കുളിക്കാനെത്തുന്നതും, പുഴയിലെ ആഴമുളള ചില ഇടങ്ങളിലുളള (കയം എന്നു പൊതുവിൽ വിളിക്കുന്നത്) നീന്തലും വെളളത്തിലെ കളികളുംഒരിക്കലും മറക്കാനാവുന്നതല്ല. അച്ഛന് പതിനേഴ്​വയസ്സുളളപ്പോഴാണ് ഈ പാലം വരുന്നതെന്നതിനാൽ ചെറുപ്പത്തിലെ കടത്തിന്റെയും തോണിയുടേയും അനുഭവങ്ങൾ ഓർത്തുപറയുന്നത് കേട്ടിട്ടുണ്ട്.

മങ്കരയും കോട്ടായിയും മൂണ്ടൂരും കിഴക്കഞ്ചേരിയും പിരായിരിയും അതിർ പഞ്ചായത്തുകളായുളള പറളി ലോക്‌സഭാ മണ്ഡലവും നിയമസഭാ നിയോജകമണ്ഡലവും, 2011 വരെ പാലക്കാട് തന്നെയായിരുന്നു. പിന്നീട്​കോങ്ങാട്​ നിയോജകമണ്ഡലം 2011ൽ നിലവിൽ വന്നപ്പോൾ പറളി കോങ്ങാട് നിയമസഭാമണ്ഡലത്തിലായി. കൗതുകകരമായ കാര്യം, 1957ലെ ആദ്യ ഇലക്ഷനിൽ പറളി ഒരു നിയമസഭാ നിയോജക മണ്ഡലമായിരുന്നുവെന്നതും, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി (CPI) സ്ഥാനാർഥി നാരായണൻകുട്ടി സി.കെ ആണ് പറളിയിൽ നിന്ന് ജയിച്ചിരുന്നത് എന്നതുമാണ്. അദ്ദേഹം കോൺഗ്രസ്​ സ്ഥാനാർഥി കെ. ഗോപാലകൃഷ്ണൻ നായരെയാണ് പരാജയപ്പെടുത്തിയത്. തുടർന്ന് 1960ൽ പറളിയിൽ നിന്ന് വിജയിക്കുന്നത് ഇ.എം.എസ് മന്ത്രിസഭയിൽ ആരോഗ്യമന്ത്രി കൂടിയായിരുന്നഡോ.എ.ആർ. മേനോൻ ആണ്.

ഓർമഛായകൾ

പറളി ചന്തപ്പുരയിൽ, പറളി പഞ്ചായത്ത് ഓഫീസിന് തൊട്ടടുത്ത്സ്ഥിതി ചെയ്യുന്ന പറളി ഹൈസ്‌കൂളിലായിരുന്നു അഞ്ചു മുതൽ പത്തുവരെയുളള വിദ്യാഭ്യാസമെന്ന് സൂചിപ്പിച്ചുവല്ലോ. പ്രാഥമിക വിദ്യാഭ്യാസം ഓടനൂർ ജി.എൽ.പി സ്‌കൂളിലായിരുന്നു. ഈ രണ്ടു വിദ്യാലയങ്ങളുമായും ബന്ധപ്പെട്ട ചില ചരിത്ര സൂചനകൾ പരാമർശിക്കട്ടെ. 1946ൽ ഇപ്പോഴുളള സ്ഥലത്തു നിന്ന് അൽപം മാറി ആരംഭിച്ച ഹൈസ്‌കൂൾ വിദ്യാലയത്തിൽ, ആദ്യം ഏഴാം ക്ലാസ്സാണ് (പഴയതേർഡ്ഫോം) ആരംഭിക്കുന്നത്. പറളിയിൽ ‘ജാനകി വിലാസം' എന്ന വീട്ടിനടുത്ത് താൽക്കാലിക ഷെഡ്ഢിൽ അമ്പാട്ട് ജാനകിയമ്മയുടെ ഓർമയ്ക്കായാണ് സ്‌കൂൾ ആരംഭിക്കുന്നത്. അമ്പാട്ട് ജാനകിയമ്മ ആദ്യം വിവാഹം കഴിച്ചിരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സംസ്‌കൃത നാടക വിവർത്തകനും കവിയും മുൻസിഫ് വക്കീലും ഒക്കെ ആയിരുന്ന ചിറ്റൂർ താലൂക്കിലെ ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരെയായിരുന്നു. അദ്ദേഹം ചെയ്തിട്ടുളള, ഭവഭൂതിയുടെ ‘ഉത്തരരാമ ചരിതം' വിവർത്തനവും ‘ജാനകീപരിണയം' വിവർത്തനവും വളരെ പ്രശസ്തമാണ്. കേരളത്തിന്റെ ആദ്യ മന്ത്രിസഭയിൽ ആരോഗ്യവകുപ്പു മന്ത്രിയായിരുന്ന ഡോ.എ.ആർ. മേനോൻ, ജാനകിയമ്മയുടെയും ചാത്തുക്കുട്ടി മന്നാടിയാരുടെയും മകനാണ് എന്നതും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

പറളി ഹൈസ്കൂൾ

(ഡോ.എ.ആർ. മേനോന്റെ പുത്രനും കേരള നേഴ്‌സിംഗ് ഹോം ഉടമയും മികച്ച ഡോക്ടറുമായിരുന്ന- പാലക്കാട്ടുകാരുടെ വിജയൻഡോക്ടർ- കഴിഞ്ഞ മാസമാണ് അന്തരിച്ചത്) ആദ്യ ഒരു വർഷം ജാനകി മെമ്മോറിയൽ ഹൈസ്‌കൂൾ അഥവാ ജെ.എം.എച്ച് എന്ന പേരിലാണ് ഹൈസ്‌കൂൾ പ്രവർത്തിച്ചിരുന്നത്. ഡോ.എ.ആർ. മേനോന്റെ അർദ്ധസഹോദരൻ ഡോ.എ.എൻ. മേനോനാണ് മാതാവിന്റെ സ്മരണാർഥം സ്‌കൂൾ ആരംഭിക്കുന്നത്. തുടർന്ന് നടത്തിപ്പിലുളള ബുദ്ധിമുട്ടിനാൽ അടുത്ത വർഷം അവർ പുതിയ മാനേജ്‌മെന്റ് കമ്മിറ്റിയെ സ്‌കൂൾ ഏൽപ്പിക്കുകയായിരുന്നു. അങ്ങനെയാണ് നിലവിലുളള സ്ഥലത്ത് സ്‌കൂൾ പ്രവർത്തനം പിന്നീട് തുടർന്നത്. ആദ്യ വർഷം സ്‌കൂളിൽ അധ്യാപകനായി ചേർന്ന വേങ്ങശ്ശേരിയിൽ നിന്നുളള വിനാരായണൻമാസ്റ്റർ ഇപ്പോൾ പാലക്കാട് നഗരത്തിൽ മകനോടൊപ്പം ജീവിക്കുന്നുണ്ട്! അതുപോലെ, ഓടനൂർ ജി.എൽ.പി സ്‌കൂൾ, ഒരു ഏകാധ്യാപക വിദ്യാലയമായി 1925ൽ ആരംഭിച്ചതായിരുന്നു. കെ.സി. കോമ്പി മാസ്റ്ററുടെ പ്രത്യേക യത്‌നത്താലാണ് പ്രസ്തുത സ്‌കൂൾ ആരംഭിക്കുന്നത്. നാരായണൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. 1945 മുതൽ 33 കോമ്പി മാസ്റ്റർ അവിടെ പ്രധാന അധ്യാപകനായി തുടർന്നു. വലിയ സംസ്‌കൃത പണ്ഡിതനും ഉൽപതിഷ്ണുവുമായിരുന്ന കെ. കെ. ചാത്തുവായിരുന്നു പിതാവ്. അക്കാലത്ത് ജാതീയമായി അവഗണനയും തൊട്ടുകൂടായ്മയും അനുഭവിച്ചിരുന്ന പട്ടിക ജാതിയിൽ പെടുന്ന ആളുകൾക്ക് അദ്ദേഹം ബോധപൂർവം വീട്ടിനകത്ത് പ്രവേശനം നൽകുകയും നെല്ലിൽ അക്ഷരങ്ങളെഴുതാൻ പരിശീലിപ്പിക്കുകയും ചെയ്തു. ആദ്യകാലത്തെ ഏറ്റവും വിപ്ലവകരമായ ഒരു സാക്ഷരതായഞ്ജം കൂടിയായിരുന്നു ഇത്. നാരായണ ഗുരുവുമായി വലിയ ഹൃദയബന്ധമുണ്ടായിരുന്ന കെ. കെ. ചാത്തു, യാക്കരയിൽ ഒരു ക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് (ഇന്നത്തെ വിശ്വേശര ക്ഷേത്രം), ഗുരു പാലക്കാട് എത്തിയപ്പോൾ നേരിൽ ചെന്ന് സംസാരിച്ചിരുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊല്ലവർഷം 1106ൽ പ്രസിദ്ധീകൃതമായ ‘ജാതിദൈത്യാരി എന്ന സിവിൽ വ്യവഹാരം' എന്ന വളരെ വ്യത്യസ്തവും ബൃഹത്തുമായ പഠനഗ്രന്ഥത്തിന്റെ കർത്താവ് കൂടിയാണ് കെ. കെ. ചാത്തു. ‘ഈ വിസ്തൃത വ്യവഹാരം അനീതിയുടെ മുരടറുക്കുന്നതിനും ജാതിമേധാവിത്വത്തിന്റെ നട്ടെല്ലു തകർക്കുന്നതിനും പര്യാപ്തമാണ്. കൈതവാകൃതികളായ ശ്രുതി സ്മൃതികളെ തള്ളുകയും കൊള്ളുകയും ചെയ്തിട്ടുണ്ട്' എന്ന് കവിയും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന പളളത്ത് രാമൻ ഈ കൃതിയുടെ ആമുഖത്തിൽ- 1931 മാർച്ച് 5ന് എഴുതിയതിൽ സ്പഷ്ടമാക്കുന്നുണ്ട്.(പിന്നീട് ​കോമ്പി മാസ്റ്ററുടെ മകൾ ഭാനുമതിടീച്ചർ, സ്‌കൂളിൽ എന്റെ നാലാം ക്ലാസ്​ അധ്യാപികയായിരുന്നു) അധ്യയന/വിദ്യാലയ ഓർമകൾ പറയുമ്പോൾ എനിക്ക് ആദ്യാക്ഷരം കുറിച്ച ഭവാനി ടീച്ചറെക്കൂടി പ്രത്യേകം ഓർമിക്കട്ടെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സ്ഥാപിക്കപ്പെട്ട തേനൂർ ഈസ്റ്റ് എൽ.പി സ്‌ക്കൂൾ, തേനൂർ വെസ്റ്റ് യു.പി സ്‌ക്കൂൾ,കിണാവല്ലൂർ എൽ പി സ്‌ക്കൂൾ,എടത്തറ യു.പി.സ്‌ക്കൂൾ എന്നിവ പറളിയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളാണ്.

എന്നെ സംബന്ധിച്ച്, ഹൈസ്‌കൂൾ പഠന കാലത്ത് ‘ആത്മവ്യഥ' എന്ന പേരിൽ ഒരു കവിതയെഴുതി സമ്മാനം ലഭിച്ചതും, ഒരുഗണിത ക്വിസ്സിന് അബദ്ധത്തിൽ ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ ഗണിതാധ്യാപകനും സാഹിത്യ/സംഗീത തത്പരനുമായിരുന്ന സതീശൻമാസ്റ്റർ ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്' എന്ന കൃതി സമ്മാനമായി നൽകിയതും തമാശയും വൈരുധ്യവും നിറഞ്ഞ, അവിസ്മരണീയമായ സ്‌കൂൾ സ്മൃതികളാണ്. എന്നാൽ ഈ ‘പാത്തുമ്മയുടെ ആട്’ എന്നെ സാക്ഷാൽ ബഷീറിന്റെ വീട്ടിൽ തന്നെ-അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തിനാണെങ്കിലും- എത്തിച്ചുവെന്നത് ഇന്നും കൗതുകമുളള ഓർമയായി നിലനിൽക്കുന്നു. അക്കാര്യം വഴിയേ പറയാം.

പറളി ഹൈസ്‌കൂൾ, മനോജ് മാസ്റ്ററുടെ നേതൃത്വത്തിൽ, സംസ്ഥാത്തെ സ്‌കൂൾ സ്‌പോർട്‌സ്/അത്‌ലറ്റിക് ഭൂപടത്തിൽ പ്രധാനസ്ഥാനം നേടിയത് അടുത്ത കാലത്തെ ശ്രദ്ധേയമായ വാർത്തയാണല്ലോ.പി.യു. ചിത്രയുൾപ്പെടെ നിരവധി കായിക താരങ്ങൾ നാട്ടിൽ ഉയർന്നു വന്നു. പറളി ഹൈസ്‌കൂളിനു ശേഷം ഒറ്റപ്പാലം എൻഎസ്എസ് കോളേജിലും ചിറ്റൂർ ഗവ.ടിടിഐയിലും തുടർന്ന് സ്വകാര്യമായുമാണ് എന്റെ അക്കാദമിക പഠനം നീങ്ങിയത്.
പുസ്തകത്തിന്റെയോ ലൈബ്രറിയുടേയോ വലിയ പാരമ്പര്യമൊന്നുമില്ലാത്ത എനിക്ക് അച്ഛൻ പാലക്കാട് കളക്ടറേറ്റ് ലൈബ്രറിയിൽനിന്നെത്തിച്ച നിരവധി പുസ്തകങ്ങളും-ഒപ്പം മുടങ്ങാതെ വാങ്ങി വന്നിരുന്ന ബാലമാസികയുമാണ് കൃത്യമായി പറഞ്ഞാൽ എന്റെ ആദ്യകാല വായനയെ നിർണയിച്ചത്. (പാലക്കാട് കളക്ടറേറ്റിൽ പ്യൂണായി ജോലി ചെയ്തിരുന്ന പിതാവ് 42 വർഷത്തെ സർവീസ് ജീവിതത്തിന് ശേഷമാണ്, ഏവരുടേയും കൃഷ്‌ണേട്ടനായാണ്- കളക്ടറേറ്റിൽ നിന്ന് പിരിഞ്ഞത്. ടി.കെ. കൃഷ്ണൻ എന്നായിരുന്നു ശരിയായപേര്.) ശേഷം വായന, പറളിയിലെ തന്നെ ഏറ്റവും പഴക്കമുളള സ്ഥാപനമായ, പറളി പഞ്ചായത്ത് നേരിട്ട് നടത്തിയിരുന്ന കമലാനെഹ്‌റു മെമ്മോറിയൽ ലൈബ്രറിയിലേക്കു നീങ്ങുകയായിരുന്നു. അക്കാര്യത്തിൽ പറളിയിലെ ഈ ഗ്രന്ഥാലയത്തോട് എക്കാലത്തുമുളള വലിയ കടപ്പാട് എടുത്തു പറയേണ്ടതുണ്ട്.

പറളി പുരുളി പാലം ( 1852 )

ഇരുപതാം വയസ്സിലാണ് അല്പം ഗൗരവമായ രീതിയിൽ ചില എഴുത്തു ശ്രമങ്ങൾ ആരംഭിക്കുന്നത്. രഘുനാഥൻ ടി.കെ എന്നത് മാറ്റി രഘുനാഥൻ പറളി എന്ന് സ്​ഥലനാമം ചേർത്ത് ഒരു പ്രമുഖ പ്രസിദ്ധീകരണത്തിൽ, ആദ്യം പ്രസിദ്ധീകരിക്കുന്നത് ‘ഭാഷാപോഷിണി'യിലായിരുന്നു. (അതിനുമുമ്പുളള ഏതാനും ചില കഥാ കവിതാ പരീക്ഷണങ്ങളിൽ ആ പേര് അല്പം ദുർബലമായി പരീക്ഷിച്ചിരുന്നു എങ്കിലും). ‘ആറാമിന്ദ്രിയത്തിന്റെ അഭാവം' എന്ന പ്രസ്തുത ലേഖനം ഒരു പ്രതികരണ ലേഖനമായിരുന്നു. 1994 ഫെബ്രുവരിയിൽ ഭാഷാപോഷിണി പുരോഗമന കലാസാഹിത്യത്തെക്കുറിച്ചു നടത്തിയ ഒരു സംവാദത്തിന്റെ പ്രാരംഭമായി ചേർത്ത, ‘ഇനി വരുന്നത് പുരോഗമനത്തിന്റെ പൂക്കാലമാണ്' എന്ന ആശയം പങ്കിടുന്ന, ഇ.എം.എസിന്റെ ലേഖനത്തോടുളള വിയോജിപ്പായി ഏപ്രിലിലാണ് പ്രസ്തുത ലേഖനം പ്രസിദ്ധീകൃതമാകുന്നത്. ആധുനികതയുടെ ഘട്ടത്തെ ഉൾക്കൊള്ളാതെ അതു ഒരിക്കലും സാധ്യമാകില്ലെന്നായിരുന്നു പ്രധാന പ്രതികരണ വാദം. ചിറ്റൂരിലെ ഗവ.ടിടിഐ യിൽ ടീച്ചർ ട്രെയിനിംഗ് പൂർത്തിയാക്കി, മാർച്ചിലെ പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടം കൂടിയായിരുന്നു അത്. ഏപ്രിലിൽ പ്രസിദ്ധീകൃതമായ പ്രസ്തുത ലേഖനത്തിന് ആ പേരിലുളള വിലാസത്തിൽ എഡിറ്റർ വി.കെ.ബി നായരുടെ കത്തും നൂറു രൂപയുടെ ചെക്കും വൈകാതെ ലഭിക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തെ പിൻപറ്റി അന്ന് പറളിയിലെ രണ്ടു പ്രധാന വായനക്കാരും പാർട്ടി ഭാരവാഹി കൂടിയായ എന്റെ ഒരു അധ്യാപകനും പറളിയിൽ നിന്ന് ഇത് എഴുതിയത് ആര് എന്ന് അന്വേഷിക്കുന്നു..! പത്ത് വർഷം സീനിയറായ, സാഹിത്യ തത്പരനനും പറളി ഹൈസ്‌കൂളിലെ മലയാളം അധ്യാപിക രാജലക്ഷ്മി ടീച്ചറുടെ മകനുമായ സുഹൃത്ത് (രഘുവേട്ടൻ എന്ന് ഞാൻ വിളിക്കുന്ന) കെ. രഘുനാഥൻ എഴുതിയിട്ടുളളതാണ് ആ ലേഖനം എന്ന പൊതു ധാരണയിൽ അവർ എത്തുന്നു; പിന്നീട് അവർ തിരുത്തുന്നുണ്ടെങ്കിലും.

വൈകുന്നേരം ഒരുമിച്ച്​ പലപ്പോഴും ഇതേ രഘുവേട്ടനോടൊപ്പം പറളി റെയിൽവേ സ്റ്റേഷൻ വരെയൊക്കെ നടക്കാറുണ്ടായിരുന്നു. പറളി സ്റ്റേഷനും കോയമ്പത്തൂർ പട്ടാമ്പി റെയിൽ പാതയും അത്യന്തം ഹൃദയഹാരിയായ പ്രകൃതിരമണീയമായ കാഴ്ചയാണെന്നത് എടുത്തുപറയേണ്ടതുണ്ട്. 1862ലാണ്- 158 വർഷങ്ങൾക്കു മുമ്പാണ്- ഈ റെയിൽവേ ലൈൻ നിർമ്മിക്കപ്പെടുന്നത്. പഴയ സ്റ്റേഷന്റെ സ്ഥാനം മാറ്റി പറളി പുതിയ റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്നത്1984ൽ ആണ്.സ്റ്റേഷന്റെ സ്ഥാനം ഇപ്രകാരം മാറ്റുന്നത് ഇന്നത്തെ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലാണെന്നത് കൗതുകകരമായ അറിവായിരുന്നു.പരിചയപ്പെടുമ്പോൾ സ്വന്തമായി ഒരു സ്റ്റേഷനുണ്ടല്ലോ എന്ന് പറളി സ്റ്റേഷനെക്കുറിച്ച് തമാശപൂർവ്വം പറഞ്ഞ നരേന്ദ്രപ്രസാദിനെ പ്രത്യേകം ഓർക്കുന്നു. പാസഞ്ചർ ട്രെയിനുകൾ മാത്രം നിൽക്കുന്ന സ്ഥലം എന്നു കൂടി അദ്ദേഹം ഓർത്തുപറയുകയുണ്ടായി!

പറളി കഴിഞ്ഞുളള സ്റ്റേഷൻ മങ്കരയാണ്. സാങ്കേതികമായി ഒ.വി. വിജയന്റെ ജന്മസ്ഥലം കൂടിയാണ് മങ്കര. കാരണം അദ്ദേഹത്തിന്റെ അച്ഛൻ വേലുക്കുട്ടിയുടെ തറവാട് മങ്കര ഊട്ടുപുലാക്കൽ ആയിരുന്നു. അമ്മ കമലാക്ഷിയുടെ വീട് വിളയഞ്ചാത്തനൂർ ആയതിനാൽ വിജയന്റെ ജനനം അവിടെയായിരുന്നു. വിജയന്റെ അമ്മയുടെ അച്ഛൻ ഇ.കെചാമി, അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനായുളള 1925ലെ കൽപാത്തി സമരത്തിൽ പങ്കെടുത്ത ആളും സമരത്തിന്റെ ഭാഗമായി കെ.വി. കിട്ട എന്ന ജോണിനോടൊപ്പം തോമസ് ആയി മതപരിവർത്തനം ചെയ്ത ആളുമായിരുന്നു. വിജയൻ എഴുതിയ ‘മങ്കര'എന്ന വലിയ രാഷ്ട്രീയമാനങ്ങളുളള കഥ ആരംഭിക്കുന്നത്, ‘കോയമ്പത്തൂർ നിന്നുളള പാസഞ്ചർ വണ്ടി ഒരു സന്ധ്യയ്ക്ക് മങ്കര സ്റ്റേഷനിലെത്തി' എന്ന വാക്യത്തോടെയാണ്!

കെ.സി.കെ രാജ

വൈകുന്നേരത്തെ യാത്രകളിലൊന്നിലാണ് 1992ൽ ജ്യേഷ്ഠസുഹൃത്ത് ​രഘുവേട്ടൻ (പിന്നീട് അദ്ദേഹം എം.ജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി പറളി വിടുകയായിരുന്നു. എങ്കിലും പിന്നീട് ആദ്യവിമാന യാത്ര ഞങ്ങൾ ഒരുമിച്ച്നടത്തിയിട്ടുണ്ട്. 2011 മെയ് 23ന് കോയമ്പത്തൂരിൽ നിന്ന് ഗോവയ്ക്കായിരുന്നുആയാത്ര) പറളിയിലെ ശ്രീരാഗംവീട്ടിൽ വിശ്രമജീവിതം നയിക്കുന്ന പ്രമുഖ പത്രപ്രവർത്തകൻ സി.പി. രാമചന്ദ്രനെ എനിക്കു നേരിൽ പരിചയപ്പെടുത്തുന്നത്. സി.പിയുടെ സഹോദരീഭർത്താവും സി.പി യുടെ തന്നെ സതീർഥ്യനുമായ കെ.സി.കെ രാജയുടെയും സഹോദരി സരോജത്തിന്റെയും വീടായിരുന്നു ശ്രീരാഗം. 1917ൽ ജനിച്ച, സാമൂതിരി രാജവംശത്തിന്റെ ഭാഗമായുളള കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തിൽ അംഗമായിരുന്ന കെ.സി.കെ. രാജ, ഒരുസ്വാതന്ത്ര്യസമര സേനാനിയായിട്ടാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്.

കെ.സി.കെ രാജ

ബി.എസ്.സി പഠനത്തിനു ശേഷം കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂളിൽ ജോലി ചെയ്തിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുമായി ഉണ്ടായിരുന്ന സജീവ ബന്ധത്തിന്റെ പേരിൽ നിരന്തരം പോലീസ് അന്വേഷണം നേരിടേണ്ടിവന്നതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ച് ബാംഗ്ലൂരിലേക്കു പോകുകയായിരുന്നു. അവിടെയും രണ്ടു ജോലികൾ- ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റിലും കോലാർ ഗോൾഡ് ഫീൽഡിലും- പാർട്ടി ബന്ധം ആരോപിക്കപ്പട്ടതിനെത്തുടർന്ന് അദ്ദേഹത്തിനു നഷ്ടമാകുന്നു. അപ്പോഴും കോലാറിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ദൗത്യത്തിലേർപ്പെടുന്നു. ഇതിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാകുന്നു. തുടർന്ന് ജയിൽ ചാടുകയും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ഒടുവിൽ ജയിൽമോചിതനായി 1948ൽ നാട്ടിലെത്തിയതിനു ശേഷം തൊട്ടടുത്ത വർഷമാണ്​ വിവാഹിതനാകുന്നത്. കോളേജിൽ ഒപ്പമുണ്ടായിരുന്ന സി.പി.യുമായുളള കെ.സി.കെ.രാജയുടെ അടുത്തബന്ധമാണ് യഥാർഥത്തിൽ ഈ വിവാഹത്തിൽ കലാശിക്കുന്നത് എന്നു പറയാം. (അഞ്ചു മക്കൾ ജനിക്കുമ്പോഴും, പാർട്ടി പ്രവർത്തനത്തിൽ വ്യപൃതനായിരുന്ന ഭർത്താവിനെക്കുറിച്ച് സി.പിയുടെ സഹോദരി പറഞ്ഞത് നന്നായി ഓർക്കുന്നു. ഇരുപതും മുപ്പതും ദിവസങ്ങൾ, യാതൊരു ആശയവിനിമയവുമില്ലാതെ കെ.സി.കെ.വിട്ടുനിന്ന സാഹചര്യങ്ങളും ആ ഏകാന്ത ജീവിതത്തിന്റെ കാഠിന്യവും അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു.) പിന്നീട്, സ്വാതന്ത്ര്യാനന്തരം പാർട്ടി മുഖ്യധാരയിലെത്തിയപ്പോൾ, ആദ്യ ഇലക്ഷനിൽ മലപ്പുറം നിയോജകമണ്ഡലത്തിൽ കെ.സി.കെ. കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെടുന്നു. ആ ഇലക്ഷനിൽ പരാജയപ്പെടുമ്പോൾ വമ്പിച്ച സാമ്പത്തിക നഷ്ടം കൂടിഉണ്ടാകുന്നുണ്ട്. പിന്നീട് ഇഎംഎസ് ഗവൺമെന്റ് ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുമ്പോൾ, രാജകുടുംബമായതുകൊണ്ടുതന്നെ കൈവശമുളള ധാരാളം ഭൂസ്വത്തെല്ലാം കൈവെടിഞ്ഞ് പൂർണ നിസ്വനായിത്തീരുകയാണ് കെ. സി . കെ രാജ. 1958ൽ കോവിലകം വിടുന്നതും, പാലക്കാടിനടുത്ത് തേനൂരിലെ കോലോത്ത് താമസം തുടങ്ങിയതും ഇതിനോടു ചേർന്നാണ്. നാലു വർഷം തേനൂരിൽ താമസിച്ചതിനു ശേഷമാണ് ‘62ൽ പറളിയിലെത്തുന്നത്. ഒപ്പം അദ്ദേഹം കമ്മൂണിസ്റ്റ് പാർട്ടിയുമായുളള ബന്ധം പാടേ ഉപേക്ഷിക്കുകയും ഒരു ഗാന്ധിയനായിത്തീരുകയും പൂർണമായി അധ്യാത്മികതയുടെ പാതയിലേക്കു നീങ്ങുകയുമായിരുന്നു. ഉപജീവനത്തിനായി ട്യൂഷൻ ക്ലാസ്സുകൾ എടുക്കുകയും ഖാദിയിൽ ജോലി ചെയ്യുകയും വസ്ത്രങ്ങൾ വീടുകളിൽ ചെന്നു വിൽക്കുകയും ചെയ്തിട്ടുണ്ട് കെ.സി.കെ.

കമ്യൂണിസം തന്നെ എന്തു ജോലിയും ചെയ്യാൻ പര്യാപ്തനാക്കി എന്നായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ പൂർവ്വകാലത്തെ ഓർമിച്ചിരുന്നത്. ആത്മപരിത്യാഗത്തിന്റെയും സത്യസന്ധതയുടെയും മൂർത്തീഭാവമായി കെ.സി.കെയെ നേരിൽ അറിയാൻ ആയത്, അദ്ദേഹം സൗജന്യമായി വീട്ടിൽ നടത്തിയിരുന്ന സംസ്‌കൃതം ക്ലാസ്സുകളിൽ ഹൈസ്‌കൂൾ കാലത്ത് വിദ്യാർഥിയായി എത്താൻ കഴിഞ്ഞപ്പോൾ ആയിരുന്നു. (1998 ഡിസംബർ 17ന് കെ. സി. കെ രാജയും 2016 ഫെബ്രുവരി 24ന് പത്‌നി സരോജം എന്ന സരോജനിയമ്മയും അന്തരിച്ചു).

സി.പി. രാമചന്ദ്രൻ

മുമ്പ് ഹൈസ്‌കുൂൾ പഠന ഘട്ടത്തിൽ, മേൽ സൂചിപ്പിച്ച സംസ്‌കൃതം ക്ലാസ്സുകൾക്കായി ശ്രീരാഗത്തിൽ എത്തുമ്പോൾ, മുഖത്ത് ഭയജനകമായ തീക്ഷ്ണതയും കൈയ്യിൽ പലപ്പോഴും നിറഞ്ഞ മദ്യ ചഷകവുമായി ഇരിക്കുന്ന ഒരു ‘അസംസ്‌കൃത' മനുഷ്യനായി മാത്രമാണ് സി.പിയെ കണ്ടിരുന്നുള്ളൂ. ഈ പരിചയപ്പെടലിനു ശേഷം 1997 ഏപ്രിൽ1 5ന് അദ്ദേഹം അന്തരിക്കുന്നതു വരെയും ഏറെക്കുറെ അവിടെ ഒരു നിത്യ സന്ദർശകനാകാൻ എനിക്കു കഴിഞ്ഞു. 1986ൽ ഹിന്ദുസ്ഥാൻ ടൈംസ് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച് പറളിയിൽ നിശ്ശബ്ദ ജീവിതം നയിക്കുകയായിരുന്നു സി പി.

ഫ്രീ തിങ്കിംഗ്, മാൻ ഓഫ് ദി വീക്ക്, ലാസ്റ്റ് വീക്ക് ഇൻ പാർലിമെന്റ് തുടങ്ങിയ തന്റെ വിശ്രുതമായ കോളങ്ങളിലൂടെ ഇന്ത്യൻ പത്രലോകത്ത്- ശങ്കേഴ്‌സ് വീക്ക്‌ലിയിലും ഹിന്ദുസ്ഥാൻ ടൈംസിലും- ഒരു കാലത്ത് പുതിയ അധ്യായങ്ങൾ രചിച്ച സൂക്ഷ്മദൃക്കായിരുന്നു സിപി. ബി. ജി. വർഗീസിനെ പുറത്താക്കിയ പശ്ചാത്തലത്തിൽ, സ്വന്തം പത്ര ഉടമയായ ബിർളയ്‌ക്കെതിരെ കേസുകൊടുത്ത സന്ദർഭം പുതിയ ചരിത്രം പോലുമായി. പത്രലോകത്ത് എത്തുന്നതിനു മുമ്പ് കരസേനയിലും നാവികസേനയിലും സേവനമനുഷ്ഠിച്ചിട്ടുളളതും തുടർന്ന് അഴീക്കോടൻ രാഘവനോടും ഇ.എം.എസിനോടും എ.കെ.ജിയോടുമെല്ലാം ഒപ്പം തോൾചേർന്നു പ്രവർത്തിച്ച ഒരു സജീവ കമ്യൂണിസ്റ്റായതും സി.പിയുടെ ജീവിതത്തെ സമാനതകളില്ലാത്ത ഒന്നാക്കി മാറ്റി. പലരും പല ഘട്ടത്തിൽ അഭ്യർഥിച്ചിട്ടും അദ്ദേഹം പക്ഷേ ഒരു ആത്മകഥ എഴുതാൻ തയ്യാറായില്ല.

എനിക്ക് അദ്ദേഹവുമായി ദീർഘമായി സംസാരിക്കാനും ആയത് റെക്കോർഡു ചെയ്യാനുമുളള അനുവാദം ജീവിതാവസാനത്തോടെ അദ്ദേഹം നൽകി എന്നത് ഇപ്പോഴും അവിശ്വസനീയമായ ഒരു കാര്യമാണ്. ഒരു പക്ഷേ എന്നോട് തോന്നിയ വാത്സല്യവും എഴുത്തിൽ തോന്നിയ പ്രതീക്ഷയുമായിരിക്കാം ഒരു ദീർഘ സംഭാഷണത്തിന് സമ്മതം മൂളാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുക എന്നാണ് ഇപ്പോഴും കരുതുന്നത്. ഇരുപത്തിമൂന്നോളം കാസറ്റുകളിലായി അന്ന് രേഖപ്പെടുത്തിയ ആ സംഭാഷണം- പലപ്പോഴും അത് ഓൺ റെക്കോർഡ്/ഓഫ് റെക്കോർഡ് സംഭാഷണമായിട്ടുണ്ട് എന്നത് മറ്റൊരു സത്യം. കാരണം ചിലത് സംസാരിക്കുമ്പോൾ റെക്കോർഡ് ചെയ്യേണ്ട എന്ന് മുൻകൂറായി പറയുമായിരുന്നു..! പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസ് മീറ്റിലോ ഏതെങ്കിലും പരിപാടികൾക്കിടയിലോ കണ്ടാൽ, അല്പം സംശയത്തോടെ സൂക്ഷിച്ചു നോക്കുമായിരുന്നു എന്നത് സി.പിയ്ക്ക് എപ്പോഴും തമാശ നിറഞ്ഞ ഓർമയായിരുന്നു. ഒരു സിനിമ കാണുന്നതിനിടെ നെഹ്‌റു ഉറങ്ങിപ്പോയ കാര്യവും സജീവമായി ഓർമയിലുണ്ടായിരുന്നു.

സി.പി. രാമചന്ദ്രൻ

അക്കാര്യങ്ങൾ പറയുമ്പോഴും സി.പി ഉറക്കെ ചിരിക്കുമായിരുന്നു. സംഭാഷണം തുടരുമ്പോൾ, ഇത്​ മനസ്സിനെ മഥിക്കുന്ന അഭിമുഖമാണെന്ന് ഇടയ്ക്കു പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മരണം പെട്ടന്നും അപ്രതീക്ഷിതമായിട്ടുമായിരുന്നു. അത് കുറെ കാര്യങ്ങൾ അപൂർണമാക്കി അവശേഷിപ്പിച്ചു എന്നത് വാസ്തവമാണ്. പറളിയിൽ ജീവിച്ച ഒരു ദശകത്തിലേറെക്കാലം അദ്ദേഹം നാട്ടിലെ ആബാലവൃദ്ധം ആളുകളുമായും സംവദിച്ചുകൊണ്ടിരുന്നു എന്നത് രസകരമായ കാര്യമാണ്. ഏട്ടൻമാമ എന്നാണ് എല്ലാവരും സി.പിയെ വിളിച്ചിരുന്നത്.

പറളിയിലെ അറിയപ്പെടുന്ന സെക്‌സ് വർക്കർ ആയിരുന്ന സുന്ദരി എന്ന സ്ത്രീയെ ടൗണിൽ കാണുമ്പോഴെല്ലാം സി.പി നാട്ടുകാരുടെ അമ്പരപ്പ് അശേഷം ഗൗനിക്കാതെ അവരോട് സംസാരിക്കുകയും ഇടയ്ക്ക് അവർ ചോദിക്കുമ്പോൾ പണം നൽകുകയും ചെയ്യാറുണ്ടായിരുന്നു. വാസ്തവത്തിൽ അത് മനുഷ്യത്വത്തിന്റെ മാത്രം പ്രകാശനമായിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ മരണാനന്തരം, റെക്കോർഡ് ചെയ്തസംഭാഷണം മുഴുവൻ സുഹൃത്ത് കെ. പി. രാജേഷിന്റെ സഹായത്തോടെ ക്രമീകരിച്ചെടുക്കുകയും, ആനുകാലികങ്ങളിൽ വന്ന ശ്രദ്ധേയമായ മറ്റു ചില ഫീച്ചറുകളും സിപിയെക്കുറിച്ച് ഒ. വി. വിജയനും പി. ഗോവിന്ദപ്പിളളയും ഉൾപ്പെടയുളള പ്രമുഖർ എഴുതിയ ചില പ്രധാന ലേഖനങ്ങളും കൂടി ഉൾക്കൊളളി്ച്ച് 2001ൽ അദ്ദേഹത്തെക്കുറിച്ച് ‘സി. പി. രാമചന്ദ്രൻ' എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്, അതിന്റെ എല്ലാ പരിമിതികളും നിലനിൽക്കെത്തന്നെ ഒരു നേട്ടമായി എണ്ണുന്നു.

സി.പി; ‘ഗുരുസാഗര'ത്തിലെ കുഞ്ഞുണ്ണി

ഒറ്റപ്പാലത്താണ് സി.പിയുടെ ജനനമെങ്കിലും ഏറെക്കുറെ പറളിക്കാരനായാണ് അദ്ദേഹത്തിന്റെ മരണം എന്നു പറയേണ്ടി വരും. ‘സി. പി ക്ക് എത്രയോ താഴെ ആണ് സ്വാതന്ത്ര്യാനന്തരമുളള മാധ്യമക്കച്ചവടം അതിന്റെ കമ്പോളനീക്കങ്ങൾ നടത്തിയത്. അതിൽ സി.പിക്ക് കൈയ്യില്ലായിരുന്നു താൽപര്യവുമില്ലായിരുന്നു... ‘സമകാലിക ഭാരതത്തിലെ നാലോ അഞ്ചോ വലിയ മനുഷ്യരെ ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ സംശയം കൂടാതെ അവരിൽ ഒരാളുടെ പേര് ഞാൻ പറയും- പറളിക്കാരൻ, പാലക്കാടൻ ചിറ്റേനിപ്പാടത്ത് രാമചന്ദ്രൻ' എന്ന് ഒ. വി. വിജയൻ സി. പി അന്തരിച്ചതിന് പിറ്റേന്ന് എഴുതിയത് അതുകൊണ്ടുകൂടിയാണ്. വിജയന് ഗുരുതുല്യമായ ആദരവും സ്‌നേഹവുമായിരുന്നു സി.യോട്. ‘ഐതിഹാസിക കാപട്യങ്ങളെ തന്റെ തൊഴിലിലും വ്യക്തിജീവിതത്തിലും വർജ്ജിച്ച സിപി യുടെ ചുറ്റും എണ്ണമറ്റ രസക്കയറുകൾ അറ്റു കിടന്നു' എന്ന് സൂക്ഷ്മമായി എഴുതാൻ, ഒരു ഘട്ടത്തിൽ സഹപ്രവർത്തകൻ കൂടിയായിരുന്ന വിജയന് ഏറെ ചിന്തിക്കേണ്ടി വന്നിരിക്കില്ല!തന്റെ പുസ്തകങ്ങൾ പ്രസിദ്ധീകൃതമാകുമ്പോൾ വിജയൻ ‘സി.പിക്ക്​ സനേഹപൂർവം’ കോപ്പി ഒപ്പിട്ട് അയയ്ക്കുന്നത് പതിവായിരുന്നു.

പറളി ഓടനൂരിൽ നിന്നുളള ദൃശ്യം

‘ഗുരുസാഗര'ത്തിലെ കുഞ്ഞുണ്ണിയിൽ സി.പികൂടി ഉണ്ടായിരുന്നു. കാരണം വിജയനിൽ അത്രമേൽ സി.പി ഉണ്ടായിരുന്നു. പിന്നീട് കോട്ടയത്തെ വീട്ടിൽ വെച്ച് സംസാരിക്കുമ്പോൾ വിജയൻ പറഞ്ഞത്, ‘സി.പിയുടെ ചില ഗഹനാംശങ്ങൾ..' എന്നു മാത്രമായിരുന്നു; നേരത്തേ ഇതേക്കുറിച്ച്വന്ന പത്ര ഫീച്ചറിനെക്കുറിച്ചു സംസാരിക്കുമ്പോൾ സി.പി അതു നിഷേധിച്ചിരുന്നെങ്കിലും. ഹിറ്റ്‌ലറെക്കുറിച്ചും, നാവിക കലാപത്തെക്കുറിച്ചും ഡൽഹിയെക്കുറിച്ചുമുളള പറളിക്കാലത്തെ അപൂർവ എഴുത്തുകളും (ഹിന്ദുസ്ഥാൻ ടൈംസിലും ടൈംസ് ഓഫ് ഇന്ത്യയിലും ഒഴിവാക്കാനാകാത്ത ചില സൗഹൃദ സമ്മർദ്ദങ്ങളിൽ എഴുതിയിട്ടുളളവ) ഒരു ഫോ​​േട്ടാ ആൽബവും ചേർത്ത് പുസ്തകത്തിന്റെ വിപുലീകരിച്ചതും പരിഷ്‌കരിച്ചതുമായ പതിപ്പ് 2014ൽ പ്രസ് അക്കാദമി (ഇപ്പോൾ മീഡിയ അക്കാദമി) പുറത്തിറക്കിയിട്ടുണ്ട്. ആ അഭിമുഖത്തിന്റെ ഓർമ ഇന്നും ഇടയ്ക്ക് മനസ്സിൽ നിറയാറുണ്ട്.

ജലബാല വൈദ്യയുടെ ആ ചിത്രം

ആറുവർഷം മാത്രം നീണ്ടു നിന്ന ജലബാല വൈദ്യയുമായുളള ദാമ്പത്യത്തെക്കുറിച്ചും ഒരു ട്രെയിനിയായി എത്തിയ ആ ഇരുപതുകാരിയുമായുളള പ്രണയത്തെക്കുറിച്ചും പറയുമ്പോളാണ് സി.പിയിൽ ഏറെ വൈകാരികത പ്രകടമായത് എന്ന് തോന്നിയിട്ടുണ്ട്. മഹാരാഷ്ട്ര​ കുടുംബത്തിൽ നിന്ന് ഇംഗ്ലണ്ടിലെത്തിയ സുരേഷ് വൈദ്യയുടെ മകളായിരുന്നു ജലബാല വൈദ്യ. അമ്മ ഇംഗ്ലീഷുകാരിയായിരുന്നു. സുരേഷ് വൈദ്യയുടെ സഹോദരീ ഭർത്താവ് ഡോ പഞ്ചാബ്‌റാവു ദേശ് മുഖ്, നെഹ്‌റു മന്ത്രിസഭയിലെ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. മന്ത്രിഭവനത്തിൽ താമസിച്ചാണ് ജലബാല ഹിന്ദുസ്ഥാൻ ടൈംസിൽ ട്രെയിനിയായിഎത്തിയിരുന്നത്.

അതേക്കുറിച്ച് സംസാരിക്കുന്ന ദിവസം, അപ്രതീക്ഷിതമായി, അദ്ദേഹം ചിരകാലമായി വളരെ രഹസ്യമായി സൂക്ഷിച്ചുവന്ന ജലബാലയുടെ ഒരു നല്ല ചിത്രം, ഒരു കൗമാരക്കാരനെ അനുസ്മരിപ്പിക്കും വിധം അല്പം മടിയോടെ പതുക്കെ എടുത്ത് എന്നെക്കാണിച്ചത് ഒരിക്കലും മറക്കാനാകുന്നതല്ല..!പിന്നീടൊരിക്കലും ആ ഫോട്ടോ കാണാൻ കഴിഞ്ഞിട്ടുമില്ല. ആഴമുളള സ്‌നേഹത്തിന്റെയും നിത്യപ്രണയത്തിന്റെയും കലർപ്പില്ലാത്ത ഒരു ഭാവംകൂടിയാണ് സി.പി എന്ന് സത്യത്തിൽ അന്നാണ് ഏറ്റവും കൃത്യമായി മനസ്സിലാക്കാനായത്; എല്ലാ വലിയ മനുഷ്യരും വളരെ ചെറിയ മനുഷ്യർ കൂടിയിയാണെന്നും.

സി.പി. രാമചന്ദ്രനും ജലബാല വൈദ്യയും

സി.പിയുടെ സഹോദരിയുടെ മകൾ (കെ.സി.കെയുടെയും സരോജത്തിന്റെയും മകൾ) പ്രഭാവതിയെന്ന പ്രഭാ പിളളയെ എഴുത്തുകാരൻ എം.പി നാരായണപിളളയാണ് വിവാഹം ചെയ്തിട്ടുളളത്. എപ്പോഴും പ്രഭച്ചേച്ചി പറളിയിലെത്തുമ്പോൾ കണ്ടിരുന്നെങ്കിലും നാരായണപിളള മുംബൈയിൽ നിന്ന്, എന്റെ ഓർമയിൽ പറളിയിലേക്ക് വന്നതേ ഇല്ല എന്നതിനാൽ ഒരിക്കലും നേരിൽ കാണാൻ കഴിഞ്ഞില്ല. സത്യത്തിൽ അത് ഒരു നഷ്ടബോധവുമാണ്. അതുപോലെ സി.പിയുടെ മറ്റൊരു സഹോദരിയായ, ബേബിയേടത്തി എന്നു വിളിക്കുന്ന പാർവതി പവനനും (പവനന്റെ ഭാര്യ) കൃത്യമായി പറളിയിലെത്തുമായിരുന്നു. എന്നാൽ സി.പി മരിച്ച ദിവസം പവനൻ എത്തുമ്പോഴാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. അതുപോലെ, സി.പിയുടെ സാധീനത്താൽ പത്രപ്രവർത്തകരും എഴുത്തുകാരുമായ അദ്ദേഹത്തിന്റെ മരുമക്കൾ സി. പി രവീന്ദ്രനേയും (കെ.സി.കെയുടെയും സരോജത്തിന്റെയും മകൻ)സി. പി സുരേന്ദ്രനേയും (പവനന്റെയും പാർവതിയുടെയും മകനായ സുരേന്ദ്രൻ, ഇന്ത്യനിംഗ്ലീഷ് എഴുത്തുകാരിൽ ശ്രദ്ധേയനാണ്) പരിചയമാകുന്നതും പറളിയിൽ വെച്ചാണ്.

പറളി മാണിക്യൻ

ഇടയ്ക്കു സി.പിയെ സന്ദർശിക്കാൻ എത്തുമായിരുന്ന പറളി മാണിക്യൻ എന്ന മാണിക്യൻ നായരെ ആദ്യമായി അവിടെ വെച്ചാണ് കൂടുതൽ അടുത്തു കാണുന്നത്. മാണിക്യൻ നായർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുളള മുൻ നക്‌സലൈറ്റായിരുന്നു. പൊതുവിൽ ആളുകൾ അല്പം ഭയത്തോടെ കണ്ടിരുന്ന ആളും. ഒത്ത ഉയരവും കുലീനത്വവും ആകർഷകത്വവുമുളള മുഖവും മാണിക്യൻ നായരുടെ പ്രത്യേകതയായിരുന്നു! ഏറെക്കുറെ നിരക്ഷരനായിരുന്ന അദ്ദേഹം തനിക്ക് എഴുത്തും വായനയും സാധിക്കാതെപോയതിൽ ഖിന്നനായിരുന്നു. നൈതികതയെക്കുറിച്ചുളള തീവ്രബോധം ആണ് അദ്ദേഹത്തെ നക്‌സലൈറ്റ് വിഭാഗത്തിലെത്തിച്ചതെന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കാരണം ഐഡിയോളജി വായിച്ച് അത്തരമൊരു രാഷ്ട്രീയാവബോധം രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു.

മാണിക്യൻ നായർ

ഇക്കാര്യങ്ങൾ എനിക്ക് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്, സംസ്ഥാന സാക്ഷരതാ കർമ്മ പദ്ധതിയുടെ ഭാഗമായി പറളി പഞ്ചാത്തിനു കീഴിൽ തൊണ്ണൂറുകളുടെ ആദ്യത്തിൽ നടന്നു വന്ന സാക്ഷരതാ പ്രവർത്തനങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴായിരുന്നു. തനിക്ക് നഷ്ടപ്പെട്ട അക്ഷരങ്ങളെ മാണിക്യൻ നായർ, തന്റെ പ്രതിഫലേച്ഛയില്ലാത്ത സാക്ഷരതാ പ്രവർത്തനത്തിലൂടെ തിരിച്ചു പിടിക്കാൻ ശ്രമിച്ചു. അവിഭക്ത സി.പി.ഐയിലും, സി.പി.എമ്മിലും തുടർന്ന് നക്‌സൽബാരി കലാപത്തെ തുടർന്ന് നക്‌സൽ ബാരി പ്രസ്ഥാനത്തിലും സജീവമാകുകയായിരുന്നു മാണിക്യൻ നായർ. അതേക്കുറിച്ച് ഏറെ സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. 1968ൽ തലശ്ശേരി, പുൽപള്ളി സായുധ കലാപത്തിൽ പങ്കെടുത്തു. 1970ലെ കോങ്ങാട് സായുധ സമരത്തിൽ മാണിക്യൻ നായരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് അദ്ദേഹം പൂജപ്പുര സെൻട്രൽ ജയിലിൽ ആറു വർഷത്തിലധികം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. 1977ൽ ജനത സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ അടിസ്ഥാനത്തിലാണ്​ മാണിക്യൻനായർ ജയിൽ മോചിതനാകുന്നത്. പിന്നീട് സാമൂഹിക സേവന രംഗത്ത് ഏറെ നാൾ പ്രവർത്തിച്ച് അദ്ദേഹം 2020 ഏപ്രിൽ14ന് അന്തരിച്ചു.

കൃഷ്​ണപിഷാരടി മാസ്​റ്റർ

ഇപ്പോൾ നവതിയിലേക്ക് പ്രവേശിക്കുന്ന കൃഷ്ണപിഷാരടി മാസ്റ്റർ ഇടയ്ക്ക് പറളിയിൽ നിന്ന് ഇപ്പോഴും ഒന്നരക്കിലോമീറ്റർ നടന്നുതന്നെ വീട്ടിൽ വരാറുണ്ട്. എഴുത്തു പേരിൽ പറളി ഉപയോഗിച്ചപ്പോൾ അന്വേഷിച്ച് അറിയുകയായിരുന്നു ആദ്യം മാസ്റ്റർ. എനിക്കും അടുത്തു പരിചയം ഉണ്ടായിരുന്നില്ല. എഴുത്തിനോടും അക്ഷരങ്ങളോടുമുളള സ്‌നേഹം തന്നെയാണ് അദ്ദേഹത്തിന്റെ അടുപ്പത്തിനും വരവിനും അടിസ്ഥാന കാരണം. എഴു വർഷം മുമ്പ് ഒരിക്കൽ വന്നതിന് പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു- പൂർണമായും പ്രവർത്തനം നിലച്ചുപോയ, പറളി പഞ്ചായത്തിന്റെ ലൈബ്രറി പുനരുജ്ജീവിപ്പിക്കുക. ലൈബ്രറിയിൽ ഒരു അംഗത്വമെടുക്കാൻ എന്നോടും അഭ്യർഥിച്ചപ്പോൾ സത്യത്തിൽ അത് എന്നിൽ ഒരു ആത്മനിന്ദയോ ലജ്ജയോ സൃഷ്ടിക്കുകയുണ്ടായി.

ഞാൻ അദ്ദേഹത്തോടു അക്കാര്യം തുറന്നു പറഞ്ഞു. ഞങ്ങളുടെ തലമുറ ഏറ്റെടുക്കേണ്ട ഒരു കർത്തവ്യമായിരുന്നല്ലോ ഇത് എന്ന് ഏറ്റുപറഞ്ഞപ്പോൾ, അന്ന് അദ്ദേഹത്തിന്റെ കണ്ണു നിറയുകയുണ്ടായി. (ചിലരിൽ നിന്നുണ്ടായ അവഹേളനവും അല്പം വേദനയോടെ സൂചിപ്പിക്കുകയുണ്ടായി) സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾ പലപ്പോഴും പല നല്ല കാര്യങ്ങൾക്കും വിലങ്ങുതടിയാകുന്ന സാഹചര്യവും ദുഃഖത്തോടെ സൂചിപ്പിച്ചു. നൂറിലധികം അംഗങ്ങളെ വ്യക്തിഗതമായി ചേർത്ത പിഷാരടി മാസ്റ്ററുടെ ലൈബ്രറിക്കു വേണ്ടിയുളള യത്‌നം എന്തായാലും മറക്കാവുന്ന ഒന്നല്ല. ‘ഇതമിഹ കുരുതാമായുരാരോഗ്യസൗഖ്യം, വാത്സല്യപൂർവ്വം പിഷാരടി മാസ്റ്റർ' എന്നെഴുതി ഒപ്പിട്ട, ഭാരതപ്പുഴ എന്ന പുസ്തകം അന്ന് അദ്ദേഹം സ്‌നേഹപൂർവ്വം സമ്മാനിച്ചതും പ്രത്യേകം ഓർക്കുന്നു.

ഇംഗ്ലീഷ്,മലയാളം,സംസ്‌കൃതം ഭാഷകളിൽ പാണ്ഡിത്യമുളള മാസ്റ്റർ, കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിൽ 1951 മുതൽ 86വരെ, ആദ്യകാലത്ത് കോമേഴ്‌സിലും (മദിരാശി സ്റ്റേറ്റിലെ, ‘ഡൈവേഴ്‌സിഫൈഡ് കോഴ്‌സു'കളുടെ കാലത്ത് കോമേഴ്‌സിനു പുറമെ കൃഷിയും കഥകളിയും വ്യത്യസ്ത പാഠ്യവിഷയങ്ങളായിരുന്നു!) കേരള രൂപീകരണത്തിനു ശേഷം ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം വിഷയങ്ങളിലും അധ്യാപകനായിരുന്നു. സ്‌കൂളിൽ തന്റെ മുൻഗാമിയായിരുന്ന, ഭാഗവതം വ്യഖ്യാനത്തിലൂടെ ചിരപ്രതിഷ്ഠ നേടിയ, പണ്ഡിറ്റ്/വിദ്വാൻ ഗോപാലൻ നായരെ സംഭാഷണത്തിനിടെ മാസ്റ്റർ പ്രത്യേകം ഓർമിക്കുകയുണ്ടായി. അവിടെ സഹപ്രവർത്തകനായിരുന്ന കവി പി.കുഞ്ഞിരാമൻ നായരെക്കുറിച്ചും തന്റെ സംസ്‌കൃതം അധ്യാപകനായിരുന്ന എം.പി.ശങ്കുണ്ണി നായരെക്കുറിച്ചും എത്ര സംസാരിച്ചാലും മതിവരാറില്ല പിഷാരടി മാസ്റ്റർക്ക്. അദ്ദേഹം തന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുകൂടി ഇടയ്ക്ക് പറഞ്ഞത് രസകരമായ അനുഭവമായിരുന്നു.
(ഇപ്പോൾ അദ്ദേഹത്തിന്റെ ആറു മക്കളും വിവിധ ഇടങ്ങളിൽ ജീവിക്കുന്നു. പറളിയിൽ ‘ശ്രീപദ്മ'ത്തിൽ ഭാര്യയുടെ മരണശേഷം മാസ്റ്റർ ഏകനായാണ്-ഇളയമകളുടെ കുടുംബം തൊട്ടടുത്തുണ്ട്- താമസിക്കുന്നത്.)

(തുടരും)രഘുനാഥൻ പറളി

നിരൂപകൻ, വിവർത്തകൻ, അധ്യാപകൻ. ദർശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, മൗനം എന്ന രാഷ്ട്രീയ രചന, സി.പി. രാമചന്ദ്രൻ: സംഭാഷണം സ്മരണ ലേഖനം (എഡിറ്റർ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments