പറളി: പ്രകൃതി, ഐതിഹ്യം, ചരിത്രം

ദേശത്തിലൂടെയും അതിന്റെഭൂപ്രകൃതിയിലൂടെയും നമ്മൾ നടക്കുമ്പോൾ,ഒരർഥത്തിൽതിരിച്ച് ആ ദേശവും ഭൂപ്രകൃതിയും നമ്മളിലൂടെയും നടക്കുകയാണ്.ഒട്ടുംഗൃഹാതുരത്വമില്ലാതെ തന്നെഇപ്പോൾഈയാഥാർഥ്യത്തെ സമീപിക്കാൻ കഴിയുന്നുണ്ട്- 'പറളി: ജലസംസ്‌കൃതിയും സ്ഥലവിസ്തൃതിയും' എന്ന ദേശക്കഥയുടെ അവസാനഭാഗം

തു ദേശസങ്കൽപം നിർമിക്കപ്പെടുന്നതിലും ചരിത്രവും എതിഹ്യവും ഭൂപ്രകൃതിയും പ്രമുഖ പങ്കു വഹിക്കുമല്ലോ. എന്നെ സംബന്ധിച്ച് എഴുത്തിൽ ദേശം പ്രതിഫലിക്കാനുളള സാധ്യത ഒട്ടും ഇല്ലാതെ പോയത് അത് ഫിക്ഷൻ അല്ലാത്തതുകൊണ്ടാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. പക്ഷേ അപ്പോഴും ഒരോ വായനാദേശങ്ങളിലും, നമ്മൾ നമ്മുടെ നാടിനെക്കൂടി ചേർത്തു വായിക്കുന്നുണ്ടെന്നു പറയേണ്ടി വരും. നമ്മുടെ നാട്ടിലെ ഐതിഹ്യങ്ങളും മിത്തുകളും എല്ലാം ഒരു ഭാവനാ പാഠം-നോവൽ /കഥ /കവിത - വായിക്കുമ്പോൾ നമ്മളിൽ ഉപബോധപരമായി പ്രവർത്തിക്കുന്നുണ്ടാകണം. ഒരു പാഠത്തിന്റെ കൽപനാദേശങ്ങളെയും കഥാപാത്രങ്ങളെയും അനുഭവങ്ങളെയും നാം നിവർത്തുമ്പോൾ, ഉള്ളിൽ അതൊടൊപ്പം നമ്മുടെ നാടിനെക്കൂടി നമ്മൾ വീണ്ടും വീണ്ടും നിവർത്തുന്നുണ്ട് എന്നതാണ് കൗതുകകരമായ യാഥാർഥ്യം.

1949-ൽ രാമനുണ്ണിനായർ പ്രസിഡന്റായി ഒന്നാമത്തെ പഞ്ചായത്തു സമിതി നിലവിൽ വന്നപറളി പഞ്ചായത്ത്, ജലസമ്പത്തുകൊണ്ട് അനുഗ്രഹീതമാണ്.

പറളി പഞ്ചായത്ത് ഓഫീസ്

മൂന്നു പുഴകളും, മൂന്നു തോടുകളും, മുന്നൂറോളം കുളങ്ങളും നീരുറവകളും ഉൾപ്പെടുന്ന ജലസ്രോതസുകൾഈ ദേശത്തിന്റെ സവിശേഷതയാണ്. സഹ്യപർവ്വതത്തിന്റെ ഒരു ഭാഗമായ കല്ലടിക്കോടൻമല, അതിനോടുചേർന്നു കിടക്കുന്ന അയ്യർമല,വള്ളിക്കോടൻമല എന്നീ ഖണ്ഡമലകളിൽ നിന്ന് തെക്കോട്ടു ചെരിഞ്ഞുകിടക്കുന്ന ഭൂപ്രദേശമാണ് പറളി. ഒരുവശത്തെ മലനിരകൾക്കും എതിർവശത്തുളള ഭാരതപ്പുഴയ്ക്കും ഇടയിലായി പച്ച കാർപ്പെറ്റുകൾ വിരിച്ചതുപോലെ വയലേലകൾ നീണ്ടു കിടക്കുന്ന കാഴ്ചയാണ് പൊതുവിൽ പറളിയെ ഏറെ ചേതോഹരമാക്കുന്നത്. നെല്ല് സ്വാഭാവികമായും നാടിന്റെപ്രധാന കാർഷികോൽപ്പന്നമാണ്.

ആരാധനാലയങ്ങളുടെ പറളി

വിവിധ മതസ്ഥരുടെ നിരവധി ആരാധനാലയങ്ങളും പറളിയിലുണ്ട്. പൊതുവിൽ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും കഥകൾ മാത്രമേ പറളിയ്ക്കു പറയാൻ കാണുകയുള്ളൂ. ഓടനൂർ മുണ്ടക്കാവ്,ഓടനൂർ ശിവക്ഷേത്രം,തേനൂർ അത്താഴംപെറ്റക്കാവ്, കിണാവല്ലൂർ ചെമ്മണിക്കാവ്, തെക്കിനേടത്ത് ക്ഷേത്രം, എടത്തറ അയ്യപ്പൻകാവ്, തുടങ്ങിയവ പഞ്ചായത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളത്രേ! ഓടനൂർ ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുളള മിത്തുകളും- അതുപോലെ നാട്ടിൽ കേൾക്കാനിടയായിട്ടുളള മറ്റ് ഐതിഹ്യങ്ങളും- വൈയക്തികഭാവനയേയും ചിന്തയേയും സ്വാധീനിച്ചിട്ടുണ്ടെന്നു തന്നെ വിശ്വസിക്കുന്നു.

പറളിയിലേയും കമ്പയിലേയും മുസ്‌ലിം ദേവാലയങ്ങൾഏറെ കാലപ്പഴക്കമുളള ആരാധനാകേന്ദ്രങ്ങളാണ്. ഓടനൂർ റോഡിൽ പ്രധാനപ്പെട്ട ഒരു കൃസ്ത്യൻ ദേവാലയമുണ്ട്. ഇവിടെല്ലാം എല്ലാവർഷവും നടക്കാറുളള വേലകളും ഉത്സവങ്ങളും പെരുന്നാളുകളും എല്ലാം വർണത്തിന്റെയും ശബ്ദത്തിന്റെയും കലാവിഷ്‌കാരങ്ങളുടെയും വലിയ സമന്വയമായിത്തന്നെയാണ് നമ്മളിലേക്ക് എത്തുന്നത്. പറളിയുടെ തനിമയായി അവകാശപ്പെടാവുന്ന ഒരു കലാരൂപം ‘പറയപ്പൂതം' എന്നറിയപ്പെടുന്ന നാടൻ കലാരൂപമാണ്. അതുപോലെ, മലബാറിന്റെ അനുഷ്ഠാനകലകളായ പൂതനും തിറയും ഇവിടുത്തെ കാവുകളിലും ക്ഷേത്രങ്ങളിലുംഉണ്ടാവാറുണ്ട്. അയ്യപ്പൻപ്പാട്ടും, ഭഗവതിപ്പാട്ടും മാരിയമ്മൻപൂജയും സാർവ്വത്രികമായി നടക്കാറുണ്ട്. 1956-വരെ മദ്രാസ് സംസ്ഥാനത്തിലെ തെക്കേ മലബാറിലെ ഒരു പാലക്കാടൻ ഉൾഗ്രാമമായിരുന്നു പറളി. നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധം വരെയും പൊറാട്ടുകളിയും ഹരിശ്ചന്ദ്രനാടകവും ആര്യമാലയുംപോലുളള കലാപ്രകടനങ്ങൾ കൊണ്ട് പറളിയിലെ രാവുകൾ സമ്പന്നമായിരുന്നു.

പറളി ഓടനൂർ പാലം

കൊടുങ്ങല്ലൂർ ദേവിയുടെ പ്രതിഷ്ഠയുളള അനേകം ചെറിയ കോവിലുകൾ പാലക്കാടൻ ഗ്രാമങ്ങളുടെ- പറളിയുടെയും- ഒരു പ്രത്യേകതയാണ്. നല്ലമ്മപ്പാട്ട് എന്ന നാടൻ പേരിൽ അറിയപ്പെടുന്ന കണ്ണകി- കോവിലന്മാരുടെ കഥയെ അടിസ്ഥാനമാക്കിയുള്ള കോവിലൻ ചരിത്രം, ഭഗവതിപ്പാട്ടുരൂപത്തിൽ ഉത്സവമായി നടത്തുന്ന രീതിഇപ്പോഴും പലയിടങ്ങളിലും കാണാം.സർപ്പക്കാവുകളിലെ കളംപാട്ടും കളമെഴുത്തും ഇപ്പോഴും ഇവിടങ്ങളിൽ നടന്നുവരുന്നു. അടുത്ത പഞ്ചായത്ത് കൂടിയായ കോട്ടായി തന്നെയാണ് അമ്മയുടെ ജന്മസ്ഥലവും.അവിടെ പെരുങ്കുളങ്ങര ക്ഷേത്രവേലയോടൊപ്പം എല്ലാ വർഷവും ഒരാഴ്ച നീണ്ടുനിൽക്കുന്ന തോൽപ്പാവക്കൂത്ത് നടക്കുന്നത് ചെറുപ്പത്തിലെ വ്യത്യസ്തമായ അനുഭവമായിരുന്നു. (അമ്മ സി. ലക്ഷിക്കുട്ടിയുടെ ജനനം സ്വാതന്ത്ര്യം ലഭിച്ച് രണ്ടു മാസത്തോളം കഴിഞ്ഞ് 1947 സെപ്തംബർ 11 ന് ആയിരുന്നു. ചെറുപ്പത്തിൽ കോട്ടായിലേക്കുളള അഞ്ചു കിലോമീറ്റർ നടത്തവും അവിടെ ഭാഗഭാക്കായിട്ടുളള ഉത്സവങ്ങളും ചില ആചാരാനുഷ്ഠാനങ്ങളും മറക്കാനാകുന്നതല്ല. അതുപോലെ അമ്മയുടെ അമ്മ - അമ്മമ്മയുടെ പേര് ദാക്ഷാണി എന്നായിരുന്നു-വളരെ ചെറുപ്പത്തിൽ എന്നെയും കൊണ്ട് നടത്തിയിരുന്ന ചിലഉത്സവയാത്രകളുംമനസ്സിലെ മായാത്ത ചിത്രങ്ങളാണ്. (വാസ്തവത്തിൽ അനിയത്തിമാർ രണ്ടുപേർക്കും-പുഷ്പലതയ്ക്കും ലളിതാംബികയ്ക്കും-സ്വാഭാവികമായും അത്തരം അനുഭവങ്ങൾ അത്രത്തോളം ഉണ്ടായിട്ടില്ലെന്ന് എടുത്തു പറയേണ്ടല്ലോ!).

ചെമ്പൈയുടെ അഗ്രഹാരം

കോട്ടായി പഞ്ചായത്തിൽ പെട്ട ചെമ്പൈ അഗ്രഹാരത്തിലാണ് കർണാടക സംഗീത ആചാര്യൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർ 1896 സെപ്റ്റംബർ ഒന്നിന് ജനിക്കുന്നത്. 1974 ഒക്ടോബർ 16ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞ ഉടനെയാണ് തന്റെ എഴുപത്തെട്ടാം വയസ്സിൽ അദ്ദേഹം അന്തരിക്കുന്നത്. പാലക്കാട് ഗവ. മ്യൂസിക് കോളേജ് അദ്ദേഹത്തിന്റെ സ്മരണക്കായി ചെമ്പൈ മെമ്മോറിയൽ ഗവ.മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്തിരിക്കുന്നു. എല്ലാവർഷവും അവിടെ ചെമ്പൈ സംഗീതോത്സവം നടക്കുന്നു. കുറെ വർഷങ്ങളായി അവിടെ സംഗീതോത്സവത്തിന് എത്തുന്നത് പതിവാണ്. യേശുദാസും ജയനും (ജയവിജയ) മുതൽ പുതിയ തലമുറയിലെ പ്രകാശ് ഉള്ള്യേരി (കീബോർഡ്) വരെയുളള നിരവധി പ്രതിഭകളുടെ സംഗീതാവിഷ്‌കാരം നേരിട്ട് കേൾക്കാനുളള ഒരു അപൂർവാവസരം കൂടിയാണിത്.

പറളി പഴയ പാലം

രഥങ്ങളുടെ കൽപാത്തി

കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും നടക്കാറുളള കൽപാത്തി സംഗീതോത്സവത്തിനും എത്തുക ഇപ്പോൾ ഒരു പതിവാണ്. പറളിയിൽനിന്ന് പതിനാലു കിലോമീറ്ററാണ് കൽപാത്തിയിലേക്കുളള ദൂരം.കൽപാത്തി വിശ്വനാഥ ക്ഷേത്രത്തിന് പതിനഞ്ചാംനൂറ്റാണ്ടോളം- 1425 ഓളം- കാലപ്പഴക്കം കണക്കാക്കപ്പെടുന്നു. സാഹിത്യകാരണത്താൽ തന്നെ വന്നു പരിചയപ്പെട്ട കിഷോർ എന്ന സഹോദര തുല്യനായ സുഹൃത്ത് കല്പാത്തിയിലാണ് എന്നതും ഈ സംഗീതയാത്രകളുടെ തുടർച്ച വർദ്ധിപ്പിച്ചിട്ടുണ്ട്.

കിഷോറിന്റെ മാതാവ് വത്സലാ കൃഷ്ണൻ എഴുത്തുകാരിയും മികച്ച സ്‌കൂൾ അധ്യാപികയുമായിരുന്നു. 1982ൽ അവർ രചിച്ച നോവൽ ‘ആത്മാർപ്പണ'ത്തിന് കുങ്കുമം അവാർഡ് ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനും നിരവധി രചനകളുടെ കർത്താവും സുഹൃത്തുമായ ടി. കെ. ശങ്കരനാരായണനും കല്പാത്തിയിലാണ് താമസിക്കുന്നത്.

പറളി ഓടനൂരിൽ നിന്നുളള ദൃശ്യം

പറളി പഞ്ചായത്തിൽ,എടത്തറയിലെ എം. കേശവൻ നായർ, എൻ. മാധവൻ നായർ, തേനൂരിലെ ടി. വി. മാണിക്കനാശാരി എന്നിവർ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ പല രീതിയിൽ ഭാഗമായിട്ടുണ്ടെന്ന് രേഖകൾ പറയുന്നു. ഇവർ നിസ്സഹകരണ പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിലും പങ്കെടുത്തിട്ടുള്ളതായി പറയുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗങ്ങളിൽ പലതും പറളിയിൽ നടന്നത് പുരുളി പാലത്തിന്റെ താഴെയും നദിയുടെ മണൽത്തിട്ടയിലും വെച്ചായിരുന്നത്രേ. എ.കെ.ഗോപാലൻ, കെ.കേളപ്പൻ തുടങ്ങിയ നേതാക്കൾ ഇവിടെ പ്രസംഗിച്ചിരുന്നതായും അവർ മൈക്കില്ലാതെ ഉറക്കെ പ്രസംഗിക്കുമ്പോൾ, പാലത്തിനു മുകളിൽ ധാരാളം ശ്രോതാക്കൾ തടിച്ചുകൂടിയിരുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞു.

ഉജ്ജ്വലമായ ഒരു കുടിയാൻ സമരത്തിനും പറളി സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് രേഖകൾ പറയുന്നു. കുമ്പളങ്ങ സമരം എന്ന പേരിൽ ശ്രദ്ധയാർജ്ജിച്ച സമരം, കണ്ണുതള്ള എന്ന ആദിവാസി സ്ത്രീയ്ക്ക് അന്നത്തെ ജന്മിമാരിൽനിന്നും അപമാനം നേരിടേണ്ടി വന്നതിനെതിരായി നടന്ന സമരമത്രേ. 1964ൽ മദ്യ നിരോധനം നടപ്പിലാക്കിയതിനെ തുടർന്ന് ചെത്തുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിലും, നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ പ്രക്ഷോഭം നടത്തിയിട്ടുണ്ട്. സ്വാതന്ത്യ്ര സമര കാലയളവിലും പിന്നീടുണ്ടായ നവോത്ഥാന കാലഘട്ടത്തിലും മാറ്റത്തിന്റെ വലിയ വെളിച്ചം ഉൾക്കൊള്ളാൻ പറളിക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് ചുരുക്കത്തിൽ മനസ്സിലാക്കാൻ കഴിയുന്നത്.

മങ്കരയിലെയും കോട്ടായിയിലെയും സുഹൃത്തുക്കൾ

ഏതായാലും എഴുത്തിന്റെയും വായനയുടെയും ഘട്ടങ്ങളിൽ അറിഞ്ഞോ അറിയാതെയോ നമ്മളുടെ നാടുംകൂടി പുനർവായിക്കപ്പെടുകയും പുനരെഴുതപ്പെടുകയും ചെയ്യുന്നുണ്ടാകണം- പ്രത്യക്ഷത്തിൽ പ്രകടമല്ലാതിരിക്കുമ്പോഴും..! അടുത്തുളള പഞ്ചായത്തുകളായ മങ്കരയിലും കോട്ടായിയിലും ഞാൻ സാംസ്‌കാരിക വിനിമയങ്ങൾ നടത്താൻ ഇടയായിട്ടുളള പ്രധാന സുഹൃത്തുക്കൾ വിനോദ് മങ്കരയും കെ. പി. രാജേഷുമാണ്. ഏഴുവർഷത്തോളം സീനിയറായ വിനോദിന് ഡോക്യുമെന്ററികളുടെ കാര്യത്തിൽ അനന്യമായ സംഭാവനകൾ സാധിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ സിനിമകളുടെ കാര്യത്തിൽ എനിക്കുള്ള വിയോജിപ്പുകൾ അദ്ദേഹത്തിന് പ്രയാസമുളവാക്കുകയും ചെയ്തിട്ടുണ്ട്. (‘സുനന്ദയുടെ ഉറുമ്പുകൾ' എന്ന ഒരു മികച്ച കഥ വിനോദിന്റേതായി ഉണ്ടെങ്കിലും, കഥാരംഗത്ത് കൂടുതൽ ശ്രമങ്ങൾക്ക് പിന്നീട് മുതിർന്നില്ല)

ഒരു സാഹിത്യ ക്യാമ്പിൽ പരിചയപ്പെടുമ്പോഴാണ് കെ. പി.രാജേഷ് കോളേജിൽ സതീർഥ്യനാണ് എന്നു മനസ്സിലാകുന്നത്. ഒപ്പം തൊട്ടടുത്ത പഞ്ചായത്തിൽ താമസിക്കുന്നുവെന്ന് എന്നറിയുന്നതും. ഓടനൂരിൽ നിന്ന് കോട്ടായിലേക്കോ തിരിച്ചോ ഉളള സൈക്കിൾ യാത്രകളിലൂടെ പക്ഷേ ഞങ്ങൾക്ക് ചില പ്രധാന ലോകസാഹിത്യകൃതികൾ പരിഭാഷയിലൂടെ മലയാളത്തിലെത്തിക്കാൻ ആയി എന്ന സന്തോഷമുണ്ട്. ഡ്രീനാ നദിയിലെ പാലത്തിന്റെ (The Bridge on the Drina) വിവർത്തന സാഹസത്തിൽ, ഞാൻ ഓടനൂർ പാലവും പുഴയുടെ കുത്തൊഴുക്കും കവിഞ്ഞൊഴുക്കും നിരന്തരം അനുഭവിച്ചിട്ടുണ്ട്. (അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രം ഉൾക്കൊള്ളുന്ന പ്രസ്തുത നോവൽ എഴുത്തുകാരനെ സംബന്ധിച്ച് ഒരു പാഠപുസ്തകം പോലുമാണെന്ന് നോവലിസ്റ്റും സുഹൃത്തുമായ കെ. രഘുനാഥൻ പറഞ്ഞിട്ടുളളത് എപ്പോഴും ഓർമയിൽ നിറയുന്നതാണ്. മാത്രമല്ല ഇവോ ആൻഡ്രിക് എന്ന ഇതിഹാസകാരൻ യൂഗോസ്ലാവിയയിലെ ഉന്നത രാഷ്ട്രീയ നേതാവു കൂടിയായിരുന്നുവെന്നും പ്രത്യേകം ഓർക്കേണ്ടതുണ്ട്). ഫലത്തിൽ, ഭാവനാ ദേശങ്ങളിലെല്ലാം, പലരൂപത്തിൽ നമ്മുടെ നാടും നിറയുന്നുണ്ട് എന്നു വേണം പറയാൻ.

പറളി പഴയ പാലം വിദൂര ദൃശ്യം

സത്യത്തിൽ വായനയിലും എഴുത്തിലും മാത്രമല്ല, യാത്രകളിലും പറളി എന്ന ദേശത്തെ ഉള്ളിലേറ്റിത്തന്നെയാണ് സഞ്ചരിക്കുന്നത് എന്നുംതിരിച്ചറിയുന്നു. ഹിമാലയത്തിലായാലും കൊൽക്കൊത്തയിലായാലും ഡൽഹിയിലായാലും ജമ്മുവിലായാലും രാജസ്ഥാനിലായാലും ബോംബെയിലായാലും ബാംഗ്ലൂരായാലും ബൈലക്കൂപ്പെയിലായാലും നേപ്പാളിലായാലും തിരുവനന്തപുരത്തായാലും ഗോവയിലായാലും വയനാട്ടിലായാലും കന്യാകുമാരിയിലായാലും തായ്‌ലാന്റിലായാലും മലേഷ്യയിലായാലും ഷാർജയിലായാലും ദുബായിൽ ആയാലും, എപ്പോഴും ഉള്ളിൽ പറളിയിലൂടെയുളള സഞ്ചാരവും ആവർത്തിക്കപ്പെട്ടിട്ടുണ്ട്..!

ആകസ്മികയാത്രകളിലും നാട് ഒപ്പമുണ്ടാകുന്നതിന്റെ ഊഷ്മളതയും രസതന്ത്രവും അനുഭവത്തിലൂടെ മാത്രമേ അറിയാനാകൂ.ഒരു പക്ഷേ നാടിനോടുളള താരതമ്യമോ സദൃശപ്പെടുത്തലോആയിട്ടാകുംഒപ്പമുളള നമ്മുടെ നാട്.
യാത്രകളിൽ മാത്രമല്ല,കാണുന്ന ലോകസിനിമകളിലും സ്വന്തം നാടിനെആത്മനിഷ്ഠമായിപതുക്കെ ‘ഇമ്പോസ്' ചെയ്യുന്നുണ്ട് എന്ന് തോന്നാറുണ്ട്. സിനിമ നമ്മുടേതാകുന്ന ഒരു പ്രക്രിയ കൂടിയാണത്. ദേശത്തിലൂടെയും അതിന്റെ ഭൂപ്രകൃതിയിലൂടെയും നമ്മൾ നടക്കുമ്പോൾ, ഒരർഥത്തിൽ തിരിച്ച് ആ ദേശവും ഭൂപ്രകൃതിയും നമ്മളിലൂടെയും നടക്കുകയാണ്. ഒട്ടും ഗൃഹാതുരത്വമില്ലാതെ തന്നെ ഇപ്പോൾ ഈ യാഥാർഥ്യത്തെ സമീപിക്കാൻ കഴിയുന്നുണ്ട്. അങ്ങനെയാണ് പറളി എന്ന ദേശം എനിക്കൊപ്പം നിത്യസഞ്ചാരം- ഭാവനാ സഞ്ചാരവും ഭൗതിക സഞ്ചാരവും-നടത്തുന്നത്. കൂടുതൽ ആഴത്തിൽ അറിയാനാകുന്നത്.! (യാത്രകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ഇനിയും ഏറെ എഴുതാനുണ്ടെന്ന ഒരു തിരിച്ചറിവ് ഈ എഴുത്ത് നൽകുന്നുണ്ടെന്നു പറയട്ടെ) ‘പറളി'യുടെ അകത്തേക്കും പുറത്തേക്കുമുളള യാത്രകളുടെ ഒരു അനുസ്യൂതിയായി അത് തുടരുമെന്നും ഇപ്പോൾ തിരിച്ചറിയുന്നു.രഘുനാഥൻ പറളി

നിരൂപകൻ, വിവർത്തകൻ, അധ്യാപകൻ. ദർശനങ്ങളുടെ മഹാവിപിനം, ഭാവിയുടെ ഭാവന, മൗനം എന്ന രാഷ്ട്രീയ രചന, സി.പി. രാമചന്ദ്രൻ: സംഭാഷണം സ്മരണ ലേഖനം (എഡിറ്റർ) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments