മലയാള റേഡിയോ പ്രക്ഷേപണ ചരിത്രത്തിലെ എക്കാലവും ഓർമിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ എം. രാമചന്ദ്രൻ വിടപറയുന്നത്, ഇന്ത്യയിലെ റേഡിയോ ബ്രോഡ്കാസ്റ്റിങ്ങിന്റെ ചരിത്രം നൂറു വർഷം തികയുന്ന അതേ വർഷത്തിലാണ് എന്നത് യാദൃച്ഛികമാകാം.
1924 മെയ് 16 ന് അന്നത്തെ മദ്രാസിലാണ്, ഒരു സ്വകാര്യ റേഡിയോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി ഒരു റേഡിയോ പ്രക്ഷേപണം നടക്കുന്നത്. അതിനു മുൻപു തന്നെ, കൊൽക്കത്തയിൽ റേഡിയോ ക്ലബ്ബുകൾ ഉണ്ടായിരുന്നു എങ്കിലും ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടന്നത് മദ്രാസിലാണ്. അതേ വർഷം തന്നെയാണ് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എന്ന സ്വകാര്യ കമ്പനിക്ക് (IBC) ബോംബേയിലും കൽക്കട്ടയിലും റേഡിയോ സ്റ്റേഷനുകൾ ആരംഭിക്കാൻ ബ്രിട്ടിഷ് സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നത്. അതേ തുടർന്ന് 1927 ജൂലൈ 23 ന് ബോംബെയിൽ നിന്നാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി റേഡിയോ വഴി പൊതു പ്രക്ഷേപണ പരിപാടികൾ ജനങ്ങളിലെത്തിയത്.
എന്നാൽ പ്രതീക്ഷിച്ച പോലെ വിജയമായിരുന്നില്ല ഇന്ത്യയിൽ റേഡിയോ. പ്രക്ഷേപണം തുടങ്ങി കേവലം മൂന്നു വർഷത്തിനകം ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പാപ്പരായി, കടം വന്നു കയറി, മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലെത്തി. ആ അവസ്ഥയിലാണ് അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഏറ്റെടുത്ത് അതിനെ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന് പുനർനാമകരണം ചെയ്യുന്നത്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ പിന്നീട് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ആവുകയും 1936- ൽ, All India Radio (AIR) എന്ന പേര് സ്വീകരിക്കുകയും ചെയ്തു. അപ്പോഴേക്കും, BBC- യുടെ വരവോടെ ഇന്ത്യയിൽ റേഡിയോ സെറ്റുകളുടെ എണ്ണം വർദ്ധിച്ചിരുന്നു.
വലിയൊരു ഗ്രാമീണ വിപ്ലവത്തിനാണ് ആകാശവാണിയുടെ വളർച്ച ഇന്ത്യയിൽ വഴിവച്ചത്. വൈവിധ്യങ്ങൾ നിറഞ്ഞ ഭൂപ്രദേശങ്ങളും ഭാഷയും ജീവിതരീതികളും ഭക്ഷണക്രമങ്ങളും ആചാര, വിശ്വാസരീതികളും നിലനിൽക്കുന്ന ഒരു രാജ്യത്ത്, ജനങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്നതിന്റെ ഏറ്റവും പ്രധാന ചാലക മാധ്യമമായി റേഡിയോ മാറി. ആകാശവാണിയുടെ ഏറെ പ്രശസ്തമായ ശീർഷക സംഗീതം ഇന്ത്യൻ മനസ്സുകളിൽ ചേക്കേറി. നാസി ജർമ്മനിയിൽ നിന്ന് ഹിറ്റ്ലറുടെ പീഡനങ്ങളെ ഭയന്ന് ബോംബെയിലേക്ക് അഭയാർത്ഥിയായി ഓടിവന്ന വാൾട്ടർ കോഫ്മാൻ എന്ന സംഗീത പ്രതിഭയാണ് ആ ശീർഷക ഗാനം ചിട്ടപ്പെടുത്തിയത്. 1936- ൽ ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട കാലം മുതൽ ഈ കാലം വരെയും ഇപ്പോഴും അതേ ശീർഷക ഗാനം തന്നെയാണ് ആകാശവാണി ഉപയോഗിക്കുന്നത്.
ആൾ ഇന്ത്യ റേഡിയോ പരിപാടികൾ വ്യാപകമായി ഇന്ത്യയിൽ പ്രചരിക്കുന്നതിനുമുമ്പേ ഇന്ത്യയുടെ തെക്കൻ ഭൂഭാഗങ്ങളെ റേഡിയോ സ്വാധീനിച്ചു തുടങ്ങിയിരുന്നു. അത് പക്ഷേ ശ്രീലങ്കയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന ‘റേഡിയോ സിലോൺ’ എന്ന റേഡിയോ ചാനൽ വഴിയായിരുന്നു എന്നു മാത്രം. 1923- ൽ തന്നെ സ്ഥാപിക്കപ്പെട്ട റേഡിയോ സിലോൺ, ഏഷ്യയിലെ ഏറ്റവും ആദ്യത്തെ റേഡിയോ സ്റ്റേഷനും ലോകത്തിലെ മൂന്നാമത്തെ റേഡിയോ സ്റ്റേഷനുമായിരുന്നു. റേഡിയോ ഉപയോഗിക്കുന്നതിന് പ്രത്യേക ലൈസൻസും നികുതിയും ഒക്കെ ആവശ്യമായിരുന്ന അക്കാലത്ത് വളരെ പണക്കാരായ കുറച്ചുപേർക്ക് മാത്രം പ്രാപ്യമായിരുന്ന ഒന്നായിരുന്നു റേഡിയോ. എണ്ണം കുറവായിരുന്നെങ്കിലും അവയിലൂടെ ആകാശദൂരം താണ്ടിയെത്തിയ ശബ്ദങ്ങൾക്ക് ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ആരാധകരുണ്ടായി.
ശ്രീലങ്കക്കാരനും സിലോൺ റേഡിയോയിൽ തമിഴ് വിഭാഗം അനൗൺസറും ആയിരുന്ന എസ്.പി. മയിൽവാഹനമാണ് തെക്കേ ഇന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച ആദ്യത്തെ റേഡിയോ പ്രക്ഷേപകൻ എന്നുപറയാം. കൊളോണിയൽ താത്പര്യങ്ങൾ നിയന്ത്രിച്ചിരുന്ന ഇന്ത്യൻ റേഡിയോയെ പ്രാദേശികതയിലേക്ക് അടുപ്പിച്ചത് സിലോണിൽ നിന്ന് എസ്.പി. മയിൽവാഹനത്തിന്റെ ശബ്ദത്തിൽ കടൽ താണ്ടി വന്ന ശബ്ദങ്ങൾ കൂടിയാണ്. ഹിന്ദി വ്യാപകമായി സംസാരിക്കുന്ന കൂടുതൽ പ്രദേശങ്ങളുള്ള ഇന്ത്യ പോലെ ഒരു രാജ്യത്ത് റേഡിയോ അതിന്റെ പ്രദേശിക സവിശേഷതകളെ തിരിച്ചറിയുന്നതിൽ സിലോൺ റേഡിയോയുടെ സ്വാധീനം കൂടി ഘടകമായിട്ടുണ്ടാകാം. ശ്രീലങ്കൻ പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള പ്രാദേശിക പരിപാടികൾക്ക് ഈ അടുത്ത കാലം വരെ കൂടി കേരളത്തിൽ പോലും ശ്രോതാക്കളുണ്ടായിരുന്നു. റേഡിയോ സിലോണിലിരുന്ന്, എസ്.പി. മയിൽവാഹനം പ്രാദേശിക ഭാഷയിൽ, ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ് വംശജരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ട് എങ്ങനെയാണോ ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ ഉൾപ്പെടെ സ്വാധീനം ഉണ്ടാക്കിയത്, അതിന് സമാനമായ ഒരു വിപ്ലവമാണ് എം. രാമചന്ദ്രന്റെ വാർത്താബുള്ളറ്റിനുകൾ മലയാള പ്രക്ഷേപണ ചരിത്രത്തിലും സൃഷ്ടിച്ചത് എന്ന് വേണമെങ്കിൽ കണ്ടെത്താം.
മലയാള റേഡിയോ രംഗത്തെ ആദ്യകാല പ്രതിഭകളിൽ ഒരാളായിരുന്ന എം. ശങ്കരനാരായണനെ പോലുള്ളവരാണ് മലയാള ഭാഷാ ബുള്ളറ്റിനുകളുടെ മാതൃക രൂപപ്പെടുത്തിയത്. അത് പക്ഷേ, കുറെയൊക്കെ യൂറോപ്യൻ ബ്രോഡ്കാസ്റ്റിംഗ് രീതികളുടെ മലയാള അനുവർത്തനമായിരുന്നു എന്നുപറയാം. ന്യൂസ് വായന എന്നത് ഒട്ടും വൈകാരികമാകാതെ, ഒരു ഇൻഫർമേഷൻ പങ്കുവയ്ക്കുക എന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നത്. വൈകാരികത എന്നത് തീർത്തും ഒഴിവാക്കപ്പെടേണ്ട ഒന്നായി അന്ന് കണക്കാക്കിപ്പോന്നു. ഒരേ താളത്തിൽ, പരമാവധി വ്യക്തതയോടെ, ഭാവവ്യത്യാസമൊന്നുമില്ലാതെ എഴുതിക്കിട്ടിയ വിവരങ്ങൾ ശ്രോതാക്കളെ അറിയിക്കുക എന്നതായിരുന്നു പ്രക്ഷേപകരുടെ ഉത്തരവാദിത്തം. ആ ശുദ്ധികൽപ്പനയെ അടിമുടി തകർക്കുകയും ന്യൂസ് വായന എന്നത് വാക്കുകൾ അടുക്കിപ്പറയുന്ന പണിയല്ലെന്നും , അതിന്റെ വൈകാരിക അംശങ്ങൾ കൂടി പ്രേക്ഷകരിൽ എത്തുമ്പോഴേ അത് പൂർണ്ണത കൈവരിക്കൂ എന്നത് തിരിച്ചറിയുകയും ചെയ്തു എന്നിടത്താണ് എം. രാമചന്ദ്രൻ എന്ന പ്രക്ഷേപകൻ വേറിട്ടു നിൽക്കുന്നത്. സങ്കടമോ അത്ഭുതമോ പ്രതീക്ഷയോ ഞെട്ടലോ തമാശയോ എന്തായാലും, എം. രാമചന്ദ്രന്റെ വാർത്തകളുടെ കേൾവിക്കാർ അതിനെ കാത് കൊണ്ടല്ല, മറിച്ച് ഹൃദയം കൊണ്ടാണ് കേട്ടത്. അതുകൊണ്ടുതന്നെ, ഒറ്റക്കേൾവിയിൽ മറക്കാൻ കഴിയാവുന്നവയായിരുന്നില്ല അദ്ദേഹത്തിന്റെ ബുള്ളറ്റിനുകൾ.
കൗതുക വാർത്തകൾ പോലെ മുൻമാതൃകകൾ ഇല്ലാതിരുന്ന ഒരു റേഡിയോ പരിപാടിക്ക് ആത്മാവിനെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും, പ്രക്ഷേപണ കലയിലെ ശുദ്ധി വാദത്തെ അട്ടിമറിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. വിമാനത്തിൽ കയറിയ ഒരാൾ കക്കൂസിൽ കുടുങ്ങി പോയ ഒരു കഥ കൗതുക വാർത്തയിൽ വായിച്ച കാര്യം അദ്ദേഹം ഒരിക്കൽ നേരിൽ പറഞ്ഞതോർക്കുന്നു. വാർത്തയുടെ ലീനിയർ നരേറ്റീവ് സ്വഭാവത്തെ ആദ്യാവസാനം തിരിച്ചിട്ടു കൊണ്ടാണ് അദ്ദേഹം കൗതുക വാർത്തകൾ അവതരിപ്പിച്ചിരുന്നത്. ന്യൂസ് വായന എന്നത് വൈകാരികവും അതിവൈകാരികവും ഒക്കെയായി തീർന്ന പുതിയ കാലത്ത്, റേഡിയോ എന്ന മാധ്യമം അതിന്റെ ഏറ്റവും പ്രാദേശികരൂപം കൈവരിച്ച കാലത്ത്, അതിന്റെ ആദ്യ പ്രയോക്താക്കളിൽ ഒരാൾ എന്ന നിലയിൽ അദ്ദേഹം ഓർമിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യും.
റേഡിയോ ജീവിതകാലത്തിനുശേഷം ടെലിവിഷൻ പ്രോഗ്രാമുകളുമായി സഹകരിച്ചു തുടങ്ങിയപ്പോൾ അവിടെയും തന്റേതായ ശൈലി രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കൈരളി ടി.വി യുടെ തുടക്കകാലത്ത് സംപ്രേഷണം ചെയ്തിരുന്ന ‘സാക്ഷി’ എന്ന ആക്ഷേപ ഹാസ്യ രാഷ്ട്രീയ പരിപാടിയുടെ ശബ്ദം എം. രാമചന്ദ്രന്റേതായിരുന്നു. മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികൾക്ക് മാതൃക സൃഷ്ടിച്ച പരിപാടി കൂടിയായിരുന്നു സാക്ഷി. ‘സാക്ഷിക്കെന്താ കൊമ്പുണ്ടോ’ എന്ന ചോദ്യം ആ പരിപാടിയുടെ പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നുണ്ടാകും. എം. രാമചന്ദ്രന്റെ ശബ്ദസാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ആ പരിപാടി ഇത്രത്തോളം പ്രേക്ഷകവിജയം ആകുമായിരുന്നില്ല.
റേഡിയോ എന്ന മാദ്ധ്യമം വലതുപക്ഷ സർക്കാറിന്റെ പ്രപോഗണ്ട മാധ്യമമായി മാറുന്ന കാലത്തിനുമുൻപ്, ആ മാധ്യമത്തിന് ഏറ്റവും കൂടുതൽ ശ്രോതാക്കളുണ്ടായിരുന്ന ഒരു കാലത്താണ് എം. രാമചന്ദ്രൻ ആകാശവാണിയിൽ നിന്ന് വിരമിക്കുന്നത്. അദ്ദേഹം, ആദ്യം ജോലി ചെയ്ത ആകാശവാണിയുടെ ഡൽഹി മലയാളം യൂണിറ്റ് ഇന്നില്ല. ദൂരദർശൻ നിറം മാറ്റി കാവി ചുറ്റിയിരിക്കുന്നു. ആയിരക്കണക്കിന് ചാനലുകളും എഫ്എം റേഡിയോ ചാനലുകളും യൂ ട്യൂബ് ചാനലുകളും പോഡ്കാസ്റ്റ് പോലുള്ള പ്രക്ഷേപണ സംവിധാനങ്ങളും ഒക്കെയുള്ള ഒരിടത്ത് ഒരു ശൈലി രൂപപ്പെടുത്താനോ ഏതെങ്കിലും തരത്തിൽ മാതൃകയോ ചലനമോ സൃഷ്ടിക്കാനോ കഴിയാത്ത വിധം പ്രസാർ ഭാരതിയുടെ കീഴിലുള്ള ബ്രോഡ്കാസ്റ്റിങ് മാറിപ്പോയിരിക്കുന്നു.
ഏതൊരു വിദ്യാർത്ഥിയെയും അടുത്തറിയുന്ന സ്നേഹനിധിയായ ഒരു അധ്യാപകൻ കൂടിയായിരുന്നു എം. രാമചന്ദ്രൻ എന്ന് തിരുവനന്തപുരത്ത് മാധ്യമ വിദ്യാർത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ക്ലാസുകളിൽ ഇരിക്കാൻ അവസരം കിട്ടിയ ഒരാൾ എന്ന നിലയിൽ പറയാൻ കഴിയും. മലയാള ഭാഷയെ, സിനിമയെ, നാടകത്തെ ഒക്കെ അത്രയധികം സ്നേഹിച്ചിരുന്ന ഒരാൾ കൂടിയായിരുന്നു അദ്ദേഹം. പ്രക്ഷേപണ, സംപ്രേഷണ രംഗങ്ങളിലെ മൂല്യച്യുതിയെ കുറിച്ച്, ന്യൂസ് എന്നത് പ്രൊപ്പോഗണ്ടകളും വാർത്താ അവതാരകർ അതിന്റെ വാഹകരും ആകുന്നതിനെ കുറിച്ച് എപ്പോഴും അദ്ദേഹം വേവലാതിപ്പെട്ടിരുന്നു. ആത്യന്തികമായി, മാധ്യമപ്രവർത്തനം എന്നത് ഏറ്റവും ഉത്തരവാദിത്തത്തോടെ നിർവഹിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം വിദ്യാർത്ഥികളെ പേർത്തും പേർത്തും ഓർമിപ്പിച്ചിരുന്നു. അദ്ദേഹം ആദ്യമായി ന്യൂസ് വായിച്ച ആകാശവാണിയുടെ ഡൽഹി സ്റ്റുഡിയോയിൽ ഇരുന്ന്, മലയാള ബ്രോഡ്കാസ്റ്റിങ് രംഗത്ത് എടുത്ത് പറയേണ്ട വനിതാ വ്യക്തിത്വങ്ങളിൽ ഒന്നായ ടി.എൻ. സുഷമയെ പോലുള്ളവരുടെ കാലത്ത് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ വ്യക്തിപരമായ ഓർമകളും മനസിലെത്തുന്നു.
ആകാശവാണിയിൽ ഏതാണ്ട് സമകാലീകരായിരുന്ന ഗോപനെപ്പോലുള്ളവരുടെ മുഴക്കമൊന്നുമുള്ള ശബ്ദമായിരുന്നില്ല എം. രാമചന്ദ്രന്റേത്. പക്ഷേ, മനുഷ്യരുടെ ഹൃദയം തൊടാനുള്ള കഴിവ്, പ്രക്ഷേപണ കലയിലെ ശുദ്ധിവാദ കൽപ്പനകളെ അട്ടിമറിക്കാനുള്ള ചങ്കൂറ്റം , ഭാഷയോടും താൻ ചെയ്യുന്ന തൊഴിലിനോടുമുള്ള അഗാധമായ സ്നേഹം, ആത്യന്തികമായി മാധ്യമപ്രവർത്തനം എന്നത് സൂക്ഷമതയും ഉത്തരവാദിത്തവും ആവശ്യപ്പെടുന്ന ഒന്നാണ് എന്ന ഉറപ്പ് ഇതെല്ലാമായിരുന്നു എം. രാമചന്ദ്രൻ.