അഭിനയചക്രവർത്തി കാത്തിരിക്കുകയായിരുന്നു;
കൊച്ചിക്കാരൻ ഇബ്രാഹിം പാടുന്നത് കേൾക്കാൻ.
ഇബ്രാഹിമിന്റെ മനസ്സിൽ തെളിഞ്ഞത് മങ്ങലേൽക്കാത്ത പഴയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്. "കോഹിനൂറി'ലെ ""മധുബൻ മേ രാധികാ നാച്ചേ രേ'' എന്ന വിശ്രുത ഗാനരംഗം മുഹമ്മദ് റഫിയുടെ സ്വർഗീയനാദത്തിൽ സ്വയം മറന്നുപാടി അഭിനയിക്കുന്ന ദിലീപിന്റെ ചിത്രം.
സ്വരങ്ങളെ നൃത്തം ചെയ്യിക്കുന്ന അപൂർവ നാദമാധുരി. റഫിയുടെ എത്രയെത്ര ഗാനങ്ങൾ ഈ സ്റ്റുഡിയോയുടെ ചുമരുകൾക്കകത്ത് പിറന്നുവീണിരിക്കാമെന്ന് വിസ്മയത്തോടെ ഓർക്കുകയായിരുന്നു ഇബ്രാഹിം.
റഫിയുടെ സ്വരസൗഭഗം ഒപ്പിയെടുത്ത മൈക്കിന് മുന്നിലിതാ ഒരു പാവം പനയപ്പിള്ളിക്കാരൻ. ഒന്നും വിശ്വസിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല താനെന്ന് കൊച്ചിൻ ഇബ്രാഹിം.
പക്ഷേ വിശ്വസിച്ചേ പറ്റുമായിരുന്നുള്ളൂ.
ഹിന്ദിയിൽ തന്റെ ആദ്യഗാനം പാടി റെക്കോർഡ് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു ഇബ്രാഹിം.
ചിത്രം: ആത്മരക്ഷ. രചന: ജമീൽ അക്തർ. സംഗീതം: ഉഷാഖന്ന.
അഞ്ചാറ് മണിക്കൂർ നീണ്ട റിഹേഴ്‌സലിന് ശേഷമായിരുന്നു റെക്കോർഡിംഗ്. ""എന്റെ ഹിന്ദി ഉച്ചാരണത്തിലെ പിഴവുകൾ ക്ഷമയോടെ തിരുത്തിത്തന്നത് സാക്ഷാൽ ദിലീപ് കുമാർജി തന്നെ. സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കെല്ലാം ആദ്യം അവജ്ഞയായിരുന്നു. ഏതോ ഒരു മദ്രാസി വന്നു ഹിന്ദിയിൽ പാടുന്നു. ആരാണിവൻ ? പക്ഷേ ദിലീപ്ജിയുടെ സാന്നിധ്യം മാത്രം മതിയായിരുന്നു എല്ലാ സംശയാലുക്കളെയും നിശ്ശബ്ദരാക്കാൻ.''
വർഷങ്ങളുടെ ഇടവേളക്കുശേഷം മെഹ്ബൂബ് സ്റ്റുഡിയോയിൽ കാലുകുത്തുകയായിരുന്നു ദിലീപ് എന്നത് മറ്റൊരത്ഭുതം. ഇബ്രാഹിമിന് വേണ്ടി മാത്രമായിരുന്നു ആ വരവ്.
മുഹമ്മദ് റഫി സാഹിബ് പാടേണ്ടിയിരുന്ന പാട്ടാണ്. അദ്ദേഹത്തിന്റെ അകാലമരണം കൊണ്ട് മാത്രം തനിക്ക് വീണുകിട്ടിയ ആ ഗാനം ഇബ്രാഹിം പാടിത്തുടങ്ങുന്നു: ""ജോ ഭി തുംസേ ജുൽമ് കരോ..''
പാടിക്കേട്ടപ്പോൾ എല്ലാവർക്കും സംതൃപ്തി. ആദ്യം കൈപിടിച്ച് കുലുക്കി അഭിനന്ദിച്ചത് ദിലീപ് തന്നെ. ""നല്ല തുടക്കം''- അഭിനയകലയുടെ ആചാര്യൻ ഇബ്രാഹിമിന്റെ കാതിൽ മന്ത്രിച്ചു. ഈ ഗാനം എനിക്കൊരു പുതുജീവിതം തന്നെങ്കിൽ - ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു അപ്പോഴും ഇബ്രാഹിമിന്റെ മനസ്സ്.
അതൊരു സ്വപ്നം മാത്രമായിരുന്നു എന്ന് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു ഇബ്രാഹിം. ‘ആത്മരക്ഷ' വെളിച്ചം കണ്ടില്ല. പാട്ടുകളുടെ ഗ്രാമഫോൺ റെക്കോർഡ് പിന്നീടെപ്പോഴോ പുറത്തിറങ്ങിയെങ്കിലും അധികമാരും കേട്ടില്ല ഇബ്രാഹിമിന്റെ പാട്ട്. സ്വപ്നങ്ങളുടെ ഭാണ്ഡം ഇറക്കിവെച്ച് ഒടുവിൽ ഇബ്രാഹിം നാട്ടിലേക്ക് തിരിച്ചു വണ്ടികയറുന്നു. ആരോടും യാത്രപോലും പറയാതെ.
1980 കളുടെ അവസാനം റെക്കോർഡ് ചെയ്യപ്പെട്ട ആ പാട്ടിന്റെ ടേപ്പ് പോലും ഇന്ന് ഇബ്രാഹിമിന്റെ പക്കലില്ല. ഭദ്രമായി സൂക്ഷിച്ചിട്ടും കാസറ്റ് മോഷണം പോയി.
""ഇപ്പോൾ ആ വരികളും ഈണവും എന്റെ മനസ്സിലേയുള്ളൂ. ഇടയ്‌ക്കൊക്കെ ഓർമ്മയിൽ നിന്ന് ആ പാട്ട് മൂളുമ്പോൾ ദിലീപ് കുമാറിന്റെ മുഖമാണ് മനസ്സിൽ തെളിയുക..'', ദിലീപിന്റെ നിര്യാണവാർത്ത അറിഞ്ഞപ്പോഴും ഇബ്രാഹിമിന്റെ മനസ്സിൽ മുഴങ്ങിയത് ആ പഴയ ഈണം തന്നെ:""മഹാനായ ആ കലാകാരന്റെ സൗഹൃദ വലയത്തിൽ ചെന്നുപെടാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യം. അദ്ദേഹത്തിന് എന്നോട് തോന്നിയ സ്നേഹത്തിന് പിന്നിൽ ഒരേയൊരു രഹസ്യമേ ഉണ്ടായിരുന്നുള്ളൂ, സംഗീതം.''
ദിലീപിനെ ആദ്യം കണ്ടത് 1984 ലാണ് - കൊച്ചി നേവൽ ബേസിലെ ഇബ്രാഹിമിന്റെ ഗാനമേളക്ക് അപ്രതീക്ഷിതമായി ബോളിവുഡിലെ വിഷാദനായകൻ എത്തിയപ്പോൾ. രമേശ് തൽവാർ സംവിധാനം ചെയ്ത ‘ദുനിയാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് കൊച്ചിയിൽ വന്നതായിരുന്നു അദ്ദേഹം. ഒപ്പം പ്രാണും അശോക് കുമാറും.
ഗാനമേളാവേദിയിൽ സാമാന്യം തിരക്കുണ്ട് അന്ന് ഇബ്രാഹിമിന്. മനസ് (1973) എന്ന സിനിമയിൽ പി ഭാസ്കരൻ - ബാബുരാജ് ടീമിന് വേണ്ടി പാടിയ ‘കല്പനാരാമത്തിൽ കണിക്കൊന്ന പൂത്തപ്പോൾ' എന്ന പാട്ട് അത്യാവശ്യം ഹിറ്റായിരുന്നു. നേവൽ ബേസിലെ പരിപാടിയിൽ തന്റെ സ്ഥിരം ഹിറ്റ് ഐറ്റമായ ‘മധുബൻ മേ രാധിക' പാടിത്തകർത്ത ഗായകനെ സ്റ്റേജിൽ കയറിവന്ന് ആശ്ലേഷിക്കുന്നു ദിലീപ് കുമാർ.
‘ദിലീപ്‌ജിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണതെന്ന് അറിഞ്ഞത് പിന്നീടാണ്. ഞാൻ പാടിയത് ഇഷ്ടപ്പെട്ടിരിക്കണം അദ്ദേഹത്തിന്. ബോംബെയിൽ വന്നാൽ സിനിമയിൽ അവസരം തേടാൻ സഹായിക്കാമെന്ന് ആ വലിയ മനുഷ്യൻ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഒന്നും പറയാനാകാതെ നിന്നു ഞാൻ.''
ഒരു പക്ഷേ ഭംഗിവാക്ക് പറഞ്ഞതായിരിക്കാം ദിലീപ്. എങ്കിലും അങ്ങനെ പറയാൻ തയ്യാറായ ആ നല്ല മനസ്സിനെ നമിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ദിലീപ് കുമാർ കൊച്ചി വിട്ടു.
ഇബ്രാഹിം പഴയ വാഗ്ദാനം ഏറെക്കുറെ മറക്കുകയും ചെയ്തു.
ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഇതൊക്കെ ഓർത്തുവെക്കാൻ എവിടെ സമയം? പിന്നീട് അക്കഥ തന്നെ ഓർമ്മിപ്പിക്കാൻ സുഹൃത്തുക്കൾ വേണ്ടിവന്നുവെന്ന് ഇബ്രാഹിം. ഗാനമേളയിൽ പാടി ഗതികിട്ടാതെ കൊച്ചിയിൽ അലയുന്നതിലും ഭേദം ബോളിവുഡിൽ ചെന്ന് ദിലീപ് കുമാറിന്റെ സഹായത്തോടെ ഭാഗ്യപരീക്ഷണം നടത്തുന്നതാണെന്ന് ഉപദേശിച്ചത് കൂട്ടുകാരാണ്. ഇബ്രാഹിമിനും തോന്നി അതൊരു നല്ല ആശയമാണെന്ന്.
ദിലീപ് കുമാറിനെ തേടി അങ്ങനെ ഇബ്രാഹിം മഹാനഗരമായ മുംബൈയിലെത്തുന്നു. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ദിലീപിന്റെ ബംഗ്‌ളാവ് തേടിപ്പിടിക്കുക എളുപ്പമായിരുന്നു. ചെന്ന് ആഗമനോദ്ദേശ്യം വെളിപ്പെടുത്തിയപ്പോൾ ഗേറ്റിൽ പാറാവ് നിന്നിരുന്ന ഗൂർഖ പറഞ്ഞു: ‘‘ദിലീപ് സാർ ലണ്ടനിലാണ്. രണ്ടു ദിവസം കഴിഞ്ഞേ വരൂ.''
രണ്ടു ദിവസം കഴിഞ്ഞ് ബംഗ്ലാവിലേക്ക് തിരിച്ചുചെല്ലുമ്പോൾ മനസ്സുനിറയെ ആശങ്കയായിരുന്നു, ദിലീപ് ജി എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോ? സകല ധൈര്യവും സംഭരിച്ച് ഒടുവിൽ ഇബ്രാഹിം വീണ്ടും ദിലീപിന്റെ വസതിയിൽ. അത്ഭുതകരമായിരുന്നു ദിലീപിന്റെ പ്രതികരണം. കണ്ടയുടൻ അദ്ദേഹം ഇബ്രാഹിമിനെ കെട്ടിപ്പിടിച്ചു. പഴയ ‘‘മധുബൻ മേ രാധിക'' അപ്പോഴും മറന്നിരുന്നില്ല അദ്ദേഹം.
പിന്നീടങ്ങോട്ട് ദിലീപിന്റെ തണലിലായിരുന്നു ഇബ്രാഹിമിന്റെ മുംബൈ ജീവിതം. ‘‘പല നിർമ്മാതാക്കളെയും അദ്ദേഹം എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഹിന്ദി ഗാനങ്ങൾ തുടർച്ചയായി പാടിച്ച് ഉച്ചാരണവൈകല്യങ്ങൾ തിരുത്തിത്തന്നു. എല്ലാം സ്വന്തം ബംഗ്ലാവിൽ വെച്ച്. ഇടക്കൊക്കെ ദിലീപിന്റെ ഭാര്യ സൈരാബാനുവും ഞങ്ങളുടെ കൂടെ കൂടും. കുടുംബത്തിലെ ഒരംഗം പോലെയായിരുന്നു അവർക്ക് ഞാൻ.''
ആ നാളുകളിലായിരുന്നു ‘ആത്മരക്ഷ'യുടെ റെക്കോർഡിംഗ്.
റഫി സാഹിബിന് പാടാൻ വെച്ച പാട്ട് ഷബ്ബീർ കുമാറിനെക്കൊണ്ട് പാടിക്കാനായിരുന്നു നിർമ്മാതാവിന്റെ മോഹം. എന്നാൽ ഇബ്രാഹിം ‘‘ഓ ദുനിയാ കെ രഖ്വാലെ'' പാടിക്കേട്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി.
‘‘പാട്ട് നിനക്ക് തരാം. പക്ഷേ ഒരു ഉപാധിയുണ്ട്. റെക്കോർഡിംഗിന് ദിലീപ് കുമാർ സാഹിബിനെ കൊണ്ടുവരണം.''
മനസ്സില്ലാമനസ്സോടെയെങ്കിലും ആവശ്യം ഉണർത്തിച്ചപ്പോൾ ദിലീപിന് സമ്മതം. മഹാനടൻ സ്റ്റുഡിയോയിൽ വന്നപ്പോഴത്തെ കോലാഹലം ഇബ്രാഹിം മറന്നിട്ടില്ല. പക്ഷേ ഭാഗ്യം ഇത്തവണയും ഇബ്രാഹിമിനെ കൈവിട്ടു. പടം മുടങ്ങിയതോടെ ഗായകൻ വീണ്ടും പെരുവഴിയിൽ. ഇടക്കൊരു ഭോജ്പുരി ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചെങ്കിലും അതും നടന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ദിലീപ് കുമാറിനെ അക്കാര്യം അറിയിക്കാൻ ആത്മാഭിമാനം തന്നെ സമ്മതിച്ചില്ലെന്ന് ഇബ്രാഹിം. മാത്രമല്ല പ്രതിസന്ധിയിൽ രക്ഷകനായി അവതരിച്ച അദ്ദേഹത്തിന് താനൊരു തലവേദന ആകരുതല്ലോ.
ഒടുവിൽ, ഗതികെട്ട് ഒരു നാൾ ആരോടും, ദിലീപിനോട് പോലും, പറയാതെ ഇബ്രാഹിം മുംബൈയിൽ നിന്ന് ‘മുങ്ങുന്നു.'
തിരികെ നാട്ടിലെത്തിയ ശേഷവും ആ കുറ്റബോധം തന്നെ ഒഴിഞ്ഞുപോയില്ലെന്ന് പറയും ഇബ്രാഹിം: ‘‘എന്നെങ്കിലും ദിലീപ് ജിയെ നേരിൽ കണ്ടാൽ ആ കാലിൽ വീണ് മാപ്പു പറയണം എന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹം എന്നോട് ക്ഷമിക്കാതിരിക്കില്ല. എന്തുചെയ്യാം, പിന്നീടൊരിക്കലും അദ്ദേഹത്തെ കാണാൻ അവസരമുണ്ടായില്ല. അതിനകം എന്റെ ജീവിതവും പാടേ മാറിപ്പോയിരുന്നു. ഗാനമേളകളിലെ തിരക്ക് കുറഞ്ഞതോടെ ജീവിതം വീണ്ടും ദുരിതമയമായി. വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്കുള്ള പ്രയാണത്തിലാണ് ഞാനും കുടുംബവും... ’’
‘‘എന്നെങ്കിലും ഈ കഷ്ടപ്പാടുകൾ അവസാനിച്ചു കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നു ഞാൻ..അല്ലാതെന്ത് ചെയ്യാൻ.''; ഇബ്രാഹിമിന്റെ ശബ്ദം ഇടറിയോ?