ഡോ. എം. കുഞ്ഞാമൻ ആത്മഹത്യ ചെയ്തിട്ട് ഇന്ന് രണ്ടു വർഷം തികയുന്നു. അദ്ദേഹം എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യം കേരളീയ പൊതുസമൂഹത്തിൽനിന്ന് ഉയർന്നില്ല, ഒരുതരം സഹതാപ പ്രകടനങ്ങളല്ലാതെ മറ്റൊന്നുമുണ്ടായില്ല.
സമൂഹത്തിന്റെ ഏറ്റവും കീഴ്ത്തട്ടിൽ നിന്ന് പഠിച്ചു മുന്നോട്ടുവന്ന എന്നെപ്പോലുള്ളവർക്ക് എം. കുഞ്ഞാമൻ ഒരു മാതൃകയായിരുന്നു. കസേരകൾ മോഹിക്കാനല്ല അദ്ദേഹം വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്. വിദ്യാഭ്യാസം അദ്ദേഹത്തെ ചിന്തിക്കാനും ചിന്തിപ്പിക്കാനുമാണ് പ്രേരിപ്പിച്ചത്. അത് പൂർണമായും ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്തു.
എം. കുഞ്ഞാമൻ ഒരിടത്ത് വന്നാൽ ആ സ്ഥലം സ്വാഭാവികമായും ഒരു ചിന്താസ്ഥലമായി മാറും. പുതിയ ആശയങ്ങളും അഭിപ്രായങ്ങളും അദ്ദേഹം ഏത് സാധാരണക്കാരുമായും പങ്കിടും. സമൂഹത്തിലെ താഴെക്കിടയിൽ ജോലി ചെയ്യുന്ന മനുഷ്യരോട് അദ്ദേഹത്തിന് സ്നേഹവും അനുകമ്പയും ഉണ്ടായിരുന്നു. അതുകൊണ്ട് അവരോട് സംസാരിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. പാവപ്പെട്ടവരുടെ അഭിപ്രായങ്ങൾ അദ്ദേഹം സസൂക്ഷ്മം ശ്രദ്ധിക്കുമായിരുന്നു. കാരണം സമൂഹത്തിന്റെ അടിത്തട്ട് സംസ്കാരം പാവപ്പെട്ടവരിലും പണിയെടുക്കുന്ന ആളുകളിലുമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

സ്വന്തം ജീവിതം തീർത്തും ദുർബല സാമൂഹിക സാഹചര്യത്തിലായതുകൊണ്ടാകാം അദ്ദേഹത്തിന് സാധാരണക്കാരോട് സംവദിക്കാനുള്ള രീതിശാസ്ത്രം അറിയാമായിരുന്നു. അവരുടെ ഉൾക്കാഴ്ചകളെ, അനുഭവ സാക്ഷ്യങ്ങളെ അദ്ദേഹം ഒരറിവായി വിലമതിച്ചിരുന്നു. അതോടൊപ്പം സർവകലാശാലകളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന, പഠനത്തിനായി സമയം ചെലവഴിക്കാത്ത വ്യക്തികളോട് അദ്ദേഹത്തിന് എതിർപ്പുമുണ്ടായിരുന്നു. വിദ്യാർത്ഥികൾ പഠിക്കുന്നവർ മാത്രമല്ല മറ്റുള്ളവരെ പഠിപ്പിക്കേണ്ടവർ കൂടിയാണെന്ന് അദ്ദേഹം കരുതിയിരുന്നു. സർവകലാശാലയിൽ രാഷ്ട്രീയ പ്രവർത്തനം മാത്രം ചെയ്യുന്ന അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും അദ്ദേഹത്തിന് ഒട്ടും മതിപ്പില്ലായിരുന്നു. ചിന്തിക്കുകയും വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഏതൊരാളോടും എം. കുഞ്ഞാമന് അടുപ്പവും സ്നേഹവുമുണ്ടായിരുന്നു. ചിന്തയോട് അത്രമാത്രം കടപ്പാടുള്ള ഒരദ്ധ്യാപകനെ എം. കുഞ്ഞാമനിൽ ദർശിക്കാമായിരുന്നു.
ഞാൻ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ പഠിക്കുന്ന സമയത്ത്, എം. കുഞ്ഞാമനെ കാണാൻ കേരള സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലുള്ള അദ്ദേഹത്തിന്റെ ഫാക്കൽറ്റി കാബിനിൽ പോയിരുന്നു. മുമ്പിലെ മേശയിൽ കാല് നിവർത്തിവെച്ച്, ഒരു പുസ്തകം രണ്ട് കൈയ്യിലുമായി വിടർത്തിപ്പിടിച്ചിരുന്ന് വായിക്കുകയായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വായനയെ മുറിച്ച്, സ്വയം പരിചയപ്പെടുത്തി. എം. കുഞ്ഞാമനും സി.ഡി.എസ്സിലെ വിദ്യാർത്ഥിയായിരുന്നു എന്നറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പഠനങ്ങളും കീഴാള ജനതയെ പറ്റിയുള്ള അഭിപ്രായങ്ങളുമാണ് എന്നെ അദ്ദേഹത്തിന്റെ മുറിയിലെത്തിച്ചത്. സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളെക്കാൾ അദ്ദേഹം വായിക്കാറ് ഇംഗ്ലീഷ് നോവലുകളായിരുന്നു. അന്നും അദ്ദേഹം ഒരു നോവലാണ് വായിച്ചിരുന്നത്.

ഞങ്ങൾ സി.ഡി.എസിനെ കുറിച്ച് സംസാരിച്ച് എന്റെ കുടുംബപശ്ചാത്തലത്തിലേക്ക് തിരിഞ്ഞു. എവിടെ നിന്നാണ് ഞാൻ വരുന്നത് എന്നെല്ലാം പറയുന്നതിനിടെ, അദ്ദേഹത്തിന് എന്റെ ദരിദ്ര കുടുംബപശ്ചാത്തലം മനസ്സിലായി. പഠനം തുടരണോ വേണ്ടയോ എന്ന ആശങ്ക പങ്കുവെച്ചപ്പോൾ, അദ്ദേഹം പറഞ്ഞു; രാജേഷേ, നിങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ ഒരു മാറ്റവും സംഭവിക്കില്ല. കുടുംബം ഒരു ചക്രം പോലെ കറങ്ങും. എന്തെങ്കിലും വ്യത്യസ്തതകൾ അവിടെ ഉണ്ടാക്കണമെങ്കിൽ നിങ്ങൾ അവിടം വിട്ടുപോകണം.
വീടു വിട്ട് തിരുവനന്തപുരത്ത് ജീവിക്കുന്ന എനിക്ക് അത് സത്യമാണെന്ന് തോന്നി. എന്തെങ്കിലും തിരിച്ച് അമ്മയ്ക്കും സഹോദരങ്ങൾക്കും അതുവഴി ആ കുടുംബത്തിനും ചെയ്യാൻ സാധിച്ചത് ഇങ്ങനെ മാറിനിന്ന് പഠിച്ചതുകൊണ്ടാണ്. യഥാർത്ഥത്തിൽ ആ വെളിപ്പെടുത്തൽ എം. കുഞ്ഞാമൻ നടത്തിയത് അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിന്റെ ഉദാഹരണത്തിലൂടെയാണെന്ന് പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് മനസ്സിലായത്.
എം. കുഞ്ഞാമനുമായുള്ള ഏത് സംഭാഷണവും അവസാനം ഏതെങ്കിലും അടിസ്ഥാന പുസ്തകത്തിലെത്തിച്ചേരും. വിദ്യാർത്ഥികളെ പഠിക്കാൻ മാത്രമല്ല ഇത് സഹായിക്കുക, ചിന്തിക്കാനും വായിക്കാനും പ്രേരിപ്പിക്കും. അങ്ങനെ എം. കുഞ്ഞാമന്റെ പ്രേരണ മൂലം ചില നിർണായക പുസ്തകങ്ങൾ വായിച്ചിട്ടുള്ള വിദ്യാർത്ഥികളെ എനിക്കറിയാം.
വേറിട്ട സാമ്പത്തികശാസ്ത്ര ചിന്ത
സാമ്പത്തിക ശാസ്ത്രത്തിലെ വികസന സാമ്പത്തിക ശാസ്ത്രം എന്ന പ്രത്യേക ജ്ഞാനമണ്ഡലത്തിലായിരുന്നു എം. കുഞ്ഞാമന്റെ താൽപര്യം. മൂന്നാം ലോക രാജ്യങ്ങളുടെ പ്രശ്നങ്ങളായിരുന്നു ഈ ശാഖയിൽ പ്രധാനമായും ചർച്ച ചെയ്തിട്ടുള്ളത്. വ്യത്യസ്ത വികസന മാതൃകകൾ വികസിത രാജ്യങ്ങളിലും അല്ലാത്തിടങ്ങളിലും എങ്ങനെ പ്രവർത്തിച്ചു, തൊഴിലാളികൾ കൃഷിയിൽ നിന്ന് വ്യവസായിത്തിലേക്ക് നീങ്ങുന്നതിന്റെ സാമ്പത്തിക യുക്തി എന്താണ്, വികസിത രാജ്യങ്ങളിൽ കൂടുതൽ ജനങ്ങൾ എന്തുകൊണ്ടാണ് സേവനമേഖലയിൽ പ്രവർത്തിക്കുന്നത്, ദാരിദ്ര്യവും ഭൂവിതരണത്തിലെ അസമത്വവും തമ്മിലുള്ള ബന്ധം, വികസിത രാജ്യങ്ങളുടെ പുരോഗതിയും വികസ്വര രാജ്യങ്ങളുടെ അധോഗതിയും തമ്മിലുള്ള ബന്ധം എന്നിങ്ങനെ വികസനവും വളർച്ചയും സംബന്ധിച്ച വിഷയങ്ങളാണ് പ്രധാനമായും ഈ ശാസ്ത്രശാഖ പഠിപ്പിക്കുന്നത്.

മൂന്നാം ലോക രാജ്യങ്ങളുടെ വികസനപ്രശ്നവും പ്രതിസന്ധികളും സവിശേഷമായി പഠിക്കാനുള്ളതാണെന്നും അതിന് സാമ്പ്രദായിക സാമ്പത്തിക സിദ്ധാന്തങ്ങളിലെ സൂക്ഷ്മവും സ്ഥൂലവുമായ രീതികൾ മതിയാകില്ലെന്നുമുള്ള തിരിച്ചറിവാണ് ഈ ശാഖയുടെ പിറവിക്ക് കാരണം. വികസിത രാജ്യങ്ങളുടെ സാമ്പത്തിക ചരിത്രം വെച്ച് വികസ്വരവും പിന്നാക്കവുമായ സമ്പദ് വ്യവസ്ഥയെ പഠിക്കുന്ന യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിൽനിന്ന് വിടുതൽ വാങ്ങി കുറേക്കൂടി വിമർശനബോധത്തോടെ സാമ്പത്തിക ചരിത്രത്തെയും വർത്തമാനത്തെയും പഠിക്കുന്ന മേഖലയിലാണ് എം. കുഞ്ഞാമൻ ദീർഘകാലം പഠിപ്പിച്ചതും ഗവേഷണം നടത്തിയതും.
വികസന രീതികളെ കുറിച്ചുള്ള ഗുണാത്മകമായ മാനങ്ങളാണ് ഇവിടെ പ്രധാനമായും ചർച്ച ചെയ്യുന്നത്. അവിടെ ജനസംഖ്യാവർദ്ധനവ് ഒരു കുറവായിട്ടല്ല മനസ്സിലാക്കുന്നത്. മറിച്ച് വിനിയോഗിക്കാൻ കഴിയാത്ത മാനവ വിഭവമായിട്ടാണ്. അതുകൊണ്ട് മനുഷ്യരെ അടിസ്ഥാനപരമായി ഒരു സാമ്പത്തിക ജീവിയായി കാണുന്നുണ്ടെങ്കിലും അവരുടെ ചുറ്റുപാടും സാമ്പത്തിക പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് നയപരമായ മാറ്റത്തിലൂടെയും അതിന്റെ നടപ്പിലാക്കലിലൂടെയും ജനങ്ങളുടെ ക്ഷേമവും വികസനവും സ്വാതന്ത്ര്യവും വളർത്തിയെടുക്കുകയെന്ന തത്വത്തിലാണ് എം. കുഞ്ഞാമന്റെ ചിന്തകൾ സ്വാധീനിക്കപ്പെട്ടത്. അതുകൊണ്ടായിരിക്കണം സാമ്പത്തിക ശാസ്ത്രജ്ഞർ വരുമാന വർദ്ധനവിന്റെയും ചെലവാക്കലിന്റെയും ഏറ്റക്കുറച്ചിലുകളുടെ കണക്കുകൾ നിരത്തി വാദിക്കുമ്പോൾ എം. കുഞ്ഞാമൻ, മനുഷ്യന്റെ ഭൗതിക സാഹചര്യം പ്രദാനം ചെയ്യുന്ന വിവിധതരം അസമത്വങ്ങളെയും അവ നിർമ്മിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ അന്തരത്തെക്കുറിച്ചും സംസാരിക്കുന്നത്.
കേരളത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരിൽ ഇത്രമാത്രം രാഷ്ട്രീയ സമ്പദ്ശാസ്ത്ര ഉൾക്കാഴ്ചയുള്ള ചിന്തകൻ എം. കുഞ്ഞാമനെ പോലെ മറ്റാരെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സമ്പദ്ശാസ്ത്രത്തിലെ മറ്റൊരു ശാഖയാണ് രാഷ്ട്രീയ സമ്പദ്ശാസ്ത്രം. ആഡം സ്മിത്ത്, റിക്കാർഡോ, കാൾ മാർക്സ് എന്നിവരുടെ സാമ്പത്തിക സമീപനങ്ങളാണ് ഈ ചിന്താധാരയുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്. ആഡം സ്മിത്തിന്റെ രണ്ട് പ്രധാന പുസ്തകങ്ങളായ The Theory of Moral Sentiments, The Wealth of Nations എന്നിവ വളരെ ഗൗരവത്തോടെ വായിച്ചിട്ടുള്ള ചിന്തകനാണ് എം. കുഞ്ഞാമൻ. അവയിലെ ഓരോ സംജ്ഞയും സങ്കൽപ്പനങ്ങളും വിശകലന സൂക്ഷ്മതയോടെ അദ്ദേഹം വായിച്ചിരുന്നു. സാമ്പത്തിക യുക്തിയുടെ അടിസ്ഥാനം സ്വാർത്ഥതാൽപര്യമല്ലെന്നും ആത്മസ്നേഹമാണെന്നും പറയാറുള്ള സാമ്പത്തിക ശാസ്ത്രജ്ഞർ കുറവായിരുന്നു. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ അദ്ധ്യാപകരിൽ നിന്നു പോലും ഞാൻ ഈ തിരിച്ചറിവ് കേട്ടിരുന്നില്ല.

ഏത് സാമൂഹിക സാഹചര്യത്തിലാണ് ഉൽപ്പാദനം നടക്കുന്നത്, ആരൊക്കെയാണ് അതിലെ പങ്കാളികൾ, അവിടെ അദ്ധ്വാനിക്കുന്നവരാര്, ഉടമസ്ഥരാര്, എങ്ങനെയാണ് സാമൂഹികമിച്ചം വിവിധ വർഗങ്ങളിൽ വിതരണം ചെയ്യപ്പെടുന്നത്, ഈ ഉൽപ്പാദന വ്യവസ്ഥയിൽ ആർക്കാണ് നേട്ടം, കോട്ടം, എവിടെയാണ് ചൂഷണം നടക്കുന്നത്, അദ്ധ്വാനം മിച്ചമൂല്യമായി വർത്തിക്കുന്നതെങ്ങിനെ എന്നീ ചോദ്യങ്ങൾ ഉയർത്തുന്ന രീതിശാസ്ത്രമാണ് രാഷ്ട്രീയ സമ്പദ്ശാസ്ത്രം. മാർക്സിന്റെ വർഗസമീപനം- തൊഴിലാളിയുടെ അദ്ധ്വാനമാണ് ചൂഷണത്തിന് വിധേയമാകുന്നത് എന്ന അടിസ്ഥാന സമീപനം- എം. കുഞ്ഞാമൻ പിൻതുടരുന്നതായി അദ്ദേഹത്തിന്റെ രചനകൾ വായിക്കുമ്പോൾ മനസ്സിലാവും.
കേരളത്തിന്റെ വികസന പ്രതിസന്ധി എന്ന പുസ്തകം ഈ സമീപനത്തിന്റെ ഉദാഹരണമാണ്. കേരള ചരിത്രം വരേണ്യരാൽ എഴുതപ്പെട്ട വരേണ്യരുടെ ചരിത്രമാണെന്ന വാദം 1990- ൽ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. കേരള ചരിത്രശാസ്ത്രം വർഗസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തന്നെ മതിയായി എഴുതപ്പെട്ടിട്ടില്ലെന്നും അത് ഭൂ ഉടമസ്ഥരും പാട്ടക്കാരും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിവരിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള കേരള ചരിത്രം സാമൂഹ്യോൽപ്പന്നം ഉൽപ്പാദിപ്പിച്ചവരുടെ ചരിത്രമല്ല, മറിച്ച് സാമൂഹ്യമിച്ചം പങ്കിട്ടിരുന്നവരുടേതാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. സാമ്പത്തികശാസ്ത്രം പഠിച്ചിരുന്നവർക്ക് പൊതുവിലുണ്ടാവാത്ത ചരിത്ര ബോധം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ നിരീക്ഷണം.
കേരള മാതൃക മധ്യവർഗത്തിന്റെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്ന വികസന പ്രശ്നമാണെന്ന് അദ്ദേഹം വിമർശിക്കുന്നുണ്ട്. ആദിവാസികൾ, ദലിതർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സാമ്പത്തിക ലോകത്തെ ഈ മാതൃക കാണുന്നില്ലെന്നും ഭൂപരിഷ്കരണം കൊണ്ട് നേട്ടമുണ്ടാക്കിയ പാട്ടക്കാരുടെയും പുത്തൻ ഭൂഉടമസ്ഥരുടെയും സാമ്പത്തിക ആഗ്രഹങ്ങളാണ് കേരള മാതൃകയായി അവതരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം വിമർശിക്കുന്നതിന്റെ അടിസ്ഥാനം, അദ്ദേഹത്തിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിശകലനത്തിലെ സൂക്ഷ്മദർശനത്തിന്റെ തെളിവാണ്.

ജാതിയുടെ സമ്പദ്ശാസ്ത്രം പറയുന്നത് പിന്തിരിപ്പനാണെന്നും അത് പറയുന്നവർ പുരോഗമന വിരുദ്ധരാണെന്നും ചാപ്പ കുത്തുന്ന കാലത്തും എം. കുഞ്ഞാമൻ ജാതിയെ വെറും ഉപരിഘടനയുടെ ഭാഗമായല്ല കണ്ടത്. ജാതി സാമ്പത്തിക അടിത്തറയുടെ അടിസ്ഥാന ശിലയാണെന്ന് സമർത്ഥിക്കുന്നുണ്ട്. അതുകൊണ്ടാവാം ‘പുരോഗമനവാദികളായ പണ്ഡിതർ’ സംസ്ഥാന ആസൂത്രണ ബോർഡിന്റെ അംഗങ്ങളും സർവകലാശാലാ വൈസ് ചാൻസലർമാരുമെല്ലാമായപ്പോൾ അദ്ദേഹത്തിന് സർവകലാശാലയിലെ വെറും രണ്ട് സെന്റ് ഭൂമിയിൽ കുടികിടപ്പുകാരനായി കഴിയേണ്ടിവന്നത്.
ജനകീയാസൂത്രണത്തിന്റെ നക്ഷത്രപ്രചാരകനായിരുന്നു എം. കുഞ്ഞാമൻ. ഭൂമിയിൽനിന്ന് പുറത്താക്കപ്പെട്ട ദലിതരും ആദിവാസികളും കോളണികളിലാക്കപ്പെട്ട ചരിത്രം മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് ജനകീയാസൂത്രണം പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ആ പ്രശ്നം പരിഹരിക്കാതെ കേരളത്തിന്റെ വികസനപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാകില്ലെന്നും സാമൂഹ്യനീതിലംഘനത്തിന്റെ മുറിവുണക്കാനാകില്ലെന്നും വാദിച്ചുകൊണ്ടാണ് അദ്ദേഹം ജനകീയാസൂത്രണവുമായി സഹകരിക്കാൻ സമ്മതിച്ചത്. ഇ.എം.എസിനോടും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനകീയാസൂത്രണത്തിന്റെ പിന്നാമ്പുറങ്ങളും അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളും പിന്നീട് വെളിവായശേഷം, അത് തന്റെ ഒരു മണ്ടത്തരമായിപ്പോയെന്ന് സമ്മതിക്കുന്നുണ്ടായിരുന്നു.
താൻ ഒരു മണ്ടനാണെന്ന് എം. കുഞ്ഞാമൻ തന്നെ അനേകം തവണ എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്കന്നേരം പൊട്ടൻ തെയ്യത്തെ ഓർമ്മ വരും. സ്വയം പൊട്ടനാണെന്ന് പറഞ്ഞ് മറ്റുള്ളവരെ പൊട്ടനാക്കുന്ന തെയ്യമാണ് പൊട്ടൻ. കേൾക്കില്ലെന്നും പറയാൻ കഴിയില്ലെന്നും പറയും, എന്നാൽ എല്ലാം കേൾക്കുകയും പറയുകയും ചെയ്യും. ശങ്കരാചാര്യരെ ചോദ്യം ചെയ്യുന്ന തെയ്യം. മാറിനിൽക്കെടാ ചണ്ഡാളാ എന്നാക്രോശിച്ച് സർവജ്ഞപീഠം കയറാൻ പോകുന്ന ശങ്കരാചാര്യരോട്, ഞാനാണോ മാറേണ്ടത്, എന്റെ ദേഹമാണോ മാറേണ്ടത്, അതോ എന്റെ ആത്മാവാണോ എന്ന് മറുചോദ്യം ചോദിക്കുന്ന പൊട്ടൻ, നിങ്കളെ കൊത്തിയാലും ചോര, നാങ്കളെ കൊത്തിയാലും ചോര എന്ന് അത്യുച്ചത്തിൽ നിലവിളിക്കുന്നു. ആ നിലവിളി കേൾക്കാൻ പുരോഗമന കേരളത്തിന് കഴിഞ്ഞില്ല എന്ന് എം. കുഞ്ഞാമന്റെ മരണത്തിലൂടെ നാം തിരിച്ചറിയുന്നു.
