‘ഹിമാലയത്തിൽ മഞ്ഞുവീഴ്ച തുടങ്ങിയാൽ ഇന്ദ്രപ്രസ്ഥം കിടുങ്ങും. താർ മരുഭൂമിയിൽ ചുടുകാറ്റ് വീശിയാൽ ചുട്ടുപഴുക്കും.'
കടുത്ത മാസമുറയുള്ള പെൺകൊടിയെപ്പോലെ, മലപ്പുറത്തിനുമുണ്ട് ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ. കാലാവസ്ഥകൾ രാഷ്ട്രീയാവസ്ഥ പ്രതിഫലിപ്പിക്കുന്നു എന്ന് അമ്മദൈവങ്ങളുടെ നാടായ ഹങ്കറിയുടെ യാങ്‌സോ സിനിമയിൽ എന്ന പോലെ, ‘നല്ലകാലം പിറന്നാലും ചീത്ത കാലം പിറന്നാലും' ഇവിടെ നിന്ന് ചിലത് പ്രവചിക്കാൻ മലപ്പുറത്തെ നാടോടി കുറവസമൂഹങ്ങൾ പോലെയുള്ള നിരീക്ഷകർക്കു കഴിയും. അന്തർദേശീയ സാമ്പത്തിക ശാക്തിക ബലാബലങ്ങളും ദേശീയ രാഷ്ട്രീയ കരണംമറിയലുകളും കേരളീയ നവോത്ഥാന ഗതിവിഗതികളും അതിലുൾച്ചേർന്ന കമ്യൂണിസ്റ്റ് കാൽപ്പനികതയും അളക്കാനുള്ള ഒരു ലിറ്റ്മസാണ് മലപ്പുറം. മലബാർ കലാപങ്ങളുടെ ഭൂതം അന്തർദേശീയ വിഷയമായപ്രകാരം, നാട്ടുകാരനായ നമ്പൂതിരിയുടെ കാരുണ്യത്തിൽ പിറന്ന ജില്ലയുടെ രൂപീകരണം അഖിലേന്ത്യാ വിവാദമായപോലെ, ആനുകൂല്യങ്ങൾ വേണേൽ രാജിവെച്ചൊഴിയുന്നതാ നല്ലത് എന്ന ഉപദേശ സഹസ്രിമാരുടെ മാറ്റിനിർത്തലിന്റെ മലപ്പുറം വേനലുകൾ.
ഇപ്പോഴിതാ, രാഹുൽ ഗാന്ധിയുടെ ശൈവപ്രകൃതിക്കും മലപ്പുറത്തെ പുതുമഴയുടെ ഗന്ധം. പണ്ട് കോൺഗ്രസിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ, ഔദോഗികമായല്ലെങ്കിലും ആൾക്ഷാമം കൊണ്ട്, എ.കെ.ജി അടിച്ചെടുത്ത പ്രതിപക്ഷ നേതാവിന്റെ സ്ഥാനം പോലെ, ഹിന്ദു വോട്ടിന്റെ പശുബലത്തിൽ ആടിയുലഞ്ഞ ദേശീയ പാർട്ടികളുടെ അവശേഷിച്ച പ്രതിപക്ഷ നേതാവാകാനുള്ള ഭാഗ്യം വയനാടും മലപ്പുറവുമാണ് രാഹുലിന് നൽകിയത്. നിലമ്പൂരും വണ്ടൂരും ഏറനാടും നിയമസഭാ മണ്ഡലങ്ങളിൽ അങ്ങേർക്ക് വോട്ടർമാരുണ്ട്. അതുകൊണ്ട് അടിയന്തര സെക്രട്ടറിയറ്റ് കൂടി പുറത്തു നിർത്തിയത് മലപ്പുറംകാരെയുമാണ് എന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ അവകാശവാദം ഉന്നയിക്കുകയാണ് മലപ്പുറം മലയോരങ്ങൾ.
പ്രതിപക്ഷത്തെ പടിക്കു പുറത്താക്കുന്ന ഈ നടപടി, ‘ഫാഷിസം പടിവാതിലും' കഴിഞ്ഞു എന്ന് ഞമ്മൾ പണ്ടേ പറഞ്ഞതല്ലേ എന്ന്, യു.ജി.സി ബുദ്ധിജീവികൾക്ക് ഒരിക്കൽകൂടി ആണയിടാൻ അവസരം ലഭിക്കും. ഇതു പറയുമ്പോഴും, റേഷനരിയിലെ കല്ലുകടിപോലെ, ഫാഷിസത്തിന്റെ പേരിൽ, തങ്ങളുടെ കോൺഗ്രസ് വിരുദ്ധതയെ കയ്യൊഴിയാൻ ഇടതുപക്ഷത്തിനു കഴിയുന്നതല്ല. ആ നിലയിൽ, ഇ.എം.എസിന്റെ ഭാഷയിൽ മാർക്‌സിസം ഇപ്പോൾ ചെകുത്താനും നടുക്കടലിനുമിടയിലാണ്. നിസാർ മാഷുടെ ഭവശാസ്ത്രത്തിന്റെ കാലുപിടിക്കണമോ, ആത്മീയാവധൂതന്മാരുടെ പാദനമസ്‌കാരത്തിന്റെ അറ്റകൈ നോക്കണോ എന്ന നിലയിലാണ് മാർക്‌സിസത്തിന്റെ ബാക്ക് ബർണർ ഇപ്പോൾ പുകയുന്നത്.
ലേഖകൻ ഇത്തവണ ഒരാക്ഷേപഹാസ്യം പരീക്ഷിച്ചു നോക്കുകയാണ്. പത്താം ഖണ്ഡത്തിൽ മലപ്പുറത്തിന്റെ കഥ തീർത്തോളാം എന്നതാണ് കരാർ. പരേഡ് വയനാട് വഴി നീട്ടി, ബാബാ ബുധനഗിരി സന്ദർശിച്ച്, ഇന്ത്യ-പാക്ക് അതിർത്തിയിലെ വേഗാ ബോർഡറിലൂടെ, ലാഹോറിലെ ഗോതമ്പു പാടങ്ങൾ മുറിച്ചു കടന്ന്, അജോദാനിൽ ഫരീദ് ഉപ്പാപ്പയുടെ ദർഗ സന്ദർശിച്ചാലോ എന്ന ആലോചനയിലുമാണ്.
‘... ഫരീദ്,
എന്റെ പുതപ്പ് ചെളിപുരണ്ട്
കറുത്ത് പോയതാണ്.
എന്റെ നോട്ടവും കറുത്തതാണ്.
ഞാൻ പാപങ്ങളാൽ കളങ്കിതനായി
അലയുന്നു; ജനങ്ങൾ
എന്നെ ദാർവിഷ് എന്നു വിളിക്കുന്നു.'
‘... ഫരീദ്,
ഞാൻ വിചാരിച്ചത്, ഞങ്ങൾ മാത്രം ദുരിതം പേറുന്നുള്ളൂ എന്നാണ്.
എന്നാൽ ലോകം മുഴുവൻ കഷ്ടപ്പാടുകളാണ്. തലയുയർത്തി നോക്കിയപ്പോൾ
എല്ലാ വീട്ടിലും ഒരേ തീ ഞാൻ കണ്ടു.'
‘... ഫരീദ്,
ചിന്ത എന്റെ കൂടെപ്പിറപ്പാണ്.
ദുഃഖവും ദുരിതവും വിരഹവും വേദനയും എന്റെ ചവിട്ടിയും പുതപ്പുമാണ്.
ഇതാണ് എന്റെ ജീവിതം.
നിങ്ങൾ ശരിയായ ഗുരുവിനെ തേടൂ.'
തലപ്പാവ് വെച്ച പാർട്ടി സീനിയർ നേതാക്കൾ ഒന്നടങ്കം അനുഭവസാക്ഷ്യം പറഞ്ഞിട്ടും, കോൺഗ്രസിനൊപ്പം കൂടണ്ട എന്ന ഇ.എം.എസിന്റെ പിടിവാശിക്കൊത്തു വോട്ട് ചെയ്ത കേന്ദ്ര കമ്മിറ്റിയിലെ കേരള കാരണവന്മാർ, സുർജിത് പാപ്പയുടേത് ഒരു ന്യൂനപക്ഷ പേടിയാണെന്നും, ജ്യോതിബസുവിന്റെത് ഒരു പാർലമെന്ററി വ്യാമോഹമാണെന്നും, കോൺഗ്രസിനൊപ്പം ഫാഷിസത്തെ തോൽപ്പിക്കാനിറങ്ങിയാൽ കേരളത്തിൽ പാർട്ടിയുടെ പല്ലിന്റെ മൂർച്ച പാണ്ടൻ നായയുടേതുപോലെയാകും എന്നുമുള്ള ഉറച്ച ബോധ്യത്തിൽ, നാരായണഗുരുവിന്റെ പ്രായോഗിക വേദാന്തത്തിന്റെയടിസ്ഥാനത്തിൽ, ബി.ജെ.പിക്ക് അധികാരം തീരുനൽകിയതിൽ ഇ.എം.എസും ‘അരുന്ധതീ ഹോട്ടലി'ലെ തൊഴിലാളികളും സ്വന്തം പങ്കുവഹിച്ചു. അണ്ണാർക്കണ്ണനും തന്നാലായത് എന്നല്ലേ രാമരഹസ്യം.
ജ്യോതിബസുവിനെ അധ്യക്ഷ സ്ഥാനത്തേക്ക് വിളിച്ച ലാലു- മുലായം-മായാവതി- മമത പിന്നോക്ക ദലിത ന്യൂനപക്ഷങ്ങളെ, പോളിറ്റ് ബ്യൂറോബ്രാഹ്മണർ തങ്ങളുടെ അയിത്തകാലം ഓർത്ത്, ഫ്രോയിഡിയൻ തീണ്ടൽ ആചരിച്ചു മാറ്റി നിർത്തി വിപ്ലവപരിപാടി വിജയിപ്പിച്ചു. അങ്ങനെ ലണ്ടനിൽ നിന്ന് അക്കാലത്തെ ഇംഗ്ലീഷ് പഠിച്ചിറങ്ങി, രജനി പാംദത്തയുടെ വലയിൽപ്പെട്ട്, ഒരു കാര്യവുമില്ലാതെ കമ്യൂണിസ്റ്റായിപ്പോയ ജ്യോതി ബാബുവിന്, ‘ഹിസ്റ്റോറിക്കൽ ബ്ലെൻഡർ' എന്ന് സ്വന്തം പാർട്ടിയുടെ ചെയ്തിയെ വിശേഷിക്കേണ്ടിയും വന്നു. പകരം വന്ന ബുദ്ധദേവ് ഭട്ടാചാര്യ ഉള്ള വോട്ടുബലം സിങ്കൂറിലും നന്ദിഗ്രാമിലും കൊണ്ടുകളഞ്ഞു. ഭരണം മമത പിടിച്ചപ്പോൾ പോളിറ്റ് ബ്യൂറോയിൽപോലും വരാതെയായി. നാനോ കാർ കമ്പനി ഗുജറാത്ത് കൊണ്ടുപോവുകയും ചെയ്തു. പരമ്പരാഗത കമ്യൂണിസ്റ്റ് വോട്ടുബാങ്കായിരുന്ന ഉരുളക്കിഴങ്ങ് കർഷകർ, പാർട്ടിബെൽറ്റ് അഴിച്ചു വലിച്ചെറിഞ്ഞു. കൊൽക്കത്തയിലെ നഗരത്തൊഴിലാളിവർഗം മമതയുടെ കാലാൾപ്പടയായി. ബാക്കിവന്നവർ അന്യസംസ്ഥാന തൊഴിലാളികളായി. നഷ്ടസ്വർഗം തേടി കേരളത്തിലേക്കു പലായനം ചെയ്തു. കേരളം ഒരു ബംഗാളായി.
രണ്ടാമത് യു.പി.എ സർക്കാറിന് കൊടുത്ത പിന്തുണ, വിമാനയാത്രയിലെ തന്റെ ഷെർലക് ഹോം വായനക്കിടെ ലഭിച്ച ജ്ഞാനോദയത്തിൽ, അമേരിക്ക ആണവനിലയം കൊണ്ടുവരുമെന്ന ആശങ്കയിൽ, പ്രകാശ് കാരാട്ട് അന്ത്യകൂദാശ നടത്തി. യെച്ചൂരി തന്റെ പൈതൃക സൂഫി ബന്ധങ്ങളുടെ ബലത്തിൽ പാർലമെന്റിൽ ഒരു വിടവാങ്ങൽ പ്രസംഗം കാച്ചി. രണ്ടാമത് പാർലമെന്റിൽ പോകാൻ, രണ്ടുവട്ടം പോയവർക്ക് വകുപ്പില്ലെന്ന്, പാർട്ടി ഭരണഘടന ചൂണ്ടി കേന്ദ്രകമ്മിറ്റി ഊന്നിപ്പറഞ്ഞു. ഫാഷിസം വന്നാലും വേണ്ടില്ല, പാർട്ടിയുടെ ജീവിച്ചിരിക്കുന്ന അവസാന സ്ഥാപക നേതാവിന് ഒരു പണി കൊടുക്കണം എന്ന നിലയിൽ, കണ്ണൂർക്കാർ സ്വന്തം വർഗബന്ധങ്ങളെത്തന്നെ മറന്നു. പാവം നാണു ഗുരുദേവന്റെ കണ്ണൂരിലെ ഇൻസ്റ്റലേഷനുകൾ വെറുതെയായി. ജഗന്നാഥനു മുമ്പിൽ തീവണ്ടിയപകടം നടന്നു.
ഇങ്ങനെ, കുരങ്ങിന്റെ കയ്യിൽ കിട്ടിയ പൂമാല പോലെ, ഇന്ത്യയെ ഇടതുപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസും പിച്ചിച്ചീന്താൻ ഒരുങ്ങിയപ്പോഴാണ്, അദാനിയും അംബാനിയും ബജാജും, തങ്ങളുടെ ദേശീയ ബൂർഷ്വാ പദവിയുടെ വീറ്റോ ഉപയോഗിച്ച്, മോദി സഖാവിനെ പ്രധാനമന്ത്രിയാക്കിയത്. ഒരുവിധം കാര്യങ്ങൾ കോമ്പ്രദോർ ബൂർഷ്വാസിയായി വികസിക്കാൻ ഒരുങ്ങുമ്പോഴാണ്, കൂത്തൻ തുള്ളും പോലെ കുളം കലക്കാൻ കഴിയുമോ എന്ന്, ബാലത്രിപുര സുന്ദരീ മന്ത്രം ജപിച്ചു ധൈര്യം വരുത്തി, പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിയെ സഭയിൽ കെട്ടിപ്പിടിച്ച്, ഭർതൃഹരി പണ്ട് ഉജ്ജയിനിൽ ആടിയ നാടകമാടിയത്. അന്നേ ഹാജിയാർ പയ്യനെ കണ്ണുവച്ചതാണ്.
അലിയെ കീടമായി കണ്ട മലപ്പുറം മാർക്‌സിസം പോലെ, കാണാൻ മൊഞ്ചുള്ള ‘കുണ്ടനെ’ ക്ലാസിൽ കയറ്റാതെ, ചീരാപ്പ് തുടച്ചു വരാൻ പറഞ്ഞു പുറത്തു നിർത്തി. ഇതു ഫാഷിസമല്ലേ? അതാണ് ചോദ്യം. പാർലമെൻറ് ലെനിൻ പറഞ്ഞ പന്നിക്കൂടല്ലേ? പണ്ട് പാർലമെൻറംഗമായി ഇറ്റലിയിൽ വിലസിയ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി സഖാവ് ഗ്രാംഷിക്കും ഇത്തരമൊരു അക്കിടി പറ്റിയിരുന്നു.
താൻ പാർലമെൻറംഗമല്ലേ, അതിനാൽ ഫാഷിസത്തിന് ഇനിയും സമയമെടുക്കും എന്നു കരുതിയ പുള്ളിക്കാരൻ, ‘സമയമായില്ല പോലും' എന്ന മലയാള സിനിമ കണ്ടിരിക്കുമ്പോഴാണ്, മുസോളിനി അറസ്റ്റ് ചെയ്ത് ജയിലിൽ നിന്ന് ജയിലിലേക്ക് ഘോഷയാത്ര നടത്തിച്ചത്. ‘ഈ ധിഷണ ഇരുപത് വർഷം നിശ്ചലമാകട്ടെ' എന്ന ജഡ്ജിയുടെ ആശിർവാദത്തെ, ബാത്‌റൂം പേപ്പറിൽ കുറിപ്പുകൾ എഴുതി നിർവീര്യമാക്കാൻ ഗ്രാംഷിക്ക് ഒരു കൂനുണ്ടായിരുന്നു, ഭാഷയും അറിയാമായിരുന്നു, ഓർമകളുണ്ടായിരുന്നു.
ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷിൽ പത്താം ക്ലാസ് വരെപോയി, പണ്ടത്തെ കമ്യൂണിസ്റ്റുകാരായ എ.കെ.ജിയെയും ഇ.എം.എസിനെയും അനുകരിച്ച്, ജെ.എൻ.യുവിലെ ക്ലാസ്സുകൾ കട്ട് ചെയ്ത് അടിയന്തരാവസ്ഥ ആഘോഷിക്കാൻ പോയ കാരാട്ടും യെച്ചൂരിയും, മണ്ഡൽ കമ്മീഷനോടെ വി.പി. സിങ് വർഗ്ഗരാഷ്ട്രീയത്തിന്റെ പണികഴിച്ചു എന്ന ആശ്വാസത്തിൽ, പണിയൊന്നുമില്ലാതെ, ദില്ലിയുടെ ഹൃദയഭാഗത്ത് എ.കെ.ജിയുടെ പേരിൽ പണിതീർത്ത സുഖവാസ കേന്ദ്രത്തിൽ സ്വസ്ഥവൃത്തത്തിൽ ഇരിക്കെ, മന്ദിരം കാവിപ്പട ആക്രമിച്ച് സെക്രട്ടറിയെ തലക്കിട്ടൊന്നു കൊടുത്തെങ്കിലും, അക്ഷോഭ്യനായി ചാപ്ലിനെ പോലെ രംഗംവിട്ട യെച്ചൂരി ‘ആന്ധ്ര ബ്രാഹ്മണനല്ലേ കിട്ടട്ടെ ഒരു പണി' എന്ന നിലയിൽ, കേരളത്തിൽ പോലും ഒരു പ്രതിഷേധക്കൊടി ഉയർന്നതുമില്ല. വി.എസിനോട് പക്ഷം ചേർന്നാൽ പാർട്ടി സെക്രട്ടറിയാണെന്നൊന്നും നോക്കില്ല.
ഫാഷിസത്തെ തീർക്കാൻ ദിമിത്രോവും ഒരു വഴിയേ കണ്ടുപിടിച്ചിട്ടുള്ളൂ. സാമാന്യ വലതുപക്ഷവുമായി ചേർന്ന് ഒരു ഐക്യമുന്നണി. അങ്ങനെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പിനെക്കാൾ, മനുഷ്യരാശിയുടെ വിമോചനം സ്വപ്നം കണ്ട ഇന്റർനാഷണൽ, ഐക്യമുന്നണിയിൽ അസ്തിത്വം വെളിപ്പെടുത്താതെ ലയിച്ചു ചേരാൻ കമ്യൂണിസ്റ്റുകൾക്ക് സൗകര്യമൊരുക്കിക്കൊണ്ട്, ലോകത്തിലെ ഘടക കമ്യൂണിസ്റ്റ് പാർട്ടികളെ മരവിപ്പിക്കാൻ പോലും ഒരു ദുർബല നിമിഷത്തിൽ ആഹ്വാനം ചെയ്തു. ‘ഞങ്ങൾ ജീവിതവും രക്തവും നൽകി കുരുപ്പിടിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടിയെ, മനുഷ്യരാശിയുടെ രക്ഷയ്ക്കായി പിരിച്ചുവിടണമെന്ന് ഇന്റർനാഷണൽ ആഹ്വാനം ചെയ്താൽ, ഒരിറ്റു കണ്ണീർ വീഴ്ത്താതെ അതനുസരിക്കും' എന്ന് കോമിന്റെണിന് ഇ.എം.എസ് പിന്തുണ പാടി. എന്നാൽ പിരിച്ചു വിടേണ്ടിവന്നില്ല. കോമിന്റെൺ കൊഴിഞ്ഞുപോയി. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന് ഒ.എൻ.വി കുറുപ്പിന്റെ ഉറപ്പിൽ ഒരു വിവർത്തനം പിറന്നു. പിന്നീടെപ്പോഴോ ആ പാടലും സമ്മേളനങ്ങൾ മറന്നു. സമ്മേളനങ്ങൾ ബിസിനസ് സമ്മേളനങ്ങളായി. ചിക്പുക് ചിക്പുക് റയിലേ എന്ന് റഹ്മാന്റെ ട്യൂണിലായി. സുഹാസിനിയുടെ മോൻ വരെ ലെനിനിസത്തെക്കുറിച്ചു പുസ്തകമെഴുതി. വീരാരാധനയുടെ സംഘകാലം പിറന്നു.
കാരണം വർഗ്ഗ രാഷ്ട്രീയത്തിന്റെ മുഖലാവണ്യങ്ങളിൽ വാണ കമ്യൂണിസത്തിന്, സ്വത്വ രാഷ്ട്രീയത്തിൽ പുലരുന്ന ഫാഷിസത്തിന്റെ നാളുകളിൽ അസ്തിത്വം നഷ്ടപ്പെട്ടേ മതിയാവൂ. മാർക്‌സിസം ഭവരാഷ്ട്രീയത്തോടൊപ്പം ആനന്ദനൃത്തം ചവിട്ടുന്നു. ‘ഭവിക്കേണ്ടത് ഭവിക്കും കുട്ടീ' എന്നൊരു ഗുരുവാക്യം പിറക്കുന്നു. കാറ്റു മാറി വീശിയത് നീ അറിഞ്ഞില്ലെന്നോ എന്ന് കൂട്ടുകാരന്റെ കവിത.
അസ്തിത്വവാദം അസ്ഥിക്ക് പിടിക്കുന്നതാണ് ഫാഷിസം. അപ്പോൾ ഉണ്ടായി വരുന്ന വിജൂ കൃഷ്ണന്മാരുടെ ഐ.ഐ.ടി കർഷകജാഥകൾ ദലിത് മുന്നേറ്റങ്ങൾക്ക് കടയ്ക്കൽ കത്തിയാവുന്നു. അയാളെ കേന്ദ്രകമ്മിറ്റിയിലെടുക്കുന്നു. പാലോളിക്കുള്ള അവസാന പോളിറ്റ് ബ്യൂറോ അവസരം പയ്യന്മാർ കൊണ്ടുപോകുന്നു. ചാത്തൻസിന് പണ്ടപ്പോലെ പാർട്ടിയിൽ സ്വാധീനമില്ലാതാവുന്നു. മേദിനിയുടെ പാട്ട് സിതാര അടിച്ചുമാറ്റുന്നു. ദലിതുകളും തങ്ങളുടെ മുസ്ലിം സാഹോദര്യം കൈവെടിയുന്നു. രേഖാരാജിന്റെ ജോലി ബലാൽക്കാരേണ പിടിച്ചുമാറ്റുന്നു. സ്വത്വ രാഷ്ട്രീയത്തിൽ മായാവതിയുടെ ‘അധികാരം കൊയ്യണമാദ്യം' എന്ന അവസരവാദ രാഷ്ട്രീയം പിറക്കുന്നു. യാദവന്മാരും ലല്ലുമാരും ‘വൈക്കോൽ മൂലം കാമിനി മൂലം' ജയിലിലാകുന്നു. വികസനം നേരാംവണ്ണം നടത്തിയില്ലെങ്കിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് എന്ന നിർഗുണ പരബ്രഹ്മം യക്ഷഗാനം പാടും എന്ന ഭീഷണിയിൽ, ഇടതുപക്ഷം ചരിത്രത്തെ വഞ്ചിച്ച് രണ്ടാംഘട്ടം പുലരുന്നു.
മണ്ണും ചാണകവും തിരിച്ചറിയാത്ത മന്ത്രിമാരുടെ മരത്തലകൊണ്ട് ആശാലത ‘മരംകൊത്തികൾ' എന്ന കവിത രചിക്കുന്നു. ആത്മവിദ്യാസംഘം കോ-ഓപറേറ്റിസത്തിൽ നിന്ന് കോർപറേറ്റിസത്തിലേക്ക് മാറി, ഏഷ്യൻ വികസന മോഡലിന്റെ എ ഡി ബി മേസിരിപ്പണിയിൽ ആനന്ദവാദം കണ്ടത്തുന്നു. സാമ്പത്തികരംഗം കൊല്ലത്തെ കശുവണ്ടി മേഖല പോലെയായി. സാംസ്‌കാരിക രംഗം കയർ വ്യവസായമായി. അക്കാദമികൾ ‘ആളില്ലാ കസേരകളായി.' മീഡിയോക്രിറ്റി നാടുവാഴും കാലം. കള്ളവും ചതിയും ഓണക്കളി നടത്തുന്നു. എന്നുവച്ചാൽ ‘കുറിയ മനുഷ്യാ ശ്രദ്ധിക്കൂ' എന്നു പറയാൻ, വില്യംറീഹിനെ റാസ്‌ബെറി വീണ്ടും വിവർത്തനത്തിനു ക്ഷണിക്കുന്നു.
അപ്പോൾ ഐക്യമുന്നണിയുടെ കാര്യം?
കോൺഗ്രസും ഇടതുപക്ഷവും കൈകോർത്ത് ഒരു ബദൽ?
അപ്പോൾ കേരളം?
ഇവിടെ മുഖ്യശത്രു കോൺഗ്രസല്ലേ?
കേരളംകൂടി പോയാൽ പിന്നെ കമ്യൂണിസത്തിന് ലോകത്തിലെവിടെയെങ്കിലും ഭാവിയുണ്ടാകുമോ?
ധൃതരാഷ്ട്രയുടെ ധർമ്മസങ്കടംപോലെയായി കാര്യങ്ങൾ. എങ്കിലുമൊടുവിൽ കൗരവപ്പടക്കൊപ്പം തന്നെ നിൽക്കാമെന്ന അന്ധബുദ്ധി. അല്ലെങ്കിൽ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നപ്പോൾ, തൊട്ടടുത്തുള്ള ബംഗ്ലൂർ സന്ദർശിച്ച് അഖിലേന്ത്യാ നേതാവാകാനുള്ള സാധ്യതയെ, അന്നേദിവസം അൽഫോൺസ് കണ്ണന്താനത്തിന്റെ സുറിയാനിസദ്യക്ക് പറഞ്ഞയച്ച ഉപദേശകവൃന്ദത്തിന്റെ തലയിൽ കളിമണ്ണാണോ? പന്തളം രാജകുമാരന്മാർ ഉപദേശസഹസ്രി ചൊല്ലിയിരിപ്പാണോ? മമ്മാലിമാരുടെ അറക്കൽ ബന്ധജീനുകൾക്ക് അംനേഷ്യ ബാധിച്ചുവോ? മാധ്യമ സിൻഡിക്കേറ്റുകൾ മീഡിയ അക്കാദമി വിളമ്പിയ ഫിഷ് ഫ്രോളിയിൽ മയങ്ങിയോ? സ്വന്തം കാര്യം സിന്ദാബാദ് എന്ന് മാളയിലെ മന്ത്രിമാർ ഇന്നസൻറ് കളിക്കുകയാണോ?
അപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ അസാന്നിധ്യം പകരുന്ന വേദനയിൽ മാത്രമേ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പുലരൂ എന്ന ഇന്റർനാഷണലിന്റെ ദിമിത്രീവ് തിസീസ് എന്തു ചെയ്യും? അത് നവോത്ഥാനം നടത്തിക്കിട്ടാൻ തള്ളിപ്പറഞ്ഞ ഖുർആനിനു പകരം, കെ.ഇ.എൻ തന്റെ വേദപുസ്തകമാക്കിക്കോട്ടെ എന്നാണോ? അല്ല ഇത് ഫാഷിസമല്ല, ഫാഷിസത്തിന്റെ ഉമ്പാക്കി കാണിക്കുന്ന കൊളോണിയലിസമാണ് എന്ന്, ബ്രിട്ടീഷ് പട്ടാളം വരുന്നതറിഞ്ഞു, സ്വയം മരത്തിൽ കെട്ടിയിട്ട് നെഞ്ചു വിരിച്ചു കാണിച്ച് വെടിയുണ്ട ഏറ്റുവാങ്ങിയ മലപ്പുറം വാറങ്കോട്ടെ തിരുമണ്ടന്മാർക്കറിയാം. ബ്രിട്ടീഷ് ടീമിനെ ബെയർഫൂട്ടിൽ നേരിട്ട വാരിയൻകുന്നനോടാണോ കളി?
ഒരു കാൽ ഖബർസ്ഥാനിൽ വെച്ചുകഴിയുന്ന അഘോരികളുടെ മതമാണ് മലപ്പുറംകാരുടേത്. ജീവിതേച്ഛയേക്കാൾ മരണാസക്തിയെ പുൽകിയവർ. ഫ്രോയിഡിയൻ മനഃശാസ്ത്രത്തിലല്ല, ദലൂസിയൻ ഷിസോയിൽ ജീവിതം കണ്ടെത്തുന്നവർ. അതുകൊണ്ട് നമുക്ക് ഉപ്പ് കുറുക്കാം. ഉമ്മർ ഖാളിയുടെ ശൈലിയിൽ ജി എസ് ടി നിഷേധിക്കാം. സമാന്തര സമ്പദ് വ്യവസ്ഥയുണ്ടാക്കാം. ‘മൂക്കില്ലാ രാജ്യത്ത്' ഭ്രാന്താശുപത്രി ചാടിയ തിലകൻ ചേട്ടൻ കാട്ടിത്തന്ന മാതൃകയിൽ വിദേശ വസ്ത്രങ്ങൾ ബഹിഷ്‌കരിക്കാം. അംബേദ്കർ- ഗാന്ധി സംവാദം നടത്താം. ഗുരുവിനെ മലയിൽ ചെന്നു നോക്കാം. ചട്ടമ്പിമാരെ സ്വാമിമാരാക്കാം. അയ്യങ്കാളിയുടെ നെഞ്ചൂക്കിൽ വില്ലുവണ്ടി കയറാം. പൊയ്കയിൽ അപ്പച്ചന് ആത്മോപദേശശതകം ഉപദേശിക്കാം. കഫം പോകാനെങ്കിലും യോഗം പറ്റും എന്ന ഗുരുവാക്യം ചുമയ്ക്കാം. ഓർമകൾ കൊണ്ട് മറവിയുടെ മഞ്ഞുകാലത്തെ പ്രതിരോധിക്കാം. മിലൻ കുന്ദേരയെ വായിക്കാം. ആപത്തിന്റെ നിമിഷത്തിൽ മനസ്സിലൂടെ മിന്നിമറിയുന്ന ഓർമ്മകളുടെ ചരിത്രബോധം ഒരു കെട്ടുകഥയാണെന്നറിയാം. മിത്താണ് ചരിത്രത്തേക്കാൾ പ്രവർത്തനക്ഷമം എന്ന് രാമരാജ്യ മന്ത്രം ജപിക്കാം. ജയ് റാം ജൈ ജൈ റാം സീതാറാം പാടി, കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തിന് കോഴിക്കോട് ഒരു ശാഖ തുടങ്ങാം. പലതരം ആനന്ദങ്ങളിൽ ആറാടാം. വാഗ്ഭടാനന്ദം. ബ്രഹ്മാനന്ദം. പരമാനന്ദം. ശ്രീ ശ്രീയുടെ ഹാപ്പിനസ് കോഴ്‌സുകളായി കലയെ കണ്ടെത്താം. കലയുടെ ജീവൻ ക്രാഫ്റ്റ്മാന് കൊടുക്കാം. നമ്പൂതിരി, അമ്പലവാസി, നായർ, തീയ്യ, ആശാരി, മൂശാരി, ദലിത്, മുസ്ലിം ക്രമത്തിൽ പണ്ഡിത ലോകത്തിന്റെ ഒരു ശ്രേണീവ്യവസ്ഥയുണ്ടാക്കാം. സോക്രട്ടീസിന് വിഷം കൊടുക്കാം. കരുണയോ പ്രജ്ഞയോ എന്ന ബുദ്ധധർമ്മത്തിൽ ഒരു നാഗാർജുന ഔഷധ ശാലയ്ക്ക് കരാർ വിളിക്കാം. എല്ലാം നെഗറ്റീവിൽ ദർശിക്കുന്നത് ഏതു തത്വചിന്താ സരണിയാണ്? ആത്മമോ അപരമോ?