ഞാൻ ഒരു ദുഷ്‌കരമായ വർഷം പ്രതീക്ഷിച്ചിരുന്നു. 2022 തുടക്കത്തിൽ വൈകാരികവും ശാരീരികവും സാമ്പത്തികവുമായ വെല്ലുവിളികൾ എന്നെ വലയം ചെയ്തപ്പോൾ ചില ദിവസങ്ങളിൽ ഞാൻ വിചാരിച്ചു, ഈ വർഷം ഞാൻ ഒരിക്കലും കടന്നുപോകില്ലെന്ന്. പക്ഷേ എനിക്ക് എന്നെ തിരിച്ചു തന്ന വർഷമാണ് 2022.
സ്വപ്നം കാണുന്നതിന്റെ മാന്ത്രിക വികാരം നമുക്കെല്ലാവർക്കും അറിയാം.
ഒരേ ഒരു സ്വപ്‌നം ഒരുപാട് വർഷങ്ങളായി കൊണ്ടു നടന്ന് അത് യാഥാർഥ്യമായ വർഷമാണ് എനിക്ക് ഇത്. റത്തീന എന്ന പേരിനൊപ്പം പുഴു എന്ന് ചേർക്കപ്പെട്ട വർഷം.
സംവിധായിക എന്ന നിലയിൽ പ്രേക്ഷകർ കാണിക്കുന്ന സ്നേഹവും പ്രോത്സാഹനവും ഒരേ സമയം സന്തോഷവും അതുപോലെ ഉത്തരവാദിത്തവുമാണെന്ന് മനസ്സിലാവുന്നു. എങ്കിലും ഒരോ നിമിഷവും ഞാൻ അത് ആസ്വദിക്കുന്നുണ്ട്.
സ്വാതന്ത്ര്യം ഒരാളിന്റെ ഐഡന്റിറ്റി മനസ്സിലാക്കാനുള്ള സാധ്യതയാണ് എന്ന് തിരിച്ചറിഞ്ഞതും ഈ കാലത്തിലാണ്. എന്നെ സംബന്ധിച്ചിടത്തോളം, ജീവിതം രസകരവും ആഹ്ലാദകരവും സമാധാനപരവുമാക്കാൻ, പ്രചോദനവും പിന്തുണയും അതിരുകളില്ലാത്ത സ്നേഹവുമായി എന്നെ ചുറ്റി നിൽക്കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമുള്ള നന്ദിയും നിറഞ്ഞതാണ് 2022.
എത്ര നന്നായി ഒരോ തടസ്സങ്ങളിൽ നിന്ന് കരകയറുകയും പ്രതിരോധം തീർക്കുകയും ചെയ്തു എന്നതിൽ ഞാൻ അഭിമാനിക്കുന്നു.
New year resolutions ഒന്നുമില്ല. അതിൽ കാര്യമൊന്നുമില്ല.
ഒരിക്കലും പാലിക്കാൻ പറ്റാത്ത തീരുമാനങ്ങൾ കൊണ്ട് കാര്യമെന്താണ്? പക്ഷേ സ്വപ്നം കാണുന്നതിൽ ഒരു മുടക്കവും വരുത്തില്ല. അതിരുകളില്ലാതെ ആഗ്രഹിച്ച എനിക്ക് 2022 തുടക്കം പാളിച്ചകളായിരുന്നെങ്കിലും പിന്നീട് മികച്ചതായിരുന്നു.
യുദ്ധക്കെടുതികൾ എത്രയോ കണ്മുന്നിൽ കണ്ടിട്ടും യുദ്ധക്കൊതി മാറിയിട്ടില്ലെന്നു ലോകം വീണ്ടും തെളിയിച്ച 2022 ൽ, അതേ ലോകം വർണ, ജാതി, രാഷ്ട്ര വിവേചനങ്ങൾ ഒന്നുമില്ലാതെ ഫുട്ബോളിനൊപ്പം ഓടുന്നത് നമ്മൾ കണ്ടതാണ്.
ജാതീയ ലിംഗ വിവേചനങ്ങൾ ഇന്നും നിലനിൽക്കുന്നു എന്ന സത്യത്തെ ഒളിച്ചു വയ്ക്കാൻ നമ്മക്ക് കഴിയില്ല. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്ക് നീതി ലഭിക്കുന്ന പുതുവർഷ പുലരി നമുക്കു പ്രത്യാശിക്കാം.
ജീവിക്കുക ; സമാധാനമായി, സന്തോഷമായി ജീവിക്കുക എന്നതാണ് എനിക്ക് പരമ പ്രധാനം!
നേട്ടങ്ങളിൽ വിശ്രമിക്കാൻ ഞാൻ ഒരിക്കലും എന്നെ അനുവദിക്കുന്നില്ല. ഒരു ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ അടുത്ത ലക്ഷ്യത്തിലേക്ക് പോകുക എന്നതാണ് എനിക്ക് തുടർന്നുള്ള വർഷങ്ങൾ !
ഏവർക്കും പുതുവത്സര ആശംസകൾ