യോഗക്ഷേമം ലൈബ്രറിയിലെ മുട്ടത്തുവർക്കി മുതൽ ബോംബെ ഫുട്പാത്തിലെ മുൽക്ക് രാജ് ആനന്ദ് വരെ… വായനയുടെ ജീവചരിത്രങ്ങൾ

ചുവപ്പുകോട്ടയായിരുന്ന തൃശൂർ പൂങ്കുന്നം പ്രദേശത്ത് 1950- ലാണ് എന്റെ ജനനം. സീതാറാം മിൽ സമരവും അത് കത്തിനശിച്ചതും ഞങ്ങളുടെ പ്രദേശത്തെ മിൽ തൊഴിലാളികളുടെ ജീവിതത്തെ ബാധിച്ചു. അനുബന്ധമായുണ്ടായ അവരുടെ പട്ടിണിയും ദാരിദ്ര്യവും ‘ലൈവായി’ കണ്ടാണ് ഞാൻ വളർന്നത്.

പൊതുവെ സാക്ഷരരായിരുന്നു ഞങ്ങളുടെ സമീപവാസികൾ. എക്സ്പ്രസ് പത്രം വായിച്ചില്ലെങ്കിൽ വെപ്രാളം പൂണ്ടിരുന്ന ഇറ്റ്യേനം ചേടത്തിയാർ, മകനും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ ഔസേപ്പേട്ടൻ, അന്തുച്ചേട്ടൻ, കൊച്ചുവറീതേട്ടൻ, തോമച്ചേട്ടൻ തുടങ്ങിയവർക്ക് പറയത്തക്ക ‘സ്കൂളിൽ പഠിപ്പൊ’ന്നുമില്ലെങ്കിലും അവർ പത്രം വായിക്കുന്നതിൽ ഒട്ടും പുറകിലല്ല.

എന്റെ വായനാലോകം അവിടെനിന്ന് ആരംഭിക്കുകയായി. വീട്ടിൽ ഹിന്ദു പത്രമാണ് വരുത്തിയിരുന്നത്. ദോശ മറിച്ചിടുംപോലെ അത് വെറുതെ മറിച്ചിടുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന എനിക്ക് അതിലപ്പുറം എന്താണ് ചെയ്യാൻ കഴിയുക? ജ്യേഷ്ഠൻ കെ.സി. ഫ്രാൻസിസ് ഉജ്ജ്വല കവിതകളെഴുതി സാഹിത്യലോകത്ത് മിന്നിത്തിളങ്ങിയിരുന്ന കാലം കൂടിയായിരുന്നു അത്. ഈ വിദ്വാൻ തൃശൂർ പബ്ലിക്ക് ലൈബ്രറിയിൽനിന്ന് ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് പുസ്തകങ്ങൾ കൊണ്ടുവന്ന് വീടിന്റെ വരാന്തയിൽ നടന്നാണ് അവ വായിക്കുക. അവ കവിതകളായിരിക്കാം. ചേച്ചി ​ത്രേസ്യാക്കുട്ടി, എന്റെ ബാല്യകാലത്ത് കിടപ്പുരോഗിയായിരുന്നു. ഒന്നനങ്ങുമ്പോൾ വേദനകൊണ്ട് ‘ഹയ്യോ, അമ്മേ...' എന്നിങ്ങനെ അവർഞെരങ്ങുന്നതു കേൾക്കാം. കണ്ണിക്കാൽവരെ നീണ്ട് ഇടതൂർന്ന മുടിയുണ്ടായിരുന്ന അവർ സെന്റ് മേരീസ് കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ് ഇടതുകൈക്ക് അസാധാരണ വേദന അനുഭവപ്പെട്ടത്. കൂട്ടത്തിൽ മൂക്കിൽനിന്ന് കുടുകുടാ രക്തം വരുന്നതും പതിവായി. അവരെ കുളിപ്പിച്ചിരുന്നതും ഭക്ഷണം നൽകിയിരുന്നതും മൂത്ത ചേച്ചി മാത്തിരിയായിരുന്നു. കൊക്കാലെ കോൺവെന്റ് എൽ.പി. സ്കൂളിൽ ടീച്ചറായിരുന്ന അവർ, മദ്രാസ് എക്‌സ്പ്രസ് ട്രെയിൻ പോലെയാണ് സ്കൂളിലേക്ക് പായുക.

സംഭാഷണതല്പരയായ ത്രേസ്യാക്കുട്ടിയോട് സംസാരിക്കാൻ പകൽ സമയം ആരുമുണ്ടാകാറില്ല. കട്ടിലിൽ പ്രത്യേകമായുണ്ടാക്കിയ, തല ഉയർത്തിവെയ്ക്കാനുള്ള മരം കൊണ്ടുള്ള ഒരു ഉപകരണത്തിൽ അമ്മയുടെ സഹായത്തോടെ ചാരിയിരുന്ന് ത്രേസ്യാക്കുട്ടി വായിക്കാറുള്ളത് ഫ്രാൻസിസ് കൊണ്ടുവരുന്ന ഇംഗ്ലീഷ് പുസ്തകങ്ങളായിരിക്കും. തൊട്ടടുത്തുള്ള ഗവ: സ്കൂളിൽനിന്ന് ഞാൻ അഞ്ചാം ക്ലാസ് കഴിഞ്ഞ് സി.എം.എസ് സ്കൂളിൽ ചേർന്നു. തിരുവമ്പാടിക്ഷേത്രത്തിന് എതിർവശമുള്ള പഴയ കെട്ടിടത്തിലെ ഒന്നാം നിലയിലായിരുന്നു 'യോഗക്ഷേമം ലൈബ്രറി.'
ചേച്ചി എന്നോടു പറഞ്ഞു, ''നീ വൈയ്‌ന്നേരം വരുമ്പോ ആ വായനശാലേന്ന് രണ്ട് പുസ്തകമെടുത്ത് വാ.''
നാലണയായിരുന്നു അംഗത്വ ഫീ. അന്നു വൈകുന്നേരം സ്കൂളിൽനിന്ന് വരുന്ന വഴി യോഗക്ഷേമത്തിൽ കയറി. അതിന്റെ കോണിക്കു തന്നെ നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകുമെന്ന് തോന്നി. അകത്തുള്ള പുസ്തകങ്ങളാൽ ചുറ്റപ്പെട്ട അലമാരികളുടെ മധ്യഭാഗത്ത് മേശയും കസേരയുമിട്ടൊരാൾ, ശ്രീമാൻ മേനോൻ ഇരിപ്പുണ്ട്. വെള്ളമുണ്ടും മുറിക്കൈയ്യൻ ഷർട്ടും ധരിച്ച, വല്ലാത്ത കുടവയറുള്ള അദ്ദേഹം ഏതോ പഴയ തറവാട്ടിലെ കാരണവരാകാം. ഞാൻ പേരു പറഞ്ഞു; പൂർണമായ വിലാസത്തിൽതന്നെ. അന്നദ്ദേഹം ‘ആധാർ, പാൻ’ ഒന്നും ചോദിച്ചില്ല. ഭാഗ്യം.
''കുട്ടി ഏത് ക്ലാസിലാ?''
ഞാൻ ആ വിവരവും പറഞ്ഞു.
കാര്യങ്ങൾ രജിസ്റ്ററിൽ നല്ല വടിവൊത്ത അക്ഷരങ്ങളിൽ എഴുതിച്ചേർത്ത് പറഞ്ഞു, ''മോൻ ദാ ഇവിടെ ഒപ്പിട്ടോളൂ.''
സത്യം പറഞ്ഞാൽ ജീവിതത്തിൽ ഒപ്പിടുന്നത് ആദ്യമായാണ്. എന്റെ ജീവിതം പോലെ ഈ ഒപ്പിന്റെ പഴയ ഭാവവും രൂപവും കൈമോശം വന്നത് സ്വാഭാവികം.

യോഗക്ഷേമത്തിൽനിന്ന് ആദ്യമായി കൊണ്ടുവന്നത് 'മോബിഡിക്കും' (വിവർത്തനം) മുട്ടത്ത് വർക്കിയുടെ 'തെക്കൻ കാറ്റു'മായിരുന്നു. വലിയ പുസ്തകം കണ്ടപ്പോൾ പുന്നെല്ല് കണ്ട എലിയെപ്പോലെ ത്രേസ്യാക്കുട്ടി ചിരിച്ചു. അവർ പുസ്തകം കാർന്നുതിന്നുന്ന സ്വഭാവക്കാരിയാണ്. യോഗക്ഷേമത്തിൽ നിന്ന് കൊണ്ടുവന്ന എസ്.കെ. പൊറ്റെക്കാടിന്റെ 'തെരുവിന്റെ കഥ' എന്നെ ഏറെ സ്വാധീനിച്ച പുസ്തകങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ കൃതികളിൽ കാണാറുള്ള കഥാപാത്രങ്ങളുടെ ശാരീരിക വിവരണങ്ങൾ, സമയം, കാലം, അന്തരീക്ഷം തുടങ്ങിയവ വായിച്ചാൽ അവ കൺമുന്നിൽ സമ്മാനിക്കുക, ജീവനുള്ള ചിത്രങ്ങളായിരിക്കും. ലുഡിസിറ്റി എന്ന ഇംഗ്ലീഷ് പദത്തിന്റെ അർത്ഥം അക്ഷരംപ്രതി പാലിക്കുന്ന പൊറ്റെക്കാട് ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ ഓമഞ്ചി, ഞൊണ്ടിപ്പറങ്ങോടൻ, പേപ്പർ വില്പനക്കാരൻ കുറുപ്പ്, മകൾ രാധ തുടങ്ങിയവർ ഒരർത്ഥത്തിൽ ഇന്നും ജീവിക്കുന്നവരാണ്. ഈയിടെയാണ് അദ്ദേഹത്തിന്റെ 'തെരഞ്ഞെടുത്ത കഥ' അലമാരിയിൽനിന്ന് പൊടിയും ചിതലും തട്ടി പുറത്തെടുത്തത്. അതിലെ 'ദുർദ്ദിനം' ആദ്യം തന്നെ ഞാൻ വായിച്ചിട്ടുണ്ടെങ്കിലും രണ്ടാമതൊരാവർത്തി കൂടി വായിച്ചപ്പോൾ അതുപോലൊരു ഇതിവൃത്തം സരളമായ ഭാഷയിൽ നർമ്മരസത്തോടെ എഴുതാൻ ആർക്കുമായിട്ടില്ലായെന്ന് തോന്നി.

ഇതിനകം യോഗക്ഷേമം ലൈബ്രറിയിലെ പുസ്തകങ്ങൾ കളവ് പോയിത്തുടങ്ങിയിരുന്നു. അവിടെയുണ്ടായിരുന്ന അപൂർവ്വ ഗ്രന്ഥങ്ങൾ ആരും തൊട്ടുനോക്കിയിട്ടില്ലെങ്കിലും എന്തോ കാരണങ്ങളാൽയോഗക്ഷേമത്തിന് താഴിട്ടു പൂട്ടി. ആ കെട്ടിടത്തിലിപ്പോൾ ചെറിയ പീടികമുറികൾക്കുപകരം മെഡിക്കൽ ഷോപ്പും ബ്യൂട്ടി സ്പോട്ട്, മധുരപലഹാരക്കട തുടങ്ങിയവയും സ്ഥാനം പിടിച്ചിരിക്കുന്നത് കാണാം. ഏതായാലും ലൈബ്രറിയിലെ പുസ്തകങ്ങൾ അടിച്ചുമാറ്റിയവർ ഭാഗ്യവാന്മാർ. ഇതിനകം സ്വന്തമായൊരു വായനശാല അവർക്ക് കെട്ടിപ്പടുക്കാൻ കഴിഞ്ഞിരിക്കണം.

ത്രേസ്യാക്കുട്ടിയുടെ അജ്ഞാതരോഗം മുറിവൈദ്യന്മാരടക്കം പല പ്രശസ്ത ഡോക്ടർമാരുടേയും നിരന്തര പ്രയത്‌നങ്ങളുടെയും ചികിത്സയുടെയും സഹായത്താൽ പയ്യെപ്പയ്യെ കുറഞ്ഞുവന്നു. അവർക്കിപ്പോൾ നടക്കാമെന്നായിരിക്കുന്നു. മുട്ടത്ത് വർക്കി മുതൽ ടോൾസ്റ്റോയ് വരെയും പുഷ്‌ക്കിൻ മുതൽ ഷൊളോഖോവ് വരേയുമുള്ള സാഹിത്യകാരന്മാരുടെ വിവർത്തനകൃതികൾ ഇതിനകം ഞാനും ത്രേസ്യാക്കുട്ടിയും വായിച്ചു കഴിഞ്ഞു.

ഫ്രാൻസിസിന്റെ കവിതകൾ മതമൗലികവാദികളുടെ വികാരങ്ങളെ മുറിവേൽപ്പിച്ചു എന്ന ആരോപണങ്ങൾ പത്രത്തിൽ ആസൂത്രിതമായി 'ഫിറ്റ് ചെയ്ത’തിനെതുടർന്ന് ക്രബുദ്ധികളുടെ വിമർശനങ്ങൾ കവിയെ നിരുന്മേഷവാനാക്കുകയും വഴിയെ സാഹിത്യലോകം അദ്ദേഹത്തെ കൈവെടിയുകയുമാണുണ്ടായത്. അങ്ങനെ ഒരു കവിയെ കൊല്ലാക്കൊല ചെയ്തതിന് ദൃക്‌സാക്ഷിയാകേണ്ട ഗതികേടും എനിക്കുണ്ടായി. ഒരു കാലഘട്ടത്തിന്റെ ചുമരെഴുത്തുകളായിരുന്ന ആ കവിതകൾ പലതും അപ്രകാശിതങ്ങളെങ്കിലും കേരള സാഹിത്യ അക്കാദമി 'പുതിയ മനുഷ്യൻ' എന്ന ചെറിയ പുസ്തകത്തിൽ അവയിൽ ചിലത് സമാഹരിച്ചിട്ടുണ്ട്. വളരെ വൈകിയ വേളയിലെങ്കിലും അവർക്കീ 'പുതിയ മനുഷ്യനെ' പുറത്തിറക്കാൻ കഴിഞ്ഞല്ലോയെന്ന ആശ്വാസവുമുണ്ട്.

കെ.സി. ഫ്രാൻസിസ്

തല്പരകക്ഷികളുടെ ഈ ദുഷ്പ്രചാരണത്തിന് മാസങ്ങൾക്കുമുമ്പ് അദ്ദേഹം ഒരു കഥയെഴുതിയത് ഇപ്പോൾ ഓർമ്മ വരുന്നു. മാതൃഭൂമിയിൽ അച്ചടിച്ചുവന്ന 'ഞങ്ങൾ മൂന്ന് ബുദ്ധിമാന്മാ'രിൽ കഥാപാത്രങ്ങളായെത്തുന്നവർ കഥാകൃത്തും മറ്റൊരു ജ്യേഷ്ഠൻ സേവിയും പിന്നെ വാറുവുമാണ്. എനിക്ക് ബുദ്ധിയില്ലാത്തതുകൊണ്ട് എന്നെ അക്കൂട്ടത്തിൽ കഥാകൃത്ത് പെടുത്തിയിട്ടില്ല. ചിത്രകാരനായിരുന്ന അന്നത്തെ ബി.എ വിദ്യാർത്ഥി സേവിയർ (സേവ്യാര്) 'മൃഗാശുപത്രി' എന്ന കഥയെഴുതി ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചതും അല്പം പൊല്ലാപ്പായി. അതിലെ സ്ത്രീകഥാപാത്രം മൃഗാശുപത്രിയിലെ കോമ്പൗണ്ടർ, മാത്തിരിച്ചേച്ചിയുടെ ഇഷ്ടതോഴിയായിരുന്നുവേത്ര! അതിനുശേഷം സേവിയർ ഈ പരിപാടിക്ക് കുറേനാളെങ്കിലും ഫുൾസ്റ്റോപ്പിട്ടു. നീണ്ട വർഷങ്ങൾക്കുശേഷം ഈ വിദ്വാൻ എഴുതിയ കഥ 'സൈക്കിൾ' (1978-ൽ) കുങ്കുമം വാരികയുടെ മത്സരത്തിൽ ഒന്നാം സമ്മാനം നേടി. കിട്ടിയ കാശും കൊണ്ട് സേവിയർ ദൽഹി ചുറ്റിക്കറങ്ങി ഗോവ വഴി തിരികെ വീട്ടിലെത്തി.

ഇതിനകം കുവൈറ്റ് എംബസിയിൽ ജോലി ലഭിച്ച സേവിയർ യുദ്ധം പുറപ്പെടുന്നതിന് ഒരാഴ്ചമുമ്പ് തിരികെ വന്നു. വലിയ കാർട്ടണുകളിൽ കുത്തിനിറച്ച പുസ്തകങ്ങൾ കണ്ട് അവന്റെ വാമഭാഗം ചോദിച്ചേത്ര, ''നിങ്ങൾക്ക് വേറൊന്നും കിട്ടീല്ല്യേ'' എന്ന്. പിന്നീട് കഥാപ്പരിപാടി അദ്ദേഹം എന്നെന്നേക്കുമായി നിർത്തിവെച്ചു. അൽഭുതാവഹമായ ഭാഷാപാണ്ഡിത്യവും അനനുകരണീയമായ രചനാശൈലിയും സ്വന്തമായുള്ള സേവിയർ ഈ ലോകത്തുനിന്ന് വിടപറഞ്ഞു.

യോഗക്ഷേമം ലൈബ്രറി നിർത്തിവെച്ചതോടെ പൂങ്കുന്നം സെന്ററിലുള്ള ജ്ഞാനോദയം വായനശാലയിലേക്കായി പുസ്തകാന്വേഷണം സംബന്ധിച്ച എന്റെ രണ്ടാമത്തെ യാത്ര. നാൽക്കവലയിലെ പീടികമുറിയിൽ ആരംഭിച്ച ഈ വായനശാലക്ക് സീതാറാം മിൽ ചരിത്രവുമായി അഭേദ്യബന്ധമുണ്ട്. അന്നത്തെ കമ്യൂണിസ്റ്റ് പ്രവർത്തകർ സമാരംഭിച്ച ജ്ഞാനേദയത്തിൽ മിൽ തൊഴിലാളികൾക്ക് വായിക്കാനായി ദിനപ്പത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. കെ. കരുണാകരൻ രാഷ്ട്രീയപ്രവർത്തനങ്ങളുടെ ആരംഭകാലങ്ങളിൽ ജ്ഞാനോദയത്തിന്റെ പ്രവർത്തകനായിരുന്നുവെന്ന് ചില പുസ്തകങ്ങളിൽ കാണാനിടയായി.

ഞാൻ അവിടെ മെമ്പർഷിപ്പെടുക്കുമ്പോൾ അധികം അംഗങ്ങൾ ഉണ്ടായിരുന്നില്ല. കീറിപ്പറിഞ്ഞ പുസ്തകങ്ങൾ, ചിലതിൽ മണ്ണെണ്ണ വീണിട്ടുണ്ട്. പലതിനും പുറംചട്ടയുമുണ്ടായിരുന്നില്ല. പല പേജുകളും കീറിയെടുത്ത നിലയിലുമായിരുന്നു. റഷ്യൻ സാഹിത്യകാരന്മാരുടെ മലയാള വിവർത്തനഗ്രങ്ങളിൽ ഗോർക്കിയുടെ 'അമ്മ', ഷൊളോക്കോവിന്റെ 'ഉഴുതുമറിച്ച പുതുമണ്ണ്', ഡോസ്റ്റോവ്‌സ്കിയുടെ 'കാരമസോവ് സഹോദരന്മാർ' തുടങ്ങിയവ ഈ വായനശാലയിൽനിന്നെടുത്ത് വായിച്ചവയിൽ ചിലതാണ്. ഇന്നിപ്പോൾ ഈ വായനശാല ഗ്രന്ഥശാലാസംഘത്തിന്റെ എ-വൺ പട്ടികയിൽ പെടുത്തിയിരിക്കുന്നു. കുറച്ചുമാറി സ്വന്തമായൊരു കെട്ടിടത്തിലാണ് ലൈബ്രറി.

അനേകം പേർക്ക് തൊഴിലവസരങ്ങൾ നല്കിയ സീതാറാം മിൽ കത്തിയതിനുശേഷം അത് വളരെ നാൾ താഴിട്ടുപൂട്ടിയ നിലയിലായിരുന്നു. ഇന്നും ആ നില തുടരുന്നു. ഭരണകൂടം പതിവുപോലെ മില്ലിന്റെ ചുവപ്പുനാടയിൽ കുരുങ്ങിയ കേസുകെട്ടുകൾ അഴിച്ചുമാറ്റുകയും മിൽപ്രവർത്തനം പുനരാരംഭിക്കുകയും വീണ്ടും പൂട്ടിയിടുകയും ഇതിനകം പലകുറി നടത്തിയെങ്കിലും മടിയനായ കള്ളമൂരിയെപ്പോലെ മിൽ ഭാഗികമായേ പലപ്പോഴും പ്രവർത്തിക്കുന്നുള്ളൂ.

കൃത്യമായി എന്നും 'കമ്പനി സൈറൺ' മുഴങ്ങുന്നതിനുമുമ്പ് ചോറ്റുപാത്രം കൈയിലേന്തിപ്പായുന്ന മിൽത്തൊഴിലാളികൾ, ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന അവരുടെ മുഖങ്ങളിലെ ഉറക്കച്ചടവ്. മില്ലിന്റെ എതിർഭാഗത്തുണ്ടായിരുന്ന കൈമളുടെ ചായക്കടയിൽ ചൂടുള്ള ഇഡ്ഡലിയ്ക്കും ദോശയ്ക്കും കാത്തിരിക്കുന്ന തൊഴിലാളിവർഗ്ഗം.... ഇന്നിപ്പോൾ ആ പരിസരമാകെ അതിന്റെ മുഖച്ഛായ മാറ്റിവരച്ചിരിക്കുന്നത് കാലവും പണക്കൊഴുപ്പും കൊണ്ടാണെന്ന് പറയാതെ വയ്യ.

എന്റെ അപ്പൻ സ്കൂൾ മാഷൊന്നുമല്ലായിരുന്നു. എന്നാലും മാഷേ, മാഷേ എന്നാണ് എന്നേയടക്കം ഇപ്പോഴും എല്ലാവരും വിളിക്കുക. അത് തൃശൂർക്കാരുടെ ഒരു സ്‌റ്റൈൽ മാത്രം. അപ്പൻ അടുത്തൂൺപറ്റി പിരിഞ്ഞശേഷം വിയ്യൂർ ഗ്രാമീണ വായനശാലയിലെ മെമ്പർഷിപ്പെടുത്തു. അതും ഫസ്റ്റ് ക്ലാസ്. നാലു പുസ്തകങ്ങളുമേന്തിയാണ് ആൾ വീട്ടിലെത്തുക. ചെമ്പിശ്ശേരി ഷാപ്പിൽനിന്ന് സാമാന്യം നല്ല രീതിയിൽ കള്ളടിച്ചിട്ടുമുണ്ടാകും. ചിലപ്പോൾ റിക്ഷാവണ്ടിയിലായിരിക്കും സഞ്ചാരം. അരോഗദൃഢഗാത്രനായ തോമാസേട്ടനാണ് അപ്പന്റെ ഫേവറിറ്റ് റിക്ഷാവാല. അദ്ദേഹത്തിനും നന്നായി സേവിക്കാനുള്ള അവസരം അപ്പൻ കൊടുക്കാറുണ്ട്. മദ്യപാനത്തിന് ഉച്ചനീചത്വം പാടില്ല. ജാതിമതവിവേചനങ്ങളും വിരുദ്ധം. ഒരു ബെഞ്ചിലിരുന്ന് ഒരേ പാനീയം വീശുക. ഒമർ ഖയ്യാമിന്റെ മക്കളുടെ മക്കളായ മദ്യപന്മാർക്ക് കവിതയും സിനിമാപ്പാട്ടും യഥേഷ്ടം മൂളാം. ഷാപ്പിൽ അത് പ്രശ്‌നമല്ല.

അപ്പൻ വന്നപാടെ ചാരുകസേരയിൽ അമരും. അട്ടഹാസങ്ങളോ തെറിവിളികളോ ഉണ്ടാകാറില്ല. എല്ലാം ശാന്തം സുന്ദരം സമത്വം. പിന്നീട് ഗ്രാമീണ വായനാശാലയിൽ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങൾ എടുത്തുനോക്കുന്നു. അവയിൽ ആദ്യത്തേത് തകഴിയുടെ 'ചെമ്മീൻ,' രണ്ടാമത് മുട്ടത്ത് വർക്കിയുടെ 'പാടാത്ത പൈങ്കിളി.' വായന ആരംഭിക്കുന്നു. അമ്മ ഇതിനകം നെടുമ്പുരയിൽ എത്തിയിട്ടുണ്ട്. അവരുടെ കൈയിൽ അപ്പന് തലയിൽ തേച്ചുകുളിക്കാൻ സ്പെഷൽ ബലാഗുളിച്യാദി എണ്ണ, കടലാസിലുള്ള ലാസാനാദിപ്പൊടി തലയിൽ തിരുമ്മാനുമാണ്. അമ്മ സ്വന്തം ഗ്രാമത്തിലെ ഏതോ ആശാനിൽ നിന്നാണ് എഴുത്തും വായനയും പഠിച്ചതെത്ര. മൂന്നാം ക്ലാസ് വരെ സ്കൂളിൽ പോയി. പിന്നീട് നിർത്തി; താഴെയുളള ചിടുങ്ങന്മാരേയും ചിടുങ്ങത്തികളേയും നോക്കാൻ. അടയ്ക്ക, നെല്ല് തുടങ്ങിയവ വ്യാപാരാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവരാണ് അമ്മയുടെ കുടുംബം. അമ്മയ്ക്ക് കഥ കേൾക്കാൻ പെരുത്ത് ഇഷ്ടമാണ്. അമ്മ ചാരുകസേരയുടെ താഴെ കാതു കൂർപ്പിച്ചിരിക്കുന്നു. അപ്പൻ പാടാത്ത പൈങ്കിളിയെ പാടിപ്പിക്കുകയാണ്.

''മറിയക്കുട്ടി അന്നേരം കപ്പയ്ക്ക് വളമിടുകയാണ്. ''കുഡു, കുഡു, കുഡു.... മോട്ടോർസൈക്കിളിൽ തങ്കച്ചൻ വരുന്നു.
മറിയക്കുട്ടി: ''നാളെ എന്റെ കല്യാണമാണ്... തങ്കച്ചൻ വരുമോ...?''
ഞാനെങ്ങനെ വരും മറിയക്കുട്ടി (ആത്മഗതം), തങ്കച്ചൻ ഒന്നും പറയുന്നില്ല. അല്പനേരം കാത്തുനിന്ന മറിയക്കുട്ടി കപ്പയ്ക്ക് വളമിടൽ തുടരുന്നു. കുഡു...കുഡു... കുഡു.... തങ്കച്ചൻ മോട്ടോർസൈക്കിൾ ഓടിച്ചുപോയി.''
അമ്മ 'അയ്യോ' എന്നും അപ്പൻ ഇതിനകം 'അയ്യത്തടാ' എന്നുമായി.

ബാലചന്ദ്രൻ വടക്കേടത്ത് തന്റെ ഒരു ലേഖനത്തിൽ ''എല്ലാവരിലും ഒരു മുട്ടത്തുവർക്കിയുണ്ട്'' എന്നാണ് പറഞ്ഞിട്ടുള്ളത്. സത്യമാണ്. അതാണല്ലോ 'മ' പ്രസിദ്ധീകരണങ്ങളുടെ കുതിപ്പിനും ഇന്നത്തെ കിതപ്പിനും കാരണം.

വിയ്യൂർ ഗ്രാമീണ വായനശാല അന്ന് ഓടിട്ട കെട്ടിടമായിരുന്നു. അവിടെയുള്ള ലൈബ്രേറിയൻ മെലിഞ്ഞ് അല്പം ഇരുണ്ട വ്യകതിയായിരുന്നു (പേരോർമ്മയില്ല). അദ്ദേഹത്തിന് ഗിരിജാ തിയേറ്ററിന്റെ സുവർണകാലങ്ങളിൽ ടിക്കറ്റ് നൽകുന്ന ജോലിയുമുണ്ടായിരുന്നു. വായനക്കാരുടെ അഭിരുചി അനുസരിച്ച് ആ മാന്യൻ പുസ്തകങ്ങൾ തിരഞ്ഞെടുത്തു നൽകുകയാണ് പതിവ്. അത് ഒരിയ്ക്കലും പിഴയ്ക്കാറില്ല. അദ്ദേഹത്തിന് വായനക്കാരെന്റ 'മൈൻഡ് സെറ്റ്' നന്നായറിയാമെന്ന് സാരം. വർഷങ്ങൾക്കുശേഷം ഈയിടെ വേറൊരാവശ്യത്തിന് ഞാൻ വിയ്യൂർ ഗ്രാമീണ വായനശാലയിൽ ചെന്നു. ഇന്നതൊരു ബഹുനില കെട്ടിടമാണ്. ഒരു ഫൈവ്സ്റ്റാർ സെറ്റപ്പ് തോന്നും. പഴയ ലൈബ്രറിയനെക്കുറിച്ച് അവിടെയാർക്കും പിടിയില്ല. കൂട്ടത്തിൽ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കിയതാണീ ഗ്രാമീണ വായനശാല. അപ്പോൾപ്പിന്നെ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോഗവും അവിടെ പ്രതീക്ഷിക്കാം. ഞാൻ ലൈബ്രറിയോട് വിടപറഞ്ഞ് തിരിച്ചു നടന്നു. അവിടെ കൂടിയിരുന്ന് സൊറ പറയുന്ന ചിലർ, പത്രങ്ങൾ ഒരു മൂലയിൽ കൂട്ടിയിട്ട നിലയിലാണ് കണ്ടത്. ടി.വി.യിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മറ്റു ചിലർ ജാഗരൂകരാണ്. ഒരു തമിഴ് പടത്തിന്റെ മലയാളം റീമേക്കാണത്. നല്ല തണുത്ത കാറ്റ്. മൂന്നാംപാലത്തിന്റെ ഓരത്തുള്ള 'കള്ള്' എന്ന ബോർഡു കണ്ടു. ഷാപ്പിൽ ആരേയും കണ്ടില്ല. ഞാൻ റിവേഴ്‌സടിച്ച് ബസിൽ കയറി ടൗൺഹാൾ സ്റ്റോപ്പിലിറങ്ങി.

ഇക്കാലത്തിനിടയിൽ അപ്പൻ മരണമടഞ്ഞു. ത്രേസ്യാക്കുട്ടി ഇന്റർമീഡിയറ്റ് പരീക്ഷ പാസായി. ഫ്രാൻസിസ് ആണ് പാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്നത്. ഇപ്പോൾ ത്രേസ്യാക്കുട്ടിയെ കണ്ടാൽ രക്തപ്രസാദമുണ്ട്. വായനയുടെ ലോകം അവർ കൈവിട്ടിട്ടില്ല. മാക്ബത്തും ഷെല്ലിയും കീറ്റ്‌സും പഠിച്ച്, ധനതത്വശാസ്ത്രത്തിൽ ബി.എ. ബിരുദം നേടിയ ആ ചേച്ചി കോ ഓപ്പറേറ്റീവ് ബാങ്കിങ്ങ് (എച്ച്.ഡി.സി.) പരീക്ഷയെഴുതി സഹകരണബാങ്കിൽ ടെസ്റ്റും എഴുതി ജോലിയും സമ്പാദിച്ചു. ത്രേസ്യാക്കുട്ടിചേച്ചിയും ചിലപ്പോൾ ഞാനും അമ്മയുമായൊക്കെ വഴക്കിടാറുണ്ട്. അപ്പോൾ ഞാനവർക്ക് കഴുകാൻ ഒരു ചില്ലു കുപ്പി നൽകും. നീളത്തിലുള്ള പ്രത്യേക ബ്രഷ് കൊണ്ട് അവർ സർഫ് പൊടിയിട്ട് കുപ്പി കഴുകിക്കഴുകി വൃത്തിയാക്കും. അപ്പോൾ പിറുപിറുക്കുന്നതു കേൾക്കാം, ''മൊട്ടപ്പൊരി, മൊട്ടപ്പൊരി'' എന്ന്. ഈ കുപ്പികഴുകലിൽ മുട്ടപ്പൊരി എങ്ങനെ കയറിവന്നുവെന്ന് എനിക്കിന്നും അാതമാണ്. എമിലി ബ്രോൺറ്റിയുടെ വുതറിങ്ങ് ഹൈറ്റ്‌സും, പേൾ എസ്. ബക്കിന്റെ ഈസ്റ്റ് വിന്റ് വെസ്റ്റുമൊക്കെ ത്രേസ്യാക്കുട്ടി നൂറാവർത്തിയെങ്കിലും വായിച്ചിട്ടുണ്ടാകാം, അതോടൊപ്പം കുറെയൊക്കെ ഞാനും.

ഞാനിപ്പോൾ കേരളവർമ്മയിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥി. സമരമുഖരിത അന്തരീക്ഷം. മുദ്രാവാക്യം വിളികൾ, പിക്കറ്റിങ്ങ്, ലാത്തിച്ചാർജ്ജ്, ഇതിനിടെ കണ്ണിൽ കണ്ണിൽ മാത്രം നോക്കി പ്രേമം പറയുന്ന ചില മിഥുനങ്ങൾ, നേർക്കുനേരെയുള്ള പഞ്ചാരയടി തുടങ്ങിയവ സമാന്തരമെന്നോണം കോളേജിൽ അരങ്ങേറുന്നു. ഞാൻ പ്രീഡിഗ്രി രണ്ടാംവർഷത്തിലെത്തിയ കാലത്ത് സുഹൃത്ത് പി.എൻ. ഫൽഗുനൻ എനിക്ക് തന്ന ഒരു പുസ്തകം ആനന്ദിന്റെ ആൾക്കൂട്ടമാണ്. ബോംബെ പശ്ചാത്തലമാക്കിയെഴുതിയ പുസ്തകം. ബാലകൃഷ്ണൻ സാറിന്റെ 'നഗരത്തിന്റെ മുഖങ്ങൾ' ജനയുഗം വാരികയിൽ സീരിയലൈസ് ചെയ്തുവന്നത് ഞാൻ ഇതിനുമുമ്പേ വായിച്ചിരുന്നു. ഇന്നത്തെ തലമുറക്ക് ഈ പുസ്തകത്തെക്കുറിച്ച് വലിയ പിടിപാടുണ്ടാകുമോ എന്തോ?
പഴയ തലമുറ ആസ്വദിച്ച് വായിച്ച ഈ കൃതിക്ക് അനേകം പുരസ്കാരങ്ങളും നേടാനായി. ആൾക്കൂട്ടം രണ്ടുമൂന്നാവർത്തി വായിച്ചശേഷമാണ് ഫൻഗുനന് തിരികെ കൊടുത്തത്. അക്കാലങ്ങളിൽ ഒരു പുസ്തകം പല കൈകളിലൂടെയും മാറിമാറി സഞ്ചരിക്കാറുണ്ട്. അതിന്റെ പ്രസകതി ഏറെക്കുറെ ഇപ്പോൾ അസ്തമിച്ച മട്ടാണ്. ഇ-ബുക്കുകളും പ്രസിദ്ധ കൃതികളുടെ വില കുറഞ്ഞ പൈറസി പതിപ്പുകളും സർവ്വസാധാരണമായ നവലോകത്തിൽ പുസ്തകങ്ങൾ കൈമാറ്റം ചെയ്യപ്പെടേണ്ട ആവശ്യകത തുലോം കുറഞ്ഞിരിക്കുന്നു. സെക്കന്റ്ഹാന്റ് ബുക്‌സ് ഷോപ്പുകൾക്കും തൃശൂർ പട്ടണത്തിൽ ഷട്ടറിട്ടിരിക്കുന്നു. പുസ്തകേപ്രമികൾക്ക് പുതിയതും പഴയതുമായ മലയാളം കൃതികൾ ലഭിക്കാൻ നൂറായിരം ഓൺലൈൻ കച്ചവടക്കാർ ഉഷാർ. സാഹിത്യ അക്കാദമിക്ക് വലിയൊരു പുസ്തകശേഖരമുണ്ടെങ്കിലും മലയാള ഗവേഷണ വിദ്യാർത്ഥികളാണ് ഇവ ഉപയോഗിക്കുക.

തൃശൂർ പബ്ലിക്ക് ലൈബ്രറിയിലെ അംഗമായിരുന്ന ഞാൻ അത് ഉപേക്ഷിച്ചു. ഹിന്ദി വ്യാകരണം മുതൽ കാളിദാസ കൃതികളും ഭാസന്റെ നാടകങ്ങളും വായിക്കാൻ സാധാരണക്കാരനായ ഒരാൾക്ക് താല്പര്യം ഉണ്ടാകുമോ ആവോ? അവിടെ സൗജന്യ പത്രവായന തരമാക്കാമെന്ന് മാത്രം. പബ്ലിക്ക് ലൈബ്രറിയിലെ സമരങ്ങളും കെട്ടിടം പുതുക്കിപ്പണിയലും ഏതാണ്ട് അവസാനിച്ചു. ഈ ലൈബ്രറിയിൽ ഒരു കാലത്ത് അനേകംപേർ പുസ്തകങ്ങളെടുക്കാൻ എത്തിക്കൊണ്ടിരുന്നത് നല്ല ഓർമ്മയുണ്ട്. ആ കാലവും അസ്തമിച്ച മട്ടാണ്.

പുസ്തകങ്ങൾ കാരിയറുടെ റോൾ ഏറ്റെടുക്കുന്നത് നേരിൽ കണ്ടത് കേരളവർമ്മയിൽ വെച്ചാണ്. പുരാണത്തിലെ ഹംസം ഞങ്ങളുടെ കാലത്ത് പുസ്തകങ്ങളുടെ രൂപത്തിലായിരുന്നു. ഒരു മസാല ദോശ + ചായ + രണ്ട് ബർക്കിലി സിഗരറ്റ് വീതം ചാർജ്ജ് ചുമത്തി സുഹൃത്തുക്കൾക്കുവേണ്ടി പ്രേമലേഖനങ്ങളെഴുതിക്കൊണ്ടിരുന്ന ആളാണ് ഞാൻ. പെൺകുട്ടിയെ നേരിൽ കാണണമെന്ന നിർബ്ബന്ധമില്ലെങ്കിലും പ്രസ്തുത കാമുകിയുടെ ഇഷ്ടാനിഷ്ടങ്ങളും, വെറുപ്പ്, ഭയം തുടങ്ങി വിവിധ നേരമ്പോക്കുകളെക്കുറിച്ചും അറിഞ്ഞുവേണം എഴുതാൻ എന്ന് അനുഭവം പഠിപ്പിച്ചിരിക്കുന്നു. എന്റേത് അന്ന് നല്ല അസ്സൽ വടിവൊത്ത കൈയക്ഷരമായിരുന്നു. ഇന്നിപ്പോൾ കോഴി ചാണകം ചികയുന്ന പോലെയായെന്ന് ഒരു സുഹൃത്ത് പറയുന്നു. ശരിയാണ്. ആവശ്യക്കാർക്കനുസൃതമായ ചിത്രവും ഞാൻ വരച്ചു കൊടുക്കാറുണ്ട്. ഈ ആവശ്യങ്ങൾക്കായി കേരളവർമ കോളേജ് വിദ്യാർത്ഥികളായിരുന്ന ഇന്നത്തെ ചില രാഷ്ട്രീയ നേതാക്കൾവരെ എന്നെ സമീപിച്ചിരുന്നു. അവർക്ക് പ്രണയത്തെക്കുറിച്ച് ഒരു പ്രബന്ധമോ പുസ്തകം തന്നെയോ തയ്യാറാക്കാൻ കഴിയുമെങ്കിലും ഈ പരിപാടിയ്ക്കായി എന്നെ സമീപിക്കുന്നത് എന്റെ 'പ്രൂവൺ എബിലിറ്റി'യിൽ വിശ്വാസമുള്ളതുകൊണ്ടാകാം. ഞാനെഴുതിയ കത്ത് (സപ്ലിമെന്റ് എന്നാണ് ഞാനിതിനെ നിർവചിക്കുക) പുസ്തകത്തിൽ വച്ചാണ് കാമുകൻ കാമുകിക്ക് കൈമാറുക. അത് ലേഡീസ് ഹോസ്റ്റലിനു മുമ്പിലുള്ള അരയാലിന് മുമ്പിലാണ് പതിവായി അരങ്ങേറുക. അരയാൽ സാക്ഷിയായി പ്രേമികൾ വട്ടമിട്ട് പറക്കുന്ന ഈ രംഗം വീക്ഷിക്കാനായി ഞങ്ങൾ കുറേ പ്രേക്ഷകർ കുറച്ചുമാറി ''ഞാനൊന്നുമറിഞ്ഞില്ലേ'' എന്ന മട്ടിൽ നില്ക്കും. ഒരു പ്രേമം പരിപൂർണമായി കലാശിക്കാൻ കത്തുകളുടെ എണ്ണം ചിലപ്പോൾ വർദ്ധിപ്പിക്കേണ്ടിവന്നേക്കാം. സുഹൃത്തുക്കൾക്ക് അത് പ്രശ്‌നമല്ല. അവർ പണക്കാരാണ്. ഈ പുസ്തകത്തിൽ ഒളിഞ്ഞിരിക്കുന്ന സപ്ലിമെന്റ് (കത്ത്) വഴി വിവാഹിതരായ നാലുപേരെങ്കിലും ഇപ്പോഴും ഇതേ ചുറ്റുവട്ടത്തിൽ തന്നെയുണ്ടന്ന് രസകരമായി തോന്നുന്നു. എന്നാൽ ചില പെൺകുട്ടികൾ കത്ത് വാഹിയായ പുസ്തകത്തേയും പാവം കത്തിനേയും ചിലപ്പോൾ അഭിനവ കാമുകനെയും വാക്കാൽ പിച്ചിച്ചീന്തി കാറ്റിലെറിഞ്ഞ സംഭവവും എനിക്കറിയാം. ''അതുപോട്ടെ, നമുക്ക് വേറൊന്ന് സംഘടിപ്പിക്കാം'' എന്നൊരു ഉപദേശവും ഞാനപ്പോൾനൽകാൻ മറക്കാറില്ല. കുറേപേർക്കു വേണ്ടി പ്രണയലേഖനം തയ്യാറാക്കിയും പടം വരച്ചും നൽകിയ എനിക്ക് ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഒരു പ്രണയലേഖനം തട്ടിക്കൂട്ടി ഏതെങ്കിലുമൊരു പെൺകുട്ടിക്ക് കൊടുക്കാനും അതുവഴി പ്രേമിക്കാനും കഴിയാഞ്ഞത് ഏറെ സങ്കടകരമായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു.

കേരളവർമ്മ കോളേജ് വിപ്ലവകാരികളായ വിദ്യാർത്ഥികളെ വാർത്തെടുത്തിരുന്ന കലാലയമാണ്. പലരും വിവിധ രാഷ്ട്രീകക്ഷികളുടെ നേതാക്കളായി ഭരണകൂടത്തിൽ പങ്കാളികളായിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി സഹവർത്തിത്വവും സഹകരണമനോഭാവവും കരുണയും മറ്റു ഗുണങ്ങളും സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ കുറേപ്പെരെങ്കിലും ഉണ്ടായത് സന്തോഷകരമെന്ന് പറയാതെ വയ്യ.

ഞങ്ങളുടെ കോളേജിൽ മലയാളം എം.എ വിദ്യാർത്ഥിയായിരുന്ന മേതിൽ രാധാകൃഷ്ണന്റെ 'സൂര്യവംശം' മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 1969-70-ലാണെന്ന് തോന്നുന്നു. മേതിൽ കവിതകളുമെഴുതിയിരുന്നു. കോളേജ് മാഗസിനിൽ അദ്ദേഹം അന്നെഴുതിയ 'സർ വാൾട്ടറൻ റാലിയ്‌ക്കൊരു ഗീതം' ഇപ്പോഴും ഓർമ്മയിലുണ്ട്. അതേ കാലത്ത് ഇംഗ്ലീഷ് ബി.എ വിദ്യാർത്ഥിയായിരുന്ന പി.കെ. നാരായണൻകുട്ടിയുടെ കവിത മാതൃഭൂമി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. എക്‌സിസ്റ്റൻഷ്യലിസ്റ്റ് ഫിലോസഫി ഉടനീളമുള്ള ആ കവിതയുടെ പേര് ഓർമ്മയില്ല. അതിന്റെ പിന്തുടർച്ചയെന്നോണം എൻ.പി. ഗോപിനാഥിന്റെ (ബി.എ. മലയാളം) കവിത 'മഹായാനവും' പി.എൻ. ഫൽഗുനന്റെ 'നക്ഷത്രത്തിന്റെ വേരുകളും' (കഥ) മാതൃഭൂമി വിഷുപ്പതിപ്പിൽ അച്ചടിച്ചുവന്നു. ഞങ്ങളുടെ മലയാളം അദ്ധ്യാപകനായിരുന്ന കല്പറ്റ ബാലകൃഷ്ണന്റെ 'അകൽച്ച' (നോവൽ) പ്രസിദ്ധീകരിക്കപ്പെട്ടതും അതേ കാലത്തുതന്നെ. അദ്ദേഹം പുറത്തിറക്കിയ മിനിമാസിക 'പാഠഭേദ'ത്തിന് ഏറെ വായനക്കാരുണ്ടായിരുന്നു. കാലിക്കറ്റ് സർവ്വകലാശാല നാടകമത്സരങ്ങളിൽ മിന്നിത്തിളങ്ങിയ നടീനടന്മാർ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. 'ശാസ്ത്രത്തിന്റെ സ്വപ്നം' എന്ന നാടകത്തിൽ പ്രധാന കഥാപാത്രമായത് ഏറ്റവും അടുത്ത സുഹൃത്ത് ടി.പി. ആന്റണിയായിരുന്നു. ഞങ്ങൾ അമ്മാടം ആന്റണിയെന്ന് വിളിച്ചുപോന്ന അയാൾക്ക് പാരഡി കവിതകൾ ചൊല്ലുന്നതിനും 'വെച്ചുകെട്ടി പാട്ടുകൾ' പാടുന്നതിലും അസാമാന്യ കഴിവുണ്ടായിരുന്നു. ഒന്നുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ സിനിമാലോകത്ത് വെട്ടിത്തിളങ്ങാൻ സാധിക്കുമായിരുന്ന ആ അമ്മാടംകാരൻ മദ്രാസിൽ ഹോട്ടൽ നടത്തുന്ന കാലത്ത് 2000-ാമാണ്ടിൽ ഹൃദയാഘാതം വന്ന് മരിച്ചു. അതേ നാടകത്തിലെ മറ്റൊരു നടൻ രാജ് തോമസ് അടാട്ട് മരിച്ചത് അറിഞ്ഞത് വളരെ വൈകി എന്റെ ബോംബെ മേൽവിലാസത്തിൽ വന്ന എം.ജി. സദാനന്ദന്റെ (വെങ്ങിണിശ്ശേരി) കത്തിൽ നിന്നാണ്.

ഏതായാലും ആ നല്ല നാളുകളുടെ യുഗം അവസാനിച്ചിരിക്കുന്നു. പൂങ്കുന്നം- കുട്ടൻകുളങ്ങര പ്രദേശത്തെ രാഷ്ട്രീയം മാറിമറിഞ്ഞിരിക്കുന്നു. പഴയ മിൽതൊഴിലാളികളിൽ പലരും വിവിധ സ്ഥലങ്ങളിലേക്ക് താമസംമാറ്റി. ചിലർ മുറുക്കാൻകടകളും മറ്റു ചിലർ വേറെ ബിസിനസുകളുമായി സുസ്ഥിര വരുമാനമാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. അമ്മ, എലിസബത്ത് ചേടത്ത്യാർ, ഫ്രാൻസിസ്, മാത്തിരിചേച്ചി, ത്രേസ്യാക്കുട്ടി, സേവിയർ എന്നിവരും മരിച്ച് വർഷങ്ങൾ കുറെ കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ വീടിനു മുമ്പിലുള്ള റെയിൽപ്പാത ഇപ്പോൾരണ്ടെണ്ണമാക്കിയിട്ടുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. അത് കാലത്തിന്റെ കളിവിളയാട്ടങ്ങളാണെന്ന് പറയാതെ പറയുന്നു.

പുസ്തകത്തിൽ പ്രേമലേഖനം തിരുകി പ്രണയിനിക്കു കൈമാറുന്ന നാടൻ കലാപരിപാടി വിദ്യാർത്ഥികൾ ഉപേക്ഷിച്ചുവെങ്കിലും പുസ്തകത്തിൽ മാരക മരുന്നുകൾ ഒളിപ്പിച്ചു കടത്തിയതിന് തടവുശിക്ഷ വാങ്ങിയ എന്റെ സുഹൃത്ത് നാദ്കർണിയുടെ കഥയും കഥയില്ലായ്മയും ആരേയും വേദനിപ്പിക്കും.

ശ്രീമാൻ നാദ്കർണി ബോംബെ മന്ത്രാലയ (സെക്രട്ടേറിയറ്റ്) യിലെ സ്റ്റെനോഗ്രാഫറായിരുന്നു. ഭാര്യയും രണ്ടുമക്കളുമൊത്ത് ബാന്ദ്ര ഈസ്റ്റിലെ ഗവ. കോളനിയിൽ താമസിച്ചുപോരുന്ന കാലം. ആ കെട്ടിടത്തിന്റെ മുകളിലുള്ള നിലയിൽ ഞാൻ ഒരു സുഹൃത്തുമൊത്ത് 'നോൺ പേയിംഗ് ഗസ്റ്റ്' ആയി താമസിക്കുന്നുണ്ട്. നാദ്കർണിക്ക് 'ഡാൻസ് ബാർ' സന്ദർശനമില്ലാതെ ജീവിക്കാനാകില്ല. കർണാടകയിലെ കാർവാർ പ്രദേശക്കാരനായ അദ്ദേഹം റിട്ടയർ ചെയ്തശേഷം സ്വന്തം വീട് പണിയാൻ ഹൗസിങ്ങ് ലോൺ ഒപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാരിച്ച ഇ.എം.ഐ. മുടങ്ങുക സാധാരണമാണ്.

വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകൾ എത്തിത്തുടങ്ങിയപ്പോൾ നാദ്കർണിയ്ക്കും ഭാര്യയ്ക്കും ഇരിക്കപ്പൊറുതിയില്ലാതായി. നീണ്ടുനില്ക്കുന്ന കുടുംബവഴക്കുകൾ, പരസ്പരമുള്ള പഴിചാരലുകൾ, അട്ടഹാസങ്ങൾ, ആക്രോശങ്ങൾ ഒഴിയാത്ത നേരമുണ്ടായിരുന്നില്ല ആ 1+1 മുറിയിൽ. നാദ്കർണി ആകെ അങ്കലാപ്പിലായ നേരത്താണ് സുഹൃത്തും റിയൽ എസ്റ്റേറ്റ് ഏജന്റുമായ നാരായൺ കദത്തിന്റെ ഫോൺ. നാദ്കർണിക്ക് എന്തായാലും രണ്ടെണ്ണമടിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. അയാൾ ഓഫീസിൽനിന്ന് ശരം പോലെ പാഞ്ഞ് ബാന്ദ്ര വെസ്റ്റിലെ മൗണ്ട് മേരി ചർച്ച് പരിസരത്തേക്കുള്ള ബസ് സ്റ്റോപ്പിൽ സുഹൃത്ത് നാരായണൻ കദം വരുന്നത് കാത്തുനിന്നു. ടാക്‌സിയിൽ കദമും കൂടെ ഒരു ഗോവക്കാരനും ഇറങ്ങി. അവർ മൂവരും തൊട്ടടുത്തുള്ള ഡാൻസ് ബാർ ആന്റ് റെസ്റ്റോറന്റിൽ ചെല്ലുന്നു. ഒരു 'ഡീൽ' അവിടെ അരങ്ങേറി. നാദ്കർണിയ്ക്ക് ഗവ. ഓഫ് മഹാരാഷ്ട്രയുടെ സർവ്വീസിലിരിക്കെ താമസിക്കാൻ നൽകിയ 1+1 മുറി, ഭാരിച്ച തുക അഡ്വാൻസായി വാങ്ങി ഗോവക്കാരന് വാടകക്ക് നൽകി. എഗ്രിമെന്റില്ല വാക്കാൽ കരാർ മാത്രം. ലിക്കറിന്റെ വീര്യം നാദ്കർണിയുടെ വിവേചനശക്തിയേയും ബുദ്ധിയേയും കെടുത്തിക്കളഞ്ഞു. അയാൾ സ്ത്രീകളുടെ നൃത്തം കണ്ടും അവർ നല്കിയ ഹോട്ട് ലിക്കർ ഹോട്ടായിത്തന്നെ വിഴുങ്ങിയും വലിയ തുക കൈപ്പറ്റി ആ അലിഖിതകരാർ അവിടെ എഴുതാതെ എഴുതി അവസാനിപ്പിച്ചു. എന്തോ നുണ പറഞ്ഞ് ഭാര്യയെ സമാധാനിപ്പിച്ച നാദ്കർണി കുടുംബം വസായ് ഭാഗത്തേയ്ക്ക് താമസം മാറ്റി. അയാളുടെ കഷ്ടകാലത്തിന് തുടക്കവുമായി.

വാടകക്കാരനായി നാദ്കർണിയുടെ മുറി ഒപ്പിച്ചെടുത്ത ഗോവാക്കാരന് കൊറിയർ വഴി ദിവസമെന്നോണം വിദേശത്തുനിന്ന് പാഴ്‌സലുകൾ എത്തിക്കൊണ്ടിരുന്നു. ഈ വിദ്വാൻ പുറത്തുപോകുന്നത് രാത്രിയിലായിരിക്കും. കാർപെന്റേഴ്സിന്റെയും അബ്ബയുടെയും അടിപൊളി ഗാനങ്ങൾ ഉച്ചസ്ഥായിയിൽ ആ മുറിയിൽ നിന്നുയരുന്നത് അയൽക്കാർക്ക് ശല്യമാകാൻ തുടങ്ങി. പെട്ടെന്നൊരു ദിവസം ഗോവാക്കാരനെ തേടിയെത്തിയത് ബോംബെ നാർക്കോട്ടിക് സെല്ലിലെ ചുണക്കുട്ടന്മാരായിരുന്നു. ആ മുറിയിൽനിന്നു കിട്ടിയ പാഴ്‌സലുകളും മറ്റു കടലാസുകളും സഹിതം ഗോവാക്കാരനെ കൈയ്യാമം വെച്ച് ജീപ്പിൽ കയറ്റുന്നത് കോളനിവാസികളിൽ പലരും ദൃക്‌സാക്ഷികളായി. വിദേശ പുസ്തകക്കച്ചവടക്കാരന്റെ വേഷമണിഞ്ഞ ഗോവാക്കാരൻ അന്താരാഷ്ട്ര മയക്കുമരുന്നുലോബിയുടെ ബോംബെ ഏജന്റായിരുന്നു. പത്രവാർത്തകണ്ട് നാദ്കർണി ബോധംകെട്ടു. അന്വേഷണസംഘം മന്ത്രാലയയിലെത്തി അയാളെയും അറസ്റ്റ് ചെയ്തു; കൂട്ടത്തിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് നാരായൺ കദത്തേയും. പുസ്തകത്താളുകളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ബ്രൗൺ ഷുഗർ പാക്കറ്റുകൾ അങ്ങനെ നാദ്കർണിയുടെ ജീവിതം തുലച്ചു. അറസ്റ്റിലായ അയാൾ കേസ് കോടതിയിൽ എത്തുന്നതിനു മുമ്പേ ലോക്കപ്പ്മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. മനംനൊന്ത ഭാര്യ മാഹിം റെയിൽവേ ബ്രിഡ്ജിന് മുകളിൽനിന്ന് വീരാർ ഫാസ്റ്റിനുമുന്നിലേക്കുചാടി ജീവൻ വെടിഞ്ഞു.

1975-ൽ അടിയന്തരാവസ്ഥക്കാലത്താണ് ഞാൻ ബോംബെയിലെത്തുന്നത്. ജോലി തേടി ഏറെ അലഞ്ഞെങ്കിലും കുറേനാൾ ചേച്ചി ബേബിയുടെ വീട്ടിൽ കുത്തിയിരിക്കേണ്ടിവന്നു. അവിടെ ചെമ്പൂർ മലയാളി സമാജത്തിനുകീഴിൽ ലൈബ്രറിയുമുണ്ട്. എം.മുകുന്ദന്റെ 'ഡൽഹി' പുറത്തിറങ്ങിയ കാലം. ലൈബ്രറിയനോട് ഡൽഹിയുണ്ടോ എന്നു ചോദിച്ചപ്പോൾ, ഡൽഹിയില്ല പകരം, ബോംബെ തരാം എന്നായി. ചാലിൽ ജേക്കബിന്റേതാണ് ബോംബെ. അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിൽ സറ്റയർ എഴുതാറുള്ളത് ഓർത്തു. ജേക്കബിന്റെ ബോംബെ തരക്കേടില്ലാത്ത പുസ്തകം തന്നെയാണ്. വിസ്മരിക്കപ്പെട്ട ബോംബെ സാഹിത്യകാരന്മാരിൽ ഒരാളാണ് ചാലിൽ ജേക്കബ്. ഘാട്ട്‌കോപ്പറിലും സജീവമായി പ്രവർത്തിക്കുന്ന മലയാളി സമാജത്തിന്റെ ഗ്രന്ഥശാലയുണ്ടായിരുന്നു. അവിടെനിന്ന് മോപ്പസാങ്ങ്, എമിലി സോള, ഡിക്കൻസ് തുടങ്ങിയവരുടെ കൃതികൾ വായിക്കാൻ കഴിഞ്ഞു.

കൽബാദേവിയിലെ ഫർണീച്ചർ കടയിലെ സെയിൽസ്മാനായും അതുവിട്ട് ഡോംബിവിലി കല്പന ട്രാൻസ്പോർട്ടിൽ 'റപ്പ്' പണിയും ചെയ്ത് വിഷമിച്ച് കറങ്ങിത്തിരിയുമ്പോൾ ദാദർ വെസ്റ്റ് റെയിൽവേ ബ്രിഡ്ജിലെ ചില പുസ്തകക്കച്ചവടക്കാരെ പതിവായി കാണും. അവർ പുസ്തകം 'വാടകയ്ക്ക്' നൽകുന്നവരാണ്. അതായത്, ഇംഗ്ലീഷ് മഞ്ഞപുസ്തകങ്ങളും പോൺ സ്റ്റിൽ ഫോട്ടോഗ്രാഫുകളുള്ള കൊച്ചുപുസ്തകങ്ങളും. ഇവ ഇരുപതു രൂപ ഡെപ്പോസിറ്റിൽ ലഭിക്കും. മടക്കിക്കൊടുക്കുമ്പോൾ അഞ്ചു രൂപ വായനാച്ചെലവ് കിഴിച്ച് ബാക്കി 15 രൂപ തിരിച്ചുകിട്ടും. അതല്ലെങ്കിൽ മറ്റൊരു പുസ്തകവും റെഡി. ഫ്ലോറാഫൗണ്ടൻ ഭാഗത്ത് നിന്ന് ചർച്ച് ഗേറ്റിലേക്കുള്ള വഴിയിലും ഈ അസുലഭ സൗകര്യം നിങ്ങളെ കാത്തിരിക്കുന്നു. എം.ജി. റോഡിലെ എൽഫിൻസ്റ്റൺ കോളേജ് പരിസരം മുതൽ ഇങ്ങേഅറ്റം അമേരിക്കൻ ബാങ്ക് വരെയുള്ള ഫുട്പാത്തിൽ വിജ്ഞാനം വിളമ്പുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് മുതൽ സൽമാൻ റുഷ്ദിയുടെ മിഡ്‌നൈറ്റ് ചിൽഡ്രനും ജീത് തയ്യിലിന്റെ നാർക്കോപൊളിസും വരേയും മുൽക്ക് രാജ് ആനന്ദിന്റെ കൂലിയും കിഷൻ ചന്ദിന്റെ പെഷവാർ എക്‌സ്പ്രസ്സും ആൻ ഓട്ടോബയോഗ്രാഫി ഓഫ് എ ഡോങ്കിയും നിങ്ങൾക്ക് വാങ്ങാം. അതും ചുളുവിലക്ക്. ഫൗണ്ടൻ ഭാഗത്തുള്ള ഒരു പഴയ പുസ്തകക്കച്ചവടക്കാരനിൽനിന്ന് പുസ്തകക്കൂമ്പാരം പിടിച്ചെടുത്ത വാർത്ത പത്രത്തിൽ കണ്ടു. എങ്ങനെ ഒരുവളെ ബലാത്സംഗം ചെയ്യാം എന്ന പേരിലുള്ള ആ മറാഠിപുസ്തകം നിരോധിക്കപ്പെട്ടതാണെങ്കിലും ചില പഹയൻ കച്ചവടക്കാർ അത് 'രഹസിയ'മായി വിറ്റിരുന്നു.

എം.ജി. റോഡിലെ എൽഫിൻസ്റ്റൺ കോളേജ് പരിസരം മുതൽ ഇങ്ങേഅറ്റം അമേരിക്കൻ ബാങ്ക് വരെയുള്ള ഫുട്പാത്തിൽ വിജ്ഞാനം വിളമ്പുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നു.

വഴിവക്കിലെ വിജ്ഞാനമന്വേഷിച്ചെത്തുന്നവരിൽ ബുദ്ധിജീവികളും വിദ്യാർത്ഥികളും നല്ല വായനക്കാരും അങ്ങനെ ചമയുന്നവരുമുണ്ടെന്നാണ് വില്പനക്കാരനായ സന്തോഷ് പുരോഹിതിന്റെ കണ്ടെത്തൽ. ഒരന്തസ്സിന്റെ ഭാഗമായി പുസ്തകം കക്ഷത്ത് വെച്ച് നടക്കുന്ന ചിലരെ എനിക്കറിയാം. വേറെ ചിലർക്ക് പുതുതായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് രണ്ടു വരി കാച്ചാൻ മാത്രം വേണ്ടി ഇവ വാങ്ങുന്നവരുമുണ്ടെന്ന് പഴയ പുസ്തകക്കച്ചവടക്കാരൻ ഫ്രാൻസിസ് ഫെർണാണ്ടസ്സ്, ഇദ്ദേഹം ബി.എ. (ഹിസ്റ്ററി) പാസ് ആണ്, അഭിപ്രായപ്പെടുന്നു.

ബോംബെയിൽ സർക്കുലേറ്റിങ്ങ് ലൈബ്രറികൾ സജീവമാണ്. അവിടെയെത്തുന്നവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർത്ഥികളായിരിക്കുമെന്നത് കൗതുകകരമായിത്തോന്നുന്നു. ഇവർ ടിൻ- ടിൻ, ആസ്ട്രിക്, ആർച്ചി തുടങ്ങിയ പഴയ കാർട്ടൂണുകൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഇക്കൂട്ടത്തിൽ ചില വിരുതൻ പിള്ളേർ കൊച്ചുപുസ്തകങ്ങളും വാടകയ്‌ക്കെടുക്കാറുണ്ട്. ശങ്കേഴ്‌സ് വീക്ക്ലിയുടെ പഴയ ലക്കങ്ങൾ, ഫോട്ടോഗ്രാഫി മാസികകൾ, വൈൽഡ് ലൈഫ് മാഗസിനുകൾ തുടങ്ങിയവയ്ക്ക് വൻ ഡിമാന്റ് ബോംബെയിലുണ്ട്. റദ്ദിവാല (പഴയ പേപ്പർ വാങ്ങുന്നയാൾ) വീടുകളിൽനിന്ന് തൂക്കത്തിന് വാങ്ങുന്ന ഇത്തരം അമൂല്യ പുസ്തകങ്ങൾ സെക്കന്റ് ഹാന്റ് ബുക്ക്സ്റ്റാന്റുകളിലാണ് വില്ക്കുക. നൂറു രൂപയുടെ ഫോട്ടോഗ്രാഫി മാഗസിന് ആളും തരവും നോക്കി 300-400 രൂപ വരെ വിലപറയുന്ന കച്ചവടക്കാർ സുലഭം.

സബർബൻ ട്രെയിനുകളിലെ തിക്കും തിരക്കും ദൈനംദിന ജീവിതത്തിൽ പുസ്തകങ്ങളും ദിനപ്പത്രവായനയും അവർ കൂടെക്കൂട്ടിയിരിക്കുന്നു. സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത കമ്പാർട്ട്‌മെന്റിന്റെ മധ്യഭാഗങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന, വളയത്തിൽ ഒറ്റക്കൈ കൊണ്ട് പിടിച്ച് മറ്റേ കൈയിൽപത്രം വായിക്കുന്ന യാത്രക്കാർ നൂറുകണക്കിനുണ്ട്. സ്ത്രീകൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ചടഞ്ഞിരുന്ന് പച്ചക്കറി അരിയുമ്പോൾ മറ്റു ചിലരാവട്ടെ മിൽസ് ആന്റ് ബൂൺസ് സീരീസിലെ പ്രേമഗാഥകൾ വായിക്കുന്നതു കാണാം. വായനക്കാരുടെ ഗണത്തിൽഇടയ്ക്കിടെ പങ്കുചേരാറുള്ള ഒരു വ്യക്തിയായ ഞാൻ ഒരിക്കൽ ഒരു 'മാ' പ്രസിദ്ധീകരണത്തിൽ വായിച്ച അപസർപ്പക നോവലിലെ ഒരു ഭാഗം ഇവിടെ ഓർക്കുന്നു. ഡിറ്റക്ടീവിനെ അയൽരാജ്യം പിടികൂടി കപ്പലിൽ നാടുകടത്തുന്ന നോവലിന്റെ ഒരദ്ധ്യായത്തിൽ ആ വിദ്വാന് മീൻകൂട്ടാൻ നൽകുന്നതായി പരാമർശമുണ്ട്. മീൻ രുചിച്ചുനോക്കിയ മലയാളി ഡിറ്റക്ടീവിന്റെ ആത്മഗതം രസകരമാണ്, ''ഞാനിപ്പോൾ സഞ്ചരിക്കുന്നത് ആഫ്രിക്കൻ കടലിടുക്കിലൂടെയാണ്. മത്സ്യത്തിന്റെ രുചി തന്നെ അതിനു തെളിവാണ്.''

റീഗൽ സിനിമയ്ക്ക് എതിർവശമാണ് ഏഷ്യാറ്റിക് ലൈബ്രറി. പല ബോളിവുഡ് സിനിമകളിലും ഈ കെട്ടിടം ചിത്രീകരിച്ചിട്ടുണ്ട് (അമോൽ പാലേക്കറുടെ ഛോട്ടീ സി ബാത്ത് ഓർക്കുക). ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പത്രമാസികകൾ ഇവിടെ വായിക്കാം. റഫറൻസിനും വായനയ്ക്കുമായി നാലുലക്ഷത്തിലധികം പുസ്തകങ്ങളാണ് ഏഷ്യാറ്റിക്കിലുള്ളത്. സിറ്റ്വേഷൻ വേക്കന്റ് കോളങ്ങൾ നോക്കാനും അവയുടെ വിലാസം പകർത്താനുമാണ് ഉദ്യോഗാർത്ഥികൾ അവിടെ കയറുക. കുറച്ചുമാറിത്തന്നെയുള്ള 'സാസൂൺ ലൈബ്രറി' ബോംബെയുടെ പ്രത്യേക ചരിത്രം പറയുന്നതാണ്. ജൂതപ്രമുഖനായ ഡേവിഡ് സാസൂണിന്റെ ഓർമ്മ നിലനിർത്താൻ നിർമ്മിച്ച ഈ കെട്ടിടവും അതിലെ ലൈബ്രറിയും എന്നേയും ആകർഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഗുജറാത്ത് സമാചാറിലെ സീനിയർ സ്പേസ് എക്‌സിക്യൂട്ടീവിന്റെ തസ്തികയിൽ പ്രവർത്തിക്കവേ പരസ്യങ്ങൾക്കുവേണ്ടി ഞങ്ങൾക്ക് അധികം അലയേണ്ടിവരാറില്ല. എങ്കിലും ഏതെങ്കിലും 'ക്ലയന്റ് മീറ്റിന്റെ പേരും പറഞ്ഞ് ഞാനും അസി. ആഡ് മാനേജർ വിനോദ് കപൂറും പുറത്തിറങ്ങും. ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ കയറി കൊളാബ 'ബാഗ്ദാദി റെസ്റ്റോറന്റിൽ' നിന്ന് തന്തൂരി ചിക്കനും റോട്ടിയുമടിച്ച് അഹമ്മദ് മിയയുടെ ടീ ഷോപ്പിൽനിന്ന് രണ്ടു കട്ടിംഗ് ചായ നിന്ന നില്പിൽത്തന്നെ കുടിക്കും. നിദ്ര തഴുകുന്ന ആ ശുഭമുഹൂർത്തത്തിൽ ഞങ്ങളിരുവരും സാസൂൺ ലൈബ്രറിയിലെത്തും. അവിടെയുള്ള കസേരയിൽ വെറുതെയിരുന്നാൽ മതി, എപ്പോഴാണ് ഉറക്കം വരുന്നതെന്നറിയില്ല. അത്രമേൽ ശാന്തം. സമാധാനം. ഡേവിഡ് സാസൂണിന്റെ ഓർമകൾ നല്കുന്ന സാസൂൺ ഡോക്ക് പരിസരം കോലികളുടെ ഉച്ചസ്ഥായിലുള്ള സംസാരം കൊണ്ട് മുഖരിതമായിരിക്കും. അവിടെ പറന്നുകളിക്കുന്ന കാക്കകളുടെ കരച്ചിലും ചെത്തിലപട്ടികളുടെ നിർത്താത്ത കുരയും മൂത്രഗന്ധവും ഓർക്കുമ്പോൾ കഴിഞ്ഞ കാലത്തിന്റെ നെടുവീർപ്പുകൾ താനേ ഉയരുന്നു.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments